ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
നിന്നോട് എല്ലാം തുറന്നുപറയാനാകുമെന്ന് ഞാന്‍ കരുതുന്നു. എനിയ്‌ക്കൊരിക്കലും മറ്റാരോടും എല്ലാം പറയുവാനായിട്ടില്ല.'
ലോകചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും കഠിനവും ആയ ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു പതിമൂന്നുകാരി, തനിയ്ക്ക് പിറന്നാള്‍ സമ്മാനമായിക്കിട്ടിയ ഡയറിയില്‍ ആദ്യം കുറിച്ചവരികള്‍ ഇങ്ങനെയാണ്. തന്റെ കുറിപ്പുകള്‍ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാകുമെന്ന് അവള്‍ ചിന്തിച്ചിട്ടുണ്ടാകുമോ?
ഇത് ഒരു വായനാനുഭവം മാത്രമാണോ? ഞാന്‍ എന്നോടുതന്നെ ചോദിയ്ക്കുകയായിരുന്നു. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ഒരു പുസ്തകമായി മാത്രം കാണാന്‍ അത് വായിച്ചിട്ടുള്ള ആര്‍ക്കെങ്കിലുമാകുമോ?
'The diary of a young girl' എന്ന പുസ്തകം ഞാന്‍ ആദ്യമായി വായിക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ആന്‍ തന്റെ അവസാനത്തെ ഡയറികുറിപ്പ് കുറിക്കുന്നതും, നാസിപ്പട്ടാളത്തിന്റെ പിടിയിലാകുന്നതും പിന്നീട് ബെര്‍ഗര്‍-ബെല്‍സണ്‍ എന്ന നാസി തടവുകേന്ദ്രത്തില്‍ വച്ച് മരണപ്പെടുന്നതും അതേ പ്രായത്തില്‍ ആയിരുന്നു. ആന്‍ അതെഴുതുന്ന അതേ പ്രായമായിരുന്നു അത് വായിക്കുമ്പോള്‍ എനിക്ക് എന്നര്‍ത്ഥം.
1929 ല്‍ ജര്‍മ്മനിയിലെ ഒരു സമ്പന്ന ജൂത കുടുംബത്തിലാണ് ആണ് ആന്‍ ജനിച്ചത്. വംശശുദ്ധീകരണം എന്നപേരില്‍ എന്ന പേരില്‍, വന്‍ തോതിലുള്ള ജൂതവിരുദ്ധ നടപടികളുമായി, ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസി പാര്‍ട്ടി അധികാരത്തില്‍ വരുന്ന കാലഘട്ടമാണത്. ജര്‍മ്മനിയില്‍ തുടര്‍ന്നാല്‍ തങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരാവുന്ന വിപത്തുകള്‍ മുന്‍കൂട്ടിക്കണ്ട് ഫ്രാങ്ക് കുടുംബം ഹോളണ്ടിലേക്ക് കുടിയേറുകയായിരുന്നു. എങ്കിലും ചുരുങ്ങിയ വര്‍ഷങ്ങളില്‍ നാസിപ്പട്ടാളം അതിര്‍ത്തികള്‍ കടന്ന് യൂറോപ്പിന്റെ ഭൂരിഭാഗവും കീഴടക്കി. ജൂതന്മാരുടെ വിധി യൂറോപ്പില്‍ എവിടെയും 'കൂട്ടത്തോടെ നിര്‍ബന്ധിത തൊഴില്‍ശാലകളിലേക്കും മരണശാലകള്‍ എന്ന അപരനാമമുള്ള തടവുകേന്ദ്രങ്ങളിലേക്കും അയക്കപ്പെടുക' എന്നത് മാത്രമായി മാറി.
മറ്റുപല ജൂതകുടുംബങ്ങളെയും പോലെ ഫ്രാങ്ക് കുടുംബവും ഒളിവില്‍ പോകാന്‍ തീരുമാനിക്കുന്നു. ആനിന്റെ പിതാവ് സ്ഥാപിച്ച ഭക്ഷ്യസംസ്‌കരണശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍, മൂന്നുനിലകളിലായി 80 ചതുരശ്ര മീറ്റര്‍ മാത്രം വിസ്താരമുള്ള ഒരു രഹസ്യസങ്കേതത്തിലാണ്, അവര്‍,മറ്റൊരു കുടുംബത്തോടൊപ്പം , രണ്ടുവര്‍ഷത്തോളം (ഒടുവില്‍ പിടിയിലാകുന്നതുവരെ) കഴിയുന്നത്. പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ, ജനല്‍ ചില്ലുകള്‍ പോലും ഇരുണ്ട സ്‌ക്രീന്‍ കൊണ്ട് മറച്ച ആ കുടുസ്സുമുറികള്‍ക്കുള്ളില്‍ ആന്‍ എന്ന വായാടിയായ കൗമാരപ്രായക്കാരിയ്ക്ക് ആശ്വാസമാകുന്നത് കിറ്റി എന്ന് ഓമനപ്പേരുള്ള ഡയറിയാണ്.
സ്‌കൂളിലെ കൂട്ടുകാരികളെക്കുറിച്ചും, ആരാധന നിറഞ്ഞ കണ്ണുകളുമായി തന്നെ വഴിയരികില്‍ കാത്തുനില്‍ക്കാറുള്ള ആണ്‍കുട്ടികളെ കുറിച്ചുമൊക്കെയാണ് ഡയറിയിലെ ആദ്യത്തെ കുറിപ്പുകള്‍. പിന്നീടവ ഒളിവുജീവിതത്തിന്റെ വിശദാംശങ്ങളാകുന്നു . ഉറക്കെ സംസാരിക്കാനോ പൊട്ടിച്ചിരിക്കാനോ കഴിയാത്തതിനെ കുറിച്ചാകുന്നു. വ്യത്യസ്ത സ്വഭാവക്കാരായ വാന്‍-പെല്‍സ് (ആനിന്റെ കുറിപ്പുകളില്‍ വാന്‍-ഡാന്‍ ) കുടുംബാംഗങ്ങളോടൊപ്പം കഴിയേണ്ട ദുരവസ്ഥയെ കുറിച്ചാകുന്നു. ചുരുങ്ങിയ സാധനങ്ങള്‍ കൊണ്ട് തയ്യാറാക്കിയ സ്വാദില്ലാത്ത ഭക്ഷണത്തെ കുറിച്ചാകുന്നു. എല്ലാറ്റിനുമുപരി 'ഏതു നിമിഷവും പിടിയ്ക്കപ്പെട്ടേയ്ക്കാം ' എന്ന വിട്ടുമാറാത്ത ഭയത്തെ കുറിച്ചാകുന്നു.
'എന്റെ ആദര്‍ശങ്ങള്‍ ഞാന്‍ ഈയവസ്ഥയിലും ഉപേക്ഷിച്ചിട്ടില്ല എന്നത് ഒരുപക്ഷെ ഒരു അത്ഭുതമായി തോന്നിയേക്കാം . അവ തികച്ചും അസാധ്യമായി മാറിയെങ്കിലും ഞാനവയെ ഇപ്പോഴും ചേര്‍ത്തുവയ്ക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഉള്ളിന്റെയുള്ളില്‍ ഓരോ മനുഷ്യനിലും നന്മയുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിയ്ക്കുന്നു.'
ആന്‍ ഫ്രാങ്കിന്റെ ഡയറിയിലെ ഏറ്റവും പ്രസിദ്ധമായ വാചകങ്ങള്‍ ഒരുപക്ഷെ ഇവയാകാം. നന്മ എന്നത് ഒരു കെട്ടുകഥയാണോ എന്ന് ആര്‍ക്കും സംശയം തോന്നാവുന്ന ഒരു കാലത്താണ് ആന്‍ ഇത് കുറിക്കുന്നത്. സത്യത്തില്‍ ഈ വരികള്‍ ധ്വനിപ്പിയ്ക്കുന്നതുപോലെ ഒരു നിത്യശുഭാപ്തിവിശ്വാസി ആയിരുന്നുവോ ആന്‍?
മച്ചിലെ തുറക്കാന്‍ അനുവാദമുള്ള ജനാലയ്ക്കരികില്‍ നിന്ന് തെരുവിലേയ്ക്ക് നോക്കുമ്പോള്‍ ആന്‍ കാണുന്ന കാഴ്ചകള്‍ ചിലപ്പോളൊക്കെ ഹൃദയഭേദകമാണ്- വിശന്ന മുഖമുള്ള, മുഷിഞ്ഞ വസ്ത്രം ധരിച്ച കുട്ടികള്‍, ജൂതന്മാരെ കന്നുകാലികളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന നാസിപ്പട്ടാളക്കാര്‍, അവരുടെ തോക്കുകള്‍ക്കുമുമ്പില്‍, പകച്ച് , തങ്ങളുടെ വിധിയെന്തെന്നറിയാതെ നടക്കുന്ന ഒരു തെറ്റും ചെയ്തിട്ടില്ലാത്ത മനുഷ്യര്‍. ഇവയെല്ലാം ആനിനെ ദിവസങ്ങളോളം വിഷാദത്തിലാഴ്ത്തുകയും ജീവിതത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് ഗഹനമായി ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. റേഡിയോ വാര്‍ത്തകളില്‍നിന്നും, പുറത്തുനിന്ന് ഫ്രാങ്ക് കുടുംബത്തെ സഹായിച്ചിരുന്ന സുഹൃത്തുക്കളില്‍നിന്നും അറിഞ്ഞിരുന്ന വിവരങ്ങളും പലപ്പോഴും ശുഭകരമല്ല. രാത്രികളില്‍ തന്റെ ഉറക്കം ഞെട്ടിയ്ക്കുന്ന , കൊടുമ്പിരികൊള്ളുന്ന ഒരു യുദ്ധത്തിനുനടുവിലാണ് താനെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിയ്ക്കുന്ന വെടിയൊച്ചകളെ ആന്‍ എന്തെന്നില്ലാതെ ഭയന്നിരുന്നു.
എങ്കിലും, തന്നെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ , സമാധാനം പുനഃസ്ഥാപിയ്ക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സ്വപ്നം കാണാന്‍ എന്തെങ്കിലുമൊരു കാരണം ആന്‍ എപ്പോഴും കണ്ടുപിടിച്ചിരുന്നു. അത് ചിലപ്പോള്‍ പുതുതായി വായിച്ച ഒരു പുസ്തകമാകാം, സഹായികളില്‍ ആരെങ്കിലും കണ്ട സിനിമയുടെ വിവരണമാകാം , വാന്‍-പെല്‍സ് ദമ്പതികളുടെ മകനായ പീറ്ററുമായുള്ള വര്‍ദ്ധിച്ചുവരുന്ന സൗഹൃദമാകാം, സഖ്യകക്ഷികളുടെ മുന്നേറ്റത്തെ കുറിച്ചുള്ള സൂചനകളാകാം. അല്ലെങ്കില്‍ ജനാലയിലൂടെ കാണുന്ന ആകാശത്തിന്റെ ഒരു തുണ്ടും, ഇളകുന്ന മരച്ചില്ലകളും മാത്രമാകാം.
'മേഘങ്ങളില്ലാത്ത ഈ തെളിഞ്ഞ ആകാശവും , ഈ സൂര്യപ്രകാശവും ... ഇവയൊക്കെ ഉള്ളപ്പോള്‍ ഞാന്‍ എങ്ങനെ സന്തോഷിയ്ക്കാതിരിയ്ക്കാനാണ്...' - ആന്‍ എഴുതുന്നു.
ഡയറിയിലെ അവസാനത്തെ കുറിപ്പുകളില്‍ യുദ്ധം അവസാനിയ്ക്കുമെന്നും , സഖ്യകക്ഷികളുടെ വിജയം ഉറപ്പായെന്നും തനിയ്ക്ക് താമസിയാതെ സ്‌കൂളില്‍ പോകാനാകുമെന്നും ആന്‍ എഴുതിയിരുന്നു. ഒരു പത്രലേഖികയാകുവാനും പിന്നീട് എല്ലാവരും ആരാധിയ്ക്കുന്ന ഒരു എഴുത്തുകാരി ആകുവാനും ആന്‍ ആഗ്രഹിച്ചിരുന്നു. നയചാതുര്യമില്ലാത്ത തന്റെ അമ്മയെപ്പോലെ , വെറുമൊരു വീട്ടമ്മയായി, സമയപ്രവാഹത്തില്‍ ഒരു ചലനവും സൃഷ്ടിയ്ക്കാതെ വെറുതെ ഒഴുകുക എന്നത് മരണത്തേക്കാള്‍ ഭയാനകമാണ് എന്ന് ആന്‍ ആവര്‍ത്തിച്ചെഴുതിയിട്ടുണ്ട്.
ആംസ്റ്റര്‍ഡാമില്‍, ഫ്രാങ്ക് കുടുംബം ഒളിവില്‍ കഴിഞ്ഞ കെട്ടിടം ഇന്ന് ആന്‍ ഫ്രാങ്ക് ഹൗസ് എന്ന മ്യൂസിയമാണ്. ഒരിക്കല്‍ അവിടം സന്ദര്‍ശിക്കാന്‍ എനിയ്ക്കും സാധിച്ചു. പുസ്തകഷെല്‍ഫിനുപിറകിലുള്ള ആ രഹസ്യവാതിലിലൂടെ, ആ ഇടുങ്ങിയ കോണിപ്പടികള്‍ കയറിയപ്പോള്‍ എന്റെ ഹൃദയമിടിപ്പുകള്‍ എനിയ്ക്കുതന്നെ കേള്‍ക്കാമായിരുന്നു.
ജീവിതം നിരര്‍ത്ഥകമായ ഒരു യുദ്ധമാണെന്ന് എനിയ്ക്ക് തോന്നിയിരുന്ന ഒരുകാലത്ത്, മരണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴും ആകാശത്തിന്റെ ഒരു തുണ്ടുകൊണ്ട് സന്തോഷം കണ്ടുപിടിച്ചിരുന്ന 'എന്റെ സമപ്രായക്കാരി' എനിയ്ക്ക് എത്ര ധൈര്യം തന്നിട്ടുണ്ടെന്നോ...
അവരുടെ പുസ്തകങ്ങള്‍:
അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍
അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്
രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!
അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍
വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍
സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!
ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം
ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!
വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും നാമൊരത്ഭുതം പ്രതീക്ഷിക്കും!
മാനസി പി.കെ: ശരീരത്തെ ഭയക്കാത്ത പുസ്തകങ്ങള്‍
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍
മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍
യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!
കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍ അച്ചനാവാന്‍ പോയത്!
അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍ എന്നോട് ചെയ്തത്
റിജാം റാവുത്തര്‍: രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...
രമ്യ സഞ്ജീവ് : അഭിമന്യുവിന്റെ ചോരയുടെ കാലത്ത് 'അന്ധത' വായിക്കുമ്പോള്‍
അഭിജിത്ത് കെ.എ: അവിശ്വസനീയമായ ഒരു പുസ്തകത്തിന്റെ വിചിത്ര യാത്രകള്‍
ശ്രീബാല കെ മേനോന്‍: ഒരേ പുസ്തകം, ഒരേ വായനക്കാരി; ഇടയില്‍ 14 വര്‍ഷങ്ങള്‍!
മനോജ് കുറൂര്‍: തൊട്ടാല്‍ മുറിയുന്ന പുസ്തകങ്ങള്‍...