ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
ഇന്ന് വായന ദിനമാണ്. നല്ല അനുഭവങ്ങള്‍ സമ്മാനിച്ച നിരവധി പുസ്തകങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടക്ക് കിട്ടിയത്. വീട് മാറിയതിനാല്‍ കഴിഞ്ഞ പത്ത് ദിവസങ്ങളായി പുസ്തകങ്ങള്‍ ബോക്‌സുകളില്‍ കെട്ടിവച്ചത് ഇതുവരെ തിരികെ ഷെല്‍ഫിലേക്ക് അടുക്കി വച്ചിട്ടില്ല. അതിനാല്‍ വായിക്കാന്‍ പുസ്തകങ്ങളില്ല. അതിനിടയില്‍ കൈയ്യില്‍ കിട്ടിയ രണ്ട് പഴയ നോവലുകള്‍ പുനര്‍വായന നടത്തി.
ഒന്ന് കസാന്ദ് സാക്കിസിന്റെ സോര്‍ബാ ദ ഗ്രീക്ക്, മറ്റൊന്ന് അല്‍ബേര്‍ കമ്യുവിന്റെ പ്ലേഗ്. സോര്‍ബാ എന്റെ എക്കാലത്തെയും പ്രിയ പുസ്തകങ്ങളില്‍ ഒന്നാണ്. ഞാന്‍ മാനിക്കുന്ന, എനിക്ക് പ്രിയം തരുന്ന എഴുത്തുകാരില്‍ രണ്ട് തരക്കാരുണ്ട്. അതില്‍ ഒരു തരം എഴുത്തുകാരുടെ കൃതികള്‍ വായിക്കുമ്പോള്‍ എനിക്കും എഴുതണമെന്ന് തോന്നും. ഭാവനയുടെയും ആശയങ്ങളുടെയും ലോകത്ത് നിന്ന് പദങ്ങള്‍ തിക്കിതിരക്കി ഇറങ്ങി വരുന്നതായി അനുഭവപ്പെടും. ഈ അനുഭവം ചിലപ്പോള്‍ എനിക്ക് മാത്രമാവാം, അറിയില്ല.
കസാന്ദ് സാക്കിസ് ആ ഗണത്തിലാണ്. നമ്മെ വസന്തോദയത്തിലെ ഒരു വലിയ പൂമരമാക്കും ഇത്തരക്കാര്‍. മലയാളത്തില്‍ ഒ.വി വിജയനും കുട്ടികൃഷ്ണമാരാരും എനിക്ക് അത്തരം എഴുത്തുകാരാണ്. പുറത്തുള്ളവരില്‍ ഒര്‍ഹാന്‍ പാമുക്കും ഒക്കെ ഈ ഗണത്തിലാണ് വരിക. രണ്ടാമത്തെ കൂട്ടരും വലിയ പ്രിയങ്കരരാണ്. അവരുടെ കൃതികള്‍ വായിക്കുമ്പോള്‍ ഒരക്ഷരവും കുറച്ച് നേരത്തേയ്ക്ക് എഴുതാനാവില്ല. ഭാഷയ്ക്ക് അപ്രാപ്യമായ ഒരു ലോകത്തിലെ ജീവിയായിത്തീരും ഞാന്‍ . മലയാളത്തില്‍ എനിക്കീ അനുഭവം തരുന്നത് മേതിലും വികെഎന്നും ആണ് . വി.കെ.എന്‍ എന്നെ പൊടിച്ച് ശാന്തസമുദ്രത്തില്‍ വിതറുന്നു. മേതില്‍ ഹിമാലയത്തിലെ ഏതോ കീഴ്ക്കാം തൂക്കായ മലമ്പാതയിലെ ഏകാന്ത യാത്രികനാക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന എനിക്ക് ഭാഷ സ്വയം ഉപയോഗിക്കേണ്ട ആവശ്യം തന്നെയില്ല. സോര്‍ബ വായിച്ചത് പറഞ്ഞ് തുടങ്ങിയപ്പോള്‍ ഇതെല്ലാം ഓര്‍ത്തു പോയതാണ്.
പ്ലേഗ് രണ്ടാമതും വായിച്ചത് വല്ലാത്തൊരു അനുഭവം ആയി. കാരണം നിപ എന്ന വ്യാധി നിരവധി ജീവനെടുക്കുകയും അതിലേറെ ഭയം വിതയ്ക്കുകയും ചെയ്ത ദിനങ്ങളെ തുടര്‍ന്നാണ് ഞാനീ നോവല്‍ വീണ്ടും വായിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പ്രായമുണ്ട് ഈ നോവലിന് . യൂറോപ്പിനെ പ്ലേഗ് ബാധിച്ച് ജീവനുകളെ ഒന്നൊന്നായി നഷ്ടപ്പെടുന്ന അനുഭവവും അത് ജീവിതത്തിന്റെ അര്‍ത്ഥത്തെ തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ചിത്രമാണ് ഇതിലെ പ്രത്യക്ഷ പാഠം. കേരളം കഴിഞ്ഞ ആഴ്ച സമാനമായ ഒരനുഭവത്തിന്റെ മോക്ക് ഡ്രില്‍ നടത്തിയതേയുള്ളൂ. ഇന്ന് വായിക്കുബോള്‍ അതിലെ ഒരോ വരിയും വടക്കന്‍ മലബാറിലെ ഏതോ ആശുപത്രിയിലും മരണവീട്ടിലും ഇരുന്ന് എഴുതി തീര്‍ത്തത് പോലെ തോന്നും.
നാസി ഫാഷിസം എന്ന മാരക രോഗം മനുഷ്യ മതിഷ്‌കങ്ങളെ കാര്‍ന്ന് തിന്നുകയും വംശഹത്യയുടെ കൊടും മാരികള്‍ വിതയ്ക്കുകയും ചെയ്യുമ്പോള്‍ സ്‌നേഹത്തിനും കരുണയ്ക്കും മനുഷ്യ സ്വഭാവത്തിനാകെത്തന്നെയും എന്തുതരം മരവിപ്പ് വിതയ്ക്കുന്നുവെന്ന് അല്‍ബേര്‍ കമ്യു പ്ലേഗിലൂടെ ധ്വനിപ്പിക്കുന്നു. ഇവിടെയും ഫാഷിസത്തിന്റെ സമാനമായ പ്ലേഗ് രോഗബാധയാല്‍ സമൂഹത്തിന്റെ ജീവന്‍ നഷ്ടമാകുന്ന കാലത്താണ് ഈ രണ്ടാം വായന.
സഹോദര തുല്യരായ എത്ര മനുഷ്യമസ്തിഷ്‌കങ്ങളിലാണ് ഇതിനോടകം ഈ പ്ലേഗ് ബാധിച്ചത്! പ്ലേഗ് ബാധയാല്‍ ആന്ധ്യത്തിന്റെ തൃശൂലങ്ങള്‍ കൊണ്ട് അവര്‍ സ്വന്തം മനുഷ്യത്വത്തെ തന്നെ കുത്തിക്കീറുകയാണ്. രോഗം പടരുകയാണ് . ഒരോ ജീവ സാന്നിധ്യവും അസ്തമിപ്പിച്ചു കൊണ്ട് അത് താണ്ഡവമാടുകയാണ്. ഒരു മഞ്ഞുവീഴ്ചയോ പേമാരിയോ ഈ രോഗാണുക്കളെ ശമിപ്പിക്കില്ലയോ?
അല്‍ബേര്‍ കമ്യുവിന് ഈ വായന ദിനത്തില്‍ സ്മരണാഞ്ജലി. കസന്ദ് സാക്കിസിനും.