ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
സ്‌കൂള്‍ തുറക്കുന്ന കാലത്ത് പുതിയ ബാഗും കുടയുമൊക്കെ വാങ്ങി വരുന്ന ദിവസംപോലെയാണ്, പുസ്തകം മേടിച്ച് വീട്ടിലെത്തുമ്പോഴും. കൂട്ടില്‍നിന്ന് പുസ്തകമെടുത്ത് പലവട്ടം തിരിച്ചുംമറിച്ചും നോക്കും. പിന്‍കവറിലെ ചെറിയ കുറിപ്പുവായിക്കും. എഴുത്തുകാരന്റെ ചിത്രത്തിലേക്ക് കൊതിയോടെ നോക്കും; എന്നാണ് എന്റെയൊരു പടം ഇതുപോലെ...
താളുകള്‍ മറിച്ച്, പുത്തന്‍ കടലാസിന്റെ മണം ആര്‍ത്തിയോടെ വലിച്ചെടുക്കും. പൊടിപോലും പറ്റാതിരിക്കാന്‍ മേശയുടെ ഏറ്റവും സുരക്ഷിതമായ അറ്റത്ത് വെക്കും. പിന്നീടുള്ള രാത്രികളില്‍ ഇടയ്ക്കിടെ എഴുന്നേറ്റ് വീണ്ടും കൈയിലെടുത്ത് ഇതൊക്കെ ആവര്‍ത്തിക്കും. പക്ഷേ, ആ പുസ്തകം വായിച്ചുതുടങ്ങണമെങ്കില്‍ ഇങ്ങനെ കുറേ നാള്‍ കടന്നുപോകണം. മേശപ്പുറത്തെ പുസ്തകം ഉള്ളിന്റെയുള്ളില്‍ക്കിടന്ന്, മജ്ജയും മാംസവും വെച്ച് വളരണം. വായനയിലെ ഈ ഗര്‍ഭകാലംതന്നെയാണ് എന്റെയെഴുത്തിലുമുള്ളത്.
ജോലിക്കു കയറിയതിനുശേഷമാണ് സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങിത്തുടങ്ങിയത്. സത്യത്തില്‍ അതിനു മുമ്പാണ് അത്രമേല്‍ ഭീകരമായി വായിച്ചതൊക്കെയും. കോളേജ് ലൈബ്രറികള്‍ക്കു പുറമേ, വെളിമാനത്തെയും എടൂരെയും കോളിക്കടവിലെയും വായനശാലകളില്‍ സ്ഥിരം അഭയാര്‍ഥിയായിരുന്നു. ഗ്രാമീണ ലൈബ്രറികളില്‍ നിന്നു പുസ്‌കമെടുക്കുമ്പോള്‍ കുറേ 'എക്സ്ട്രാ ഇന്‍ഫര്‍മേഷന്‍' നമുക്ക് കിട്ടും. പ്രധാനപ്പെട്ട വരികള്‍ക്കടിയിലൊക്കെ അടിവരയിട്ടിട്ടുണ്ടാകും. ചില ഡയലോഗുകള്‍ക്ക് നോവലിസ്റ്റ് എഴുതിയതിനേക്കാള്‍ മികച്ച കൗണ്ടര്‍ ഡയലോഗ് പ്രതിഭാശാലിയായ ഏതോ വായനക്കാരന്‍ മാര്‍ജിനില്‍ ചരിച്ച് എഴുതിവെച്ചിട്ടുണ്ടാകും. അല്‍പം സെക്സൊക്കെയുള്ള പുസ്തകങ്ങളാണെങ്കില്‍ അടിവരകളുടെയും ഡയലോഗുകളുടെയും എണ്ണം കൂടുതലായിരിക്കും. ഏതെല്ലാമോ മനുഷ്യാത്മാക്കളുടെ, നിഗൂഢരാത്രികളിലെ ഏകാന്തതയെ ശമിപ്പിച്ച വരികളാണല്ലോ, അത്. അടിവരയുടെ അധികശ്രദ്ധകിട്ടാതെ അവയെ കടന്നുപോകുന്നതെങ്ങനെ...
വായനയിലെ ഈ ഗര്‍ഭകാലംതന്നെയാണ് എന്റെയെഴുത്തിലുമുള്ളത്.
തട്ടും തടവുമില്ലാതെ ഏതാണ്ടൊരേ ദിശയില്‍ പോയിരുന്ന വായനയുടെ ഒഴുക്കിനെ ഗതിമാറ്റി വിട്ടത്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പി.കെ. രാജശേഖരന്‍ എഴുതിയ 'വാക്കിന്റെ മൂന്നാംകര' എന്ന പംക്തിയാണ്. ലോക നോവല്‍ സാഹിത്യത്തിലെ തലയെടുപ്പുള്ള രചനകള്‍ അദ്ദേഹം അതിമനോഹരമായി പരിചയപ്പെടുത്തി. നോവലിന്റെ പ്ലോട്ട് ഭംഗിയോടെ വിവരിക്കുന്നതിനൊപ്പം, അതിന്റെ രാഷ്ട്രീയവും മനശാസ്ത്രപരവും ചരിത്രപരവുമായ വ്യാഖ്യാനങ്ങളും, കഥയുടെ സൗന്ദര്യവും ബുദ്ധിയുടെ വിചാരണയുമടങ്ങുന്ന, ഗംഭീര പഠനങ്ങളായിരുന്നു, അവ. ഇറ്റാലോ കാല്‍വിനോ, ഉംബര്‍ട്ടോ എക്കോ, റോബര്‍ട്ടോ ബൊലാനോ, ജോര്‍ജ് ലൂയി ബോര്‍ഹേസ്, മരിയോ വര്‍ഗാസ് യോസ- തുടങ്ങി സാഹിത്യത്തിലെ വമ്പന്‍മാരുടെ പേരുകള്‍ ഞാനാദ്യമായി കേട്ടതും പി.കെ. രാജശേഖരന്റെ എഴുത്തിലൂടെയായിരുന്നു. അതിലെ പല പുസ്തകങ്ങള്‍ക്കു വേണ്ടിയും അന്വേഷണം നടത്തിയ കാലം കൂടിയാണത്. നോര്‍വീജിയന്‍ എഴുത്തുകാരനായ യാന്‍ വീസിന്റെ 'ദി നേക്കഡ് മഡോണ' എന്ന പുസ്തകം അന്നു മുതല്‍ അന്വേഷിക്കുന്നതാണ്. പക്ഷേ, ഇതുവരെ അതെന്റെ കൈയിലെത്തിയിട്ടില്ല.
പക്ഷേ, ഇതുവരെ അതെന്റെ കൈയിലെത്തിയിട്ടില്ല.
ഇറ്റാലോ കാല്‍വിനോയുടെ 'ഈഫ് ഓണ്‍ എ വിന്‍േറഴ്സ് നൈറ്റ്, എ ട്രാവലര്‍' - എന്ന നോവലിനെക്കുറിച്ചുള്ള കുറിപ്പായിരുന്നു, 'വാക്കിന്റെ മൂന്നാംകര'യിലെ ലേഖനങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്. പല ലൈബ്രറികളിലും തപ്പിയെങ്കിലും കണ്ടുകിട്ടിയില്ല. പിന്നീട്, പുസ്തകശാലകളില്‍വെച്ച് കണ്ടെങ്കിലും വാങ്ങാതെ മടങ്ങി. അതു വായിക്കാന്‍ സമയമായിട്ടില്ലെന്ന് ഒരുള്‍പറച്ചില്‍ തലയില്‍ നിറഞ്ഞിരുന്നു. വായിക്കാന്‍ മാത്രമല്ല, അതു സ്വന്തമാക്കാനും കുറച്ചുകൂടി കാത്തിരിക്കണമെന്ന് എന്തോ, എനിക്കു തോന്നി. കുറേ നാളുകള്‍ക്കുശേഷം എനിക്കു പ്രിയപ്പെട്ടൊരു ചേച്ചിയാണ് ആ പുസ്തകം അയച്ചുതന്നത്. ഹാര്‍ഡ് ബൈന്‍ഡ് കവറുള്ള പുത്തന്‍ പുസ്തകം. എന്നത്തെയുംപോലെ പലവട്ടം കൈയിലെടുത്തും ഓമനിച്ചും ഞാനതിനെ സൂക്ഷിച്ചു വെച്ചു. അതിന്റെ താളുകളില്‍ ഏറ്റവുമിഷ്ടപ്പെട്ട ഗന്ധമുള്ള അത്തര്‍ പുരട്ടി.
വിഷാദംകൊണ്ട് മൂടപ്പെടുന്ന ചില വൈകുന്നേരങ്ങളില്‍- ഉറങ്ങാനാവാതെ വലയുന്ന രാത്രികളില്‍- ചിരന്തനമായ ഏകാന്തത കൂടുകെട്ടുന്ന ഒറ്റയ്ക്കിരിക്കലുകളില്‍- ആള്‍ക്കൂട്ടത്തിന്റെ പായാരംപറച്ചിലുകള്‍ താങ്ങാനാവാത്ത തീവണ്ടി യാത്രകളില്‍- 'ഒരു ശീതകാല രാത്രിയിലൊരു യാത്രികനെങ്കില്‍' കൂടെയുണ്ടാവണമെന്ന് തോന്നിയിട്ടുണ്ട്. ഇടയ്ക്കെപ്പോഴൊക്കെയോ വായിക്കാനെടുത്തിട്ടുമുണ്ട്. പക്ഷേ, അപ്പോഴൊക്കെയും വല്ലാത്തൊരു നഷ്ടബോധത്തോടെ തിരിച്ചുവെക്കുകയായിരുന്നു.
എന്തെല്ലാമോ കാരണങ്ങളാല്‍ കാല്‍വിനോയുടെ നോവല്‍ ഷെല്‍ഫില്‍ത്തന്നെ തുടരുകയാണ്
കസന്ദ് സാക്കിസിന്റെ 'സോര്‍ബ ദ് ഗ്രീക്ക്' വായിക്കുമ്പോള്‍ അതിലെ സോര്‍ബയോട് തോന്നുന്ന സഹയാത്രികത്വംപോലെ, എം.ടിയന്‍ കഥാപാത്രങ്ങളുടെ അപകര്‍ഷംനിറഞ്ഞ ഉള്‍വലിയല്‍പോലെ, സര്‍ക്കാസം കുടിച്ച സക്കറിയക്കാരെപ്പോലെ, ചരിത്രം തീണ്ടിയ (എന്‍.എസ്.) മാധവന്‍ കഥാസന്ദര്‍ഭങ്ങള്‍പോലെ, മഴയോരം ചേര്‍ന്നുപോകുന്ന വിജയലക്ഷ്മിയുടെ ഉപേക്ഷിക്കപ്പെട്ട വാക്കുകള്‍ പോലെ- അജ്ഞാതവും ദുരൂഹവുമായ എന്തെല്ലാമോ കാരണങ്ങളാല്‍ കാല്‍വിനോയുടെ നോവല്‍ ഷെല്‍ഫില്‍ത്തന്നെ തുടരുകയാണ്. എന്നാണ് ഞാനത് വായിക്കുക എന്നറിയില്ല. വായിക്കുമ്പോള്‍ അതെന്നെ എത്രമാത്രം പിടിച്ചുകുലുക്കും എന്നുമറിയില്ല. ഒരുപക്ഷേ, ഒരു സ്വാധീനവുമുണ്ടാക്കാതെ സാധാരണ നോവലുകളിലൊന്നായി അതും മറവിയിലേക്ക് പിന്‍നടന്നേക്കാം. വായനയുടെ വഴികളും എഴുത്തിന്‍േറതുപോലെ അപ്രവചനീയമാണല്ലോ.
എന്നാലും വായിക്കാത്തിടത്തോളം അതെന്റെ പ്രിയപുസ്തകമാണ്.
തൊടുത്തുവിട്ട പ്രേമത്തിന്റെ മറുപടിക്കു കാത്തുനില്‍ക്കുന്ന കാലത്തോളം നമ്മുടെയുള്ളില്‍ പ്രണയം ഗാഢമായി വളര്‍ന്നുകൊണ്ടിരിക്കുമല്ലോ. തീര്‍ക്കാതെ ബാക്കിവെക്കുന്ന കാലത്തോളം പ്രതികാരം ഉള്ളില്‍ക്കിടന്ന് കത്തുന്നുണ്ടാകുമല്ലോ. ശമിക്കാതിരിക്കുന്നിടത്തോളം പല ഭാവനകളില്‍ കാമം പടര്‍ന്നു പന്തലിക്കുമല്ലോ. എഴുതാത്തിടത്തോളം എഴുത്തിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഏഴു ചിറകുകളും വീശി ആത്മാവിനു ചുറ്റും പറന്നുനടക്കുമല്ലോ.
ആയതിനാല്‍ ഇന്നോളം വായിക്കാത്ത പുസ്തകങ്ങളാണ് എനിക്കു പ്രിയപ്പെട്ടവര്‍.
(മാധ്യമപ്രവര്‍ത്തകനും യുവ എഴുത്തുകാരനുമാണ് അബിന്‍ ജോസഫ്. 'കല്ല്യാശ്ശേരി തീസീസ്' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.)
...........................................................
അവരുടെ പുസ്തകങ്ങള്‍:
അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍
അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്
രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!