"മുഹമ്മദ് റഫി എന്ന ഗായകനില്ലായിരുന്നില്ലെങ്കില്‍ ഒ.പി. നയ്യാര്‍ ഉണ്ടാകുമായിരുന്നില്ല" എന്ന്, എക്കാലത്തെയും പ്രശസ്ത സംഗീത സംവിധായകരിലൊരാളായ നയ്യാര്‍ തന്നെ അഭിപ്രായപ്പെട്ടത്, റഫി എന്ന ഗായകനാരായിരുന്നു എന്നതിന് അടിവരയിടുന്നു. നയ്യാര്‍ ഒരുക്കി, റഫിയും ആശാ ബോസ്ലെയും ചേര്‍ന്ന് പാടിയ 'മാംഗ് കേ സാഥ് തുമാരാ' (നയാ ദൗര്‍, 1957) ഇന്നും ഓര്‍മ്മിക്കപ്പെടുന്ന പാട്ടുകളിലൊന്നാണ്.
തും മുഝേ യൂം ഭുലാ ന പാവോഗേ..
ജബ് കഭീ ഭി സുനോഗേ ഗീത് മേരെ,
സംഗ് സംഗ് തും ഭി ഗുന്‍ഗുനാവോഗേ ...
ഹാ...തും മുഝേ ഭുലാ ന പാവോഗേ..
''നിനക്കൊരിക്കലും എന്നെ മറന്നു കളയാന്‍ കഴിയില്ല...
എന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോഴെല്ലാം
നീയറിയാതെ തന്നെ കൂടെ മൂളിപ്പോവും...
ഹാ..നിനക്കെന്നെ അത്രയെളുപ്പം മറന്നു കളയാന്‍ കഴിയില്ല..."
മുഹമ്മദ് റഫിയെന്ന 'റഫി സാഹബിന്റെ ' ജന്മദിനമാണിന്ന്. എത്ര സംവത്സരങ്ങള്‍ പിന്നിട്ടാലും മറന്നുപോവുന്നതല്ല ആ ശബ്ദവും അതില്‍ നിന്നുതിര്‍ന്നു വീണ പ്രണയവും വേദനയും പ്രതീക്ഷയും കലര്‍ന്ന ഗാനങ്ങളും. കാരണം, അത് വെറും പാട്ടുകളായിരുന്നില്ല; ജീവനും ജിവിതവും ചേര്‍ന്നു നില്‍ക്കുന്ന കാലത്തിന്റെയും അനുഭവങ്ങളുടെയും ഹൃദയത്തിലെ അടയാളപ്പെടുത്തലുകളായിരുന്നു. എത്രയെത്ര പ്രണയങ്ങള്‍, വിരഹങ്ങള്‍, വേദനകള്‍ ആ ശബ്ദത്തിലൂടെ മാത്രം അലിഞ്ഞില്ലാതായി...
1924 -ല്‍ ജനിച്ച്, വെറും 55 വര്‍ഷം മാത്രം ജീവിച്ച ആ മനുഷ്യന്റെ ശബ്ദം നിലച്ചപ്പോള്‍ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്നവരുടെയെല്ലാം ഹൃദയങ്ങള്‍ പെട്ടെന്ന് നിശബ്ദമായിപ്പോയിരുന്നു. വെറും പാട്ടുകാരനായിരുന്നില്ല റഫി സാബ്, അമിതാഭ് ബച്ചന്‍ ഓര്‍ത്തെടുക്കുന്ന പോലെ- "റഫിയുടെ ശബ്ദം അദ്ദേഹത്തിന്‍റേത് മാത്രമായിരുന്നില്ല; ആ ശബ്ദം മറ്റ് പലരുടെയും രൂപവും ഭാവവും സൗഭാഗ്യവും നിലനില്‍പ്പുമായിരുന്നു"
പാട്ടിന്‍റെ ആദ്യകാലങ്ങള്‍
അവിഭജിത ഇന്ത്യയിലെ, പഞ്ചാബിലെ അമൃത്സറില്‍ നിന്നും 30 കിലോമീറ്റര്‍ മാറിയുള്ള കോട്ല സുല്‍ത്താന്‍ ഗ്രാമത്തിലാണ് മുഹമ്മദ് റഫി ജനിച്ചത്. കുട്ടിക്കാലം ചിലവഴിച്ചത് ഏറെയും ലാഹോറിലായിരുന്നു. തെരുവില്‍ ഒരു ഫക്കീര്‍ പാടിയ ഈരടികള്‍ കേട്ട് മൂളിത്തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന് കൂടുതല്‍ തെളിച്ചം കൈവരുന്നത് ഉസ്താദ് ബഡെ ഗുലാം അലി ഖാന്റെയും ഉസ്താദ് അബ്ദുൽ വാഹിദ് ഖാന്റെയും ശിക്ഷണത്തിലൂടെയാണ്.
റഫിയൊന്നു മൂളുന്നത് കേള്‍ക്കാന്‍ കാത്തിരുന്ന എത്രയെത്ര മനുഷ്യര്‍
1941 -ല്‍ 'ഗുല്‍ ബാലോച്ച്' എന്ന പഞ്ചാബി ചിത്രത്തിന് വേണ്ടി ശ്യാം സുന്ദര്‍ അണിയിച്ചൊരുക്കിയ പാട്ടിലൂടെയാണ് റഫിയുടെ പിന്നണി ഗായകനായുള്ള രംഗപ്രവേശം. വയസ്സ് പതിനേഴ്! പിന്നീട് 1944 -ല്‍ ജ്യേഷ്ഠസുഹൃത്തായ അബ്ദു ഹമീദിന്റെ പ്രേരണയും പ്രചോദനവും കാരണം ബോംബെയിലെത്തി. തിരക്ക് പിടിച്ച ഭിണ്ടി ബസാറിലെ ചെറിയ മുറിയില്‍ ആരംഭിച്ച ആ പുതിയ ജീവിതം പിന്നീടങ്ങോട്ട് ഇന്ത്യന്‍ സിനിമാ സംഗീത ലോകത്തിനും പാട്ടു പ്രേമികള്‍ക്കും പരിചിതമായ ചരിത്രമാണ്. 'ഗാവ് കി ഗോരി' എന്ന ഹിന്ദി ചിത്രത്തില്‍ ജി.എം. ദുറാനിയുടെ കൂടെ പാടിയ 'അജി ദില്‍ ഹോ കാബൂ മേം ' എന്ന പാട്ടില്‍ തുടങ്ങുന്ന ഈണമുള്ള ചരിത്രം.
നൗഷാദിനും സൈഗാളിനുമൊപ്പം ചേര്‍ന്ന് ഗാനാലാപന ലോകത്ത് പുതിയ കയ്യൊപ്പ് ചാര്‍ത്തിത്തുടങ്ങുന്ന സമയത്താണ് ഇന്ത്യാ വിഭജനം സംഭവിക്കുന്നത്. തന്‍റെ സംഗീതവും ബോംബെയുടെ പാട്ടിന്‍റെ മണമുള്ള മണ്ണും വിട്ട് പാകിസ്ഥാനിലേക്ക് പോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. വേദനിപ്പിക്കുന്നതായിരുന്നെങ്കിലും ആ തീരുമാനം തന്നെയായിരുന്നു ശരിയെന്ന് പില്‍ക്കാലത്തെ അദ്ദേഹത്തിന്‍റെ അതുല്യമായ വിജയങ്ങളും ജനപിന്തുണയും സാക്ഷ്യപ്പെടുത്തി. റഫിയൊന്നു മൂളുന്നത് കേള്‍ക്കാന്‍ കാത്തിരുന്ന എത്രയെത്ര മനുഷ്യര്‍, അദ്ദേഹത്തിന്റെ യെസ് കൊണ്ടു മാത്രം ഹിറ്റായ സിനിമകള്‍.
റഫിയെന്ന പാട്ടുകാരന്‍
1950 കളിലും 60 -കളിലും ഒ.പി. നയ്യാര്‍, ശങ്കര്‍ ജയ്കിഷന്‍, എസ്.ഡി. ബര്‍മന്‍, റോഷന്‍ തുടങ്ങിയവരോടൊപ്പം മുഹമ്മദ് റഫിയുടെ ഭാവസാന്ദ്രമായ ശബ്ദം കൂടിചേര്‍ന്നപ്പോള്‍, ഹിറ്റ് ഗാനങ്ങളുടെ ഒരു വലിയ ലോകവും കൂട്ടായ്മയും തന്നെ രൂപപ്പെട്ടു. 1952 -ല്‍ പുറത്തിറങ്ങിയ 'ബൈജു ബാവ്‌റാ ' എന്ന സിനിമയ്ക്ക് വേണ്ടി നൗഷാദ് അണിയിച്ചൊരുക്കി റഫി പാടിയ 'ഓ ദുനിയാ കെ രഖ്വാലെ' എന്ന ഗാനം, ആറ് പതിറ്റാണ്ടിനിപ്പുറവും പാട്ടിനെ സ്നേഹിക്കുന്നവരുടെയെല്ലാം ഹൃദയങ്ങളില്‍ പ്രാര്‍ത്ഥനയെന്ന പോലെ നിറഞ്ഞു നില്‍ക്കുന്നു. കേള്‍ക്കുമ്പോള്‍ ആ സ്വരത്തിലെ വേദനയിലലിഞ്ഞ് കണ്ണു നിറഞ്ഞു പോവുന്നു.
നൗഷാദിനോടൊപ്പം തന്നെ 'സുഹാനി രാത് ഠല്‍ ചുകീ' (ചിത്രം - ദുലാരി,1949), ശങ്കര്‍-ജയ്കിഷനോടൊപ്പം ചേര്‍ന്നൊരുക്കിയ 'ബഹാരോം ഫൂൽ ബര്‍സാവോ' (സൂരജ്, 1966) , രവി ഒരുക്കിയ 'ആജാ തുജ്കോ പുകാരേ മേരാ പ്യാര്‍' (നീല്‍ കമല്‍ , 1968), 'ചൗഥ്വീ കാ ചാന്ദ് ഹോ' (ചൗഥ്വീ കാ ചാന്ദ് , 1960), മദന്‍ മോഹനോടൊപ്പം 'യെ ദുനിയാ.. യെ മെഹ്ഫില്‍..', ഹേമന്ത് കുമാറിന്‍റെ സംഗീത സംവിധാനത്തില്‍ 'ഓ രാത് കെ മുസാഫിര്‍' (മിസ് മേരി, 1957), ലതാ മങ്കേഷ്കറിനോടൊപ്പം ചേര്‍ന്ന് 'താജ്മഹല്‍' എന്ന ചിത്രത്തിന് വേണ്ടി രോഷന്‍ ഒരുക്കിയ 'ജോ വാദാ കിയാ വോ, നിഭാനാ പഡേഗാ' അങ്ങനെയങ്ങനെ റഫിയെ ഓര്‍ക്കുമ്പോഴേക്കും മനസ്സിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകള്‍. ലതാ മങ്കേഷ്കര്‍, കിഷോര്‍ കുമാര്‍, മുകേഷ് തുടങ്ങിയവരെല്ലാം നിറഞ്ഞു നില്‍ക്കുന്ന അതേ കാലത്ത് തന്നെയാണ് അവരോടൊപ്പം അല്ലെങ്കില്‍ അവരെക്കാളുമേറെ ആരാധക പിന്തുണയും ഹിറ്റുകളുമായി മുഹമ്മദ് റഫി നിറഞ്ഞു നിന്നിരുന്നത്. അവരേക്കാളുമേറെയെന്ന് പറയുമ്പോള്‍ വിയോജിപ്പുകളുണ്ടായേക്കാം, എങ്കിലുമത് അങ്ങനെ തന്നെയിരിക്കട്ടെ.
ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡും നാഷണല്‍ അവാര്‍ഡും ആ പാട്ടിനായിരുന്നു
"മുഹമ്മദ് റഫി എന്ന ഗായകനില്ലായിരുന്നില്ലെങ്കില്‍ ഒ.പി. നയ്യാര്‍ ഉണ്ടാകുമായിരുന്നില്ല" എന്ന്, എക്കാലത്തെയും പ്രശസ്ത സംഗീത സംവിധായകരിലൊരാളായ നയ്യാര്‍ തന്നെ അഭിപ്രായപ്പെട്ടത്, റഫി എന്ന ഗായകനാരായിരുന്നു എന്നതിന് അടിവരയിടുന്നു. നയ്യാര്‍ ഒരുക്കി, റഫിയും ആശാ ബോസ്ലെയും ചേര്‍ന്ന് പാടിയ 'മാംഗ് കേ സാഥ് തുമാരാ' (നയാ ദൗര്‍, 1957) ഇന്നും ഓര്‍മ്മിക്കപ്പെടുന്ന പാട്ടുകളിലൊന്നാണ്. 1964 'ചാഹൂംഗാ മേ തുജെ സാന്‍ഝ് സവേരേ' എന്ന പാട്ടിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച മുഹമ്മദ് റഫിയെ, തൊട്ടടുത്ത വര്‍ഷം രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.
ഈണം മുറിഞ്ഞ ദിവസം
സാധാരണയായി റെക്കോഡിംഗ് സ്റ്റേഷനില്‍ നിന്നും അവസാനം മാത്രം പോകാറുള്ള റഫി, അന്ന് സംഗീത സംവിധായകനായ പ്യാരേലാലിനോട് പ്രത്യേക അനുവാദം വാങ്ങി നേരത്തെ വീട്ടിലേക്ക് മടങ്ങി. പ്യാരേലാല്‍ ഒരുക്കിയ 'ശ്യാം ഫിര്‍ ക്യു ഉദാസ് ഹെ ദോസ്ത്' എന്ന ഗാനമായിരുന്നു അവസാനമായി റെക്കോര്‍ഡ് ചെയ്തിരുന്നത്. അതൊരു സാധാരണ ദിവസമായിരുന്നില്ല എന്ന് ആ രാത്രി തെളിയിച്ചു; സ്റ്റുഡിയോ വിട്ട് മണിക്കൂറുകള്‍ക്കകം, രാത്രിയോടെ ഹൃദയസ്തംഭനം മൂലം മുഹമ്മദ് റഫിയെന്ന അനശ്വര ഗായകന്‍ മരണപ്പെട്ടു. 35 വര്‍ഷത്തിലേറെ നീണ്ടു നിന്ന കരിയറില്‍, പ്രശസ്തരും അപ്രശസ്തരുമായ സംഗീത സംവിധായകരുടെ കൂടെ, വിജയചിത്രങ്ങളിലും പരാജയപ്പെട്ട ചിത്രങ്ങളിലുമായി ആയിരക്കണക്കിന് പാട്ടുകള്‍ക്ക് തന്റെ ശബ്ദത്തിലൂടെ ജന്മം കൊടുത്ത ആ മനുഷ്യന്റെ പാട്ടു നിലച്ചു.
ബോംബെ നഗരം കണ്ട വലിയ വിലാപയാത്രക്ക് ഒടുവില്‍ ജൂഹുവിലെ കബറിസ്ഥാനില്‍ അദ്ദേഹം അടക്കം ചെയ്യപ്പെട്ടു. കാലങ്ങള്‍ക്കിപ്പുറം, നഗരത്തിന്‍റെ സ്ഥലപരിമിതി മൂലം ആ ശവകുടീരത്തിന് മേല്‍ പുതിയ മൃതദേഹങ്ങള്‍ അടക്കം ചെയ്യപ്പെട്ടു- ഭൗതികശരീരത്തെ കുറിച്ചുള്ള എല്ലാ ഓര്‍മ്മപ്പെടുത്തലുകളും ഇല്ലാതായിരിക്കുന്നു. എങ്കിലും, ഏകാന്തതയിലും ഒറ്റപ്പെടലിലുമെല്ലാം സംഗീതത്തിന്‍റെ സൗഹൃദം തേടുന്ന, പാട്ടുകളെ ജീവിതത്തോട് ചേര്‍ത്ത് പിടിക്കുന്ന മനുഷ്യരുടെ ഓര്‍മ്മകളോടും അനുഭവങ്ങളോടും എറെ അടുത്തുനില്‍ക്കുന്ന കാലാതിവര്‍ത്തിയായ ശബ്ദമായി റഫി ഇന്നും ജീവിക്കുന്നു; മനസ്സുകളിലും മെഹ്ഫിലുകളിലും.