വെറും 'പൂച്ച നടത്തം' അല്ല, അപൂർവ്വ സംഭവം; 1287 കിലോമീറ്റർ താണ്ടി റെയ്നെ എത്തി, 2 മാസത്തിനിപ്പുറം സ്നേഹസമാഗമം

By Web Team  |  First Published Sep 22, 2024, 4:45 PM IST

യെല്ലോസ്റ്റോണിൽ നിന്ന് ഏകദേശം 1,287 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് റോസ്വില്ല. 

(പ്രതീകാത്മക ചിത്രം)


കാലിഫോര്‍ണിയ: വളര്‍ത്തുമൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ പരിപാലിക്കുന്ന ധാരാളം ആളുകളുണ്ട്. പൊന്നുപോലെ നോക്കിയ അരുമ മൃഗങ്ങളെ കാണാതായാലോ? വിഷമം ഉണ്ടാകുമെന്നതില്‍ സംശയം ഇല്ല. എന്നാല്‍ വളരെ വ്യത്യസ്തമായൊരു സമാഗമത്തിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

കാലിഫോര്‍ണിയയിലെ ദമ്പതികളായ ബെന്നിയുടെയും സൂസന്‍ ആന്‍ഗ്യാനോയുടെയും അരുമ പൂച്ചയാണ് റെയ്നെ ബ്യൂവു. രണ്ട് മാസം മുമ്പ് യെല്ലോസ്റ്റോണ്‍ ദേശീയ ഉദ്യാനത്തില്‍ വെച്ച് റെയ്നെയെ ബ്യൂവിനെ നഷ്ടമായി. വളരെയേറെ സങ്കടത്തിലായി ദമ്പതികള്‍. വലിയ മരുഭൂമിയുള്ള പ്രദേശം ആയതിനാല്‍ തന്നെ റെയ്നെയെ കണ്ടെത്താനാകുമോ എന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നു. 

Latest Videos

ബെന്നിയും സൂസനും ജൂണില്‍ ദേശീയ ഉദ്യാനത്തില്‍ ക്യാമ്പിങിന് പോയപ്പോഴാണ് റെയ്നെയെ നഷ്ടപ്പെടുന്നത്. പെട്ടെന്ന് എന്തോ കാരണത്താല്‍ ഞെട്ടിയ റെയ്നെ മരങ്ങള്‍ക്ക് ഇടയിലേക്ക് ഓടിമറയുകയായിരുന്നു. തിരികെ വരുമെന്ന് കരുതി കാത്തിരുന്നെങ്കിലും റെയ്നെ എത്തിയില്ല. ഇതോടെ അതീവ ദുഃഖിതരായിരുന്നു ദമ്പതികള്‍. 

എന്നാല്‍ ഏറെ കൗതുകം തോന്നുന്ന സംഭവമാണ് പിന്നീട് ഉണ്ടായത്. വേനല്‍ക്കാലം കഴിഞ്ഞതോടെ രണ്ട് മാസത്തിനിപ്പുറം യെല്ലോസ്റ്റോണില്‍ നിന്ന് കാണാതായ പൂച്ചയെ ഏകദേശം 800 മൈല്‍ (1,287 കിലോമീറ്റര്‍ ) അകലെയുള്ള കാലിഫോര്‍ണിയയിലെ റോസ്വില്ലില്‍ നിന്ന് കണ്ടെത്തിയതായി മൃഗക്ഷേമ സംഘം അറിയിക്കുകയായിരുന്നു. തെരുവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന റെയ്നെ കണ്ട ഒരു സ്ത്രീയാണ് പൂച്ചയെ അഭയകേന്ദ്രത്തില്‍ എത്തിച്ചത്. റെയ്നെ ബ്യൂവിന്‍റെ മൈക്രോചിപ്പില്‍ നിന്ന് പൂച്ചയെ തിരിച്ചറിഞ്ഞ അഭയ കേന്ദ്രത്തിലെ അധികൃതര്‍ കാര്യം ദമ്പതികളെ അറിയിക്കുകയായിരുന്നു. 

അതേസമയം യെല്ലോസ്റ്റോണില്‍ നിന്ന് മൈലുകള്‍ക്ക് അപ്പുറമുള്ള റോസ്വില്ലില്‍ പൂച്ച എങ്ങനെ എത്തിയെന്ന് ദമ്പതികള്‍ക്ക് ഇപ്പോഴും അറിയില്ല. തങ്ങളുടെ ഈ കഥ കേട്ട് ആരെങ്കിലും പൂച്ച ഇത്ര ദൂരം സഞ്ചരിച്ചതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെടുമെന്നാണ് ദമ്പതികള്‍ കരുതുന്നത്. തന്‍റെ വീടും ഉടമകളെയും തേടിയാണ് പൂച്ച രണ്ട് മാസത്തിനിടെ ഇത്രയം ദൂരം നടന്നതെന്നാണ് കരുതപ്പെടുന്നത്.  വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ട്രാക്കറുകള്‍ ഘടിപ്പിക്കണമെന്ന അഭിപ്രായവും ദമ്പതികള്‍ പങ്കുവെച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!