സ്വന്തം വീടിനുള്ളില്‍ ഉറങ്ങുമ്പോള്‍പ്പോലും അടിയുടുപ്പിനുള്ളില്‍ കറിക്കത്തി ഒളിപ്പിച്ചുവെക്കേണ്ടിവരുന്ന, ഗതികെടുമ്പോൾ അതെടുത്തു പ്രയോഗിക്കേണ്ടിവരുന്ന പെണ്‍നിസ്സഹായതയെ, ‘ധീരത’യെന്നൊക്കെ വാഴ്ത്തിയാഘോഷിക്കാന്‍ മലയാളിക്ക് മാത്രമേ കഴിയൂ. ഈ ആണ്‍കൂട്ട–ആള്‍ക്കൂട്ട കൈയടിയില്‍ തരിമ്പും വിശ്വാസം തോന്നുന്നില്ല. പ്രതി സ്വാമിയായതിന്‍റെ ആഹ്ളാദം, ആഷിഖ് അബു സിനിമയിലെ സീന്‍ സത്യമായതിന്‍റെ ആവേശം, പ്രതി എതിര്‍രാഷ്ട്രീയക്കാരനായിപ്പോയതിന്‍റെ ആശ്വാസം കലര്‍ന്ന ആഹ്ളാദം... അങ്ങനെ പോകുന്നു പല പ്രതികരണങ്ങളുടെയും ഉള്ളിലിരുപ്പ്
Latest Videos
undefined
മത വ്യത്യാസങ്ങളൊന്നുമില്ലാതെ പൗരോഹിത്യം എല്ലാക്കാലത്തും ലോകത്തെവിടെയും പെണ്ണിനുമേല്‍ കാമഭ്രാന്തിന്‍റെ കടിഞ്ഞാണില്ലാത്ത കടന്നാക്രമണം നടത്തിയിട്ടുണ്ട്. അത് ഇന്നും തുടരുന്നുമുണ്ട്.
കത്തോലിക്കാസഭയുടെ അള്‍ത്താരകളില്‍ വിങ്ങുന്ന ബാലവിലാപങ്ങള്‍മുതല്‍ ഐ.എസ് ഐ.എസിന്‍റെ ലൈംഗിക അടിമകള്‍വരെ അതു നീണ്ടുകിടക്കുന്നു. പേരുകേട്ട അമ്മ ദൈവത്തിന്റെ ആശ്രമത്തിൽ ഒരു വിദേശി പെൺകുട്ടി അനുഭവിച്ചുതീർത്തതും മറ്റൊന്നല്ല.
ഇവിടെ പ്രതി കാര്യമായ മാര്‍ക്കറ്റ്‍വിജയമോ അനുയായിവൃന്ദമോ ഇല്ലാത്ത ഒരു സാദാ തട്ടിപ്പുകാരനായിപ്പോയി. ആള്‍ബലവും അംഗബലവുമുള്ള ഒരാള്‍ ദൈവത്തിന്‍റെയൊ രാഷ്ട്രീയപ്പാർട്ടിയുടെയോ അനുയായിക്കെതിരെയായിരുന്നു ഈ ആരോപണമെങ്കില്‍ കാണാമായിരുന്നു, ഇതേ പുരുഷകേരളം ആ പെണ്‍കുട്ടിയെ തുണിയുരിയുന്നത്! വൈദികനാൽ ഗർഭിണിയായ പെൺഇരയെ സദാചാര സ്‌കെയിൽകൊണ്ട് അളന്ന സഭയുടെ കേരളമാണ്. പെണ്ണ് പുറത്തിറങ്ങാൻ പാടില്ലെന്നു വാദിക്കുന്ന ഉസ്താദിനും പാർട്ടിക്കും ലക്ഷോപലക്ഷം അണികളുള്ള കേരളമാണ്.
ആഷിഖ്അബു സിനിമയല്ലല്ലോ ജീവിതം. മുഖ്യമന്ത്രിയടക്കമുള്ളവരുടെ സൗമനസ്യം കാരണം കാര്യമായ നിയമക്കുരുക്കുകളില്ലാതെ ആ പെണ്‍കുട്ടി രക്ഷപ്പെട്ടേക്കാം. പക്ഷേ, ഇന്നു കൈയടിക്കുന്ന ഇതേ ജനക്കൂട്ടം നാളെയവളെ ചൂണ്ടിപ്പറയും...“നോക്ക്, ദാ ആ പോകുന്നവളാ മറ്റേ കേസിലെ...” ഒരു നിയമവിദ്യാര്‍ഥിയായിട്ടും തന്നെ രക്ഷിക്കാനുതകുന്ന ഒരു നിയമവും ഈ നാട്ടിലുണ്ടെന്ന് ആ പാവം പെണ്‍കുട്ടിക്ക് ഒരിക്കല്‍പ്പോലും തോന്നിയില്ല. ആ വിശ്വാസം അവള്‍ക്കു നല്‍കാന്‍ നമ്മുടെ വ്യവസ്ഥിതിക്ക് കഴിഞ്ഞില്ല. അഞ്ചുവര്‍ഷം നീണ്ട കൊടിയപീഡനം തുറന്നുപറയാന്‍ തക്ക വിശ്വാസമുള്ള ചങ്ങാതിയേയോ ഗുരുവിനെയോ ഒരിക്കലും അവള്‍ക്കു കിട്ടിയതുമില്ല. ഗതികെട്ട ഒരു പെണ്‍ജീവിതത്തിന് വിശ്വാസത്തോടെ ചെന്നു മുട്ടാന്‍ തക്ക ഒരു സംവിധാനവും ഈ സമൂഹത്തില്‍ ഇന്നില്ല എന്ന ആ സത്യമല്ലേ നമ്മളെ പേടിപ്പിക്കേണ്ടത്?
ശരിക്കും, ആ കറിക്കത്തികൊണ്ട് മുറിവേറ്റത് ഈ സമൂഹത്തിന്‍റെകൂടി കപടസദാചാരത്തിൽ പൊതിഞ്ഞ ഉദ്ധാരണത്തിലല്ലേ? ആര്‍ത്തിപിടിച്ച നോട്ടമായും ശകാരമായും കല്പനയായും കയ്യേറ്റമായും അടിമപ്പണിയായും പെണ്ണിനുമേല്‍ ഈ ആണധികാരലോകം നടത്തുന്ന അതേ പീഡനത്തിന്‍റെ ഒരു എക്സ്ട്രീം വയലന്റ് വേര്‍ഷന്‍ മാത്രമല്ലേ, ആ സ്വാമി ചെയ്തത്?
പുറത്തുനിന്നെത്തിയ സ്വാമിക്കുനേരേ അവള്‍ ഗതികെട്ടപ്പോള്‍ കറിക്കത്തിയെടുത്തു. അച്ഛനോ ആങ്ങളയ്ക്കോ ഭര്‍ത്താവിനോ നേരേ മനസ്സുകൊണ്ട് ദിവസവും കറിക്കത്തിയെടുക്കേണ്ടിവരുന്ന ഗതികെട്ട പെണ്‍ജന്മങ്ങളെക്കുറിച്ചുകൂടി നമ്മള്‍ ചര്‍ച്ചചെയ്യണ്ടേ?
കറിക്കത്തിയെടുക്കാന്‍പോലും കെല്പില്ലാത്ത പാവം കുഞ്ഞുങ്ങളുടെ കാര്യംവരുമ്പോള്‍ വേഗം P കൂട്ടിച്ചേര്‍ത്തു വഷളൻ ചിരി ചിരിക്കുമോ?
പെണ്ണിന് കറിക്കത്തിയെടുക്കേണ്ടിവരുന്ന വ്യവസ്ഥിതിയാണ് മാറേണ്ടത്. അതു മാറേണ്ടത് പുറത്തുനിന്നല്ല, അകത്തുനിന്നുതന്നെയാണ്. മര്യാദ, മതം, വിശ്വാസം, സദാചാരം, കുടുംബം, വിവാഹം തുടങ്ങി നൂറു നൂറു മധുരപദങ്ങളോട് കൂട്ടിക്കുഴച്ച് ഒന്നാന്തരം സ്ത്രീവിരുദ്ധത അടിച്ചേല്പിക്കുന്ന അതേ വീട്ടകങ്ങള്‍ക്ക് അകത്തിരുന്നാണ് നമ്മള്‍ ആ പെണ്‍കുട്ടിക്ക് കൈയടിക്കുന്നത്. അതില്‍പരം കള്ളത്തരം എന്തുണ്ട്?
ഒന്ന് ആ അടുക്കളയിലേക്കു നോക്ക്, അമ്മയെന്നും ഭാര്യയെന്നും മകളെന്നുമൊക്കെ മുദ്രകുത്തി തള്ളപ്പെട്ട കൂലിയില്ലാത്ത അടിമകളെ ആവിടെ കാണാം. കറിക്കത്തിയാല്‍ ഛേദിക്കപ്പെട്ട വയലന്‍സിനു തുല്യമാണ്, പല വീടിന്‍റെയും അടുക്കളയിലെയും കിടപ്പറയിലെയും വയലന്‍സ്. അത് സമ്മതിക്കാത്ത കയ്യടിനാട്യങ്ങൾ വെറും ആൺകള്ളത്തരമാണ്..!