ചോറ്, തോരന്‍, മോര് കറി; ലണ്ടനിലെ 'മലയാളി' തട്ടുകട

By Nidheesh Nandanam  |  First Published Feb 25, 2019, 4:07 PM IST

ഇടയില്‍ സിംഹത്തല കൊത്തിയ പിടികളുള്ള ടിപ്പുവിന്റെ സിംഹാസനം കണ്ടു.. അടിയില്‍ 'acquired from TippuSultan, India' എന്ന് എഴുതിയിരിക്കുന്നു... അകത്തളങ്ങളില്‍ ഓരോ മുറിയും ഓരോ തീമില്‍ അലങ്കരിച്ചിരിക്കുന്നു. രാജകുടുംബാംഗങ്ങളുടെ വിവാഹ വേദി, ഗാലറി, ഡാന്‍സ് റൂം, ഡൈനിങ് ഹാളില്‍ സ്വര്‍ണ പാത്രങ്ങളും സ്വര്‍ണ കരണ്ടികളും വരെ കാണാം.


ആദ്യ യാത്രയ്ക്ക് ശേഷം മാസം ഒന്ന് തികഞ്ഞില്ല. മായക്കാഴ്ചകളൊരുക്കി ലണ്ടന്‍ പിന്നെയും മാടി വിളിച്ചു കൊണ്ടിരുന്നു. ആഴ്ചയൊന്നു വട്ടമെത്തി വന്ന ദിവസം  വീണ്ടും ലണ്ടനിലേക്ക് വണ്ടി പിടിച്ചു. ഇത്തവണ ഞങ്ങള്‍ ആറു പേര്‍...

Latest Videos

undefined

ബക്കിങ്ഹാം കൊട്ടാരം
പ്രഥമോദ്ദേശ്യം ബക്കിങ്ഹാം കൊട്ടാരം ആയിരുന്നു. ആദ്യയാത്രയില്‍ ട്യൂബില്‍ കയറാന്‍ വാട്ടര്‍ലൂവില്‍ നിന്നും സൗത്ത് വാര്‍ക് വരെ നടത്തിച്ചത് പരിചയക്കുറവ് കൊണ്ടായിരുന്നു. എന്നാല്‍, ഇത്തവണ അത് ആവര്‍ത്തിച്ചില്ല. ആദ്യം വാട്ടര്‍ലൂവില്‍ നിന്നും ജൂബിലി ലൈനില്‍ വെസ്റ്റ് മിനിസ്റ്റര്‍ വരെ. അവിടുന്ന് സെന്‍ട്രല്‍ ലൈനില്‍ വിക്ടോറിയയിലേക്ക്. ആദ്യകാഴ്ചയില്‍ എട്ടും പൊട്ടും തിരിയാതെ നിന്നെങ്കിലും ട്യൂബ് മാപ്പിലൂടെയുള്ള വഴി കണ്ടുപിടിക്കല്‍ ഇപ്പോള്‍ ഏറെ എളുപ്പമായിരിക്കുന്നു. 

വിക്‌ടോറിയ സ്‌റ്റേഷന് പുറത്തിറങ്ങിയാല്‍ ആദ്യം കാണുക വിക്‌ടോറിയ പാലസ്. ഞങ്ങളുടെ ലക്ഷ്യം ബക്കിങ്ഹാം ആയതിനാല്‍ വിക്‌ടോറിയ പാലസ് കാണാന്‍ ആരും അധികം താല്പര്യം പ്രകടിപ്പിച്ചില്ല. ബക്കിങ്ഹാമിലേക്കെത്താന്‍ സ്‌റ്റേഷനില്‍ നിന്നും കുറച്ചല്‍പം നടക്കണം. വൃത്തിയും വെടിപ്പും പ്രൗഢിയുമുള്ള തെരുവ്. ഇടയ്ക്കിടയ്ക്ക് ചുവന്ന നിറത്തിലുള്ള ടെലിഫോണ്‍ ബൂത്തുകള്‍ കാണാം. നമ്മള്‍ അതൊക്കെ പണ്ടേ നിര്‍ത്തലാക്കി എങ്കിലും ഇപ്പോഴും നഗര പൈതൃകത്തിന്റെ അടയാളമായി ടെലിഫോണ്‍ ബൂത്തും കറുത്ത ടാക്‌സി കാറും(ഹാക്‌നി കാര്‍) എവിടെയും കാണാം... 

കല്ല് പാരീസില്‍ നിന്നാണെങ്കില്‍ ചില്ല് ബര്‍മയില്‍ നിന്ന്

മനസ് അത്യുത്സാഹത്തിലാണ്. ലോകത്തിലെ ഏറ്റവും വലുതും പ്രൗഢവുമായ കൊട്ടാരമാണ്. ഇപ്പോഴും അതിന്റെ എല്ലാ ആചാരങ്ങളോടും കൂടി പ്രവര്‍ത്തന നിരതമാണ് ഇത്. ഒരു കാലത്ത് ലോകം അടക്കി ഭരിച്ച, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനം.'രാജകീയം' എന്നൊരു വാക്ക് പരമാര്‍ത്ഥമാകുന്നത് ഇവിടെ വച്ചാണ്... ലോകത്ത് മറ്റൊരിടവും ആ വാക്കിനെ ഇത്രമേല്‍ അര്‍ത്ഥത്തില്‍, ഇത്രമേല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നില്ല. ടിക്കറ്റ് എടുത്തു കഴിഞ്ഞാല്‍ വിമാനത്താവളത്തിനെക്കാള്‍ കൂടിയ പരിശോധനകളാണ് പ്രധാന കവാടത്തില്‍. ഫോണും ക്യാമറയും മറ്റ് ഇലക്‌ട്രോണിക് സാമഗ്രികളും ഓഫ് ചെയ്യപ്പെടും. പകരം ഒരു ഇയര്‍ ഫോണും വീഡിയോ ഗൈഡും കയ്യില്‍ തരും. കൊട്ടാരത്തിനെപ്പറ്റി സമഗ്ര വിവരണം ഉണ്ടതില്‍. 

കൊട്ടാരത്തിനു മുകളില്‍ യൂണിയന്‍ ജാക്ക് പാറുന്നു. രാജ്ഞി അകത്തുള്ള സമയങ്ങളില്‍ 'റോയല്‍ സ്റ്റാന്‍ഡേര്‍ഡ്' പതാകയും മറ്റുള്ള സമയങ്ങളില്‍ യൂണിയന്‍ ജാക്കും ആയിരിക്കും കൊട്ടാരത്തിനു മുകളില്‍ പറക്കുക.   മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള കൊട്ടാരത്തിലെ ഓരോ സൂക്ഷ്മ ബിന്ദുവും അത്രമേല്‍ പ്രാധാന്യത്തോടെ പരിരക്ഷിച്ചു പോരുന്നു.  കൊട്ടാരത്തിലെ ഏതൊരു വസ്തുവും ഉപകരണങ്ങളും ലോകത്തില്‍ കിട്ടാവുന്നതില്‍  ഏറ്റവും മികച്ച വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു. കല്ല് പാരീസില്‍ നിന്നാണെങ്കില്‍ ചില്ല് ബര്‍മയില്‍ നിന്ന്. അങ്ങനെ അങ്ങനെ...

ടിപ്പുവിന്റെ സിംഹാസനം
ഇടയില്‍ സിംഹത്തല കൊത്തിയ പിടികളുള്ള ടിപ്പുവിന്റെ സിംഹാസനം കണ്ടു.. അടിയില്‍ 'acquired from TippuSultan, India' എന്ന് എഴുതിയിരിക്കുന്നു... അകത്തളങ്ങളില്‍ ഓരോ മുറിയും ഓരോ തീമില്‍ അലങ്കരിച്ചിരിക്കുന്നു. രാജകുടുംബാംഗങ്ങളുടെ വിവാഹ വേദി, ഗാലറി, ഡാന്‍സ് റൂം, ഡൈനിങ് ഹാളില്‍ സ്വര്‍ണ പാത്രങ്ങളും സ്വര്‍ണ കരണ്ടികളും വരെ കാണാം. മുകളില്‍ തൂങ്ങുന്ന തൂക്കു വിളക്കലങ്കാരങ്ങളില്‍ വെളിച്ചം കോടിത്തവണ പ്രതിഫലിക്കുന്നു. ഇവിടെയാണ് ലോകത്തെ ഏറ്റവും വിശിഷ്ട വ്യക്തികള്‍ക്ക് അതി വിശിഷ്ട വിരുന്ന് നല്‍കുന്ന ഇടം. 

ഈ പ്രതിമ യുദ്ധദേവനായ മാര്‍സിനെ നിരായുധനാക്കിയ പ്രണയ ദേവതയായ വീനസിന്റെ കഥ പറയുന്നു

മാര്‍ബിള്‍ റൂമിലെ പ്രതിമകളാണ് നമ്മെ ആകര്‍ഷിക്കുന്ന മറ്റൊരു കാഴ്ച. ഒറ്റ മാര്‍ബിളില്‍ കൊത്തിയ അന്റോണിയോ കനോവയുടെ 'മാഴ്‌സ് ആന്‍ഡ് വീനസ്' പ്രതിമ ഏറെ ആകര്‍ഷിച്ചു. 1815 -ല്‍ ലോകം കീഴടക്കി വന്ന നെപ്പോളിയനു മേല്‍ ഇംഗ്ലണ്ട് നേടിയ വാട്ടര്‍ലൂ യുദ്ധവിജയത്തിനു ശേഷം പണിത ഈ പ്രതിമ യുദ്ധദേവനായ മാര്‍സിനെ നിരായുധനാക്കിയ പ്രണയ ദേവതയായ വീനസിന്റെ കഥ പറയുന്നു.   775 മുറികളുള്ള ഈ കൊട്ടാരത്തില്‍ ആഗസ്ത് സെപ്റ്റംബര്‍ മാസങ്ങളിലും മറ്റു ചില അപൂര്‍വ അവസരങ്ങളിലും മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉള്ളൂ.  

കൊട്ടാരപൂന്തോട്ടത്തിനുള്ളില്‍ കൂടി നടന്നു പുറത്തെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഏതോ മായിക ലോകത്തില്‍ നിന്നിറങ്ങി വന്ന പോലെ തോന്നി.

വെസ്റ്റ് മിന്‍സ്റ്റര്‍ 
അടുത്ത ലക്ഷ്യം വെസ്റ്റ് മിന്‍സ്റ്റര്‍ ആയിരുന്നു. ഇംഗ്ലണ്ടിന്റെ ആധുനിക ഭരണ സിരാ കേന്ദ്രം. അബ്ബെയും പാര്‍ലമെന്റ് ഉം പ്രധാന ആകര്‍ഷണം. വെസ്റ്റ് മിന്‍സ്റ്റര്‍ സ്റ്റേഷനില്‍ നിന്നും പുറത്തെത്തുമ്പോള്‍ നമ്മളെ ആദ്യം സ്വാഗതം ചെയ്യുന്നത് ബിഗ് ബെന്‍ ആണ്. വെസ്റ്റ് മിന്‍സ്റ്റര്‍ കൊട്ടാരത്തിന്റെ വടക്കേ അറ്റത്തുള്ള 'ഗ്രേറ്റ് ബെല്‍' ആണ് ബിഗ് ബെന്‍ എന്ന് അറിയപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഈ ക്ലോക്ക് ടവറിന് എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ആഘോഷങ്ങളോടാനുബന്ധിച്ച് 2012 എലിസബത്ത് ടവര്‍ എന്ന് പുനര്‍നാമകരണം ചെയ്തു.  2017 ആഗസ്ത് 21 -ന് ഉച്ചയ്ക്ക് അവസാന മണിയടിച്ച ശേഷം മൗനത്തിലായ ബിഗ്ബെന്‍ മോടിപിടിപ്പിക്കലുകള്‍ക്ക് ശേഷം ഇനി 2021 -ലേ ഉണരുകയുള്ളൂ.. എങ്കിലും ലോകത്തിനു മുന്നില്‍ ലണ്ടന്റെ ഏറ്റവും വിഖ്യാതമായ കാഴ്ചയായി ഇത് തലയുയര്‍ത്തി നില്‍ക്കുന്നു. സമയമൊരല്പം വൈകിയതിനാല്‍ അബ്ബെയില്‍ കയറാനുള്ള ആഗ്രഹം സാധ്യമായില്ല.

പാര്‍ലമെന്റ് സ്ട്രീറ്റില്‍ കൂടി നടന്നപ്പോഴൊക്കെ ലണ്ടന്‍ പാര്‍ലമെന്റ് ആക്രമണം ആണ് ഓര്‍മ വന്നത്. അവിടെ വളരെ പ്രധാന്യത്തോട് കൂടി ഗാന്ധിജിയുടെ പൂര്‍ണ കായ പ്രതിമ കണ്ടു. ശേഷം വെസ്റ്റ് മിനിസ്റ്ററില്‍ നിന്നും വാട്ടര്‍ലൂവിലേക്ക് നടത്തം. തേംസിന് മുകളില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ പാലത്തില്‍ നിന്നും ലണ്ടന്‍ ഐ യുടെ കാഴ്ചയുണ്ടല്ലോ. അതാണ് അതിമനോഹരം. അടിയില്‍ തെംസ് നിറഞ്ഞൊഴുകുന്നു. 'ജബ് തക് ഹേ ജാന്‍' ലെ സുന്ദരമായ ഫ്രെമുകള്‍ ആണ് മനസ്സില്‍ ഓര്‍മ്മ വന്നത്.

ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ്
അടുത്ത ലക്ഷ്യം ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് ആയിരുന്നു.. ലണ്ടനില്‍ ഷോപ്പിംഗിനു പേരുകേട്ടയിടം. എല്ലാ ബ്രാന്‍ഡുകളും കടകളും ഇവിടെ കാണാം. ആള്‍ക്കാര്‍ തെരുവുകളില്‍ നിറഞ്ഞൊഴുകുന്നു. പല ദേശക്കാര്‍. പല വേഷക്കാര്‍. പല വര്‍ണങ്ങളില്‍ ഉള്ളവര്‍. ഇവിടൊരാള്‍ തെരുവോരത്തിരുന്നു പേരറിയാത്ത ഏതോ ഉപകരണം വായിക്കുന്നു. ഒഴുകിവരുന്ന സംഗീതം പക്ഷെ അത്രമേല്‍ പരിചിതവും. കുറെ ആലോചിച്ചപ്പോഴാണ് പിടികിട്ടിയത്. നമ്മുടെ ദൂരദര്‍ശന്റെ ആരംഭ സംഗീതം. എല്ലാവരും നടന്നും ക്ഷീണിച്ചും തുടങ്ങിയിരുന്നു. എങ്കിലും ഈസ്റ്റ് ഹാം എന്ന അടുത്ത ലക്ഷ്യത്തിലേക്ക് പോകാന്‍ ആര്‍ക്കും അതൊരു തടസ്സമായിരുന്നില്ല. കാരണം ലണ്ടനിലെ സൗത്ത് ഇന്ത്യയാണ് ഈസ്റ്റ് ഹാം. നിറയെ മലയാളികളും തമിഴരും.  ഇവിടെ വന്ന ശേഷം ആദ്യമായി അമ്പലം കണ്ടു. അടുത്തായി മലയാളത്തിലൊരു ബോര്‍ഡ്.

'തട്ടുകട'. അതെ, നമ്മള്‍ തേടി വന്ന അതെയിടം തന്നെ. കേരളീയ വിഭവങ്ങള്‍ എല്ലാം അതെ രുചിയില്‍ ലഭിക്കുന്ന ഇംഗ്ലണ്ടിലെ അപൂര്‍വം ഇടങ്ങളില്‍ ഒന്ന്. അകത്തു കയറിയപ്പോള്‍ അത്ഭുതപ്പെട്ടു. തെങ്ങും കായലും കെട്ടു വള്ളവും കഥകളിയും ഒക്കെ ചുമരില്‍. കേള്‍ക്കുന്നതത്രയും പച്ച മലയാളം. കുറെ നാളായി ബര്‍ഗറും പിസയും കബാബും പിന്നെ പേരറിയാത്ത എന്തൊക്കെയോ മാത്രം കിട്ടിയിരുന്ന ഞങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ആവേശമായിരുന്നു. ഒരാള്‍ക്ക് വേണം പൊറോട്ടയും ബീഫ് റോസ്റ്റും, മറ്റൊരാള്‍ക്ക് അപ്പവും ബീഫ് ഫ്രൈയും, വേറൊരാള്‍ക്ക് വേണ്ടത് ചോറും തോരനും മോര് കറിയും. ചിലര്‍ക്ക് ചിക്കന്‍ ബിരിയാണി, ചിലര്‍ക്ക് നാടന്‍ ചിക്കന്‍ കറി, ഒരാള്‍ക്ക് നെയ് റോസ്റ്റ്. എല്ലാവര്‍ക്കും സാധനം റെഡി. 

എല്ലാം നാടന്‍ സാധനങ്ങള്‍, പക്ഷെ, കാശു കുറച്ചു കത്തി ആണെന്ന് മാത്രം

പപ്പടത്തോടുള്ള ഞങ്ങടെ ആക്രാന്തം കണ്ടു ചേട്ടന്‍ കുറച്ചു പപ്പടം ഫ്രീ ആയി തന്നു. വയറു നിറഞ്ഞു. പിന്നെ അടുത്തുള്ള പലചരക്കു കടയില്‍ കയറി മുറുക്ക്, പെട്ടിയപ്പം, മിക്‌സ്ചര്‍, കടല, ഡബിള്‍ ഹോഴ്‌സ് റവ, മേളം പുട്ടുപൊടി, ചൂല്‍, ബക്കറ്റ്.  എന്തൊക്കെയെന്തൊക്കെയോ വാങ്ങുന്നു എല്ലാവരും.  എല്ലാം നാടന്‍ സാധനങ്ങള്‍. പക്ഷെ, കാശു കുറച്ചു കത്തി ആണെന്ന് മാത്രം. പിന്നെ തിരിച്ചു വെസ്റ്റ് ഹാമില്‍ ഇറങ്ങി, വാട്ടര്‍ ലൂ വഴി ഗില്‍ഡ്ഫോഡിലേക്ക്.

വാച്ചില്‍ സമയം പത്താകുന്നു, ഗൂഗിള്‍ ഫിറ്റില്‍ ഒരു ദിവസം നടന്നു തീര്‍ത്ത ദൂരം 16.45 കിലോമീറ്റര്‍. പക്ഷെ നോക്കെത്താ ദൂരത്തോളം പരന്ന ലണ്ടന്റെ കാഴ്ചകള്‍ അവസാനിക്കുന്നില്ല. 

click me!