ലണ്ടന്‍ വാക്ക്: നിധീഷ് നന്ദനം എഴുതുന്ന യാത്രാനുഭവങ്ങള്‍ ആദ്യ ഭാഗം
ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത്, ഇംഗ്ലീഷ് ചാനലിനോട് ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലം ഭൂമുഖത്ത് മനുഷ്യവംശം പിറവികൊള്ളും മുമ്പേ, ഏകദേശം 185 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചരിത്രം നമ്മോടു വിളിച്ചു പറയുന്നു. ട്രയാസിക്, ജുറാസിക്, ക്രെറ്റയേഷ്യസ് കാലഘട്ടങ്ങളില്‍ ഫോസിലുകള്‍ പലകാലങ്ങളില്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളതാണ് ഈ ഭൂമി. പല കാലങ്ങളില്‍ കുന്നായും കാടായും കടലായും മരുഭൂമിയായും ഒക്കെ രൂപം മാറിയിട്ടുള്ള ഈ തീരം 'ജുറാസിക് കോസ്റ്റ്' എന്ന് പൊതുവില്‍ അറിയപ്പെടുന്നു. യുനെസ്‌കോ പൈതൃക പട്ടികയില്‍ പെട്ടതാണിത്.
'കാറിലൊരു കറക്കമായാലോ?'
ആഴ്ച്ചാവസാനമായിരുന്നു ഫൈസലിന്റെ ആ ചോദ്യം. അത് കേട്ടപ്പോഴേ ഞങ്ങള്‍ റെഡി ആയിരുന്നു. വാടകയ്‌ക്കെടുത്ത കാറുമായി കൂട്ടുകാരെല്ലാവരും കൂടി ഒരു യാത്ര. പക്ഷേ, അതെങ്ങോട്ട്? ആ ചോദ്യത്തിനും പെട്ടെന്ന് ഉത്തരം കിട്ടി. ഡര്‍ഡില്‍ ഡോര്‍. എനിക്കാണേല്‍, അതിനെക്കുറിച്ച് വലിയ ധാരണയില്ല. ഒന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്യാന്‍ പോലും തോന്നിയതുമില്ല. കാണാന്‍ പോകുന്ന പൂരം ഇനി നേരത്തെ അറിഞ്ഞിട്ടെന്ത് എന്ന മട്ട്.
35 പൗണ്ട് കാര്‍ വാടക. 25 പൗണ്ട് ഡീസലിനാവും. അഞ്ച് പേര്‍ക്ക് ഒരു ദിവസം മുഴുവന്‍ കറങ്ങാന്‍ യു.കെയില്‍ ഇതുമതി. ട്രെയിനും ട്രെയിന്‍ ഇല്ലാത്തിടത്തേക്കുള്ള ബസ് യാത്രയും ഇതിലേറെ ചിലവേറിയതാണ്. ഇന്ത്യന്‍ ലൈസന്‍സ് ഒരു വര്‍ഷം വരെ ഇവിടെ അനുവദനീയം ആണ് താനും.
ലോകത്തില്‍ വാഹനാപകട നിരക്ക് ഏറ്റവും കുറഞ്ഞ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. ഇവിടത്തെ ഡ്രൈവിങ് സംസ്‌കാരം എടുത്തു പറയേണ്ട ഒന്നാണ്. രണ്ടു വരി റോഡുകളില്‍ ആരും ഓവര്‍ ടേക്ക് ചെയ്യാന്‍ തുനിയാറില്ല. ഹോണ്‍ മുഴക്കാറില്ല. 70 മൈല്‍ വരെ വേഗപരിധി ഉള്ള മോട്ടോര്‍ റോഡുകളില്‍ ആണെങ്കില്‍ എല്ലാവരും ലൈന്‍ ട്രാഫിക് പാലിച്ചു പോകാറാണ് പതിവ്. വേഗം കുറഞ്ഞ വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്നും കൂടിയവ വലതു വശം ചേര്‍ന്നും ഒഴുകി നീങ്ങും. റോഡിലെമ്പാടും വാഹനം നിര്‍ത്താന്‍ പാര്‍ക്കിംഗ് ബേകള്‍ കാണാം. അല്ലാത്തിടത്തു നിര്‍ത്തിയാല്‍ കനത്ത പിഴയാണ്.
ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള ഡോര്‍സെറ്റ് കൗണ്ടിയില്‍ ആണ് ഡര്‍ഡില്‍ ഡോര്‍. ലണ്ടനില്‍ നിന്നും 130 മൈല്‍ ദൂരെ. പോകുന്ന വഴിയില്‍ സതാംപ്ടനു അടുത്തുള്ള ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്ക് മറ്റൊരു ആകര്‍ഷണം.
അങ്ങനെ യാത്ര തുടങ്ങി. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നേര്‍വഴിക്ക് ഇരുവശവും മരങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. റോഡിന്റെ ഇരുവശത്തും മുകള്‍ഭാഗത്തെ മരച്ചില്ലകള്‍ ഒരേ അളവില്‍ വെട്ടിയൊതുക്കിയിരിക്കുന്നു. ശരിക്കുമൊരു പച്ചില തുരങ്കത്തിലൂടെ യാത്ര ചെയ്യുന്ന ഫീല്‍. ഇടയ്ക്കിടെ മരച്ചില്ലകള്‍ക്കിടയിലൂടെ സൂര്യന്‍ എത്തി നോക്കുന്നു.
മൂന്ന് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഞങ്ങളെത്തുമ്പോള്‍ ഡര്‍ഡില്‍ ഡോറില്‍ മഴ പൊഴിഞ്ഞു തുടങ്ങിയിരുന്നു. വിശാലമായ കുന്നില്‍ പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങി. കുന്നിറങ്ങി താഴെയെത്തണം കടലിനടുത്തെത്താന്‍. പച്ചപ്പുല്‍മേടുകളും അതിനോട് ചേര്‍ന്ന് കടലും ഏതോ വാള്‍പേപ്പറിനെ ഓര്‍മിപ്പിച്ചു.
ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത്, ഇംഗ്ലീഷ് ചാനലിനോട് ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലം ഭൂമുഖത്ത് മനുഷ്യവംശം പിറവികൊള്ളും മുമ്പേ, ഏകദേശം 185 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചരിത്രം നമ്മോടു വിളിച്ചു പറയുന്നു. ട്രയാസിക്, ജുറാസിക്, ക്രെറ്റയേഷ്യസ് കാലഘട്ടങ്ങളില്‍ ഫോസിലുകള്‍ പലകാലങ്ങളില്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളതാണ് ഈ ഭൂമി. പല കാലങ്ങളില്‍ കുന്നായും കാടായും കടലായും മരുഭൂമിയായും ഒക്കെ രൂപം മാറിയിട്ടുള്ള ഈ തീരം 'ജുറാസിക് കോസ്റ്റ്' എന്ന് പൊതുവില്‍ അറിയപ്പെടുന്നു. യുനെസ്‌കോ പൈതൃക പട്ടികയില്‍ പെട്ടതാണിത്.
താഴോട്ട് ഇറങ്ങി ചെല്ലും തോറും ഓരോ സഞ്ചാരിക്കും മറക്കാനാവാത്ത കാഴ്ചയാണ് ഈയിടം സമ്മാനിക്കുക. പച്ച നിറത്തിലുള്ള കടലും പല നിറത്തിലുള്ള കുന്നുകളും കടലിലേക്കിറങ്ങി നില്‍ക്കുന്ന പാറക്കെട്ടുകളും. എണ്ണച്ചായചിത്രം പോലെ മനോഹരം. പ്രകൃതി പലകാലങ്ങളില്‍ ഈ ചുണ്ണാമ്പ് കല്ലില്‍ കൊത്തുപണി ചെയ്ത് മറ്റ് പല രൂപങ്ങളുമാക്കിയിരിക്കുന്നു. കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന കമാനവും അതോടു ചേര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളും ഇംഗ്ലീഷ് കുട്ടിക്കഥകളിലെ കല്ലായി രൂപാന്തരം പ്രാപിച്ച 'ഡര്‍ഡില്‍ ഡോറസ്' എന്ന ദിനോസറിന്റെ രൂപം ആയി നമ്മെ അത്ഭുതപ്പെടുത്തും.
ബീച്ചിലേക്ക് ഇറങ്ങാന്‍ ഉള്ള വഴി കാഴ്ചയില്‍ അതി മനോഹരമാണ്. എന്നാല്‍ അത്യധികം വഴുവഴുപ്പുണ്ട്. അപകടം ഏതു നിമിഷവുമെത്താം. കളിമണ്ണിനു സമാനമായ മണ്ണില്‍ ഞങ്ങള്‍ പലകുറി വീഴാന്‍ പോയി. അത്രയധികം കിഴക്കാംതൂക്കായ ഈയിടം മലയിടിച്ചിലിന് ഏറെ പ്രശസ്തമാണ്. 2013 ലെ മലയിടിച്ചില്‍ തെക്ക് പടിഞ്ഞാറന്‍ ബീച്ചിലേക്കുള്ള വഴി മുഴുവനായും തന്നെ ഇല്ലാതാക്കിക്കളഞ്ഞു.
ഡര്‍ഡില്‍ ഡോറിന് അടുത്തായി തന്നെയാണ് പ്രശസ്തമായ ലള്‍വര്‍ത്ത് കോവ്.. 'റ' ആകൃതിയില്‍ കടല്‍ അകത്തോട്ടു കയറി കിടക്കുന്ന(Cove) ഇവിടം ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
മരം കോച്ചുന്ന തണുപ്പും ചന്നം പിന്നം പെയ്ത മഴയും വീശിയടിക്കുന്ന തണുത്ത കാറ്റും. കൂടുതല്‍ സമയം അവിടെ ചിലവഴിക്കാന്‍ കഴിയില്ല. മനസ്സില്ലാ മനസ്സോടെ പ്രകൃതി വരച്ച ചിത്രം നോക്കി വീണ്ടും വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ട് ഞങ്ങള്‍ അടുത്തയിടമായ പോര്‍ട് സ്മത്തിലേക്ക് തിരിച്ചു.
(അടുത്ത ഭാഗം നാളെ )