'ഈ ഹിന്ദു-മുസ്ലീം കല്ല്യാണമൊക്കെ സിമ്പിളല്ലേ? അതിലെന്തിനാണിത്ര പ്രശ്നം?'

By Rini Raveendran  |  First Published Feb 13, 2019, 7:28 PM IST

ഏതായാലും പിന്നങ്ങോട്ട് പ്രണയമായിരുന്നു, അവരുടെ ജാതിയും മതവും വിശ്വാസവുമെല്ലാം. പഴയ പത്താം ക്ലാസാണ് ഖാദര്‍. കൂടെ പഠിച്ചവരൊക്കെ ജോലിക്കാര്‍. നികുതിക്കനുസരിച്ച് വോട്ടവകാശമുണ്ടായിരുന്ന കാലത്ത് വോട്ടവകാശമുണ്ടായിരുന്ന വീട്ടിലെ പയ്യന്‍. പക്ഷെ, ഇതൊന്നും ഖാദറിനെ ഭ്രമിപ്പിച്ചിരുന്നില്ല. റേഷന്‍ കടയില്‍ കണക്കെഴുതാന്‍ നിന്നു, ബീഡിത്തൊഴിലാളിയായി. സഖാവായി. 


നാല്‍പ്പത്തി നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വാലന്‍റൈന്‍സ് ദിനത്തിലാണ് അവര്‍ വിവാഹിതരായത്. അത് വാലന്‍റൈന്‍സ് ദിനം ആയിരുന്നുവെന്ന് അവര്‍ക്കോ അതിനു സാക്ഷ്യം വഹിച്ചവര്‍ക്കോ അന്ന് ജീവിച്ചിരുന്ന മറ്റ് മനുഷ്യര്‍ക്കോ ഒരു പിടിയുമുണ്ടായിരുന്നില്ല.  44 വര്‍ഷം കഴിയുമ്പോള്‍ സ്വന്തം നാട്ടില്‍ ആ ദിനം പ്രണയദിനമായി ആചരിക്കപ്പെടുമെന്നും ആര്‍ക്കും നിശ്ചയമില്ലായിരുന്നു. എങ്കിലും പ്രണയ തീവ്രതയോടെ അവര്‍ വിവാഹിതരായി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ലളിതമായ ഒരു കല്യാണം. മുസ്‌ലിം കുടുംബത്തില്‍ ജനിച്ച അബ്ദുള്‍ ഖാദറും, ഹിന്ദു കുടുംബത്തില്‍ ജനിച്ച കല്ല്യാണിയും 'ഇനിയങ്ങോട്ട് ഭാര്യയും ഭര്‍ത്താവുമായി ഒന്നിച്ചു ജീവിക്കുകയാണെന്ന്' എഴുതി ഒപ്പിട്ടു. പ്രണയവും ദാമ്പത്യവുമൊക്കെയായി അവരങ്ങ് ജീവിച്ചു. 

Latest Videos

undefined

അബ്ദുല്‍ ഖാദറും കല്ല്യാണിയും 

ഇന്നിപ്പോള്‍ നാലര പതിറ്റാണ്ട്. അവരുടെ ജീവിതം ഇപ്പോഴൊരു സിനിമ. പ്രണയദിനത്തില്‍ അവരുടെ രസികന്‍ പ്രണയകഥ ആളുകളിലെത്തും.  'ആകാശമുട്ടായി' എന്നു പേരിട്ടിരിക്കുന്ന കുഞ്ഞു സിനിമ സംവിധാനം ചെയ്യുന്നത് ശിവകുമാര്‍ കാങ്കോല്‍. നാളെ വൈകുന്നേരം പയ്യന്നൂരിനടുത്തുള്ള  വെള്ളച്ചാലില്‍ വായനശാലയില്‍ 'ആകാശമുട്ടായി' പ്രദര്‍ശിപ്പിക്കും. നിഷാന്ത് കൂടാളി, അനൂപ് രാമകൃഷ്ണന്‍ എന്നിവരാണ് ക്യാമറ. ശ്രീവല്‍സന്‍ ആര്‍.എസ് ആണ് എഡിറ്റിങ്ങ്. 

ജീവിതം ഒരുശിരന്‍ പ്രണയസിനിമയാവുന്ന ഗംഭീര മുഹൂര്‍ത്തത്തില്‍ അവര്‍, അബ്ദുല്‍ ഖാദറും കല്യാണിയും ജീവിതം പറയുന്നത് ഇങ്ങനെയാണ്: 

ഒന്നരക്കൊല്ലത്തെ പ്രണയം
അന്ന്, റേഷന്‍ കടയില്‍ കണക്കെഴുത്തുകാരനാണ് അബ്ദുള്‍ ഖാദര്‍. കല്യാണി നാട്ടുകാരി. സുന്ദരി പെണ്‍കുട്ടി. അങ്ങനെ ഖാദറിന് കല്യാണിയോട് പ്രണയം. ജാതി-മത-സാമ്പത്തിക ചിന്തകളൊന്നുമില്ല. തീ വിഴുങ്ങുന്നത്ര കടുപ്പമുള്ള പ്രേമം. പ്രണയം അസ്ഥിക്ക് പിടിച്ചപ്പോള്‍ ഖാദര്‍ സംഗതി കല്ല്യാണിയെ അറിയിച്ചു. അവള്‍ക്കും സമ്മതം. അങ്ങനെ ഇരുവഴികളിലേക്ക് പ്രണയം തളിര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണ് അന്ന് അബ്ദുള്‍ ഖാദര്‍. അപ്പോള്‍ പാര്‍ട്ടിക്കാര്‍ക്കൊരു സംശയം. 'അല്ല, എന്താണ് ഈ ചെക്കന്റെ പരിപാടി? പെണ്ണിനെ പ്രേമിച്ച് മുങ്ങിക്കളഞ്ഞ് ചീത്തപ്പേരാക്കുമോ...'. അവരില്‍ ചിലര്‍ അബ്ദുള്‍ ഖാദറിനെ വിളിച്ച് അക്കാര്യം ചോദിക്കുകയും ചെയ്തു. 'അല്ലപ്പാ, എന്താ സഖാവിന്റെ ഭാവി പരിപാടി?' 

'അതിലെന്തിത്ര ചോദ്യം. ഞങ്ങള്‍ കല്ല്യാണം കഴിക്കാന്‍ പോവുന്നു' -ഖാദറിന്റെ സംശയമില്ലാത്ത മറുപടി. 

'എന്നാല്‍ പിന്നെ വേഗമാകട്ടെ, പരസ്യ പിന്തുണയില്ലെങ്കിലും എതിര്‍പ്പില്ലെ'ന്ന് പാര്‍ട്ടി. 

തലേന്ന് ഒരു ബന്ധുവീട്ടിലായിരുന്നു കല്ല്യാണി. രാവിലെ ആരുമറിയാതെ മുങ്ങി. നേരെ, പയ്യന്നൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍. ഒപ്പിട്ടിറങ്ങുന്നതിന് മുമ്പ് തന്നെ രണ്ടുപേര്‍ക്കും ഒരു കാര്യം ഉറപ്പായിരുന്നു. ഒരുമിച്ച് ജീവിക്കുക അത്ര എളുപ്പമാവില്ല. ഒരു വീട് കിട്ടുക അത്ര എളുപ്പമല്ല. അതുകൊണ്ട്, നേരത്തേ തന്നെ കുറച്ച് സ്ഥലം അബ്ദുള്‍ ഖാദര്‍ ചെറിയ തുക കൊടുത്ത് വാങ്ങിയിട്ടിരുന്നു. അവിടെ ഒരു കുഞ്ഞു ചാപ്പ (ഷെഡ്) കെട്ടി ജീവിതം തുടങ്ങി. ചുറ്റിലും മുറുമുറുപ്പുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. വീട്ടുകാരെല്ലാം ഞെട്ടിയെങ്കിലും ആരും ഉപദ്രവിച്ചില്ല. 

അതിനെപ്പഴാ ഞാന്‍ അകത്തുണ്ടായിരുന്നേ?
പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നത് കൊണ്ടു പള്ളിയില്‍ പോകാറില്ലായിരുന്നുവെന്ന് ഖാദര്‍ പറയുന്നു. എങ്കിലും മഹല്ല് കമ്മിറ്റിക്ക് നല്‍കുന്ന വരിസംഖ്യ മുടക്കുന്നുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞപ്പോള്‍ 'ഇനി ഇത് ശരിയാവില്ല, നിന്നെ പള്ളിയില്‍ നിന്നും പുറത്താക്കും' എന്ന് പള്ളിക്കാര്‍ പറഞ്ഞു. സിമ്പിളും പവര്‍ഫുളുുമായിരുന്നു അതിനുള്ള അബ്ദുള്‍ ഖാദറിന്റെ മറുചോദ്യം, ''അതിന് ഞാനെപ്പോഴാണ് പള്ളിക്കകത്ത് ഉണ്ടായിരുന്നത്? ഇല്ലാത്ത ഒരാളെ പിന്നെങ്ങനെയാണ് പുറത്താക്കുക?''

ഏതായാലും പിന്നങ്ങോട്ട് പ്രണയമായിരുന്നു, അവരുടെ ജാതിയും മതവും വിശ്വാസവുമെല്ലാം. പഴയ പത്താം ക്ലാസാണ് ഖാദര്‍. കൂടെ പഠിച്ചവരൊക്കെ ജോലിക്കാര്‍. നികുതിക്കനുസരിച്ച് വോട്ടവകാശമുണ്ടായിരുന്ന കാലത്ത് വോട്ടവകാശമുണ്ടായിരുന്ന വീട്ടിലെ പയ്യന്‍. പക്ഷെ, ഇതൊന്നും ഖാദറിനെ ഭ്രമിപ്പിച്ചിരുന്നില്ല. റേഷന്‍ കടയില്‍ കണക്കെഴുതാന്‍ നിന്നു, ബീഡിത്തൊഴിലാളിയായി. സഖാവായി. പാര്‍ട്ടിക്ക് വേണ്ടി പ്രതിഫലമില്ലാതെ ചുമരെഴുതി. ആഡംബരങ്ങളൊന്നും പ്രലോഭിപ്പിക്കാത്ത ആ മനുഷ്യന്‍ ചോദിച്ചത് ഇത്രമാത്രമായിരുന്നു, 'ഒരു മനുഷ്യനും കൂടെയുള്ളവള്‍ക്കും ജീവിച്ച് പോകാന്‍, എന്തിനാണ് ഒരുപാട് കാര്യങ്ങള്‍...'

അടിയന്തരാവസ്ഥ അറബിക്കടലില്‍
സമരവും വിപ്ലവവും കൊണ്ട് അടയാളപ്പെടുത്തിയ മണ്ണാണ് കരിവെള്ളൂരിന്‍റേത്. അവിടെ 20 വര്‍ഷം മുമ്പ് പൊളിച്ചു കളഞ്ഞൊരു കെട്ടിടമുണ്ടായിരുന്നു. ദേശീയപാതയുടെ അരികില്‍ ശിവറായപ്പയ്യുടെ കെട്ടിടം. അതിന്റെ രണ്ടാം നിലയുടെ ചുമരില്‍ ചുണ്ണാമ്പ് കൊണ്ട് കുറിച്ചിട്ടിരുന്നു ആ മുദ്രാവാക്യം,- 'അടിയന്തരാവസ്ഥ അറബിക്കടലില്‍, ഇന്ത്യ ഈസ് നോട്ട് ഇന്ദിര'. അടിയന്തരാവസ്ഥക്കാലത്ത് മംഗലാപുരത്ത് നിന്നും തെക്കോട്ട് കാര്‍ മാര്‍ഗം സഞ്ചരിക്കുകയായിരുന്ന ഇന്ദിരാ ഗാന്ധിയെ അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധം അറിയിക്കാനായിരുന്നു ഈ ചുവരെഴുത്തെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു. 

ചിത്രം: ഭരതൻ ,ബിന്ദു സ്റ്റുഡിയോ, കരിവെള്ളൂര്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ആളുകളായിരുന്നു ചുവരെഴുതിയതിനു പിന്നില്‍. എഴുതാന്‍ നിയോഗിക്കപ്പെട്ടത് പാര്‍ട്ടിയിലെ ആര്‍ട്ടിസ്റ്റായ അബ്ദുള്‍ ഖാദര്‍. പഴകിയ ആ കെട്ടിടത്തിന്റെ കഴുക്കോലില്‍ തൂങ്ങിയാണ് സാഹസികമായി ഖാദര്‍ ആ മുദ്രാവാക്യമെഴുതിയത്, ധീരരായ ബീഡിത്തൊതൊഴിലാളികള്‍ താഴെ കാവല്‍ നിന്നു. 

ഖാദറും കല്ല്യാണിയും സിനിമയാവുന്നു
ഒരുമിച്ചുള്ള ജീവിതത്തിന്റെ 44 -ാം വര്‍ഷത്തിലാണ് അവരുടെ ജീവിതം സിനിമയാവുന്നത്. 'സംവിധായകനായ ശിവകുമാര്‍ കാങ്കോലിന് അതിനെക്കുറിച്ച് പറയാനുള്ളത് ഇതാണ്: ''സുഹൃത്ത് സജിത്ത് കരിവെള്ളൂരിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു. കാദര്‍ച്ചയെ കുറിച്ച്. അതില്‍ അദ്ദേഹമെഴുതിയ ചുവരെഴുത്തിനെ കുറിച്ചും, അദ്ദേഹത്തിന്റെ മിശ്രവിവാഹത്തെ കുറിച്ചും എല്ലാം എഴുതിയിട്ടുണ്ട്. അതൊന്ന് രേഖപ്പെടുത്തി വയ്ക്കണം എന്ന് തോന്നി. അങ്ങനെയാണ് കാദര്‍ച്ചയെ കാണുന്നത്. അടിമുടി സ്‌നേഹം തുളുമ്പുന്നൊരു മനുഷ്യന്‍. ഇത്രയും ജെന്യൂനായ മനുഷ്യര് ഇപ്പോള്‍ കുറവായിരിക്കും. കല്ല്യാണിയേച്ചിയും അങ്ങനെ തന്നെ. അവര്‍ അവരായിത്തന്നെ വളരെ സ്വാഭാവികമായി ജീവിക്കുന്നു. അതുകൊണ്ട് അവരുടെ കഥ ഷൂട്ട് ചെയ്തു വയ്ക്കണം എന്ന് തോന്നി.'' 

                                                                                                   ശിവകുമാര്‍ കാങ്കോല്‍

ഷൂട്ട് ചെയ്യാനെത്തിയപ്പോള്‍ കല്ല്യാണിയേച്ചിക്ക് ഒടുക്കത്തെ ചമ്മലായിരുന്നുവെന്നും ശിവകുമാര്‍ പറയുന്നു. ''എന്നെക്കൊണ്ടാവൂല്ലപ്പാ റോട്ടിലേക്കൊന്നും എറങ്ങാന്‍'' എന്നാണ് ആദ്യം കല്ല്യാണി പറഞ്ഞത്. പക്ഷെ, ഷൂട്ട് തുടര്‍ന്നപ്പോള്‍ ഏതായാലും അവര് വന്നത് നമ്മുടെ ജീവിതം പകര്‍ത്താനാണ് അവരെ ബുദ്ധിമുട്ടിക്കണ്ട എന്നായി കല്ല്യാണിക്ക്. അങ്ങനെയാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്.

സിനിമാപ്പേരിന്റെ വഴി
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തില്‍നിന്നാണ് സിനിമയ്ക്ക് പേരു വന്നത്. ആകാശമുട്ടായി. നോവലില്‍, കേശവന്‍ നായര്‍ കൃസ്ത്യാനിയായ സാറാമ്മയുമായി പ്രണയത്തിലാകുന്നു. പ്രണയത്തില്‍ പെടുമ്പോള്‍ സാറാമ്മ ചോദിക്കുന്നുണ്ട്, കുട്ടികളുടെ മതമേതായിരിക്കും?, കുട്ടികള്‍ക്ക് എന്ത് പേരിടും? ഹിന്ദുപ്പേരിടാനാകില്ല, ക്രിസ്ത്യന്‍ പേരും പറ്റില്ല... റഷ്യന്‍ പേരുകളിടാമെന്ന് കേശവന്‍ നായര്‍. അത് സാറാമ്മക്ക് ഇഷ്ടപ്പെട്ടില്ല. ചൈനീസ് പേരിടാമെന്ന് പറഞ്ഞതും സാറാമ്മക്കിഷ്ടപ്പെട്ടില്ല. അവസാനം, ആകാശം, മുട്ടായി എന്നീ പേരുകളാണ് ഇരുവര്‍ക്കും ഇഷ്ടമാകുന്നത്. അങ്ങനെ കുഞ്ഞിന് 'ആകാശമുട്ടായി' എന്ന് പേരിടാന്‍ തീരുമാനിക്കുന്നു. അങ്ങനെയാണ് സിനിമയ്ക്കും ഈ പേര് വന്നതെന്ന് ശിവകുമാര്‍ പറയുന്നു. കാര്യം നേരാണ്. കാദര്‍ച്ചയുടേയും കല്ല്യാണിയുടേയും പ്രണയത്തെ കുറിച്ച് പറയുന്ന സിനിമയ്ക്ക് ഇതിലും നല്ലൊരു പേര് എന്തിടാനാണ്? 

ജീവിതം കൊണ്ട് വളരെ നിശബ്ദമായി വിപ്ലവം നടത്തിയ ആ മനുഷ്യന് ഇന്നത്തെ സമൂഹത്തോട് ചോദിക്കാനുള്ളതും ഇത്രമാത്രം, 'വിദ്യാഭ്യാസം ഇത്രയും കൂടിയിട്ടും നമ്മളെന്തുകൊണ്ടാണ് പിന്നോട്ട് നടക്കുന്നത്?'

അബ്ദുള്‍ ഖാദറിന്റെ ചോദ്യം നമ്മളോടാണ്, സമൂഹത്തിന്റെ പിന്‍നടത്തത്തോടാണ്, പ്രണയത്തെ ജാതി കൊണ്ടും മതം കൊണ്ടും കൊല്ലാന്‍ ഒരുമ്പെട്ടിറങ്ങുന്നവരോടാണ്. ദുരഭിമാനക്കൊലകളുടേയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റേയും കാലത്ത് കാദര്‍ച്ചയുടെ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്. 

അതിനുത്തരമായി കാണിച്ചുകൊടുക്കാന്‍ അബ്ദുള്‍ ഖാദറിനും കല്ല്യാണിക്കും ഒന്നേയുള്ളൂ. അവരുടെ പ്രണയവും ജീവിതവും. പ്രണയത്തിന് അല്ലെങ്കില്‍ എവിടെയാണ് ജാതിയും മതവും? പ്രണയം തന്നെ നിയമങ്ങളില്ലാത്ത പ്രത്യേക മതമല്ലേ....

click me!