ഗസല്‍: കേട്ട പാട്ടുകള്‍, കേള്‍ക്കാത്ത കഥകള്‍. പരമ്പര രണ്ടാം ഭാഗം. 'ഏക് ബസ് തൂ ഹി നഹി'
അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.
undefined
ഉസ്താദ് മെഹ്ദി ഹസന്‍ 1993 -ല്‍ പുറത്തിറക്കിയ 'കെഹ്നാ ഉസേ..' എന്ന ആല്‍ബത്തിലാണ്, മിയാ കി മല്‍ഹാര്‍ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള 'ഏക് ബസ് തൂ ഹി നഹി' എന്ന ഗസല്‍ നമ്മളാദ്യമായി കേള്‍ക്കുന്നത്. അതിമനോഹരമായ ഒരു ഫര്‍ഹത് ഷെഹ്‌സാദ് ഗസല്‍.
ശോകമാണ് അടിസ്ഥാന ഭാവം. ഏറെനാള്‍ നീണ്ട പ്രണയം. ഒടുവില്‍ അവിചാരിതമായുണ്ടാകുന്ന നിരാസം. അത്രനാള്‍ പ്രാണനും പ്രാണനായിരുന്നവര്‍, ഒരു സുപ്രഭാതത്തില്‍ അപരിചിതരായിത്തീരുന്നു. ദൈവഭാവം കൈവരുന്ന ശില, കൊത്തിമിനുക്കി വിഗ്രഹമാക്കിയ ശില്‍പിക്ക് അയിത്തം കല്പിച്ച് മാറ്റി നിര്‍ത്തുന്നു. ആ അവഗണനയേല്‍പ്പിക്കുന്ന ആഘാതത്തെ ഇത്രമേല്‍ ഭംഗിയായി ആവിഷ്‌കരിക്കുന്ന മറ്റൊരു ഗസല്‍ നമുക്ക് കാണാനാവില്ല.
തകര്‍ത്തുപെയ്യുന്ന കണ്ണീര്‍മഴയുടെ സ്ഥായീഭാവമുള്ള അപൂര്‍വ്വസുന്ദരമായ ഈ ഗസലിന്റെ ആബിദാ പര്‍വീണ്‍ പാടിയ മറ്റൊരു വേര്‍ഷന്‍ കൂടി ജനപ്രിയമാണ്.
I
एक बस तू ही नहीं मुझसे ख़फ़ा हो बैठा
मैं ने जो संग तराशा वो ख़ुदा हो बैठा
എക് ബസ് തൂ ഹി നഹീ, മുഝ്സേ ഖഫാ ഹോ ബേഠാ...
മേനെ ജോ സംഗ് തരാശാ, വോ ഖുദാ ഹോ ബേഠാ..
നീയൊരാള്‍ മാത്രമല്ല, എന്നോട് മുഖം വീര്‍പ്പിച്ചിരിക്കുന്നത്..
ഞാന്‍ കൊത്തിമിനുക്കിയ ശിലകള്‍ പലതും,
ഇന്ന് ദൈവമായിക്കഴിഞ്ഞിരിക്കുന്നു..
നിനക്കിന്ന് എന്നോട് വിദ്വേഷമാണല്ലേ..! സാരമില്ല.. എനിക്കിതൊന്നും ഒരു പുതുമയല്ല. സ്‌നേഹമാകുന്ന ഉളിയാല്‍ ഞാന്‍ അനുനിമിഷം കൊത്തിമിനുക്കിയ ശിലാഹൃദയങ്ങള്‍ പലതും ഇന്ന് ദൈവഭാവം പൂണ്ട് എനിക്ക് അസ്പൃശ്യത കല്പിച്ച് അകന്ന് മാറിയിരിക്കുന്നു. ശില ദൈവമാകുന്നതുവരെയേ ശില്‍പിക്ക് പ്രസക്തിയുള്ളൂ. അതുകഴിഞ്ഞാല്‍ ശില്‍പത്തിന് അതിന്‍േറതായ ആരാധകരുണ്ടാവും. ശില്പിയെ ആരും ഓര്‍ത്തെന്നോ പരിഗണിച്ചെന്നോ വരില്ല. ആ ശില്‍പം, ദൈവത്തിന്റെ വിഗ്രഹമാണെങ്കിലോ? പ്രതിഷ്ഠ കഴിയുന്നതോടെ പിന്നെ ശില്‍പിയ്ക്ക് ആ ബിംബം ഇരിക്കുന്ന ശ്രീകോവിലിലേക്ക് പ്രവേശനം പോലും നിഷിദ്ധമാകും.
പ്രണയത്തിന്റെ കാര്യവും ഏകദേശം ഇങ്ങനെയൊക്കെത്തന്നെ. പ്രണയത്തിലാണ്ടവർ പരസ്പരം പരിപോഷിപ്പിക്കും. അടുപ്പം അവരെ കൂടുതൽ മെച്ചപ്പെട്ട വ്യക്തികളാക്കും . ഹൃദയങ്ങളില്‍ കവിത നിറയ്ക്കും. അതുവരെ വെളിപ്പെട്ടിട്ടില്ലാത്ത കഴിവുകള്‍ പലതും പ്രണയത്തിന്റെ ഉന്മാദത്തില്‍ വെളിപ്പെട്ടെന്നിരിക്കും. അതിന് ആണ്‍ പെണ്‍ വ്യത്യാസമില്ല. ആര് ആരെയാണ് പോളിഷ് ചെയ്യുന്നത്, കൊത്തിയെടുക്കുന്നത് എന്നില്ല. രണ്ടുപ്രണയികള്‍ തമ്മില്‍ ലിംഗഭേദമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും സംഭവിക്കാം അത്. ഇവിടെ കവി പറയുന്നത്, അങ്ങനെ പ്രണയത്തില്‍ ഒരാള്‍ ഒരാളുടെ ശിലാ ഹൃദയത്തെ കൊത്തി മിനുക്കി ഒരു ശില്‍പ്പമാക്കിയെടുത്ത ശേഷം, പെട്ടെന്നൊരു ദിവസം, അത് ദേവതാ രൂപം പൂണ്ട്, തന്നെ ശില്‍പ്പമാക്കിയെടുത്ത ആളിനെത്തന്നെ തന്നില്‍ നിന്നും അകറ്റുന്നു. പ്രണയത്തില്‍ വിള്ളല്‍ വീഴുന്നു. അവര്‍ തമ്മില്‍ തെറ്റുന്നു. പിരിയുന്നു. തദനന്തരം അവരിലൊരാള്‍ നഷ്ടപ്പെട്ട പ്രണയത്തെച്ചൊല്ലി വിലപിക്കുന്നു. അവിടെയാണ് ഇത്തരത്തില്‍ കാല്‍പനികമായ ഒരു ആരോപണം വന്നുപെടുന്നത്.
കഠിനപദങ്ങൾ : ഖഫാ ഹോനാ- പിണങ്ങിയിരിക്കുക, സംഗ് - കല്ല് , തരാശ്നാ - കൊത്തുക, മിനുക്കിയെടുക്കുക
II
उठ के मंज़िल ही अगर आये तो शायद कुछ हो
शौक़-ए-मंज़िल में मेरा आबलापा हो बैठा
ഉഠ്‌കെ മൻസിൽ ഹി അഗർ ആയേ, തോ ശായദ് കുച്ഛ് ഹോ..
ശോഖ്-എ-മൻസിൽ തോ മെരാ ആബ്‌ലാ പാ ഹോ ബേഠാ..
ഞാന്‍ ചെന്നുചേരേണ്ടിടം സ്വയം
എഴുന്നേറ്റിങ്ങു വന്നെങ്കിലേ,
ഇനി വല്ലതും നടക്കൂ..
ലക്ഷ്യം പിടിക്കാനുളള എന്റെ ത്വര
ഇപ്പോള്‍ വെന്ത കാലടി കണക്കായിട്ടുണ്ട്.
ഒരുപാട് പ്രതീക്ഷകളോടെയാണ് ഈ ജീവിതയാത്ര തുടങ്ങിയത്. പലതും നേടണമെന്ന ആഗ്രഹം കലശലായുണ്ടായിരുന്നു. നഗ്‌നപാദനായാണെങ്കിലും നിതാന്തമായ യാത്രാദാഹവും ഉള്ളിലേന്തി ഞാനലഞ്ഞിട്ടുണ്ട് മുമ്പൊക്കെ. കയ്ക്കുന്ന അനുഭവങ്ങളാല്‍ കാലടികള്‍ പൊള്ളി ഞാനിന്ന് വഴിവക്കില്‍ ഇരുന്നുപോയിരിക്കുന്നു. ആകെ തളര്‍ന്നു പോയിരിക്കുന്നു. വയ്യ, ഇനി ഒരടി മുന്നോട്ട് വെക്കവയ്യ.. എങ്ങാണോ ഞാന്‍ ചെന്നുചേരേണ്ടത്, ആ ഇടം ഇനി ഇങ്ങോട്ടെന്നെത്തേടി വന്നാലല്ലാതെ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല.
കഠിനപദങ്ങള്‍ : മൻസിൽ - ലക്ഷ്യം, ശായദ് - ചിലപ്പോൾ, ഷോക്-എ-മൻസിൽ - ലക്ഷ്യത്തിലെത്താനുള്ള ആഗ്രഹം, ആബ്‌ലാ പാ - വെന്ത കാലടി
മെഹ്ദി ഹസ്സൻ എന്ന ഗസലിന്റെ ഇതിഹാസം
III
मसलहत छीन गई क़ुव्वत-ए-गुफ़्तार मगर
कुछ न कहना ही मेरा मेरी सदा हो बैठा
മസ്‌ലഹത്ത് ഛീൻ ഗയീ കുവ്വത്ത്-ഏ-ഗുഫ്താർ മഗർ
കുഛ് നാ കെഹ്‌നാ ഹി മേരാ, മേരി സദാ ഹോ ബേഠാ..
സാരോപദേശങ്ങള്‍ എന്നില്‍ നിന്നും
തട്ടിപ്പറിച്ചത് എന്റെ വാക്ചാതുരിയാണ്.
ഇപ്പോള്‍ എന്റെ മൗനം തന്നെ,
എന്റെ ശബ്ദം എന്ന മട്ടായിട്ടുണ്ട്.
ഉപദേശങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടാകാറില്ലല്ലോ. അങ്ങനെ പറയരുത്. ഇങ്ങനെ പറഞ്ഞേ പറ്റൂ. അത് മര്യാദയാണ്. ഇങ്ങനെ പറഞ്ഞാല്‍ അത് മുഷിച്ചിലാകും. ഉപദേശങ്ങള്‍ പലവിധം ചെവിക്കൊണ്ട് ഒടുവില്‍, എന്റെ വാക് ചാതുരി ഇപ്പോള്‍ എനിക്ക് അന്യമായി. ഇപ്പോള്‍ എവിടെച്ചെന്നാലും ഒന്നും മിണ്ടാതെ, മൗനം പൂണ്ടിരിക്കുക. എന്തുചോദിച്ചാലും മൗനമാണ് എന്റെ മറുപടി എന്നു വന്നിരിക്കുകയാണ്.
കഠിനപദങ്ങള്‍: മസ്‌ലഹത്ത് - അനുനയം, ഛീൻനാ - പറിച്ചെടുക്കുക, കുവ്വത്ത്-എ-ഗുഫ്താർ - സംഭാഷണ ചാതുരി, സദാ - ശബ്ദം
IV
शुक्रिया ए मेरे क़ातिल ए मसीहा मेरे
ज़हर जो तुमने दिया था वो दवा हो बैठा
ശുക്‌റിയാ ഏ മെരേ കാത്തിൽ, ഏ മസീഹാ മേരേ..
സെഹർ ജോ തൂനെ ദിയാ, വോ ദവാ ഹൊ ബേഠാ..
എന്റെ ഘാതകേ, എന്റെ രക്ഷകേ.. നിനക്കു നന്ദി..
വിഷമെന്ന് നീയെനിക്കു പകര്‍ന്നതുതന്നെ
ഇന്നെനിക്ക് അമൃതായി മാറിയിരിക്കുന്നു..
നന്ദി പറയുകയാണ്, എന്റെ ഘാതകയോട്. എന്നെ കൊല്ലാന്‍ തുനിഞ്ഞിറങ്ങിയവളോട്. കൊല്ലല്‍ ഭൗതികമാവണമെന്നില്ല. ഹൃദയത്തിന്റെ മരണവുമാകാം. എന്റെ മനസ്സിനെ തച്ചുതകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയവളേ... നീ അറിയുന്നില്ലല്ലോ.., നീ എനിക്ക് പകര്‍ന്നുതന്ന കാളകൂടം, എന്റെ ഹൃദയവേദനയ്ക്കുള്ള അമൃതായി മാറി എന്ന വിവരം..! എന്നെ നോവിക്കാനായി നീ പറഞ്ഞ വാക്കുകള്‍.. എന്റെ മനസ്സിനെ മുറിപ്പെടുത്താന്‍ നീ ചെയ്തതൊക്കെയും, എന്നെ കൂടുതല്‍ കൂടുതല്‍ പക്വതയുള്ളവനാക്കുകയാണ്, എന്റെ മനസ്സിനെ കൂടുതല്‍ ബലപ്പെടുത്തുകയാണ് ചെയ്തത്. ഉലയില്‍ നീറ്റി ഒരു പെരുംകൊല്ലന്‍ അടിച്ചു പരുവപ്പെടുത്തിയെടുക്കുന്ന ലോഹം പോലെ എന്റെ മനസ്സും ഇന്ന് ആകെ പാകപ്പെട്ടിരിക്കുകയാണ്. അങ്ങനെ എന്റെ ഘാതകയാകാന്‍ പുറപ്പെട്ട നിന്നെ എനിക്കിന്ന് എന്റെ മാലാഖേ എന്ന് വിളിക്കേണ്ടി വരുന്നല്ലോ..!
കഠിനപദങ്ങൾ : കാത്തിൽ - കൊലയാളി, സെഹർ - വിഷം, മസീഹാ - രക്ഷക
V
जाने 'शहज़ाद' को मिनजुम्ला-ए-आदा पाकर
हूक वो उट्ठी के जी तन से जुदा हो बैठा
ജാൻ-ഏ-ഷെഹ്‌സാദ് കോ മിൻ-ജുംലാ-എ-ആദാ പാകർ
ഹൂക് ജോ ഉഠീ കി ജീ തൻ സേ ജുദാ ഹോ ബേഠാ..
അപമാനിതനായി, അര്‍ദ്ധപ്രാണനായി വൈവശ്യത്തോടെ
'ഷെഹ്‌സാദ്' നില്‍ക്കുന്നതു കണ്ടപ്പോള്‍,
നെഞ്ചിനുള്ളില്‍ നിന്നുമൊരു മരണവേദന വന്ന്
എന്റെ ജീവന്‍ ദേഹത്തെ വെടിഞ്ഞുപോയി.
ഇത് ഗസലിന്റെ 'മഖ്ത'യാണ്. ഒരു ഗസലിന്റെ ഷായര്‍ അഥവാ കവി, പൊതുവേ യഥാര്‍ത്ഥനാമത്തിനു പകരം ഒരു 'തഖല്ലുസ്' ആണ് സ്വീകരിക്കുക.. മിര്‍സാ അസദുള്ളാ ഖാന്റെ തഖല്ലുസ് ആണ് 'ഗാലിബ്' എന്നത്. സുദര്‍ശന്‍ കമ്രായുടേത് 'ഫകീര്‍' എന്നതും.. ഒരു ഗസലിന്റെ അവസാനത്തെ ശേറില്‍, അതായത്, മഖ്തയില്‍ ശായറിന്റെ തഖല്ലുസ് വന്നിരിക്കണം. തഖല്ലുസ് സ്വീകരിക്കാത്തവര്‍ സ്വന്തം പേരിന്റെ ഒരു ഭാഗം പകരം ഉപയോഗിച്ചെന്നിരിക്കും. ഫര്‍ഹത്ത് ഷെഹ്സാദ് ഉപയോഗിക്കുന്നത് 'ഷെഹ്സാദ് ' ആണ്. മഖ്തയെ കഴിയാവുന്നത്ര അര്‍ഥം ചേര്‍ന്നവിധം പ്രയോഗിക്കുക എന്നതാണ് കവിയുടെ ലക്ഷ്യം. ആദിമധ്യാന്തം ആലപിക്കുന്നയാള്‍ക്കുമാത്രം ക്രെഡിറ്റ് കിട്ടുന്ന ഗസലില്‍ അതിന്റെ വരികള്‍ എഴുതിയ ആളിന്‍റതായി വരുന്ന ഒരു 'വാട്ടര്‍മാര്‍ക്ക്' ആണ് ഒരുതരത്തില്‍ പറഞ്ഞാല്‍ അതിന്റെ മഖ്ത. ഗായകന്‍ കവിക്ക് നന്ദി പറയുന്ന ഒരു മുഹൂര്‍ത്തവും.
'ഷെഹ്സാദ്' എന്ന ഞാന്‍ ആകെ അപമാനിതനായി നില്‍ക്കുകയാണ്. ആര്‍ക്കുവേണ്ടി എന്തൊക്കെ ചെയ്താലും, ആരെയൊക്കെ എത്രയൊക്കെ ആത്മാര്‍ത്ഥമായിട്ട് സ്‌നേഹിച്ചാലും ഒടുക്കം അപമാനമാണ്, നെറികേടാണ്, വൈവശ്യമാണ് പകരം കിട്ടുന്നത്. അങ്ങനെ അപമാനഭാരത്താല്‍ വിവശനായി നില്‍ക്കുന്ന അവനവനെ കാണേണ്ടിവന്നു ആ നിമിഷം എനിക്ക് എന്റെ പ്രാണന്‍ പറിഞ്ഞുപോകുന്ന വേദനയാണ് ഉണ്ടായത്.
കഠിനപദങ്ങൾ: മിൻ-ജുംലാ-എ-ആദാ - ആകെ അപമാനിതനായി, വിവശനായി, അർദ്ധപ്രാണനായി, ഹൂക് - കൊടിയ വേദന, ജീ - ജീവൻ, തൻ - ദേഹം, ജുദാ ഹോനാ- വേർപെടുക
ഫര്‍ഹത് ഷെഹ്സാദ്
കവിപരിചയം :
ഫര്‍ഹത് ഷെഹ്സാദ് എന്നാണ് ഷായറിന്റെ പേര്. 1993 -ല്‍ റിലീസായ മെഹ്ദി ഹസന്റെ 'കെഹ്നാ ഉസേ..' എന്ന ഒമ്പതു പാട്ടുകളുള്ള ഒരു ഗസല്‍ ആല്‍ബത്തിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയരുന്നത്. ഏക് ബസ് തൂ ഹി നഹി എന്ന ഈ പ്രസിദ്ധ ഗസലിന് പുറമേ, ഖുലീ ജോ ആംഖ് തോ, കോംപ്ലേ ഫിര്‍ ഫൂട്ട് ആയി, തന്‍ഹാ തന്‍ഹാ മത് സോചാ കര്‍ തുടങ്ങിയ ജനപ്രിയ ഗസലുകളും അതിലുണ്ടായിരുന്നു. ആ ആല്‍ബം പാക്കിസ്ഥാനില്‍ സൂപ്പര്‍ ഹിറ്റായതോടെ കവി ഫര്‍ഹത് ഷെഹ്സാദിനെ ലോകമറിഞ്ഞു.
തുടര്‍ന്ന്, ഗുലാം അലി, ജഗ്ജിത് സിങ്ങ്, ഹരിഹരന്‍, ആബിദാ പര്‍വീണ്‍, ലതാ മങ്കേഷ്‌കര്‍ അങ്ങനെ പല പ്രസിദ്ധ ഗായകരും അദ്ദേഹത്തിന്റെ ഗസലുകള്‍ ഈണമിട്ടുപാടി. മത് സോചാ കര്‍, ആഡി തിര്‍ഛി ചന്ദ് ലകീരേ, ആയിനാ ഝൂഠാ ഹേ, സാരേ ജവാബ് ഗുംസും, സുന്‍ പാവോ അഗര്‍, ഗുല്‍റുത് എന്നിങ്ങനെയുള്ള ഉര്‍ദു കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഗസലുകളുടെയെല്ലാം ഒരു സമ്പൂര്‍ണ്ണ സമാഹാരം ദേവനാഗരി ലിപിയില്‍ പ്രകാശനത്തിന് തയ്യാറെടുക്കുന്നു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ '@farhatshahzad11' എന്നാണ്.
'സ്വാമി ഹരിദാസില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്ന താന്‍സെന്‍, കണ്ടു നില്‍ക്കുന്ന അക്ബര്‍. ഒരു പഴയ പെയിന്റിങ്.'
സംഗീതവിസ്താരം
രാഗം : മിയാ കി മല്‍ഹാര്‍
മഴയുമായി ബന്ധപ്പെട്ടുകിടക്കുന്ന മല്‍ഹാര്‍ രാഗത്തിന്റെ ഒരു വകഭേദമാണ് മിയാ കി മല്‍ഹാര്‍. മഴപെയ്യുന്ന രാത്രികളാണ് മല്‍ഹാറിന്റെ വിസ്താരത്തിന് ഉചിതമെന്നു പറയപ്പെടുന്നു. കരുണയും ശൃംഗാരവുമാണ് ഈ രാഗമുദ്ദീപിക്കുന്ന രസങ്ങള്‍. സംഗീതസമ്രാട്ടായ താന്‍സെന്‍ അക്ബര്‍ ചക്രവര്‍ത്തിക്കുവേണ്ടി സൃഷ്ടിച്ച രാഗമാണിതെന്ന് പറയപ്പെടുന്നു. അക്ബര്‍ താന്‍സെന്റെ സംഗീതപാരംഗതയ്ക്കുള്ള അംഗീകാരമായി അദ്ദേഹത്തിനുനല്‍കിയ വിശേഷണമാണ് മിയാ എന്നത്. ജ്ഞാനി എന്നാണ് ആ ഉര്‍ദു പദത്തിന്റെ അര്‍ഥം.
മിയാ കി മല്‍ഹാറില്‍ ചിട്ടപ്പെടുത്തിയ മനോഹരമായ ഒരു മലയാള സിനിമാഗാനവും ഇതോടൊപ്പം ഓര്‍ക്കാം. ഗുരുവായൂര്‍ കേശവന്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍ എഴുതി, ജി ദേവരാജന്‍ സംഗീതം പകര്‍ന്ന്, മാധുരി ആലപിച്ച 'ഇന്നെനിക്ക് പൊട്ടുകുത്താന്‍..' എന്ന ഗാനം. പിന്നെയുമുണ്ട് പാട്ടുകൾ : ദേവീ ആത്മരാഗ മേകാം, ഇന്ദുപുഷ്പം
ആബിദാ പര്‍വീണിന്റെ ആലാപനം
അടുത്ത ലക്കത്തിലെ ഗസൽ : വോ ജോ ഹം മേം തും മേം കറാറ് ഥാ
ലക്കം #1 : ചുപ്‌കേ ചുപ്‌കേ രാത് ദിൻ...