നിത്യാനന്ദ ഷേണായിയുടെ നാട്ടില്‍!

By കെ.എം ഇര്‍ഷാദ്  |  First Published Apr 16, 2017, 9:29 AM IST

വിഷുക്കൈനീട്ടമായെത്തിയ മമ്മൂട്ടിയുടെ രഞ്ജിത്ത് ചിത്രം 'പുത്തന്‍ പണ'ത്തില്‍ മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഭാഷാ ശൈലിയുമായി കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ആയാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ഭാഷാശൈലികളൊക്കെ മുമ്പ് പരീക്ഷിക്കപ്പെട്ടതാണെങ്കിലും ഒരു പക്കാ കാസറഗോഡന്‍ ഭാഷാശൈലി ഇതാദ്യമാണ്.

Latest Videos

undefined

ലുക്കിലും ഗെറ്റപ്പിലും ഭാഷാശൈലിയിലുമൊക്കെ ഒരു തനി കുമ്പളക്കാരനായി പരകായ പ്രവേശം നടത്താന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരിക്കുന്നു. നിത്യാനന്ദഷേണായിയുടെ കുമ്പളയിലേക്ക് നമുക്കൊരു യാത്ര പോയാലോ ?

കാസറഗോഡ് നഗരത്തില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ അകലെയുള്ള ചെറു ടൗണാണ് കുമ്പള.

ഈ പേര് അധിക ഇന്ത്യക്കാരും കേട്ടിരിക്കും, അനില്‍ കുംബ്ലെ എന്ന പ്രശസ്തനായ ക്രിക്കറ്റ് താരത്തിന്റെ ജന്മ ദേശമാണിത്; സ്വന്തം ജന്മനാടിനെ പേരിനൊപ്പം കൂടെ കൂട്ടുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തോടുള്ള ഈ നാടിന്റെ ആദരവായ് ആ പേരില്‍ ഒരു റോഡുമുണ്ട് കുമ്പളയില്‍.

കാസറഗോഡിന്റെ സപ്തഭാഷ വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കോസ്‌മോ പോളിറ്റന്‍ സംസ്‌കാരം ഉള്‍കൊള്ളുന്ന, കാസറഗോഡ് നഗരത്തില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ അകലെയുള്ള ചെറു ടൗണാണ് കുമ്പള.

കേരളത്തിലെ ഒരേയൊരു തടാക ക്ഷേത്രമായ അനന്തപുരം തടാക ക്ഷേത്രം ഇവിടെയാണ്. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കോട്ടയായ ആരിക്കാടി കോട്ടയും.  ഉത്തര മലബാറിലെ പ്രധാന മാപ്പിള തെയ്യങ്ങളിലൊന്നായ ആലിതെയ്യം അരങ്ങേറുന്നത് ആരിക്കാടിയിലാണ്. കൂടാതെ ഇവിടെത്തെ ശ്രീ കണിപ്പുര ക്ഷേത്രത്തിലെ വെടിയുത്സവം ജാതിമത ഭേദമന്യേ നാടിന്റെ ഉത്സവമാണ്.

തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം

 അനന്തപുരം ക്ഷേത്രം     
തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. മനോഹരമായ തടാകത്തിലാണിത്. ശ്രീ കോവിലിന്റെ പുറം ചുമരിലെ ചുവര്‍ ചിത്രങ്ങള്‍ അജന്ത, എല്ലോറ ചിത്രങ്ങളോട് സാമ്യമുള്ളവയാണ്.

കടുശര്‍ക്കരയോഗമെന്ന പുരാതന വിഗ്രഹ ശൈലിയിലാണ് ഇവിടത്തെ വിഗ്രഹം നിര്‍മിച്ചിരുന്നത്. പിന്നെടെപ്പോഴോ പഞ്ചലോഹ വിഗ്രഹത്തിലേക്ക് വഴിമാറി വീണ്ടും കടുശര്‍ക്കരയോഗത്തിലേക്ക് തന്നെ വിഗ്രഹത്തെ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.

കുമ്പള - ബദിയടുക്ക റൂട്ടില്‍ നായിക്കാപ്പിലൂടെ ഒരു കിലോമീറ്റര്‍ തെക്കോട്ടു പോയാല്‍ അനന്തപുരത്തെത്താം, വര്‍ഷകാലത്ത് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ക്ഷേത്രവും കുന്നിന്‍ചെരുവുകളും, പാറക്കെട്ടുകളുമൊക്കെ സമ്മാനിക്കുന്നത് വശ്യമനോഹരമായ കാഴ്ചാനുഭവമാണ്.

ക്ഷേത്ര തടാകത്തില്‍ ഒരു മുതലയുണ്ട്, പേര് ബബ്ബിയ്യ. കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷത്തോളമായി ഈ മുതല മാംസാഹാരം കഴിക്കാതെ, മനുഷ്യരെ ഉപദ്രവിക്കാതെ, പൂജരിമ്മാര്‍ നല്‍കുന്ന നിവേദ്യച്ചോര്‍ മാത്രം കഴിച്ച് ഇവിടെ കഴിയുന്നു.

മുകളില്‍ നിന്ന് കാണുന്ന അറബിക്കടലിന്റെയും, കുമ്പളപ്പുഴയുടെയും  കാഴ്ചകള്‍ മനോഹരമാണ്

 ആരിക്കാടി കോട്ട
മംഗലാപുരം ദേശീയപാതയില്‍ കുമ്പളയില്‍ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ കോട്ടയിലെത്താം. കോട്ടയുടെ നാടായ കാസര്‍കോട്ടെ ഏറ്റവും വടക്കേ അറ്റത്തുള്ള കോട്ടയാണിത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് നിര്‍മ്മിച്ചതാണെന്നാണ് പരക്കെ വിശ്വസിച്ചുവരുന്നത്. കുമ്പള രാജവംശത്തിന്റെ ആസ്ഥാനത്തിനുവേണ്ടിയാണിത് നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു.

എന്നാല്‍ എ.ഡി. 1608ല്‍ ഇക്കേരി ഹിരിയ വെങ്കടപ്പ നായക് കെട്ടിയതാണ് കുമ്പളയിലെ ആരിക്കാടി കോട്ടയെന്നാണ് ചരിത്ര രേഖകളിലുള്ളത്. കോട്ടയുടെ കവാടത്തില്‍ നായക് നിര്‍മ്മിച്ച കോട്ടയെന്ന് കന്നടയില്‍ ആലേഖനം ചെയ്ത ഒരു ശിലാലിഖിതം ഉണ്ടായിരുന്നുവെന്ന് സൗത്ത് കാനറ ഡിസ്ട്രിക്ട് മാന്വല്‍ രണ്ടാം വാള്യത്തില്‍ സ്റ്റുവര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഈ കോട്ട ദ്രവിച്ച് നശിക്കുമ്പോഴും കോട്ടയുടെ പ്രധാന നിരീക്ഷണകേന്ദ്രം ഒരു കോട്ടവും കൂടാതെ നിലനില്‍ക്കുന്നു. ഇതിന്റെ മുകളില്‍ നിന്ന് കാണുന്ന അറബിക്കടലിന്റെയും, കുമ്പളപ്പുഴയുടെയും  കാഴ്ചകള്‍ മനോഹരമാണ്. അടുത്തിടെ കോട്ടയുടെ പരിസരത്ത് പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ പുരാതന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയിരുന്നു.

 ഉത്തര മലബാറിലെ മത സൗഹാര്‍ദ്ദത്തിന്റെ കഥകള്‍ പറയുന്ന മാപ്പിള തെയ്യങ്ങളില്‍ പ്രധാനി.  

ആലി തെയ്യം
ആരിക്കടി കോട്ടക്ക് തൊട്ടടുത്താണ് ആലിച്ചാമുണ്ഡി അല്ലെങ്കില്‍  ആലി ഭൂതം എന്നറിയപ്പെടുന്ന ആലി തെയ്യം അരങ്ങേറുന്നത് ഉത്തര മലബാറിലെ മത സൗഹാര്‍ദ്ദത്തിന്റെ കഥകള്‍ പറയുന്ന മാപ്പിള തെയ്യങ്ങളില്‍ പ്രധാനി.  

മുഖത്ത് കരിതേച്ച്, തലയില്‍ സ്വര്‍ണ്ണ നിറമുള്ള നീളന്‍ തൊപ്പിയും കഴുത്തില്‍ പൂമാലകളും ചുവന്ന സില്‍ക്ക് മുണ്ടും ധരിച്ചു കയ്യില്‍ ചൂരല്‍ വടിയുമായിട്ടാണ് ആലി തെയ്യത്തിന്റെ പുറപ്പാട്.  ആരിക്കാടി പാടാര്‍കുളങ്ങര ഭഗവതി സ്ഥാനത്ത് മീന മാസത്തില്‍ നടക്കുന്ന തെയ്യാട്ടത്തില്‍ ആലി തെയ്യം കെട്ടിയാടുന്നു. കാവിന്റെ ഇടതു ഭാഗത്ത് പ്രത്യേക സ്ഥാനത്തിരുന്നാണ് ആലി തെയ്യം അനുഗ്രഹിക്കുന്നത്. തുളു നാട്ടിലെ മറ്റു ചില തീയ്യ തറവാട്ടുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്. ആലിഭൂതസ്ഥാനം എന്നാണ് ഈ തെയ്യം കെട്ടിയാടുന്ന കാവിനെ വിളിക്കാറുള്ളത്. 

ഉഗ്ര ദുര്‍മാന്ത്രികനായിരുന്ന ആലി കുമ്പള നാട്ടിനെയും കുമ്പള അരീക്കാടിയിലെ തീയ്യ തറവാട്ടുകാരെയും ഏറെ വിഷമിപ്പിച്ചയാളായിരുന്നു. തീയ്യ തറവാട്ടിലെ സുന്ദരിയായ കന്യകയെ ആലി വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തറവാട്ട് കാരണവര്‍ കുലപരദേവതയായ പാടാര്‍ കുളങ്ങര ഭഗവതിയെ പ്രാര്‍ഥിക്കുകയും പാടാര്‍ കുളങ്ങര ഭഗവതി ഈ ദൌത്യം പുതിയ ഭഗവതിയെ ഏല്‍പ്പിക്കുകയും ചെയ്തുവത്രേ. സുന്ദരിയായി വേഷം മാറിയ പുതിയ ഭഗവതി ആലിയ പാറക്കുളത്തില്‍ ഒന്നിച്ചു കുളിക്കാന്‍ ക്ഷണിക്കുകയും നീരാട്ടിനിടയില്‍ ആലിയുടെ അരയില്‍ കെട്ടിയ ഉറുക്കും തണ്ടും കൈക്കലാക്കുകയും തല്‍സ്വരൂപമെടുത്ത് ആലിയെ വകവരുത്തുകയും ചെയ്തുവത്രേ.

ആരിക്കാടിയിലെ ഛത്രംപള്ളത്തു വെച്ച് നടന്ന ഈ സംഭവത്തിനു ശേഷം നാട്ടില്‍ ദുര്‍നിമിത്തങ്ങള്‍ ഏറി വരികയും തുടര്‍ന്ന് നടത്തിയ പ്രശ്‌ന വിധി പ്രകാരം ദൈവക്കരുവായ ആലിക്ക് കെട്ടിക്കോലം കല്‍പ്പിക്കുകയും ചെയ്തുവത്രേ. ഇതാണ് ആലിതെയ്യവുമായി ബന്ധപ്പെട്ട ഐതിഹ്യം.
 

click me!