'എന്റെ കയ്യേ... എന്റെ കണ്ണേ.. എന്റെ മനമേ.. എന്റെ തീയേ.. എന്റെ പ്രേമമേ' വിവാഹത്തിനുമപ്പുറം ഒരു സ്നേഹബന്ധം

By Web Team  |  First Published Feb 21, 2019, 12:10 PM IST

ഒരു ക്രിസ്മസ് രാവിൽ ജിബ്രാൻ മേരിക്ക് ഇങ്ങനെ എഴുതി, "മറ്റാരെക്കുറിച്ചും ഓർക്കാൻ പറ്റാത്ത പോലെ ഇന്ന് ഞാൻ നിന്നെക്കുറിച്ചോർക്കുന്നു പ്രിയസ്നേഹിതേ.. നിന്നെക്കുറിച്ചു ഓർക്കുന്തോറും ജീവിതത്തിന് മിഴിവേറിയേറി വരുന്നപോലെ.. ഞാൻ നിന്റെ കയ്യിൽ പതിയെ മുത്തുന്നു.. നിന്റെ കൈത്തലം മുത്തുന്നതോടെ ഞാൻ എന്നെത്തന്നെ അനുഗ്രഹിക്കുന്നു.."


"മേരീ... പ്രിയപ്പെട്ട മേരീ.. എനിക്ക് ആഹ്ലാദത്തേക്കാളധികം സങ്കടമാണ് നീയേകുന്നതെന്ന് നിനക്കെങ്ങനെ ചിന്തിക്കാൻ പറ്റി..?  ആനന്ദത്തിനും വേദനയ്ക്കുമിടയിലെ നേർത്ത വര ഒരാൾക്കും കാണാനാവുന്ന ഒന്നല്ല. പലപ്പോഴും അത് രണ്ടും ചേർന്നുകിടക്കും.. എന്നെ വേദനിപ്പിക്കുന്നത്ര ആനന്ദവും, ആനന്ദിപ്പിക്കാൻ പോന്നത്ര വേദനയും നീ എനിക്ക് തരുന്നുണ്ട്.."

ഇത് 'പ്രവാചകന്‍'റെ സ്രഷ്ടാവ് ഖലീല്‍ ജിബ്രാൻ, മേരി ഹെസ്കേൽ എന്ന തന്റെ കാമുകിക്കെഴുതിയ കത്തിലെ വരികളാണ്. 1904 മെയ് 10 -നാണ് ജിബ്രാൻ മേരിയെ കണ്ടുമുട്ടുന്നത്. ജിബ്രാന്റെ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയിൽ വെച്ച്. അന്ന് ജിബ്രാന് പ്രായം വെറും ഇരുപത്തൊന്നു വയസ്സുമാത്രം. മേരിയാണെങ്കിൽ ജിബ്രാനെക്കാൾ പത്തുവയസ്സിന്റെ മൂപ്പുകൂടുതലുള്ള ഒരു ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ്സും. ജിബ്രാൻ അന്ന് അസാധ്യമായി ചിത്രം വരച്ചിരുന്ന കാലം. ജിബ്രാന്റെ ചിത്രകലാപാടവത്തിൽ ആകൃഷ്ടയായ മേരി ഒരു ഓഫർ വെച്ചു. താൻ പാരീസിലയച്ചു ചിത്രകല പഠിപ്പിച്ചുകൊള്ളാം ഈ അസാമാന്യ പ്രതിഭയെ. പഠന-താമസ ചെലവുകൾക്ക് പുറമെ മാസം എഴുപത്തഞ്ചു ഡോളർ ചെലവിനും കൊടുത്തോളം. നിലനിൽപ്പിനു മാർഗ്ഗമില്ലാതുഴലുകയായിരുന്ന ജിബ്രാന് തന്റെ മുന്നിൽ പ്രത്യക്ഷയായ ഒരു മാലാഖയാണ് മേരി എന്നാണ് തോന്നിയത്. അദ്ദേഹം കണ്ണുമടച്ച് ഓഫർ സ്വീകരിച്ചു. അദ്ദേഹം അതേപ്പറ്റി തന്റെ ഒരു സ്നേഹിതന് കത്തെഴുതുകയും ചെയ്തു, "ഒരു ദിവസം വരും.. മേരി വഴിക്കാണ് ഞാൻ ഇന്നീ നിലയിലെത്തിയത്.. അറിയപ്പെടുന്നൊരു കലാകാരനായത് എന്ന് ഞാൻ അഭിമാനത്തോടെ ഓർക്കുന്നൊരു ദിവസം.." 

Latest Videos

എന്നാൽ, മേരിയുടെ ഉദാരതയിലും ഹൃദയവിശാലതയിലും ആരാധന തോന്നിത്തുടങ്ങിയിരുന്ന ജിബ്രാന് വളരെ പെട്ടെന്നുതന്നെ അവരോട് അദമ്യമായ അനുരാഗവും ഉള്ളിലുദിച്ചു. തന്നെ സ്പോൺസർ ചെയ്ത ഒരാൾ എന്നതിലുപരി, മേരിയെ ജിബ്രാൻ തന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിവരാനും തന്നെ കരുണയോടെ പരിചരിക്കാനും മനസ്സുകാണിക്കുന്ന ഒരാളെന്നാണ് കണ്ടത്. അത് സ്നേഹത്തിന്റെ ലക്ഷണമെന്നും. മേരിയുടെ ഉദാരതയിൽ ജിബ്രാൻ ഒരു കലാകാരനെന്ന നിലയിൽ അതിജീവനം കണ്ടെത്തിയെങ്കിലും അവരുടെ അകമഴിഞ്ഞ സ്നേഹത്തിൽ അദ്ദേഹം ഒരു മനുഷ്യനെന്ന നിലയിലും സ്വയം പ്രകാശനം നടത്തി.
 

 

വല്ലാത്തൊരു പ്രേമബന്ധമായിരുന്നു അവർക്കിടയിലുണ്ടായിരുന്നത്. പത്തുവർഷത്തെ പ്രായവ്യത്യാസത്തെ നിസ്സാരമാക്കുന്ന വല്ലാത്തൊരു മാനസികമായ അടുപ്പം വളരെപ്പെട്ടെന്നു തന്നെ അവർക്കിടയിൽ ഉടലെടുത്തു. അതൊരിക്കലും വാക്കുകളിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ജിബ്രാൻ മേരിക്ക് തുരുതുരാ കത്തുകളെഴുതിയിരുന്നു അക്കാലത്ത്. ആദ്യത്തെ കത്തുകളിലൊന്നിൽ ജിബ്രാൻ ഇങ്ങനെ കുറിച്ചു.

"മേരീ.. അടക്കാനാവാത്ത വിഷാദം എന്നെ ആവേശിക്കുന്ന  നേരങ്ങളിൽ, 'ഞാൻ' എന്ന മൂടൽ മഞ്ഞിൽ എനിക്ക് കാഴ്ച മങ്ങുന്ന വേളകളിൽ, ഞാൻ നമ്മുടെ കത്തുകൾ വീണ്ടുമെടുത്ത് വായിക്കും. അപ്പോൾ എന്റെ മനസ്സിലെ കന്മഷമെല്ലാം ഒഴിയും.. എന്റെ ജീവിതത്തിൽ ഭംഗി കെട്ടതെന്നും നിരാശാജനകമെന്നും എനിക്ക് തോന്നുന്നതിനെ ഒക്കെ കണ്ടില്ലെന്നു നടിക്കാൻ അപ്പോൾ എനിക്കാവും. നമുക്കൊക്കെയും ഓരോ വിശ്രമ കേന്ദ്രങ്ങളുണ്ടാവും.. എന്റെ ആത്മാവിന്റേത്, നിന്നെക്കുറിച്ചുള്ള ഓർമ്മ നിലനിൽക്കുന്നിടമാണ് മേരീ.."

ഒരു ക്രിസ്മസ് രാവിൽ ജിബ്രാൻ മേരിക്ക് ഇങ്ങനെ എഴുതി, "മറ്റാരെക്കുറിച്ചും ഓർക്കാൻ പറ്റാത്ത പോലെ ഇന്ന് ഞാൻ നിന്നെക്കുറിച്ചോർക്കുന്നു പ്രിയസ്നേഹിതേ.. നിന്നെക്കുറിച്ചു ഓർക്കുന്തോറും ജീവിതത്തിന് മിഴിവേറിയേറി വരുന്നപോലെ.. ഞാൻ നിന്റെ കയ്യിൽ പതിയെ മുത്തുന്നു.. നിന്റെ കൈത്തലം മുത്തുന്നതോടെ ഞാൻ എന്നെത്തന്നെ അനുഗ്രഹിക്കുന്നു.."

അവർ തമ്മിൽ വളരെപ്പെട്ടെന്ന് മാനസികമായും ശാരീരികമായും അടുത്തു. തന്റെ ഒരു ഡയറിയിൽ മേരി തങ്ങളുടെ ബന്ധത്തെ ഇങ്ങനെ രേഖപ്പെടുത്തുന്നു. "ഖലീൽ ഇന്നത്തെ സായാഹ്നം എന്റെ കൂടെയാണ് ചെലവിട്ടത്. അവനെന്നെ വളരെ ഇഷ്ടമാണെന്നും എന്നെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഇന്നവൻ എന്നോടറിയിച്ചു. ഞങ്ങൾക്കിടയിലെ പ്രായവ്യത്യാസം കാരണം അതൊരിക്കലും നടക്കുന്ന ചേലില്ല എന്നു ഞാൻ അപ്പോൾ തന്നെ അവനോടു പറഞ്ഞു.. അപ്പോൾ അവൻ നിരാശനായെന്നോണം മറുപടി പറഞ്ഞു, "മേരീ.. ഞാൻ നിന്നോട് അടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നീ എങ്ങോട്ടെങ്കിലും പറന്നകന്നുകളയും." അവന്റെ സൗഹൃദം എനിക്ക് അത്രമേൽ പ്രിയതരമായിരുന്നു. അതിനെ ഒരു പ്രണയത്തിന്റെ കെട്ടുപാടുകളിൽ പെടുത്തി കളഞ്ഞുകുളിക്കാൻ എനിക്ക് മനസ്സുവരുന്നുണ്ടായിരുന്നില്ല. എന്നിട്ടും, എന്തിനെന്നറിയില്ല, അടുത്ത ദിവസം അവൻ വീണ്ടും വന്നപ്പോൾ ഞാൻ അവനോട് എല്ലാറ്റിനും സമ്മതം മൂളി.." 

തുടർന്നു വന്ന വസന്തഋതുവിൽ അവർ അവരുടെ ജീവിതത്തിലെ പരമപ്രധാനമായ ഒരു തീരുമാനമെടുത്തു. ജീവിതത്തിൽ ഏറ്റവും അടുത്ത് കഴിയുമെങ്കിലും തമ്മിൽ ഒരിക്കലും വിവാഹിതരാവില്ല എന്ന്. അന്നത്തെ കാലത്ത് വളരെ 'റാഡിക്കൽ' ആയൊരു തീരുമാനമായിരുന്നു അത്.  'ലിവ് ഇൻ' റിലേഷൻഷിപ്പ് ഒന്നും ആലോചിക്കാൻ പോലും ആവാതിരുന്ന കാലമായിരുന്നു എന്നോർക്കണം. അപ്പോഴാണ് തന്നെക്കാൾ മൂത്ത ഒരു സ്ത്രീയുമായി വളരെ തീക്ഷ്ണമായ ഒരു ശാരീരികവും മാനസികവുമായ ബന്ധം പരസ്യമായിത്തന്നെ പുലർത്താൻ ജിബ്രാനും, അവന്റെ കിറുക്കുകൾക്ക് കൂട്ടുനിൽക്കാൻ മേരിയും തീരുമാനമെടുക്കുന്നത്. അതേപ്പറ്റി തന്റെ ഡയറിയിലെ വളരെ കാവ്യാത്മകമായ മറ്റൊരു പേജിൽ അവർ ഇങ്ങനെ കുറിക്കുന്നുണ്ട്.. 
 

 

"ജിബ്രാനെ അകമഴിഞ്ഞ് സ്നേഹിക്കാനിരിയ്ക്കുന്ന ഒരു ലോകത്തിലേക്കുള്ള വാതിൽ തുറക്കാൻ പോവുന്ന ചരിത്രനിമിഷമാണിത് എന്നെനിക്കു തോന്നുന്നു. അവന്റെ ഭാര്യ എന്നൊരു സ്ഥാനത്തേക്ക് കേറിയിരിക്കാനുള്ള ഒരു സാധ്യത ഇന്നെന്റെ മുന്നിൽ ഞാൻ കാണുന്നുണ്ട്. അതറിഞ്ഞതു മുതൽ കണ്ണീരിന്റെ മഴയിലാണ് ഞാൻ എല്ലാ പ്രഭാതങ്ങളിലും ഉണർന്നെണീക്കുന്നത്. അത് സങ്കടത്തിന്റെ കണ്ണീരല്ല. ഞങ്ങൾക്കിടയിലെ പ്രായവ്യത്യാസം എന്നെങ്കിലും  ഒരിക്കൽ ഒരു ബാധ്യതയാകും അവന്. അധികം താമസിയാതെ അവൻ എത്തിപ്പെടാനിരിക്കുന്ന ഒരു ഉദാത്ത പ്രണയത്തിലേക്കുള്ള ചവിട്ടുപടിയാവട്ടെ അവന് ഇപ്പോൾ എന്നോടു തോന്നുന്ന അനുരാഗം. അവന്റെ ഏറ്റവും മികച്ച സൃഷ്ടികളും, അവന്റെ ഏറ്റവും വലിയ ആനന്ദങ്ങളും അവന്റെ ജീവിതവുമൊക്കെ കരുപ്പിടിപ്പിക്കേണ്ടത് അവന്റെ ജീവിതത്തിൽ ഇനിയും വരാനിരിക്കുന്ന ആ പ്രണയത്തിലാണ്. അവനെന്നെ പിരിഞ്ഞുപോവും എന്നോർക്കുമ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു കുതിരുന്നുണ്ടെങ്കിലും, അവൻ ആ പ്രണയം കണ്ടെത്തുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു. ഇപ്പോൾ എവിടെയോ വളരുകയാണവൾ... അവനുവേണ്ടി വളർന്നുകൊണ്ടിരിക്കുകയാണവൾ.." 

ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമെടുത്ത് ഒരു മാസത്തിനു ശേഷം തനിച്ച് ഏതോ ഒരു കലാ മ്യൂസിയം സന്ദർശിക്കാൻ പോയ ജിബ്രാൻ അവിടെ നിന്നും മേരിക്ക് ഇങ്ങനെ എഴുതി, "ഇന്ന് ഞാൻ മ്യൂസിയം സന്ദർശിക്കയുണ്ടായി. വന്നത് നിന്നോടൊപ്പമായിരുന്നെങ്കിൽ എന്നെനിക്ക് എങ്ങനെ തോന്നുന്നുണ്ടെന്നോ.. നമ്മൾ ഒന്നിച്ചു വേണം ഇതൊക്കെ കാണാൻ, എന്റെ പെണ്ണേ.. എന്നെങ്കിലും നമ്മളൊന്നിച്ച് ഇവിടെ വീണ്ടും വരണം. ഈ ഉദാത്തമായ കലാസൃഷ്ടിക്കു മുന്നിൽ എത്ര ഏകാകിയായിട്ടാണ് ഞാൻ നിന്നതെന്ന് നിനക്കറിയുമോ..? നിൽക്കുന്നതിനി സ്വർഗ്ഗത്തിലാണെങ്കിലും തന്റെ പങ്കാളി കൂടെയില്ലെങ്കിൽ ആ ആനന്ദം വ്യർത്ഥമാണ്.. 

ശുഭരാത്രി, നിന്റെ കൈകളിലും കണ്ണുകളിലും എന്റെയുമ്മകൾ,

സ്നേഹം,
ഖലീൽ.. "

ഇടയ്ക്കിടെ സുഖമില്ലാതെയാവുന്ന പ്രകൃതമായിരുന്നു ദുർബല ശരീരനായ ജിബ്രാന്‍റേത്. അത്തരം ഒരു അസുഖക്കോളിൽ വിശ്രമത്തിലിരിക്കെ ജിബ്രാൻ മേരിക്ക് വീണ്ടുമെഴുതി.. "ഇപ്പോൾ, പ്രിയ മേരീ.. ഞാൻ വീണ്ടും കിടക്കാനുള്ള തയ്യാറെടുപ്പിലാണ്. കണ്ണടച്ച്, മച്ചിലേക്കു മുഖം തിരിച്ച് ഞാൻ നിന്നെക്കുറിച്ചുമാത്രം വീണ്ടും വീണ്ടും വീണ്ടുമോർക്കാൻ ശ്രമിക്കുന്നു. മേരീ... എന്റെ മനസ്സിന്റെ പർവതാരോഹകേ.. എന്റെ ജീവിതത്തെ മുന്നോട്ട് തെളിക്കുന്നവളേ.. നിനക്ക് സ്വസ്തി..

ശുഭരാത്രി,

സ്നേഹം,

ഖലീൽ.. "

പോകെപ്പോകെ ജിബ്രാന്റെ കത്തുകൾ കൂടുതൽ കാല്പനികമായിക്കൊണ്ടിരുന്നു.. 

"നിന്റെ കഴിഞ്ഞ കത്ത്.. ഒരു അഗ്നിനാളമാണ്.. ചിറകുള്ള ഭൂഗോളം.. അജ്ഞാതമായ ഏതോ സംഗീതമുയർന്നു കേൾക്കുന്ന ആ ദ്വീപിൽ നിന്നുമുയരുന്ന അല.. ഇങ്ങനെ എരിയുന്നതിലെ ആനന്ദം നിനക്കറിയില്ലല്ലോ..? എരിഞ്ഞുതീരുമ്പോൾ ഒരാൾ കെട്ടുപാടുകളിൽ നിന്നെല്ലാം മോചിതനാവുന്നു. തീയേക്കാൾ ആനന്ദമേകുന്ന മറ്റൊന്നുമില്ല പ്രിയേ..

ഇപ്പോൾ, ഈ നിമിഷം എന്റെയുള്ളിലെ എല്ലാ ഒച്ചയുമെടുത്തുകൊണ്ട്, ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന് ഉച്ചത്തിൽ വിളിച്ചുകൂവാനെന്നെ നീ അനുവദിക്കൂ.. 

സ്നേഹം,
ഖലീൽ.."  

മറ്റൊരു കത്തിൽ ജിബ്രാൻ ഇങ്ങനെ എഴുതി, "മറ്റൊരിക്കലെന്നപോലെ ഇപ്പോഴും ഞാൻ നിന്നോട് ശുഭരാത്രി പറയും.. നിന്റെ നിറുകയിൽ ചുംബിച്ചു കൊണ്ട്, നിന്നോട് ശുഭരാത്രി പറഞ്ഞുകൊണ്ട്, നിറഞ്ഞുതുളുമ്പുന്നൊരു ഹൃദയവും ആർത്തമായ ആത്മാവുമായി ഞാൻ ഈ തെരുവിലേക്കിറങ്ങും. പക്ഷേ, എന്നാലും നിന്നെ ഒരിക്കൽക്കൂടി ചുംബിക്കാനും നിന്നോട് ശുഭരാത്രി പറയാനുമായി ഞാൻ വീണ്ടും തിരിച്ചെത്തും, വാതിൽ തുറന്ന് ഈ രാവിന്‍റെ തണുത്ത തെരുവുകളിലേക്ക് നിറഞ്ഞുതുളുമ്പുന്നൊരു ഹൃദയവും ആർത്തമായ ഒരു ആത്മാവുമായി ഒരിക്കൽ കൂടി  ഇറങ്ങിപ്പോവാനായി.'' 

അതിന് മേരി വളരെ വികാര തീവ്രമായിത്തന്നെ മറുപടിയും കുറിക്കുന്നു.. 

"എന്റെ കയ്യേ... എന്റെ കണ്ണേ.. എന്റെ മനമേ.. എന്റെ തീയേ.. എന്റെ പ്രേമമേ.. നിന്നെക്കുറിച്ച് നിന്നോട് പറയാതിരിക്കാൻ ഇനിയുമെനിക്കാവുന്നില്ലല്ലൊ പ്രിയാ.. ഖലീൽ.. നീ എന്റെ ഹൃദയത്തിന്റെ ഉള്ളിൽ വിശ്രമിക്കുന്നു.. അതേ.. വർഷങ്ങൾ കഴിയുന്തോറും നീയിരിക്കുന്ന ആ ഇടത്തിന്റെ വ്യാപ്തിയും ആഴവും കൂടിക്കൂടി വരുന്നു.." 

അടുത്തമാസം അവർ ഇങ്ങനെ കുറിച്ചു, "നിന്നെ പ്രേമിക്കാൻ എന്റെ ഹൃദയം പോരാഞ്ഞ് ഞാൻ ദൈവത്തിന്റെ ഹൃദയം കടം ചോദിച്ചു വാങ്ങി. അത് ഏറെ വിശാലമാണ്.. നിന്നോടുള്ള എന്റെ പ്രണയത്തെ ഉൾക്കൊള്ളാൻ പോന്നത്ര.. ദിനേന വികസിക്കാൻ കഴിവുള്ളതും.."

ആ വസന്താരംഭത്തിൽ ബോസ്റ്റണിലിരുന്നുകൊണ്ട് മേരി ന്യൂയോർക്കിലേക്ക് ജിബ്രാന് കത്തെഴുതി.. "നീയിപ്പോൾ എന്താണെഴുതുന്നത്..? അത് എങ്ങനെ പോവുന്നു..?  നീ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്.. ആ ചിന്തകൾ എങ്ങനെ പോവുന്നു..? നിനക്കെന്നോട് എന്താണ് മിണ്ടാൻ തോന്നുന്നത്..? 'നീ ' അവിടെങ്ങനെ പോവുന്നു..? നിന്റെ കൈകൾ ആറുമണിക്കൂർ നീണ്ട് ഇങ്ങു ബോസ്റ്റണിൽ വന്ന് എന്നെ പുണരാത്തതെന്തുകൊണ്ടാണ്..? എന്റെ സ്വപ്നത്തിലെങ്കിലും വന്ന് രാത്രിയെ രാത്രിയേക്കാൾ മധുരതരമാക്കാത്തതെന്താണ്.. " 

ജിബ്രാൻ തിരികെ മേരിക്കെഴുതി, "ഈ അപൂർവ്വസുന്ദരലോകത്തിൽ നമ്മളിരുവരും കൈകോർത്തുപിടിച്ചു നടന്നുപോവുകയാണ്, ഒരാളുമറിയാതെ ഇങ്ങനെ.. അതെത്ര സുന്ദരമാണല്ലേ..? ഉദാരമായ ഈ ജീവിതത്തിനു നേർക്ക് കൈകൾ വിരിച്ചു നിൽക്കുന്നു നമ്മൾ രണ്ടും... "

"നിന്നോടൊത്ത് നിശ്ശബ്ദനായിരിക്കാൻ ഞാൻ ആശിക്കുന്നു മേരീ.." എന്ന് ജിബ്രാൻ എപ്പോഴോ എഴുതി.

ഇടയ്ക്കിടെ വന്നുപോയ്ക്കൊണ്ടിരുന്ന അസുഖങ്ങൾ ജിബ്രാനെ വല്ലാതെ വലയ്ക്കുന്നുണ്ടായിരുന്നു. ഒപ്പം ക്രിയേറ്റീവ് ബ്ലോക്കും.. ഒന്നും വരയ്ക്കാനാവാതെ ആഴ്ചകൾ പിന്നിടേണ്ടി വരുമ്പോൾ ജിബ്രാൻ ആകെ നിരാശനാവും. അപ്പോഴേക്കും മേരിയുടെ ഒരു കത്ത് വന്നിറങ്ങി ജിബ്രാനെ വീണ്ടെടുക്കും.. ആ കത്തിൽ ജിബ്രാൻ കേൾക്കാൻ കൊതിച്ചതത്രയും മേരി എഴുതി നിറച്ചിട്ടുണ്ടാവും.. "ഖലീൽ.. നീയൊരു കവിയോ അല്ലെങ്കിൽ ഒരു ചിത്രകാരനോ ആവണം എന്ന് ഞാൻ നിർബന്ധിക്കില്ല.. നീ എന്തിലേക്കാണോ നയിക്കപ്പെടുന്നത് അതാവുക.. നീ ആയിത്തീരുന്നതൊന്നും തന്നെ എന്നെ നിരാശപ്പെടുത്തില്ല. നീ ആയിത്തീരാനോ ചെയ്തു തീർക്കാനോ പോവുന്നതിനെപ്പറ്റി  അങ്ങനെ ഒരു  മുൻധാരണകളും എനിക്കില്ല. നിന്നെപ്പറ്റി പ്രവചനങ്ങൾ നടത്തി അത് പ്രതീക്ഷിച്ചിരിക്കുന്ന ഒരുവളല്ല ഞാൻ.. നിന്നെ അനുനിമിഷം കണ്ടെത്താനാണ് എനിക്കാഗ്രഹം.. നിനക്കൊരിക്കലും എന്നെ നിരാശപ്പെടുത്താനാവില്ല ഖലീൽ.. " 

അടുത്ത വർഷവും ജിബ്രാൻ എഴുതാനാവാതെ വലഞ്ഞുകൊണ്ടിരുന്നു. അപ്പോഴും മേരി എഴുതി.. "നിന്റെ സൃഷ്ടി, നിന്റെ പുസ്തകങ്ങളോ നിന്റെ ചിത്രങ്ങളോ മാത്രമല്ല. നീ തന്നെയാണ് നിന്റെ സൃഷ്ടി. അതിന് ഒരുപാട് ശകലങ്ങളുണ്ട്. നിന്റെ സൃഷ്ടികൾ നീ തന്നെയാണ്. നിന്റെ അംശമല്ല അത്, നിന്നെക്കാൾ ചെറുതുമല്ല. ഒന്നും ചെയ്യാനാവാതിരിക്കുന്ന ഈ ദിനങ്ങളിലും നീ അത് നേടിക്കൊണ്ടിരിക്കുക തന്നെയാണ്. സൃഷ്ടിക്കാൻ ആവുന്ന ദിനങ്ങളെന്നും ആവാത്തവയെന്നും വേർതിരിവ് വേണ്ട. ഒക്കെ നീ തന്നെയാണ്. ഒന്നുതന്നെയാണ്. എല്ലാറ്റിലും നിന്റെ പ്രാണനുണ്ട്. നിന്റെ എഴുത്തിനൊപ്പം നിന്റെ മൗനങ്ങളും വായിക്കപ്പെടും. നിന്റെ ജീവിതത്തിലെ ഇരുളും വെളിച്ചത്തിന്റെ ഭാഗം തന്നെയാണ്. " 

ഈ പ്രചോദനങ്ങൾക്ക് മറുപടിയെന്നോണം ഒരിക്കൽ ജിബ്രാൻ ഇങ്ങനെ എഴുതി, "നിന്റെ കത്തുകൾ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഞാൻ എങ്ങനെയാണ് എഴുതുക മേരീ.. എന്റെ ആത്മാവിനുള്ളിൽ മറ്റൊരാത്മാവിനെ ഉണർത്തുന്നുണ്ടവ. എനിക്കുള്ള ജീവിതസന്ദേശങ്ങളാണ് നിന്റെ കത്തുകൾ. എന്തോ, എനിക്കേറ്റവും വേണ്ട നേരത്താവും എപ്പോഴും നിന്റെ കത്ത് എന്‍റെ കയ്യിലെത്തുക.. ഇനിയുമേറെ ദിനങ്ങൾക്കായി, രാത്രികൾക്കായി, ജീവിതത്തിനായി കൊതിക്കുവാൻ അതെന്നെ പ്രേരിപ്പിക്കുന്നു. അനാവൃതമായ എന്റെ  ഹൃദയം തണുത്തുവിറയ്ക്കുമ്പോൾ,  അനാവൃതമായ തണുത്തുവിറയ്ക്കുന്ന ഹൃദയങ്ങൾക്ക് ഒരു നാളെയുണ്ടെന്ന് ആരെങ്കിലും എന്നോട് പറഞ്ഞെങ്കിൽ എന്നെനിക്ക് തോന്നാറുണ്ട്.. നിന്റെ എഴുത്തുകൾ ചെയ്യുന്നതും അതൊന്നുതന്നെയാണ്.."
 

ജിബ്രാൻ മേരിക്കയച്ച കത്തുകളും മേരിയുടെ മറുപടികളും വായിച്ചു തീരില്ലൊരിക്കലും. ഒരു കത്തിൽ ജിബ്രാൻ മേരിയോട് പറഞ്ഞ ഒരു കുഞ്ഞു കഥയിൽ അവസാനിപ്പിക്കാം . ജിബ്രാൻ മേരിക്ക് ഇങ്ങനെ എഴുതി. 

"പ്രിയ മേരീ.. ഞാൻ ഇന്നെഴുതിത്തീർത്ത ഒരു കുഞ്ഞുകഥ ഇതോടൊപ്പം ചേർക്കട്ടെ.. അധികമൊന്നും എഴുതാനാവുന്നുണ്ടായിരുന്നില്ലെനിക്ക്.. എഴുതിയതോ അറബിയിലും.. എന്നാലും ഈ ഒരു കഥയില്‍ നിന്റെ അഭിപ്രായങ്ങളും തിരുത്തലുകളും എനിക്കുവേണം. നോക്കൂ.. 

ഒരു അമ്പലത്തിന്റെ തണലിൽ എന്റെ സുഹൃത്ത് എനിക്കൊരു അന്ധനെ കാട്ടിത്തന്നു കൊണ്ട് പറഞ്ഞു, "ഇയാൾ ഒരു ജ്ഞാനിയാണ്.." 
ഞങ്ങൾ അയാൾക്കരികിലേക്ക് ചെന്നു. ഞാനയാളോട് ചോദിച്ചു, " സുഹൃത്തേ.. എന്നുമുതൽക്കാണ് നിങ്ങൾക്ക് കാഴ്ച നഷ്ടമായത്..? "

"ഞാൻ ജന്മനാ അന്ധനാണ് ഹേ.. " അയാൾ മറുപടി തന്നു. 

"ഞാനൊരു വാനനിരീക്ഷകനാണ്.." ഞാനയാളോട് പറഞ്ഞു. 

"ഞാനും.." അയാൾ പറഞ്ഞു. എന്നിട്ടയാൾ എന്റെ കയ്യെടുത്ത് തന്റെ നെഞ്ചിൽ വെച്ചുകൊണ്ട് തുടർന്നു, "ദേ.. ഇതിനുള്ളിലിങ്ങനെ പാഞ്ഞുനടക്കുന്ന നക്ഷത്രങ്ങളെയും ഒരായിരം സൂര്യന്മാരെയും ഉറ്റുനോക്കികൊണ്ടിരിക്കയാണ്, പെറ്റു വീണന്നു തൊട്ടേ ഈ ഞാൻ..." 

click me!