നടനും സംഗീതഞ്ജനുമായിരുന്ന ഹരിനാരായണനെ ചിരകാല സുഹൃത്ത് ജോയ് മാത്യു ഓർമ്മിക്കുന്നു. സുജിത് ചന്ദ്രൻ, ജോയ് മാത്യുവുമായി നടത്തിയ അഭിമുഖം.
ജോയ് മാത്യുവിന് ആരായിരുന്നു ഹരിനാരായണൻ?
ഞാൻ ഹരിയുടെ സംസ്കാരം കഴിഞ്ഞിപ്പോൾ മടങ്ങിവന്നതേയുള്ളൂ, എനിക്കാരായായിരുന്നു ഹരി? സഹപ്രവർത്തകൻ, സംഗീതജ്ഞൻ, സഹനടൻ, സ്നേഹിതൻ? ഇതൊക്കെയും. ജോണിനും മുമ്പേ ഞാൻ പരിചയപ്പെട്ടത് ഹരിയെ ആയിരുന്നു. ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളൊന്നും ആയിരുന്നില്ല. പക്ഷേ അടുത്ത സുഹൃത്തുക്കളായിരുന്നു.
undefined
എങ്ങനെയായിരുന്നു ആ സൗഹൃദത്തുടക്കം?
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തേ എനിക്ക് ഹരിയെ അറിയാമായിരുന്നു. മീഞ്ചന്ത റോഡ് സൈഡിൽത്തന്നെയാണ് ഹരിയുടെ വീട്. ഞങ്ങൾ കൂട്ടുകാർ അവിടെ പോകലൊക്കെയുണ്ടായിരുന്നു. അന്നേ അയാൾ അറിയപ്പെടുന്ന തബലിസ്റ്റാണ്. ഞങ്ങളുടെ നാടക ആലോചനകൾക്കും കലാപരിപാടികൾക്കുമെല്ലാം ഹരിയുടെ പിന്തുണയും സഹായവും ഉണ്ടായിരുന്നു. അന്നേ അനാർക്കിസ്റ്റ് ജീവിതമാണ്. പക്ഷേ മറ്റുള്ളവർക്ക് അലോസരവും ശല്യവുമാകുന്ന അനാർക്കിസ്റ്റായിരുന്നില്ല അയാൾ. നാടകത്തിന്‍റെ ആലോചനക്കും പരിശീലനത്തിനും അവതരണത്തിനുമൊന്നും ഹരിയുടെ ലഹരിയും അരാജകത്വവും തടസ്സമാകില്ല. ഹരി അന്നേ ഒരു ഡിസിപ്ലിൻഡ് അനാർക്കിസ്റ്റായിരുന്നു. പിന്നീടും അയാൾ പൊതുവേദിയിൽ മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല, വഴിയിൽ കിടന്ന് നാട്ടുകാർക്ക് ശല്യമായിട്ടില്ല, പരിപാടികൾ കലക്കിയിട്ടില്ല. അനാർക്കിസ്റ്റുകളായി ആഘോഷിക്കപ്പെട്ട പലരും അങ്ങനെയായിരുന്നല്ലോ. അയ്യപ്പനും സുരാസുവുമെല്ലാം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ അനാർക്കിസ്റ്റുകളായിരുന്നു.
നക്സൽ പ്രസ്ഥാനവുമായി ഹരിനാരായണൻ സഹകരിച്ചിരുന്നോ?
ഇല്ല, പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടരാവുകയും പൊതു, കലാ ജീവിതം ആ വഴിക്ക് നീങ്ങുകയും ചെയ്തപ്പോഴും ഹരി പഴയപടി തബലയും മൃദംഗവും വായനയും പിന്നെ ലഹരിയുമായി തുടർന്നു. ഇതെല്ലാം അയാൾക്ക് ലഹരിയായിരുന്നു. പ്രസ്ഥാനത്തോട് ഒരുപക്ഷേ ആഭിമുഖ്യം ഒക്കെ ഉണ്ടായിരുന്നിരിക്കണം. പക്ഷേ അതിന്‍റെ ഡിസിപ്ലിൻ അയാൾക്ക് പറ്റില്ലായിരുന്നു. സിഗരറ്റും ബീഡിയുമല്ലാത്ത ലഹരികളൊന്നും ഉപയോഗിക്കരുതെന്ന് അന്ന് ഞങ്ങൾക്ക് നിർദ്ദേശമുണ്ടായിരുന്നു. അതൊന്നും ഹരിയെക്കൊണ്ടാകില്ല. പക്ഷേ നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഞങ്ങളുടെ നാടകങ്ങൾക്കും അവതരണങ്ങൾക്കുമെല്ലാം ഹരിയുടെ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു.
'അമ്മ അറിയാൻ' കാലത്തെക്കുറിച്ച്?
അമ്മ അറിയാൻ സിനിമയിലെ എന്‍റെയും ഹരിയുടേയും കഥാപാത്രങ്ങൾ ജോണിന്‍റെ തന്നെ ഭിന്ന വ്യക്തിത്വങ്ങളായിരുന്നു. അരാജകവാദിയായ കലാകാരൻ എന്ന ജോണിന്‍റെ ആത്മാംശം തന്നെ ആയിരുന്നു ഹരി. അമ്മയ്ക്ക് കത്തെഴുതുന്ന, ഉൽപ്പതിഷ്ണുവായ, സംശയാലുവായ, സന്ദേഹിയായ എന്‍റെ കഥാപാത്രവും ജോൺ തന്നെയായിരുന്നു. I am not actor എന്ന് ഹരി ഇടക്കിടെ പറയുമായിരുന്നു. പക്ഷേ, ജോണുമായി എന്നേക്കാളും നല്ല കമ്യൂണിക്കേഷൻ സാധ്യമായിരുന്നത് ഹരിക്കാണ്.
ചിത്രീകരണത്തിനിടയിലെ ചില നിമിഷങ്ങൾ ഓർത്തെടുക്കാൻ പറഞ്ഞാൽ ആദ്യം ഓർമ്മയിൽ വരുന്നതെന്താണ്?
കുറേ ഓർമ്മകളുണ്ട്, ചിത്രീകരണത്തിന് മുമ്പും പിമ്പുമെല്ലാം. അതുടൻ ഞാൻ എഴുതുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ വച്ച് പ്രധാനപ്പെട്ട ചില ഭാഗങ്ങൾ എടുക്കാനുണ്ടായിരുന്നു. ഹരി മോർച്ചറിയിലെ ട്രേയ്ക്കുള്ളിൽ കിടക്കണം. ഞാൻ വന്ന് ട്രേ വലിച്ചുതുറന്ന് ഹരിയുടെ ബോഡി തിരിച്ചറിയണം. അവന്‍റെ കഥാപാത്രത്തിന്‍റെ പേരും ഹരി എന്നുതന്നെ ആയിരുന്നല്ലോ. പിന്നീട് പുറത്തുപോയി നിലമ്പൂർ ബാലനേയും, രാമചന്ദ്രൻ മൊകേരിയേയും കൂട്ടിക്കൊണ്ടുവന്ന് ബോഡി കാണിക്കണം. ഇതാണ് സീൻ. എന്നാൽ സമയം ആയപ്പോൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ മോർച്ചറി ചിത്രീകരണത്തിന് വിട്ടുതരാനാകില്ല എന്നു പറഞ്ഞു. ജോൺ ആകെ വയലന്‍റായി. “കണ്ട കച്ചവടസിനിമക്കാരൊക്കെ വന്നു ചോദിക്കുമ്പോൾ കൊടുക്കുമല്ലോ” എന്നും മറ്റും പറഞ്ഞ് ജോൺ ക്ഷുഭിതനായി. പിന്നെ കുറേ തെറിയും പറഞ്ഞു.
ചിത്രീകരണം ഏതായാലും മുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽവച്ചാണ് ആ ഭാഗം പിന്നീട് എടുത്തത്. അനുമതി എടുത്ത് ഞങ്ങൾ മോർച്ചറിക്കുള്ളിൽ കടന്നു. സ്പിരിറ്റിന്‍റേയും ചോരയുടേയും ശവങ്ങളുടേയും കുഴഞ്ഞ രൂക്ഷ ഗന്ധം. ഞാൻ പുറത്തുവന്ന് ഛർദ്ദിച്ചു. പുറകെ ഹരിയും ഛർദ്ദിച്ചു. ജോൺ ഇതൊന്നും ഗൗനിക്കാതെ ഓരോരോ ട്രേയായി വലിച്ചുതുറക്കുകയാണ്. മിക്കതിലും ശവശരീരങ്ങളുണ്ട്. തല പൊട്ടിയതും മരിച്ച് ദിവസങ്ങൾ ആയതുമൊക്കെയാണ് മിക്കതും. ഒടുവിൽ ഒരു ഒഴിഞ്ഞ ട്രേ ജോൺ കണ്ടുപിടിച്ചു. ആ ഭാഗം ലൈറ്റപ്പ് ചെയ്യാൻ നിർദ്ദേശിച്ചു. പിന്നീട് ‘ഡാ, ഷർട്ടൂരി കേറിക്കിടന്നോ’ എന്ന് ഹരിയോട് സംവിധായകന്‍റെ നിർദ്ദേശം. ഹരി പഴയ പല്ലവി ആവർത്തിച്ചു. ‘എനിക്കാവില്ല ജോൺ, I am not an actor’. ജോൺ ഒന്നും മിണ്ടാതെ പുറത്തേക്കുപോയി. ഇത്തിരി കഴിഞ്ഞ് ഇരുന്നൂറ് മില്ലി പട്ടയും വാങ്ങി മടങ്ങിയെത്തി. പകുതി ജോണും പകുതി ഹരിയും കുടിച്ചു. അതിനകം അയാൾ ട്രേയ്ക്കുള്ളിൽ കിടക്കാൻ മാനസികമായി തയ്യാറെടുത്തിരുന്നു.
‘ചുമ്മാ കേറിക്കിടന്നോടാ, ഇതൊക്കെ ഒരു അപൂർവ അവസരമാണ്’ ജോണിന്‍റെ തമാശ. ഹരി ട്രേയ്ക്കുള്ളിൽ കിടന്നു. ട്രേ അടച്ചു. ഞാൻ കയറിവന്ന് ട്രേ വലിച്ചുതുറന്നു. അതിനുള്ളിൽ തുറിച്ച കണ്ണുമായി ഹരി. ട്രേ അടച്ചതിന് ശേഷം ബാക്കിയുള്ളവരെ കൂട്ടിക്കൊണ്ടുവരാൻ പുറത്തേക്ക് നടന്നു. ‘ഇനി അടുത്ത ഷോട്ടല്ലേ, ഇനിയിപ്പോൾ ഹരിക്കിറങ്ങാമല്ലോ..’ ഞാൻ ചോദിച്ചു. ജോൺ സമ്മതിച്ചില്ല. ‘നീ ചുമ്മാതിരി, അവനവിടെ കിടന്നോളും’. ഈ സമയമെല്ലാം ഫ്രീസർ ഓൺ ആണെന്നോർക്കണം. മറ്റ് ട്രേകളിൽ ശവശരീരങ്ങളുണ്ടല്ലോ. മാത്രമല്ല, ട്രേ തുറക്കുമ്പോൾ ആവി പറക്കുന്നത് ഷോട്ടിൽ കിട്ടുകയും വേണം. ഏതായാലും ഷോട്ട് പൂർത്തീകരിച്ച് പുറത്തിറങ്ങുമ്പോൾ ഹരി തണുത്ത് കിടുകിടാ വിറയ്ക്കുകയാണ്. “എങ്ങനുണ്ടാരുന്നു ഹരീ?” ഞാൻ ചോദിച്ചു. “എന്‍റെ ജോയ്, അപ്പുറത്ത് തല തകർന്ന ബോഡി, അതിന്‍റെ മണം... ഞാൻ പിന്നെ കണ്ണടച്ചങ്ങു കിടന്നു” ഹരി മറുപടി പറഞ്ഞു.
അങ്ങനെ എന്തെല്ലാം, പിന്നെയൊരു ദിവസം ഞെരളത്ത് രാമപ്പൊതുവാളിന്‍റെ ഷോട്ട് എടുക്കുമ്പോൾ കുളിച്ച് കുറിതൊട്ട് ശുഭ്രവസ്ത്രധാരിയായി അദ്ദേഹത്തോടൊപ്പം ബഹുമാനത്തോടെ ലൊക്കേഷനിൽ വന്നുനിന്ന ഹരിയേയും ഞാനീ നിമിഷം ഓർക്കുന്നു. അങ്ങനെ കൂടിക്കുഴഞ്ഞ പല സ്മൃതിചിത്രങ്ങളാണ് ഇപ്പോൾ മനസ്സിൽ.
സർഗ്ഗപ്രതിഭയെ അച്ചടക്കമില്ലാതെ ജീവിച്ച്, ധാരാളിച്ചുകളഞ്ഞ ഒരു ധൂർത്തനായിരുന്നോ ഹരിനാരായണൻ?
ഞാനങ്ങനെ കാണുന്നില്ല, അയാൾക്ക് അങ്ങനെയാകാനല്ലേ പറ്റുമായിരുന്നുള്ളൂ? ഹരി ഇങ്ങനെയൊക്കെയാകുമെന്നേ ഞാൻ പ്രതീക്ഷിച്ചിട്ടുള്ളൂ. ലഹരിയിൽ നിന്നും ഒരു ആർട്ടും ഉണ്ടാകില്ലെന്നാണ് എന്‍റെ അഭിപ്രായം. പക്ഷേ ഹരിയുടെ ആർട്ടിനെപ്പറ്റിയുള്ള കാഴ്ചപ്പാട് അതിന്‍റെ പരിപൂർണ്ണത ഒന്നും നമ്മുടേതായിരുന്നില്ല. നിർത്തണം എന്ന് തോന്നുമ്പോൾ നിർത്താനും, തുടരണം എന്ന് തോന്നുമ്പോൾ തുടരാനും അയാൾക്കാകുമായിരുന്നില്ല, സംഗീതവും ലഹരിയും ഒന്നും. ഒരു താളം ഇന്നയിടത്ത് മുറിക്കണമെന്നും മനോധർമ്മം വരണമെന്നും കൊട്ടിക്കയറണമെന്നും ഒക്കെ നമ്മുടെ ആഗ്രഹങ്ങളും ചിട്ടകളുമാണ്. അത് നമ്മുടെ പ്രശ്നവും ആകാമല്ലോ. ഹരിയുടെ ചിട്ട വേറെയായിരുന്നു. സർഗ്ഗാത്മകതയുടെ ലഹരിയായിരുന്നു അയാൾ, ഭക്ഷണം ഇല്ലെങ്കിലും മദ്യം ഇല്ലെങ്കിലും മൃദംഗവും തബലയുമുണ്ടെങ്കിൽ ഹരി ജീവിക്കുമായിരുന്നു. അയാൾ പരാജയമാണെന്നും ഞാൻ കരുതുന്നില്ല. അയാൾക്കിഷ്ടമുള്ള രീതിയിൽ അയാൾ സ്വന്തം പ്രതിഭയെ ആഘോഷിച്ചു. ഹരി ശ്രമിച്ചാലും അയാളൊരു ലോകപ്രശസ്ത സംഗീതജ്ഞൻ ആകുമായിരുന്നില്ല. പ്രശസ്തനാകണമെന്ന് അയാൾക്ക് ആഗ്രഹമില്ലായിരുന്നു, പ്രഗത്ഭനായാൽ മതിയായിരുന്നു. സ്വയം തൃപ്തിപ്പെടുത്തിയാൽ മതിയായിരുന്നു.
ജോൺ സ്കൂളിലെ അവസാനത്തെ പ്രതിഭയായിരുന്നോ ഹരിനാരായണൻ?
അല്ല, അല്ലേയല്ല. തെറ്റാണത്. ജോണും ഹരിയും രണ്ടു തരമായിരുന്നു. അനാർക്കിസത്തെ നമ്മൾ ഒരു കള്ളിയിലാക്കുന്നതിന്‍റെ താരതമ്യപ്രശ്നമാണത്. ജോൺ തീരെ ഡിസിപ്ലിൻഡ് അല്ലായിരുന്നു. ഹരി അങ്ങനെയായിരുന്നു. ചിന്തയിലും പ്രവൃത്തിയിലും വീക്ഷണത്തിലുമെല്ലാം വ്യത്യസ്തരാണവർ. ആർട്ടിസ്റ്റുകളെല്ലാം ഒരുതരത്തിൽ അനാർക്കിസ്റ്റുകളാണ്, മനസ്സിലെങ്കിലും. ചിലരുടെ അനാർക്കിസത്തിന് കൂടുതൽ ദൃശ്യത ഉണ്ടാകും. ഒരു അനാർക്കിസ്റ്റ് അശംമില്ലെങ്കിൽ നിങ്ങളൊരു പാർട്ടി കലാകാരനാകും. പാർട്ടി എന്നുവച്ചാൽ മാർക്സിസ്റ്റ് പാർട്ടി എന്നല്ല കേട്ടോ. കോൺഗ്രസോ ബിജെപിയോ എന്തുമാകാം. നിങ്ങൾ ഒരു സ്ഥാപനമായിപ്പോകും.
ജോൺ മരിച്ചതിന് ശേഷം ഒരു പത്തുനാൽപ്പത് ജോണുമാർ കേരളത്തിലുണ്ടായിരുന്നു. ജോണിനെപ്പോലെ തന്നെ മുടിയൊക്കെ നീട്ടി, മുഷിഞ്ഞ ജീൻസുമിട്ട്, കവിതയും വലിയ വർത്താനവുമൊക്കെ പറഞ്ഞു നടന്നവർ. അവരെ ആരെയെങ്കിലും ഇന്ന് കാണുന്നുണ്ടോ? അവർ ആരെങ്കിലും ജോണായോ? ഇല്ല. അതിന് സർഗ്ഗപ്രതിഭ വേണം. ഞാൻ പറഞ്ഞുവന്നത്, ജോണും ഹരിയും രണ്ടാണെന്നാണ്.
സുഹൃത്തായ ഹരിനാരായണനെ എങ്ങനെ ഓർക്കുന്നു?
അടിമുടി മനുഷ്യനായിരുന്നു, an outstanding human being. വല്ലാത്ത വായിച്ചറിവുണ്ടായിരുന്നു. അതിന്‍റെ മര്യാദയും വിവേകവും അയാൾക്കുണ്ടായിരുന്നു. Sensible എന്ന് ഇംഗ്ലീഷിൽ പറയില്ലേ? ഇംഗ്ലീഷിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, ഓക്സ്ഫോഡ് ഇംഗ്ലീഷ് ആയിരുന്നു ഹരിയുടേത്. ലഹരിയിൽ മുങ്ങിനിവർന്നവൻ എന്നേ ചിലർക്കറിയൂ. എന്ത് പറയാൻ!
അയാൾ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്ന് ഞാൻ വീണ്ടും പറയും. ഈയടുത്തിടെ അയാളെക്കുറിച്ച് ചില ആരോപണങ്ങളൊക്കെ പറഞ്ഞുകേട്ടു. ഹരിയെക്കുറിച്ച് അറിയുന്നവർക്കറിയാം സ്ത്രീകളോടൊക്കെ അങ്ങേയറ്റം മാന്യമായേ അയാൾ പെരുമാറിയിട്ടുള്ളൂ. അന്ന് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ ജെന്‍റിൽമാൻമാർ ജോണും ഹരിയുമായിരുന്നു. ഹരിക്കെതിരായ അത്തരം ആരോപണങ്ങളെ ഒരു ക്രൈം എന്നേ ഞാൻ വിളിക്കൂ. ഈ നിമിഷം അവനെപ്പറ്റി ഇതിൽക്കൂടുതൽ പറയാൻ തോന്നുന്നില്ല. ഞാൻ ഉടൻ എഴുതാം...