ദീര്‍ഘകാലം സന്തോഷത്തോടെ ജീവിച്ചിരിക്കാന്‍ ഇതാ 'ഇക്കിഗായ്' മോഡല്‍

By Web Team  |  First Published Jun 25, 2020, 12:13 PM IST

“നിങ്ങൾ ഇഷ്‍ടപ്പെടുന്ന കാര്യങ്ങൾ മാത്രം ചെയ്യുമ്പോൾ, അത് നിങ്ങളുടെ അഭിനിവേശമായി മാറുന്നു. അതിൽനിന്ന് നിങ്ങൾ‌ക്ക് പണം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ തൊഴിലായി മാറുന്നു. ലോകത്തിന് ഉപകാരപ്രദവും നിങ്ങൾ ഇഷ്‍ടപ്പെടുന്നതുമായ ഒരു കാര്യം നിങ്ങൾ ചെയ്യുമ്പോൾ അത് നിങ്ങളുടെ നിയോഗമായി തീരുന്നു”


നമ്മളിൽ എത്ര പേര്‍ ജീവിതത്തിൽ സന്തുഷ്‍ടരാണ്? പൂര്‍ണമായും സന്തുഷ്‍ടരായ ആരുംതന്നെ ഉണ്ടാകണമെന്നില്ല. മിക്കപ്പോഴും നമ്മൾ സന്തോഷത്തിന്‍റെ പിന്നാലെ പായുമ്പോൾ അത് നമ്മിൽ നിന്ന് കൂടുതൽ അകന്ന് പോവുകയാണ് ചെയ്യുന്നത്.  എന്നാൽ, സ്‍പാനിഷ് എഴുത്തുകാരൻ ഫ്രാൻസെസ്‍ക് മിറാലെസ് തന്‍റെ പുസ്‍തകത്തിൽ ദീർഘവും സന്തുഷ്‍ടവുമായ ഒരു ജീവിതത്തിന്‍റെ രഹസ്യം പങ്കിടുന്നു. 'ഇക്കിഗായ്' എന്നാണ് ആ ജാപ്പനീസ് തത്വചിന്തയുടെ പേര്. അതിന്‍റെ അർത്ഥം 'നിലനിൽക്കുന്നതിനുള്ള ഒരു കാരണം' എന്നാണ് (ഇക്കി- ജീവിക്കാന്‍, ഗായ്-കാരണം)  അതായത് നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. 2016 -ൽ, ഹെക്ടർ ഗാർസിയയും, സ്പെയിനിലെ എഴുത്തുകാരിലൊരാളായ ഫ്രാൻസെസ്‍ക് മിറാലെസുമായി ചേർന്ന് ഇക്കിഗായ് എന്ന ആശയത്തെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. അതിന്‍റെ ഫലമായിരുന്നു ഇക്കിഗായ്: ജാപ്പനീസ് സീക്രട്ട് ടു എ ലോംഗ് ആന്‍ഡ് ഹാപ്പി ലൈഫ് എന്ന പുസ്‍തകം. സന്തോഷത്തിന്റെ ലളിതമായ സൂത്രവാക്യം ആളുകളെ പരിചയപ്പെടുത്തുന്ന പുസ്‍തകമാണിത്. അതിൽ നിങ്ങൾക്ക് എങ്ങനെ വളരെക്കാലം സന്തോഷത്തോടെ ജീവിക്കാം എന്ന് പറഞ്ഞുതരുന്നു. 

Latest Videos

ഗ്രന്ഥകര്‍ത്താക്കള്‍

“നിങ്ങൾ ഇഷ്‍ടപ്പെടുന്ന കാര്യങ്ങൾ മാത്രം ചെയ്യുമ്പോൾ, അത് നിങ്ങളുടെ അഭിനിവേശമായി മാറുന്നു. അതിൽനിന്ന് നിങ്ങൾ‌ക്ക് പണം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ തൊഴിലായി മാറുന്നു. ലോകത്തിന് ഉപകാരപ്രദവും നിങ്ങൾ ഇഷ്‍ടപ്പെടുന്നതുമായ ഒരു കാര്യം നിങ്ങൾ ചെയ്യുമ്പോൾ അത് നിങ്ങളുടെ നിയോഗമായി തീരുന്നു” മിറാലെസ് പുസ്‍തകത്തിൽ വിശദീകരിച്ചു. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന ഒരു തത്വചിന്തയാണ് ഇക്കിഗായ്. നിങ്ങളുടെ ജീവിതത്തിന് ലക്ഷ്യബോധവും, വിജയവും കൈവരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.     

ഒരു  ഇക്കിഗായ് ആയി  മാറാൻ ആദ്യമായി നിങ്ങൾ നാല് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. 
ഒന്നാമതായി നിങ്ങൾ ചെയ്യുന്ന കാര്യം ഇഷ്‍ടപ്പെടുന്ന ഒന്നായിരിക്കണം. 
അടുത്തതായി നിങ്ങൾ ഇഷ്‍ടപ്പെട്ടത് കൊണ്ട് മാത്രം കാര്യമായില്ല, നിങ്ങൾ അതിൽ മികവുറ്റതായിരിക്കണം. 
മൂന്നാമതായി നിങ്ങൾക്ക് അതിൽ നിന്ന് പണം ഉണ്ടാക്കാൻ സാധിക്കണം. 
അവസാനമായി നിങ്ങൾ ചെയ്യുന്ന കാര്യം ലോകത്തിന് ഉപകാരപ്രദമായിരിക്കണം. 
-ഇത്രയും ഉണ്ടെങ്കിൽ നിങ്ങൾ വിജയിച്ചുവെന്നാണ് പറയുന്നത്. 

ആളുകൾ ഏറ്റവും കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കുന്ന ഒരു സ്ഥലമാണ് ജപ്പാനിലെ ഒകിനാവ ദ്വീപ്. മിറാലെസ് അവിടെ പോകാൻ തീരുമാനിച്ചു. എന്നാൽ, ആ യാത്ര അദ്ദേഹത്തിന്‍റെ ജീവിതം മാറ്റിമറിച്ചു. ജപ്പാനിലെ ആ ചെറിയ ഗ്രാമം, ലോകത്തിൽ ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള ആളുകൾ താമസിക്കുന്ന സ്ഥലമാണ്. “100 വയസ്സ് കഴിഞ്ഞിട്ടും ഓകിനാവയിലെ ആളുകൾ എങ്ങനെയാണ് ഇങ്ങനെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും കഴിയുന്നത് എന്നറിയാൻ എനിക്ക് ജിജ്ഞാസയുണ്ടായി. തുടർന്ന്, ഗ്രാമത്തിലെ ഏറ്റവും പ്രായമായവരോട് ഞാൻ ഇതേക്കുറിച്ച് ചോദിച്ചു.  അതിന്‍റെ അടിസ്ഥാനത്തിൽ സന്തോഷത്തിന്‍റെയും ആയുസ്സിന്റെയും താക്കോൽ ഈ 10 കാര്യങ്ങളിലാണ് എന്ന് ഞാൻ മനസ്സിലാക്കി" അദ്ദേഹം പറഞ്ഞു.   
  
അതിൽ ഒന്ന് നിങ്ങൾ സ്നേഹത്തോടെ ചെയ്യുന്ന ഒരു കാര്യവും ഒരു കാരണവശാലും നിർത്തരുത് എന്നതായിരുന്നു. ജാപ്പനീസ് ഭാഷയിൽ 'വിരമിക്കുക' എന്നൊരു വാക്കില്ല. നമ്മൾ ഇഷ്‍ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നത് ഉപേക്ഷിച്ചാൽ ജീവിതത്തിന്‍റെ ലക്ഷ്യം നഷ്‍ടമാകും," പുസ്‍തകത്തിൽ മിറാലെസ് ഇങ്ങനെ എഴുതി. 'നമ്മുടെയിടയിൽ നോക്കിയാൽ തന്നെ കാണാം അതുവരെ ഇത്സാഹത്തോടെ ഓടിനടന്നവർ വിരമിച്ച് കഴിഞ്ഞാൽ പിന്നെ രോഗികളായി മാറുന്നത്. പിന്നെ അവർക്ക് ഇല്ലാത്ത അസുഖങ്ങളുണ്ടാകില്ല. മനസ്സും ശരീരവും പരസ്‍പരം വളരെ ബന്ധപ്പെട്ട് കിടക്കുന്നു. ഉത്സാഹമുള്ള ഒരു മനസ്സ് ആരോഗ്യമുള്ള ഒരു ശരീരത്തെ പരിപോഷിപ്പിക്കുന്നു.'

അടുത്തതായി നിങ്ങൾ അനാവശ്യധൃതി ഉപേക്ഷിക്കുമ്പോൾ, ജീവിതവും സമയവും നിങ്ങൾക്ക് കൂടുതലുള്ളപോലെ തോന്നും എന്ന് രചയിതാക്കൾ  പറയുന്നു. ഇതിനായി 'സാവധാനം നടക്കുക, നിങ്ങൾ വളരെ ദൂരം പോകും' എന്ന പഴഞ്ചൊല്ലും അവർ പുസ്‍തകത്തിൽ ഉദ്ധരിക്കുന്നു. അമിത ആഹാരം ഒഴിവാക്കുകയും, ഗുണമുള്ള ആഹാരം മാത്രം കഴിക്കുകയും, 80 ശതമാനം നിറയുന്നതുവരെ മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരാണ് ഒക്കിനവാന്മാർ. കൂടാതെ അവർ എപ്പോഴും സഹകരണത്തോടും, സ്നേഹത്തോടും കൂടി കഴിയുന്നവരാണ്.  അവർക്കിടയിൽ ഒറ്റപ്പെടൽ ഇല്ല. ആർക്കെങ്കിലും എന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ അവർ പണം സംഭാവന ചെയ്യുന്നു. "നഗരങ്ങളിലെ ഏകാന്തത ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്നത് പോലെ ദോഷകരമാണ്" അദ്ദേഹം എഴുതുന്നു. 

 

ക്രിയാത്മക മനോഭാവം പുലർത്തുക, പ്രകൃതിയുമായി ഇണങ്ങുക, എന്നിയവയാണ് അവരുടെ മറ്റ് ജീവിതരീതികൾ. മിക്ക ഒക്കിനവാന്മാർക്കും പൂന്തോട്ടം ഒരു പുണ്യസ്ഥലമാണ്. സൂര്യോദയസമയത്തും സൂര്യാസ്‍തമയ സമയത്തും അവർ തോട്ടങ്ങളിൽ ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നു. 'നിങ്ങൾക്കുണ്ടായ എല്ലാ നല്ലകാര്യത്തിനും നന്ദിയുള്ളവരായി തീരുക' എന്നതും അവരുടെ മറ്റൊരു നല്ല മനോഭാവമാണ്. ജീവിച്ചിരിക്കുന്നത് ഒരു  ഭാഗ്യമാണ് എന്നത് കണ്ട് എല്ലാത്തിനും നന്ദി പറയാൻ ദിവസവും ഒരു നിമിഷം ചെലവഴിക്കുക. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു ലക്ഷ്യബോധം പുലർത്തുക. ഇതെല്ലാമാണ് രചയിതാക്കളുടെ ഭാഷയിൽ സന്തോഷം നിറഞ്ഞ ഒരു നല്ല ജീവിതത്തിലേക്കുള്ള ചവിട്ടുപടികൾ. 

'ആളുകൾ അവരുടെ ജീവിതകാലം മുഴുവൻ മറ്റുള്ളവർക്കായി ജോലിചെയ്യുന്നു, വിട്ടുവീഴ്‍ചകൾ ചെയ്യുന്നു. എന്നാൽ, യഥാർത്ഥത്തിൽ അവർക്ക് സന്തോഷം നൽകുന്നത് എന്താണെന്ന് മാത്രം അവർ തിരിച്ചയറിയുന്നില്ല. അതിനാൽ, നമ്മുടെ ഇക്കിഗായ് കണ്ടെത്താൻ നാം പരിശ്രമിക്കണം. ജീവിതത്തിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം എന്താണെന്ന് നിങ്ങൾ തിരിച്ചറിയുക. അതിനെ പിന്തുടരുക, അതിൽ മികച്ചതാവുക. സന്തോഷവും വിജയവും  താനെ നിങ്ങളെ തേടി വരും...' അദ്ദേഹം കൂട്ടിച്ചേർത്തു.  

click me!