ഒരു ഫെമിനിസ്റ്റ് സൈന്യമായി പലരും കരുതുന്ന വൈപിജെയുടെ കഥ. തോക്കെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ട സ്ത്രീകളുടെ ഗാഥ. ഒരു യൂറോപ്യന്‍ നഗരത്തില്‍വെച്ച് അവരിലൊരാളുമായി സംസാരിച്ച്, ഹരിത സാവിത്രി എഴുതുന്നു.
ഐസിസിനെ തറ പറ്റിച്ച കുര്‍ദിഷ് പെണ്‍പടയാണ് വൈപിജെ. ഇറാഖിലും സിറിയയിലുമുള്ള യുദ്ധമുഖങ്ങളില്‍ ഐസിസിനെ ഒളിപ്പോരിലൂടെ പരാജയപ്പെടുത്തിയവര്‍. ഇറാഖില്‍ ഐസിസ് തടവില്‍നിന്നും ആയിരക്കണക്കിന് യസീദികളെ രക്ഷപ്പെടുത്തിയവര്‍. സിറിയയില്‍ ഐസിസ് കേന്ദ്രങ്ങള്‍ പിടിച്ചെടുത്തവര്‍. കുര്‍ദുകളെ അടിച്ചമര്‍ത്തുന്ന ടര്‍ക്കി ഭരണകൂടത്തിനെതിരെ നില്‍നില്‍പ്പിനായി പൊരുതുന്നവര്‍. പൂര്‍ണ്ണമായും സ്ത്രീകളുടെ മുന്‍കെയിലുള്ളതാണ് ഈ സായുധ സംഘം. അവരുടെ തോക്കുകള്‍ ലക്ഷ്യം പിടിക്കുന്നത് സ്വന്തം മണ്ണ് പിടിച്ചടക്കാന്‍ വരുന്നവര്‍ക്ക് നേരെ മാത്രമല്ല, ജീവിതം മുഴുവന്‍ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ച്, വീടെന്ന കൂട്ടിനുള്ളില്‍ സ്ത്രീകളെ അടച്ചിടുന്ന ആണധികാരമോഹങ്ങള്‍ക്ക് നേരെ കൂടെയാണ്. ഒരു ഫെമിനിസ്റ്റ് സൈന്യമായി പലരും കരുതുന്ന വൈപിജെയുടെ കഥ. തോക്കെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ട സ്ത്രീകളുടെ ഗാഥ. ഒരു യൂറോപ്യന്‍ നഗരത്തില്‍വെച്ച് അവരിലൊരാളുമായി സംസാരിച്ച്, ഹരിത സാവിത്രി എഴുതുന്നു.
undefined
തവിട്ടു നിറമുള്ള തുകല്‍ വരിഞ്ഞുമുറുക്കി, അരികുകളില്‍ നിറയെ ചെറിയ ഓട്ടുമണികള്‍ തൂക്കിയിരിക്കുന്ന, ഒരു വലിയ ദഫില്‍ താളം പിടിച്ചു ഉറക്കെ പാടുകയായിരുന്നു ഞാനാദ്യമായി കാണുമ്പോള്‍ ലിലാന്‍. മുട്ടൊപ്പം എത്തുന്ന ചെറിയ വെളുത്ത പൂക്കളുള്ള നീലയുടുപ്പില്‍ അവളൊരു ചെറിയ പെണ്‍കുട്ടിയെപ്പോലെ തോന്നിച്ചു. ദഫിന്റെ ചിരപരിചിതമായ മുഴക്കമാണ് ചെറുമണികളുടെ അകമ്പടിയോടെ ആദ്യമുയര്‍ന്നത്. പിന്നെ തുളച്ചു കയറുന്നത് പോലെ ഉച്ചത്തില്‍ ആരോ കുരവയിട്ടു. അത്ഭുതത്തോടെ ഞാന്‍ തിരിഞ്ഞു നോക്കി. അതവളാണ്! ആ നീലയുടുപ്പുകാരി! ഒരു നിമിഷം നിശ്ശബ്ദമായ ആള്‍ക്കൂട്ടം ആവേശത്തോടെ അവള്‍ക്കൊപ്പം ഉറക്കെ കുരവയിട്ടു. ലോകത്തിലെ ഏറ്റവും പുതിയ ഫാഷനിലുള്ള കുപ്പായങ്ങള്‍ വില്‍ക്കുന്ന കടകളും പുരാതനമായ കെട്ടിടങ്ങളും വിദേശകാര്യാലയങ്ങളും പ്രൗഢിയോടെ നിറഞ്ഞു നില്‍ക്കുന്ന നഗരത്തിലെ തിരക്ക് പിടിച്ച രാജവീഥിയില്‍ ആ പ്രാചീനമായ ശബ്ദം വീര്യത്തോടെ ഉറക്കെ മുഴങ്ങി. അവള്‍ ഉറക്കെ പാടാന്‍ തുടങ്ങി. തിളയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ജാഥ സമരകോലാഹലങ്ങള്‍ നിര്‍ത്തി മധുരമുള്ള ഉറച്ച ശബ്ദത്തില്‍ ഉയരുന്ന അവളുടെ പാട്ടിന് ചെവിയോര്‍ത്തു.
സിറിയയിലെ കുര്‍ദ് ഭൂരിപക്ഷമുള്ള അഫ്രിന്‍ എന്ന നഗരത്തില്‍ ടര്‍ക്കി നടത്തുന്ന ആക്രമണത്തിനെതിരെ യൂറോപ്പിലാകെ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഒന്നായിരുന്നു അത്. കുര്‍ദിഷ് വിപ്ലവ സംഘടനകളുടെയും സ്ത്രീ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെയും പല നിറത്തിലുള്ള കൊടികള്‍ അന്തരീക്ഷത്തില്‍ പാറിപ്പറന്നുകൊണ്ടിരുന്നു. മുഖം മൂടിക്കെട്ടിയ പോലീസുകാര്‍ തോക്കുകളുമായി കവചിത വാഹനങ്ങള്‍ക്കടുത്തു കൂട്ടം കൂടി നിന്നിരുന്നു. അവരുടെ നേതാവെന്നു തോന്നിച്ച ഉറച്ച ശരീരവും തീക്ഷ്ണമായ നോട്ടവുമുള്ള പോലീസുകാരന്‍ മെല്ലെ എന്റെ നേരെ നടന്നു വന്നു. 'ദയവായി പോലീസുകാരുടെ മുഖം മനസ്സിലാകുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കരുത്. പല രാജ്യങ്ങളും ഇവരെ ഭീകരസംഘടനയായിട്ടാണ് മുദ്ര കുത്തിയിരിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞങ്ങളെ തിരഞ്ഞു പിടിച്ചു ആക്രമിച്ചേക്കാം'-പതിഞ്ഞ ക്ഷമാപണശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
ഭീകരാക്രമണങ്ങളും തീവ്രവാദസംഘടനകളുടെ ഭീഷണികളും ഭയവും കൊണ്ട് തളര്‍ന്ന ആ പാവം നഗരത്തിലെ പോലീസുകാരുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവുമായിരുന്നു. ഞാന്‍ അവിടെ എന്താണ് ചെയ്യുന്നതെന്നു വിശദീകരിക്കുകയും ഐഡി കാര്‍ഡ് കാണിക്കുകയും ചെയ്തതോടെ കണ്ണുകളില്‍ ആശ്വാസം കലര്‍ന്ന ഒരു ചിരിയോടെ അയാള്‍ നോക്കിനില്‍ക്കുന്ന കൂട്ടുകാരുടെ അടുത്തേക്ക് നടന്നു പോയി.
വൈപിജെ പോരാളികള്‍
കുര്‍ദ് മലനിരകളില്‍ ആയുധവുമായി നിലനില്‍പ്പിനായി അടരാടുന്ന വൈപിജെ എന്ന പെണ്‍ ഗറില്ലാ സംഘടനയെക്കുറിച്ചു തോന്നിയ കൗതുകവും ഈ പ്രകടനത്തില്‍ അവരില്‍ പെട്ട ആരെങ്കിലും ഉണ്ടാവും എന്ന കണക്കുകൂട്ടലുമാണ് എന്നെ അവിടെയെത്തിച്ചത്. പൂര്‍ണ്ണമായും കുര്‍ദിഷ് സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള സായുധസൈന്യം! പ്രണയത്തിന്റെയും സ്വപ്നങ്ങളുടെയും കാല്‍പ്പനിക വഴികളില്‍നിന്നൂര്‍ന്നു മാറി ഏതുസമയവും കൊല്ലപ്പെടാവുന്നൊരു സാദ്ധ്യതയിലേക്ക് എടുത്തു ചാടാന്‍ എന്തായിരിക്കും ഈ സ്ത്രീകളെ പ്രേരിപ്പിച്ചിരിക്കുക?
എന്റെ ശ്രദ്ധ മുഴുവന്‍ ആ പെണ്‍കുട്ടിയിലായിരുന്നു. സൂര്യപ്രകാശമേറ്റ് കരുവാളിച്ചതു പോലെയുള്ള തൊലിയും കനത്ത പുരികങ്ങളും പ്രകടമായ അറബ് മുഖലക്ഷണങ്ങളും അവളൊരു വിദേശിയാണെന്നു വിളിച്ചു പറഞ്ഞു. സ്ഫുടമായ ഉച്ചാരണത്തോടെയുള്ള മുദ്രാവാക്യങ്ങളും ഉറക്കെ ചൊല്ലുന്ന കുര്‍ദിഷ് കവിതാ ശകലങ്ങളും അവളുടെ കുര്‍ദ് വിപ്ലവ വേരുകള്‍ ഉറപ്പിച്ചു. ഞാന്‍ തേടി നടന്നത് ഇങ്ങനെയൊരാളിനെയായിരുന്നു. കുര്‍ദിസ്ഥാന്‍ എന്ന നാടിനു വേണ്ടിയും ആ നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടിയും രൂപീകരിച്ച വൈപിജെ എന്ന പെണ്ണുങ്ങളുടെ സായുധ സൈന്യത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്ന അവരിലൊരാള്‍! സ്ത്രീകള്‍ക്ക് ഇങ്ങനെയും പ്രതികരിക്കാം എന്ന് എന്റെ നാടിനോട് ഉറപ്പോടെ പറയാന്‍ കഴിവുള്ളൊരാള്‍! ആ പ്രകടനത്തിലെ നൂറുകണക്കിനാളുകളില്‍ ഒരുവളായി അവളോടൊപ്പം നടന്നു കൊണ്ടിരുന്ന ഓരോ നിമിഷവും എനിക്ക് തെറ്റിയിട്ടില്ല എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.
പെട്ടെന്നാണ്, വഴിയരികിലുള്ള ടര്‍ക്കിഷ് റസ്റ്റോറന്റിന്റെ വാതില്‍ക്കല്‍ കാത്തു നിന്നിരുന്ന, മേദസ്സ് മുറ്റിയ ശരീരവും ചുവന്ന മുഖവുമുള്ള ദമ്പതികള്‍ അവള്‍ക്കു നേരെ തക്കാളികള്‍ ആഞ്ഞെറിഞ്ഞ് ഉറക്കെ ശാപ വാക്കുകള്‍ വിളിച്ച് പറഞ്ഞത്. ദഫുയര്‍ത്തി തടയാന്‍ ശ്രമിച്ചെങ്കിലും ഒരെണ്ണം അവളുടെ തലയില്‍ തന്നെ വീണു. ദേഷ്യം പിടിക്കുന്നതിനു പകരം ആ പെണ്‍കുട്ടി ഉറക്കെ ചിരിക്കുകയാണ് ചെയ്തത്. മുഖത്തു കൂടി ഒഴുകുന്ന ചീഞ്ഞ തക്കാളി നീര് ഒരു മടിയും കൂടാതെ തോളിലൂടെ പുതച്ചിരുന്ന വൈപിജെയുടെ പതാക വലിച്ചെടുത്തു അവള്‍ തുടച്ചു മാറ്റി. വിഷമത്തോടെ നോക്കി നിന്ന എന്നെ നോക്കി അവള്‍ കണ്ണിറുക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. 'സാരമില്ല. പോലീസ് അവരെ അറസ്റ്റ് ചെയ്യും'. തിരിഞ്ഞുനോക്കിയപ്പോള്‍ പോലീസുകാരുടെ വലയത്തിനുള്ളില്‍ നിന്ന് പരുങ്ങുന്ന ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടു ഞാന്‍ ചിരിച്ചു പോയി.
യൂറോപ്യന്‍ യൂണിയന്റെ കാര്യാലയത്തിനു മുന്നിലാണ് ആ പ്രകടനം അവസാനിച്ചത്. അഹന്തയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ആ കൂറ്റന്‍ കെട്ടിടത്തിന്റെ അടഞ്ഞു കിടക്കുന്ന കവാടത്തിനു മുന്നില്‍ നിന്ന്, തിളയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും ചൂടന്‍ പ്രസംഗങ്ങള്‍ക്കുമൊടുവില്‍ തന്റെ ദഫ് മുട്ടി അവളൊരു വിപ്ലവഗാനം പാടി. കൂറ്റന്‍ ബാഗുകളും ചുമലിലേന്തി കടന്നു പോകുന്ന സഞ്ചാരികളും ജോലി കഴിഞ്ഞു തിടുക്കത്തില്‍ നടന്നു പോകുന്ന നഗരവാസികളും സൈക്കിളുമുരുട്ടി അലഞ്ഞു തിരിയുന്ന കുട്ടികളും പരക്കം പാച്ചില്‍ നിറുത്തി നിര്‍ന്നിമേഷരായി അതുകേട്ടു നിന്നു. പര്‍വ്വതങ്ങളില്‍ പൊരുതുകയും തടവറകളില്‍ അടക്കപ്പെടുകയും ചെയ്ത ധീരരായ പോരാളികളെ കുറിച്ചുള്ള ഒരു പാട്ടായിരുന്നു അത്. കണ്ണുനീര്‍ ചുവയ്ക്കുന്നതെങ്കിലും ഉറച്ച ശബ്ദത്തില്‍ ദഫിന്റെ താളത്തിനൊപ്പം അവളതു പാടിയവസാനിപ്പിച്ചപ്പോള്‍ ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടം ആവേശത്തോടെ ആര്‍ത്തു വിളിക്കുകയും കൊടികള്‍ വീശുകയും ചെയ്തു.
പ്രകടനത്തിന് ശേഷം കൊടികളും വാദ്യോപകരണവും അടുക്കിക്കെട്ടിവച്ചുകൊണ്ടിരുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ പരിചയപ്പെട്ടു. 'നിനക്ക് എന്നെ ലിലാന്‍ എന്ന് വിളിക്കാം. ശരിയായ പേര് പറയാന്‍ എനിക്ക് നിര്‍വാഹമില്ല'. അവള്‍ നാണം കലര്‍ന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവളെക്കുറിച്ചും അവള്‍ പിന്തുണയ്ക്കുന്ന വൈപിജെ എന്ന സ്ത്രീകളുടെ സൈന്യത്തെ കുറിച്ചും അറിയാനുള്ള എന്റെ താല്‍പ്പര്യത്തെയും ഈ വിപ്ലവത്തെ ഇന്ത്യയിലെ സ്ത്രീകള്‍ അറിയേണ്ടതിന്റെ ആവശ്യകതയെയും പറ്റി ഞാന്‍ ലിലാനോടു ഗൗരവത്തോടെ സംസാരിച്ചു. അടുത്തൊരു ദിവസം തന്നെ നഗരത്തിലെ ഒരു കോഫീ ഷോപ്പില്‍ വച്ചു കാണാനുള്ള തീയതിയും സമയവും നിശ്ചയിച്ച ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്.
പിടിയിലായ ഐസിസ് ഭീകരനുമായി വൈപിജെ പോരാളികള്അടുത്ത ദിവസം നഗരത്തിന്റെ നടുവിലെ തിരക്കുപിടിച്ച കഫെയുടെ മുറ്റത്തിട്ടിരുന്ന കസേരയില്‍ ലിലാന്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാന്‍. അകലെനിന്നു നടന്നു വന്ന അവളെ ആദ്യം എനിക്ക് മനസ്സിലായില്ല. കുഞ്ഞുടുപ്പും തോള്‍സഞ്ചിയും തോളൊപ്പം ഒഴുകിക്കിടക്കുന്ന തവിട്ടു നിറത്തിലുള്ള മുടിയും ലിലാന് ഒരു വിദ്യാര്‍ഥിനിയുടെ രൂപഭാവങ്ങള്‍ നല്‍കിയിരുന്നു. നഗരത്തിലാകമാനം ചിതറിക്കിടക്കുന്ന യൂണിവേഴ്സിറ്റിയുടെ കാമ്പസുകളില്‍ പഠിക്കാനായി ലോകമെമ്പാടും നിന്ന് ചേക്കേറിയ അനേകരില്‍ ഒരുവള്‍! ആവി പറക്കുന്ന ഓരോ കാപ്പിയ്ക്കു ശേഷം വാഹനങ്ങളും തിരക്കിട്ടോടുന്ന മനുഷ്യരും ഒച്ച വയ്ക്കുന്ന തെരുവ് വാണിഭക്കാരും ചുറ്റും ഇരമ്പുന്ന അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെട്ട് ഞങ്ങള്‍ തൊട്ടടുത്തുള്ള, എനിക്ക് ചിരപരിചിതമായ ഫിലോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ പുറകിലെ പൂന്തോട്ടത്തില്‍ ഇരുന്നു സംസാരിക്കാന്‍ തീരുമാനിച്ചു.
നഗരത്തിന്റെ ഒരു ശബ്ദകോലാഹലവും കടന്നു വരാത്ത, മരങ്ങള്‍ തണല്‍ വിരിക്കുന്ന, സ്വര്‍ണ്ണമീനുകളും ആമ്പലുകളും നിറഞ്ഞ ചെറുകുളങ്ങള്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന ഒരു ഇരുണ്ടു തണുത്ത കാമ്പസ് ആയിരുന്നു അത്. തണുപ്പുകാലം കരിച്ചു കളഞ്ഞ ആമ്പലുകള്‍ വീണ്ടും വെളിച്ചത്തിലേക്ക് തലനീട്ടിത്തുടങ്ങുന്ന ഒരു കുളത്തിന്റെ കരയിലിരുന്നു ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. പതിനാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയ അവളുടെ അമ്മയെക്കുറിച്ച്, സ്ത്രീകളെ അടിമകളെപ്പോലെ കരുതുന്ന അച്ഛനെയും സഹോദരന്മാരെയും കുറിച്ച്, മരിക്കും എന്ന് ഉറപ്പുണ്ടായിരുന്നിട്ടും കുര്‍ദിഷ് മലനിരകളില്‍ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന വൈപിജെ എന്ന സ്ത്രീകളുടെ സൈന്യത്തെ കുറിച്ച്... അകലെയെങ്ങോ മിഴികള്‍ ഉറപ്പിച്ചു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അരികത്തു കേട്ട് കൊണ്ടിരുന്ന എന്റെ സാന്നിധ്യം പോലും അവള്‍ മറന്നു പോയത് പോലെ തോന്നി.
ടൈഗ്രിസ് നദിക്കരയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ലിലാന്റെ വീട്. അവളുടെ അച്ഛനും അമ്മയും സഹോദരന്മാരും അവിടെത്തന്നെയാണ് ഇപ്പോഴും താമസം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാത്ത, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ആ നാട് വിട്ടു ടര്‍ക്കിയിലേക്ക് ലിലാന്‍ താമസം മാറ്റി. അവള്‍ ചെറിയ ജോലികള്‍ ചെയ്യുകയും തുച്ഛമായ പ്രതിഫലത്തിന്റെ ഭൂരിഭാഗവും ഇസ്താംബുള്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിനായി നീക്കി വയ്ക്കുകയും ചെയ്തു. ഹൈസ്‌കൂള്‍ ടീച്ചര്‍ ആയി ജോലി ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ലിലാന്‍ വൈപിജെയുടെ ആശയങ്ങളിലേക്ക് ആകൃഷ്ടയാവുന്നത്. ഒരു കുര്‍ദിഷ് സ്ത്രീ എന്ന നിലയില്‍ തന്റെ വ്യക്തിത്വം എത്രമാത്രം അടിച്ചമര്‍ത്തപ്പെടുന്നു എന്ന തിരിച്ചറിവ് അവളെ വൈപിജെയുടെ സായുധ പരിശീലന ക്യാമ്പില്‍ എത്തിച്ചു. അവിടെ വച്ചു ലോറെന്‍സോ എന്ന ഇറ്റാലിയന്‍ ഏറോസ്പേസ് എഞ്ചിനീയറിന്റെ ക്യാമറാക്കണ്ണില്‍ കുടുങ്ങിയ ലിലാന്‍ വിപ്ലവത്തെക്കാള്‍ ലഹരിപിടിപ്പിക്കുന്ന പ്രണയത്തില്‍ വീഴുകയും അവനു വേണ്ടി തോക്ക് താഴെ വച്ചു മലയിറങ്ങുകയും ചെയ്തു.
'പാചകം ചെയ്യാനും പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും എന്റെ കൂടെ കൂടുകയും ഒരു മടിയും കൂടാതെ അവധി ദിനങ്ങളില്‍ രണ്ടുപേരുടെയും തുണികള്‍ അലക്കിയുണക്കി അലമാരകളില്‍ മടക്കിയൊതുക്കി വയ്ക്കുകയും ചെയ്യുന്ന ലോറെന്‍സോ എന്റെ സഹോദരിമാരെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അവര്‍ക്ക് തല്ലുന്ന, ചീത്ത വിളിക്കുന്ന, മറ്റു സ്ത്രീകളുമായി പങ്കു വയ്ക്കേണ്ടി വരുന്ന ഭര്‍ത്താക്കന്മാരെയല്ലേ പരിചയമുള്ളൂ'-അവള്‍ക്കു സങ്കടം വരുന്നുണ്ടെന്നു എനിക്ക് തോന്നി.
ഒരു നിമിഷം നിശ്ശബ്ദയായിരുന്ന ശേഷം ലിലാന്‍ പോരാട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ട കുര്‍ദ് ജനതയെക്കുറിച്ച്, വൈപിജെയെപ്പറ്റി, അവര്‍ സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങളെ പറ്റി വിശദീകരിച്ചു. പല രാജ്യങ്ങളായി ചിതറിപ്പോയ നിര്‍ഭാഗ്യവാന്‍മാരായ കുര്‍ദുകള്‍ അവര്‍ കൂടുതലായി താമസിക്കുന്ന തെക്കു കിഴക്കന്‍ തുര്‍ക്കി, വടക്കന്‍ ഇറാഖ്, വടക്കുപടിഞ്ഞാറന്‍ ഇറാന്‍, വടക്കന്‍ സിറിയ എന്നിവിടങ്ങളില്‍ അനുഭവിക്കുന്ന വിവേചനത്തെയും അടിച്ചമര്‍ത്തലുകളെയും പറ്റി അമര്‍ഷത്തോടെ അവള്‍ വിവരിക്കുന്നത് ഞാന്‍ ശ്വാസമടക്കി കേട്ടിരുന്നു. ഇറാനി വേരുകളുള്ള, നാല് കോടിയോളം വരുന്ന കുര്‍ദുകളെ അവരുടെ മാതൃഭാഷയായ കുര്‍ദിഷ് ഉപയോഗിക്കുന്നതില്‍ നിന്ന് പോലും ടര്‍ക്കിയടക്കം പലയിടത്തും വിലക്കിയിരിക്കുന്നു. പലയിടങ്ങളിലായി ചിതറിയതാണ് സമൂഹമെന്ന നിലയില്‍ തങ്ങളുടെ ജീവിതം അരക്ഷിതമാക്കിയതെന്ന തിരിച്ചറിവാണ് 'ഏകീകൃത കുര്‍ദിസ്ഥാന്‍' എന്ന സ്വപ്നവുമായി ഇറാഖിലും സിറിയയിലും തുര്‍ക്കിയിലും നിലനില്‍പ്പിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങളില്‍ ഇവരെയെത്തിച്ചത്. ഭരണകൂടങ്ങള്‍ മാത്രമല്ല ഇസ്ലാമിക് സ്‌റ്റേറ്റ്്, അല്‍ ഖയ്ദ മുതലായ ഭീകരസംഘടനകളും ഇവരുടെ പ്രധാന എതിരാളികളാണ്.
വൈ പി ജി എന്നറിയപ്പെടുന്ന വിശാല പുരുഷ മുന്നണിയാണ് ഈ സായുധ പോരാട്ടങ്ങളുടെ കേന്ദ്രം. പൂര്‍ണ്ണമായും സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള അവരുടെ പെണ്‍ഗറില്ലാ സംഘമായ വൈപിജെയില്‍ കുര്‍ദ്, അറബ്, അസീറിയന്‍, സേര്‍കാസിയന്‍ സ്ത്രീകളെ കൂടാതെ ഈ അനീതിയും അടിച്ചമര്‍ത്തലും കണ്ടു മനം നൊന്തു സഹായിക്കാനെത്തുന്ന അനവധി വിദേശ വളണ്ടിയര്‍മാരും സജീവമായി പ്രവര്‍ത്തിക്കുന്നു. 2013 മാര്‍ച്ചില്‍ രൂപം കൊണ്ട ഈ പെണ്‍പടയില്‍ 2017 മാര്‍ച്ചിലുള്ള കണക്കു പ്രകാരം 24000 പേരാണ് പല മുന്നണികളിലായി ആയുധമെടുത്തിരിക്കുന്നത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി ഐസിസിനെതിരെ വമ്പിച്ച മുന്നേറ്റമാണ് ഇവര്‍ നേടിയത്. ഐസിസിന്റെ പിടിയില്‍ പെട്ട് ഇറാഖിലെ സിന്‍ ജാര്‍ പര്‍വതത്തില്‍ നരകജീവിതം നയിച്ച പതിനായിരക്കണക്കിന് യസീദികളെ രക്ഷപ്പെടുത്തുന്നതില്‍ ഈ പെണ്‍പട ഉജ്വലമായ പങ്കാണ് വഹിച്ചത്.
ഇപ്പോള്‍ കുര്‍ദിസ്ഥാനില്‍ സ്ഥിതിഗതികള്‍ ഒരുപാടു മാറിയിട്ടുണ്ട്. വിപ്ലവം മാത്രമല്ല വൈപിജെയുടെ ലക്ഷ്യം. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പ്രോജക്ടുകള്‍ അവര്‍ ഓരോ ഗ്രാമത്തിലും നടപ്പിലാക്കുന്നു. അവരെ എഴുത്തും വായനയും പ്രകൃതിജീവനത്തിന്റെ പ്രാധാന്യവും പഠിപ്പിക്കുന്നു. തുടര്‍ വിദ്യാഭ്യാസത്തിനായി പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി അവരെ ബോധവതികളാക്കുന്ന അപ്പോയുടെ ഫിലോസഫിയെ അവര്‍ക്ക് പരിചയപ്പെടുത്തുന്നു.
അപ്പോയെ പറ്റി നേരത്തെ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. പികെകെ എന്ന കുര്‍ദ് തൊഴിലാളി സംഘടനയുടെ സ്ഥാപകന്‍. 'അമ്മാവന്‍' എന്നര്‍ത്ഥം വരുന്ന 'അപ്പോ' എന്ന ഓമനപ്പേരിലറിയപ്പെടുന്ന അബ്ദുല്ല ഒഹ്ജലാന്‍! പത്തൊന്‍പതു വര്‍ഷമായി ടര്‍ക്കിഷ് ജയിലില്‍ കിടക്കുന്ന കുര്‍ദുകളുടെ ദൈവം! നെയ്റോബിയില്‍ നിന്ന് സിഐഎയുടെ സഹായത്തോടെ പിടികൂടി മരണശിക്ഷയ്ക്ക് വിധിച്ചെങ്കിലും യൂറോപ്യന്‍ യൂണിയന്റെ ഇടപെടലുകള്‍ നിമിത്തം അത് ജീവപര്യന്തം തടവായി ഇളവു ചെയ്തു. ശിക്ഷയുടെ ആദ്യപത്തു വര്‍ഷങ്ങള്‍ 'ഇമ്രാലി' എന്ന ടര്‍ക്കിഷ് ദ്വീപില്‍ ഏകാന്ത തടവിലായിരുന്നു ഒഹ്ജലാന്‍.
അപ്പോയുടെ പേര് പറയുമ്പോഴൊക്കെ ലിലാന്റെ മുഖം തുടുക്കുകയും കണ്ണുകള്‍ നിറയുകയും ചെയ്തു. ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്ന അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍. അപ്പോയുടെ പ്രിയപ്പെട്ട ജിന്നുകളിലൊരുവള്‍! മെലിഞ്ഞു നേര്‍ത്ത കൈവിരലുകളും കഷ്ടിച്ചു അഞ്ചടിയോളം ഉയരവുമുള്ള ഇവളെങ്ങനെ ഭാരിച്ച മെഷീന്‍ ഗണ്ണും തൂക്കി കിലോമീറ്ററുകളോളം നടക്കും? കുര്‍ദിഷില്‍ 'ജിന്‍' എന്ന വാക്കിനര്‍ത്ഥം സ്ത്രീ എന്നാണ്. പ്രകാശം പോലെ ഊര്‍ജ്ജമുള്ള, എന്നാല്‍ അകത്തളങ്ങളില്‍ അദൃശ്യരായി ജീവിക്കേണ്ടി വരുന്ന സുന്ദരികളായ ജിന്നുകള്‍! - സ്ത്രീകള്‍ സ്വതന്ത്രകളല്ലാത്ത നാട് സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച ഒഹ്ജലാന്‍ കുര്‍ദിഷ് പുരുഷാധിപത്യത്തിന്റെ അഹന്തയ്ക്ക് കൊടുത്ത മുഖമടച്ചുള്ള അടിയായിരുന്നു ജിനെയോളജി എന്ന പ്രത്യയശാസ്ത്രം. കുര്‍ദ് ദേശീയതയുടെയും സ്ത്രീസ്വാതന്ത്ര്യവാദത്തിന്റെയും ബൈബിള്‍! പരമ്പരാഗത ലിംഗ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കുന്ന ഈ പുതിയ കാഴ്ചപ്പാട് കനല്‍ പോലെ ചാരം മൂടിക്കിടന്ന അനേകം പെണ്‍കുട്ടികളെ സ്വാതന്ത്ര്യബോധത്തിന്റെ തീയൂതിക്കത്തിച്ച് ആയുധമെടുപ്പിച്ചു. അവരിലൊരുവളാണ്, ടാങ്കുകളും ചെറുവിമാനങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ള തോക്കുകളും മോര്‍ട്ടാറുകളും മറ്റും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച ഒരു പഴയ ഗറില്ലാ യോദ്ധാവാണ് എന്റെ മുന്നിലിരുന്നു കയ്യും കലാശവും കാണിച്ചു ഒരു ചെറിയ പെണ്‍കുട്ടിയെപ്പോലെ വാ തോരാതെ സംസാരിക്കുന്നത്!
മുഖ്യ ദൗത്യം ഫെമിനിസമല്ലെങ്കിലും വൈപിജെ ഒരു ഫെമിനിസ്റ്റ് മുന്നേറ്റം തന്നെയാണെന്ന് കരുതുന്ന നിരവധി സ്ത്രീവാദികള്‍ ലോകത്തുണ്ട്.കുര്‍ദിസ്ഥാനിലെ പുരുഷന്മാര്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് നേരെ കൈയുയര്‍ത്തും മുമ്പ്, പുതിയ ഭാര്യമാരെ സ്വീകരിക്കും മുമ്പ് ഒന്ന് അറയ്ക്കും. പഴയതുപോലെയല്ല. ഓരോ ഗ്രാമങ്ങളിലുമുള്ള വൈപിജെയുടെ അനുയായികളുടെ കണ്ണില്‍ പെട്ടാല്‍ മറുപടി പറയേണ്ടി വരുമെന്ന് അവര്‍ക്കറിയാം. അത്ര ശക്തമായ സുരക്ഷിതത്വബോധമാണ് ഈ സംഘടന കുര്‍ദ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. അവരുടെ തോക്കുകള്‍ ലക്ഷ്യം പിടിക്കുന്നത് സ്വന്തം മണ്ണ് പിടിച്ചടക്കാന്‍ വരുന്നവര്‍ക്ക് നേരെ മാത്രമല്ല, ജീവിതം മുഴുവന്‍ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ച്, വീടെന്ന കൂട്ടിനുള്ളില്‍ സ്ത്രീകളെ അടച്ചിടുന്ന ആണധികാരമോഹങ്ങള്‍ക്ക് നേരെ കൂടെയാണ്. കമ്യൂണിസത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്ന ഡെമോക്രാറ്റിക് കോണ്‍ഫെഡറലിസം എന്ന പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ അപ്പോയുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ചാണ് എല്ലാ കുര്‍ദിഷ് സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത്.
'നിനക്ക് വിപ്ലവം ഉപേക്ഷിച്ചു വന്നതില്‍ നഷ്ടബോധമുണ്ടോ?'- ഞാന്‍ ചോദിച്ചു. അവള്‍ വിഷാദത്തോടെ ചിരിച്ചു. 'ലോറെന്‍സോയ്ക്ക് എന്നോടുള്ള സ്നേഹം ഇല്ലാതായി എന്ന് തോന്നുന്ന നിമിഷം ഞാന്‍ തിരിച്ചു പോകും. പിന്നെ, വിപ്ലവം എന്നാല്‍ യുദ്ധം എന്ന് മാത്രമല്ലല്ലോ. നാട് വിട്ടോടി വന്ന കുര്‍ദിഷ് സ്ത്രീകള്‍ ഈ നഗരത്തിലുമുണ്ട്. ആരും അംഗീകരിക്കാത്ത എന്റെ മാതൃഭാഷ ഞാന്‍ അവരെ പഠിപ്പിക്കുന്നു. പ്രസ്ഥാനത്തെ എന്നാല്‍ കഴിയുന്നത് പോലെ സഹായിക്കുന്നു'.
ഇതിനെന്നെങ്കിലും ഒരവസാനം ഉണ്ടാകുമോ? ഞാന്‍ വേദനയോടെ ചിന്തിച്ചു. ആര്‍ക്കൊക്കെ എതിരെയാണ് നിസ്സഹായരായ ഒരു ജനത പൊരുതുന്നത്! ഐസിസിനെതിരെ, അല്‍ഖയ്ദയ്ക്കെതിരെ ടര്‍ക്കിയ്ക്കെതിരെ, ഇറാക്കിനെതിരെ, സിറിയയ്ക്കെതിരെ. ലിലാന്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. 'ഇത് വെറുമൊരു യുദ്ധമല്ല നിലനില്‍പ്പിനു വേണ്ടിയുള്ള, ജീവന് വേണ്ടിയുള്ള പോരാട്ടമാണ്. ഞങ്ങള്‍ ആയുധം താഴെ വച്ചാല്‍ കുര്‍ദിസ്ഥാന്‍ എന്ന പേര് പോലുമില്ലാതെയാകും. ആയിരക്കണക്കിന് നിരപരാധികള്‍ കൂട്ടക്കൊല ചെയ്യപ്പെടും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രതിരോധം ജീവിതം തന്നെയാണ്'.
'ഞാന്‍ അടുത്ത മാസം നാട്ടില്‍ പോകുന്നുണ്ട്. നീ എന്റെ കൂടെ വരൂ. ടൈഗ്രിസ് നദിയും എന്റെ നാടും കാണാം. നിന്റെ നാടു പോലെ തന്നെയാണ് എന്റെ നാടും.'' അവള്‍ ചെറിയ കുട്ടികളെ പ്രലോഭിപ്പിക്കുന്നത് പോലെ പലതും പറഞ്ഞു കൊണ്ടേയിരുന്നു. ശരിയാണ്.. ഞാന്‍ ചിന്തിച്ചു. ദഫു മുട്ടി പാട്ട് പാടുന്ന, ആഘോഷങ്ങള്‍ക്ക് കുരവയിടുന്ന, ടൈഗ്രിസും യൂഫ്രട്ടിസും ഒഴുകുന്ന നാട്. അടിമകളായ ജിന്നുകളുടെ മറ്റൊരു നാട്.
'ഒരിക്കല്‍ നിന്റെ നാട് കാണാന്‍ ഞാന്‍ വരും ലിലാന്‍'-ഞാന്‍ പറഞ്ഞു. 'എനിക്ക് നിന്റെ ചേച്ചിമാരെ കാണണം. നിന്റെ അമ്മയുണ്ടാക്കുന്ന രുചികരമായ നാനും ആടിന്റെ തുട പൊരിച്ചതും കഴിക്കണം. കുര്‍ദ് മലനിരകളില്‍ നിന്നെത്തുന്ന കാറ്റിലെ ജൂനിപ്പര്‍ മരങ്ങളുടെ സുഗന്ധവും ശ്വസിച്ചു കൊണ്ട് ടൈഗ്രിസിന്റെ ഒഴുക്കിനൊപ്പം ഒരില പോലെ ഒഴുകണം'-കൈകള്‍ കോര്‍ത്ത് ഞങ്ങള്‍ റെയില്‍വെ സ്റ്റേഷനിലേയ്ക്ക് നടന്നു.
ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍