ഒരു വയലിനിസ്റ്റ് ആയിരുന്നു ബോ. എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം സീന്‍ നദിയുടെ തീരത്തു നടക്കാനിറങ്ങും. മൂഡ് തോന്നിയാല്‍ വയലിനും കയ്യിലെടുക്കും. നദിയിലേക്ക് നോക്കി ഭാര്യയ്ക്കിഷ്ടമായിരുന്ന പാട്ടുകള്‍ വായിക്കും അവളുടെ ചിതാഭസ്മം ഞാന്‍ ആരും കാണാതെ അവള്‍ക്കേറ്റവും ഇഷ്ടമുണ്ടായിരുന്ന ഈ നദിയിലൊഴുക്കി എന്ന് പറഞ്ഞിട്ട് അയാളൊരു സങ്കടച്ചിരി ചിരിച്ചു
ഒരു വയലിനിസ്റ്റ് ആയിരുന്നു ബോ. എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം സീന്‍ നദിയുടെ തീരത്തു നടക്കാനിറങ്ങും. മൂഡ് തോന്നിയാല്‍ വയലിനും കയ്യിലെടുക്കും. നദിയിലേക്ക് നോക്കി ഭാര്യയ്ക്കിഷ്ടമായിരുന്ന പാട്ടുകള്‍ വായിക്കും അവളുടെ ചിതാഭസ്മം ഞാന്‍ ആരും കാണാതെ അവള്‍ക്കേറ്റവും ഇഷ്ടമുണ്ടായിരുന്ന ഈ നദിയിലൊഴുക്കി എന്ന് പറഞ്ഞിട്ട് അയാളൊരു സങ്കടച്ചിരി ചിരിച്ചു
undefined
രാത്രി നേരത്ത് വീട്ടിലെ വേലിത്തഴപ്പുകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ ദൂരെ നിലാവെളിച്ചത്തില്‍ കാണുന്ന തിളക്കമാണ് എന്റെ ആദ്യത്തെ പുഴയോര്‍മ്മ. കുട്ടിക്കാലത്ത് തോണിക്കാരുടെ കനത്ത ശബ്ദത്തിലുള്ള പാട്ട് കേട്ട് പേടിച്ച് പുതപ്പിനുള്ളില്‍ ഒച്ചിന്റെ ആകൃതിയില്‍ ചുരുണ്ടു കൂടി ഉറക്കം വരാതെ കിടന്നിട്ടുണ്ട്. വളര്‍ന്നപ്പോള്‍ കഥ മാറി. എല്ലാ ദിവസവും കോളേജില്‍ പോവാന്‍ തോണിയില്‍ പുഴ കടക്കണം. മഴയായാലും കൊടുങ്കാറ്റായാലും മറ്റു വഴിയൊന്നുമില്ല. കാറ്റിനെതിരെ കുട ചൂടി ചൂളിപ്പിടിച്ചിരിക്കണം. ക്ലാസിലെത്തുമ്പോഴേക്കും നനഞ്ഞ കോഴിക്കുഞ്ഞിന്റെ അവസ്ഥയിലെത്തിയിരിക്കും.
കോളേജ് വിട്ടു വന്നാല്‍ വൈകിട്ട് രേണുവിന്റെ വീട്ടിലേക്കു സൊറ പറയാന്‍ പോകുന്നതായിരുന്നു ആകെയുള്ള രസം. പുഴക്കരയിലാണ് അവളുടെ വീട്. ചിലപ്പോഴൊക്കെ അവളുടെ ചേട്ടന്റെ മുളങ്കമ്പുകള്‍ കൊണ്ടുണ്ടാക്കിയ ചൂണ്ടകള്‍ മോഷ്ടിച്ചു ഞങ്ങള്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കും. വെള്ളത്തിലേക്ക് ഇറങ്ങാന്‍ കെട്ടിയിട്ടിരിക്കുന്ന വെട്ടുകല്ലിന്റെ പടവുകളില്‍ ഇരുന്നു ഇരുട്ട് പടരും വരെ വര്‍ത്തമാനം പറയും. സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തില്‍ പാദസരമിട്ട പാദങ്ങളിട്ടിരുന്ന്, ഇടയ്ക്ക് വെള്ളം തെറുപ്പിച്ചുള്ള ആ കഥ പറച്ചില്‍ എത്ര നേരം വേണമെങ്കിലും നീണ്ടു പോകുമായിരുന്നു. വെട്ടുകല്ലിന്റെ പായല്‍ പിടിച്ച ദ്വാരങ്ങളിലെ താമസക്കാരായ ചെറിയ ചുവന്ന ഞണ്ടുകളും അപൂര്‍വ്വമായി കാണുന്ന പച്ച നിറവും വഴുക്കന്‍ തൊലിയും ഉണ്ടക്കണ്ണുകളുമുള്ള ഭീമന്‍ തവളകളുമല്ലാതെ ഞങ്ങളെ അലോസരപ്പെടുത്താന്‍ മറ്റാരും വരില്ലായിരുന്നു. നേരമിരുട്ടിത്തുടങ്ങുമ്പോള്‍ അവളുടെ അമ്മ നീട്ടി വിളിക്കും രേണൂ.... അതൊരു അടയാളമാണ്. കുണുങ്ങിക്കുണുങ്ങി വരുന്ന താറാവുകളെ കൂട്ടിലാക്കുന്ന ജോലി അവളുടെതാണ്. നനഞ്ഞു കുതിര്‍ന്ന നീളന്‍ പാവാടകളുടെ അറ്റങ്ങള്‍ പിഴിഞ്ഞ ശേഷം ഞങ്ങള്‍ അവരവരുടെ വീടുകളിലെയ്‌ക്കോടും.
കഴിഞ്ഞ മണ്‍സൂണ്‍ സമയത്ത് നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഞാനാ കടവില്‍ വീണ്ടും പോയി. രേണുവിന്റെ വീട് ആത്മാവില്ലാത്ത വെറുമൊരു കെട്ടിടം പോലെ തോന്നിച്ചു. അവളുടെ അമ്മ മരിച്ചു പോയിരുന്നു. ശൂന്യമായ കണ്ണുകളോടെ രേണുവിന്റെ അച്ഛന്‍ ഇറയത്തിരിപ്പുണ്ടായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങളും പൊട്ടിച്ചിരികളും ഒരുപാടു പ്രതിധ്വനിച്ച ആ പടവുകളില്‍ നിന്നപ്പോള്‍ ഞാനൊരു പ്രേതമാണെന്നും ആ ചിരിച്ചതൊക്കെ ഏതോ നഷ്ടജന്മങ്ങളിലായിരുന്നെന്നും എനിക്ക് തോന്നി.
എണ്ണയുടെ കനത്ത പാട ചൂടിയ കറുത്ത നിറമുള്ള വെള്ളമായിരുന്നു പുഴയില്‍. സദ്യയുടെ ഇലകളും ഇറച്ചിക്കടകളില്‍ നിന്നുള്ള അവശിഷ്ടഷ്ടങ്ങളും ഒഴുകി നടക്കുന്നുണ്ടായിരുന്നു. വെള്ളമിളക്കിത്തെറുപ്പിക്കുന്ന പാദസരമിട്ട രണ്ടു ജോഡി പാദങ്ങള്‍ എന്റെ കണ്ണുകളില്‍ തെളിഞ്ഞു വന്നു. കറുത്ത ചെറിയ കണ്ണുകള്‍ ഉരുട്ടി നോക്കുന്ന കുഞ്ഞന്‍ ഞണ്ടുകളും വിരലുകളില്‍കൊത്താന്‍ വരുന്ന ചെറിയ വെള്ളി മീനുകളും അവിടെയെങ്ങുമില്ലായിരുന്നു. നിങ്ങളെവിടെപ്പോയി എന്ന് അനാഥമായ മനസ്സ് ശബ്ദമില്ലാതെ ആര്‍ത്തു നിലവിളിച്ചു. വെള്ളത്തിലേക്കിറങ്ങിയ എന്നെ ഒരു ചെറിയ പെണ്‍കുട്ടി പുറകില്‍ നിന്ന് വിളിച്ചു. 'ഇറങ്ങല്ലേ..കാലു ചൊറിയും'. എന്നോടൊന്നും പറയാത്ത പുഴയിലേക്ക് വീണ്ടുമൊന്നുകൂടി നോക്കാതെ തളര്‍ന്ന കാലുകള്‍ വലിച്ചു വച്ച് ഞാന്‍ തിരിഞ്ഞു നടന്നു.
പുഴയില്‍ നിന്ന് വീശുന്ന തണുത്ത കാറ്റ്!
ഇടിമിന്നല്‍ പോലെ പട്രോളിങ്ങിനു പാഞ്ഞു പോയ ഫ്രഞ്ച് പോലീസിന്റെ ഒരു സ്പീഡ് ബോട്ടാണ് എന്നെ ഉണര്‍ത്തിയത്.
വൈകുന്നേരത്തെ സൂര്യന്റെ ചെറു ചൂടില്‍ അതേറ്റപ്പോള്‍ എന്റെ കണ്ണുകള്‍ അടഞ്ഞു പോയി. പാരീസിന്റെ ഹൃദയത്തിലൂടെയൊഴുകുന്ന സീന്‍ നദിക്കരയിലാണ് നില്‍ക്കുന്നത് എന്ന് ഒരു നിമിഷത്തേയ്ക്ക് ഞാന്‍ മറന്നു. ഇടിമിന്നല്‍ പോലെ പട്രോളിങ്ങിനു പാഞ്ഞു പോയ ഫ്രഞ്ച് പോലീസിന്റെ ഒരു സ്പീഡ് ബോട്ടാണ് എന്നെ ഉണര്‍ത്തിയത്. അതേ കറുത്ത നിറം! അതേ കനത്തു കൊഴുത്ത എണ്ണപ്പാട. ചെങ്കല്ല് പാകിയ, ഇരുണ്ട പച്ച നിറത്തിലുള്ള പായല്‍ മൂടിയ ആ പഴയ കടവ് മാത്രമില്ല. ഉണ്ടക്കണ്ണന്‍ ഞണ്ടുകളും കാല്‍ വിരലുകളില്‍ ഇക്കിളി കൂട്ടുന്ന കുസൃതിക്കാരന്‍ മീനുകളുമില്ല. പതയുടെ ഒരു നീണ്ട വാലുമായി ആ സ്പീഡ് ബോട്ട് അങ്ങ് ദൂരെ മറയുന്നു. കുറെ ദൂരെ എന്നെ അരിശത്തോടെ നോക്കി നില്‍ക്കുന്ന ഇവാന്റെയടുത്തെക്ക് ഞാന്‍ ഓടിപ്പോയി.
പാരീസ് നടന്നു കാണാനുള്ള സൗകര്യത്തിനായാണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പ്രശസ്തമായ നോത്രദാമിലെ പള്ളിയിലേക്ക് നടന്നു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഏകദേശം ആറു കിലോമീറ്ററോളം ദൂരമുണ്ട്. നദിക്കരയിലൂടെയുള്ള വഴിയിലൂടെ നടന്നാല്‍ മതിയെന്ന എന്റെ വാശി മനസ്സില്ലാ മനസ്സോടെ ഇവാന്‍ സമ്മതിച്ചു തന്നു. സാമൂഹ്യ വിരുദ്ധരുണ്ടാകും, വൃത്തിയുണ്ടാവില്ല എന്നൊക്കെയുള്ള തടസ്സ വാദങ്ങളൊന്നും ഞാന്‍ സമ്മതിച്ചു കൊടുത്തില്ല. അവിടവിടെ സ്വപ്നം കണ്ടത് പോലെ നദിക്കാഴ്ചകള്‍ കണ്ടു മതി മറന്നും ഏറ്റവും പുതിയ ഫാഷനുകള്‍ക്ക് പേരുകേട്ട പാരീസിലെ വിചിത്ര വേഷധാരികളായ സ്ത്രീപുരുഷന്മാരുടെ വേഷപ്പകിട്ടുകളുടെ ഭംഗി നോക്കിയും ഫോട്ടോകളെടുക്കുകയും ചെയ്ത് കൊണ്ട് പതിയെപ്പതിയെ നടന്നെത്തുന്ന എന്നെ കാത്തു നിന്ന് ഇവാന്‍ മടുത്തു തുടങ്ങിയിരുന്നു.
പാരീസില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട എല്ലാ സ്ഥലങ്ങളും ഈ നദിയുടെ കരയിലാണ്.
നോത്രദാമിലെ പള്ളി സന്ദര്‍ശിച്ച ശേഷം രാത്രി ഒന്‍പതു മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റ് അടയ്ക്കും മുന്‍പ് തിരിച്ചെത്തണം. ഇല്ലെങ്കില്‍ കാര്‍ പാര്‍ക്കിങ്ങിനുള്ളിലായി പോകും. ഇവാന്‍ തിരക്ക് കൂട്ടുന്നതിന്റെ കാരണം എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. പക്ഷെ ആ നദി എന്നെ പിടിച്ചു നിര്‍ത്തുന്നത് പോലെ എനിക്ക് തോന്നി. നദിക്കരയിലെ ചെറിയ തട്ടുകളില്‍ കയറിനിന്നു ചിറകുകള്‍ ഉണക്കുന്ന കാട്ടുതാറാവിന്‍ കൂട്ടങ്ങളാണോ വീശിയടിക്കുന്ന ഈര്‍പ്പം നിറഞ്ഞ കാറ്റാണോ എന്തോ എന്നെ ആ പഴയ പുഴക്കടവിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു.
പാരീസില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട എല്ലാ സ്ഥലങ്ങളും ഈ നദിയുടെ കരയിലാണ്. നോത്രദാമിലെ പള്ളിയും ലൂവ്രെ മ്യുസിയവും ഈഫല്‍ ടവറും മറ്റും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് സീന്‍ നദിയെ അവഗണിക്കാനാവില്ല. മുപ്പത്തിയേഴ് പാലങ്ങള്‍ പാരീസ് നഗരത്തിനുള്ളില്‍ തന്നെ സീനിനു കുറുകെ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയിലോരോന്നും ശില്‍പ്പഭംഗിയുടെ വ്യത്യസ്തത കൊണ്ട് നമ്മെ അമ്പരപ്പിക്കും. ഓരോ പാലങ്ങള്‍ക്ക് മുന്‍പിലും കുറെ നേരം ചിലവഴിച്ച്, നദിക്കരയിലെ ബോട്ടുകളുടെ ചിത്രങ്ങള്‍ പകര്‍ത്തി വഴിനീളെ ശകാരവും കേട്ട് അവസാനം നോത്രദാമിലെ പള്ളിയിലെത്തി.
വിക്ടര്‍ ഹ്യുഗോയുടെ വിവരണങ്ങളില്‍ നിന്ന് കുട്ടിക്കാലത്തെന്നോ മനസ്സില്‍ പതിഞ്ഞ നോത്രദാമിലെ പള്ളിയിലെ നിറപ്പകിട്ടുള്ള ചില്ലുജാലകങ്ങളെക്കാള്‍ എന്നെ ഭ്രമിപ്പിച്ചത് ഈ പാലങ്ങളും അതിനടിയിലെ അശാന്തമായ നദിയും തന്നെയാണ്. പള്ളി സന്ദര്‍ശിച്ചതിനു ശേഷം പോണ്ട് നെഫ് എന്നറിയപ്പെടുന്ന പാലം സന്ദര്‍ശിക്കാനായിരുന്നു എനിക്ക് തിടുക്കം.
കമിതാക്കള്‍ തങ്ങളുടെ പേരുകള്‍ ഒരു താഴില്‍ എഴുതിയ ശേഷം പാലത്തിലെ ഇരുമ്പഴികളില്‍കൊളുത്തി പൂട്ടിയിട്ട് താക്കോല്‍ സീനിലേക്ക് വലിച്ചെറിയാറാണു പതിവ്.
'ദ ലവേര്‍സ് ഓണ്‍ ദ ബ്രിഡ്ജ്' എന്ന സിനിമയില്‍ നിറഞ്ഞു നിന്ന അതേ പോണ്ട് നെഫ്. പ്രണയം കൊണ്ട് മുറിവേറ്റവള്‍! കമിതാക്കള്‍ തങ്ങളുടെ പേരുകള്‍ ഒരു താഴില്‍ എഴുതിയ ശേഷം പാലത്തിലെ ഇരുമ്പഴികളില്‍കൊളുത്തി പൂട്ടിയിട്ട് താക്കോല്‍ സീനിലേക്ക് വലിച്ചെറിയാറാണു പതിവ്.
സീനിനു കുറുകെയുള്ള പാരീസിലെ ഏറ്റവും പഴയ പാലത്തിലെ ലോഹം കൊണ്ടുള്ള അലങ്കാരപ്പണികള്‍ ഈ താഴുകളുടെ ഭാരം പേറാന്‍ കഴിയാതെ നശിക്കാന്‍ തുടങ്ങിയപ്പോള്‍ നഗരസഭ ഇടപെട്ടു. താഴുകള്‍ താരതമ്യേന പുതിയ മറ്റൊരു പാലത്തിലേക്ക് മാറ്റി അവര്‍ പ്രശ്‌നം പരിഹരിച്ചു.
അതിര്‍ത്തികള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും ജാതികള്‍ക്കും തരം തിരിക്കാനാവാത്ത വിധം ഇടകലര്‍ന്നിരിക്കുന്ന ആ താഴുകള്‍ക്കിടയില്‍ തങ്ങളുടെ പ്രണയത്തെയും അവര്‍ പൂട്ടി വയ്ക്കുന്നു.
ഒരിക്കലും നഷ്ടപ്പെടാത്ത വിധത്തില്‍ പ്രണയത്തെ താഴിട്ടു പൂട്ടണമെങ്കില്‍ പുതിയ പാലത്തിലാവാം. പ്രണയപ്പൂട്ടുകള്‍ പൂട്ടുന്ന കുറെ ഇണകളെ ഞങ്ങള്‍ ആ പാലത്തില്‍ കണ്ടു. ഏതൊക്കെയോ രാജ്യങ്ങളില്‍ നിന്നുള്ളവര്‍! അതിര്‍ത്തികള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും ജാതികള്‍ക്കും തരം തിരിക്കാനാവാത്ത വിധം ഇടകലര്‍ന്നിരിക്കുന്ന ആ താഴുകള്‍ക്കിടയില്‍ തങ്ങളുടെ പ്രണയത്തെയും അവര്‍ പൂട്ടി വയ്ക്കുന്നു.
ഈഫല്‍ ടവറും ലൂവ്രെ മ്യുസിയവും വരും ദിവസങ്ങളിലേക്ക് ബാക്കി വച്ചു ഞങ്ങള്‍ തിരികെ നടന്നു. തിരിച്ചുള്ള യാത്ര പുഴയുടെ മറുകരയിലൂടെയായിരുന്നു. എനിക്കേറ്റവും കൗതുകം തോന്നിയത് വലിയൊരു ബോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് സ്റ്റേഷന്‍ കണ്ടപ്പോഴാണ്. പുഴയില്‍ റോന്തു ചുറ്റാന്‍ പോകുന്ന സ്പീഡ് ബോട്ടുകളുടെ ഒരു വലയം തന്നെ അതിനു ചുറ്റുമുണ്ടായിരുന്നു. യുറോപ്പില്‍ തുടരെത്തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ ജനങ്ങളില്‍ ഉളവാക്കിയ ഭയം നഗരത്തെയാകെ വലയം ചെയ്തിരുന്നു. നദിക്കരയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വലിയ തോക്കുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും തീക്ഷ്ണമായ നോട്ടവുമായി ഭീമന്‍മാരായ പോലീസുകാര്‍ ഓരോ മുഖങ്ങളെയും പരതി നോക്കിക്കൊണ്ട് അവിടെയാകെ ചുറ്റി നടന്നു.
ഒറ്റയ്ക്കും ഇണകളോടൊപ്പവും ആളുകള്‍ ചുവടുകള്‍ വച്ചുകൊണ്ടിരുന്നു.
വൈകുന്നേരമായപ്പോള്‍ പുഴയുടെ കരകളില്‍ ജീവിതം തുടിച്ചു തുടങ്ങി. ഹൗസ് ബോട്ടുകളില്‍ നിന്ന് ഭക്ഷണ സാധനങ്ങളുടെ ഹൃദ്യമായ സുഗന്ധം ഉയര്‍ന്നു. ചെടികള്‍ കൊണ്ട് മറച്ച മുകള്‍ത്തട്ടുകളില്‍ ചെറിയ കുടുംബങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിരുന്നു. വീടുകളാക്കി മാറ്റിയ ഇത്തരം ബോട്ടുകള്‍ ചിലര്‍ ദിവസവാടകയ്ക്കും നല്‍കുന്നുണ്ട്. ഒഴുകി നടക്കുന്ന ഭക്ഷണശാലകളുടെ ചില്ലുജാലകങ്ങള്‍ക്കരികില്‍ ചുവന്ന വൈനും നുരയുന്ന ഷാമ്പേയ്‌നും നുണഞ്ഞിരിക്കുന്ന പ്രണയ ജോടികളും ഷര്‍ട്ടിന്റെ കൈകള്‍ തെറുത്തു വച്ചു നിറപ്പകിട്ടുള്ള ഏപ്രണുകള്‍ കെട്ടി തിരക്കിട്ട് പണിയെടുക്കുന്ന വിളമ്പുകാരെയും കരയില്‍ നിന്ന് കാണാം. ഗിറ്റാര്‍ മീട്ടി വിഷാദമൂറുന്ന പ്രണയഗാനങ്ങള്‍ പാടുന്ന ഗായകരുമായി ആ ബോട്ടുകള്‍ സന്തോഷത്തിന്റെ പ്രകാശം പൊഴിക്കുന്ന കുഞ്ഞു കഷണങ്ങള്‍ പോലെ ഒട്ടും തിടുക്കമില്ലാതെ, മടിപിടിച്ചെന്ന പോലെ സീനില്‍ ഒഴുകി നടക്കുന്നു.
ടൂറിസ്റ്റുകളുടെ കൂറ്റന്‍ ബോട്ടുകളും ചരക്കുകള്‍ കയറ്റിപ്പോകുന്ന കണ്ടെയിനര്‍ ബാര്‍ജുകളും ഇടവേളയില്ലാതെ ഞങ്ങളെ കടന്നുപോയിക്കൊണ്ടേയിരുന്നു. ഈ ബോട്ടുകളില്‍ നിന്നു നദിയിലേക്ക് തള്ളുന്ന മാലിന്യത്തിനും എണ്ണയ്ക്കും സീനിന്റെ കറുത്ത നിറത്തിന് പിന്നില്‍ ഒരു വലിയ പങ്കുണ്ട്. മാലിന്യത്തിന്റെ ആധിക്യം നിമിത്തം നദിയില്‍ നീന്തല്‍ നിരോധിച്ചിരിക്കുന്നു. 'വെള്ളത്തില്‍ ഇറങ്ങല്ലേ .. കാലു ചൊറിയും'-ആ ചെറിയ പെണ്‍കുട്ടി പുറകില്‍ എവിടെയോ നിന്ന് വിളിച്ചു പറയുന്നത് പോലെ എനിക്ക് തോന്നി.
നടന്നു തളര്‍ന്നിരുന്നു ഞാന്‍. പക്ഷെ ആ തിരിഞ്ഞു നടപ്പ് ഒട്ടും മടുപ്പിച്ചില്ല. ടൂറിസ്റ്റുകള്‍ക്കായി കൗതുക വസ്തുക്കള്‍ വില്‍ക്കുന്ന ചെറിയ കടകളും ചിത്രകാരന്മാരുമായി അവിടെയാകെ ആള്‍ത്തിരക്കായിരുന്നു. നദിക്കരയിലെ ചെറിയ സ്‌റ്റേജുകളില്‍ പലതരം നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്ന ചെറിയ കൂട്ടങ്ങളെയും സംഗീതജ്ഞരെയും കാണാം. ചെറിയ ഒരു തുക കൊടുത്താല്‍ ഒരു ബിയറിനൊപ്പം അവരുടെ കൂടെ നൃത്തം വയ്ക്കാം. ഒറ്റയ്ക്കും ഇണകളോടൊപ്പവും ആളുകള്‍ ചുവടുകള്‍ വച്ചുകൊണ്ടിരുന്നു.
പാരീസില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട എല്ലാ സ്ഥലങ്ങളും ഈ നദിയുടെ കരയിലാണ്.
നേര്‍ത്ത തണുപ്പും ഇരുട്ടും പടര്‍ന്നു തുടങ്ങി. നടന്നു നടന്നു എന്റെ കാലുകള്‍ തളര്‍ന്നിരുന്നു. എങ്ങനെയെങ്കിലും കാറില്‍ എത്തിയാല്‍ മതിയെന്നായി. അപ്പോഴാണ് ഞാന്‍ ആ മനുഷ്യനെ കണ്ടത്. കാലുകള്‍ അല്‍പ്പം അകത്തി വച്ചു തലകുനിച്ചു നദിയിലേക്ക് സൂക്ഷിച്ചു നോക്കി നില്‍ക്കുന്ന ഒരു വയസ്സന്‍. ആ നില്‍പ്പ് കണ്ടാല്‍ ഇതു നിമിഷവും അയാള്‍ എടുത്തു ചാടിയേക്കും എന്ന്‌തോന്നിപ്പോകും.
ഇടിഞ്ഞ തോളുകളുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന നൈരാശ്യത്തിന്റെ ആള്‍രൂപം പോലെയുള്ള ആ മനുഷ്യനെ കണ്ടപ്പോള്‍ ഉള്ളിലെവിടെയോ എനിക്കല്‍പ്പം പരിഭ്രമം തോന്നി. എനിക്കിനി നടക്കാന്‍ വയ്യ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഞാന്‍ അടുത്തു കണ്ട ഒരു ബഞ്ചില്‍ പോയിരുന്നു. ചുവന്ന ആകാശം പ്രതിഫലിക്കുന്ന പുഴയ്‌ക്കെതിരെ ഒരു പ്രതിമ പോലെ നില്‍ക്കുന്ന അയാളുടെ ഒരു ഫോട്ടോ എടുക്കണം എന്ന ഉദ്ദേശ്യത്തോടെ കാമറ എടുത്തതും ആ വയസ്സന്‍ തല തിരിച്ചു. നേരെ ഞാനിരിക്കുന്ന ബഞ്ചിനു അടുത്തേക്കാണ് അയാള്‍ നടന്നു വന്നത്. ഇവാന്റെ തോളില്‍ ചാരിയിരിക്കുന്ന എന്നെയും കയ്യിലെ കാമറയും ഒന്ന് നോക്കിയിട്ട് അയാള്‍ മന്ദഹസിച്ചു. എഴുപതു വയസ്സിനുമേല്‍ പ്രായം വരുന്ന ഒരു വയോധികന്‍.
'നിനക്കിഷ്ടമായോ പാരീസ്?'
അയാളെന്നെ കൗതുകത്തോടെ നോക്കി.
'ഈയിടെ ഒരുപാടു ഇന്ത്യാക്കാര്‍ ഇവിടെ വരുന്നുണ്ട്'- സംസാരിക്കാന്‍ അയാള്‍ക്കിഷ്ടമാണെന്നു എനിക്ക് തോന്നി. ഇവാന്റെ ശാസിക്കുന്ന കണ്ണുകളെ അവഗണിച്ചു കൊണ്ട് ഞാന്‍ അയാളുടെ പേര് ചോദിച്ചു. ബോ എന്നാണു കേട്ടത്. നല്ല മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന Beau എന്ന പേരാണ് അതെന്നു പിന്നീട് ഇവാന്‍ പറഞ്ഞു തന്നു. ബോ അവിടെയടുത്ത് ഒരു വൃദ്ധ സദനത്തില്‍ ആണ് താമസം. മകനും കുടുംബത്തിനും ഒഴിവുള്ള ഞായറാഴ്ചകളില്‍ അദ്ദേഹം അവരെ കാണാന്‍ പോകും. ഒരു ദിവസം അവരുടെ ഒപ്പം തങ്ങും.
വൈകുന്നേരമായപ്പോള്‍ പുഴയുടെ കരകളില്‍ ജീവിതം തുടിച്ചു തുടങ്ങി.
ഒരു വയലിനിസ്റ്റ് ആയിരുന്നു ബോ. എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം സീന്‍ നദിയുടെ തീരത്തു നടക്കാനിറങ്ങും. മൂഡ് തോന്നിയാല്‍ വയലിനും കയ്യിലെടുക്കും. നദിയിലേക്ക് നോക്കി ഭാര്യയ്ക്കിഷ്ടമായിരുന്ന പാട്ടുകള്‍ വായിക്കും അവളുടെ ചിതാഭസ്മം ഞാന്‍ ആരും കാണാതെ അവള്‍ക്കേറ്റവും ഇഷ്ടമുണ്ടായിരുന്ന ഈ നദിയിലൊഴുക്കി എന്ന് പറഞ്ഞിട്ട് അയാളൊരു സങ്കടച്ചിരി ചിരിച്ചു. കുട്ടികള്‍ സ്‌കൂളിലും മകനും ഭാര്യയും ജോലിക്കും പോയ്ക്കഴിഞ്ഞാലുണ്ടാകുന്ന ഏകാന്തത താങ്ങാനാകാതെയാണ് ബോ വൃദ്ധസദനത്തിലേക്ക് താമസം മാറ്റിയത്. ഇവിടെ സുഖമാണെന്നു അദ്ദേഹം പറഞ്ഞത് വെറുതെയായിരുന്നില്ല എന്ന് മുഖം കണ്ടാലറിയാമായിരുന്നു. സമപ്രായക്കാരായ കൂട്ടുകാര്‍, നല്ല ഭക്ഷണവും വൈദ്യ സഹായവും.. ഒരു വയസ്സന് ഇതില്‍പ്പരം ഇനിയെന്ത് വേണം? ആ മനുഷ്യന്‍ ഉറക്കെ ചിരിച്ചു.
നേരം വൈകുന്നു. എനിക്ക് പോകാന്‍ സമയമായി.
അയാളെ അവിടെ ഒറ്റയ്ക്ക് വിട്ടു പോകാന്‍ മനസ്സ് വരുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ചു യാത്ര ചോദിച്ച എന്റെ കയ്യില്‍ നിന്ന് പിടി വിടാതെ ബോ പറഞ്ഞു.
'ഒരു നിമിഷം നില്‍ക്ക്. നിനക്കെന്റെ ഭാര്യയുടെ പേര് അറിയണ്ടേ?
മോണാലിസയുടെ പെയിന്റിംഗിന് അരികെ ഹരിത
കൗതുകത്തോടെ നോക്കി നിന്ന എന്നോട് തെളിഞ്ഞ ഇന്ത്യന്‍ ഉച്ചാരണത്തോടെ അയാള്‍ പറഞ്ഞു. 'മാലിനി!' എന്റെ കാലുകള്‍ മരവിച്ചത് പോലെ എനിക്ക് തോന്നി.
'ഇന്ത്യന്‍ ആയിരുന്നോ?'- വിക്കിവിക്കി ഞാന്‍ ചോദിച്ചു.
അതെ എന്ന് തലയാട്ടി ഒരു ചിരിയും ചിരിച്ചു കൊണ്ട് ബോ എനിക്ക് പോകേണ്ടതിന്റെ എതിര്‍ ദിശയിലേക്കു നടന്നു. ചുവന്ന മുഖവുമായി എനിക്കരികില്‍ തൂണ് പോലെ അനങ്ങാതെ നിന്ന് പോയ ഇവാന്റെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട്, ഞാന്‍ വീണ്ടും നടന്നു.
പാരീസിലെ സീന്‍ നദിക്കരയിലൂടെയാണോ എന്റെ പുഴക്കരയിലെ മണല്‍ത്തിട്ടകളിലൂടെയാണോ എന്ന് തിരിച്ചറിയാനാവാതെ.
ഏകാന്തതയ്ക്ക് എവിടെയും നിറം ഒന്നുതന്നെയല്ലേ?
ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍