ഡീഗോയില്‍നിന്നും അനീഷിലേക്കുള്ള ദൂരം

By Haritha Savithri  |  First Published Jan 3, 2018, 3:22 PM IST

യൂറോപ്പിലെ തിരക്കുള്ള ഒരു നഗരത്തില്‍, അധ്യാപകനായ ഡീഗോ. കേരളത്തിലെ ഒരുള്‍നാടന്‍ തീരദേശ ഗ്രാമത്തില്‍ അല്‍പ്പകാലം ജീവിച്ച് മരണത്തിന് കീഴടങ്ങിയ അനീഷ്. ഇവര്‍ തമ്മിലെന്താണ്? എന്താണ് ഇവരെ തമ്മില്‍ കൂട്ടിയിണക്കുന്നത്?


യൂറോപ്പിലെ തിരക്കുള്ള ഒരു നഗരത്തില്‍, അധ്യാപകനായ ഡീഗോ. കേരളത്തിലെ ഒരുള്‍നാടന്‍ തീരദേശ ഗ്രാമത്തില്‍ അല്‍പ്പകാലം ജീവിച്ച് മരണത്തിന് കീഴടങ്ങിയ അനീഷ്. ഇവര്‍ തമ്മിലെന്താണ്? എന്താണ് ഇവരെ തമ്മില്‍ കൂട്ടിയിണക്കുന്നത്?

Latest Videos

undefined

ഹീറ്ററിന്റെ നേര്‍ത്ത ചൂടില്‍ അന്നത്തെ മെസേജുകളും വായിച്ചു കൊണ്ട് കമ്പിളിപ്പുതപ്പുകള്‍ക്കുള്ളില്‍ പുതഞ്ഞു കിടക്കുമ്പോഴാണ് എനിക്ക് ഡീഗോയുടെ ഫോണ്‍ വന്നത്. ഈ രാത്രിയിലെന്താ ഈ മനുഷ്യന്‍ വിളിക്കുന്നത് എന്ന് അതിശയിച്ചു കൊണ്ട് പെട്ടെന്ന് തന്നെ ഫോണ്‍ എടുത്ത എന്നെ നടുക്കിക്കൊണ്ട് അപ്പുറത്ത് നിന്ന് ഒരു പൊട്ടിക്കരച്ചിലാണ് ഉയര്‍ന്നത്. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ കഴിയാതെ തിരകള്‍ പോലെ ഉയരുന്ന വിതുമ്പലുകള്‍. കുറച്ചു നേരം കഴിഞ്ഞു വിമ്മലുകള്‍ ഒന്നടങ്ങിയപ്പോള്‍ കരച്ചിലിനിടയില്‍ തെറിച്ചു വീഴുന്ന വാക്കുകള്‍ പറയുന്നത് ഒരു കാര്യം മാത്രം. എനിക്കിനി ജീവിക്കണ്ട.. ജീവിക്കണ്ട..

കരഞ്ഞു കരഞ്ഞു ഡീഗോ ഒന്നടങ്ങും വരെ ഞാന്‍ കാത്തിരുന്നു. എന്താ കാര്യം എന്ന് കുറെ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. പതിമൂന്നു വയസ്സുള്ള മകള്‍ പറഞ്ഞത്രേ അച്ഛന്‍ അവളുടെ സ്‌കൂളിലേക്ക് ഇനി ചെല്ലരുത്. കൂട്ടുകാര്‍ കളിയാക്കുന്നത്രേ. ഈ ലോകത്തിന്റെ മുഴുവന്‍ പരിഹാസച്ചിരിക്ക് മുമ്പില്‍ പിടിച്ചു നിന്നവനാണ്. തകര്‍ന്നുപോകുമായിരുന്ന, നഗരത്തിലെ അഴുക്കു ചാലുകളില്‍ അവസാനിക്കേണ്ടിയിരുന്ന ജീവിതം വെട്ടിപ്പിടിച്ചവനാണ്. എല്ലാം നേടിയിട്ടും തോറ്റുപോയവന്റെ കണ്ണുനീരത്രയും അയാള്‍ ഫോണിലൂടെ ഒഴുക്കിത്തീര്‍ക്കുന്നത് ഞാന്‍ നിശ്ശബ്ദയായി കേട്ടുകൊണ്ടിരുന്നു.

ഏകദേശം എണ്ണൂറു കിലോമീറ്ററോളം ദൂരെയുള്ള ഹെന്‍ഡായ എന്ന സ്ഥലത്തായിരുന്നു ഞാന്‍. സ്‌പെയിനിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിക്കടുത്തുള്ള ഒരു കടലോരപ്പട്ടണമാണ് ഹെന്‍ഡായ. പ്രശസ്തവിനോദസഞ്ചാരകേന്ദ്രമായ സാന്‍ സെബാസ്റ്റിയന്‍ സന്ദര്‍ശിക്കുക എന്ന ഉദ്ദേശവും വരവിനു പിന്നിലുണ്ടായിരുന്നു. യൂറോപ്പാകെ മഞ്ഞിലുറഞ്ഞു സാന്താക്ലോസിന്റെ വരവും കാത്ത് കിടക്കുകയാണ്. തണുപ്പും ഇരുട്ടും മൂടല്‍മഞ്ഞും താങ്ങാനാവാതെ ശൈത്യകാലത്തിന്റെ മുറിവുകളുണക്കാന്‍ ചൂടും ഉപ്പുള്ള കടല്‍ക്കാറ്റും തേടി ഹെന്‍ഡായയിലേയ്ക്കു വന്നതായിരുന്നു ഞാന്‍. ക്രിസ്മസ് സീസണില്‍ ഇവിടെ ഒരു അപാര്‍ട്ട്‌മെന്റ് കുറഞ്ഞ ചിലവില്‍ തരപ്പെടുത്തുക എന്നത് സാധാരണ ഗതിയില്‍ അസാധ്യമായ കാര്യമാണ്. ഞാനൊറ്റയ്ക്കല്ല താനും. എനിക്കിപ്പോള്‍ തിരിച്ചു വരാന്‍ കഴിയില്ല എന്ന് ഡീഗോയെ പതിയെ ഞാന്‍ പറഞ്ഞു മനസ്സിലാക്കി.

ഒരല്‍പ്പം സമാധാനം വീണ്ടെടുത്തു കഴിഞ്ഞപ്പോള്‍, മദ്യവും സങ്കടവും കുഴഞ്ഞ വാക്കുകളില്‍, ഡീഗോ അന്ന് നടന്നതത്രയും വിശദീകരിച്ചു. ചെറിയ കുട്ടിയല്ലേ .. അവള്‍ അത്രയേറെ പരിഹാസം സഹിച്ചു കാണും എന്നൊക്കെ പറഞ്ഞു അയാളെ ആശ്വസിപ്പിക്കാന്‍ ഞാനൊരുപാട് ശ്രമിച്ചു. വീടിനടുത്തുള്ള ഏതോ ബാറില്‍ ഇരുപ്പാണു അയാള്‍. വീട്ടിലേക്കു തിരിച്ചു പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വീണ്ടും കരച്ചില്‍ അണപൊട്ടിയൊഴുകി. ഇത്രയും നാള്‍ നേരിട്ടതിനേക്കാള്‍ വലുതാണോ ഇതെന്ന് അബദ്ധവശാല്‍ ചോദിച്ചതും സങ്കടം ദേഷ്യമായി. നിനക്ക് പോലും എന്റെ വിഷമം മനസ്സിലാകുന്നില്ല എന്ന് പറഞ്ഞായി നിലവിളി.

കരച്ചിലും ദേഷ്യവും ഒക്കെകഴിഞ്ഞ് അയാള്‍ വീടെത്തും വരെ ഫോണ്‍ ചെവിയില്‍ നിന്ന് മാറ്റിയതേയില്ല ഞാന്‍. 'ഡീഗോ .. നീയെവിടെയായിരുന്നു' എന്ന് അലീന, അയാളുടെ ഭാര്യ പരിഭ്രമത്തോടെ ഒച്ചയിടുന്നത് കേട്ടപ്പോള്‍ ഞാന്‍ കാള്‍ കട്ട് ചെയ്തു. ഇനിയവള്‍ നോക്കിക്കോളും എന്നെനിക്കറിയാമായിരുന്നു. ചുറ്റും കൂര്‍ക്കം വലികളുയരുന്നു. നെഞ്ചത്ത് ഹൃദയത്തിന് പകരം വലിയൊരു ഇരുമ്പ് കട്ടയാണിരിക്കുന്നതെന്ന പോലെ ഒരു തണുത്ത ഭാരം എനിക്കനുഭവപ്പെട്ടു. അടക്കി വച്ചിരുന്ന കണ്ണുനീര്‍ കുതിച്ചു ചാടി. ഉറക്കെ നിലവിളിക്കാനാണ് എനിക്ക് തോന്നിയത്. ചറുപിറുന്നനെ വീഴുന്ന വീഴുന്ന മഴയില്‍ കുതിര്‍ന്നു കിടക്കുന്ന ഹാര്‍ബര്‍ ജനാലയിലൂടെ കാണാം. കൊടുംകാറ്റിലെന്ന പോലെ നടപ്പാതയ്ക്കരികില്‍ വച്ചു പിടിപ്പിച്ചിരിക്കുന്ന അലങ്കാരപ്പനകള്‍ ആടിയുലയുന്നു. കനത്ത ജാക്കറ്റും ബാസ്‌ക് ബെററ്റ് എന്നറിയപ്പെടുന്ന വട്ടത്തൊപ്പിയും വലിച്ചെടുത്തു കൊണ്ട് ഞാന്‍ പുറത്തു ചാടി.

കണ്ണെത്താദൂരം വരെ ചെറിയ നൗകകള്‍ കെട്ടിയിട്ടിരിക്കുന്നു. നേരം പുലര്‍ന്നാല്‍ ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള നേരിയ വെളിച്ചവും ഇടയ്ക്ക് കറുത്ത ആകാശത്തു പുളയുന്ന മിന്നലിന്റെ വെളിച്ചവുമൊഴിച്ചാല്‍ അവിടമാകെ കുറ്റാക്കുറ്റിരുട്ടാണ്. വലഞ്ഞു പുളഞ്ഞു കിടക്കുന്ന കടലിടുക്കിലൂടെ അകത്തേയ്ക്ക് ശക്തിയില്‍ ചീറിയടിക്കുന്ന കാറ്റ് പുറത്തുപോകാനുള്ള വഴിയറിയാതെ മോങ്ങുകയും അലറുകയും ചെയ്തുകൊണ്ട് അവിടമാകെ ചുറ്റിത്തിരിയുന്നു. കയറുകളില്‍ തൂങ്ങിക്കിടക്കുന്ന ഇരുമ്പ് കൊളുത്തുകള്‍ പായ്മരങ്ങളില്‍ താളത്തില്‍ ചെന്നിടിച്ചും പടുതകള്‍ പടപടായെന്നു ചിറകടിച്ചും ആ വിചിത്രമായ സംഗീത വിരുന്നില്‍ തങ്ങളുടെ ജോലികള്‍ ഭംഗിയാക്കി. ഹാര്‍ബറിലെ ഏതൊക്കെയോ കുഴലുകളിലൂടെ കടന്നുപോകുന്ന കാറ്റ് അസാധാരണമായ മുഴക്കമുള്ള ശബ്ദങ്ങളില്‍ ചൂളം വിളിച്ചു കൊണ്ടേയിരുന്നു. പരന്ന തൊപ്പിയില്‍ ചറപറായെന്നു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം തുറമുഖത്തിന്റെ അപൂര്‍വ്വമായ സംഗീതത്തിനു അകമ്പടി സേവിച്ചു. കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ആ നടപ്പാതയില്‍ മറ്റാരുമുണ്ടാവാന്‍ വഴിയില്ല. തണുത്തു മരവിക്കുന്ന ശരീരത്തില്‍ മഴയും കാറ്റുമേറ്റു വാങ്ങിക്കൊണ്ടു ഉള്ളൊന്നു തണുക്കാന്‍ ഞാന്‍ കണ്ണുകളടച്ചു കാത്തു നിന്നു.

കാറ്റിന്റെ മൂളലില്‍ ഡീഗോയുടെ തേങ്ങലുകളുടെ ശബ്ദം കലര്‍ന്നിരിക്കുന്നത് പോലെ തോന്നി. വെള്ള ഷര്‍ട്ടും നീല നിക്കറുമണിഞ്ഞ ഒരു ചെറിയ ആണ്‍കുട്ടിയുടെതു പോലെ. പ്രത്യേകിച്ച് വികാരങ്ങള്‍ ഒന്നും വരാത്ത അയാളുടെ മരവിച്ച മുഖത്തു ഇളം ചുവപ്പ് കലര്‍ന്ന ചുണ്ടുകളുടെ കോണില്‍ അല്‍പ്പം ഉമിനീരുമായി പൂവ് പോലെ ഒരു ചിരി വിടര്‍ന്ന പോലെ. 'കൊച്ചേ.. ഉച്ചയ്ക്ക് വരുമ്പോള്‍ എനിക്കും രണ്ടു മാങ്ങാ കൊണ്ട് വരുമോ' എന്ന നാണം കലര്‍ന്ന ഒരു കുണുക്കത്തോടെയുള്ള നേര്‍ത്ത ശബ്ദത്തിലുള്ള ചോദ്യം ചെവികളില്‍ ചുറ്റിക കൊണ്ടടിക്കുന്നത് പോലെ മുഴക്കത്തോടെ പതിച്ചു..

എട്ടാം ക്ലാസ്സില്‍ വച്ചാണ് അനീഷ് എന്റെ ക്ലാസ്സിലെത്തിയത്. താന്‍ അവിടെ ഏതോ ഒരു മൂലയില്‍ ഉണ്ടെന്ന് മറ്റുള്ളവര്‍ അറിയാനുള്ള ഒരു ശ്രമവും അവന്‍ നടത്തിയതേയില്ല. അദ്ധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനോ മറ്റുള്ളവരുടെ കൂടെ കളിക്കാന്‍ കൂടാനോ തയ്യാറാവാതെ കലപിലാ ചിലയ്ക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കിടയില്‍ അദൃശ്യനായിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഒരു കുട്ടി. പഠിക്കാന്‍ ഒട്ടും മിടുക്കരല്ലാത്ത പിന്‍ ബഞ്ചുകാരുടെ കൂടെയായിരുന്നു അവന്റെ ആരാലും ശ്രദ്ധിക്കപ്പെടാതെയുള്ള ഇരുപ്പ്.

സ്‌കൂളിനടുത്താണ് എന്റെ വീട്. പറമ്പ് നിറയെ പല തരത്തിലുള്ള മാവുകളാണ്. മാവ് പൂക്കുന്ന കാലമായാല്‍ കുസൃതിയൊന്ന് കൂടും. അല്‍പ്പമൊരിട കിട്ടിയാല്‍ കൂട്ടുകാരികളുമായി വീട്ടിലേയ്‌ക്കൊരു ഓട്ടമാണ്. നീലപ്പാവാടത്തുമ്പ് നിറയെ കണ്ണിമാങ്ങകളും പൂവരശിന്റെ ഇലയില്‍ പൊതിഞ്ഞ ഉപ്പും കാന്താരി മുളകുമായി തിരിച്ചെത്തും. പിന്നെ കൂട്ടം കൂടിയിരുന്നു എരിഞ്ഞെരിഞ്ഞു മാങ്ങാ തീറ്റിയും സൊറ പറച്ചിലും തന്നെ പണി. ആയിടയ്‌ക്കെന്നോ ആണ് ഈ നിശ്ശബ്ദ ജീവി എന്നോടു മാങ്ങാ ചോദിക്കുന്നത്. വലിയ ഗമയില്‍ ഒരെണ്ണം അവനു കൊടുത്തത് ഇപ്പോഴുമോര്‍ക്കുന്നു. ഒരുപക്ഷെ ഞങ്ങള്‍ക്കിടയില്‍ നടന്ന ഒരേയൊരു സംഭാഷണം അത് മാത്രമായിരിക്കണം.

അനീഷ് വീണ്ടും തോറ്റു. അവനെക്കുറിച്ചു പിന്നീടൊരിക്കലും ഞാന്‍ ആലോചിച്ചതേയില്ല. ക്ലാസ്സിലെ മൂലയ്ക്ക് ഒടിഞ്ഞു കിടന്ന മേശയെയോ സ്ഥലപരിമിതി മൂലം ക്ലാസ്സ് ആയി ഉപയോഗിച്ചിരുന്ന ലാബിലെ ഭിത്തിയില്‍ പിടിപ്പിച്ച അസ്ഥികൂടത്തെയോ പോലെ അപ്രസക്തമായിരുന്നു ഞങ്ങളുടെ ലോകത്ത് നാണം കലര്‍ന്ന ആ പുഞ്ചിരിയും.

കാലമേറെ കഴിഞ്ഞു. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം അതേ സ്‌കൂളില്‍ അദ്ധ്യാപികയായിരുന്ന എന്റെ അമ്മ എന്നോടു അനീഷിനെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു. സ്‌കൂളിനെപ്പറ്റിയോര്‍ക്കുമ്പോള്‍ മനസ്സില്‍ കടന്നു വരുന്ന മുഖങ്ങളിലൊന്നും അവനുണ്ടായിരുന്നില്ല. 'നീയൊന്നോര്‍ത്തു നോക്ക്..' അമ്മ വീണ്ടും പറഞ്ഞു. 'നിന്റെ കൂടെ അവന്‍ പഠിച്ചിട്ടുണ്ട്... വെളുത്തു മെലിഞ്ഞ്.. നേര്‍ത്ത ശബ്ദമുള്ള ഒരു കുട്ടി. സംസാരിക്കുമ്പോള്‍ അവനു ചെറിയൊരു നാണം വരുന്നത് പോലെ തോന്നും. ചിരിക്കുമ്പോള്‍ ചുണ്ടുകളുടെ കോണില്‍ ഉമിനീര്...'

'കൊച്ചെ.. എനിക്ക് രണ്ടു മാങ്ങാ' -മടിച്ചു മടിച്ചുള്ള ആ ചോദ്യം വീണ്ടും എന്റെ മനസ്സിലേക്കോടിയെത്തി.

'ഓര്‍മ്മയുണ്ടമ്മേ.. എന്തുപറ്റി?' ഞാന്‍ അശ്രദ്ധയോടെ ചോദിച്ചു.

'അവന്‍ ആത്മഹത്യ ചെയ്ത കാര്യം നീ അറിഞ്ഞിരുന്നോ?'-ഞാന്‍ ഞെട്ടിപ്പോയി. 'എന്തിന്?'

അവന്റെ ഓമനത്തം തോന്നിക്കുന്ന നാണം കലര്‍ന്ന ചിരിയും കുണുക്കത്തോടെയുള്ള സംസാരവും ഒരു പെണ്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു എന്ന് അമ്മ പറഞ്ഞ കഥ കേട്ടിരുന്നപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ആ കാരണം കൊണ്ട് തന്നെ ഒരുപാടു കൈകള്‍ അവന്റെ നേരെ നീണ്ടു ചെന്നിരിക്കണം. 'ആളുകളുടെ ഉപദ്രവം സഹിക്കാനാവാതെ..' പറഞ്ഞു പൂര്‍ണ്ണമാക്കാതെ അമ്മ മുഖം കുനിച്ചിരുന്നു. അപ്പോഴാണ് ഞാനാ കണ്ണുകളെ പറ്റി ഓര്‍ത്തത്. മരിച്ചതുപോലെ ഒരു വികാരവുമില്ലാത്ത രണ്ടു കണ്ണുകള്‍. ആരും കാണാതെ കരഞ്ഞു കരഞ്ഞു അവ മരവിച്ചു പോയതാവാം.

ഒരുപാട് നാളുകള്‍ക്കു ശേഷം ഒരു പ്രവേശനപ്പരീക്ഷ എഴുതാന്‍ ഊഴം കാത്തു നില്‍ക്കുന്ന നേരത്ത് ആ കണ്ണുകള്‍ വീണ്ടും എന്റെ മനസ്സിലേക്ക് കടന്നു വന്നു. ഫയലും മാറത്തടക്കി ഒരു മൂലയ്ക്കിരുന്ന എന്റെ നേരെ ഒരാള്‍ ഒരുപാടു നാള്‍ പരിചയമുള്ള കൂട്ടുകാരിയെ കണ്ട സന്തോഷത്തോടെ നടന്നു വന്നു. 'നിന്റെ കയ്യില്‍ പെന്‍സില്‍ ഉണ്ടോ? തിടുക്കത്തില്‍ വന്നപ്പോള്‍ പെന്‍സില്‍ എടുക്കാന്‍ മറന്നു'

ആ കണ്ണുകള്‍... കുണുങ്ങിക്കുണുങ്ങിയുള്ള സംസാരം... നാണം കലര്‍ന്ന ചിരി... ഒരു ഭാവവുമില്ലാത്ത നരച്ച കണ്ണുകള്‍... പെന്‍സില്‍ മാത്രമല്ല ഇറേസറും പേനയും ഒക്കെ ഞാന്‍ എന്റെ കുഞ്ഞു ബാഗില്‍ നിന്ന് ഭ്രാന്തമായ തിടുക്കത്തില്‍ തിരഞ്ഞെടുത്തു കൊടുത്തു. ഒരു തവണ കൂടി എന്നോടു നീ ചോദിക്ക്.. 'കൊച്ചെ.. വരുമ്പോള്‍ എനിക്ക് കൂടി രണ്ടു മാങ്ങ'. എന്റെ പാവാടത്തുമ്പിലുള്ള എല്ലാ കണ്ണിമാങ്ങയും ഞാന്‍ നിനക്ക് തരും. ഉപ്പില്‍ മുക്കി കാന്താരിയുടെ ഒരറ്റമൊന്നു കടിച്ച് പുളിയും എരിവും കൊണ്ട് നിറഞ്ഞ കണ്ണുകള്‍ മുറുക്കി അടച്ചുകൊണ്ട് നീയത് തിന്നുന്നത് ഒടിഞ്ഞു വീഴാറായ ബഞ്ചിന്റെ ഒരറ്റത്തുള്ള സ്ഥിരം സീറ്റിലിരുന്നു എനിക്ക് കാണണം. എന്റെ ഭാവം കണ്ടിട്ടാവണം നന്ദി പറയുന്നതിനൊപ്പം തെല്ലൊരു പരിഭ്രമത്തോടെ പരീക്ഷ കഴിഞ്ഞു എല്ലാം തിരിച്ചു തരാം എന്ന് പല തവണ അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു..

പരീക്ഷ എഴുതുമ്പോഴും ഇടയ്ക്കിടയ്ക്ക് എന്റ കണ്ണുകള്‍ ആ മനുഷ്യനെ തിരഞ്ഞു കൊണ്ടേയിരുന്നു. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ഒരു വെള്ള ഷര്‍ട്ടും ജീന്‍സുമാണ് വേഷം. ഒരല്‍പം തടിച്ച ശരീരപ്രകൃതമുള്ള ഒരു നാല്‍പ്പതുകാരന്‍. അനീഷ്, നീയുണ്ടായിരുന്നെങ്കില്‍ ഇപ്പോഴെങ്ങനെ ഇരുന്നേനെ. പരീക്ഷയില്‍ തോറ്റുപോയ നിന്റെ കൂട്ടുകാരെപ്പോലെ കടലില്‍ മീന്‍ പിടിക്കാന്‍ പോയി ഉറച്ച മാംസപേശികളും പരുക്കന്‍ സ്വഭാവവുമുള്ള ഒരു നാട്ടിന്‍പുറത്തുകാരനായി തീരുമായിരുന്നോ നീ? അതോ വെളുത്ത തുടകളും കാട്ടി കൈലി മടക്കിക്കുത്തി വിഡ്ഢിച്ചിരിയുമായി നാട്ടിലെ ചായക്കടകളില്‍ സമയം ചിലവഴിക്കുന്ന പലരിലൊരാളായി മാറുമായിരുന്നോ?

പരീക്ഷ കഴിഞ്ഞു പെന്‍സിലും പേനയും മറ്റും തിരിച്ചു തരാനായി ഡീഗോ എന്നെ കാത്തു നിന്നിരുന്നു. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ടീച്ചറാണ് പുള്ളിക്കാരന്‍. യുണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കണമെന്നാണ് ആഗ്രഹം. അതിനാണ് വീണ്ടും പഠിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.

ക്ലാസ്സ് തുടങ്ങിയപ്പോള്‍ ഞാന്‍ ഡീഗോയെ ആണ് തിരഞ്ഞത്. നിറയെ നിറങ്ങള്‍ വാരിയൊഴിച്ച ഇറുകിപ്പിടിച്ച ഒരു ഷര്‍ട്ടില്‍ തിളങ്ങിക്കൊണ്ട് അയാള്‍ ഒരു മൂലയില്‍ ഇരിപ്പുണ്ടായിരുന്നു. തിടുക്കത്തില്‍ തൊട്ടടുത്തു ഒഴിഞ്ഞു കിടന്ന കസേരയില്‍ ഞാന്‍ ഇരിപ്പ് പിടിച്ചു. തെല്ലൊരു അതിശയത്തോടെ അയാള്‍ പറഞ്ഞു 'നീ ഇനി ഒരിക്കലും എന്നോടു സംസാരിക്കില്ല എന്നാണു ഞാന്‍ കരുതിയത്. അന്ന് നീ പേടിച്ചു എന്ന് തോന്നി'.

പേടിച്ചതല്ല, പണ്ടെന്നോ പിരിഞ്ഞു പോയ ഒരു കൂട്ടുകാരനെ ഓര്‍മ്മ വന്നു എന്നു ഞാന്‍ മറുപടി പറഞ്ഞു. അടുത്ത കൂട്ടുകാരനായിരുന്നോ എന്നായി ചോദ്യം. 'ആയിരുന്നു. പക്ഷെ ഞാന്‍ ഒരു തവണയേ സംസാരിച്ചിട്ടുള്ളൂ'- എന്റെ മുഖം ഡീഗോ കാണാതിരിക്കാനായി ഞാന്‍ ബുക്കില്‍ ചിത്രപ്പണികള്‍ ചെയ്യുന്ന വ്യാജേന കുനിഞ്ഞിരുന്നു. മരവിച്ചു തണുത്ത കണ്ണുകളുമായി അയാള്‍ എന്നെ നോക്കി നിശ്ശബ്ദനായിരുന്നു.

ആ മൂലയില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള മേശകള്‍ക്കു ചുറ്റും നാലും അഞ്ചും കസേരകളിട്ടു ആളുകള്‍ നിറഞ്ഞു. 'നിന്റെ ഈ നിറവും എന്റെ ഈ കുപ്പായവും മൂലം ആരും വരില്ല ഇങ്ങോട്ട്'- ഡീഗോ ആശ്വാസത്തോടെയാണ് അത് പറഞ്ഞതെന്ന് തോന്നി. ഒന്നിട വിട്ട ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലുള്ള മടുപ്പിക്കുന്ന ക്ലാസുകള്‍. ജോലി കഴിഞ്ഞാണ് മിക്കവരും എത്തുക. ഉത്തരക്കടലാസുകളും പുസ്തകങ്ങളും നിറഞ്ഞ വലിയ തോള്‍ സഞ്ചിയും രണ്ടു കയ്യിലും നിറച്ചു പതയുള്ള കൊഴുത്ത പാലൊഴിച്ച ഓരോ കപ്പു കാപ്പിയുമായി ഓടിപ്പിടിച്ചു ഡീഗോ വരുന്നതും കാത്തു ക്ഷമയോടെ ഞാന്‍ ലാംഗ്വേജ് സ്‌കൂളിന്റെ കവാടത്തിനടുത്തു വില്ലോ മരങ്ങളുടെ താഴെയുള്ള ബഞ്ചിലിരിക്കും.

അവഗണിക്കുന്ന ആരെയും ഞാനും ഡീഗോയും ശ്രദ്ധിച്ചതേയില്ല. ഏറ്റവും നല്ല മാര്‍ക്കുകള്‍ ഞങ്ങളുടെ മേശ വിട്ടു പോവാതിരിക്കാന്‍ എപ്പോഴും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു താനും. സാവധാനം ക്ലാസ്സിലെ വയസ്സായ ചിലര്‍ ഞങ്ങളുടെ ഇരിപ്പുമൂല തേടി വന്നു തുടങ്ങി. പലപ്പോഴായി പറഞ്ഞ വാചകങ്ങള്‍ കൂട്ടി വച്ചു ഡീഗോയുടെ കഥ ഞാന്‍ മെനഞ്ഞെടുത്തു. സ്‌കൂളിന്റെ പടിവാതില്‍ പോലും കണ്ടിട്ടില്ലാത്ത പരുക്കന്‍ ഗ്രാമീണരായ അച്ഛനമ്മമാരുടെ നാലാമത്തെ പുത്രനാണ് അയാള്‍. പെരുമാറ്റത്തിലെ അസാധാരണത്വം കൊണ്ട് ഒറ്റപ്പെട്ടു പോയ കുട്ടിക്കാലത്തെ അയാള്‍ മറികടന്നത് പുസ്തകങ്ങളുടെ സഹായത്താലാണ്. തന്റെ നേരെ നീണ്ടു വന്ന കൈകളെപ്പറ്റി പറയുമ്പോള്‍ ആ കണ്ണുകളില്‍ കണ്ട ഭയം എന്നെ വീണ്ടും വീണ്ടും എന്റെ പഴയ ക്ലാസ്സ് മുറിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു.

എന്നും പരീക്ഷകളില്‍ ഒന്നാമനായിരുന്നെങ്കിലും. അവസാനം ഗവണ്മെന്റ് സര്‍വീസില്‍ കയറിപ്പറ്റുന്നത് വരെ അഭിമുഖങ്ങളില്‍ അയാള്‍ പരാജയപ്പെട്ടു കൊണ്ടിരുന്നു. പെരുമാറ്റത്തില്‍ എങ്ങനെയോ സ്‌ത്രൈണ ഭാവം കലര്‍ന്നു പോയെങ്കിലും ഡീഗോയ്ക്ക് സ്ത്രീകളോട് മാത്രമേ താല്‍പ്പര്യമുണ്ടായിരുന്നുള്ളൂ. കളിക്കൂട്ടുകാരിയായ അലീന ജീവിതത്തിലേക്ക് കടന്നു വരും വരെ അയാള്‍ ഒറ്റയ്ക്ക് തന്നെയായിരുന്നു. പതിനഞ്ചു വര്‍ഷമായി അവരൊരുമിച്ചാണ്. മിടുക്കരായ രണ്ടു കുട്ടികളുമായി വളരെ സുഖമായി ജീവിക്കുന്നു.

ഈ സമൂഹം എങ്ങനെയൊക്കെ പെരുമാറിയാലും കുടുംബം എന്റെ കൂടെയുണ്ട് എന്ന് സംതൃപ്തിയോടെ പറഞ്ഞിരുന്ന ഡീഗോ ആണ് ഇപ്പോള്‍ തന്റെ മകള്‍ക്ക് താനൊരു അപമാനമാണെന്ന തിരിച്ചറിവില്‍ തകര്‍ന്നടിഞ്ഞു പോയത്. ഇനി മുന്നോട്ടു പോകാനാവില്ല എന്ന് തോന്നിയ ഏതോ ഒരു നിമിഷത്തില്‍ അവസാനിപ്പിച്ച ഇളം ചുവപ്പ് ചുണ്ടുകളില്‍ തങ്ങി നിന്ന ഒരു പുഞ്ചിരി വീണ്ടും വീണ്ടും എനിക്കോര്‍മ്മ വന്നു. ഏതു പ്രതിസന്ധിയിലും അലീന ഡീഗോയെ താങ്ങി നിര്‍ത്തും എന്ന് ഉറപ്പായിരുന്നു. മഴയില്‍ കുതിര്‍ന്നു തണുത്തു മരവിച്ചു പോയ വിരലുകള്‍ പോക്കറ്റുകളില്‍ തിരുകി ഞാന്‍ എന്റെ ചെറുചൂടുള്ള മുറിയിലേക്ക് തിരിച്ചു നടന്നു.അപ്പോഴേക്കും ശക്തി കുറഞ്ഞ കാറ്റ് എനിക്ക് പുറകില്‍ മന്ദഗതിയില്‍ ചൂളം വിളിച്ചു കൊണ്ടേയിരുന്നു.

മഴ ഒരപൂര്‍വ്വതയായ നാട്ടില്‍ ഒരാഴ്ചയായി തോരാത്ത മഴയാണ്. ഇടയ്ക്കിടയ്ക്ക് ചരല് പോലെ വീഴുന്ന ആലിപ്പഴങ്ങളെപ്പോലും കൂസാതെ കുട്ടികള്‍ കീശയില്‍ മധുര പലഹാരങ്ങളും നിറച്ചു തണുപ്പ് വകവയ്ക്കാതെ തെരുവിലാകെ കളിച്ചു നടക്കുകയാണ്. റെയിന്‍ ഡിയറിന്റെ പുറത്തു സമ്മാന സഞ്ചിയും പുറത്തേറ്റി വരുന്ന സാന്താക്ലോസിനെ വരവേല്‍ക്കാന്‍ തൂക്കിയ തിളങ്ങുന്ന പലനിറങ്ങളിലുള്ള സ്ഫടിക ഗോളങ്ങള്‍ നേരം വെളുക്കുമ്പോള്‍ ഐസ് പിടിച്ചു കനം തൂങ്ങി നിന്നു. കറങ്ങി നടക്കാന്‍ ഒരു താല്‍പ്പര്യവും തോന്നാതെ അനക്കമറ്റ ഹാര്‍ബറില്‍ സൂചികുത്താനിടമില്ലാതെ കെട്ടിയിട്ടിരിക്കുന്ന നൗകകളുടെ കൊടിമരങ്ങളില്‍ നിന്ന് മഞ്ഞ് ഉരുകിയൊലിക്കുന്നതും നോക്കി തീരത്തിട്ടിരിക്കുന്ന ബഞ്ചുകളില്‍ ഞാനേറെ നേരം ചെലവഴിച്ചു.

നാല് ദിവസം കഴിഞ്ഞാണു ഞാന്‍ ഹെന്‍ഡായയില്‍ നിന്ന് തിരിച്ചെത്തിയത്. നാട്ടിലെത്തിയ ദിവസം തന്നെ തിമിര്‍ത്തു പെയ്യുന്ന മഴ കൂട്ടാക്കാതെ ഡീഗോയെ വിളിച്ചു കാണണം എന്നു ഞാന്‍ ആവശ്യപ്പെട്ടു. പട്ടണത്തിലെ പണക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ ഒന്നിലായിരുന്നു ഡീഗോയുടെയും കുടുംബത്തിന്റെയും താമസം. നനവുള്ള പാദങ്ങള്‍ തറയില്‍ വിരിച്ചിരുന്ന വിലപിടിച്ച പതുപതുത്ത പരവതാനിയെ കേടു വരുത്തുമോ എന്ന് ശങ്കിച്ച് വാതിക്കല്‍ മടിച്ചു നിന്ന എന്നെ നിറഞ്ഞ ചിരിയോടെ അലീന കയ്യില്‍ പിടിച്ചു വലിച്ചു അകത്തു കയറ്റി.

ഞങ്ങളുടെ കലപില കേട്ട് ടിവിയുടെ മുന്നില്‍ ചടഞ്ഞു കൂടിയിരുന്ന ഡീഗോ എഴുന്നേറ്റു വന്നു. നരച്ച കണ്ണുകളുടെ ചുറ്റും ഉറക്കമില്ലായ്മ കൊണ്ടുണ്ടായ കറുത്ത വലയങ്ങളും ചപ്രത്തലമുടിയുമായി എന്റെ മുന്നില്‍ വളഞ്ഞു കൂടി നിന്ന അയാള്‍ക്ക് ഒരാഴ്ച കൊണ്ട് പത്തു വര്‍ഷമെങ്കിലും പ്രായം കൂടിയത് പോലെയുണ്ടായിരുന്നു. ആ മനുഷ്യന്റെ ശൂന്യമായ നോട്ടം ഭയപ്പെടുത്തിക്കൊണ്ട് എന്നെയും കടന്നു അകലേക്ക് പോകുന്നത് പോലെ തോന്നി. പതുക്കെ ഒന്ന് തോളില്‍ തൊട്ടതും ഒരു ചെറിയ കുട്ടിയെപ്പോലെ എന്നെ കെട്ടിപ്പിടിച്ചു ഡീഗോ ആര്‍ത്തലച്ചു കരഞ്ഞു.

'നീ വന്നത് നന്നായി'-അലീന എന്റെ ചെവിയില്‍ പറഞ്ഞു. അല്‍പ്പമൊന്നു ആശ്വസിച്ചപ്പോള്‍ ഡീഗോയെ ടീവിയിലെ സാംബാനൃത്തപ്പുകിലുകള്‍ക്ക് മുന്നില്‍ വിട്ടിട്ടു ഞാന്‍ അവളുമായി അടുക്കളയിലേക്കു പോയി. വിങ്ങലടക്കിയ ശബ്ദത്തില്‍ നടന്ന കാര്യങ്ങള്‍ അവള്‍ പറഞ്ഞു. ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം തീവ്ര വിഷാദത്തിനോട് പൊരുതാന്‍ ഡീഗോയ്ക്ക് മരുന്ന് കഴിക്കേണ്ടി വന്നു. പശ്ചാത്താപം കൊണ്ട് ഉരുകുകയാനെങ്കിലും മിരയ്യ, അവരുടെ മകള്‍ അച്ഛന്‍ ഇനി സ്‌കൂളിലേക്ക് വരരുത് എന്ന നിലപാടില്‍ നിന്ന് മാറിയിട്ടില്ല. സ്‌നേഹക്കൂടുതല്‍ കൊണ്ട്, ഡീഗോയെ മറ്റുള്ളവര്‍ കളിയാക്കുന്നത് സഹിക്കാന്‍ വയ്യാതെയാവും കുട്ടി ഇങ്ങനെ നിര്‍ബന്ധം പിടിക്കുന്നത് എന്ന് അലീനയ്ക്ക് അറിയാമായിരുന്നു. ഡീഗോ ഇതുമായി എന്ന്, എങ്ങനെ പൊരുത്തപ്പെടും എന്ന് മാത്രമായിരുന്നു അവളുടെ ആശങ്ക.

നാളെ വരാം എന്ന് പറഞ്ഞിട്ട് ഞാന്‍ മഴയത്തേയ്ക്ക് ഇറങ്ങി നടന്നു. സൂചിമുനപോലെ കൂര്‍ത്ത മഴത്തുള്ളികള്‍ വേദനിപ്പിച്ചുകൊണ്ട് മുഖത്തു വന്നു തറയ്ക്കുന്നത് പോലെ തോന്നി. മിരയ്യയുടെ നിലപാട് ഒന്ന് ഉലച്ചുവെങ്കിലും ഡീഗോ അത്ര വേഗമൊന്നും തോല്‍വി സമ്മതിക്കില്ല. അയാള്‍ തിരിച്ചു വരും. ഈ ലോകത്തിന്റെ മുഴുവന്‍ പരിഹാസച്ചിരിയെ എതിര്‍ത്തു തോല്‍പ്പിച്ചുകൊണ്ട് ഒരു ജീവിതം കെട്ടിപ്പടുത്തവനാണ്. അയാളെ ചേര്‍ത്തു പിടിക്കാന്‍ അലീനയുണ്ട്, ആ കുഞ്ഞു പെണ്‍കുട്ടികളുണ്ട്, ഞാനുണ്ട്. 

അന്നേരം, കനിവിന്റെ ഒരു നോട്ടം കൊണ്ട് പോലും സഹായിക്കാന്‍ കഴിയാതെ പോയ ഒരു പുഞ്ചിരി നീറ്റലോടെ എന്റെ കണ്ണില്‍ തെളിഞ്ഞു. ഒരു തവണ കൂടെ കൊതി നിറഞ്ഞ ആ ഓമനച്ചിരിയുമായി നിനക്കെന്റെ മുന്നില്‍ വന്നു നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍..! എന്റെ മാവുകളിലെ എല്ലാ കണ്ണിമാങ്ങകളും ഞാന്‍ നിനക്ക് തരുമായിരുന്നു. ഉപ്പു കൂട്ടി മുളക് കടിച്ചു നമുക്കൊരുമിച്ചു പുളിയുള്ള ഈ ലോകത്തെ നേരിടാമായിരുന്നു. 

click me!