ഹാപ്പി പോവണ്ട

By Sreebala K Menon  |  First Published Dec 29, 2018, 12:18 PM IST

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതുന്ന കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 11


'ഹാപ്പിയെ നമ്മള് വാങ്ങിച്ച കടയില്‍ വേറൊരാള് കൊണ്ട് കൊടുത്തതാണ്.  അയാള് അത് മോഷ്ടിച്ച് കൊണ്ട് കൊടുത്തതാണ്. അതാണ് നമുക്ക് ഇതിനെ ചുളു വിലയ്ക്ക് കിട്ടിയത്. പത്ത് മുപ്പത്തയ്യായിരം രൂപ വില വരുന്നതാണ് ഇത്. നമ്മള് വാങ്ങിച്ചത് 2500 രൂപയ്ക്കല്ലേ. ഇപ്പൊ പോലീസ് കള്ളനെ പൊക്കി. ഉടമസ്ഥനും കള്ളനും പോലീസിന്റെ കൂടെ കടയിലെത്തി.

Latest Videos

undefined

സപ്ലിയുടെ ബൈക്കിന്റെ ശബ്ദം കേട്ട് ഹാപ്പി ഓടി അടച്ചിട്ട വാതിലിന്റെ അടുത്ത് ചെന്ന് മുന്‍കാലുയര്‍ത്തി ചാടുകയും, സ്‌നേഹം വരുമ്പോള്‍ ഉണ്ടാക്കുന്ന കീ കീ ശബ്ദം ഉണ്ടാക്കി വാതിലില്‍ മാന്തുകയും ചെയ്തു. നൂനു തൊട്ട് പുറകേ വന്ന് നിന്ന് 'വാതില്  തുറക്കേ' എന്ന് ബഹളം വച്ചു. വാതില് തുറന്നതും നൂനു സപ്ലിയുടെ ഒരു കാലിലും, ഹാപ്പി മറ്റേ കാലിലും പിടുത്തമിട്ടു. സപ്ലി ഉറക്കെ വിളിച്ചു, 'സഹോ വന്നേ. ഒരു സീരിയസ് വിഷയം ഡിസ്‌കസ് ചെയ്യാനുണ്ട്.'

'ചേച്ചീ വാ...'

വിളിച്ചില്ലെങ്കിലും നൂനുവും ഹാപ്പിയും പിന്നാലെ ചെന്നു. പോകുന്ന പോക്കില്‍ നൂനു ഹാപ്പിക്കിട്ടൊരു ചവിട്ടു കൊടുത്തു. ഹാപ്പി ഒന്ന് മുരണ്ട്, പിന്നെ ഒന്നു ദേഹമാസകലം കുടഞ്ഞ് നൂനുവിനെ മൈന്റ് ചെയ്യാതെ സപ്ലിയുടെ മുന്നില്‍ കയറി നടന്നു.

അയാള്‍ക്ക് അതു കൊണ്ട് ഹാപ്പിയെ കിട്ടിയേ പറ്റൂ

Illustration: Sumi K Raj

 

'സഹോ, ഹാപ്പിയെ വിറ്റ കക്ഷിക്ക് ഇപ്പൊ ഇതിനെ തിരികെ വേണംന്ന്. ചോദിക്കുന്ന വില തരാംന്ന് '

' കൊടുക്കുന്നില്ല എന്ന് പറഞ്ഞേക്ക്'

'അതല്ല സഹോ..., അയാള്‍ എന്തോ പ്രശ്‌നത്തില്‍ പെട്ടിരിക്കയാണ്. ഇന്നലെ എന്നെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞ് വിളിപ്പിച്ച് ഒത്തിരി നേരം സംസാരിച്ചു'

'എന്ത് പ്രശ്‌നം?', അമ്മ ചോദിച്ചു.

'ഹാപ്പിയെ നമ്മള് വാങ്ങിച്ച കടയില്‍ വേറൊരാള് കൊണ്ട് കൊടുത്തതാണ്.  അയാള് അത് മോഷ്ടിച്ച് കൊണ്ട് കൊടുത്തതാണ്. അതാണ് നമുക്ക് ഇതിനെ ചുളു വിലയ്ക്ക് കിട്ടിയത്. പത്ത് മുപ്പത്തയ്യായിരം രൂപ വില വരുന്നതാണ് ഇത്. നമ്മള് വാങ്ങിച്ചത് 2500 രൂപയ്ക്കല്ലേ. ഇപ്പൊ പോലീസ് കള്ളനെ പൊക്കി. ഉടമസ്ഥനും കള്ളനും പോലീസിന്റെ കൂടെ കടയിലെത്തി. രണ്ടു ദിവസത്തിനകം ഹാപ്പിയെ തിരിച്ചു കൊടുത്തില്ലെങ്കില്‍ അയാളെയും കൊണ്ട് പോലീസ് ഇവിടെ വരും. അയാള്‍ക്ക് അതു കൊണ്ട് ഹാപ്പിയെ കിട്ടിയേ പറ്റൂ. നഷ്ടപരിഹാരമായി നമ്മള് ചോദിക്കണ കാശ് തരാന്‍ അയാള് റെഡിയാണ്.'

വഴിയെന്തെങ്കിലും തെളിഞ്ഞ് വരും. നീ വിഷമിക്കാതെ
    

'ഹാപ്പി ഇപ്പൊ നമ്മുടെ വീട്ടിലെ ഒരാളല്ലേ. വീട്ടിലെ ഒരാളെ അങ്ങനെ കൊടുക്കാന്‍ പറ്റോ; കാശു എത്ര കിട്ടിയാലും?' അമ്മ കരയും പോലെ സപ്ലിയോട് ചോദിച്ചു.

'ഹാപ്പി പോവോ?', നൂനു ചോദിച്ചു.

'ഹാപ്പി പോണ്ട. നൂനുവിന് ഹാപ്പിയെ  ഇഷ്ടാണ്. ഇഷ്ടല്ലാന്ന് വെറുതെ പറഞ്ഞതാണ്', നൂനു ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.

'ഇല്ല ഹാപ്പി പോവൂല. ആരും കൊണ്ടു പോവൂല. നൂനു കരയണ്ട.'

അപ്പ സമാധാനിപ്പിച്ചു. 

'സഹോ നമ്മളിനി എന്ത് ചെയ്യും സഹോ?', സപ്ലി വിഷമത്തോടെ ചോദിച്ചു.

'വഴിയെന്തെങ്കിലും തെളിഞ്ഞ് വരും. നീ വിഷമിക്കാതെ', അപ്പൂപ്പന്‍ പറഞ്ഞു.

ഇതൊന്നും അറിയാതെ ഹാപ്പി എല്ലാവരുടേയും കാലില്‍ പിടിച്ച് കയറാന്‍ നോക്കിയും, തലോടല്‍ കിട്ടാന്‍ തല നീട്ടി പിടിച്ചും എല്ലാവരുടേയും ഇടയിലൂടെ ഓടി കളിച്ചു.

 

(അടുത്ത ഭാഗം നാളെ)

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍  ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)

click me!