ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതിയ കുട്ടികളുടെ നോവല്‍ രണ്ടാം ഭാഗം
ടോയ് കിട്ടിയ സന്തോഷത്തില്‍ സ്‌നേഹം മൂത്ത് നൂനു ചേട്ടന് ഒരു നക്ക് വച്ച് കൊടുത്തു. പട്ടിക്കുട്ടികള്‍ നക്കുന്ന പോലെയുള്ള ഒന്ന്. 'അവിക്കുട്ടാ ഇത് ഇനി കടിക്ക്യോ?' എന്ന് ചോദിച്ച് അഭിച്ചേട്ടന്‍ ഉറക്കെ ചിരിച്ചു. അവിനാശ് കെ.ജി അത് കേട്ടപ്പാടെ 'ഹ ഹ ഹ ഹ' എന്ന് ചിരിക്കാന്‍ തുടങ്ങി. എന്തിനാന്ന് അറിയാതെ നൂനുവും 'ഹി ഹി ഹി ഹി ' എന്ന് ചിരിച്ചു. അപ്പൊ അഭിച്ചേട്ടന്‍ 'ഹൊ ഹൊ ഹൊ ഹൊ' എന്ന് ചിരിക്കാന്‍ തുടങ്ങി. റസിയ ടീച്ചറ് വന്ന് സൈലന്‍സ് എന്ന് പറഞ്ഞ് കണ്ണുരുട്ടി.
undefined
ഒരു ദിവസം അവിനാശ് കെ ജി പ്ലേ സ്‌കൂളിലേക്ക് വന്നപ്പോള്‍ കൂടെ ചേട്ടനും ഉണ്ടായിരുന്നു. സെക്കന്റ് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന വലിയ കുട്ടിയാണ് അവിനാശിന്റെ ചേട്ടന്‍ അഭിലാഷ് കെ ജി.
അഥീന എന്ന നൂനുവിന്റെ ബെസ്റ്റ് ഫ്രണ്ട് അവിനാശ് ആണ്. നൂനുവിനെ ക്ലാസിലെല്ലാവരും അഥീന എന്നാണ് വിളിക്കുക. വീട്ടിലെ വിളിപ്പേരാണ് നൂനു. അത് സ്വയം ഇട്ടതാണ്. ഞാന്‍, എനിക്ക് എന്നതിന് പകരം നൂനുവിന് വേണം, നൂനു ടാറ്റ പോവും എന്നൊക്കെ പറഞ്ഞ് അവസാനം വീട്ടിലെല്ലാവരും അഥീനയെ നൂനു എന്ന് വിളിക്കാന്‍ തുടങ്ങി.
നൂനുവിനെ ക്ലാസിലെല്ലാവരും അഥീന എന്നാണ് വിളിക്കുക. വീട്ടിലെ വിളിപ്പേരാണ് നൂനു. അത് സ്വയം ഇട്ടതാണ്.
അവിനാശ് കെ ജിയുടെ ചേട്ടന്‍ അഭി എന്ന് വിളിപ്പേരുള്ള അഭിലാഷ് കെ ജി നൂനുവിന് മിഠായിയുടെ കൂടെ കിട്ടുന്ന ഒരു ടോയ് കൊടുത്തു. കടയില്‍ പോവുമ്പോള്‍ അപ്പയോട് വാങ്ങിത്തരാന്‍ പറഞ്ഞ് നൂനു വാശി പിടിക്കാറുള്ള മിഠായിയാണ് അത്. വാശിക്ക് കാരണമുണ്ട്. ഓരോ മിഠായി പാക്കറ്റിനകത്തും ഒരു ടോയ് കാണും. അപ്പ ആ മുട്ടായി മാത്രം വാങ്ങി കൊടുക്കില്ല നൂനുവിന്. അവര് കുട്ടികളെ ടോയ് വച്ച് പറ്റിച്ച് ചീത്ത മുട്ടായി കൊടുക്കുകയാണെന്നും പറയും.
ടോയ് കിട്ടിയ സന്തോഷത്തില്‍ സ്‌നേഹം മൂത്ത് നൂനു ചേട്ടന് ഒരു നക്ക് വച്ച് കൊടുത്തു. പട്ടിക്കുട്ടികള്‍ നക്കുന്ന പോലെയുള്ള ഒന്ന്. 'അവിക്കുട്ടാ ഇത് ഇനി കടിക്ക്യോ?' എന്ന് ചോദിച്ച് അഭിച്ചേട്ടന്‍ ഉറക്കെ ചിരിച്ചു. അവിനാശ് കെ.ജി അത് കേട്ടപ്പാടെ 'ഹ ഹ ഹ ഹ' എന്ന് ചിരിക്കാന്‍ തുടങ്ങി. എന്തിനാന്ന് അറിയാതെ നൂനുവും 'ഹി ഹി ഹി ഹി ' എന്ന് ചിരിച്ചു. അപ്പൊ അഭിച്ചേട്ടന്‍ 'ഹൊ ഹൊ ഹൊ ഹൊ' എന്ന് ചിരിക്കാന്‍ തുടങ്ങി. റസിയ ടീച്ചറ് വന്ന് സൈലന്‍സ് എന്ന് പറഞ്ഞ് കണ്ണുരുട്ടി.
എന്നിട്ട് എന്തിനാ ചിരിക്കുന്നേ എന്ന് ചോദിച്ചു. കാര്യം കേട്ടപ്പൊ ടീച്ചറ് പറഞ്ഞു പട്ടിക്കുട്ടികളാണ് കടിക്കുക, മനുഷ്യക്കുട്ടികള്‍ കടിക്കൂല എന്ന്. അപ്പൊ അഭിച്ചേട്ടന്‍ പറഞ്ഞു 'അവരുടെ വീട്ടില്‍ ഒരു നായക്കുട്ടി ഉണ്ട്; ദേഹം നിറയെ രോമമുള്ള ഒരു പോമറേനിയന്‍ നായക്കുട്ടി. അടുത്ത കൊല്ലം അവര് വലിയ ഒരു അള്‍സേഷ്യന്‍ നായയെക്കൂടി വാങ്ങും എന്ന്.
'എനിക്ക് ബ്രദറ് വേണം. രണ്ടാം ക്ലാസ്സില്‍ പഠിക്കണ ചേട്ടന്‍'
Illustration: Sumi K Raj
അന്ന് വീട്ടില് വന്ന് നൂനു അമ്മയോടും അപ്പയോടും ഒരു ആവശ്യം അറിയിച്ചു 'എനിക്ക് ഒരു ബ്രദറ് വേണം. അവിനാശ് കെ ജിക്ക് ഉള്ള പോലത്തെ ബ്രദറ്. അമ്മയ്ക്ക്, അമ്മൂമ്മക്ക്, അപ്പൂപ്പക്ക് ഒക്കെ ബ്രദറുണ്ട്. നൂനുവിന് മാത്രം ഇല്ല'.
അപ്പ പറഞ്ഞു- 'അപ്പക്കും ബ്രദറ് ഇല്ല'.
അത് കേള്‍ക്കാത്ത മട്ടില്‍ നൂനു പറഞ്ഞു- 'എനിക്ക് ബ്രദറ് വേണം. രണ്ടാം ക്ലാസ്സില്‍ പഠിക്കണ ചേട്ടന്‍'. അത് കേട്ട് അപ്പക്കും അമ്മക്കും ചിരി വന്നു.
'അതെങ്ങനെ പറ്റും? ചേട്ടന്‍ ആദ്യം ഉണ്ടാവുന്ന കുട്ടിയാണ്. നൂനുവിന് ഇനി അനിയനോ അനിയത്തിയോ അല്ലേ ഉണ്ടാവൂ'.
അതൊന്നും കേള്‍ക്കാതെ 'എനിക്ക് എല്‍ഡര്‍ ബദറ് വേണേ...' എന്ന കരച്ചിലും വാശിയും നൂനു തുടര്‍ന്നു.
'നൂനുവിന് പട്ടിക്കുട്ടിയെ വേണം. വെള്ള പട്ടിക്കുട്ടി'.
അപ്പ കുറച്ച് നേരം നൂനുവിനെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി. നൂനുവിന് ഒന്നും മനസ്സിലാവുന്നില്ല. ഒടുവില്‍ 'നൂനൂ മൂലയില്‍ മിണ്ടാതെ ഇരിക്കണോ' എന്ന് ചോദിച്ചു കണ്ണുരുട്ടി അപ്പ.
അത് നൂനുവിന് അടിക്ക് പകരം ഉള്ള ശിക്ഷയാണ്. ഊണുമുറിയുടെ ഒരു മൂലയില്‍ കസേര കൊണ്ടിടും. അവിടെ ഇരിക്കണം, മിണ്ടാതെ, അനങ്ങാതെ. ആരും നൂനുവിനോടും മിണ്ടില്ല. അങ്ങനെ ഇരിക്കാന്‍ നൂനുവിന് ഇഷ്ടമല്ല. അതു കൊണ്ട് നൂനു കരച്ചില്‍ നിര്‍ത്തി. എന്നിട്ട് തേങ്ങി തേങ്ങി പറഞ്ഞു 'നൂനുവിന് പട്ടിക്കുട്ടിയെ വേണം. വെള്ള പട്ടിക്കുട്ടി'.
പുറത്ത് നടക്കാന്‍ പോയ അപ്പൂപ്പ അത് കേട്ടു കൊണ്ടാണ് അകത്തേക്ക് കയറി വന്നത്. കരഞ്ഞു തളര്‍ന്നിരിക്കുന്ന നൂനുവിനെ കണ്ട് അപ്പൂപ്പ അച്ഛനെ ചീത്ത പറഞ്ഞു: 'മോള്‍ക്ക് ഒരു പട്ടിക്കുട്ടിയെ വേണം എന്ന് പറയുന്നതിന് ഇട്ട് കരയിക്കുന്നോടാ ? നിനക്ക് ചെറുപ്പത്തില്‍ ഞാന്‍ എത്ര എണ്ണത്തിനെ വാങ്ങി തന്നിട്ടുണ്ട്. വാങ്ങിക്കൊടുക്കടാ മോള്‍ക്ക് ഒരെണ്ണത്തിനെ.'
അപ്പൂപ്പന്‍ വന്ന് നൂനുവിനെ എടുത്ത് കണ്ണു തുടച്ച് പറഞ്ഞു- 'മോള് കരയണ്ട. അപ്പൂപ്പ പറഞ്ഞാ അപ്പ മോള്‍ക്ക് പട്ടിക്കുട്ടിയെ വാങ്ങിത്തരും. അല്ലെങ്കില്‍ അപ്പയെ നമുക്ക് മുറിയുടെ മൂലയ്ക്കിരുത്താം'.
അപ്പ മിണ്ടാതെ അനങ്ങാതെ മുറിയുടെ മൂലയ്ക്ക് ഇരിക്കുന്നത് ആലോചിച്ചപ്പൊ നൂനു ചിരിച്ചു. എന്നിട്ട് അപ്പൂപ്പക്ക് ഒരു നക്ക് വച്ച് കൊടുത്തു; സ്‌നേഹം മൂത്ത്.
നോവല്‍ ആദ്യ ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യാം