യാസ്മിന്‍ എന്‍.കെ എഴുതുന്നു: ദേവി ഒറ്റക്കല്ല ഇപ്പോള്‍ , ചുറ്റിനും അനുഗ്രഹം തേടി വരുന്ന ആളുകള്‍. ദേവിക്ക് സന്തോഷായിട്ടുണ്ടാകും ഇപ്പോള്‍. അല്ലേലും ആരാണു ഇത്രയധികം ഏകാന്തത ഇഷ്ടപ്പെടുക. തന്നെ അവഗണിച്ച് കളഞ്ഞവരെ ഓര്‍ത്ത് ദേവിയിപ്പൊ ചിരിക്കുന്നുണ്ടാകും.
ഹിമാചല്‍ പ്രദേശിലെ മണാലിയിലെ പ്രശസ്തമായ അമ്പലമാണു ഹഡിംബ ടെമ്പിള്‍. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ പുരാതന ശൈലിയില്‍ തീര്‍ത്ത അമ്പലം. ഭക്തജനങ്ങളുടെ തിരക്കാണു ചുറ്റും. ദേവിയെ കാണാന്‍ വരി നില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍. തിക്കും തിരക്കും കൂട്ടി ദേവിയെ കാണാന്‍ താല്പര്യമില്ലാത്തത് കൊണ്ട് പുറത്തെ മരങ്ങള്‍ക്കിടയില്‍ നിലത്ത് പതിഞ്ഞ് കിടക്കുന്ന പാറക്കല്ലില്‍ ഇരിക്കവേ , ഞാനാലോചിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിഡുംബിയെ കണ്ട കഥയായിരുന്നു.
undefined
അന്ന് ദേവി ഒറ്റക്കായിരുന്നു. അമ്പലവും. ഉറഞ്ഞുകിടക്കുന്ന നിശബ്ദതയായിരുന്നു ചുറ്റിലും.
നാലുനിലയില്‍ മരംകൊണ്ട് നിര്‍മ്മിച്ച, പഗോഡ മാതൃകയിലുള്ള അമ്പലം! വിഗ്രഹമൊന്നുമുണ്ടായിരുന്നില്ല അവിടെ. കരിയിലകളെ വകഞ്ഞു മാറ്റി പടികള്‍ കയറി ചെന്നാല്‍ കാണാം ഒരു പീഠത്തില്‍ ഒരു കാല്‍പ്പാദം കൊത്തിവെച്ചിരിക്കുന്നു. രാക്ഷസീയാകാരം!!
ശൂന്യതയിലേക്കാണു കാല്‍ എടുത്ത് വെച്ചിരുന്നത് ! കരിങ്കല്ലില്‍ തീര്‍ത്ത ചുറ്റുമതിലും വിളക്കും. ചുറ്റിനും പരന്ന് കിടക്കുന്ന മൗനത്തെ മായ്ച്ച് കളയാന്‍ ഒരു മണി പോലുമുണ്ടായിരുന്നില്ല എവിടേയും!
അന്ന് ദേവി ഒറ്റക്കായിരുന്നു. അമ്പലവും. ഉറഞ്ഞുകിടക്കുന്ന നിശബ്ദതയായിരുന്നു ചുറ്റിലും.
അവിടെയങ്ങനെ നോക്കി നിന്നപ്പോള്‍ സങ്കടം തോന്നി, നിഷേധിക്കപ്പെട്ട സ്‌നേഹത്തെ ഓര്‍ത്ത്... തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ എന്നെ ഒരു ചിലങ്കയുടെ നാദം പിടിച്ച് നിര്‍ത്തി.
ആരുമില്ല ചുറ്റിനും...
അപ്പോ പിന്നെ.....?
തിരിഞ്ഞു നോക്കിയപ്പോ പീഠത്തില്‍ ഒരു സ്ത്രീ!
എന്റെ നോട്ടം കണ്ട് അവളൊന്ന് ഇളകിയിരുന്നു, കണ്ണിറുക്കി വലം കാല്‍ മുന്നോട്ട് നീട്ടിക്കാണിച്ചു. ആ കാലിലൊരു ചിലങ്കയുണ്ടായിരുന്നു. വെളുത്ത അസ്ഥിക്കഷ്ണങ്ങള്‍ കൊരുത്ത ഒന്ന്!
'എന്താണു നിനക്കിത്ര തിടുക്കം..? എത്ര നാളായി ഒരാളിങ്ങനെ സ്‌നേഹത്തോടെ എന്റെ കണ്ണിലേക്ക് നോക്കിയിട്ട്...,നില്‍ക്ക് ഞാന്‍ പറയട്ടെ...'
അടുത്ത് കണ്ട ഒരു പാറക്കല്ലിലേക്ക് കയറിയിരുന്ന എന്നെ നോക്കി അവള്‍ ചിരിച്ചു, മണികിലുങ്ങുന്ന പോലെ.
അശോക മരത്തിനുള്ളിലൂടെ ഓടിവന്ന ഹിഡൂംബി ,പാറക്കല്ലില്‍ ഇരിക്കുകയായിരുന്ന ഭീമന്റെ മടിയിലേക്ക് ചാഞ്ഞു. അവളുടെ കൈയ്യില്‍ ഒളിപ്പിച്ച് പിടിച്ചിരുന്ന ഒരു കണ്ണാടിയുണ്ടായിരുന്നു.അതവനെ കാണിക്കാനായിരുന്നു അവളോടിവന്നത്. ആ കണ്ണാടിയില്‍ നോക്കിയാല്‍ തങ്ങള്‍ക്കേറ്റവും ഇഷ്ട്ടമുള്ള ആളുടെ മുഖം അതില്‍ തെളിഞ്ഞു വരും.!
'എന്താണു നിനക്കിത്ര തിടുക്കം..? എത്ര നാളായി ഒരാളിങ്ങനെ സ്‌നേഹത്തോടെ എന്റെ കണ്ണിലേക്ക് നോക്കിയിട്ട്...,നില്‍ക്ക് ഞാന്‍ പറയട്ടെ...'
അവള്‍ക്കുറപ്പായിരുന്നു,ഭീമന്‍ നോക്കിയാല്‍ ഉറപ്പായും തന്റെ മുഖമാവും കാണുക എന്ന്. തീരേ താല്പര്യം കാട്ടാതിരുന്ന ഭീമന്റെ മുഖത്തിനു നേരെ പിടിച്ച് കണ്ണാടിയില്‍ തെളിഞ്ഞ മുഖം കണ്ട് ,ഹിഡുംബി ,അശോക മരത്തിനിടയിലെ ഇരുട്ടിലേക്ക് തന്നെ ആര്‍ത്തലച്ച് ഓടിപ്പോയി. തനിക്ക് പകരം അവളവിടെ കണ്ടത് പാഞ്ചാലിയുടെ മുഖമായിരുന്നു.
അന്ന് കാട്ടിലേക്ക് ഓടിപ്പോയ ഹിഡുംബി എന്നാണു തിരിച്ച് വന്നത് ആവോ. ഭീമനില്‍ അവള്‍ക്കുണ്ടായ മകന്‍, ഘടോല്‍ക്കചനു വേണ്ടിയും പണിതിട്ടുണ്ട് അമ്മയുടെ അടുത്ത് തന്നെയായി ഒരമ്പലം.
ദേവി ഒറ്റക്കല്ല ഇപ്പോള്‍ , ചുറ്റിനും അനുഗ്രഹം തേടി വരുന്ന ആളുകള്‍. ദേവിക്ക് സന്തോഷായിട്ടുണ്ടാകും ഇപ്പോള്‍. അല്ലേലും ആരാണു ഇത്രയധികം ഏകാന്തത ഇഷ്ടപ്പെടുക. തന്നെ അവഗണിച്ച് കളഞ്ഞവരെ ഓര്‍ത്ത് ദേവിയിപ്പൊ ചിരിക്കുന്നുണ്ടാകും.
ഭക്തി എന്നത് വലിയൊരു ബിസിനസായിരിക്കുന്നു ഇന്ന്.ദൈവങ്ങള്‍ക്ക് പോലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല അവിടെ
പ്രണയം കൊണ്ട് മുറിഞ്ഞവളായിരുന്നു ഹിഡുംബി.
അതൊക്കെ മറന്നോന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ ഈ തിരക്കില്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാലും അതിനു പറ്റുമെന്ന് തോന്നുന്നില്ല. ദക്ഷിണ വാങ്ങി ഭണ്ഡാരത്തിലിട്ട് ഭക്തരോട് കടന്ന് പോകൂയെന്ന് അലറുന്ന പൂജാരിമാര്‍, അതിനിടക്ക് ദേവി എന്ത് പറയാനാണ്?
ഭക്തി എന്നത് വലിയൊരു ബിസിനസായിരിക്കുന്നു ഇന്ന്.ദൈവങ്ങള്‍ക്ക് പോലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല അവിടെ, എല്ലാം പുരോഹിതന്മാരും അനുഭാവികളും ഏറ്റെടുത്തിരിക്കുന്നു.
അമ്പലത്തിനു പുറത്തെ ദുംഗ്രി വനത്തില്‍ ഇരുട്ട് പരന്നിരിക്കുന്നു.
ഇനിയൊരു മടങ്ങിവരവ്; ഉണ്ടാകില്ല, അത് കൊണ്ട് തന്നെ പുറത്തേക്ക് നടക്കുമ്പോള്‍ തിരിഞ്ഞ് നോക്കാതിരിക്കാന്‍ ആകുമായിരുന്നില്ല.
ഹഡിംബ ക്ഷേത്രം മഞ്ഞുകാലത്ത്
ഹിഡുംബി ദേവി