ഓരോ വീട്ടിലും ഓരോരുത്തരുടെയും കയ്യില്‍ തോക്കുകളുണ്ടായിരുന്ന നാട്, ഗ്വാളിയറും ചമ്പലും

By Web Team  |  First Published Jan 9, 2021, 3:54 PM IST

തോക്ക് കൈവശം വെക്കണമെങ്കിൽ കുറച്ച് നിബന്ധനകൾ പാലിക്കണം. ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും പിന്നാലെ തിര അത് വാങ്ങിയ തോക്ക് കടയിൽ സമർപ്പിക്കണം.


മധ്യപ്രദേശിലെ ഗ്വാളിയാർ-ചമ്പൽ പ്രദേശത്തെ ആളുകൾക്ക് തോക്കുകളോടുള്ള കമ്പം അവിശ്വസനീയമാണ്. ഗ്വാളിയോർ, മൊറീന, ബിന്ദ് തുടങ്ങിയ നഗരങ്ങളിൽ സാമൂഹികപദവിയുടെ അടയാളമായിട്ടാണ് തോക്കുകളെ കാണുന്നത്. ഒരു കാലത്ത് സർക്കാരിന് തലവേദനയായിരുന്ന ചമ്പൽ വിമതർ ഒട്ടുമിക്കവരും കൊല്ലപ്പെടുകയോ, പിടിക്കപ്പെടുകയോ ചെയ്തുവെങ്കിലും, ഇന്നും ആളുകൾ ദേശീയപാത 44 -ലൂടെ രാത്രികാലങ്ങളിൽ യാത്ര ചെയ്യാൻ ഭയപ്പെടുന്നു. കുറ്റകൃത്യങ്ങൾ കുറെയൊക്കെ അവസാനിച്ചുവെങ്കിലും, തോക്കിനോടുള്ള ഇഷ്ടം ഇന്നും അവർ കൈവിടാതെ സൂക്ഷിക്കുന്നു. 

ഗ്വാളിയാറിലെ തോക്ക് ഉടമകളിൽ 60 ശതമാനത്തിലധികവും ഗ്രാമീണ കർഷകരാണ്. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് കൈവശം വയ്ക്കുന്നത് എന്നാണ് അവരുടെ വാദം. അവിടെ ഒരു കുടുംബത്തിന്റെ പ്രതാപം അവരുടെ കൈയിലുളള വെടിമരുന്നിന്റെ അടിസ്ഥാനത്തിലാണ് അളക്കുന്നത്. ഒരു കുടുംബത്തിൽ ആറ് അംഗങ്ങളുണ്ടെങ്കിൽ, ആറ് പേരുടെ കൈയിലും ഓരോ തോക്ക് കാണും. 

Latest Videos

പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം, ഈ തോക്ക് സംസ്കാരം നിരുപദ്രവകരമായ ഒരു ശീലം മാത്രമാണ്. കാരണം തോക്കുകൾ പലപ്പോഴും വെടിവയ്ക്കുന്നതിനേക്കാൾ ഒരലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് അവരിൽ കൂടുതൽ. “ഇവിടത്തെ ആളുകൾക്ക് കിറുക്കുണ്ടോ എന്ന് തോന്നാം. കാരണം 1,000 രൂപ മുടക്കി കാലിലിടാൻ ഒരു ഷൂസ് വാങ്ങാൻ മടിക്കുന്ന ആളുകൾ, പക്ഷേ 50,000 രൂപ മുടക്കി റൈഫിൾ വാങ്ങുന്നു" പ്രാദേശിക ആയുധ, വെടിമരുന്ന് വ്യാപാരി വരുൺ രാജ് ചൗധരി പറയുന്നതായി Atlas Obscura എഴുതുന്നു. ഗ്വാളിയാറിലെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് ചൗധരിയുടെ തോക്ക് കട, ഡോ. ലാധ റാം ചൗധരി & സൺസ്. 1948 -ൽ ചൗധരിയുടെ മുത്തച്ഛൻ തുറന്ന ഈ ഷോപ്പ് അന്നുമുതൽ അദ്ദേഹത്തിന്റെ കുടുംബം നോക്കി നടത്തുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ഒരു തോക്ക് കടയുടെ ഉടമയാകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചൗധരി ആശങ്കപ്പെടുന്നു. 

ആദ്യമൊക്കെ നഗരത്തിൽ 150 തോക്ക് കടകളുണ്ടായിരുന്നു. ഇപ്പോൾ വെറും 20 എണ്ണമേയുള്ളൂ. ഇപ്പോൾ തോക്കു കടകൾക്ക് വളരെയധികം നിയന്ത്രണങ്ങളുണ്ട്” അദ്ദേഹം പറയുന്നു. ഇന്ത്യയിൽ, ലൈസൻസുള്ള ചിലതരം തോക്കുകൾ സ്വന്തമാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതേസമയം "അധികാരത്തിലെത്തിയാൽ തന്റെ അനുയായികൾക്ക് തോക്ക് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇപ്പോൾ സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കുന്നത്” മൊറീനയിൽ നിന്നുള്ള പ്രാദേശിക പത്രപ്രവർത്തകൻ ഗിരാജ് രാജോറിയ പറയുന്നു.

തോക്ക് കൈവശം വെക്കണമെങ്കിൽ കുറച്ച് നിബന്ധനകൾ പാലിക്കണം. ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും പിന്നാലെ തിര അത് വാങ്ങിയ തോക്ക് കടയിൽ സമർപ്പിക്കണം. തുടർന്ന് ഷോപ്പ് അത് പൊലീസിന് സമർപ്പിക്കണം. ഓരോ മാസവും ചൗധരി തന്റെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ എത്ര ആയുധങ്ങൾ വിറ്റു, എത്ര വെടിയുണ്ടകൾ ഉപയോഗിച്ചു തുടങ്ങിയ കണക്കുകൾ നൽകണം. 2019 -ൽ പുതിയ ഒരു നിയമം സർക്കാർ കൊണ്ടുവരികയുണ്ടായി. അതിൻപ്രകാരം, ഒരാൾക്ക് കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നിരോധിത തോക്കുകൾ (സെമി, ഓട്ടോമാറ്റിക് തോക്കുകൾ ഉൾപ്പെടെ) നിർമ്മിച്ചാലുള്ള ശിക്ഷ 14 വർഷം മുതൽ ജീവപര്യന്തം വരെ വർദ്ധിപ്പിക്കുകയും, വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലും വെടിയുതിർക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുകയും ചെയ്യുന്നു. “മുൻപൊക്കെ ഞങ്ങൾ രാവിലെ 6 മണിക്ക് കട തുടർന്നാൽ രാത്രി 10 മണിയാകും അടക്കുമ്പോൾ. എന്നാൽ, ഇപ്പോൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് മാത്രമാണ് ഞങ്ങൾ വരുന്നത്, അവിടെ ഇരുന്ന് കുറച്ച് ചായ കുടിച്ച് ഞങ്ങൾ ഇറങ്ങും”ചൗധരി പറയുന്നു. "കാരണം ഇപ്പോൾ തോക്ക് വാങ്ങുന്നവരുടെ എണ്ണം കുറവാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, ചമ്പലിലെ ഭീദോസ ഗ്രാമവാസിയായ ഭഗവാൻ സിംഗ് പറയുന്നത് നിയമവിരുദ്ധവും കണ്ടെത്താനാകാത്തതുമായ തോക്കുകളുടെ എണ്ണം അവിടെ കൂടുതലാണെന്നാണ്. ഇവയിൽ മിക്കതും ചെറിയ പ്രാദേശിക വർക്ക്‌ഷോപ്പുകളിലും വീടുകളിലും നിർമ്മിക്കുന്നതാണ്. “ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാവർക്കും തോക്കുകൾക്ക് ലൈസൻസുണ്ടെങ്കിലും വെടിവയ്ക്കാൻ ആരും ലൈസൻസുള്ള തോക്കുകൾ ഉപയോഗിക്കുന്നില്ല” അദ്ദേഹം പറയുന്നു. ചമ്പലിൽ, എല്ലാ വീടുകളിലും കുറഞ്ഞത് ഒരു ലൈസൻസില്ലാത്ത തോക്കെങ്കിലും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. നിയമപരമായി ആയുധങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ടാകുമ്പോൾ, ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നു. രാജ്യത്തിന്റെ തോക്ക് നിയമങ്ങളെ ദുർബലപ്പെടുത്തുകയും, തോക്ക് അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നത്തിന് അത് തടസ്സമാവുകയും ചെയ്യുന്നു. ചെറുകിട ആയുധ സർവേയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ 85 ശതമാനം തോക്കുകളും രജിസ്റ്റർ ചെയ്യാത്തവയാണ്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തിൽ തോക്ക് ഉപയോഗം കുറഞ്ഞു എന്ന് തോന്നുമെങ്കിലും, ലൈസൻസില്ലാത്ത തോക്കുകളുടെ ഉപയോഗം വർദ്ധിക്കുകയാണ്. അക്രമം ചമ്പലിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. ചമ്പലിന്റെ വായുവിൽ, വെള്ളത്തിൽ, ജീനുകളിൽ, എല്ലാം അതുണ്ട്. "തോക്കുകളല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് ആളുകൾ പരസ്പരം കൊല്ലും" -അദ്ദേഹം കൂട്ടിച്ചേർത്തു.

click me!