പെട്ടെന്ന് പട്ടാളക്കാര്‍ അകത്തേക്ക് തള്ളിക്കയറാന്‍ തുടങ്ങി. കൈകള്‍ വിരിച്ചു തടഞ്ഞു നില്‍ക്കുന്ന പോലീസുകാരെ അവര്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചു. വാഗ്വാദങ്ങള്‍ക്കും ഉന്തിനും തള്ളിനുമിടയില്‍ മുയല്‍ക്കുഞ്ഞുങ്ങളെപ്പോലെ ചുരുണ്ടുകൂടിയിരുന്ന ആള്‍ക്കൂട്ടത്തിനു മേല്‍ ചറപറാ അടി വീണു. പ്രായമായവരെന്നോ സ്ത്രീകളെന്നോ പരിഗണനയില്ലാതെ സിവില്‍ ഗാര്‍ഡ്‌സ് അവരെ തൂക്കിയെടുത്തു മാറ്റി.
ഒടുവില്‍, സ്‌പെയിനിലെ കറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മാതൃഭാഷ പോലും സംസാരിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു ജനത സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നിറവിലാണ്. ചൂഷണവും പിടിച്ചുപറിയും അനുഭവിച്ചനുഭവിച്ചു തളര്‍ന്നു പോയ ഒരു നാട് ഒറ്റയ്ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാല്‍, ആ ശ്രമങ്ങളെ വെടിയുണ്ടകള്‍ കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സ്‌പെയിന്‍. അമേരിക്കയും യൂറോപ്യന്‍ യൂനിയനുമെല്ലാം അവര്‍ക്കൊപ്പമാണ്.
ഈ മാസം ഒന്നാം തീയതിയാണ് കറ്റലോണിയയില്‍ ഹിതപരിശോധന നടന്നത്. സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഹിതപരിശോധന തടയാനുള്ള സ്‌പെയിനിന്റെ ശ്രമങ്ങളെ സഹന സമരത്തിലൂടെ പരാജയപ്പെടുത്തിയാണ് കറ്റലന്‍ ജനത വേറിട്ടുനില്‍ക്കാനുള്ള തീരുമാനം എടുത്തത്. സംഘര്‍ഷഭരിതമായ ഹിതപരിശോധന തൊട്ടടുത്തുനിന്ന് കണ്ടറിഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കോളമിസ്റ്റ് ഹരിത സാവിത്രി ആ അനുഭവങ്ങള്‍ പകര്‍ത്തുകയാണിവിടെ.
undefined
വിവിധ വര്‍ണ്ണങ്ങളിലെ ക്ലവേല്‍ പൂക്കളും ഡെമോക്രാറ്റിക് മുദ്രാവാക്യങ്ങള്‍ നിറഞ്ഞ പോസ്റ്ററുകളും നിറഞ്ഞ സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ നൂറിയയെ കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. ശരത്കാലസൂര്യന്‍ പതിവില്ലാത്ത തീവ്രതയോടെ പ്രകാശിച്ചു കൊണ്ടേയിരുന്നു. സ്‌കൂളിനു മുന്നിലുള്ള ചെറിയ ഗ്രൗണ്ടില്‍ പൊടിയില്‍ കുളിച്ച കുട്ടികള്‍ ആര്‍ത്തു വിളിക്കുകയും തടിച്ചുരുണ്ട പട്ടികളുടെ കൂടെ പന്തുകള്‍ക്ക് പുറകേ ഓടുകയും ഇരുണ്ട പച്ച നിറത്തിലുള്ള മെത്തപോലെയുള്ള കൊഴുത്ത പുല്ലില്‍ കിടന്നുരുളുകയും ചെയ്തു. പ്രാമുകളില്‍ ഉറങ്ങുന്ന ചെറിയ കുഞ്ഞുങ്ങളുമായി ഗൗരവത്തോടെ രാഷ്ട്രീയം പറയുകയും സിഗരറ്റ് പുകയ്ക്കുകയും ചെയ്തുകൊണ്ട് ഗ്രൗണ്ടിനടുത്തുള്ള ബഞ്ചുകളില്‍ കൂടിയിരുന്ന അമ്മമാര്‍ എന്റെ അപരിചിതമായ മുഖത്തെയ്ക്കും തോളിലെ ക്യാമറയിലേക്കും ഇടയ്ക്കിടയ്ക്ക് സംശയത്തോടെ നോക്കി.
കറ്റലോണിയയിലെ റഫറണ്ടം കഴിഞ്ഞിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു. ഒപ്പം പഠിച്ച ജോര്‍ഡി എന്ന കറ്റലന്‍ സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ ഞാന്‍ കറ്റലോണിയയില്‍ എത്തിയത്. വന്നിറങ്ങിയ നിമിഷം മുതല്‍ അവന്‍ സന്തോഷം സഹിക്കാനാവാതെ ചെറിയ കുട്ടികളെപ്പോലെ മഞ്ഞപ്പല്ലുകള്‍ കാണിച്ചു ചിരിച്ചു കൊണ്ടേയിരുന്നു. ഒരു കര്‍ഷക കുടുംബത്തിലെ ഏക സന്തതിയായിരുന്നു ജോര്‍ഡി. കൃഷിക്കാരായ അച്ഛനമ്മമാരുടെ നാട്ടിന്‍പുറത്തെ രീതികളും പഴയ ഫാമും ഒക്കെ എനിക്ക് ഇഷ്ടമാവുമോ എന്നായിരുന്നു എന്നെ ക്ഷണിക്കുമ്പോള്‍ അവന്റെ പേടി മുഴുവന്‍.
പൂന്തോട്ടത്തിലെ ഓക്ക് മരം കൊണ്ട് തീര്‍ത്ത കാബിനിലാണ് ജോര്‍ഡിയുടെ കുടുംബം എനിക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. ചൂണ്ടക്കൊളുത്തുകളും ശൈത്യ കാലത്തേയ്ക്ക് വേണ്ടി ഭിത്തിയില്‍ തൂക്കിയിട്ട വീട്ടിലുണ്ടാക്കിയ കൂറ്റന്‍ സോസേജുകളും തക്കാളിക്കുലകളും നിറഞ്ഞ, പുകമണമുള്ള ആ ചെറിയ മുറിയില്‍ കിടന്നു ഞാന്‍ യാത്രാ ക്ഷീണം തീരും വരെ ദീര്‍ഘ നേരം ഉറങ്ങി. നല്ല വിശപ്പോടെയാണ് ഉറക്കമുണര്‍ന്നത്. അടുക്കളയില്‍ നിന്ന് സൂപ്പിന്റെ ഹൃദ്യമായ മണം വരുന്നുണ്ടായിരുന്നു. സമയം കളയാതെ ഞാന്‍ നേരെ തീന്‍ മുറിയിലേക്ക് ചെന്നു.
ചിന്തേരിട്ടു മിനുക്കാത്ത പരുപരുത്ത തീന്‍ മേശയുടെ ഒരറ്റത്ത് നരച്ച മീശയും പിരിച്ചു കൊണ്ട് ജോര്‍ഡിയുടെ അച്ഛന്‍ ഇഗ്‌നാസി ഇരുപ്പുണ്ടായിരുന്നു. പിശുക്കിയ ഒരു ചിരിയുമായി അദ്ദേഹം എഴുന്നേറ്റ് എന്റെ കൈകള്‍ കയ്യിലെടുത്തു. 'നിന്നെ കാണാന്‍ ഇന്നു ഒരാള്‍ വരുന്നുണ്ട്'.
ആരാണ് എന്ന് അത്ഭുതത്തോടെ ചോദിച്ച എന്നോട് 'കാത്തിരിക്കൂ' എന്ന് ആംഗ്യം കാണിച്ചു കൊണ്ട് വൈന്‍ നിറച്ച കൂജ എടുത്തു ഇഗ്‌നാസി വായിലേക്ക് കമഴ്ത്തി. ജോര്‍ഡിയുടെ ബന്ധുക്കളാരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാതെ ഒരു കസേര വലിച്ചിട്ടു ഇരുപ്പു പിടിച്ചു.
എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു കഴിഞ്ഞാണ് കാത്തിരുന്ന അതിഥി എത്തിയത്. വെയിലു കൊണ്ട് ഇരുണ്ടു പോയ തൊലിയും ചിതറിക്കിടക്കുന്ന മുടിയുമുള്ള ഒരു ചെറുപ്പക്കാരന്‍. ജോര്‍ഡി പരിചയപ്പെടുത്തി. 'എന്റെ സുഹൃത്താണ്. ഡാനിയേല്‍! ഇവന്‍ ഒരു മോസു ആണ്.'
കൃഷിക്കാരുടെയും മറ്റും സഹായിയായ ചെറിയ പയ്യനെ ആണ് കറ്റലന്‍ ഭാഷയില്‍ മോസു എന്ന് വിളിക്കുക. കറ്റലോണിയയിലെ പോലീസുകാരുടെയും വിളിപ്പേര് മോസു എന്ന് തന്നെ.
'കറ്റലന്‍ തീരങ്ങളില്‍ ഒരാഴ്ചയായി വന്‍ കപ്പലുകളില്‍ നങ്കൂരമിട്ടു കിടക്കുകയാണ് സ്പാനിഷ് പട്ടാളത്തിന്റെ ഗാര്‍ഡിയ സിവില്‍ എന്ന വിഭാഗം. കപ്പലുകളില്‍ സ്ഥലം തികയാതെ വന്നവര്‍ കരയിലെ ഹോട്ടലുകളിലലാണ്'.
നാണം കലര്‍ന്ന ഒരു ചിരിയുമായി ആദ്യമൊക്കെ മിണ്ടാതിരുന്നെങ്കിലും കറ്റലോണിയന്‍ റഫറണ്ടത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോള്‍ ഡാനിയേല്‍ ഗൗരവത്തോടെ സംസാരിച്ചു തുടങ്ങി.
'രഹസ്യ യോഗങ്ങള്‍ എല്ലാ സ്ഥലങ്ങളിലും നടക്കുന്നുണ്ട്. എന്ത് വന്നാലും നാളെ റഫറണ്ടം നടക്കും. സ്‌കോട്ട്‌ലണ്ടിലും മറ്റും എത്ര സമാധാനപരമായാണ് ഇത് നടന്നത്.'
ഡാനിയേലിന്റെ നെറ്റിയിലെ ചുളിവുകള്‍ ചിന്താഭാരം കൊണ്ട് കൂടുതല്‍ ആഴത്തിലായി.
ഇതിനൊക്കെ പുറമെയാണ് കറ്റലന്‍ പ്രസിഡന്റ് പുച്ച് ദമോണ്ടിനെ ഏതു നിമിഷം അറസ്റ്റു ചെയ്‌തേക്കും എന്ന ഭീഷണി. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതില്‍ ഫ്രാങ്കോയുടെ ഭരണകാലത്ത് കറ്റലന്‍ പ്രസിഡന്റ് ആയിരുന്ന ലൂയിസ് കംപാനാസിനെ തൂക്കിലേറ്റിയ ചരിത്രമുണ്ട് സ്‌പെയിന്. അതുകൊണ്ട് തന്നെ ആ ഭീഷണി കറ്റലോണിയക്കാരെ നന്നായി ഭയപ്പെടുത്തിയിട്ടുണ്ട്.
വോട്ടിംഗ് നടക്കാന്‍ പോകുന്ന സ്‌കൂളുകള്‍ എല്ലാം അടച്ചു പൂട്ടാന്‍ ആണ് സ്പാനിഷ് ഗവണ്‍മന്റ് കറ്റലന്‍ പോലീസിനു നല്‍കിയിരിക്കുന്ന ഉത്തരവ്. ഇതറിഞ്ഞു കൊണ്ടാവണം എല്ലാ സ്‌കൂളുകളിലും രണ്ടു ദിവസമായി ഓരോ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
'സ്‌കൂളുകളില്‍ നിറയെ ആളുകളാണെങ്കില്‍ എങ്ങനെ അടച്ചു പൂട്ടും? പലതവണ പോലീസുകാര്‍ സ്‌കൂളുകളില്‍ പോയി വന്നു. പ്രോഗ്രാമുകള്‍ നടക്കുന്നത് കൊണ്ട് അടയ്ക്കാന്‍ പറ്റില്ല എന്നെഴുതിക്കൊടുത്തിട്ടുണ്ട്. നാളെ എന്താകുമോ?'
ഡാനിയേല്‍ അവസാനതുള്ളി വൈനും വായിലെക്കിറ്റിച്ചുകൊണ്ട് എഴുന്നേറ്റു. 'ഒരു പോലീസുകാരനായതില്‍ എനിക്ക് ആദ്യമായി അപമാനം തോന്നുന്നു'- അവന്‍ പറഞ്ഞു. 'തലമുറകളായി എന്റെ പൂര്‍വികര്‍ അനുഭവിച്ചു വന്ന അപമാന ഭാരം, ചൂഷണം ഒക്കെ അവസാനിപ്പിക്കാന്‍ കിട്ടിയ ആദ്യത്തെ അവസരമാണിത്. അപ്പോള്‍ ഞാന്‍ അതവസാനിപ്പിക്കാന്‍ കൂട്ട് നില്‍ക്കണമത്രേ!' തല കുടഞ്ഞു കൊണ്ട് അവന്‍ ഇറങ്ങിപ്പോയി.
'ഫ്രാങ്കോയുടെ ഭരണകാലത്ത് ആരെങ്കിലും കറ്റലന്‍ സംസാരിക്കുന്നു എന്ന് അധികാരികള്‍ അറിഞ്ഞാല്‍ തെരുവിലിട്ട് തല്ലിച്ചതയ്ക്കുമായിരുന്നു'- ഇഗ്‌നാസി പറഞ്ഞു
'ഞങ്ങളുടെ വ്യവസായങ്ങള്‍ അവര്‍ നശിപ്പിച്ചു. കനത്ത ടാക്‌സുകള്‍ ചുമത്തി സമ്പത്ത് മുഴുവന്‍ ഊറ്റിയെടുത്തു. ഇനിയും ഈ ചൂഷണം സഹിക്കാന്‍ വയ്യ'.
വൈന്‍ ഗ്ലാസ്സ് വീണ്ടും വീണ്ടും അയാള്‍ നിറച്ചു കൊണ്ടേയിരുന്നു. വൈനിന്റെ വീര്യം മൂലമാവണം മൂലയ്ക്ക് കിടന്ന ഒരു പഴയ ബഞ്ചില്‍ ചുരുണ്ടുകൂടിക്കിടന്നു ജോര്‍ഡി ഉറങ്ങിക്കഴിഞ്ഞിരുന്നു.
മേശമേല്‍ ബാക്കി വന്ന ഭക്ഷണമെല്ലാം എടുത്തു കൊണ്ട് പോകുന്ന വഴിയ്ക്ക് ജോര്‍ഡിയുടെ അമ്മ പിറുപിറുത്തു. 'എത്ര നാളായി വല്ലതും നേരെ ചൊവ്വേ കഴിച്ചിട്ട്. ഊണ്‍ മേശമേല്‍ രാഷ്ട്രീയം പറഞ്ഞു പറഞ്ഞു അച്ഛനും മോനും ഒന്നും കഴിക്കാതെ എന്നും ഇറങ്ങിപ്പോവും.'
ഒരു ജനത മുഴുവന്‍ കാത്തിരുന്ന ദിവസം. അതിനു സാക്ഷ്യം വഹിക്കാന്‍ ഒരവസരം തന്നതിന് എനിക്ക് ജോര്‍ഡിയോട് നന്ദി തോന്നി. ഉറങ്ങാന്‍ പോകും മുമ്പ് ഇഗ്‌നാസി എന്നെ വിളിച്ചു.
'നാളെ രാവിലെ നീയുണരും മുന്‍പ് ഞാന്‍ പോകും. ജോര്‍ഡി നിന്നെ എല്ലായിടത്തും കൊണ്ടുപോകും. ഒരു കാര്യം ശ്രദ്ധിക്കണം. എന്ത് പ്രകോപനം ഉണ്ടായാലും തിരിച്ചടിക്കരുതെന്നാണ് നമ്മുടെ തീരുമാനം. നിന്റെ മുന്നില്‍ എന്ത് തന്നെ നടന്നാലും. അതിനി എന്റെ മകനെ തല്ലിച്ചതയ്ക്കുന്നതായാല്‍ പോലും നീ പ്രതികരിക്കരുത്'.
അയാളുടെ തീക്ഷ്ണമായ കണ്ണുകളിലെ ഭാവം വേദനയാണോ പകയാണോ എന്ന് എനിക്ക് മനസ്സിലായില്ല.
ഉറക്കം വരാതെ ഞാന്‍ രാത്രി മുഴുവന്‍ ജനലിലൂടെ കാണുന്ന ഇരുണ്ട് കറുത്ത ആകാശത്തിലേക്കും അതില്‍ മിന്നുന്ന നക്ഷത്രജാലങ്ങളിലെക്കും നോക്കിക്കിടന്നു. അങ്ങുദൂരെ മങ്ങിയ ചന്ദ്ര പ്രകാശത്തില്‍ ഇരുണ്ടുയര്‍ന്നു കാണുന്ന മോണ്ട് സെറാട്ട് എന്ന കറ്റലോണിയയിലെ വിശുദ്ധ പര്‍വതത്തില്‍ ഒരു ചെറിയ വെളിച്ചം ഇടയ്ക്ക് മിന്നുന്നു. കുത്തനെയുള്ള പാറകള്‍ക്കിടയില്‍ കറുത്ത നിറമുള്ള മാതാവിന്റെ പ്രതിമയുള്ള വലിയൊരു പള്ളിയുണ്ടവിടെ. ഈ നാട് മുഴുവന്‍ നാളേയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്. അവരുടെ ആഗ്രഹം കഴിയുമെങ്കില്‍ ഒന്ന് നടത്തിക്കൊടുക്കൂ. സങ്കടത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
'എണീക്ക് എണീക്ക്' എന്ന് വിളിച്ചു കൂവിക്കൊണ്ട് ജോര്‍ഡി രാവിലെ വന്നു വാതിലില്‍ ഇടിച്ചു. കണ്ണും തിരുമ്മി വന്ന എന്റെ ഉറക്കമെല്ലാം അവന്റെ ആവേശം കൊണ്ട് ചുവന്ന മുഖം കണ്ടു അപ്രത്യക്ഷമായി. 'വന്നു ടിവി നോക്ക്'- എന്നെ അവന്‍ വലിച്ചു കൊണ്ട് സ്വീകരണ മുറിയിലേക്ക് ഓടി.
ജോര്‍ഡിയുടെ അമ്മ ടിവിയുടെ മുന്നിലിരിപ്പുണ്ട്. ഹെല്‍മറ്റും ഇരുണ്ട നീല നിറമുള്ള യുണിഫോമും വലിയ തോക്കുകളും ലാത്തികളുമായി സിവില്‍ ഗാര്‍ഡ്‌സ്! ചോരയൊലിപ്പിക്കുന്ന മുഖങ്ങളുള്ള ആളുകളെ വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമാണവര്‍. നിലവിളികളും ആജ്ഞകളും ആക്രോശങ്ങളും ചെകിട് തുളക്കും പോലെ. സിനിമയാണോ എന്ന് ഉറക്കച്ചടവില്‍ ഒരു നിമിഷം എനിക്കൊരു സംശയം തോന്നി. ജോര്‍ഡിയെ കെട്ടിപ്പിടിച്ചു മോണ്ട്‌സെ വിങ്ങിക്കരയുന്നത് കണ്ടപ്പോള്‍ കടുത്ത നിരാശയോടെയും നിസ്സഹായതയോടെയും മായക്കാഴ്ചകളല്ല ഈ കാണുന്നതൊന്നും എന്ന സത്യംഞാന്‍ മനസ്സിലാക്കി.
അര മണിക്കൂറിനുള്ളില്‍ മോണ്ട്‌സെ പൊതിഞ്ഞു തന്ന സാന്‍ഡ് വിച്ചുകളും ബാഗില്‍ നിറച്ചു ജോര്‍ഡിയും ഞാനും അവന്റെ പഴയ സ്‌കൂട്ടറില്‍ യാത്രയായി. ഇറങ്ങും മുമ്പ് മുറ്റത്തെ തോട്ടത്തില്‍ നിന്ന് പൊട്ടിച്ച ഒരു കെട്ടു ക്ലവേല്‍ പൂക്കള്‍ മോണ്ട്‌സെ ജോര്‍ഡിയെ ഏല്‍പ്പിച്ചു. 'തല്ലിയോടിക്കാന്‍ വരുന്ന സ്പാനിഷ് സിവില്‍ ഗാര്‍ഡ്‌സിനു നല്‍കി സ്വീകരിക്കാനാണ് ഈ പൂക്കള്‍'-എന്റെ കൗതുകം കണ്ടു ജോര്‍ഡി വിശദീകരിച്ചു.
ഭക്ഷണം കുത്തി നിറച്ച ബാഗും പൂക്കളും കാമറയും ഒക്കെയായി ഞാന്‍ ആ സ്‌കൂട്ടറിനു പുറകില്‍ അവനെ അള്ളിപ്പിടിച്ചിരുന്നു.
ജോര്‍ഡിയുടെ വീടിനടുത്തുള്ള സൂരിയ എന്ന ഖനിത്തൊഴിലാളികളുടെ ഗ്രാമത്തിലേയ്ക്ക് ആണ് ഞങ്ങളാദ്യം പോയത്. വോട്ടിംഗ് നടക്കുന്ന സ്‌കൂളിനു മുന്നില്‍ ബാനറുകളും പൂക്കളും ചിതറിക്കിടന്നിരുന്നു. ഒരു മരണവീട് പോലെ കൂട്ട നിലവിളി അവിടെയെങ്ങും അലയടിച്ചു. ആംബുലന്‍സുകള്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു പോവുന്നു. മുറിവേറ്റവരെ മുഴുവന്‍ ആശുപത്രിയിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു. ചെറിയ മുറിവുകള്‍ പറ്റിയവരെ ഡോക്ടര്‍മാര്‍ സ്‌കൂളിനു മുന്നിലെ ഗ്രൗണ്ടില്‍ പെട്ടെന്നുയര്‍ത്തിയ ടെന്റുകളില്‍ ശുശ്രൂഷിക്കുന്നു. അച്ഛനമ്മമാരെ തല്ലിച്ചതയ്ക്കുന്നത് കണ്ട കുട്ടികള്‍ ഭ്രാന്ത് പിടിച്ചത് പോലെ നിലവിളിച്ചു കൊണ്ട് തലങ്ങും വിലങ്ങും ഓടി നടന്നു. പെട്ടെന്നുണ്ടായ ഭയവും പരിഭ്രാന്തിയും മൂലം പകച്ചു പോയവര്‍ അവിടവിടെ കൂടിയിരുന്നു കരയുകയും മുറിവുകളും ചതവുകളും പരിശോധിക്കുകയും ചെയ്യുകയാണ്.
'നമ്മളിവിടെ നിന്നിട്ട് ഒരു കാര്യവുമില്ല' ജോര്‍ഡി പറഞ്ഞു. 'പട്ടാളക്കാര്‍ സാന്റ് ജുവാനില്‍ പോയേക്കും. ഒരുപാടു ഡെമോക്രാറ്റുകള്‍ ഉള്ള സ്ഥലമാണ്. ഡാനിയേലിന് അവിടെയാണ് ഡ്യൂട്ടി. വെറും മുപ്പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ!'
ജോര്‍ഡിയുടെ പഴയ സ്‌കൂട്ടര്‍ അതിന്റെ എല്ലാ ശക്തിയുമെടുത്ത് മൂളിപ്പറന്നു.
ചെറിയ ഒരു നദിയ്ക്കക്കരെയാണ് സാന്റ് ജുവാന്‍. പാലത്തിനിക്കരെ വച്ചു തന്നെ നദിക്കരയില്‍ നടക്കാനിറങ്ങുന്നവര്‍ക്കായുള്ള നടപ്പാതയിലും പാര്‍ക്കിലുമായി നിരന്നു കിടക്കുന്ന പട്ടാള വാഹനങ്ങള്‍ കാണാമായിരുന്നു. പാഞ്ഞു പോകുന്ന സ്‌കൂട്ടറില്‍ ഇരുന്നു കൊണ്ട് ഞാന്‍ എണ്ണി. മുപ്പത്തിയെട്ടു വാനുകള്‍! വല്ലാത്ത ഒരു ഭയം എന്റെ ഞരമ്പുകളിലൂടെ കടന്നുപോയി.
സ്‌കൂളിനു കുറെ ദൂരെ വച്ചു തന്നെ നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചു പാടുന്ന കറ്റലന്‍ ദേശീയ ഗാനത്തിന്റെ ശകലങ്ങള്‍ കേള്‍ക്കാമായിരുന്നു. സാധാരണയായി, കേള്‍ക്കുന്നവരുടെയെല്ലാം മനസ്സില്‍ സന്തോഷവും ആവേശവും ഉണര്‍ത്തുന്ന ആ ഗാനം ഇന്നൊരു നിലവിളി പോലെ അവിടെയെല്ലാം മുഴങ്ങി.
അവരെ തിരിച്ചോടിക്കുക , അവരെ,
അഹങ്കാരികളും പൊങ്ങച്ചക്കാരുമായ അവരെ
അരിവാളിന്റെ ഒരൊറ്റ വീശലിനാല്‍..
അരിവാളിന്റെ ഒരൊറ്റ വീശലിനാല്‍...
മണ്ണിന്റെ സൂക്ഷിപ്പുകാരേ...
അരിവാളിന്റെ ഒരൊറ്റ വീശലിനാല്‍...
പാര്‍ക്ക് ചെയ്യുന്നതിനിടെ മറിഞ്ഞുപോയ സ്‌കൂട്ടര്‍ നിവര്‍ത്തി വയ്ക്കാന്‍ പോലും മെനക്കെടാതെ ജോര്‍ഡി സ്‌കൂളിനു നേരെ ഓടി. ക്യാമറയും ബാഗും തൂക്കി അവന്റെ പുറകേ ഓടിയെത്താന്‍ കഴിയാതെ ഞാന്‍ കൂവി വിളിച്ചു. അണച്ചു കൊണ്ട് അവന്‍ തിരിഞ്ഞു നിന്നു. 'നീ അങ്ങോട്ട് വരണ്ട. നിന്റെ കാമറയും ഇരുണ്ട തൊലിയും...അവര് നിന്നെ ഉപദ്രവിക്കും!'
സ്‌കൂളിലെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ എന്നെ കയറ്റി നിര്‍ത്തിയിട്ടു അവന്‍ ആള്‍ക്കൂട്ടത്തില്‍ ലയിച്ചു.
അവിടെ നിന്നാല്‍ എനിക്ക് പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് സ്‌കൂളിന്റെ വാതിലിനു മുന്നില്‍ ഇരിക്കുന്ന ഏകദേശം അമ്പതു പേരോളം വരുന്ന ഒരു ചെറിയ കൂട്ടം ആളുകളെ കാണാമായിരുന്നു. അവരെ ഉപദ്രവിക്കാതിരിക്കാനായി മതിലു പോലെ കറ്റലന്‍ പോലീസ് നിലയുറപ്പിച്ചിരിക്കുന്നു. വലിയ തോക്കുകളും ഹെല്‍മറ്റുകളും പാഡുകള്‍ വച്ചു പിടിപ്പിച്ച യുണിഫോമുകളുമായി ഇരുന്നൂറോളം പട്ടാളക്കാര്‍ ഏതു നിമിഷവും അവരുടെ മേല്‍ ചാടി വീഴുമെന്ന പോലെ നില്‍ക്കുകയാണ്. ആളുകള്‍ പുറത്തു നിന്ന് ഓടി വരുന്നുണ്ട്. ഡാനിയേലിനെയും ജോര്‍ഡിയെയും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കണ്ടുപിടിക്കാന്‍ പേടിയോടെ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.
പെട്ടെന്ന് പട്ടാളക്കാര്‍ അകത്തേക്ക് തള്ളിക്കയറാന്‍ തുടങ്ങി. കൈകള്‍ വിരിച്ചു തടഞ്ഞു നില്‍ക്കുന്ന പോലീസുകാരെ അവര്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചു. വാഗ്വാദങ്ങള്‍ക്കും ഉന്തിനും തള്ളിനുമിടയില്‍ മുയല്‍ക്കുഞ്ഞുങ്ങളെപ്പോലെ ചുരുണ്ടുകൂടിയിരുന്ന ആള്‍ക്കൂട്ടത്തിനു മേല്‍ ചറപറാ അടി വീണു. പ്രായമായവരെന്നോ സ്ത്രീകളെന്നോ പരിഗണനയില്ലാതെ സിവില്‍ ഗാര്‍ഡ്‌സ് അവരെ തൂക്കിയെടുത്തു മാറ്റി. ചോരയൊലിക്കുന്ന തലയുമായി തറയില്‍ വീഴുന്നവരെ ചവിട്ടിക്കടന്നു പട്ടാളക്കാര്‍ വോട്ടിംഗ് ബോക്‌സുകള്‍ എടുക്കാനായി ഉള്ളിലേക്ക് കയറി. കൂടുതല്‍ കാണാനാവാതെ ഞാന്‍ കണ്ണുകളടച്ചു. പിന്നെ പതുക്കെ ചൂടുപിടിച്ച ടാങ്കിനു മുകളിലെക്കിരുന്നു.
'നിനക്കെന്താ പറ്റിയത്?' ജോര്‍ഡി എന്റെ ചുമലില്‍ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.
'എനിക്കിത് കാണാന്‍ വയ്യ.' ഞാന്‍ എങ്ങിക്കരഞ്ഞു പോയി.
'അത് പറ്റില്ല'. ജോര്‍ഡി പറഞ്ഞു. 'നീ മാത്രമല്ല.. ഈ ലോകം മുഴുവന്‍ ഇത് കാണണം. നിരായുധരായ, തിരിച്ചൊരു ചെറുവിരല്‍ പോലുമനക്കാത്ത ഒരു ജനതയെ സ്വാതന്ത്ര്യം കൊതിച്ചതിന്റെ പേരില്‍ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്ന് ലോകം കാണട്ടെ.'
ഞാന്‍ തലയുയര്‍ത്തി നോക്കി. രക്തത്തിന്റെ ഒരു ചെറു ചാല്‍ വിയര്‍പ്പിനൊപ്പം ചെന്നിയിലൂടെ ഒഴുകി വരുന്നു.
'ജോര്‍ഡീ.. ചോര..!' ഞാന്‍ ഭയന്നു പോയി.
'സാരമില്ല. അവന്മാര്‍ ഡാനിയേലിനെ പിടിച്ചു തള്ളി. ഇടയ്ക്ക് വീണപ്പോള്‍ എനിക്കൊരു അടി കിട്ടി. പക്ഷെ ഈ വീണ ചോരയൊന്നും വെറുതെ ആയില്ല.' അവന്‍ സന്തോഷത്തോടെ ചിരിച്ചു. 'ഒന്നിനുമില്ല എന്ന് കരുതി വീട്ടിലിരുന്ന ആളുകള്‍ ടീവിയില്‍ ഈ അക്രമം എല്ലാം കണ്ടു വെളിയിലിറങ്ങുകയാണ്. ഇനി ഇവന്മാര്‍ കുറെ പാടുപെടും'.
സ്‌കൂട്ടറിനു നേരെ നടന്ന അവന്റെ ജാക്കറ്റിന്റെ തോളില്‍ പിടിച്ചു ഞാന്‍ വലിച്ചു നിര്‍ത്തി. 'ഇവിടുന്നു ഒരടി മുന്നിലേക്ക് ഞാന്‍ വരണമെങ്കില്‍ നീ ഇത് ഡ്രെസ് ചെയ്യണം.' കാത്തുകിടക്കുന്ന ആംബുലന്‍സിലേക്ക് ഞാന്‍ അവനെ പിടിച്ചു കൊണ്ട് പോയി.
തലയില്‍ ഒരു വച്ചുകെട്ടുമായി അവന്‍ സ്‌കൂട്ടര്‍ എടുത്തു. 'ഇനി നമുക്ക് മൂയയിലേക്ക് പോയാലോ?' അവന്‍ ചോദിച്ചു.
'ഈ കെട്ടുമായിട്ടോ? നമുക്ക് വീട്ടില്‍ പോവാം.' എനിക്ക് മോണ്ട്‌സെയെ ഓര്‍ത്തായിരുന്നു കൂടുതല്‍ സങ്കടം. രാവിലെ തന്നെ അവര്‍ ആകെ ഭയന്നിരിക്കുകയായിരുന്നു. ജോര്‍ഡി അവരുടെ ഒരേയൊരു മകനാണ്.
'മൂയയില്‍ കൂടി പോയിട്ട് നമുക്ക് നിര്‍ത്താം. അവിടെ കഥ വേറെയാണ് കേട്ടോ. ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. അവരെ മുഴുവന്‍ മാറ്റിയിട്ടു വോട്ടിംഗ് തടയുക അസാധ്യമാണ്.'
ജോര്‍ഡി പറഞ്ഞു
ഇതുവരെ കണ്ടതൊന്നും അല്ലായിരുന്നു മൂയയില്‍ നടന്നുകൊണ്ടിരുന്നത്. റോഡിനിരുവശത്തുമുള്ള പന്നികളെയും പശുക്കളെയും വളര്‍ത്തുന്ന ഫാമുകളില്‍ നിന്ന് വരുന്ന ടാങ്കറുകള്‍ ആയിരുന്നു വഴി നിറയെ. കാര്യം മനസ്സിലാകാതെ ജോര്‍ഡി സ്‌കൂട്ടര്‍ വഴിയിലൊതുക്കിയിട്ട് നാട്ടുവഴിയില്‍ നിന്ന് റോഡിലേക്ക് വണ്ടി ഇറക്കാന്‍ കഷളടപ്പെടുന്ന ഒരു ഡ്രൈവറോട് കാര്യം അന്വേഷിച്ചു. അലര്‍ച്ച പോലെയായിരുന്നു അയാളുടെ മറുപടി.
'അവന്മാരുടെ ദേഹത്ത് കൈ വയ്ക്കരുതെന്നെ പറഞ്ഞിട്ടുള്ളൂ. പന്നിയുടെ മൂത്രത്തില്‍ കുളിപ്പിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല'
ഞങ്ങള്‍ സ്തബ്ധരായി.
'എന്റെ ഗ്രാമത്തിലെ അപ്പുപ്പന്മാരെയും കൊച്ചുകുട്ടികളെയും വരെ അവരടിച്ചു. വെറുതെ വിടില്ല ഞങ്ങള്‍!'
അപ്പോഴാണ് കാര്യം മനസ്സിലായത് . ശീതകാലത്ത് ഉരുളക്കിഴങ്ങ് കൃഷി തുടങ്ങും മുന്‍പ് നിലമൊരുക്കാന്‍ വലിയ ടാങ്കുകളില്‍ സൂക്ഷിച്ച് വച്ചിരുന്ന പന്നികളുടെ വിസര്‍ജ്യമാണ് ആ ടാങ്കറില്‍ നിറയെ. പോകുന്ന വഴി മുഴുവന്‍ തല മരവിച്ചു പോകുന്ന നാറ്റവും വിതറി ആ ടാങ്കര്‍ ഇരമ്പിയകന്നു.
ഒരു നെടുവീര്‍പ്പോടെ ജോര്‍ഡി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു. മലകള്‍ക്കിടയിലുള്ള ഒരു ചെറുപട്ടണമാണ് മൂയ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും ഇടുങ്ങിയ തെരുവുകളും ഉള്ള ഒരിടം. ഒരു ചെറിയ കുട്ടിക്ക് പോലും കയറാന്‍ ആകാത്ത വിധം കൂറ്റന്‍ ട്രാക്ടറുകള്‍ കൊണ്ട് തെരുവുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.വോട്ടിംഗ് നടക്കുന്ന സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടില്‍ കയറണമെങ്കില്‍ ട്രാക്ടറിനു അടിയിലൂടെ ഇഴഞ്ഞു വേണം പോകാന്‍. വണ്ടി ഒരു മൂലയ്‌ക്കൊതുക്കിയിട്ടു ഞാനും ജോര്‍ഡിയും ട്രാക്ടറിനടിയിലൂടെ നുഴഞ്ഞു കയറി.
കോരിത്തരിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അകത്ത്. സ്‌കൂളിന്റെ മുന്നില്‍ ആയിരക്കണക്കിന് ആളുകള്‍! എണ്ണത്തില്‍ കുറവായ കറ്റലന്‍ പോലീസുകാര്‍ ജനക്കൂട്ടത്തിനും പട്ടാളക്കാര്‍ക്കും ഇടയില്‍ തടസ്സം പിടിക്കാന്‍ വിഫലമായ ശ്രമങ്ങള്‍ നടത്തുന്നു.
എന്നെ സുരക്ഷിതമായ ഒരിടത്ത് നിര്‍ത്തിയിട്ടു ആള്‍ക്കൂട്ടത്തില്‍ ചേരാനുള്ള ജോര്‍ഡിയുടെ ശ്രമം ഞാന്‍ അനുവദിച്ചില്ല. കൂടെ ഞാനും പോരും എന്ന ഭീഷണി അവസാനം ഫലിച്ചു. മനസ്സില്ലാ മനസ്സോടെ അവന്‍ എന്റെ കൂടെ വന്നു. ബഹളത്തില്‍ പെടാതെ ഞങ്ങള്‍ അടുത്തു കണ്ട ഒരു കെട്ടിടത്തിന്റെ മുകളില്‍ സ്ഥലം പിടിച്ചു. മുന്നില്‍ ഇരമ്പുന്ന ജനക്കൂട്ടമാണ്. അവസാനത്തെ ആള് വരെ വീഴാതെ ആ പട്ടാളക്കാരെ സ്‌കൂളിലെത്താന്‍ അവരനുവദിക്കില്ല എന്നുറപ്പായിരുന്നു.
കയ്യില്‍ ചെറിയ മൈക്കുമായി ചിലര്‍ അക്രമം പാടില്ല എന്ന് ആളുകളോട് വിളിച്ചു പറയുന്നുണ്ട്. പട്ടാളക്കാര്‍ മുന്നിലേക്ക് ഇടിച്ചു കയറാനുള്ള ശ്രമം ആരംഭിച്ചു. തല്ലിത്താഴെയിടുകയും വലിച്ചു മാറ്റുകയും ചെയ്യുന്നവര്‍ക്ക് പകരം ക്രൂരമായി മര്‍ദ്ദിക്കപ്പെടും എന്നറിഞ്ഞു കൊണ്ട് തന്നെ ആളുകള്‍ ആ ചെറിയ ഗ്രൗണ്ടില്‍ വന്നു നിറഞ്ഞുകൊണ്ടെയിരുന്നു. ചെറുപ്പക്കാരും വൃദ്ധരും കുട്ടികളും വീല്‍ചെയറുരുട്ടി വരുന്നവര്‍ പോലും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരുടെ കണ്ഠങ്ങളില്‍ നിന്ന് ദേശീയഗാനം കൊടുങ്കാറ്റ്‌പോലെ അവിടെയാകെ അലയടിച്ചു.
മണ്ണിന്റെ സൂക്ഷിപ്പുകാരേ...
അരിവാളിന്റെ ഒരൊറ്റ വീശല്‍!
അരിവാളിന്റെ ഒരൊറ്റ വീശല്‍!
നമ്മുടെ കൊടി കാണുമ്പൊള്‍ ശത്രുക്കള്‍ വിറയ്ക്കട്ടെ !
ഗോതമ്പിന്റെ സ്വര്‍ണ്ണക്കതിരുകള്‍ കൊയ്യും പോല്‍
സമയമെത്തുമ്പോള്‍ നമ്മള്‍ ചങ്ങലകളും അരിഞ്ഞിടും
അരിവാളിന്റെ ഒരൊറ്റ വീശല്‍!
തോക്കിന്റെ ശബ്ദം അവിടമാകെ മുഴങ്ങി. ഒന്ന് ചിതറിയെങ്കിലും ആള്‍ക്കൂട്ടം വീണ്ടും മുന്നിലേക്കടുത്തു. ഭയന്നു വിളറിപ്പോയ എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് ജോര്‍ഡി ആശ്വസിപ്പിച്ചു.
'പേടിക്കണ്ട. റബ്ബര്‍ ബുള്ളറ്റുകളാണ്. ചെറിയ മുറിവുകള്‍ ഏല്‍പ്പിക്കാനേ അതിനു കഴിയൂ. പിന്നെ ഭയപ്പെടുത്താനും. ഇന്ന് അത് നടക്കുമെന്ന് തോന്നുന്നില്ല.'
മുഖത്തും ഉടുപ്പിന്റെ മുന്‍ഭാഗത്തും നിറയെ ചോരയുമായി കഷ്ടിച്ചു പതിനാറോ പതിനേഴോ വയസ്സുള്ള ഒരു പെണ്‍കുട്ടി ആ ആള്‍ക്കൂട്ടത്തിനു മുന്നിലുണ്ടായിരുന്നു. അവരവളെ പൂച്ചക്കുട്ടിയെപ്പോലെ തൂക്കിയെടുത്ത് പല തവണ മാറ്റിയെങ്കിലും എങ്ങനെയോ അവള്‍ വീണ്ടും വീണ്ടും മുന്‍ നിരയിലേക്ക് വന്നുകൊണ്ടിരുന്നു.
'ഒരൊറ്റ ദിവസം കൊണ്ട് മരിയാനോ റഹോയ് ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര ഭടന്മാരെ സൃഷ്ടിച്ചു. ഇന്നത്തെ ഈ അക്രമം കൊണ്ട് സ്‌പെയിന്‍ നേടിയത് അതാണ്'-ഞങ്ങളുടെ സമീപത്ത് ഒരു ഊന്നുവടിയുടെ സഹായത്തോടെ നിന്ന് കാഴ്ചകള്‍ കണ്ടു നിന്ന ഒരു വയസ്സന്‍ പറഞ്ഞു.
തിരിഞ്ഞു നോക്കിയ എന്റെ പരിചയമില്ലാത്ത മുഖവും കയ്യിലെ ക്യാമറയും കണ്ട് അയാള്‍ പറഞ്ഞു. 'ഇവിടെക്കണ്ട കാഴ്ചകള്‍ നീ ഒന്നും മറച്ചു വയ്ക്കാതെ ഈ ലോകത്തോട് പറയണം. ഇതൊന്നും പുറത്തു പോകുമെന്നു തോന്നുന്നില്ല.'
അയാളുടെ ആശങ്കകള്‍ വെറുതെയായിരുന്നില്ല. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ കാറ്റലന്‍ ടെലികമ്മ്യുണിക്കെഷന്‍ സെന്റര്‍ സ്പാനിഷ് പട്ടാളം കയ്യടക്കിയിരുന്നു. റഫറണ്ടം പ്രമാണിച്ചാവണം രാവിലെ മുതല്‍ ഇന്റര്‍നെറ്റും പണി മുടക്കിയിരിക്കുകയാണ്.
അയാളുടെ കയ്യില്‍ പിടിച്ചു കൊണ്ട് ഞാന്‍ ആശ്വസിപ്പിച്ചു.
'പഴയ കാലമല്ല. ലോകം മുഴുവനുള്ള പത്രമാധ്യമങ്ങളുടെ പ്രതിനിധികള്‍ ഇവിടെയുണ്ട്.' മുകളില്‍ കറങ്ങി നില്‍ക്കുന്ന ചാനലുകളുടെ ഹെലിക്കോപ്ടറുകള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു.
'സത്യം എത്ര നാള്‍ മറച്ചു വയ്ക്കാനാവും?'
അയാള്‍ പിറുപിറുത്തു.
മുന്നില്‍ ജ്വലിക്കുന്ന ആവേശത്തെ തടയാനാവാതെ പട്ടാളക്കാര്‍ പുറകിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. പിന്മാറുന്നവര്‍ക്ക് വഴിയൊരുക്കാന്‍ ട്രാക്ടറുകള്‍ പുറകിലേക്ക് മാറ്റാനായി ചിലര്‍ ഓടിപ്പോയി. കൂടുതല്‍ അതിക്രമങ്ങള്‍ ഒന്നുമുണ്ടായില്ലല്ലോ എന്നാ ആശ്വാസത്തോടെ ഞങ്ങള്‍ പോവാനിറങ്ങി.
'നിങ്ങളുടെ ഗാന്ധി ആണ് ഞങ്ങളുടെ പ്രചോദനം'
ജോര്‍ഡി ഒരു ചിരിയോടെ പറഞ്ഞത് സത്യമായിരുന്നു. മാസങ്ങളായി രാഷ്ട്രീയക്കാര്‍ ഈ വോട്ടിങ്ങിനു വേണ്ടി ജനങ്ങളെ മാനസികമായി ഒരുക്കുകയായിരുന്നു. റഹോയ് ബലം പ്രയോഗിക്കും എന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. റബ്ബര്‍ ബുള്ളറ്റുകളെയും ലാത്തികളെയും മനക്കരുത്ത് കൊണ്ട് പ്രതിരോധിക്കുകയല്ലാതെ കറ്റലോണിയയ്ക്ക് മറ്റു മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.
ഭരണകൂടവും സ്പാനിഷ് പട്ടാളവും ഒത്തൊരുമിച്ചു അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും കറ്റലന്‍ ജനത സമാധാനപരമായി അഭിപ്രായ വോട്ടെടുപ്പ് നടത്തുകയും തൊണ്ണൂറ്റി രണ്ടു ശതമാനം ഭൂരിപക്ഷത്തോടെ തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കുകയും ചെയ്തു.
രണ്ടു ദിവസം കൂടി മോണ്ട്‌സെയുടെ ആതിഥ്യം സ്വീകരിച്ചു കൊണ്ട് ഞാന്‍ ആ ഓക്ക് മരക്കാബിനില്‍ താമസിച്ചു. വാര്‍ത്തകളെയും ചിത്രങ്ങളെയും തടുക്കാന്‍ സ്പാനിഷ് ഗവണ്മെന്റ് എത്ര ശ്രമിച്ചിട്ടും ഇന്റര്‍നാഷണല്‍ മീഡിയ കാറ്റലോണിയയില്‍ നടന്നതത്രയും ലോകത്തിന്റെ മുന്നില്‍ എത്തിച്ചു.
ജോര്‍ഡിയുടെ തുമ്പിയെപ്പോലുള്ള സ്‌കൂട്ടറിനു പിന്നിലിരുന്നു ഞാന്‍ ഒരുപാട് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തു. ബാറുകളിലും ലൈബ്രറികളിലും കണ്ടു മുട്ടിയ അപരിചിതര്‍, മോണ്ട്‌സെയുടെ കൌതുകക്കാരായ അയല്‍ക്കാര്‍, ആവേശം തുളുമ്പുന്ന വിദ്യാര്‍ഥിക്കൂട്ടങ്ങള്‍, ജോര്‍ഡിയുടെ സുഹൃത്തുക്കള്‍. അങ്ങനെ അനേകം ചെറുസംഘങ്ങള്‍. സ്പാനിഷ് ഗവണ്‍മന്റ് ചാനലുകള്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും പറഞ്ഞു പരത്തുന്ന കള്ളങ്ങള്‍ കണ്ടും കേട്ടും വല്ലാത്തൊരു നിസ്സഹായത അവര്‍ക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. കണ്ടതെല്ലാം ഒരു തുള്ളി പോലും വെള്ളം ചേര്‍ക്കാതെ എഴുതും എന്ന് ഞാനവര്‍ക്ക് ഉറപ്പു കൊടുത്തു.
പോകും മുന്‍പ് നൂറിയയെ ഒന്ന് കാണണം എന്ന് ജോര്‍ഡി പറഞ്ഞു. ഇഗ്‌നാസിയുടെ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് പോകും വഴിയായിരുന്നു അവരുടെ ഒരു കുടുംബ സുഹൃത്തായ നൂറിയയുടെ വീട്. വോട്ടിംഗ് നടന്ന സ്‌കൂളിനു മുന്നില്‍ അധികനേരം കാത്തു നില്‍ക്കും മുന്‍പ് നൂറിയ വന്നു. അവര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. റഫറണ്ടം നടന്ന ദിവസം സിവില്‍ ഗാര്‍ഡുകള്‍ തൂക്കിയെടുത്ത് എറിഞ്ഞതാണാ സ്ത്രീയെ. കൈത്തണ്ടയിലെ ചതവുകളുടെ നീലിച്ച പാടുകള്‍ നൂറിയ എനിക്കു കാട്ടിത്തന്നു.
'ഞങ്ങള്‍ അതൊട്ടും നന്നായി കൈകാര്യം ചെയ്തില്ല. അല്ലെ?' നൂറിയ ചോദിച്ചു. 'ഞങ്ങള്‍ ഭീരുക്കളെപ്പോലെ പെരുമാറുകയും നിലവിളിക്കുകയും ചെയ്തു'. നാണക്കേടോടെ അവര്‍ തല കുനിച്ചു. അവരുടെ നിറഞ്ഞ കണ്ണുകളിലെ ഇനിയും മാറാത്ത ഭയം കണ്ടു എനിക്കും സങ്കടം വന്നു.
'നിങ്ങളെപ്പോലെ ധീരരായ ഒരു ജനതയെ ഞാന്‍ കണ്ടിട്ടില്ല'
ഞാന്‍ പറഞ്ഞു
'തോക്കുകളും ലാത്തികളുമായി ആക്രമിക്കാന്‍ വന്ന പട്ടാളക്കാരെ നിങ്ങള്‍ പൂക്കള്‍ കൊണ്ട് സ്വീകരിച്ചു. നിങ്ങളുടെ മക്കളെയും അച്ഛനപ്പുപ്പന്മാരെയും അവര്‍ തല്ലിച്ചതച്ചപ്പോള്‍ നിയന്ത്രണം വിടാതെ ലക്ഷ്യം നേടാന്‍ വേണ്ടി പിടിച്ചു നിന്നു. അപമാനത്തിന് പകരം നിങ്ങള്‍ക്ക് അഭിമാനമാണ് തോന്നേണ്ടത്. ലോകം നിങ്ങളെ പോരാളികളായാണ് കാണുന്നത്'
അവിശ്വസനീയതയോടെ അവര്‍ എന്നെ കലങ്ങിയ കണ്ണുകളുയര്‍ത്തി നോക്കി.
എത്രയും പെട്ടെന്ന് കാറ്റലോണിയ സ്വാതന്ത്ര്യം നേടട്ടെ എന്നാശംസിച്ചു കൊണ്ട് ഞാന്‍ കാറിലേയ്ക്ക് നടന്നു. 'നീ പറഞ്ഞതൊക്കെ സത്യമാണോ?' ഇഗ്‌നാസി ചോദിച്ചു. 'നൂറിയയെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതല്ലേ?'
'അല്ല' ഞാന്‍ പറഞ്ഞു. 'ന്യുക്‌ളിയര്‍ യുദ്ധങ്ങളുടെ ഈ കാലത്ത് ഈ സമരം സഹനത്തിന്റെയും ധീരതയുടെയും പേരിലാവും അറിയപ്പെടുക. നിങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ ആണെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.'
നിറഞ്ഞ കണ്ണുകള്‍ എന്നില്‍ നിന്ന് മറയ്ക്കാനാവണം ആ പരുക്കനായ മനുഷ്യന്‍ എല്ലാത്തിനും സാക്ഷിയായി നില്‍ക്കുന്ന മോണ്ട്‌സെറാട്ടിലേക്ക് നോക്കാനെന്ന പോലെ തല തിരിച്ചു.
ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍
ജീവിതത്തിലേക്ക് ഒരു ഹെലികോപ്റ്റര്‍
ഒരു 'മലയാളി മന്ത്രവാദിനി'യുടെ ജീവിതത്തില്‍നിന്ന്!
ഒരു ഹണിമൂണ്‍ യാത്രയുടെ വിചിത്രവഴികള്‍!
തീക്കാറ്റിന്റെ നാട്ടിലേക്കൊരു പെണ്‍യാത്ര!