മഹാമാരി ആളുകളെ വീടുകളിൽ തളച്ചിടുമ്പോൾ സ്വാഭാവികമായും സമയം പോക്കാനായി ആളുകൾ തോട്ടങ്ങളിലേയ്ക്ക് തിരിഞ്ഞു. അതിനെ തുടർന്ന്, ഭീമൻ പച്ചക്കറികളോടുള്ള താൽപര്യവും ആളുകൾക്ക് വർധിച്ചു.
ഒരു വണ്ടിയുടെ അത്ര വലിപ്പമുള്ള മത്തങ്ങകൾ കണ്ടിട്ടുണ്ടോ? ഒരു നാലു വയസുകാരന്റെ ഉയരമുള്ള വെള്ളരിക്ക? ഇല്ലെങ്കിൽ ബ്രിട്ടനിലെ ഭീമൻ പച്ചക്കറികൾ കൃഷിചെയ്യുന്ന ഫാമുകളിലേയ്ക്ക് ചെന്നാൽ മതി. പല വലിപ്പത്തിലും, രൂപത്തിലുമുള്ള വിവിധ ഇനം പച്ചക്കറികൾ അവിടെ നമുക്ക് കാണാം. അവയെ ഭൂമിയിൽ നിന്ന് ഉയർത്താൻ ചിലപ്പോൾ ഒരു ട്രാക്ടർ തന്നെ വേണ്ടിവന്നേക്കും, അത്രയ്ക്ക് വലിപ്പമുള്ളവയും അക്കൂട്ടത്തിൽ ഉണ്ട്. ഇങ്ങനെ വളർത്തിയെടുക്കുന്ന പച്ചക്കറികളിൽ പ്രദർശിപ്പിക്കാൻ അവിടെ വർഷാവർഷം 'ദേശീയ ജയന്റ് വെജിറ്റബിൾ ചാമ്പ്യൻഷിപ്പു'കൾ തന്നെ നടക്കുന്നുണ്ട്. അത്തരം മത്സരങ്ങളിൽ ഏറ്റവും വലിപ്പമുള്ള പച്ചക്കറികൾക്ക് ഗിന്നസ് റെക്കോർഡും നൽകപ്പെടുന്നു.
മഹാമാരി ആളുകളെ വീടുകളിൽ തളച്ചിടുമ്പോൾ സ്വാഭാവികമായും സമയം പോക്കാനായി ആളുകൾ തോട്ടങ്ങളിലേയ്ക്ക് തിരിഞ്ഞു. അതിനെ തുടർന്ന്, ഭീമൻ പച്ചക്കറികളോടുള്ള താൽപര്യവും ആളുകൾക്ക് വർധിച്ചു. കൂടുതൽ ആളുകൾ ഇപ്പോൾ ഇത് പരീക്ഷിക്കാനായി മുന്നോട്ട് വരുന്നു. “ഞങ്ങളുടെ വെബ്‌സൈറ്റ് ഈ വർഷം ആവശ്യക്കാരുടെ എണ്ണം കാരണം തകർന്നു” സൗത്ത് വെയിൽസിലെ ക്വാംബ്രാനിൽ നിന്നുള്ള പ്രോഗ്രാം മാനേജർ കെവിൻ ഫോർട്ടി പറയുന്നു. ഭീമൻ-പച്ചക്കറി വളർത്തുന്ന കമ്മ്യൂണിറ്റിയുടെ അനൗദ്യോഗിക വക്താവാണ് ഫോർട്ടി. അദ്ദേഹത്തിന് ഒരു ഫേസ്ബുക്ക് ഗ്രൂപ്പും അവർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു വെബ്‌സൈറ്റും ഉണ്ട്. ഈ രസകരമായ ഹോബിയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി അദ്ദേഹം ഒരിക്കൽ 86 സെന്റിമീറ്റർ വലിപ്പമുള്ള ഒരു വെള്ളരിക്ക പ്രദർശിപ്പിക്കുകയുണ്ടായി. തന്നെ എല്ലാവരും 'മിസ്റ്റർ ജയന്റ് വെജ്' എന്നാണ് വിളിക്കുന്നതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത്, ഭീമൻ-പച്ചക്കറിയുടെ വിത്തുകൾ കർഷകർക്ക് അയയ്ക്കുകയും കർഷകർക്കായി ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം.
undefined
പോർട്ട്‌സ്‍മൗത്തിൽ നിന്നുള്ള 24 -കാരനായ ടോം കാരെ, ലോക്ക് ഡൗൺ സമയത്താണ് കൃഷിയിലേക്ക് തിരിയുന്നത്. മാർച്ചിൽ തിയേറ്ററുകളും ലൈവ് മ്യൂസിക് വേദികളും അടച്ചപ്പോൾ ശബ്ദ സാങ്കേതിക വിദഗ്ദ്ധനായ അദ്ദേഹത്തിന്റെ ജോലി നഷ്ടമായി. പിന്നീട് സമയം കൊല്ലാൻ എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചപ്പോഴാണ് ഇത്തരമൊരു ആശയം മനസ്സിലേയ്ക്ക് വന്നത്. "എന്റെ അധ്വാനത്തിന്റെ ഫലം ഭൂമിയിൽ നാൾക്ക് നാൾ വലുതാവുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു. ഞാൻ അവയിൽ എന്റെ മനസ്സും അധ്വാനവും നിക്ഷേപിച്ചിരിക്കുന്നു. എന്റെ വേനൽക്കാലം മുഴുവൻ അവയെ ഞാൻ പരിപാലിച്ചു" അദ്ദേഹം പറഞ്ഞു.
എന്നാൽ, മഹാമാരിയും, ലോക്ക് ഡൗണും ഈ വർഷത്തെ ഭീമൻ പച്ചക്കറികളുടെ പ്രദർശനത്തിന് തടസ്സമായി. പല ഇവെന്റുകളും, പ്രദർശനങ്ങളും റദ്ദാക്കി. എന്നിരുന്നാലും ഒരുപാടുപേർ ഇപ്പോൾ ഈ കൃഷിയിലേക്ക് തിരിഞ്ഞിരിക്കയാണ്. പച്ചക്കറികൾ വളർത്തുന്നതിനെക്കുറിച്ച് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട്. വെറുതെ മണ്ണിൽ വിത്ത് പാകി, നനച്ച് കൊടുക്കുകയല്ല. അതിന്റെ പിന്നിൽ ധാരാളം ശാസ്ത്രീയവും, സാങ്കേതികവുമായ കാര്യങ്ങളുണ്ട്. വർഷം ചെല്ലുന്തോറും കൂടുതൽ കാര്യങ്ങൾ നമ്മൾ അതിനെ കുറിച്ച് പഠിക്കുന്നു, കൂടുതൽ മികച്ച വിളകളുണ്ടാകുന്നു. ചിലപ്പോൾ ഒരുദിവസം നാല് മണിക്കൂർ വരെ ഇതിന് വേണ്ടി ചെലവാക്കേണ്ടി വരുമെന്നാണ് പറയുന്നത്. “ഭീമാകാരമായ പച്ചക്കറികൾ ഞാൻ ആദ്യമായി കണ്ടപ്പോൾ, ഇതെന്ത് വട്ടാണ് എന്നേ കരുതിയുള്ളൂ” ഓക്സ്ഫോർഡ്ഷയറിലെ വാട്‌ലിംഗ്ടണിൽ നിന്നുള്ള ജെറാൾഡ് ഷോർട്ട് പറഞ്ഞു. എന്നാൽ, പതുക്കെ തനിക്കും അതിനോട് താല്പര്യം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം 706 കിലോഗ്രാം മത്തങ്ങ വളർത്തി ഓക്സ്ഫോർഡ്ഷയർ റെക്കോർഡ് അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. മത്തങ്ങ വളരെ ഭാരമുള്ളതായതിനാൽ ഷോർട്ടിന് ഒരു ട്രാക്ടർ ഉപയോഗിച്ച് അത് വിളവെടുക്കുകയും, കൊണ്ടുവരാനായി ഒരു ലോറി വാടകയ്‌ക്കെടുക്കേണ്ടി വരികയും ചെയ്‌തു.
ആദ്യമായി കൃഷി ചെയ്യുന്നവർക്ക് സ്ഥിരം പറ്റുന്ന ഒരബദ്ധമാണ് അവരുടെ വിളയ്ക്ക് അമിതമായി വളപ്രയോഗം ചെയ്യുന്നത് അല്ലെങ്കിൽ ശരിയായ താങ്ങ് നൽകാത്തത്. കാലാവസ്ഥയും ഒരു പ്രധാനപ്പെട്ട വസ്തുതയാണ്. ഏത് കാലാവസ്ഥയിലാണ് നടുന്നത് എന്നത് പ്രധാനമാണ്. "ചിലർ ധൃതി പിടിച്ച് മാർച്ചിൽ വിത്ത് പാകുന്നു. എന്നാൽ, ചില സസ്യങ്ങൾ ഏപ്രിൽ അവസാനം വരെ മുളക്കാതെ അവിടെ തന്നെ കിടക്കുന്നു" ഫോർട്ടി പറഞ്ഞു. മികച്ച ഭീമൻ-പച്ചക്കറി കർഷകർ സീസണുകളുടെ വ്യതിയാനങ്ങളെ ശ്രദ്ധിക്കണം എന്നദ്ദേഹം പറയുന്നു. ഒരു വെയിലുള്ള ആഗസ്റ്റ് ദിവസം, ഒരു ഭീമൻ മത്തങ്ങ 23 കിലോഗ്രാം വരെ വണ്ണം വച്ചേക്കാം. അതേസമയം, തണുപ്പാണെങ്കിൽ ഇത് ഒമ്പത് കിലോഗ്രാം മാത്രമായിരിക്കും. കാലാവസ്ഥ മികച്ചതല്ലെങ്കിൽ, അത് പരിഹരിക്കാനായി മുൻകൂട്ടി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു ദശകമായി ഈ ഭീമന്‍ പച്ചക്കറി രംഗം കുതിച്ചുയരുകയാണെന്നും ഫോർട്ടി പറയുന്നു. കൂടുതൽ ആളുകൾ ഈ ഹോബിയിലേക്ക് തിരിയുകയാണ്. ഇതിന്റെ ഫലമായി, ലോക റെക്കോർഡുകളും നിരന്തരം സ്ഥാപിക്കപ്പെടുന്നു. പലർക്കും ഇതൊരു ലാഭക്കച്ചവടമല്ല, മറിച്ച് ഒരു അഭിനിവേശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.