400 വര്‍ഷം പഴക്കമുള്ള ഈ പുസ്‍തകം ലൈബ്രറി വാങ്ങിയത് 24 കോടിയിലധികം രൂപ നല്‍കി, കാരണം ഇതാണ്...

By Web Team  |  First Published Aug 28, 2020, 3:55 PM IST

ജർമ്മൻ ലൈബ്രറി ഈ പുസ്‍തകം സ്വന്തമാക്കിയതിന് മറ്റൊരു കാരണം കൂടിയുണ്ട്.


ജർമ്മൻ ലൈബ്രറിയായ ഹെർസോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്ക് അടുത്തകാലത്തായി 400 വർഷം പഴക്കമുള്ള ഒരു പുസ്‍തകം  ഏകദേശം 24  കോടി 44 ലക്ഷം മുടക്കി വാങ്ങിക്കുകയുണ്ടായി. ഒരു പുസ്‍തകത്തിന് ഇത്ര വിലയോ എന്ന് വിചാരിക്കുന്നുണ്ടാകും? പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലെ യൂറോപ്യൻ ചക്രവർത്തിമാർ മുതൽ രാജകുമാരന്മാർ വരെയുള്ള ഏറ്റവും ശക്തരായ വ്യക്തികൾ ഒപ്പിട്ട 'ഫ്രണ്ട്ഷിപ്പ് പുസ്‍തക'മാണ് അത്. കൂടാതെ, ആ നൂറ്റാണ്ടിലെ രാഷ്ട്രീയമായി പ്രാധാന്യമുള്ള നിരവധി വ്യക്തികളുടെ ചിത്രങ്ങളും, ലിഖിതങ്ങളും അടങ്ങിയ കൈയെഴുത്തുപ്രതികളുടെ ഒരു ശേഖരമാണ് Das Große Stammbuch എന്ന ആ പുസ്‍തകം. 

ജർമ്മനിയിലെ ഓഗ്‍സ്ബർഗിൽ നിന്നുള്ള പ്രശസ്‍ത നയതന്ത്രജ്ഞനും കലാവ്യാപാരിയുമായ ഫിലിപ്പ് ഹൈൻ‌ഹോഫറിന്‍റെ കയ്യിലായിരുന്നു (1578-1647) ഈ കയ്യെഴുത്തുപ്രതി ആദ്യം. 50 വർഷത്തിനിടയിൽ, അദ്ദേഹം കണ്ടുമുട്ടിയ പ്രഗത്ഭരോട് തന്റെ 'ഫ്രണ്ട്ഷിപ്പ് ബുക്കിൽ' സംഭാവന നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. അറിയപ്പെടുന്ന വ്യക്തികളുടെ ഒപ്പോടു കൂടിയ നൂറോളം ഡ്രോയിംഗുകൾ അതിൽ അടങ്ങിയിരിക്കുന്നു. കോസിമോ ഡി മെഡിസി, വിശുദ്ധ റോമൻ ചക്രവർത്തി റുഡോൾഫ് രണ്ടാമൻ, ക്രിസ്റ്റ്യൻ നാലാമൻ, ഡെൻമാർക്കിന്റെയും നോർവെയുടെയും രാജാവ് തുടങ്ങിയ പ്രമുഖരാണ് പുസ്‍തകത്തിൽ ഒപ്പിട്ടിട്ടുള്ളത്. 

Latest Videos

ജർമ്മൻ ലൈബ്രറി ഈ പുസ്‍തകം സ്വന്തമാക്കിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. 1648 -ൽ ജർമ്മൻ ഹൗസ് ഓഫ് വെൽഫിലെ അംഗമായ ഡ്യൂക്ക് അഗസ്റ്റസ് തന്റെ ലൈബ്രറിയിലേക്കായി ആ പുസ്‍തകം വാങ്ങാൻ ശ്രമിച്ചു. പക്ഷേ, നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. ഈ ആൽബം സ്വകാര്യ ഉടമസ്ഥതയിലാവുകയും, അത് പൊതുവിപണിയിൽ നിന്ന് പിൻവലിക്കപ്പെടുകയും ചെയ്‌തു. 1931 -ലെ ഒരു ലണ്ടൻ ലേലത്തിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുന്നതുവരെ അത് നഷ്ടപ്പെട്ടുവെന്നാണ് എല്ലാവരും കരുതിയിരുന്നത്. ലേലശാലയിലെ ഗവേഷകർ ലൈബ്രറിയുമായുള്ള ബന്ധം കണ്ടെത്തി. ഏകദേശം 2.8 മില്യൺ ഡോളറിന് ഒരു സ്വകാര്യ വിൽപ്പന സംഘടിപ്പിച്ചു. അങ്ങനെ ഡ്യൂക്ക് ഓഗസ്റ്റ് അത് വാങ്ങാനുള്ള ആദ്യ ശ്രമം നടത്തി 373 വർഷത്തിനുശേഷം, ഈ പുസ്‍തകം ഒടുവിൽ ഹെർസോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്കിന്റെ അലമാരയിൽ എത്തിച്ചേർന്നു.  

ലോകമെമ്പാടുമുള്ള 25,000 -ത്തോളം സൗഹൃദ പുസ്‍തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത്. കൂടാതെ “ആദ്യകാല രാഷ്ട്രീയ വ്യാപാര സംസ്‍കാരത്തെയും കലാവ്യാപാരത്തെയും കുറിച്ചുള്ള ഉൾക്കാഴ്‍ചകൾ ഈ പുസ്‍തകം നൽകുന്നു” ഹെർസോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്കിന്റെ ഡയറക്ടർ പീറ്റർ ബർഷെൽ പ്രസ്‍താവനയിൽ പറഞ്ഞു. ഫെഡറൽ സ്റ്റേറ്റുകളുടെ കൾച്ചറൽ ഫൗണ്ടേഷൻ, ജർമ്മൻ സാംസ്‍കാരിക മന്ത്രാലയം, ഫോക്സ്വാഗൺ ഫൗണ്ടേഷൻ, ഏണസ്റ്റ് വോൺ സീമെൻസ് ആർട്ട് ഫൗണ്ടേഷൻ, ലോവർ സാക്സോണി ഫൗണ്ടേഷൻ, റുഡോൾഫ് ഓഗസ്റ്റ് ഓട്ക്കർ ഫൗണ്ടേഷൻ എന്നിവരാണ് ഈ പുസ്‍തകം വാങ്ങാൻ ധനസഹായം നൽകിയത്.  

click me!