മറിയം റഷീദയോട് എനിക്കിനി സംസാരിക്കേണ്ട; ഫൗസിയ ഹസന്‍ ജീവിതം പറയുന്നു

By Web Team  |  First Published Oct 31, 2018, 5:46 PM IST

ഇല്ലാക്കഥകള്‍ എങ്ങനെ പറഞ്ഞുതുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. ആ കള്ളക്കഥകള്‍ എന്നെ മാത്രമല്ല, കുട്ടികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജിലയുടെ സ്‌കൂള്‍ പ്രവേശനത്തിന് എന്നെ സഹായിച്ചവര്‍ എന്നിവരെക്കൂടി ബാധിക്കുന്നതാണ്. അവരില്‍ ചിലരെ എനിക്കു വ്യക്തിപരമായി അറിയുക പോലുമില്ല. ഈ ആളുകളെയെല്ലാം കുരുക്കിലാക്കുന്ന കാര്യമോര്‍ത്തപ്പോള്‍ എനിക്കു വളരെയധികം സങ്കടം തോന്നി.


ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതയായ മാലി സ്വദേശി ഫൗസിയ ഹസന്റെ ജയിലനുഭവങ്ങളില്‍നിന്നുള്ള ഒരു ഭാഗമാണിത്. രണ്ട് പതിറ്റാണ്ടായി  പുറം ലോകം കാണിക്കാതെ സൂക്ഷിച്ച ഫൗസിയ ഹസന്റെ ജയില്‍ ഡയറി ഡിസി ബുക്‌സാണ് കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ പ്രസിദ്ധീകരിച്ചത്. 'വിധിക്കുശേഷം ഒരു (ചാരവനിതയുടെ) വെളിപ്പെടുത്തലുകള്‍' എന്നാണ് പുസ്തകത്തിന്റെ പേര്. ചാരക്കേസുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ സംഘങ്ങളില്‍നിന്നുണ്ടായ കയ്പ്പുറ്റ അനുഭവങ്ങളും വിവിധ ജയിലുകളിലായി കഴിഞ്ഞ നാളുകളുടെ പൊള്ളുന്ന ഓര്‍മ്മകളും  ഈ പുസ്തകത്തിലുണ്ട്. എങ്ങനെയാണ് ചാരക്കേസ് വലിയൊരു രാഷ്ട്രീയ മാനം സംഭവിച്ചതെന്നും ഈ പുസ്തകം പറയുന്നു.

വിവര്‍ത്തനം: ആര്‍.കെ ബിജുരാജ്, പി ജസീല.

Latest Videos

അന്നു വൈകുന്നേരം എന്നെ മറ്റൊരു മുറിയില്‍ പാര്‍പ്പിച്ചു. മുറിയില്‍ നിരവധി പൊലീസുകാരുണ്ടായിരുന്നു. അവരെന്നെ നോക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ നിലത്തേക്കു വീഴുമെന്നു തോന്നി. ആ നിമിഷം ഞാനീ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെങ്കില്‍ എന്നു കൊതിച്ചുപോയി. ഒരു കസേര ചൂണ്ടിക്കാട്ടി അവര്‍ക്കഭിമുഖമായി ഇരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഓഫീസര്‍മാര്‍ എന്നോട് സംസാരിച്ചു.

''ഇനി നടന്നതെന്താണെന്ന് ഞങ്ങളോട് തുറന്നുപറയൂ. മറിയം എല്ലാം പറഞ്ഞ സ്ഥിതിക്ക് കള്ളം പറയാന്‍ ശ്രമിച്ചാല്‍ നിന്‍റെയും മകളുടെയും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും.'' ''അതെ, ഞാന്‍ എല്ലാ കുറ്റവും സമ്മതിക്കുന്നു. ദയവായി എന്‍റെ മകളെ വെറുതേ വിടണം.'' പെട്ടെന്നുതന്നെ ഞാന്‍ മറുപടി പറഞ്ഞു. ഞാന്‍ കരച്ചില്‍ തുടങ്ങിയപ്പോള്‍ ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയ ഓഫീസര്‍ എന്നെ തിരികെ മുറിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കി. ഞാനവിടെയുള്ള കട്ടിലിലിരുന്ന് പൊട്ടിക്കരഞ്ഞു.

ഫൗസിയ ഹസന്‍: പഴയ ചിത്രം
 

വനിതാപൊലീസ് ഓഫീസര്‍ അല്ലാതെ മറ്റാരും ആ മുറിയിലുണ്ടായിരുന്നില്ല. മറിയവും മറ്റുള്ളവരും എവിടെയെന്ന് എനിക്കു ധാരണയുണ്ടായിരുന്നില്ല. പെട്ടെന്ന് വിലങ്ങുമായി ഒരു പൊലീസ് ഓഫീസര്‍ എന്‍റെ അടുത്തേക്കു വന്നു. അതു കണ്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. അതു വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. അഭിമാനത്തോടെ അതിലേറെ സന്തോഷത്തോടെ വനിതാപൊലീസ് ആ വിലങ്ങ് എന്‍റെ കൈകളില്‍ അണിയിച്ചു. നിലയില്ലാക്കയത്തിലേക്കു മുങ്ങിപ്പോയതുപോലെ തോന്നി എനിക്ക്. വിലങ്ങുമായി ഒരു മണിക്കൂറോളം മുറിയിലിരുന്നപ്പോള്‍, എന്നെ ചോദ്യം ചെയ്ത പൊലീസ് ഓഫീസര്‍ വീണ്ടും വന്നു. വീണ്ടും ചോദ്യം ചെയ്യാനായി മുറിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കി. 

വിലങ്ങഴിച്ച് എന്നെ ആ മുറിയിലെത്തിച്ചു. ഒരുപാട് ഓഫീസര്‍മാര്‍ ആ മുറിയിലുണ്ടായിരുന്നു. ഓരോരുത്തരുടെയും മുന്നില്‍ ഫയലുകളുമുണ്ട്. എന്നോട്, അവര്‍ക്കഭിമുഖമായി കസേരയിലിരിക്കാന്‍ പറഞ്ഞു. ഞാനിരുന്നയുടന്‍ ഓഫീസര്‍ ചോദ്യങ്ങള്‍ തുടങ്ങി: ''നിങ്ങളുടെ മകളെ രക്ഷിക്കാന്‍ സര്‍ക്കാരിന്‍റെ ഒരുപാട് പെട്രോള്‍ ഞാന്‍ ചെലവാക്കി. നിങ്ങള്‍ വീണ്ടും കള്ളം പറയാനാണ് ശ്രമിക്കുന്നതെങ്കില്‍ മകളെ ഇവിടേക്കു കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും. സത്യം പറയുന്നതാണ് എന്തുകൊണ്ടും നല്ലത്.'' ഒരു ബക്കറ്റു നിറയെ ഐസ് കോരിയൊഴിച്ചപോലെ ഞാന്‍ വിറകൊണ്ടു. എല്ലാ ഓഫീസര്‍മാരുടെയും ഭാവങ്ങളില്‍ മാറ്റം സംഭവിച്ചത് ഞാന്‍ കണ്ടു. അവര്‍ എന്നോട് അനുകമ്പയോടെ സംസാരിച്ചു. എന്നാല്‍ ആ സൗഹാര്‍ദ്ദഭാവം എനിക്ക് ഉള്‍ ക്കൊള്ളാനായില്ല. എനിക്കവരോട് കടുത്ത ദേഷ്യമാണ് തോന്നിയത്. ഞാന്‍ വല്ലാതെ ഭയപ്പെട്ടു.

അവരില്‍ ചിലരെ എനിക്കു വ്യക്തിപരമായി അറിയുക പോലുമില്ല 

ഇല്ലാക്കഥകള്‍ എങ്ങനെ പറഞ്ഞുതുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. ആ കള്ളക്കഥകള്‍ എന്നെ മാത്രമല്ല, കുട്ടികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജിലയുടെ സ്‌കൂള്‍ പ്രവേശനത്തിന് എന്നെ സഹായിച്ചവര്‍ എന്നിവരെക്കൂടി ബാധിക്കുന്നതാണ്. അവരില്‍ ചിലരെ എനിക്കു വ്യക്തിപരമായി അറിയുക പോലുമില്ല. ഈ ആളുകളെയെല്ലാം കുരുക്കിലാക്കുന്ന കാര്യമോര്‍ത്തപ്പോള്‍ എനിക്കു വളരെയധികം സങ്കടം തോന്നി. എന്നാല്‍, മറ്റു വഴികളില്ലായിരുന്നു എന്‍റെ മുന്നില്‍. എനിക്കെന്‍റെ മകളെയും ജീവിതവും സംരക്ഷിക്കണമായിരുന്നു.

''തുടക്കംമുതല്‍ പറയൂ...'' ടേബിളിലിരുന്ന ഓഫീസര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ പറയുന്നത് രേഖപ്പെടുത്താന്‍ അദ്ദേഹം തയ്യാറെടുത്തു. അവരോട് എങ്ങനെ തുടങ്ങണമെന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു. ''ശശികുമാറുമായുള്ള നിങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച എങ്ങനെയായിരുന്നു.'' അതായിരുന്നു ആദ്യ ചോദ്യം. ''ചന്ദ്രശേഖറിന് 25000 ഡോളര്‍ കൈമാറാന്‍ ഞാന്‍ പോയപ്പോള്‍ ശശികുമാറും ശര്‍മയും എനിക്കൊപ്പം വന്നു.'' ഞാന്‍ പറഞ്ഞു. ''ആരായിരുന്നു കൂടെയുണ്ടായിരുന്നത്, രമണ്‍ ശ്രീവാസ്തവ?'' എന്നെക്കൊണ്ട് ആ പേര്‍ പറയിപ്പിക്കുകയായിരുന്നു. ആ സമയത്ത് രമണ്‍ ശ്രീവാസ്തവയുടെ പേര്‍ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ആ പേര്‍ ഓര്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആ പേര്‍ പറയുമ്പോഴൊക്കെ ഓഫീസര്‍മാര്‍ അത് ഓര്‍ത്തെടുക്കാന്‍ എന്നെ സഹായിച്ചു. മദ്രാസിലേക്ക് കൊടുത്തയയ്ക്കാനാണോ 25000 ഡോളര്‍ തന്നതെന്നു ചോദിച്ചു. എന്തു പറയണമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞുതന്നു, മാലിയിലെ ഹബീബ് ബാങ്ക് മാനേജര്‍ എന്ന്. അയാളുടെ പേരു ചോദിച്ചപ്പോള്‍ ഞാന്‍ മുഹ്‌യുദ്ദീന്‍ എന്നു പറഞ്ഞു. 

ശ്രീലങ്കയിലെ പാക് എംബസിയെക്കുറിച്ച് വിശദമായി പറയാനും ആവശ്യപ്പെട്ടു

മറിയം പറഞ്ഞ കഥകള്‍ മുന്‍നിര്‍ത്തി ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ''ആരാണ് അവര്‍ക്കൊക്കെ പാസ്‌പോര്‍ട്ട് ഉണ്ടാക്കിക്കൊടുത്തത്. എന്തിനു വേണ്ടിയായിരുന്നു അത്.'' അവരെന്നോടു ചോദിച്ചു. മാസര്‍ഖാനാണ് പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചതെന്ന് ഞാന്‍ പറഞ്ഞു. ചാരവൃത്തിക്കു വേണ്ടിയായിരുന്നുവെന്നും പറഞ്ഞു. ആരാണ് മാസര്‍ഖാനെന്ന് വീണ്ടും ചോദ്യം. ശ്രീലങ്കയിലെ പാക് എംബസി ഉദ്യോഗസ്ഥനാണെന്ന് ഞാന്‍ പറഞ്ഞു. ഞാനും സുഹൈറയുമൊന്നിച്ച് പാക് എംബസിയില്‍ പോയതായി മറിയം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ചോദിച്ചു. ശ്രീലങ്കയിലെ പാക് എംബസിയെക്കുറിച്ച് വിശദമായി പറയാനും ആവശ്യപ്പെട്ടു. 'മാസര്‍ഖാന് അവിടെ പ്രത്യേക മുറിയുണ്ടായിരുന്നുവോ' എന്ന ചോദ്യത്തിന് 'അതേ' എന്ന് മറുപടി പറഞ്ഞു. ആ മുറിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു.

ഭാവനയില്‍ അങ്ങനെയൊരു മുറിയെക്കുറിച്ചു ചിന്തിച്ച് ഞാന്‍ മറുപടി നല്‍കി. ഞാനും സുഹൈറയും ഇരുന്ന കസേരകളെക്കുറിച്ചുവരെ അവര്‍ ചോദിച്ചറിഞ്ഞു. കവര്‍ നല്‍കിയപ്പോള്‍ മാസര്‍ഖാന്‍ എന്തു ചെയ്തു, എവിടെയാണത് സൂക്ഷിച്ചുവെച്ചത് എന്നിങ്ങനെ തുടങ്ങുന്ന ചോദ്യങ്ങള്‍. മാസര്‍ഖാന്‍ കാണാന്‍ എങ്ങനെയായിരുന്നു, അടുത്ത ചോദ്യം? സുന്ദരനായിരുന്നോ, കളറുണ്ടോ, ഉയരം, മേശയുടെ ഏതു വശത്താണ് അദ്ദേഹം ഇരുന്നിരുന്നത്, അപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം, ചായ നല്‍കിയത് ഏതുതരം കപ്പിലായിരുന്നു... എന്നു തുടങ്ങിയ ചോദ്യങ്ങള്‍. മനസ്സില്‍ തോന്നിയതനുസരിച്ച് അതിനൊക്കെ ഞാന്‍ മറുപടിയും നല്‍കി.

ഹബീബ് ബാങ്ക് മാനേജരെ ഫോണില്‍ വിളിച്ച് ഒരു പാര്‍സല്‍ ഉണ്ടെന്നും പറഞ്ഞു

ബാംഗ്ലൂരിലായിരുന്നപ്പോള്‍ ശര്‍മ്മ ഞങ്ങള്‍ക്കു നല്‍കിയ കവറില്‍ എന്തായിരുന്നുവെന്നായിരുന്നു അടുത്ത ചോദ്യം. അതില്‍ കുറച്ചു ചാര്‍ട്ടുകളായിരുന്നുവെന്ന് മറുപടി നല്‍കി. ആ ചാര്‍ട്ടുകളെക്കുറിച്ച് വിവരിക്കാനാവശ്യപ്പെട്ടു. ചാര്‍ട്ടുകളെക്കുറിച്ച് മറിയം നല്‍കിയ വിവരണം എന്താണെന്ന് എനിക്കറിഞ്ഞൂടായിരുന്നു. കാര്യങ്ങള്‍ അവള്‍ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായപ്പോള്‍ അവരെന്നെ ചീത്ത വിളിച്ചു. ഞാന്‍ കള്ളം പറയുകയാണെന്നു വാദിച്ചു. ആ ചാര്‍ട്ടുകള്‍ എന്തു ചെയ്‌തെന്നായി അടുത്ത ചോദ്യം. മാലിയിലേക്ക് കൊണ്ടുവന്നുവെന്നായിരുന്നു എന്‍റെ മറുപടി. അതുതന്നെയാണ് മറിയവും പറഞ്ഞത്. പിന്നീട് എന്തു ചെയ്തുവെന്നു ചോദിച്ചു. മാലിയിലെ ഹബീബ് ബാങ്ക് മാനേജര്‍ക്ക് നല്‍കിയെന്നു പറഞ്ഞപ്പോള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

ഹബീബ് ബാങ്ക് മാനേജരെ ഫോണില്‍ വിളിച്ച് ഒരു പാര്‍സല്‍ ഉണ്ടെന്നും പറഞ്ഞു. അപ്പോള്‍ അതു കൊണ്ടുപോകാനായി അദ്ദേഹം ആളെ അയച്ചതായി അവരോടു പറഞ്ഞു. പകരം എന്താണ് ബാങ്ക് മാനേജര്‍ നല്‍കിയതെന്നു ചോദിച്ചു. ഒന്നും നല്‍കിയിരുന്നില്ലെന്നു പറഞ്ഞപ്പോള്‍ അവരതു വിശ്വസിച്ചില്ല. വലിയ പ്രതിഫലം ലഭിച്ചിട്ടുണ്ടാകുമെന്ന് അവര്‍ ഉറപ്പിച്ചു. എന്‍റെ നാലുനില വീടിന്‍റെ പണി പൂര്‍ത്തിയാക്കാന്‍ വേണ്ട എല്ലാ സഹായവും നല്‍കിയത് അദ്ദേഹമാണെന്ന് അവസാനം എനിക്കു പറയേണ്ടി വന്നു. വീടിന്‍റെ രണ്ടു നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്നു പറഞ്ഞപ്പോള്‍ അവരതു വിശ്വസിച്ചു.

ഒരു ദിവസം രാത്രി ഹോട്ടലിനടുത്തുവെച്ച് ശശികുമാര്‍ നല്‍കിയ കവറില്‍ എന്തായിരുന്നുവെന്ന് എന്നോടു ചോദിച്ചു. ഫോട്ടോകളും ചാര്‍ട്ടുകളുമാണെന്ന് മറുപടി പറഞ്ഞു. ചാര്‍ട്ടുകള്‍ എങ്ങനെയാണ് വരച്ചതെന്നായി അടുത്ത ചോദ്യം. ബോള്‍പോയിന്‍റ് പേനകൊണ്ടാണ് വരച്ചതെന്ന് ഞാന്‍ പറഞ്ഞു. എത്ര ചാര്‍ട്ടുകളുണ്ടായിരുന്നുവെന്ന ചോദ്യത്തിന്, 10 എന്നു മറുപടി പറഞ്ഞു. ഇത്തവണയും മറിയം പറഞ്ഞതില്‍നിന്ന് വ്യത്യാസപ്പെട്ടിരുന്നു എന്‍റെ മറുപടി. അവരെന്നെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോട്ടോ ബ്ലാക് ആന്‍ഡ് വൈറ്റ് ആണോയെന്നും എന്തിന്‍റെയായിരുന്നുവെന്നും ചോദിച്ചു. എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്കു പിടികിട്ടിയില്ല.

എവിടേക്കാണ് ശശികുമാര്‍ എന്നെ കൊണ്ടുപോയതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ ഓഫീസിലേക്കെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അതു വലിയ പ്രശ്‌നമായി. ശശികുമാര്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞനായിരുന്നുവെന്ന കാര്യം എനിക്കറിയില്ലായിരുന്നു. ഐ.എസ്.ആര്‍.ഒ. എങ്ങനെയുള്ള സ്ഥാപനമാണെന്നും അറിയില്ലായിരുന്നു. ഐ.എസ്.ആര്‍.ഒ.യ്ക്കുവേണ്ടി ക്രയോജനിക് എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ എന്നെ അദ്ദേഹത്തിന്‍റെ ഓഫീസിലേക്കു കൊണ്ടുപോയി എന്നത് ചെറിയ കാര്യമല്ലല്ലോ. ഞാന്‍ കത്തിച്ചുകളഞ്ഞതിനെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. എല്ലാം കത്തിച്ചുകളഞ്ഞതായും ഒന്നും എന്‍റെ കൈയിലില്ലെന്നും അവരോടു പറഞ്ഞു.

എങ്ങനെ ഞാനിതിന് ഉത്തരം പറയും? ശശികുമാര്‍ എന്നെ എവിടേക്കാണ് കൊണ്ടുപോയതെന്ന് എനിക്കു പറയാന്‍ കഴിഞ്ഞില്ല. സാമ്രാട്ട് ഹോട്ടലില്‍നിന്ന് ഓഫീസിലേക്കെത്താന്‍ എത്ര സമയമെടുക്കുമെന്നായിരുന്നു പിന്നെ അവര്‍ക്കറിയേണ്ടണ്ടത്. യാത്രയ്ക്കിടെ ഞങ്ങള്‍ പിന്നിട്ട പാതകളെക്കുറിച്ച് ഞാന്‍ വിവരിച്ചു. ഇടയ്ക്ക് ഒരു പാലം കടന്നു പോയോ എന്നു ചോദിച്ചു? ഞാന്‍ 'അതെ' എന്നു പറഞ്ഞു. അന്തര്‍ദേശീയ നിലവാരമുള്ള റോഡ്‌വഴിയായിരുന്നോ യാത്ര എന്നു ചോദിച്ചു. ഞാന്‍ അതിനും അതേയെന്നു പറഞ്ഞു. കാറിന്‍റെ നിറത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ ചുവപ്പ് എന്നു പറഞ്ഞു. ഗേറ്റിനെക്കുറിച്ചു വിവരിക്കാന്‍ ആവശ്യപ്പെട്ടു. കറുത്ത നിറത്തിലുള്ള വലിയ ഗേറ്റായിരുന്നു അത്. ഗാര്‍ഡ് ഉണ്ടായിരുന്നുവോ എന്നു ചോദിച്ചപ്പോള്‍ ഉണ്ടെന്നു മറുപടി പറഞ്ഞു. ബുക്കില്‍ ഒപ്പുവെച്ചോ എന്നായിരുന്നു അടുത്ത ചോദ്യം. ഉണ്ടെന്നു മറുപടി പറഞ്ഞു. കാര്‍ എവിടെയാണ് പാര്‍ക്ക് ചെയ്തത്? ഗേറ്റിനുള്ളിലെ ഒഴിഞ്ഞ സ്ഥലത്ത്. അവിടെ മറ്റു കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നോ? നിരവധി കാറുകള്‍ നിര്‍ത്തിയിട്ടിരുന്നു അവിടെ.

ഗേറ്റും കാറും തമ്മില്‍ എത്ര ദൂരമുണ്ടായിരുന്നു?

പിന്നെ അദ്ദേഹം എന്തു ചെയ്തു? അദ്ദേഹം കാറില്‍ നിന്നിറങ്ങി ഓഫീസിലേക്കു നടന്നു. മുഹമ്മദ് നയീമിന്‍റെ ക്യാമറയും കൈയിലുണ്ടായിരുന്നു. എന്തിനാണ് ക്യാമറ കൊണ്ടുപോയത്? ഫോട്ടോയെടുക്കാന്‍. പിന്നീട് ആ ഫിലിമുകള്‍ എന്തു ചെയ്തു? ഫിലിമുകള്‍ എടുത്തശേഷം ക്യാമറ ശശികുമാര്‍ എനിക്കു തിരിച്ചുതന്നു. നിരവധി ക്യാമറകള്‍ സ്വന്തമായി വാങ്ങാന്‍ കഴിയുമെന്നിരിക്കെ അദ്ദേഹം എന്തിനാണ് നിങ്ങളില്‍നിന്ന് ക്യാമറ വാങ്ങിയത്? എനിക്കറിയില്ല. എന്‍റെ കൈയില്‍ ക്യാമറയില്ല എന്നു പറഞ്ഞപ്പോള്‍ മറ്റാരില്‍നിന്നെങ്കിലും വാങ്ങണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. ഗേറ്റും കാറും തമ്മില്‍ എത്ര ദൂരമുണ്ടായിരുന്നു? ഓഫീസിന്‍റെ വാതില്‍ എങ്ങനെയുള്ളതാണ്? കാറും കെട്ടിടവും തമ്മിലുള്ള ദൂരം? കെട്ടിടത്തിന് പടികള്‍ ഉണ്ടായിരുന്നോ? മറുപടിയായി അപ്പോള്‍ എന്താണോ തോന്നിയത് അതു ഞാന്‍ പറഞ്ഞു. ഫോട്ടോകളും ചാര്‍ട്ടുകളുമായി സാമ്രാട്ട് ഹോട്ടലിലേക്കു വരുമ്പോള്‍ ശശികുമാറിന്‍റെ കൂടെ ആരാണുണ്ടായിരുന്നത്? നമ്പി നാരായണന്‍റെ പേര് എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആ പേരു പറഞ്ഞു. ഞാന്‍ അതു ശരിവെച്ചു.

ശശികുമാര്‍, നമ്പി നാരായണന്‍, ശര്‍മ, ചന്ദ്രശേഖര്‍, രമണ്‍ ശ്രീവാസ്തവ എന്നിവരുടെ നിരവധി ഫോട്ടോകള്‍ കാണിച്ചു തന്ന് ആരെല്ലാമാണ് എന്നു പറയാന്‍ ആവശ്യപ്പെട്ടു. ശശികുമാറിനെയും ശര്‍മയെയും ചന്ദ്രശേഖറിനെയും ഞാന്‍ തിരിച്ചറിഞ്ഞു. നമ്പി നാരായണന്‍റെയും ശ്രീവാസ്തവയുടെയും ചിത്രം കണ്ട് എനിക്ക് അവരെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. രണ്ടു ഫോട്ടോകള്‍ ചൂണ്ടി അത് നമ്പി നാരായണനും ശ്രീവാസ്തവയുമാണെന്ന് ഞാന്‍ ഊഹിച്ചു പറഞ്ഞു. എന്നാല്‍, എനിക്കു കാണിച്ചു തന്നത് മറ്റാരുടെയോ ഫോട്ടോകള്‍ ആണെന്ന് പിന്നീട് മനസ്സിലായി. ശശികുമാര്‍ തന്ന ഫോട്ടോകളും ചാര്‍ട്ടും എന്തു ചെയ്തു? റമീസിന്‍റെ കൈവശം മാലിയിലേക്കു കൊടുത്തുവിട്ടു. അതെന്താണെന്ന് റമീസിന് അറിയാമായിരുന്നോ? ഇല്ല. ഇതെല്ലാം ഹബീബ് ബാങ്ക് മാനേജര്‍ക്ക് കൊടുക്കണം എന്നു മാത്രമേ റമീസിനോടു പറഞ്ഞുള്ളൂ. എന്തു പറയണമെന്ന് സത്യത്തില്‍ എനിക്കറിയുമായിരുന്നില്ല. അവരുദ്ദേശിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ ചീത്ത വിളിക്കും. ഞാന്‍ കള്ളം പറയുകയാണെന്ന് ആക്രോശിക്കും. മറിയം പറഞ്ഞതില്‍നിന്ന് കാര്യങ്ങള്‍ വ്യത്യസ്തമായാല്‍ അവര്‍ അസ്വസ്ഥരാകും.

അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കിപ്പറയല്‍ വളരെ വിഷമംപിടിച്ച ഒന്നായിരുന്നു. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചും ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങളെക്കുറിച്ചും ഞാന്‍ വിവരിച്ചു. ഓരോ സംഭവവും നടന്ന സൂക്ഷ്മമായ വിവരങ്ങളെക്കുറിച്ച് അവര്‍ ചോദിച്ചു. സഞ്ചരിച്ച വാഹനത്തിന്‍റെ കളറും മോഡലും വലിപ്പവും അവര്‍ക്ക് അറിയണമായിരുന്നു. ഡോളര്‍ പാര്‍സലിന്‍റെ വലിപ്പവും കളറും അത് കൊണ്ടുവന്ന ആളുകള്‍ എന്നിവയെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. ഹോട്ടലില്‍നിന്ന് പൊലീസ് പരിശോധനയ്ക്കു വന്ന് തിരിച്ചുപോയ ഉടന്‍ എന്താണ് നിങ്ങള്‍ കത്തിച്ചു കളഞ്ഞത്? മാലിയിലേക്ക് അയയ്ക്കാന്‍ സാധിക്കാതിരുന്ന ഫോട്ടോകളും ചാര്‍ട്ടുമാണ് കത്തിച്ചത്. എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു. കത്താതെപോയ സാധനങ്ങളുടെ ചെറിയ ഭാഗമെങ്കിലും കിട്ടുമോ എന്നും ചോദിച്ചു.

ഉപകരണത്തിന്‍റെ വലിപ്പത്തെ കുറിക്കുന്നതായിരുന്നു ആ വലയങ്ങള്‍

ഒരു സംഗീത ഉപകരണത്തിന്‍റെ ചിത്രമുള്ള ഒരു പേപ്പര്‍ അവരെന്‍റെ ബാഗില്‍ കണ്ടു. അതിന്‍റെ പുറത്ത് രണ്ട് വൃത്തവലയങ്ങള്‍ വരച്ചിരുന്നു. വലുതിന്‍റെ ഉള്ളിലായാണ് ചെറുത്. യഥാര്‍ഥത്തില്‍ സംഗീത ഉപകരണത്തിന്‍റെ രണ്ട് അറ്റങ്ങളെക്കുറിച്ചായിരുന്നു അതു രേഖപ്പെടുത്തിയത്. ദിവേഹി ഭാഷയിലായിരുന്നു അതിലെ നിര്‍ദേശങ്ങള്‍. ജിലയുടെ പിതാവും എന്‍റെ മുന്‍ഭര്‍ത്താവും ഗായകനുമായ ഹംദി ആ സംഗീത ഉപകരണത്തിന് കവര്‍ വാങ്ങാനായി തന്നുവിട്ടതായിരുന്നു അത്. ഉപകരണത്തിന്‍റെ വലിപ്പത്തെ കുറിക്കുന്നതായിരുന്നു ആ വലയങ്ങള്‍. ആ പേപ്പര്‍ കണ്ടപ്പോള്‍ ചാര്‍ട്ടാണെന്നു കരുതി അവരെന്നെ ചോദ്യം ചെയ്തു. പ്രത്യക്ഷത്തിലുള്ള തെളിവു കണ്ടെത്തിയെന്നോര്‍ത്ത് അവര്‍ ആഹ്ലാദിച്ചു. ഞാനിതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്ന് അവര്‍ക്ക് മനസ്സിലാക്കാനായില്ല. അവര്‍ക്ക് 25 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടെന്നു പറഞ്ഞതില്‍ എനിക്ക് അദ്ഭുതം തോന്നി.

എങ്ങനെയാണവര്‍ അതു നേടിയെടുത്തത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അവര്‍ എഴുതിയെടുത്ത് ഫയലില്‍വെച്ചു. അതിനു ശേഷം എന്നെ മറ്റൊരു മുറിയിലേക്കു മാറ്റി. ഒരു ടെലിവിഷന്‍ ക്യാമറയുണ്ടായിരുന്നു ആ മുറിയില്‍. രണ്ടു വലിയ ലൈറ്റും. ഒരു കസേര ചൂണ്ടിക്കാട്ടി എന്നോട് ഇരിക്കാന്‍ പറഞ്ഞു. ക്യാമറയ്ക്കു മുന്നില്‍വെച്ചു പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ ഇടയ്ക്കുവെച്ച് മുറിയുമ്പോള്‍ ക്യാമറ ഓഫാക്കി കുറിച്ചു വെച്ചത് കാണിച്ചുതന്ന് അവ തിരുത്തിത്തന്നു. നമ്പിനാരായണന്‍റെയും രമണ്‍ ശ്രീവാസ്തവയുടെയും പേരുകള്‍ പരാമര്‍ശിച്ചപ്പോള്‍ തെറ്റിപ്പോകാതിരിക്കാന്‍ ബോര്‍ഡില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിത്തന്നു. അവരുടെ പേരുകള്‍ ശരിയായി പറയാന്‍ ഞാന്‍ ബുദ്ധിമുട്ടിയിരുന്നു.

കഥ പറയുന്നതിനിടയ്ക്ക് എത്ര ഡോളറെന്നതിനെക്കുറിച്ചും തെറ്റിപ്പോകാതിരിക്കാന്‍ അവര്‍ എഴുതിത്തന്നു. റെക്കോര്‍ഡിങ്ങിനിടെ ഫലിതങ്ങള്‍ പറഞ്ഞ് എന്നെ ചിരിപ്പിക്കാനും ശ്രമം നടത്തി. എന്നാല്‍ ആ ശ്രമങ്ങളില്‍ എനിക്കു പങ്കുചേരാനായില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തി നിരപരാധികളെ ജയിലിലടയ്ക്കാന്‍ എന്നെ കരുവാക്കുകയായിരുന്നു അവരെന്ന ബോധ്യമുണ്ടായിരുന്നു എനിക്ക്. എത്രത്തോളം ഭയാനകമാണ് ആ സാഹചര്യമെന്ന് എനിക്കറിയാമായിരുന്നു. മകള്‍ നാസിഹ മൂന്നു തവണയായി എനിക്ക് 25000 ഡോളര്‍ തന്നു എന്ന ഇല്ലാത്ത  കാര്യം അവരോടു പറയുമ്പോള്‍ എന്‍റെ ഹൃദയം പിച്ചിച്ചീന്തുംപോലെ സങ്കടപ്പെടുകയായിരുന്നു.

അപ്പോഴത്തെ എന്‍റെ വികാരമെന്തായിരുന്നുവെന്ന് എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല. രാവിലെ 7.30 ആയപ്പോള്‍ റെക്കോര്‍ഡിങ് പൂര്‍ത്തിയായി. അവര്‍ സന്തോഷഭരിതരായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് റെക്കോര്‍ഡ് ചെയ്ത വീഡിയോസ് അയച്ചു കൊടുക്കുമെന്ന് അവരെന്നോടു പറഞ്ഞു. അന്നേരം നിശ്ശബ്ദമായി കരയാനേ എനിക്കു സാധിച്ചുള്ളൂ. റെക്കോര്‍ഡിങ്ങിന്‍റെ ഓരോ ഘട്ടത്തിലും കരച്ചിലോ സങ്കടമോ ദേഷ്യമോ എന്നറിയാതെ സമ്മിശ്ര വികാരങ്ങളാണ് എന്‍റെ മനസ്സിനെ മഥിച്ചത്. റെക്കോര്‍ഡ് പൂര്‍ത്തിയാക്കിയതിനുശേഷം എന്നെ മുറിയില്‍ക്കൊണ്ടാക്കി. മറിയം അപ്പോള്‍ അവിടെയുണ്ടായിരുന്നില്ല. അവളെ മറ്റൊരു മുറിയിലേക്കു മാറ്റിയിരുന്നു. ആ സംഭവത്തിനുശേഷം ഞാനും മറിയവും പരസ്പരം സംസാരിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും മറിയത്തോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എല്ലാവരും ആദ്യം മുതല്‍ എല്ലാ കാര്യങ്ങളും പറയിപ്പിച്ചു

പൊലീസ് കസ്റ്റഡിക്കിടയിലും ഭക്ഷണം മുടങ്ങാതെ തന്നു. വളരെ മോശമായിരുന്നു അത്. വനിതാപൊലീസ് ഓഫീസര്‍മാര്‍ക്കും അതേ ഭക്ഷണമായിരുന്നു. അരിയാഹാരമായിരുന്നു പ്രധാന ഭക്ഷണം. അതായത് രാവിലെയും ഉച്ചയ്ക്കും രാത്രിയും ചോറുതന്നെ. പുളിപ്പുരസമുള്ള ഇളംമഞ്ഞ നിറത്തിലുള്ള കറിയും കട്ടത്തൈരും കൂടെയുണ്ടാകും. ചിലര്‍ കറിയൊഴിച്ച് ചോറുകഴിക്കും. ചിലര്‍ ചോറ് വായിലേക്കിട്ട് അല്പാല്പം കറി വായിലേക്കൊഴിക്കും. ചോറും കറിയും കുഴച്ച് ഞങ്ങള്‍ മാലിദ്വീപുകാര്‍ കഴിക്കുന്നതുപോലെ ആരും കഴിച്ചില്ല. കുടിക്കാനായി നല്‍കിയ വെള്ളത്തില്‍ ജീരകം, മല്ലി പോലുള്ളവ ചേര്‍ത്തിരുന്നു.

പിന്നീട്, മറ്റൊരു സംഘം എന്നെ ചോദ്യംചെയ്യാന്‍ വന്നു. ആ സംഘത്തില്‍പ്പെട്ടവര്‍ ആരായിരുന്നുവെന്ന് എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. ഇന്ത്യ ഒന്നടങ്കം എന്‍റെയടുത്തേക്കു വരുന്നതുപോലെയാണ് തോന്നിയത്. ഒരു സംഘം ചോദ്യംചെയ്യല്‍ തുടരുമ്പോള്‍ അടുത്ത സംഘം അവരുടെ ഊഴത്തിനായി കാത്തിരുന്നു. എല്ലാവരും ആദ്യം മുതല്‍ എല്ലാ കാര്യങ്ങളും പറയിപ്പിച്ചു. ലളിതമായി വേഷം ധരിച്ചവരായിരുന്നു അവരെല്ലാം തന്നെ. അവര്‍ മനസ്സില്‍ തോന്നിയതെല്ലാം ചോദിച്ചു. ഞാന്‍ ഉത്തരം നല്‍കാന്‍ നിര്‍ബന്ധിതയായി. നിരവധി തവണ പറഞ്ഞ കഥകള്‍ ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. അതെല്ലാം ഞാന്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണെന്ന് ഒരുവേള എനിക്കു തോന്നി.

മറിയം പറഞ്ഞ കഥകള്‍ സമ്മതിക്കുകയും വീഡിയോ റെക്കോര്‍ഡിങ് ചെയ്തിട്ടും അവരെന്നോട് ദേഷ്യപ്പെട്ടു. ആക്രോശിച്ചു. ഒന്നും അവരെ തൃപ്തിപ്പെടുത്തിയതായി തോന്നിയില്ല. ഒരാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകഴിഞ്ഞാലുടന്‍ മറ്റൊരുതരത്തിലുള്ള ചോദ്യങ്ങളുമായി അടുത്തയാള്‍ വരും. മെഷീന്‍ഗണ്ണിലെ വെടിയുണ്ട കണക്കെയായിരുന്നു അത്. എല്ലാ ചോദ്യങ്ങള്‍ക്കും വളരെ പെട്ടെന്നുതന്നെ ഞാന്‍ ഉത്തരം നല്‍കാന്‍ ശ്രമിച്ചു. ഒരുവേള മൂന്നോ നാലോ പേര്‍ ഒരുമിച്ച് ചോദ്യം ചെയ്തു. എന്നാല്‍ ആരും വ്യത്യസ്തമായ ചോദ്യങ്ങള്‍ക്ക് മുതിര്‍ന്നില്ല. ''പാകിസ്താനുവേണ്ടിയാണോ നിങ്ങളീ കാര്യങ്ങളൊക്കെ ചെയ്തത്? കാരണം നിങ്ങളുടേത് മുസ്‌ലിം രാജ്യമാണല്ലോ. പാകിസ്താനികളാണെങ്കില്‍ മുസ്‌ലിങ്ങളുമാണ്.'' അവരിലൊരാള്‍ പരിഹാസപൂര്‍വം ചോദിച്ചു. ഞാന്‍ അതിനു പ്രതികരിക്കാതെ നിന്നു.

അതേ പൊലീസ് ക്യാമ്പിലേക്കുതന്നെ ഞങ്ങളെ കൊണ്ടുപോയി

ഞാനെന്‍റെ കഥകളുമായി സമരസപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ ഞാന്‍ കള്ളംപറയുകയാണെന്ന് അവര്‍ ആക്രോശിച്ചു. ഓരോ സംഘവും ചോദ്യംചെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഭയന്നുവിറച്ചു. ചിലപ്പോള്‍ ഭയംകൊണ്ട് ശബ്ദം പുറത്തുവന്നില്ല. അവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിക്കുമോ, അടിക്കുമോ, മകള്‍ ജിലയെ അവിടേക്കു കൊണ്ടുവരുമോ എന്ന കാര്യത്തില്‍ എനിക്ക് ആശങ്ക തോന്നി. എന്നെ ചോദ്യംചെയ്തവരെല്ലാം മറിയത്തെയും ചോദ്യം ചെയ്തു. എന്നെ ചോദ്യംചെയ്യാനെത്തിയവരില്‍ ഡല്‍ഹിപോലെ പലയിടങ്ങളില്‍നിന്നുള്ളവരുണ്ടായിരുന്നു. വലിയൊരുകെട്ട് ഫയലുകളുമായാണ് ഓരോരുത്തരും എന്‍റെ മുന്നിലെത്തിയത്. അതിനുശേഷം ഞാന്‍ ജനിച്ചതുമുതലുള്ള കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു. എങ്ങനെയാണ് ഞാന്‍ ഈ ലോകത്തു പിറന്നത് എന്നു തുടങ്ങുന്ന ചോദ്യങ്ങള്‍വരെ ചിലര്‍ ചോദിക്കുകയുണ്ടായി. എല്ലാ രാത്രിയും ചോദ്യംചെയ്യല്‍ അവസാനിച്ചശേഷം ഞാനെന്‍റെ കിടക്കയില്‍ ചുരുണ്ടുകൂടും. രാത്രികള്‍ നിദ്രാവിഹീനങ്ങളായി മാറി.
 
നവംബര്‍ 18
എന്നെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ട ദിവസമായിരുന്നു അത്. രാവിലെതന്നെ എല്ലാവരും എഴുന്നേറ്റു റെഡിയായി. യൂണിഫോം ധരിച്ചു. എന്നോടും തയ്യാറാകാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് അന്ന് എനിക്കു വലിയ മാറ്റമൊന്നും തോന്നിയില്ല. ഞങ്ങളെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ജയിലിലേക്കു മാറ്റാന്‍ മറിയം റഷീദയുടെ അഭിഭാഷകന്‍ ആവര്‍ത്തിച്ചു. എന്നാല്‍ അഞ്ചു ദിവസത്തേക്കുകൂടി പൊലീസ് കസ്റ്റഡിയില്‍ വിടാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. അതേ പൊലീസ് ക്യാമ്പിലേക്കുതന്നെ ഞങ്ങളെ കൊണ്ടുപോയി. ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ആ പ്രക്രിയയ്ക്ക് ഒരന്ത്യമുണ്ടായില്ല.
 
നവംബര്‍ 19
ബ്രേക്ക്ഫാസ്റ്റിനുശേഷം എന്നെ ചോദ്യംചെയ്യുന്ന മുറിയിലേക്കു കൊണ്ടു പോയി. ''നിങ്ങളെന്തിന് മറിയത്തെ ഭീഷണിപ്പെടുത്തുന്നു?'' അതിലൊരാള്‍ എന്നോട് ആേക്രാശിച്ചു. അവരെന്താണ് പറഞ്ഞതെന്നു മനസ്സിലാകാതെ ഞാന്‍ സ്തംഭിച്ചു പോയി. ''മറിയം അവരുടെ മുറിയില്‍ കിടക്കുമ്പോള്‍ ടോയ്‌ലറ്റില്‍ പോകാനാണെന്നു പറഞ്ഞ് ആ മുറിയില്‍ പോയി നീ അവളെ ഭീഷണിപ്പെടുത്തിയില്ലേ?'' ഞാനെങ്ങനെയാ ടോയ്‌ലറ്റില്‍ പോകുന്നതിനായി ബെഡ്ഡില്‍നിന്ന് എഴുന്നേല്‍ക്കുക. ബെഡ്ഡുമായി ചേര്‍ത്ത് കൈയാമം വെച്ചിരിക്കയാണ് എന്നെ. ആരെങ്കിലും മോചിപ്പിച്ചാല്‍ മാത്രമേ എനിക്ക് ഈ മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുകയുള്ളൂ.

ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പോലും ആരെങ്കിലും എന്‍റെ കൂടെയുണ്ടാകും. ഇനി മറിയത്തിന്‍റെ മുറിയിലേക്കു പോകാന്‍ ശ്രമിച്ചാല്‍തന്നെ ഉടന്‍ ആ വിവരം അവര്‍ അറിയില്ലേ എന്നും ഞാന്‍ ചോദിച്ചു. പിന്നീട് എന്‍റെ സംരക്ഷണച്ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടറുമായി അവര്‍ ദീര്‍ഘനേരം സംസാരിച്ചു. അതിനുശേഷം എന്‍റെ മുറിയിലേക്കു കൊണ്ടുപോയി. മുറിയില്‍ തിരിച്ചെത്തിയ ഉടന്‍ എല്ലാം മറന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. എന്താണ് മറിയം എന്നോടിങ്ങനെ ചെയ്യുന്നത്? അവള്‍ കാരണം ഒരുപാട് അനുഭവിച്ചു കഴിഞ്ഞല്ലോ. ഞാന്‍ പൊലീസ് ഓഫീസറോടു ചോദിച്ചു. മുറി ഇംഗ്ലിഷിലാണ് അവര്‍ സംസാരിച്ചത്. ചിലപ്പോള്‍ എന്നോടവര്‍ക്ക് സഹതാപം തോന്നിക്കാണണം.

തന്‍റെ ജീവിതം അപകടത്തിലാണെന്ന് ഭയപ്പെടുന്നുവെന്നും അവള്‍ പറഞ്ഞു

എന്താണ് സംഭവിച്ചതെന്ന് അവരെന്നോടു പറഞ്ഞു. മറിയത്തെ ചോദ്യം ചെയ്യാനായി കൊണ്ടുപോയപ്പോള്‍ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പെട്ടെന്നു തന്നെ മാലിയിലേക്ക് തിരിച്ചയയ്ക്കണമെന്നും അവള്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു. തന്‍റെ ജീവിതം അപകടത്തിലാണെന്ന് ഭയപ്പെടുന്നുവെന്നും അവള്‍ പറഞ്ഞു. കാരണം അന്നു രാവിലെ ഫൗസിയ മുറിയില്‍വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും അവള്‍ പറഞ്ഞു. തനിക്കിവിടെ ആറു പേര്‍ സഹായത്തിനുണ്ടെന്നും മറിയത്തിന് ആരും ഇല്ലെന്നും അവരുടെ ക്രിമിനല്‍ പ്രവൃത്തികള്‍ പുറത്തു പറഞ്ഞാല്‍ ചെറിയൊരു അവസരം കിട്ടുന്നപക്ഷം കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയെന്നുമായിരുന്നു വനിതാ പൊലീസ് ഓഫീസര്‍ പറഞ്ഞത്. ആ കഥ കേട്ടപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി. എന്നാല്‍ കൂടുതല്‍ ടെന്‍ഷനടിക്കാതെ മനസ്സ് ശാന്തമാക്കാന്‍ ഞാന്‍ ശ്രമിച്ചു.

പുതിയ ആളുകള്‍ ചോദ്യംചെയ്യുന്നത് അന്നു മുഴുവനും തുടര്‍ന്നു. പലരും പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ചിലര്‍മാത്രം കുറച്ചു പുതിയ ചോദ്യങ്ങള്‍ ചോദിച്ചു. പറയുന്ന ഉത്തരങ്ങള്‍ മറിയം പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാകുമ്പോള്‍ അവര്‍ ചീത്ത വിളിച്ചു. അവരെന്നെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ചാരവൃത്തിക്കായി സ്വന്തം മക്കളെപ്പോലും ഉപയോഗിച്ച നിങ്ങളൊരു അമ്മയാണോ എന്നവര്‍ ചോദിച്ചു. നിങ്ങളുടെ കത്തുകള്‍ കൈമാറാന്‍ 14 വയസ്സുള്ള കുട്ടിയെവരെ നിയോഗിച്ചു. ഇന്ത്യയില്‍ കഴിയുന്ന ജിലയെക്കുറിച്ചോര്‍ത്തപ്പോള്‍ എന്‍റെ ഭയം കൂടിക്കൂടി വന്നു.

.............................................

'വിധിക്കുശേഷം ഒരു (ചാരവനിതയുടെ) വെളിപ്പെടുത്തലുകള്‍' 
ഫൗസിയ ഹസന്‍
വിവര്‍ത്തനം: ആര്‍.കെ ബിജുരാജ്, പി ജസീല.
കവര്‍ ഡിസൈന്‍: വിശാഖ് രാജ്
വില: 260.00 

 

 

click me!