എത്ര പേര്‍ക്കറിയാം, ഈ  ഒമാനി ദ്വീപുകളുടെ കഥ?

By Faisal Bin Ahamad  |  First Published May 22, 2017, 6:27 AM IST

വളരെ ചെറിയ ദ്വീപാണെങ്കിലും ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട് ജസീറത്ത് അല്‍ മഖ് ലബിന്. ഇത് അറിയപ്പെടുന്നത് ടെലഗ്രാഫ് ഐലന്റ് എന്നാണ്. അതിനൊരു കാരണമുണ്ട്.


ദൂരെ നിന്ന് നോക്കിയാല്‍ കടലില്‍ ഒരു മണ്‍കൂന. എന്നാല്‍, അടുക്കുന്തോറും അതൊരു ദ്വീപ്.  അതിനു പേര് ജസീറത്ത് അല്‍ മഖ് ലബ്. ഒമാനിലെ മുസന്തം ഗവര്‍ണറേറ്റില്‍ ഉള്‍പ്പെട്ട പ്രദേശം. കസബ് തുറമുഖത്ത് നിന്നും എട്ട് കിലോമീറ്റര്‍ കടലിടുക്കിലൂടെ ബോട്ടില്‍ സഞ്ചരിച്ചാല്‍ ഈ കുഞ്ഞു ദ്വീപിലെത്താം. 

Latest Videos

കസബില്‍ താമസിക്കുന്ന സുഹൃത്ത് മുജീബ് പറഞ്ഞാണ് ഇതിനെക്കുറിച്ച് അറിയുന്നത്. ഒമാന്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ഫെറീസില്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മുജീബിനേയും കൂട്ടിയാണ് ദ്വീപ് കാണാനെത്തിയത്. 

ദ്വീപിനടുത്ത് ബോട്ട് നിര്‍ത്തി. നല്ല പളുങ്ക് പോലുള്ള വെള്ളം. അടിത്തട്ട് വരെ വ്യക്തമായി കാണാം. കാല്‍മുട്ടുവരെയുള്ള വെള്ളത്തിലൂടെ നടന്ന് ദ്വീപിലേക്ക് കയറി. കാഴ്ചകളുടെ ധാരാളിത്തം പ്രതീക്ഷിച്ചാണ് എത്തിയതെങ്കിലും തെറ്റി. കാണാനായി പ്രത്യേകിച്ച് ഒന്നുമില്ല. പഴയ കെട്ടിടങ്ങളുടെ ചുരുക്കം ചില അവശിഷ്ടങ്ങള്‍ മാത്രം. 

വളരെ ചെറിയ ദ്വീപാണെങ്കിലും ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട് ജസീറത്ത് അല്‍ മഖ് ലബിന്. ഇത് അറിയപ്പെടുന്നത് ടെലഗ്രാഫ് ഐലന്റ് എന്നാണ്. അതിനൊരു കാരണമുണ്ട്. ഇന്ത്യയേയും ബ്രിട്ടനേയും ബന്ധിപ്പിക്കാനായി 1864 ല്‍ ഇതുവഴി കടലിനടിയിലൂടെ ടെലഗ്രാള്‍ കേബിള്‍ വലിച്ചിരുന്നു. ഈ ദ്വീപിലായിരുന്നു ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങളും മറ്റും സജ്ജീകരിച്ചിരുന്നത്. ചരിത്രപരമായ ഈ ബന്ധമാണ് ദ്വീപിനെ ടെലഗ്രാഫ് ഐലന്റ് എന്ന പേരിലെത്തിച്ചത്.

ഇപ്പോള്‍ ജസീറത്ത് അല്‍ മഖ് ലബ് എന്ന് പറഞ്ഞാല് അധികം പേര്‍ക്ക് അറിയില്ല. ടെലഗ്രാഫ് ഐലന്റ് എന്ന പേര് അത്രയ്ക്ക് ചാര്‍ത്തപ്പെട്ടു കഴിഞ്ഞു ഈ കൊച്ചു ദ്വീപിന്. സ്വദേശികള്‍ ഉള്‍പ്പടെയുള്ളവര് പറയുന്നതും ടെലഗ്രാഫ് ഐലന്റ് എന്നു തന്നെ. 

1864 മുതല്‍ 1869 വരെ ദ്വീപ് ഇന്ത്യയേയും ബ്രിട്ടനേയും ബന്ധിപ്പിക്കുന്ന സജീവമായ ടെലഗ്രാഫിക് ഔട്ട്‌പോസ്റ്റായിരുന്നുവെന്ന് ചരിത്രം സൂചിപ്പിക്കുന്നു. 
യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു റിപ്പീറ്റിംഗ് സ്റ്റേഷനായിരുന്നു. ടെലഗ്രാഫിക് സിഗ്‌നലുകള്‍ ശക്തി കുറയുന്നിനാല്‍, അത് ശക്തികൂട്ടി വീണ്ടും വിടുക എന്ന ഉദ്ദേശമായിരുന്നു സ്‌റ്റേഷന്. ഇവിടെ ജോലിയെടുക്കുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം അധികൃതര്‍ ഒരുക്കിയിരുന്നു. സ്‌റ്റേഷനും അനുബന്ധ സൗകര്യങ്ങളുമുള്ള കെട്ടിടത്തിന് പുറമേ ജീവനക്കാര്ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളും ഈ ദ്വീപില്‍ പണികഴിപ്പിച്ചിരുന്നു. ദ്വീപില്‍ നിന്ന് പുറംലോകത്തേക്ക് എത്തണമെങ്കില്‍ ബോട്ട് മാത്രമായിരുന്നു ശരണം. രണ്ട് ബോട്ടുകള്‍ ഇവിടെ സദാ തയ്യാറാക്കി നിര്‍ത്തിയിരുന്നുവത്രെ. 

കടലിന് നടുവിലാണെങ്കിലും ഗള്‍ഫിലെ ചൂടുകാലത്ത് ഉഷ്ണം അസഹനീയമാകുന്ന അവസ്ഥ. രണ്ട് വര്‍ഷത്തിനിടയ്ക്ക് രണ്ട് പേര് സൂര്യതാപത്താല്‍ മരണമടഞ്ഞെന്ന് ചരിത്രം പറയുന്നു. കടലിനടിയിലൂടെ ടെലഗ്രാഫ് കേബിളുകള്‍ വലിച്ചതുമായി ബന്ധപ്പെട്ട് നിരവധി കഥകളും നിലവിലുണ്ട്. 

1870 കളുടെ മദ്ധ്യത്തോടെ ഈ ടെലഗ്രാഫിക് ഔട്ട്‌പോസ്റ്റ് ഉപേക്ഷിക്കുകയായിരുന്നുവത്രെ. 

ദ്വീപിലെ  കാഴ്ചകള്‍ വിരസമാണെങ്കിലും ചുറ്റിലുമുള്ള കാഴ്ചകള്‍ അതി മനോഹരം.  ഇന്നിവിടം ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രമാണ്. നല്ല തെളിഞ്ഞ വെള്ളത്തില്‍ നീന്താന്‍ നിരവധി പേരാണ് ദ്വീപിന് സമീപം വരുന്നത്.  സ്‌നോര്‍ക്കലിംഗ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട ഇടം കൂടിയാണിത്. മരം കൊണ്ടുള്ള ഉരുവില്‍ കാഴ്ചകള് കാണാനെത്തുന്നവര്‍ കടലില് നീന്തിയ ശേഷമേ മടങ്ങാറുള്ളൂ.  

ഒരുകാലത്ത് അധികമാര്‍ക്കും പ്രവേശനം നല്‍കാതെ നിയന്ത്രിച്ചിരുന്ന കൊച്ച് ദ്വീപ് ഇപ്പോള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്. 
ദ്വീപില്‍ നിന്ന് കടലിനെ നോക്കി വെറുതേ ഇരിക്കാന്‍ രസം. അടിത്തട്ട് കാണുന്ന തെളിഞ്ഞ വെള്ളത്തിലെ കാഴ്ചകള്‍ കാണാം. ദൂരനിന്ന് വരുന്ന ഉരുക്കളെ നോക്കിയിരിക്കാം. കാറ്റിന്റെ തഴുകലില്‍ അങ്ങനെ ഇരിക്കുമ്പോഴാണ് മുജീബ് അക്കാര്യം പറഞ്ഞത്, നമുക്ക് മറ്റൊരു സ്ഥലം കൂടി കാണാന് പോകണം. ഖോര്‍ അല്‍ നജദ് എന്നാണ് പേര്. അതിനുമുണ്ട് ഒരു കഥ.

കസബില് നിന്ന് സനയ്യ റൂട്ടില്‍ 15 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഖോര് അല്‍ നജദില് എത്താം. വഴി അല്‍പ്പം സാഹസികം. മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണിത്. മലകയറി ചെന്നെത്തുന്നത് വഴി അവസാനിച്ചു എന്ന് തോന്നിക്കുന്ന ഇടത്തേക്ക്. ഇപ്പോള്‍ 1800 മീറ്ററോളം താഴെ കടല്‍. ഹെയര് പിന്‍വളവുകളുമായി താഴേക്ക് മണ്‍ പാത. ഇത് അവസാനിക്കുന്നത് കടലിലേക്ക്. 

മല്‍സ്യ തൊഴിലാളികളുടെ ഒരു ചെറിയ ഗ്രാമവും ഇതോടനുബന്ധിച്ചുണ്ട്. കാഴ്ചകള്‍ അതി മനോഹരം. നിരവധി സന്ദര്‍ശകര്‍ ഈ മനോഹാരിത തേടി ഇവിടെ എത്തുന്നു. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ഖോര്‍ അല്‍ നജദില്‍ ഉണ്ടെങ്കിലും സ്വാഭാവികതയോടെ തന്നെ ഇത് നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

ചുറ്റുമുള്ള മലകളില്‍ ലാവണ്ടര്‍ ചെടികള്‍ പൂത്ത് നില്ക്കുന്ന ഒരു കാലവും ഖോര്‍ അല്‍ നജദിനുണ്ട്. ലാവണ്ടര്‍ ചെടികളുടെ പൂക്കാലത്ത് ഈ പ്രദേശമാകെ സുഗന്ധം നിറയുമത്രെ.

'മുജീബ്, ഖോര് അല്‍ നജദിന്റെ ആ വ്യത്യസ്ത കഥയെന്താണ്? '

'ആ കുന്ന് കണ്ടോ?'

മുജീബ് ദൂരേക്ക് കൈ ചൂണ്ടി. കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന കുന്ന് കാണിച്ചുകൊണ്ട് ഇതുവരെ കേള്‍ക്കാത്ത ഒരു 'ചരിത്രം'  അദ്ദേഹം വെളിപ്പെടുത്തി. 
രണ്ടാം ലോക മഹായുദ്ധകാലം. ഖോര്‍ അല്‍ നജദിലെ  ഈ കുന്നിന് പുറകില് കടലില്‍ ഒരു കപ്പല്‍ ഒളിപ്പിച്ച് വച്ചിരുന്നു. ജര്‍മ്മനിയുടെ യുദ്ധക്കപ്പലായിരുന്നു അത്. ആഴ്ചകളോളമാണ് ഇങ്ങനെ ജര്‍മ്മനി കടലിലേക്ക് ഇറങ്ങി നില്ക്കുന്ന ഈ കുന്നിന് പുറകില്‍ തങ്ങളുടെ കപ്പല്‍ ഒളിപ്പിച്ച് നിര്‍ത്തിയതത്രേ. 

ശരിക്കും?- അല്പം അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു. 

അങ്ങിനെയാണ് പറയുന്നത്.

ചിത്രീകരണം: വി.പി ഇസ്ഹാഖ്

ആരാണിത് പറഞ്ഞത്?

അതറിയില്ല. ഇങ്ങനെയൊരു സംസാരമുണ്ട്.

സത്യമായിരിക്കുമോ?

'കഥയാണെന്നും ചിലര് പറയുന്നുണ്ട്'-മറുപടി.

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായി. മുജീബ് പറഞ്ഞത് വെറും കഥയാണോ അതോ ഇതുവരെ പുറത്ത് വരാത്ത സത്യമോ? പ്രകൃതി രമണീയതയ്ക്ക് അപ്പുറം ചരിത്രപരമായ പ്രാധാന്യവും ഖോര്‍ അല്‍ നജദിനുണ്ടോ? 

അറിയില്ല. 

ഇനിയും പുറത്ത് വന്നിട്ടില്ലാത്ത ഒരുപാട് ചരിത്ര കഥകള്‍ ഇവിടെ നിന്ന് ഭാവിയില് വരുമായിരിക്കും. ഒരു പക്ഷേ ഇതുവരെ കേട്ട ചരിത്രത്തെ തന്നെ തകിടം മറിക്കുന്നവ. ചരിത്രം ചിലപ്പോള്‍ അങ്ങിനെയാണല്ലോ.

ഏതായാലും ഒന്നുറപ്പിച്ചു. ലാവണ്ടര്‍ ചെടികളുടെ പൂക്കാലത്ത് ഒരിക്കല്‍ ഇവിടെ വരും. ആ സുഗന്ധം ആസ്വദിച്ചുകൊണ്ട് ഒരു രാത്രി തമ്പ് കെട്ടി തങ്ങും. തീര്‍ച്ചയായും ചന്ദ്രന് ഉദിച്ച് നില്‍ക്കുന്ന ഒരു ദിനത്തിലാവുമത്. ആ രാത്രിയില്‍ ഉറക്കെയുറക്കെ കവിതകള്‍ ചൊല്ലും. ഒ.എന്‍. വിയും കടമ്മനിട്ടയും അയ്യപ്പനും ചുള്ളിക്കാടും മധുസൂദനന്‍ നായരും മുരുകന്‍ കാട്ടാക്കടയുമെല്ലാം ഈ മലമുകളില്‍ പ്രകമ്പനം കൊള്ളും. കവിതകളുടേയും ലാവണ്ടര്‍ പൂക്കളുടേയും സുഗന്ധം അവിടെയെല്ലാം ഒഴുകിപ്പരന്നുകൊണ്ടേ ഇരിക്കും. 

പത്ത് വര്‍ഷത്തിനിപ്പുറവും ആ ആഗ്രഹത്തിന്റെ തീവ്രത ഒരു തരി പോലും കുറഞ്ഞിട്ടില്ല.

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!

യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!

അറബിയെ പോറ്റിയ മലയാളി!

മരിച്ചത് എന്റെ ശത്രുവായിരുന്നു; എന്നെ ദുബായ് ജയിലിലാക്കിയ സുഹൃത്ത്!

റാസല്‍ ഖൈമയിലെ ഈ ഗ്രാമത്തില്‍ രാത്രികളില്‍ ആരും പോവാറില്ല!

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സും രണ്ട് മലയാളികളും!

ഈ ഒമാന്‍ ഗ്രാമത്തിന്  പനിനീര്‍ മണമാണ്!

ദുബൈയിലെ പാക്കിസ്ഥാനി ഡ്രൈവര്‍  മമ്മൂട്ടിയുടെ കട്ട ഫാനായ കഥ!
 

click me!