കേട്ടുകേട്ടാണ് ജബല്‍ അക്തര്‍ മനസില്‍ നിറഞ്ഞത്. ഒമാനിലെ അക്തര്‍ മലനിരകളിലെ ഈ പ്രദേശവും ജബലുല്‍ അക്തര്‍ എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഗ്രാമവാസിയായ സലാഹ് അല്‍ ഫഹ്ദി സുഹൃത്താണ്.
കേട്ടുകേട്ടാണ് ജബല്‍ അക്തര്‍ മനസില്‍ നിറഞ്ഞത്. ഒമാനിലെ അക്തര്‍ മലനിരകളിലെ ഈ പ്രദേശവും ജബലുല്‍ അക്തര്‍ എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഗ്രാമവാസിയായ സലാഹ് അല്‍ ഫഹ്ദി സുഹൃത്താണ്. പ്രദേശത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റൊ വാതോരാതെയുള്ള സംസാരമാണ് ജബല്‍ അക്തറിലേക്ക് മനസ് അടുപ്പിച്ചത്. തണുത്ത കാലാവസ്ഥയുള്ള, മാതളവും ആപ്രിക്കോട്ടും മുന്തിരിയുമെല്ലാം വളരുന്ന തന്റെ ഗ്രാമത്തെക്കുറിച്ച് പറയുമ്പോള്‍ സലാഹിന് നൂറു നാവ്. നിസ് വയിലെ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനാണ് ഇദ്ദേഹം. പാരമ്പര്യം അതേപോലെ കാത്തുസൂക്ഷിക്കുന്ന ഇടമാണെങ്കിലും ഉന്നത വിദ്യാഭ്യാസം നേടിയ കുറച്ച് പേരുണ്ട് ജബല്‍ അക്തറില്‍.
ചൂട് കനത്ത ഒരു മെയ് മാസത്തില്‍ ഒടുവില്‍ പോകാന്‍ തീരുമാനിച്ചു. കൂടെ സുഹൃത്തുക്കളായ ഷരീഫും അന്റുവും നിഷാദും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്ന നാല് പേര്‍. യു.എ.ഇയില്‍ വിവിധ ഇടങ്ങളില്‍ ജോലിയെടുക്കുന്നവര്‍. യാത്ര എന്ന ആവേശം കൊണ്ട് മാത്രമാണ് ഒമാനിലെ ഒരു പരിചയവുമില്ലാത്ത ഉള്‍ഗ്രാമത്തിലേക്ക് വണ്ടിയോടിക്കുന്നത്. അന്റുവിന്റെ ഫോര്‍വീലിലാണ് യാത്ര.
അതിരാവിലെ തന്നെ എത്തണമെന്ന് സലാഹ് നിര്‍ബന്ധം പിടിച്ചിരുന്നു. അതൊന്നും പറ്റില്ലെന്ന് പറഞ്ഞ് നോക്കിയെങ്കിലും രാവിലെ ഏഴ് കഴിഞ്ഞാല്‍ പിന്നെ ഇങ്ങോട്ട് വരേണ്ടെന്ന് ചിരിച്ചുകൊണ്ടെങ്കിലും അല്‍പം കാര്യമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'എന്താ കാര്യം?'
'അതെല്ലാം വരുമ്പോള്‍ മനസിലായിക്കൊള്ളും'-കള്ളച്ചിരി ചിരിക്കുന്നു സലാഹ്.
സലാഹിനെ ധിക്കരിക്കേണ്ട എന്ന് തീരുമാനിച്ചു. പുലര്‍ച്ചെ എത്തുന്ന തരത്തില്‍ യാത്ര തുടങ്ങി. ബര്‍ക്കിത്ത് അല്‍ മൗസില്‍ നിന്ന് 35 കിലോമീറ്ററോളം മലമുകളിലൂടെ സഞ്ചരിക്കണം. മലമുകളിലേക്ക് കയറുന്നതിന് മുമ്പ് തന്നെ റോയല്‍ ഒമാന്‍ പോലീസിന്റെ ചെക്ക് പോയിന്റുണ്ട്. ഇവിടെ പോലീസുകാര്‍ വാഹനത്തിലുള്ളവരുടെ രേഖകള്‍ പരിശോധിക്കുന്നു. എന്തിന് മുകളിലേക്ക് പോകുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയാല്‍ മുകളിലേക്ക് പോകാന്‍ അനുമതി ലഭിക്കും.
ഫോര്‍ വീല്‍ വാഹനമാണെങ്കിലേ മുകളിലേക്ക് കടത്തി വിടൂ. റോഡ് നല്ലതാണെങ്കിലും, വളഞ്ഞ് പുളഞ്ഞ് കുത്തനെയുള്ള വഴിയില്‍ സാദാ കാറുകള്‍ക്ക് കയറിപ്പോകുക പ്രയാസം. അതുകൊണ്ട് അപകടം ഇല്ലാതിരിക്കാന്‍ പോലീസിന്റെ മുന്‍കരുതലാണ് ഈ പരിശോധന.
മലകയറി മുകളില്‍ ജബല്‍ അക്തര്‍ അടുക്കുമ്പോഴേക്കും കാലാവസ്ഥയില്‍ പ്രകടമായ മാറ്റം. കോടമഞ്ഞും കനത്ത തണുപ്പും. അതിരാവിലെയാണെങ്കിലും ഒമാന്‍ മുഴുവന്‍ വെന്തുരുകുന്ന മെയ് മാസത്തിലാണ് ഈ കാലാവസ്ഥ എന്നോര്‍ക്കണം.
ജബല്‍ അക്തര്‍ കടല്‍ നിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലാണ്.പ്രദേശത്തേക്ക് പ്രവേശിച്ചതേ എങ്ങും സുഗന്ധം. ഒരു സുഗന്ധ ദ്രവ്യ വില്‍പ്പന കേന്ദ്രത്തില്‍ എത്തിയ പ്രതീതി. ഇതെന്ത് അത്ഭുതമെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം നോക്കി.
ആദ്യം സലാഹിനെ കണ്ടെത്തണം. എന്നിട്ട് സുഗന്ധ രഹസ്യം തേടിപ്പോകാം. റോഡരികില്‍ കാത്തുനില്‍ക്കാമെന്നേറ്റ അദ്ദേഹത്തേയും അന്വേഷിച്ച് ഒമാനിലെ ഈ മലമുകളിലൂടെ വണ്ടി പതിയെ നീങ്ങി.
പറഞ്ഞുറപ്പിച്ചത് പോലെ തന്നെ സലാഹ് തന്റെ ഫോര്‍ വീലുമായി റോഡരികില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടതേ അഭിവാദ്യം അര്‍പ്പിച്ച് ആദ്യം ചോദിച്ചതും അതായിരുന്നു. 'ഇതെന്താണ് ഈ സുഗന്ധം?'
അതല്ലേ ഞാന്‍ അതിരാവിലെ വരണമെന്ന് നിര്‍ബന്ധം പിടിച്ചത്. ഈ സുന്ധത്തിന്റെ രഹസ്യമെല്ലാം നമുക്കു നേരിട്ട് കാണാം. 'കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ' എന്ന ധ്വനിയോടെ ചിരിക്കുന്നു ഒമാനി ചങ്ങാതി.
കടുപ്പത്തിലുള്ള ചായ കുടിച്ച ശേഷം വീണ്ടും സഞ്ചാരം. സലാഹ് വണ്ടിയുമായി വഴി കാട്ടുന്നു. ഞങ്ങള്‍ പുറകേ. വാഹനം ചെന്ന് നിന്നത് ചെറിയൊരു കുന്നില്‍. ഇവിടെ സുഗന്ധം അതിന്റെ പാരമ്യതയില്‍. റോഡില്‍ നിന്ന് അല്‍പം മാറി നടവഴി കയറിയെത്തുന്നത് വിശാലമായ തോട്ടത്തിലേക്ക്. റോസാച്ചെടികള്‍ തോട്ടം മുഴുവന്‍. പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നു. അപ്പോള്‍ ഇതാണ് കാര്യം. ഈ തോട്ടത്തില്‍ നിന്നാണ് സുഗന്ധം പരക്കുന്നത്!
ഈ തോട്ടത്തില്‍ നിന്ന് മാത്രമല്ല, ഇതുപോലുള്ള നിരവധി പനിനീര്‍ത്തോട്ടങ്ങളുണ്ട് ഇവിടെ -സലാഹ് തിരുത്തി.
അതുകൊണ്ടാണ് റോസിന്റെ വിളവെടുപ്പു കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രദേശത്ത് മനസ്സുടക്കുന്ന ഗന്ധം നിറയുന്നത്. ജബല്‍ അക്തറിലെ ഷറീജ,സീഖ്, അഖര്‍, അല്‍ കിഷ എന്നീ ഗ്രാമങ്ങളിലാണ് റോസാപ്പൂവ് കൃഷി ചെയ്യുന്നത്. പൂവിനുമുണ്ട് പ്രത്യേകത. നല്ല സുഗന്ധമുള്ള മുഹമ്മദി റോസാപ്പൂവുകളാണ് ഇവിടെ വളരുന്നത്. തണുപ്പും പ്രത്യേക കാലാവസ്ഥയും ഉള്ളത് കൊണ്ട് ഈ ഇനം ഇവിടങ്ങളില്‍ മാത്രമേ വളരൂ. എല്ലാ ദിവസവും അതിരാവിലെയാണ് റോസ് ചെടികളില്‍ നിന്ന് പൂക്കള്‍ പറിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങളോട് അതിരാവിലെ തന്നെ സ്ഥലത്തെത്തണമെന്ന് ചങ്ങാതി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നത്. കുടുംബത്തിലെ മുതിര്‍ന്നവരും പ്രായമായവരും സ്ത്രീകളുമെല്ലാം ചേര്‍ന്നാണ് പൂ പറിക്കുന്നത്. അവര്‍ക്കതൊരു ആഘോഷമാണ്.
സലാഹ് കൂട്ടിക്കൊണ്ടു പോയ മലഞ്ചെരിവിലെ തോട്ടത്തില്‍ സുബ്ഹ് എന്ന വൃദ്ധനും രണ്ട് ആണ്‍കുട്ടികളും കുടുംബത്തിലെ സ്ത്രീകളുമെല്ലാം ചേര്‍ന്ന് പൂ പറിക്കുന്ന തിരക്കിലാണ്. തോട്ടത്തില്‍ തണുത്ത വെളുപ്പാന്‍ കാലത്ത് നില്‍ക്കുമ്പോള്‍ മറ്റൊരു ലോകത്ത് എത്തിയ പ്രതീതി. പച്ച ഇലകള്‍ക്കിടയില്‍ പിങ്ക് പൂക്കളുമായി നില്‍ക്കുന്ന ചെടികള്‍ നോക്കെത്താ ദൂരം പരന്നു കിടക്കുന്നു. വരികളില്‍ വരച്ചിടാന്‍ പറ്റാത്ത ഹൃദ്യ സുഗന്ധവുമായി തണുത്ത കാറ്റ്. തികച്ചും സ്വര്‍ഗീയമായ ഇടം തന്നെ.
ഓരോ ചെടിയില്‍ നിന്നും പതിനഞ്ച് മുതല്‍ 20 കിലോഗ്രാം വരെ പൂക്കളാണ് സീസണില്‍ ലഭിക്കുക. നൂറിലധികം വര്‍ഷങ്ങളായി ഗ്രാമവാസികള്‍ ഇങ്ങനെ ഇവിടെ പനിനീര്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട്.
പനിനീര്‍ കൃഷി വരുമാന മാര്‍ഗമാണ് ഇവിടുത്തുകാര്‍ക്ക്. റോസാപൂക്കളില്‍ നിന്ന് പരമ്പരാഗതമായ രീതിയില്‍ റോസ് വാട്ടര്‍ ഉത്പാദിപ്പിക്കുകയാണ് ഇവര്‍ ചെയ്യാറ്. അതുണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണിച്ചു തരാമെന്ന് സുബ്ഹ്. വൃദ്ധനെങ്കിലും സദാ ചുറുചുറുക്കിലാണ് ഇദ്ദേഹം. മലഞ്ചെരിവിലുള്ള അല്‍ കിഷ ഗ്രാമത്തിലാണ് സുബഹ് താമസിക്കുന്നത്. ഞങ്ങള്‍ രണ്ട് മണിക്കൂറിനകം അവിടെ എത്തിക്കൊള്ളാമെന്ന് പറഞ്ഞ് അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങി.
സുബഹിന്റെ വീട്ടില്‍ പോകുന്നതിന് മുമ്പ് നമുക്കൊരിടത്തു കൂടി പോകണം- സലാഹ് തന്റെ റൂട്ട് പ്ലാന്‍ വ്യക്തമാക്കി. വാദി ബനി ഹബീബ്. ഒമാനികള്‍ പണ്ട് താമസിച്ചിരുന്ന പഴയ ഈ ഗ്രാമമാണ് ലക്ഷ്യം. ഇടിഞ്ഞു പൊളിഞ്ഞ വീടുകളും മറ്റ് കെട്ടിടങ്ങളുമെല്ലാമാണ് ഇവിടുത്തെ കാഴ്ച. 500 മുതല്‍ 600 വര്‍ഷം പഴക്കമുണ്ട് ഈ ഗ്രാമത്തിനെന്നാണ് കരുതുന്നത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുനിലയുള്ള വീടുകളും പള്ളിയുമെല്ലാമുണ്ട്. യമനില്‍ നിന്ന് എത്തിയ അല്‍ റിയാമി ഗോത്രക്കാരാണ് ഈ ഗ്രാമം നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. ഒരു കാലത്ത് അറുനൂറോളം പേര്‍ ഈ ഗ്രാമത്തില്‍ താമസിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ ആരും താമസിക്കുന്നില്ല. മുപ്പത് വര്‍ഷം മുമ്പ് വരെ ഇവിടെ ആളുകള്‍ താമസിച്ചിരുന്നവത്രെ. പിന്നീടാണ് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഗ്രാമവാസികള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറിയത്. കൃഷി തന്നെയായിരുന്നു ഗ്രാമവാസികളുടെ പ്രധാന തൊഴില്‍. ഇവിടെ നിന്ന് താമസം മാറിയെങ്കിലും മഴപെയ്യുമ്പോള്‍ വെള്ളമൊഴുകുന്ന വാദികളില്‍ ഇപ്പോഴും കൃഷിയുണ്ട്. മാതള നാരകം അഥവാ ഉറുമാമ്പഴം, മുന്തിരി, പീച്ച്, ബെറി, ആപ്രിക്കോട്ട്, വാല്‍നട്ട് തുടങ്ങിയ കൃഷികള്‍. മലമുകളില്‍ നിന്ന് വരുന്ന വെള്ളം ശേഖരിച്ച് വയ്ക്കാന്‍ ഓരോ തോട്ടത്തിലും വലിയൊരു ടാങ്കുണ്ടാവും. ഈ ടാങ്കില്‍ നിന്നാണ് ജലസേചനം. ഓരോ വിളവെടുപ്പ് കാലവും ഗ്രാമവാസികള്‍ക്ക്് ആഘോഷ കാലമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു പ്രിയ ചങ്ങാതി.
വലിയ വീടുകളൊക്കെ ഉണ്ടെങ്കിലും ഒമാനിലെ പൈതൃക പ്രദേശമാണ് ജബല്‍ അക്തര്‍. ഇവിടേക്ക് എത്തിപ്പെടാനുള്ള പ്രയാസം മൂലം ഗ്രാമവാസികളില്‍ ജോലിയുള്ള പലരും പട്ടണത്തിലാണ് താമസിക്കുന്നത്. അവധി ദിനങ്ങളില്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്നവരാണ് ഈ ജോലിക്കാര്‍.
രണ്ട് മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു.ഇനി മലഞ്ചരിവിലുള്ള അല്‍ കിഷ ഗ്രാമത്തിലേക്ക്. സുബഹിനെ കാണാന്‍. റോസ് വാട്ടര്‍ തയ്യാറാക്കുന്നത് എങ്ങിനെയന്ന് മനസിലാക്കാന്‍. കല്‍പ്പടവുകള്‍ ഇറങ്ങി എത്തുന്നത് മാതളച്ചെടികള്‍ അതിരിട്ട് നില്‍ക്കുന്ന ആ വീട്ടിലേക്ക്. പനിനീര്‍ തളിച്ചു കൊണ്ടാണ് അതിഥിയായി എത്തിയ ഞങ്ങളെ സുബഹിന്റെ മക്കള്‍ സ്വീകരിച്ചത്.
വിറകുകൊണ്ടുള്ള ചെറിയൊരു ചൂളയാണ് ഈ പനിനീര്‍ വീട്ടിലെ കാഴ്ച. അല്‍ ദുഅ്ജാന്‍ എന്നാണ് ഈ ചുളയ്ക്ക് പേര്. മുകളില്‍ നാല് പാത്രങ്ങളില്‍ വെള്ളം. താഴെ തീ കത്തുന്നു. ചൂളയില്‍ ഉറപ്പിച്ചിരിക്കുന്ന അല്‍ ബുര്‍്മാ എന്ന് വിളിക്കുന്ന മണ്‍കലത്തിലാണ് റോസാപ്പൂക്കളുടെ ദലങ്ങള്‍ ഇടുന്നത്. പിന്നീട് ഈ കലത്തിനുള്ളില്‍ ദലങ്ങള്‍ക്ക് മുകളിലായി ചെമ്പുകൊണ്ടുള്ള ചെറിയ പാത്രം വയ്ക്കും. അതിനും മുകളിലായാണ് തണുത്ത വെള്ളം നിറച്ച പാത്രങ്ങള്‍.
ചൂടില്‍ റോസാദലങ്ങളില്‍ നിന്ന് കണങ്ങള്‍ ആവിയായി മുകളിലേക്ക്. ഇത് വെള്ളം നിറച്ച പാത്രത്തില്‍ തട്ടി തണുത്ത് മണ്‍കലത്തിനുള്ളിലെ ചെമ്പ് പാത്രത്തില്‍ ശേഖരിക്കപ്പെടുന്നു. ഇതാണ് റോസ് വാട്ടര്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ റോസാദലങ്ങള്‍ വാറ്റിയെടുക്കുകയാണ് ചെയ്യുന്നത്.
നാല് മണിക്കൂര്‍ തുടര്‍ച്ചയായി ചൂളയില്‍ തീ കത്തിക്കണം. 750 മില്ലി ലിറ്റര്‍ പനിനീര്‍ കിട്ടാന്‍ രണ്ട് കിലോഗ്രാമെങ്കിലും റോസാദലങ്ങള്‍ വേണമത്രെ. അല്‍ കറാസ് എന്ന് വിളിക്കുന്ന വലിയ പാത്രങ്ങളിലാണ് റോസ് വാട്ടര്‍ ശേഖരിച്ച് വയ്ക്കാറ്. വെളിച്ചം തട്ടാതെ വീടിനകത്ത് ചുരുങ്ങിയത് രണ്ട് മാസമെങ്കിലും പനിനീര്‍ വെള്ളം ഇങ്ങനെ ശേഖരിച്ച് വയ്ക്കണം. എന്നാലേ ഇത് കൃത്യമായ സുഗന്ധമുള്ളതായി മാറൂ.
ഗ്രാമവാസികളുടെ ജീവിതവുമായി പനിനീര്‍ ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. സുഗന്ധദ്രവ്യമായും മരുന്നായും ഭക്ഷ്യ വസ്തുവായുമെല്ലാം പനിനീര്‍ ഇവര്‍ ഉപയോഗിക്കുന്നു. ഹല്‍വയിലും കോഫിയിലും ബിരിയാണിയിലുമെല്ലാം പനിനീര്‍ ഉപയോഗിക്കുന്നു. അതിഥികളെ സ്വീകരിക്കുന്നതും പനിനീര്‍ തളിച്ച്. ഹെയര്‍ ഓയിലായും റോസ് വാട്ടര്‍ ഉപയോഗിക്കുന്നു ഈ പരമ്പരാഗത ഗ്രാമത്തില്‍.
റോസ് വാട്ടര്‍ നിര്‍മ്മിക്കുന്ന കാഴ്ചകള്‍ കണ്ട് നില്‍ക്കുമ്പോള്‍ തോട്ടത്തില്‍ നിന്ന് അപ്പോള്‍ പറിച്ചെടുത്ത പഴങ്ങളുമായി സുബഹിന്റെ മകനെത്തി. നിലത്ത് പായ വിരിച്ച് ഞങ്ങളെ സല്‍ക്കരിക്കാനുള്ള വിഭവങ്ങള്‍ തയ്യാറായത് മിനിട്ടുകള്‍ക്കകം. വിവിധ തരം പഴങ്ങള്‍ കഴിച്ച് കഹ് വയും (അറബിക് കോഫി) കുടിച്ച് കുറേനേരം സൊറ പറഞ്ഞിരുന്നു അവിടെ.
കേരളത്തിലെ ഏതോ ഗ്രാമങ്ങളില്‍ സൊറ പറഞ്ഞിരിക്കേണ്ട നാല് പേര്‍ ഒമാനിലെ ഒരു കുഗ്രാമത്തില്‍ ഇങ്ങനെ. ഓരോ യാത്രയും അറിവുകളുടെ വാതായനങ്ങളാണ് തുറക്കുന്നതെന്ന് ഇപ്പോള്‍ ഈ ചങ്ങാതിമാര്‍ അറിയുന്നുണ്ട്.
മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍
ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?
അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം
ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ, ഒരു പെണ്ണ്!
അബുദാബിയിലെ പൂച്ചകളും തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍
മൈതാനം നിറയെ മുടിവെട്ടുകാര്‍; ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത
ദാദ് മുറാദ്: 93 മക്കളുടെ പിതാവ്
അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!
ഇങ്ങനെയുമുണ്ട് ഒമാന്‍ വിവാഹങ്ങള്‍!
ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!
യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!
മരിച്ചത് എന്റെ ശത്രുവായിരുന്നു; എന്നെ ദുബായ് ജയിലിലാക്കിയ സുഹൃത്ത്!
റാസല്‍ ഖൈമയിലെ ഈ ഗ്രാമത്തില്‍ രാത്രികളില്‍ ആരും പോവാറില്ല!
യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സും രണ്ട് മലയാളികളും!