ദുബൈയിലെ പാക്കിസ്ഥാനി ഡ്രൈവര്‍  മമ്മൂട്ടിയുടെ കട്ട ഫാനായ കഥ!

By Faisal Bin Ahamad  |  First Published May 11, 2017, 11:30 PM IST

ദേര ദുബായിലെ നയിഫിലൂടെ നടക്കുമ്പോഴാണ് ആ പാക്കിസ്ഥാനി റസ്‌റ്റോറന്റിനെക്കുറിച്ച് സുഹൃത്ത് അബ്ബാസ് പറയുന്നത്. അവിടുത്തെ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ചെന്നെത്തിയത് റസ്‌റ്റോറന്റിനു മുന്നില്‍ തന്നെ.


ദേര ദുബായിലെ നയിഫിലൂടെ നടക്കുമ്പോഴാണ് ആ പാക്കിസ്ഥാനി റസ്‌റ്റോറന്റിനെക്കുറിച്ച് സുഹൃത്ത് അബ്ബാസ് പറയുന്നത്. അവിടുത്തെ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ചെന്നെത്തിയത് റസ്‌റ്റോറന്റിനു മുന്നില്‍ തന്നെ. നേരെ അങ്ങോട്ട് കയറി. കൗണ്ടറില്‍ ഇരിക്കുന്ന ഉടമസ്ഥനായ പഠാണി വെളുക്കെ ചിരിച്ചു. അബ്ബാസിനെ അയാള്‍ക്കറിയാം. അതാണ് ഈ സൗഹൃദച്ചിരി.

Latest Videos

നല്ല രുചിയുള്ള കബാബും മറ്റും കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അബ്ബാസ് അക്കാര്യം പറഞ്ഞത്. പാക്കിസ്ഥാനി ഭക്ഷണം വിളമ്പുന്ന റസ്‌റ്റോറന്റാണെങ്കിലും ആ പഠാണിക്കൊപ്പം ഒരു മലയാളി പാര്‍ട്ണര്‍ കൂടിയുണ്ട്. കാസര്‍ക്കോട് സ്വദേശി അഷ്‌റഫ്. അബ്ബാസിന്റെ സുഹൃത്താണയാള്‍. അഷ്‌റഫ് ദുബായിലെത്തിയ കാലത്ത് അബ്ബാസിന്റെ റൂം മേറ്റായിരുന്നുവത്രെ. കാസര്‍ക്കാട്ടുകാരന്‍ ഈ പഠാണിയുമായി ചേര്‍ന്ന് ചെറിയൊരു ബിസിനസ് തുടങ്ങിയതും അവ വളര്‍ന്നതും ചരിത്രം. 

ഇന്റീരിയര്‍ ഡെക്കറേഷന് കമ്പനിയും ഹോട്ടലും ഐടി കമ്പനിയുമെല്ലാമായി പാക്കിസ്ഥാനിയുമൊത്തുള്ള പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ് പൊടിപൊടിക്കുകയാണ് ഇപ്പോള്‍. ഇരുവരും ചേര്‍ന്ന് പാക്കിസ്ഥാനി ഭക്ഷണങ്ങള്‍ വിളമ്പുന്ന മറ്റൊരു റസ്‌റ്റോറന്റുകൂടി ഉടന്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ്. 

ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാന്‍ ചെന്നപ്പോള്‍ പഠാണി പറയുന്നു, 'അഷ്‌റഫ് എന്റെ സഹോദരനാണ്. അവന്റെ അടുത്ത ചെങ്ങായിമാരോട് ഞാന് കാശ് വാങ്ങില്ല'. എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം കാശ് വാങ്ങാന് സമ്മതിക്കുന്നില്ല. ഇടയ്ക്ക് ഇവിടേക്ക് വരണമെന്ന് പറഞ്ഞ് ആശംസാ വചനങ്ങള്‍ ചൊല്ലിയാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കിയത്.

കബാബിന്റെ രുചിയെപ്പറ്റി പറഞ്ഞ് നടക്കുന്നതിനിടയില്‍ അബ്ബാസ് മറ്റൊന്ന് കൂടി പറഞ്ഞു പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ പാക്കിസ്ഥാനികളാണ് ഏറ്റവും നല്ലത്. അവര്‍ ചതിക്കില്ല. മലയാളികളെപ്പോലെയല്ല. 

അങ്ങനെയോ എന്ന് നെറ്റി ചുളിക്കുമ്പോഴേക്കും വിശദീകരണവുമെത്തി. 'ഇത് അഷ്‌റഫ് പറഞ്ഞതാണ്. അവന്റെ അനുഭവം അതാണ്. മറ്റു പലരും പാക്കിസ്ഥാനികളെക്കുറിച്ച് ഈ അഭിപ്രായം പറയുന്നത് ഞാന് കേട്ടിട്ടുണ്ട്'.


  
ശത്രുരാജ്യത്തെ ആളുകള്‍ എന്നതിനപ്പുറം, ക്രിക്കറ്റ് കളിയില്‍ തോറ്റാല്‍ ടിവി എറിഞ്ഞുടയ്ക്കുന്നവര്‍ എന്നതിനപ്പുറം, വെള്ളിയാഴ്ചകളില്‍ മാത്രം കുളിക്കുന്നവര്‍ എന്ന പരിഹാസത്തിനപ്പുറം, പച്ച എന്ന ആ കളിയാക്കലിനുമപ്പുറം, പച്ചയായ ഒരു യാഥാര്‍ത്ഥ്യം അന്ന് അറിയുകയായിരുന്നു. 
 
ഹിന്ദി സംസാരിക്കാന്‍ പഠിക്കുന്നതില് പാക്കിസ്ഥാനികള്‍ എന്നെ ചില്ലറയൊന്നുമല്ല സഹായിച്ചത്. ദുബായിലെ പാക്കിസ്ഥാനി ടാക്‌സി ഡ്രൈവര്‍മാരോട് സംസാരിച്ച് സംസാരിച്ചാണ് കുറച്ചെങ്കിലും ഹിന്ദി സ്വായത്തമാക്കിയത്. 

ഒരു ദിവസം ടാക്‌സിയില്‍ കയറിപ്പോള്‍ എവിടേക്കാ പോകേണ്ടതെന്ന് നല്ല പച്ചമലയാളത്തില്‍ ചോദിക്കുന്നു, പാക്കിസ്ഥാനി. കാണാന് പാക്കിസ്ഥാനി ലുക്കെങ്കിലും ഇനി ഇയാള്‍ മലയാളിയായിരിക്കുമോ എന്ന് സന്ദേഹിക്കുമ്പോഴേക്കും അയാളുടെ ചോദ്യമെത്തി. നാട്ടില്‍ എവിടെയാ? പിന്നെ സംസാരം മലയാളത്തില്‍ തന്നെ. നാടന്‍ കോഴിക്കോടന്‍ ശൈലിയിലുള്ള സംസാരമായതുകൊണ്ട് തന്നെ അയാള്‍ കോഴിക്കോട്ടുകാരനാണെന്ന് ഉറപ്പ്. 

നാട്ടില്‍ എവിടെയാ എന്ന് തിരിച്ച് ഭംഗിവാക്ക് ചോദിച്ചു. കോഴിക്കോട് കൊടുവള്ളി എന്ന് മറുപടി. അയാളൊരു സംസാരപ്രിയനായിരുന്നു. തൃശൂര്‍ പൂരവും പത്തിരിയും വയനാടന് ചുരവുമെല്ലാം സംസാരത്തില്‍ നിറഞ്ഞു. തിരൂര്‍, ഓമശ്ശേരി, ഗുരുവായൂര്‍, കൊല്ലം, നിലമ്പൂര് അങ്ങിനെ ഒരുപാട് സ്ഥലങ്ങളും.  

തൃശൂര് പൂരത്തെക്കുറിച്ച് അയാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഞാന് ആദ്യം കണ്ടപ്പോള്‍ ചിന്തിച്ച അബദ്ധത്തെക്കുറിച്ച് പറഞ്ഞത്. നിങ്ങളൊരു പാക്കിസ്ഥാനിയാണെന്നാ ഞാന്‍ ആദ്യം കരുതിയത്. 

'ഹ.ഹ. കുറേപ്പേര്‍ അങ്ങനെ വിചാരിച്ചിട്ടുണ്ട്. എന്നെ കണ്ടാല്‍ പാക്കിസ്ഥാനിയെപ്പോലെയുണ്ടല്ലേ?'

'ആ... അങ്ങിനെ തോന്നും.' 

'പാക്കിസ്ഥാനി അല്ലെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. പിന്നെ മലയാളത്തില്‍ സംസാരിക്കുമ്പോഴാ എല്ലാരും വിശ്വസിക്കുന്നത്'. 

'നിങ്ങള്‍ കുറേനേരം മലയാളത്തില്‍ സംസാരിച്ചപ്പോഴാ എനിക്കും വിശ്വാസമായത്'. 

അയാള്‍ പൊട്ടിച്ചിരിച്ചു. 'സംശയിക്കേണ്ട. ഞാന് പാക്കിസ്ഥാനി തന്നെയാണ്. നല്ല  ഒന്നാംതരം പച്ച'

'ങേ?'
 
'പാക്കിസ്ഥാനിലെ പെഷവാറിലാണ് എന്റെ സ്വദേശം'
 
എന്ത് പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ഒരു മലയാളി പറയുന്ന അതേ ലാഘവത്തോടെ മലയാളം പറയുന്നതെങ്ങനെ എന്ന മനസിലെ ചോദ്യത്തിന് അയാള്‍ തന്നെ ഉത്തരം നല്‍കി. 'എന്റെ റൂം മേറ്റ് മലയാളിയാണ്. കോഴിക്കോട് കൊടുവള്ളി സ്വദേശി. അയാളാണ് എന്നെ മലയാളം പഠിപ്പിച്ചത്. ഇപ്പോള്‍ ഞങ്ങള് തമ്മില് സംസാരിക്കുന്നത് മലയാളത്തിലാണ്.  കേരളത്തെക്കുറിച്ചുള്ള ഈ അറിവെല്ലാം ചങ്ങാതിയില്‍ നിന്ന് കിട്ടിയതാണ്'.

എന്തായാലും ഒരിക്കല്‍ കേരളം കാണാന്‍ വരണമെന്ന് പറയുന്നു ഈ പാക്കിസ്ഥാനി ടാക്‌സി ഡ്രൈവര്‍.  മലയാളിയും പാക്കിസ്ഥാനിയും തമ്മിലുള്ള സൗഹൃദത്തിന് ഇങ്ങനെയും ചില ഉദാഹരണങ്ങള്‍.

ഒരു വെള്ളിയാഴ്ചയാണ് ജമീല്‍ ഓടിക്കുന്ന ടാക്‌സിയില്‍ നടന് മമ്മൂട്ടി കയറുന്നത്. പള്ളിയില്‍ ജുമുഅക്ക് പോകാനായിരുന്നു നടന്‍ ടാക്‌സി വിളിച്ചത്. ഈ പാക്കിസ്ഥാനി ഡ്രൈവര്‍ പിന്നീട് മമ്മൂട്ടി സിനിമകളുടെ ആരാധകനായി. 

തന്റെ കാറില്‍ കയറിയത് ആരെന്ന് അറിഞ്ഞതോടെ പിന്നെ അദ്ദേഹത്തെക്കുറിച്ച് പഠിക്കാനായി ജമീലിന്റെ ശ്രമം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. ദുബായില്‍ മമ്മൂട്ടി സിനിമകള്‍ വരുമ്പോള്‍ കാണാന്‍ തുടങ്ങി. ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഉള്ളത് കൊണ്ട് മലയാളം വശമില്ലെങ്കിലും സിനിമ മനസിലാവും.

കൊമേഴ്‌സ് ബിരുദധാരിയാണെങ്കിലും വീട്ടിലെ പ്രാരാബ്ധം കൊണ്ട് ഡ്രൈവറായ ആളാണ് ജമീല്‍. (വര്‍ഷങ്ങള്‍ക്കിപ്പുറവും ജമീല്‍ എന്ന പേര് ഓര്‍ത്തിരിക്കാന്‍ കാരണമുണ്ട്. എന്റെ ഉമ്മയുടെ പേര് ജമീല എന്നാണ്. ഉമ്മയുടെ പേരുമായുള്ള സാമ്യം അന്ന് സംസാരിച്ചിരുന്നു. താങ്കളുടെ പേര് ഒരിക്കലും മറക്കില്ല എന്ന് ജമീലിനോട് പറഞ്ഞതും അതുകൊണ്ട്.)

കാണുമ്പോള്‍ മമ്മൂട്ടി ഫാനായി മാറിക്കഴിഞ്ഞിരുന്നു ജമീല്‍. ദീര്‍ഘ നേരമുള്ള ടാക്‌സി ജോലി കഴിഞ്ഞ് സമയമുണ്ടാക്കി മമ്മൂട്ടി സിനിമകള്‍ കാണുന്നു ഇദ്ദേഹം. ഒന്നു പോലും ഒഴിവാക്കാതെ തന്നെ. 

ചിലപ്പോഴെങ്കിലും കൂടെ താമസിക്കുന്ന പഠാണികള്‍ നിനക്കെന്താ ഭ്രാന്തുണ്ടോ എന്ന് ചോദിക്കുമെങ്കിലും അതൊന്നും വകവെക്കുന്നില്ല ഇദ്ദേഹം. മമ്മുക്കയുടെ സിനിമകള്‍ കണ്ടിട്ടേ ബാക്കി എന്തുമുള്ളൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു ഇദ്ദേഹം.

ചിത്രീകരണം: വി.പി ഇസ്ഹാഖ്

അന്ന് ടാക്‌സി യാത്രക്കിടയില്‍ ജമീല്‍ ചോദിച്ച ചോദ്യം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. 'മമ്മൂട്ടി സാറിന്റെ മക്കളൊന്നും സിനിമയില്‍ വരാത്തതെന്താ?'
വര്‍ഷങ്ങള്ക്കിപ്പുറം ജമീലിനെ ഓര്‍ത്തെടുക്കുമ്പോള്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വലിയ നടനായി മാറിക്കഴിഞ്ഞിരിക്കുന്നു. 

ഒരു പക്ഷേ മമ്മൂട്ടിയോടുള്ളള ഇഷ്ടം കൊണ്ട് ജമീല് ഇപ്പോള്‍ ദുല്‍ഖറിന്റെ സിനിമകളും കാണുന്നുണ്ടാവും. അതിനുമപ്പുറം ദുല്‍ഖറിന്റെ കട്ടഫാനായി മാറിയിട്ടുമുണ്ടാവാം.

പാക്കിസ്ഥാനില്‍ ജനിച്ച, മലയാളം അറിയാത്ത ഒരാള്‍ മമ്മൂട്ടിയുടെ ഫാനായി മാറുക. കൊടുവള്ളിക്കാരനില്‍ നിന്ന് പഠാണി മലയാളം പഠിക്കുക. കാസര്‍ക്കോട്ടുകാരനുമായി ചേര്ന്ന് പാക്കിസ്ഥാനി ബിസിനസ് സംരംഭം കെട്ടിപ്പൊക്കുക. ലോകത്തിന്റെ പല കോണുകളില്‍ നിന്നെത്തിയവര് ഈ അറബ് എമിറേറ്റില്‍ പല പല കാരണങ്ങളാല്‍ ബന്ധിപ്പിക്കപ്പെടുന്നു. 

ജീവിതത്തില്‍ കാലം കാത്തുവയ്ക്കുന്നത് എന്താണെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലല്ലോ.  

 

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!

യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!

അറബിയെ പോറ്റിയ മലയാളി!

മരിച്ചത് എന്റെ ശത്രുവായിരുന്നു; എന്നെ ദുബായ് ജയിലിലാക്കിയ സുഹൃത്ത്!

റാസല്‍ ഖൈമയിലെ ഈ ഗ്രാമത്തില്‍ രാത്രികളില്‍ ആരും പോവാറില്ല!

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സും രണ്ട് മലയാളികളും!

ഈ ഒമാന്‍ ഗ്രാമത്തിന്  പനിനീര്‍ മണമാണ്!

click me!