യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!

By Faisal Bin Ahamad  |  First Published Mar 20, 2017, 12:36 PM IST

ദിബ്ബ തുറമുഖത്തിന് സമീപം ലേലം വിളിക്കാനായി മീനുകള്‍ കൂട്ടിയിടുന്ന ഇടത്തിന് അടുത്ത് മരബഞ്ചില്‍ ഈ ചങ്ങാതികള്‍ ഉണ്ടാകും. വെടിവട്ടവുമായി എല്ലാ വൈകുന്നേരങ്ങളിലും


മനസ്സിലെ യൗവനത്തിന് പ്രായ പരിധിയുണ്ടോ? 

Latest Videos

'ഇല്ലേയില്ല' എന്നാണ് ദിബ്ബയിലെ സാലേം മുഹമ്മദ് പറയുന്നത്. സാലേമിന് വയസ് 100. പ്രായത്തില്‍ സെഞ്ചുറി തികച്ചെങ്കിലും ഈ യു.എ.ഇ സ്വദേശി ഇപ്പോഴും വെടിവട്ടം പറഞ്ഞിരിക്കുന്ന ചെറുപ്പമാണ്. സാലേമിന്റെ നേതൃത്വത്തില്‍ ഒരു ചങ്ങാതി സദസുണ്ട് യു.എ.ഇയിലെ ദിബ്ബ തുറമുഖത്തിന് സമീപം. പണ്ട് തുടങ്ങിയ കൂട്ടുകാരുടെ ഇരിപ്പ് പതിറ്റാണ്ടുകളായി ഇപ്പോഴും തുടരുന്നു. 

ദിബ്ബ തുറമുഖത്തിന് സമീപം ലേലം വിളിക്കാനായി മീനുകള്‍ കൂട്ടിയിടുന്ന ഇടത്തിന് അടുത്ത് മരബഞ്ചില്‍ ഈ ചങ്ങാതികള്‍ ഉണ്ടാകും. വെടിവട്ടവുമായി എല്ലാ വൈകുന്നേരങ്ങളിലും.

മദ്ധ്യവയസ്‌ക്കരും വൃദ്ധരുമാണ് ചങ്ങാതിക്കൂട്ടത്തില്‍ മിക്കവരും. സംഘത്തലവന്‍ നൂറുവയസുകാരന്‍ സാലേം മുഹമ്മദ് തന്നെ. തന്റെ  പ്രവര്‍ത്തനത്തില്‍ ചെറുപ്പം സൂക്ഷിക്കണമെന്ന് വിചാരിക്കുന്നു എപ്പോഴും ഈ വൃദ്ധന്‍. ശരീരം പലപ്പോഴും അത് അനുവദിക്കാറില്ല എന്നത് വേറെ കാര്യം. ഇദ്ദേഹത്തിനൊപ്പം ചങ്ങാതിസദസില്‍ എത്തിയപ്പോള്‍ എല്ലാവരും ആവേശത്തിലായിരുന്നു. തമാശയും പാട്ടുമെല്ലാമായി സന്തോഷത്തില്‍. 

സാലേമിന് അറബിയേ വശമുള്ളൂ. അതുകൊണ്ട് തന്നെ ദിബ്ബ തുറമുഖത്ത് ജോലി ചെയ്യുന്ന അശോകന്‍ എന്ന സുഹൃത്ത് ദ്വിഭാഷിയായി. 

ഈന്തപ്പഴവും ഒട്ടകപ്പാലും മീനും തിന്ന് ജീവിതം തള്ളിനീക്കിയ ഒരു പഴയ കാലമുണ്ട് ഞങ്ങള്‍ക്ക്.

മീനുകള്‍ മാത്രമുള്ള കാലം
എത്രകാലമായി ചങ്ങാതികള്‍ ഒത്തു കൂടാന്‍ തുടങ്ങിയിട്ട്? 

'എത്രയോ വര്‍ഷങ്ങളായി. എന്റെ ചെറുപ്പം മുതല്‍ ഞാനിവിടെ എത്തുന്നു. പലരും മരിച്ചു പോയി. പുതുതായി ഈ കൂട്ടത്തിലേക്ക് പലരും വന്നു'- സാലേം പറഞ്ഞ് തുടങ്ങി. 

'മീന്‍പിടുത്തമായിരുന്നു അന്ന് ഞങ്ങളുടെ ഉപജീവന മാര്‍ഗ്ഗം. മീനുകള്‍ മാത്രമുള്ള കാലം. ഈന്തപ്പഴവും ഒട്ടകപ്പാലും മീനും തിന്ന് ജീവിതം തള്ളിനീക്കിയ ഒരു പഴയ കാലമുണ്ട് ഞങ്ങള്‍ക്ക്. അത് ഒരിക്കലും മറക്കില്ല -സാലേം വാചാലനായി. 

കടലായിരുന്നു ഞങ്ങളുടെ ദൈനംദിന ജീവിതത്തെ അന്ന് മുന്നോട്ട് കൊണ്ടുപോയിരുന്നത്. കടലായിരുന്നു എല്ലാം എന്ന് പറയുന്നതാവും ശരി-വൃദ്ധന്റെ വാക്കുകള്‍ നേര്‍ത്തു. 

ഇന്നത്തെ ഈ സൗകര്യങ്ങളൊക്കെ വരുന്നതിന് മുമ്പുള്ള ആ കാലം പുതുതലമുറയും ഒരിക്കലും മറക്കാന്‍ പാടില്ല. ഞങ്ങളുടെ ചരിത്രമാണത്. അതിജീവനത്തിന്റേിയും പുരോഗതിയിലേക്കുള്ള പ്രയാണത്തിന്റെയും ചരിത്രം- പ്രായം ശബ്ദത്തെ തളര്ത്തുന്നുണ്ടെങ്കിലും നന്നായി സംസാരിക്കുന്നു ഇദ്ദേഹം. ഇടയ്ക്ക് നിര്‍ത്തി . ആലോചിച്ച്. ദീര്‍ഘനിശ്വാസം വിട്ട്, പഴമ ഓര്‍ത്തെടുത്ത്, സാലേം. പഴയകാലത്തെക്കുറിച്ച് പറയുമ്പോള്‍ ഈ വൃദ്ധന്റെ കണ്ണുകളില്‍ തിളക്കം. ഓര്‍മ്മകളില്‍ കടലിരമ്പം.

സാലേം ഇങ്ങനെ സംസാരിച്ചു കൊണ്ടേ ഇരിക്കുമ്പോള്‍ മാലതി മൈത്രിയുടെ കവിതാ ശകലമാണ് ഓര്‍മ്മ വന്നത്.

'ചായപ്പലകയിലെ 
കഴുകിയിട്ടും പോകാത്ത നിറങ്ങളെപോലെ
ഓരോരുത്തരിലും 
കടല്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്'.

വള്ളം നിറയെ മീനുകളുമായി വന്ന മുക്കുവന്മാരെ എത്രയോ കണ്ടിരിക്കുന്നു ഈ തുറമുഖം.

മീന്‍ ലേലം 
ദിബ്ബ തുറമുഖം പണ്ട് മുതലേ സജീവമാണ്. വള്ളം നിറയെ മീനുകളുമായി വന്ന മുക്കുവന്മാരെ എത്രയോ കണ്ടിരിക്കുന്നു ഈ തുറമുഖം. കടല്‍ ചതിച്ച് മീനുകളില്ലാതെ ഒഴിഞ്ഞ വള്ളവുമായി വന്നവരേയും. 

വള്ളത്തിന് പകരം ബോട്ടുകളായെങ്കിലും ദിബ്ബ തുറമുഖത്തിന് പറയത്തക്ക മാറ്റങ്ങളൊന്നും വന്നിട്ടില്ല. വൈകുന്നേരങ്ങളില്‍ ഇവിടം സജീവമാകും. ലേലം വിളിയുടെ സജീവതയിലായിരിക്കും മിക്ക വൈകുന്നേരങ്ങളും. കടലില്‍ നിന്ന് പിടിക്കുന്ന മീനുകള്‍ ബോട്ടില്‍ നിന്ന് നേരെ ഇറക്കുന്നത് ഇവിടേക്ക്. പിന്നെ നിരത്തിവച്ച് ലേലം വിളി തുടങ്ങുകയായി. 

ഫിഷര്‍മെന്‍ അസോസിയേഷന്റെ മേല്‍നോട്ടത്തിലാണ് ഈ ലേലം വിളി. ഏറ്റവും കൂടുതല്‍ തുക പറയുന്നയാള്‍ക്ക് മീന്‍ വില്‍ക്കും . ഈ തുകയുടെ നിശ്ചിത ശതമാനം ഫിഷര്‍മെന്‍ അസോസിയേഷനുള്ളതാണ്. 

യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലേക്ക് ദിബ്ബ പോര്‍ട്ടില്‍ നിന്നും മീനുകള്‍ കൊണ്ട് പോകുന്നുണ്ട്. തുറമുഖത്തോട് അനുബന്ധിച്ച് ഒരു മീന്‍ മാര്‍ക്കറ്റുമുണ്ട്. സീസണ്‍ അനുസരിച്ച് വൈവിധ്യമേറിയ മത്സ്യങ്ങളാണ് ഇവിടെ എത്തുന്നതും ലേലം വിളിച്ച് വില്‍ക്കപ്പെടുന്നതും. പലപ്പോഴും ചങ്ങാതി വട്ടം ലേലം വിളിക്കിടയില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ഇവിടെ ഈ ഇരുത്തത്തിനിടയില്‍ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും മാത്രമല്ല എന്തും ഇവര്‍ ചര്‍ച്ച ചെയ്യുന്നു. ആകാശത്ത് കീഴെയുള്ളതും മേലെയുള്ളതും. ഒരു ഫ്‌ളാസ്‌ക്കില്‍ കഹ് വയും പ്ലേറ്റില്‍ ഈന്തപ്പഴവും- ചങ്ങാതിവട്ടത്തിനടുത്ത് ഇവ രണ്ടും എപ്പോഴുമുണ്ടാകും. കഹ്‌വ കുടിച്ച് ഈന്തപ്പഴവും രുചിച്ച് ഇങ്ങനെ വെടിപറഞ്ഞിരിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. 

ഈ ചങ്ങാതി വട്ടത്തിലുള്ളവരില്‍ പലരും ഉയര്‍ന്ന ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവര്‍

മുത്തുവാരാന്‍ പോകുന്നവര്‍
സാലേമിന്റെ ഓര്‍മ്മകളില്‍ പഴയ കാലമുണ്ട്. മീന്‍പിടുത്തം മാത്രമല്ല മുത്തുവാരലും അന്നത്തെ പ്രധാന തൊഴില്‍. കടലിനിടയിലേക്ക് ഊളിയിട്ട് മുത്തുചിപ്പി കണ്ടെത്തുന്നതിന് നല്ല വൈദഗ്ധ്യം വേണം. പെട്ടെന്ന് താഴാന്‍ ശരീരത്തില്‍ വലിയ കല്ല് കെട്ടിവച്ചാണ് മുങ്ങല്‍ വിദഗ്ധര്‍ കടലിലേക്ക് ചാടാറെന്ന് സാലേം. നാലും അഞ്ചും കിലോഗ്രാം ഭാരമുള്ള കല്ലുകളാവും ഇവ. മൂക്കില്‍ ക്ലിപ്പും ഘടിപ്പിച്ചാണ് ഇവരുടെ ചാട്ടം. ഫുത്താം എന്നാണ് ഈ ക്ലിപ്പിന്റെ പേര്. ആമയുടെ പുറംതോടു കൊണ്ട് അല്ലെങ്കില്‍ ആടിന്റെ കൊമ്പുകൊണ്ടാണ് ഫുത്താം നിര്‍മ്മിക്കാറ്. 

ശരീരത്തില്‍ നിറയെ മുള്ളുകളുള്ള കടല്‍ച്ചേനയില്‍ നിന്ന് രക്ഷനേടാന്‍ വിരലുകളില്‍ പ്രത്യേക സുരക്ഷാ കവചവും ഈ മുങ്ങലുകാര്‍ ധരിക്കാറുണ്ട്. തുകലുകൊണ്ട് നിര്‍മ്മിച്ച ഇവയുടെ പേര് ഖബാത്ത് എന്ന്. ഇന്ന് മുത്തുവാരാന്‍ പോകുന്നവര്‍ ഇല്ല എന്നു തന്നെ പറയാം. 

ഇനി പാട്ടാകാമെന്നായി ചങ്ങാതികളില്‍ ഒരാള്‍. അങ്ങിനെ സംഘത്തിലെ മധുരശബ്ദക്കാരന്‍ പാട്ടു തുടങ്ങി. മറ്റുള്ളവര്‍ കൂടെക്കൂടി. പാട്ടങ്ങനെ നീണ്ടു പോവുകയാണ്.... മീന്‍പിടുത്തത്തെക്കുറിച്ചും തങ്ങളുടെ സംസ്‌ക്കാരത്തെക്കുറിച്ചുമെല്ലാം ഈ പാട്ടുകള്‍ പറയുന്നു. ഇപ്പോള്‍ പാടുന്നത് സാലേം തന്നെ. നേര്‍ത്ത ശബ്ദത്തില്‍ ഇടയ്ക്ക് ശബ്ദം ശ്രവ്യമാകാത്തവിധം നേര്‍ത്ത് ഇദ്ദേഹത്തിന്റെ പാട്ട്...

ഈ ചങ്ങാതി വട്ടത്തിലുള്ളവരില്‍ പലരും ഉയര്‍ന്ന ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവര്‍. മറ്റുചിലരാവട്ടെ സ്ഥലത്തെ പ്രമാണികള്‍. എങ്കിലും തുറമുഖത്തിന് സമീപം പഴയ മരബഞ്ചുകളില്‍ വന്നിരിക്കാന്‍ ഇവര്‍ക്ക്  യാതൊരു മടിയുമില്ല. തങ്ങളുടെ സംസ്‌ക്കാരത്തെക്കുറിച്ചും പഴയകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും വാതോരാതെ സംസാരിക്കാനും ഇവര്‍ തയ്യാറാവുന്നു. ഇവരുടെ മക്കളില്‍ പലരും ഇപ്പോള്‍ ഗവണ്‍മന്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥരാണ്. എങ്കിലും വര്‍ഷങ്ങളായി തുടരുന്ന ഈ ഇരിപ്പിന് മാത്രം യാതൊരു മാറ്റവും വരുത്തിയിട്ടില്ല ഈ ചങ്ങാതികള്‍. 

ചിത്രീകരണം: വി.പി ഇസ്ഹാഖ്

കഹ്‌വയും കുടിച്ച് വര്‍ത്താനം പറഞ്ഞ്...
ഈ സംഘം കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ ആയിരുന്നെങ്കില്‍? അല്ല ചെങ്ങായിയേ എന്ന് കോഴിക്കോടന്‍ ശൈലിയിലോ, എന്തൂട്ടാ ഖഡീ എന്ന് തൃശൂര്‍ ശൈലിയിലോ, ജ്ജ് എബടെ ചെങ്ങായി എന്ന് മലപ്പുറം ശൈലിയിലോ അഭിസംബോധന ചെയ്ത് പരസ്പരം കഥകള്‍ പറയുമായിരുന്നു.കന്തൂറയ്ക്ക് പകരം കൈലിമുണ്ടും ബനിയനും ധരിച്ച് തലയില്‍ ഒരു കെട്ടുമായി അല്ലെങ്കില്‍ കൈലി മാത്രമുടുത്ത് സാലേം അവിടെ ഉണ്ടാകുമായിരുന്നു... (പണ്ട് കാലത്ത് കൈലിയും ബനിയനുമായിരുന്നു അറബികളുടെ വേഷം എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം )

നമ്മുടെ വാമൊഴി ശൈലി പോലെ തന്നെ അറബി ഭാഷയിലും ശൈലികളുണ്ട്. ഗ്രാമത്തേയും നഗരത്തേയും പരിഷ്‌ക്കാരത്തേയും ഈ ശൈലികള്‍ വേര്‍ തിരിച്ച് നിര്‍ത്തുന്നുമുണ്ട്. അപരിചിതരെങ്കിലും വഴിയാത്രക്കാരെ അതിഥികളായി കണ്ട് ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന നിഷ്‌കളങ്കരേയും, സംശയത്തിന്റെ കണ്ണോടെ കാണുന്ന നാഗരികരേയും സംസാരിക്കുന്ന ഭാഷയിലൂടെ തിരിച്ചറിയാന്‍ കഴിയും എന്നതാണ് നേര്. ഗ്രാമം കൂടുതല്‍ നിഷ്‌കളങ്കമാണ് യു.എ.ഇയിലും. ദിബ്ബയിലെ താമസക്കാരും ഈ ചങ്ങാതിവട്ടവും അത് വ്യക്തമാക്കിത്തരുന്നുമുണ്ട്. 

പഴയ കഥകള്‍ പറഞ്ഞും പുതു തലമുറയ്ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തും ചങ്ങാതിവട്ടം ദിബ്ബയിലുണ്ട്. എല്ലാ ദിവസവുമുള്ള ഇവരുടെ ഒത്തുചേരലും സൗഹൃദവും യുവാക്കളെപ്പോലും അല്‍ഭുതപ്പെടുത്തുന്നു. 

ചങ്ങാതിക്കൂട്ടത്തോട് യാത്രപറയുമ്പോള്‍ അഭിവാദനങ്ങളോടൊപ്പം അറബിയില്‍ ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു അവര്‍. 

അമാന്തം ഒന്നും വിചാരിക്കണ്ട. എടക്കെടക്ക് ങ്ങോട്ട് പോന്നോട്ടോ. കഹ്‌വയും കുടിച്ച് വര്‍ത്താനം പറഞ്ഞിര്ന്ന് തിരിച്ച് പോകാം- അവര്‍ പറഞ്ഞത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്താല്‍ ഇതായിരിക്കണം!

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍
ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!
 

click me!