പച്ചവെള്ളം മാത്രം കുടിച്ച് ദിവസങ്ങള്‍ തള്ളി നീക്കി ഈ കുടുംബം. അന്ന് ജോലി കഴിഞ്ഞ് വരുമ്പോഴാണ് താമസിക്കുന്ന ഇടത്തിന് കുറച്ചകലെയുള്ള മണ്ഡപത്തില്‍ കല്യാണ ചടങ്ങുകള്‍ നടക്കുന്നത് കുഞ്ഞുമുഹമ്മദിന്റെ ശ്രദ്ധയില്‍ പെട്ടത്. രണ്ടും കല്‍പ്പിച്ച് അങ്ങോട്ട് നടന്നു.
കുഞ്ഞുമുഹമ്മദിനെ വിളിച്ചിട്ട് കുറേക്കാലമായി. അയാള്‍ ഇപ്പോള്‍ അലൈനില്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതൊന്നുമായിരുന്നില്ല അയാളുടെ സ്ഥിതി.
ഏപ്രിലിലെ ഒരു വൈകുന്നേരമാണ് അലൈനില്‍ നിന്ന് കുഞ്ഞുമുഹമ്മദിന്റെ ഫോണ്‍വിളി എത്തുന്നത്. ഞാനാകെ ബുദ്ധിമുട്ടിലാണ് എന്നാണ് ആദ്യം പറഞ്ഞത്. ഭക്ഷണത്തിന് പോലും ഗതിയില്ലാത്ത അവസ്ഥയിലാണെന്നും ഭാര്യയും മൂന്ന് കുട്ടികളുമായി എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണെന്നും പറയുമ്പോള്‍ അയാള്‍ കരയുന്നുണ്ടായിരുന്നു.
പിറ്റേന്ന് തന്നെ അലൈനിലെ കുഞ്ഞുമുഹമ്മദിന്റെ വീട്ടിലെത്തി. ഒരു അറബി വീടിനോട് ചേര്‍ന്നുള്ള ചെറിയൊരു ഇടം. നമ്മുടെ നാട്ടിലാണെങ്കില്‍ ചായ്പ്പ് എന്നൊക്കെ പറയാവുന്ന ആ സ്ഥലത്താണ് അയാളും കുടുംബവും താമസിക്കുന്നത്. ഭാര്യയും പത്തില്‍ താഴെ മാത്രം വയസുള്ള മൂന്ന് പെണ്‍മക്കളും കൂടെയുണ്ട്.
ഈ മനുഷ്യസ്‌നേഹി ഇതെങ്ങിനെ ദുരിതക്കയത്തിലെത്തി?
തൃശൂര്‍ സ്വദേശിയാണ്. അലൈനില്‍ ഡെക്കറേഷന്‍ വര്‍ക്കുകളും മറ്റും ചെയ്യുകയായിരുന്നു. സുഹൃത്തുക്കളെ ജീവന് തുല്യം സ്‌നേഹിക്കുന്നയാള്‍. ദുരിതങ്ങള്‍ പറയുമ്പോള്‍ അവര്‍ക്കെല്ലാം കാശ് കടമായും അല്ലാതെയും കൊടുത്ത് സഹായിച്ചിരുന്നവന്‍. ഈ മനുഷ്യസ്‌നേഹി ഇതെങ്ങിനെ ദുരിതക്കയത്തിലെത്തി?
കുഞ്ഞുമുഹമ്മദിനെ പറ്റിച്ചത് സുഹൃത്തുക്കള്‍ തന്നെ. ഉമ്മയുടെ ചികിത്സയ്‌ക്കെന്നും പറഞ്ഞ് ഒരു സുഹൃത്ത് കുറേ കാശ് കടം വാങ്ങി നാട്ടിലേക്ക് പോയി. ഇല്ലാത്ത രോഗത്തിന്റെ പേരില്‍ പൈസ വാങ്ങിപ്പോയ അയാള്‍ പിന്നെ തിരിച്ച് വന്നില്ല. ആ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പേ മറ്റൊരു സുഹൃത്തും പറ്റിച്ചു. പാര്‍ട്ണ ര്‍ഷിപ്പ് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 17,000 ദിര്‍ഹം ഇദ്ദേഹത്തില്‍ നിന്ന് വാങ്ങിയ സുഹൃത്ത് ബിസിനസ് തുടങ്ങിയില്ല. എന്ന് മാത്രമല്ല ഒരു സുപ്രഭാതത്തില്‍ മുങ്ങുകയും ചെയ്തു.
പലിശക്കെടുത്തായിരുന്നു കുഞ്ഞുമുഹമ്മദ് ഈ തുക നല്‍കിയിരുന്നത്. പലിശ അടക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പിന്നെ. ജോലി ചെയ്ത് കിട്ടുന്നവയില്‍ നിന്ന് മിച്ചം വച്ച് പലിശക്കാരന് 8000 ദിര്‍ഹം നല്‍കി.. അടവ് തെറ്റിയപ്പോള്‍ പലിശക്കാരന്‍ പുറകേ. ഒടുവില്‍ 35,000 ദിര്‍ഹം ലഭിക്കാനുണ്ടെന്ന് കാണിച്ച് ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മലയാളിയായ ആ പലിശക്കാരന്‍ ബാങ്കില്‍ നിക്ഷേപിച്ചു. കേസാക്കി. കുഞ്ഞുമുഹമ്മദ് പോലീസ് പിടിയിലായി.
കുഞ്ഞുമുഹമ്മദിന്റെ ദുരിതം മനസിലാക്കിയ സ്‌പോണ്‍സര്‍ പലിശക്കാരനുമായി സംസാരിച്ചു. അവസാനം ചില കരാറുകളുടെ അടിസ്ഥാനത്തില്‍ പലിശക്കാരന്‍ കേസ് പിന്‍ വലിക്കാന്‍ തയ്യാറായി. കുഞ്ഞുമുഹമ്മദ് ജയില്‍ മോചിതനായി.
ഭക്ഷണം, വാടക, വസ്ത്രം, രണ്ട് കുട്ടികളുടെ വിദ്യാഭ്യാസം.... വെറും 300 ദിര്‍ഹത്തില്‍ ഇതെല്ലാം ഒതുക്കുന്നതെങ്ങിനെ?
1300 ദിര്‍ഹമാണ് ഇദ്ദേഹത്തിന്റെ മാസ ശമ്പളം. ഇതില്‍ 1000 ദിര്‍ഹം വച്ച് പ്രതിമാസം തൊഴിലുടമ പലിശക്കാരന് നേരിട്ട് നല്‍കും . ഫലത്തില്‍ കുഞ്ഞുമുഹമ്മദിന്റെ മാസ ശമ്പളം 300 ദിര്‍ഹം മാത്രം. ഭക്ഷണം, വാടക, വസ്ത്രം, രണ്ട് കുട്ടികളുടെ വിദ്യാഭ്യാസം.... വെറും 300 ദിര്‍ഹത്തില്‍ ഇതെല്ലാം ഒതുക്കുന്നതെങ്ങിനെ?
പുതിയ വസ്ത്രങ്ങളൊന്നും വാങ്ങേണ്ടെന്ന് തീരുമാനിച്ചു. വാടക നല്‍കാതെയായി. സ്‌കൂളിലെ കുട്ടികളുടെ ഫീസും നല്‍കാന്‍ കഴിഞ്ഞില്ല. ഭക്ഷണം മാത്രം വാങ്ങി. അരിഷ്ടിച്ച് ജീവിതം മുന്നോട്ട്.
ഇളയ മകള്‍ക്ക് അസുഖം വന്നതോടെ ആ ജീവിതവും താളം തെറ്റി. ഡോക്ടറെ കാണലും മരുന്നുവാങ്ങലും ആയതോടെ ആ മാസത്തെ നീക്കിയിരിപ്പ് ഇല്ലാതായി. പിന്നെ പീടികയില്‍ നിന്ന് ഭക്ഷ്യ വിഭവങ്ങള്‍ കടം വാങ്ങാന്‍ ആരംഭിച്ചു. കുടിശ്ശിക ഏറി അവിടെ നിന്ന് കടം കിട്ടാതായപ്പോള്‍ മറ്റൊരു കടയിലേക്ക്. അവിടേയും കുടിശ്ശിക ഏറിയപ്പോള്‍ പിന്നെ അതും നിര്‍ത്തി .
ഭക്ഷണത്തിന് പോലും ഗതിയില്ലാതെ എന്ത് ചെയ്യണം എന്നറിയാത്ത ദിനങ്ങള്‍. പച്ചവെള്ളം മാത്രം കുടിച്ച് ദിവസങ്ങള്‍ തള്ളി നീക്കി ഈ കുടുംബം.
അന്ന് ജോലി കഴിഞ്ഞ് വരുമ്പോഴാണ് താമസിക്കുന്ന ഇടത്തിന് കുറച്ചകലെയുള്ള മണ്ഡപത്തില്‍ കല്യാണ ചടങ്ങുകള്‍ നടക്കുന്നത് കുഞ്ഞുമുഹമ്മദിന്റെ ശ്രദ്ധയില്‍ പെട്ടത്. രണ്ടും കല്‍പ്പിച്ച് അങ്ങോട്ട് നടന്നു. തനിക്ക് വിശക്കുന്നുവെന്നും കഴിക്കാന്‍ വല്ലതും വേണമെന്നും അവിടുത്തെ സെക്യൂരിറ്റിക്കാരനോട് കരഞ്ഞു പറഞ്ഞു.വിശപ്പിനേക്കാള്‍ വലുതല്ലല്ലോ ആത്മാഭിമാനം.
പാര്‍ട്ടി കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. ബാക്കി വന്ന ബിരിയാണിയും മറ്റ് ഭക്ഷ്യ വിഭവങ്ങളും കയ്യില്‍ കിട്ടിയ കവറില്‍ കൊള്ളുന്നത്രെ പൊതിഞ്ഞെടുത്ത് കുഞ്ഞുമുഹമ്മദ് വീട്ടിലേക്കോടി.അന്ന് ആഘോഷമായിരുന്നു. കുട്ടികള്‍ കഠിന വിശപ്പിന്റെ നിലവിളിയില്ലാതെ ആ രാത്രി സുഖമായുറങ്ങി.
കല്യാണ മണ്ഡപത്തിന്റെ. സൂക്ഷിപ്പുകാരനായ പാക്കിസ്ഥാനി സുമനസ്‌ക്കനായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ ദുരിതമറിഞ്ഞ അയാള്‍ കല്യാണമോ മറ്റ് പരിപാടികളോ ഉണ്ടെങ്കില്‍ വിവരം ധരിപ്പിക്കും. ചെറിയ മണ്ഡപം ആയതുകൊണ്ട് ആഴ്ചയില്‍ ഒരു തവണയോ രണ്ടാഴ്ച കൂടുമ്പോഴോ പരിപാടി ഉണ്ടെങ്കിലായി.
കുഞ്ഞുമുഹമ്മദ് രാത്രിയില്‍ അവിടെ പോയി പാര്‍ട്ടി കഴിയുന്നതും കാത്തിരിക്കും. ബാക്കിവന്ന വിഭവങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കൂടുകളിലാക്കി ഭക്ഷണം വീട്ടിലേക്ക് കൊണ്ട് വരും. അന്ന് കഴിക്കാനുള്ളത് മാത്രം എടുത്ത് ബാക്കിയുള്ളവ ഫ്രിഡ്ജില്‍ വെയ്ക്കും. ഇനിയുള്ള ദിവസങ്ങളില്‍ ജീവന്‍ നിലനിര്‍ത്തേണ്ടത് ഈ ഭക്ഷണത്തില്‍ നിന്നാണ്.
ഫ്രിഡ്ജിലെ തണുപ്പില്‍ നിന്ന് ഓരോ ദിവസവും കുറച്ച് ഭക്ഷണമെടുത്ത് ആവികയറ്റി ചൂടാക്കി എല്ലാവരും കൂടി കഴിക്കും. ദിവസങ്ങളോളം തണുത്ത് മരവിച്ച ഭക്ഷണത്തിന് കാര്യമായ രുചിയുണ്ടാകില്ലെങ്കിലും വെറും പച്ചവെള്ളം കുടിച്ച് കഴിഞ്ഞ ദിനങ്ങളില്‍ നിന്ന് ആശ്വാസം കിട്ടിയ സന്തോഷത്തിലായിരുന്നു കുടുംബം.
കുഞ്ഞിമുഹമ്മദ് എന്നും ജോലിക്ക് പോകും. മാസശമ്പളമായി കിട്ടുന്ന 300 ദിര്‍ഹ ചിലപ്പോള്‍ കുട്ടികളുടെ സ്‌കൂള്‍ ഫീസ് കുടിശികയിലേക്ക് അടക്കും. അതല്ലെങ്കില്‍ വാടക ഇനത്തില്‍. അന്ന ദാതാവായി കല്യാണ മണ്ഡപവും ആ സെക്യൂരിറ്റിക്കാരനും ഉള്ളത് കൊണ്ട് ഭക്ഷണത്തിന് ശമ്പളം ഉപയോഗിക്കേണ്ടെന്ന് അയാള്‍ തീരുമാനിച്ചിരുന്നു.
ഒരു ദിനം രണ്ട് വയസുകാരി ഇളയ കുട്ടിക്ക് വാശി. മിഠായി തിന്നണം. ബാപ്പയുടെ കയ്യില്‍ കാശില്ലാത്തതും മാസങ്ങളായി കല്യാണമണ്ഡപത്തിലെ ഭക്ഷണം തിന്നുന്നവര്‍ മിഠായി ചോദിക്കാന്‍ പാടില്ലെന്നും അവള്‍ക്കറിയില്ലല്ലോ.
അന്ന് ആഘോഷമായിരുന്നു. കുട്ടികള്‍ കഠിന വിശപ്പിന്റെ നിലവിളിയില്ലാതെ ആ രാത്രി സുഖമായുറങ്ങി.
കുട്ടിയുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഒടുവില്‍ സഹികെട്ട് ഉമ്മ മൂത്ത രണ്ട് കുട്ടികളെ തൊട്ടടുത്ത കടയിലേക്ക് പറഞ്ഞയച്ചു. പക്ഷേ കടക്കാരന്‍ ചീത്ത പറഞ്ഞ് കുട്ടികളെ ഇറക്കിവിട്ടു. കുടിശ്ശിക കാശ് തരാതെ മിഠായിതരാനാകില്ലെന്ന് അയാള്‍ ഒരു മയവുമില്ലാതെ പറഞ്ഞു.
പക്ഷേ കുത്തുവാക്കുകളിലും അപമാനത്തിലും ആ കുരുന്നുകള്‍ കരഞ്ഞില്ല. ദിവസവും കീറിയ യൂണിഫോമുമിട്ട് സ്‌കൂളില്‍ പോകുന്ന തങ്ങള്‍ക്ക് അതിലപ്പുറം എന്ത് അപമാനമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവാം.സഹപാഠികളുടെ പരിഹാസച്ചിരിയും കളിയാക്കലുകളും എത്ര കേട്ടിരിക്കുന്നു. ഫീസ് അടക്കാത്തതിന് വിദ്യാര്‍ത്ഥി കളുടേയും മുന്നില്‍ വച്ച് എത്ര തവണ നാണം കെട്ടിരിക്കുന്നു.
മക്കള്‍ക്ക് സ്‌കൂള്‍ യൂണിഫോം പോലും വാങ്ങിക്കൊടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞ് കുഞ്ഞുമുഹമ്മദ് വാവിട്ട് കരഞ്ഞു. ചെറിയ ഒരു കുട്ടിയെപ്പോലെ. അറബി വീടുകളില്‍ നിന്ന് ലഭിക്കുന്ന പഴയ വസ്ത്രങ്ങളാണ് അയാളും കുടുംബവും ഉപയോഗിച്ചിരുന്നത്. ആത്മഹത്യയുടെ വക്കിലാണെന്നും മക്കളെ ഓര്‍ത്ത് മാത്രമാണ് താന്‍ കടുംകൈ ചെയ്യാതിരിക്കുന്നതെന്നും അയാള്‍.
കുഞ്ഞുമുഹമ്മദ് എന്നെ വിളിക്കുമ്പോള്‍ കുടുംബത്തിന്റെ് ഈ ദുരിത ജീവിതം ഒരു കൊല്ലം പിന്നിട്ടിരുന്നു. പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല. എല്ലാം മനസ്സിലിട്ട് നടന്നു. കുട്ടികള്‍ക്ക് മുമ്പില്‍ കരയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സങ്കടം സഹിക്കാനാവാതെ വരുമ്പോള്‍ രാത്രിയില്‍ അയാളും ഭാര്യയും കെട്ടിപ്പിടിച്ച് കരഞ്ഞു. പരസ്പരം ആശ്വസിപ്പിച്ചു.
അവിടെ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ 'സ്‌നേഹത്താഴ്‌വര'എന്ന സന്നദ്ധ സംഘടനയിലെ ജോസഫ് വണ്ടിയില്‍ നിറയെ ഭക്ഷണ പദാര്‍ത്ഥങ്ങളുമായെത്തി.
ഒടുവില്‍ ഇനിയും പിടിച്ച് നില്‍ക്കാന്‍ ആവില്ലെന്ന ഘട്ടത്തിലാണ് അയാളെന്നെ വിളിച്ചത്. അവിടെ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ 'സ്‌നേഹത്താഴ്‌വര'എന്ന സന്നദ്ധ സംഘടനയിലെ ജോസഫ് തന്റെ വണ്ടിയില്‍ നിറയെ ഭക്ഷണ പദാര്‍ത്ഥങ്ങളുമായെത്തി. അരിയും പയറും പഞ്ചസാരയും എന്ന് വേണ്ട സോപ്പും പേസ്റ്റും വരെ ജോസഫ് കൊണ്ടുവന്നിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷ്യവിഭവങ്ങള്‍.
കുഞ്ഞുമുഹമ്മദ് ഫോണ്‍ ചെയ്ത് വച്ചപ്പോള്‍ തന്നെ ഞാന്‍ ജോസഫിനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വേഗം അദ്ദേഹം ഇവിടെ സഹായവുമായി എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
കുഞ്ഞുമുഹമ്മദിന്റെ കഥ വാര്‍ത്തയായതോടെ ധാരാളം സുമനസ്സുകള്‍ സഹായിക്കാനെത്തി. നാല് ഘട്ടങ്ങളിലായി ഈ കുടുംബത്തെ രക്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കി. വാടക കുടിശ്ശകയും സ്‌കൂള്‍ ഫീസ് കുടിശ്ശികയും തീര്‍ത്തു. കുട്ടികള്‍ക്ക് പുതിയ വസ്ത്രങ്ങളും സ്‌കൂള്‍ യൂണിഫോമുകളും വാങ്ങി. പലിശക്കാരന് ബാക്കിയുള്ള തുക കൊടുത്തു തീര്‍ത്തു . വിസയുമായി ബന്ധപ്പെട്ട പിഴ അടച്ച് തീര്‍ത്തു . ഇതെല്ലാം കഴിഞ്ഞും കുഞ്ഞുമുഹമ്മദിന്റെ ബാക്ക് അക്കൗണ്ടില്‍ കുറച്ച് കാശ് മിച്ചമുണ്ടായിരുന്നു.
ജീവിതത്തിന്റെ അപ്‌ഡേറ്റ് തരാന്‍ കുഞ്ഞുമുഹമ്മദ് പിന്നെ പലതവണ വിളിച്ചു. അയാളേയും വിളിച്ചു പലതവണ. സന്തോഷം. സമാധാനം.
ഇത്രയും ദുരിതങ്ങളുടെ നടുവിലായിട്ടും അയാള്‍ എന്തുകൊണ്ട് ഭാര്യയേയും മക്കളേയും നാട്ടിലയച്ചില്ല എന്ന് ആരും ചിന്തിക്കുന്നുണ്ടാവും. അവര്‍ക്കെങ്കിലും ദുരിത പര്‍വത്തില്‍ നിന്ന് രക്ഷപ്പെടാമായിരുന്നില്ലേ?
പറ്റില്ലായിരുന്നു. അത്ര ശക്തമായ ചില കാരണങ്ങളുണ്ടായിരുന്നു അവര്‍ക്ക്. ആ കാരണങ്ങള്‍ മറ്റൊരു ദുരന്തകഥയാണ്. കേട്ടതിലേറെ നൊമ്പരപ്പെടുത്തുന്ന ആ കഥ തല്‍ക്കാലം അവര്‍ക്കും എനിക്കുമിടയില്‍തന്നെ കിടക്കട്ടെ.
ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍:
ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?