ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!

By Faisal Bin Ahamad  |  First Published Mar 13, 2017, 12:35 AM IST

ദേര പ്രദേശത്ത് എന്ത് സംഭവിച്ചാലും ഇവനറിയും. തീപിടുത്തമുണ്ടായി, കവര്‍ച്ച നടന്നു, മലയാളിക്ക് ലോട്ടറി അടിച്ചു, മലയാളം സംസാരിച്ച് പുട്ടും കടലയും വില്‍ക്കുന്ന ബംഗാളി ഉണ്ട്.... എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടെ ഇബ്രാഹിമിന്റെ ഫോണ്‍ വിളികള്‍ എത്തുന്നത് അതുകൊണ്ടാണ്.


മെലിഞ്ഞ ഇരുനിറത്തിലുള്ള രൂപം. മുഴുക്കൈ ഷര്‍ട്ടും പാന്റ്‌സും വേഷം. തലയില്‍ എപ്പോഴുമുള്ള ഒമാനിത്തൊപ്പി. ഇബ്രാഹിം തവക്കല്‍ എന്ന കാസര്‍ക്കോട് എറിയാല്‍ സ്വദേശി. എത്രയോ വര്‍ഷങ്ങളായി ദേര ദുബായിലെ താമസക്കാരന്‍. അതുകൊണ്ട് തന്നെ മുക്കും മൂലയും ഹൃദിസ്ഥം. ദേര പ്രദേശത്ത് എന്ത് സംഭവിച്ചാലും ഇവനറിയും. തീപിടുത്തമുണ്ടായി, കവര്‍ച്ച നടന്നു, മലയാളിക്ക് ലോട്ടറി അടിച്ചു, മലയാളം സംസാരിച്ച് പുട്ടും കടലയും വില്‍ക്കുന്ന ബംഗാളി ഉണ്ട്.... എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടെ ഇബ്രാഹിമിന്റെ ഫോണ്‍ വിളികള്‍ എത്തുന്നത് അതുകൊണ്ടാണ്.

ദേരയിലെ ഹോട്ടലിലാണ് ജോലി. ഇലക്ട്രീഷ്യന്‍. പക്ഷേ അറിയാത്ത ജോലികളില്ല. പ്ലംബിംഗ് മുതല്‍ കര്‍ട്ടന്‍ പിടിപ്പിക്കല്‍ വരെ എന്തും ഏറ്റെടുത്ത് ചെയ്യും. പതുങ്ങിയുള്ള നടത്തവും പ്രകൃതവും. ഒറ്റനോട്ടത്തില്‍ ഒരു പാവത്താന്‍. പക്ഷേ ആള് ജഗജില്ലിയാണ്.

Latest Videos

ഒറ്റനോട്ടത്തില്‍ ഒരു പാവത്താന്‍. പക്ഷേ ആള് ജഗജില്ലിയാണ്.

ചോരപ്പുഴ

ഒരു സംഭവം പറയാം. പണ്ട് നാട്ടിലുള്ള കാലം. ഇബ്രാഹിമിന് 16 വയസാണ് പ്രായം. പള്ളിക്കമ്മറ്റി തെരഞ്ഞെടുപ്പില്‍ രണ്ട് ചേരികള്‍. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ ഇബ്രാഹിം ചെരിപ്പൂരി താനാരെടാ എന്ന് തല മുതിര്‍ന്നവരില്‍ ഒരാളോട് ചോദിച്ചു. വലിയ കുഴപ്പമായി. നരുന്ത് പയ്യന്‍ ഇത്രയും ബഹുമാന്യനായ ഒരാളോട് ഇങ്ങനെ ചോദിക്കാന്‍ പാടുണ്ടോ. അടികിട്ടുമെന്നായപ്പോള്‍ ഇബ്രാഹിം ഓടി പള്ളിയിലേക്ക് കയറി. പുറകേ വന്നവര്‍ പള്ളിയില്‍ മുഴുവനും തിരഞ്ഞെങ്കിലും അവനെ കണ്ടെത്താനായില്ല. പള്ളിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്ന പായകള്‍ക്കും മുസല്ലകള്‍ക്കുമിടയില്‍ ചുരുണ്ട് കൂടി കിടക്കുകയായിരുന്നു അവന്‍. മെലിഞ്ഞ ശരീര പ്രകൃതമായത് കൊണ്ട് ആരും കണ്ടില്ല. ഒളിച്ചിരിക്കുന്ന മുസല്ലയ്ക്ക് സമീപമിരുന്ന് ബാക്കിയുള്ളവര്‍ തന്നെ കുറ്റംപറയുന്നതും തനിക്കെതിരെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതുമെല്ലാം അവന്‍ കേട്ടു. അപ്പോഴെല്ലാം ഉള്ളില്‍ ചിരിക്കുകയായിരുന്നു ഇബ്രാഹിം. 

ചെരിപ്പൂരി അടിക്കാന്‍ ശ്രമിച്ചതിന് ഇബ്രാഹിം മാപ്പ് പറയണമെന്നായി നേതാക്കള്‍. അങ്ങിനെ അവസാനം തീരുമാനമായി. അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ ശേഷം പള്ളിയില്‍ എഴുന്നേറ്റ് നിന്ന് ഇബ്രാഹിം മാപ്പ് പറയും. 

വെള്ളിയാഴ്ച. ജുമുഅ നമസ്‌കാരം കഴിഞ്ഞു. ഒരു വിഭാഗത്തിന്റെ കണ്ണ് ഇബ്രാഹിമില്‍ തന്നെ. പറഞ്ഞ പോലെ തന്നെ അവന്‍ എഴുന്നേല്‍ക്കു ന്നു. അവന്‍ വഴിക്ക് വന്നുവല്ലോ എന്ന ആശ്വാസത്തില്‍ ഒരു വിഭാഗം. പക്ഷേ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് അവന്‍ സുന്നത്ത് നമസ്‌കാരത്തിനായി കൈകെട്ടി. പിന്നെ നമസ്‌കരിക്കാന്‍ തുടങ്ങി. അമ്പടാ പയ്യന്‍ പറ്റിച്ചല്ലോ. 

നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരുവിഭാഗം ഇബ്രാഹിമിനെ പിടിച്ചു. അടിക്കാനായി കൂട്ടത്തിലൊരു കൈ പൊങ്ങിയതേ ഓര്‍മ്മയുള്ളൂ. ചക്ക വെട്ടിയിട്ടത് പോലെ ഇബ്രാഹിം താഴെ. വായില്‍ നിന്ന് രക്തം കുടുകുടെ ഒലിക്കുന്നു. ഉടന്‍ തന്നെ ബോധവും പോയി. കുലുക്കി വിളിച്ചിട്ടും വെള്ളം തളിച്ചിട്ടും ഉണരുന്നില്ല. 

അതിനിടയില്‍ ആരോ വിളിച്ചുപറഞ്ഞു ഇബ്രാഹിമിനെ തല്ലി നിലത്തിട്ടു.ചോരപ്പുഴയാണ്. 

ഒടുവില്‍ പള്ളിമുറ്റത്ത് പൊരിഞ്ഞ തല്ല്. ഇതിനിടയില്‍ ഒരാള്‍ക്ക്  കത്തിക്കുത്തേല്‍ക്കു്കയും ചെയ്തു. കുത്ത് നടന്നു എന്നറിഞ്ഞതോടെ ഇബ്രാഹിം എഴുന്നേറ്റ് ഒറ്റയോട്ടം. നിന്നത് വീടെത്തിയപ്പോള്‍. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റയാളെ മംഗലാപുരം ആശുപത്രിയിലും.രണ്ട് പേരും വിവിധ ദിവസങ്ങളില്‍ ആശുപത്രി വിട്ടു. അന്ന് വെവ്വേറെ ചേരിയില്‍ ഉണ്ടായിരുന്ന ഇരുവരും ഇന്ന് സ്‌നേഹിതരാണ്. ഒരേ ആശയക്കാരും. 

ദേരയില്‍ ഇബ്രാഹിമിനൊപ്പമുള്ള ഒരു ദിനത്തിലാണ് അവനീ കഥ പറഞ്ഞത്. നാട്ടുകാര്‍ക്ക് അറിയാവുന്നത് കഥയുടെ ഇത്രയും ഭാഗം മാത്രം. പക്ഷേ കഥയ്ക്ക് പുറകിലെ കഥയാണ് രസകരം. 

രണ്ടും കല്‍പ്പിച്ചായിരുന്നു ഇബ്രാഹിം അന്ന് ജുമുഅക്ക് പള്ളിയില്‍ എത്തിയത്. എന്ത് വന്നാലും മാപ്പ് പറയില്ല എന്നുറപ്പിച്ചിരുന്നു. ഇബ്രാഹിമിന് അന്ന് അടിയേറ്റിരുന്നില്ല .ബോധം കെട്ടത് വെറും അഭിനയം. അപ്പോള്‍ വായില്‍ നിന്ന് ചോര വന്നതോ? അത് ഇതിലും വലിയ തട്ടിപ്പ്. ഒരു ഷോപ്പില്‍ നിന്ന് ചുവന്ന മഷിവരുന്ന ഒരു തരം ചെറിയ കായകള്‍ വാങ്ങി കൈയില്‍ കരുതിയിരുന്നു. ഇത് വായില്‍ ഇട്ടു പൊട്ടിച്ചു. ഈ ചുവന്ന മഷിയാണ് രക്തമായി ആളുകള്‍ തെറ്റിദ്ധരിച്ചത്. അതാണ് ഇബ്രാഹിം. 

കുത്ത് നടന്നു എന്നറിഞ്ഞതോടെ ഇബ്രാഹിം എഴുന്നേറ്റ് ഒറ്റയോട്ടം.

ചളിയില്‍ പുതഞ്ഞ് ഒരു ഭ്രാന്തന്‍
ഒരു മഴക്കാലം. കാസര്‍ക്കോട് എറിയാലില്‍ (ഇബ്രാഹിമിന്റെ സ്വദേശം തന്നെ) ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ജനങ്ങള്‍ പിരിഞ്ഞ് പലവഴിക്ക് ഓടി. അന്ന് കിട്ടിയവരെയെല്ലാം പോലീസ് പിടികൂടുന്നുണ്ടായിരുന്നു. 

ഇബ്രാഹിം എങ്ങനെയോ അങ്ങാടിയില്‍ എത്തിപ്പെട്ടു. ഓടാന്‍ പറ്റാതെ അവന്‍ മാത്രം ബാക്കി. എന്ത് ചെയ്യും? പോലീസ് പിടിക്കുമെന്ന് ഉറപ്പ്. അപ്പോഴാണ് ബുദ്ധി തോന്നിയത്. അടുത്തു കണ്ട ചളിയിലേക്ക് അവന്‍ ഒറ്റക്കിടത്തം. അതിന് ശേഷം തുണി ചളിയില്‍ മുക്കി. മേലാസകലം ചളി വാരിപ്പൂശി. പിന്നെ പോലീസുകാര്‍ക്ക്  മുമ്പിലൂടെ ഭ്രാന്തനെപ്പോലെ നടന്നു. ഭ്രാന്തനാണെങ്കിലും ഇങ്ങനെ മഴകൊണ്ട് നടക്കേണ്ടെന്നും പറഞ്ഞ് ഒരു പോലീസുകാരന്‍ അവനെ ബസ് സ്റ്റോപ്പില്‍ കൊണ്ട് ചെന്നാക്കിയത് ചരിത്രം. പക്ഷേ പോലീസുകാര്‍ പിരിഞ്ഞ് പോകുന്നത് വരെ അവനവിടെ ചളിയില്‍ പുതഞ്ഞ് ഇരിക്കേണ്ടി വന്നു. 

പ്രേതബാധയുള്ള വീടാണ്.  വാങ്ങരുത്.

ചാത്തനേറ്

മറ്റൊരു കഥ പറയാം. ഇബ്രാഹിം ഒരു വീടും സ്ഥലവും വാങ്ങാന്‍ തീരുമാനിച്ചു. താങ്ങാവുന്ന തരത്തിലുള്ള വില കേട്ടപ്പോള്‍ കച്ചവടം ഉറപ്പിക്കാനും ധാരണയായി. അപ്പോഴാണ് പ്രശ്‌നം. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിരുത്സാഹപ്പെടുത്തി എതിര്‍പ്പുമായി രംഗത്ത്. പ്രേതബാധയുള്ള വീടാണ്.  വാങ്ങരുത്.

എന്നാല്‍ ആ പ്രേതത്തെ കണ്ടിട്ട് തന്നെ കാര്യമെന്നായി ഇവന്‍. അങ്ങനെ എതിര്‍പ്പുകള്‍ അവഗണിച്ച് വീടും സ്ഥലവും വാങ്ങി. വീടിന്റെ പാല് കാച്ചല്‍ നടത്തി കയറിക്കൂടിയ അന്ന് രാത്രി തന്നെ ചാത്തനേറ്. ഇബ്രാഹിം പുറത്തിറങ്ങി നോക്കിയപ്പോള്‍ ഏറ് നിന്നു. പിറ്റേന്നുമുണ്ടായി. പുറത്തിറങ്ങുമ്പോള്‍ നില്‍ക്കുന്ന ചാത്തനേറ്. ക്രമേണ ഏറ് നിന്നു. ഇപ്പോള്‍ ഭാര്യയും മക്കളും അവിടെ സുഖമായി വസിക്കുന്നു. ഒരു പ്രേതവുമില്ല. ചാത്തനേറുമില്ല. 

ഇതാണ് ഇബ്രാഹിമിന്റെ സ്വഭാവം. കാണുമ്പോള്‍ തോന്നുന്ന 'അയ്യോ പാവം' സ്വഭാവത്തിലില്ല. എപ്പോഴും ഒഴുക്കിനെതിരെ നീന്താനാണ് ഇഷ്ടം. മാറി ചിന്തിക്കാനും. ഗള്‍ഫിലുള്ള മലബാര്‍ മുസ്‌ലിംകളില്‍ അധികവും മുസ്ലീംലീഗ് അനുഭാവികളാണെങ്കില്‍ ഇബ്രാഹിം ഐ.എന്‍.എല്‍ അനുഭാവി. 

'അങ്ങയുടെ പ്രാര്‍ത്ഥന ഫലിച്ചു. എന്റെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്'

കറാമത്ത്

ഉറച്ച ഈശ്വര വിശ്വാസിയാണ്. അതുകൊണ്ട് തന്നെയാണ് എപ്പോഴും ഒമാനിത്തൊപ്പി വയ്ക്കുന്നതും. ഒരിക്കല്‍ ഒരു പാക്കിസ്ഥാനിയോട് ആരോ പറഞ്ഞു. ഇബ്രാഹിമിന് കറാമത്തുണ്ട് (ദിവ്യശക്തി). നിങ്ങളുടെ രോഗം, പ്രശ്‌നം എന്തും അവന്‍ പ്രാര്‍ത്ഥിച്ചാല്‍ മാറും. ഇബ്രാഹിമിനിട്ട് ഒരു പണി കൊടുക്കാന്‍ സുഹൃത്തുക്കളില്‍ ആരോ ഒരുക്കിയ കെണി. 

ചിത്രീകരണം: വി.പി ഇസ്ഹാഖ്

പാക്കിസ്ഥാനി പിന്നെ ഇബ്രാഹിമിന്റെ പുറകേയായി. എനിക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥി ക്കണം. കല്യാണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികളില്ല. താങ്കളുടെ കറാമത്ത് കൊണ്ട് പ്രാര്‍ത്ഥി ച്ചാല്‍ എല്ലാം നേരെയാകും. 

എനിക്ക് കറാമത്തൊന്നുമില്ല. താങ്കളെ ആരോ പറ്റിച്ചതാണ് -ഇബ്രാഹിം പറഞ്ഞൊഴിഞ്ഞു.

ഇബ്രാഹിമിന്റെ സുഹൃത്ത് പാക്കിസ്ഥാനിക്കിട്ട് മറ്റൊരു ഗുണ്ട് കൂടി കൊടുത്തു. അദ്ദേഹം അങ്ങിനെയാണ്. ആദ്യമൊന്നും പ്രാര്‍ത്ഥിക്കാന്‍ തയ്യാറാവില്ല. പക്ഷേ കുറേ നിര്‍ബന്ധിച്ചാല്‍ സമ്മതിക്കും. ഇബ്രാഹിം പ്രാര്‍ത്ഥിച്ച് കിട്ടിയാല്‍ രക്ഷപ്പെട്ടു. ചിലപ്പോള്‍ ഇരട്ടക്കുട്ടികള്‍ തന്നെ ഉണ്ടാകും. 

ഓഹോ, അങ്ങിനെയാണല്ലേ. പാക്കിസ്ഥാനി സന്തോഷം കൊണ്ട് ചുവന്നു. പിന്നെ അയാള്‍ ഇബ്രാഹിമിന്റൊ പുറകേ തന്നെ. കാണുമ്പോഴെല്ലാം പ്രാര്‍ത്ഥന ആവശ്യപ്പെടാന്‍ തുടങ്ങി അയാള്‍. ഇബ്രാഹിമാകട്ടെ പാക്കിസ്ഥാനിയെ കാണാതിരിക്കാന്‍ മാറി നടക്കാനും തുടങ്ങി. 

ഒരു ദിവസം വഴിയരികില്‍ വച്ച് പാക്കിസ്ഥാനി ഇബ്രാഹിമിനെ പിടികൂടുക തന്നെ ചെയ്തു. ദയവായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ. ഒരു കുഞ്ഞിക്കാല് കാണാനല്ലേ. കൈയിലെ പിടിവിടാതെ അവന്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. 

ശല്യം ഒഴിയട്ടെ എന്ന് കരുതി അവസാനം ഇബ്രാഹിം മനസില്ലാ മനസോടെ സമ്മതിച്ചു. വഴിയരികില്‍ നിന്ന് അയാള്‍ക്കും  കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. അടുത്തുണ്ടായിരുന്ന കടയില്‍ നിന്ന് നാലഞ്ച് മുന്തിരികള്‍ എടുത്ത് അതില്‍ ഊതി. എന്നിട്ട് പറഞ്ഞു ഇത് ഭാര്യയ്ക്ക് തിന്നാന്‍ കൊടുക്കണം. 

പാക്കിസ്ഥാനി ഒരുപാട് നന്ദി പറഞ്ഞ് സന്തോഷത്തോടെ മടങ്ങി. ഹാവൂ, ശല്യം ഒഴിഞ്ഞല്ലോ എന്ന സന്തോഷത്തോടെ ഇബ്രാഹിമും. ഇബ്രാഹിമിനിട്ട് പണി കൊടുത്തതില്‍ സുഹൃത്തുക്കള്ക്കും  സന്തോഷം. 

 

മാസങ്ങള്‍ക്ക്  ശേഷം. 

ഒരു ദിവസം സുഹൃത്ത് ഇബ്രാഹിമിനോട് പറഞ്ഞു നിന്നെ കാണാന്‍ ആ പച്ച (പച്ച പാക്കിസ്ഥാനികളെ കളിയാക്കി മലയാളികള്‍ വിളിക്കുന്ന പേര്) വന്നിട്ടുണ്ട്. 

ഏത് പച്ചയെന്ന് ഇബ്രാഹിം. 

'അന്ന് നീ മന്ത്രിച്ചൂതി മുന്തിരി കൊടുത്ത് വിട്ടില്ലേ അവന്‍ തന്നെ'.

'അത് കഴിഞ്ഞിട്ട് രണ്ട് മാസമെങ്കിലും ആയല്ലോ. പടച്ചോനേ ഇതുവരെ അയാള്‍ എന്നെ വിട്ടില്ലേ'.

മുന്നിലെത്തിയപ്പോള്‍ പാക്കിസ്ഥാനി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. കൈയില്‍ വിവിധ തരം പഴങ്ങള്‍ നിറച്ച ഒരു കൂടയുമുണ്ട്. 

അങ്ങയുടെ പ്രാര്‍ത്ഥന ഫലിച്ചു. എന്റെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്-പഴക്കൂട സമ്മാനമായി നല്‍കി വെളുക്കെ ചിരിച്ചു, പഠാണി. 
ഇബ്രാഹിമിന്റെ  തലച്ചോറിലൂടെ ഒരു വെള്ളിടി പാഞ്ഞു. ഇതെങ്ങിനെ സംഭവിച്ചു? 

'ഇത് എന്റെ ഒരു സന്തോഷം അറിയിക്കല്‍ മാത്രമാണ്. ഞാന്‍ എന്താണ് സമ്മാനമായി അങ്ങേക്ക് തരേണ്ടത്. എത്ര കാശ് തരണം?'- എന്തും നല്‍കാന്‍ തയ്യാറായിരുന്നു അയാള്‍.

എനിക്കൊന്നും വേണ്ടെന്ന് പറഞ്ഞ് ഇബ്രാഹിം ഒരു തരത്തില്‍ അവിടെ നിന്ന് തടിതപ്പി. 

മാസങ്ങള്‍ക്കപ്പുറം ആ പാക്കിസ്ഥാനി വീണ്ടും വന്നു. തന്റെ  മകന് ഇബ്രാഹിം പേരിടണമെന്ന ആവശ്യവുമായി. 

അന്ന് അയാളെ കാണാതെ മുങ്ങിയതാണ് ഇബ്രാഹിം. ഇപ്പോഴും ആ മുങ്ങി നടത്തം തുടരുന്നു. 

ആ പഠാനി മകന് എന്ത് പേരിട്ടോ ആവോ? 

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍
 

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

click me!