പിന്നെയും കുറെ നാളുകള്‍ കഴിഞ്ഞു. ഒരു രാവിലെ ഞാനുണരുമ്പോള്‍ കാലിന്റെ അടുത്ത് ഉമ്മച്ചിയുണ്ട്. ഉമ്മച്ചി കരയുന്നുണ്ട്. ഉറക്കവും ബോധമില്ലായ്മയും ഒക്കെ ഒറ്റയടിക്ക് പോയി. കാര്യം ചോദിച്ചപ്പോള്‍ ഉമ്മച്ചി തിരിച്ച് ചോദിച്ചത് ഞാനിപ്പോള്‍ കന്യകയാണോ എന്നായിരുന്നു.
മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..
വീട്ടുകാരെക്കുറിച്ച് സംസാരിക്കാനാണ് ഈയടുത്തകാലത്തായി എനിക്കേറ്റവും ഇഷ്ടം. വാപ്പച്ചിയുടെ ട്രോളുകള്‍, ഉമ്മച്ചിയുടെ കൗണ്ടറുകള്‍. അങ്ങനെ ഭയങ്കര രസമുള്ള വര്‍ത്തമാനങ്ങളാണ് ഞങ്ങള്‍ക്കിടയില്‍ മിക്കവാറുമൊക്കെ. മിക്കതും ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടും. 'കണ്ടോ,എന്റെ ഉമ്മയും വാപ്പയും എന്ത് കിടുവാണെന്ന് കണ്ടോ' എന്നുതന്നെയാണ് ആ പോസ്റ്റുകളുടെ അര്‍ത്ഥം. എനിക്കാ സന്തോഷം എല്ലാവരോടും പങ്കുവയ്ക്കണമായിരുന്നു. നീ ഭാഗ്യം ചെയ്തയാളാണെന്നും, വീട്ടുകാരുടെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണ് നിനക്ക് കാര്യങ്ങളിത്ര എളുപ്പമാകുന്നതെന്നും ആ പ്രിവിലേജ് അത്ര ചെറുതല്ലെന്നും പലരും പറഞ്ഞുകൊണ്ടേയിരുന്നു.
undefined
അതൊക്കെ കേള്‍ക്കുമ്പോള്‍ ഇടക്ക് ഞാനോര്‍ക്കും, ഇപ്പോ നില്‍ക്കുന്ന ഈ അവസ്ഥയിലേക്കെത്താന്‍ ഞാനെന്തൊക്കെ കടന്നുവന്നെന്ന്. സത്യത്തില്‍ അതൊക്കെ അത്ര വലിയ കാര്യങ്ങളാണോ എന്ന് ചോദിച്ചാല്‍ എനിക്കത്ര ധാരണയില്ല. പക്ഷേ എന്നെ സംബന്ധിച്ച് അതിനൊക്കെ വലിയ വിലയുണ്ടായിരുന്നു. വലിയ വിലകള്‍ ഞാന്‍ കൊടുക്കേണ്ടിയും വന്നിരുന്നു.
ഒരു രാവിലെ ഞാനുണരുമ്പോള്‍ കാലിന്റെ അടുത്ത് ഉമ്മച്ചിയുണ്ട്. ഉമ്മച്ചി കരയുന്നുണ്ട്
വനിതാദിനത്തിനൊരു കുറിപ്പ് എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ഓര്‍ത്തു എന്ത് പറയണമെന്ന്. പിന്നീട് ഒരിക്കലും എഴുതരുതെന്ന് മനസിലോര്‍ത്തിരുന്ന ഒരു കാര്യം എഴുതാമെന്നുവച്ചു. എന്നെ സംബന്ധിച്ച് അതൊരു വലിയ ടേണിങ് പോയിന്റായിരുന്നു. ജീവിതത്തില്‍ ഒറ്റയടിക്ക് നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കിയ സംഭവം.
അന്നെനിക്ക് 17 വയസ്സാണ്. ആത്മാര്‍ത്ഥതയുടെ അങ്ങേയറ്റത്തായി കണ്ടിരുന്നൊരു പ്രണയം തകര്‍ന്നതിന്റെ വേദനയില്‍ നില്‍ക്കുകയാണ്. ആ കാലത്ത് എങ്ങനെയൊക്കെയോ എനിക്ക് മറ്റൊരു പ്രണയമുണ്ടായി. മറ്റൊരു പ്രണയം എന്ന് ചുമ്മാ അങ്ങുപറഞ്ഞാല്‍ പോരാ. ഒരു പെണ്‍കുട്ടി ഒരിക്കലും പ്രേമിക്കാന്‍ പാടില്ലാത്തതെന്ന പട്ടികയില്‍ പെട്ടൊരാളുമായിട്ടാണ് ഞാന്‍ പ്രേമത്തിലായത്. എന്റേതെന്ന പോലെ അയാളുടെ സ്വകാര്യതയും വലുതായതുകൊണ്ട് അയാളാരായിരുന്നുവെന്നു പറയുന്നില്ല. അയാള്‍ക്കന്ന് 29 വയസുണ്ടായിരുന്നു. ഞങ്ങള്‍ പ്രണയിച്ചു. ഞാനാദ്യമായി ഒരാളിന്റെ ചുണ്ടില്‍ ഉമ്മ വച്ചു. ഞാനാദ്യമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എനിക്കറിഞ്ഞൂടാരുന്നു പെണ്ണുങ്ങള്‍ സെക്‌സ് വേണ്ടെന്ന് പറയണമെന്ന്. പെണ്ണുങ്ങള്‍ക്ക് സെക്‌സ് വേണമെന്ന് തോന്നുന്നത് വലിയ വൃത്തികേടാണ് എന്ന്. കുറച്ച് നാളുകള്‍ക്ക് ശേഷം ആ പ്രണയം ഇല്ലാതായി. പല കാരണങ്ങള്‍ ഉണ്ടായിരുന്നു.
പിന്നെയും കുറെ നാളുകള്‍ കഴിഞ്ഞു. ഒരു രാവിലെ ഞാനുണരുമ്പോള്‍ കാലിന്റെ അടുത്ത് ഉമ്മച്ചിയുണ്ട്. ഉമ്മച്ചി കരയുന്നുണ്ട്. ഉറക്കവും ബോധമില്ലായ്മയും ഒക്കെ ഒറ്റയടിക്ക് പോയി. കാര്യം ചോദിച്ചപ്പോള്‍ ഉമ്മച്ചി തിരിച്ച് ചോദിച്ചത് ഞാനിപ്പോള്‍ കന്യകയാണോ എന്നായിരുന്നു. അയാളെന്റെ വീട്ടുകാരോടും ബന്ധുക്കളോടും എന്തൊക്കെയോ പറഞ്ഞിരിക്കുന്നു എന്നെനിക്ക് മനസിലായി. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നതെല്ലാം എന്റെ കുടുംബത്തിലെ പലരും അറിഞ്ഞെന്നും.
എന്നെ വിവാഹം കഴിപ്പിച്ച് അയക്കണമെന്നാണ് ഭൂരിപക്ഷ തീരുമാനം. ഞാന്‍ കളങ്കപ്പെട്ടു പോയതായി എല്ലാവരും പ്രഖ്യാപിച്ചു. എനിക്ക് മനസ്സിലായിരുന്നില്ല രണ്ടുപേര്‍ ഒന്നിച്ചെടുത്ത ഒരു തീരുമാനത്തില്‍ ഒരാള്‍ക്ക് മാത്രം ഇത്രയധികം ബാധ്യതകള്‍ ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന്. ഒരാള്‍ മാത്രം എന്തിന് സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും വേണമെന്ന്. അയാള്‍ക്ക് നഷ്ടപ്പെടാത്ത എന്താണ് എനിക്ക് നഷ്ടമായതെന്ന്. എന്റെ വീട്ടുകാരെ അതെങ്ങനെ പറഞ്ഞ് മനസിലാക്കണമെന്നും എനിക്ക് അറിയുന്നുണ്ടായില്ല. സാധാരണ എന്തിനും ഏതിനും നിലവിട്ടു കരയാറുള്ള ഞാന്‍ അന്ന് അത്രയുമൊക്കെ ബഹളങ്ങള്‍ നടന്നപ്പോഴും കരയുകയോ സങ്കടപ്പെടുകയോ ചെയ്തിരുന്നില്ല എന്നെനിക്ക് നല്ല ഓര്‍മ്മയുണ്ട്.
അന്നാദ്യമായി എനിക്ക് ഞാനെന്തോ നേടിയിരിക്കുന്നുവെന്നു തോന്നി
ഏറ്റവും സമാധാനത്തോടുകൂടി ഞാന്‍ അവരോട് സംസാരിച്ചു. ഇന്നലെവരെയുണ്ടായിരുന്ന ഞാന്‍ തന്നെയാണ് ഇപ്പോഴുമെന്ന് പറഞ്ഞു. എന്റെ കയ്യില്‍ നിന്നൊന്നും നഷ്ടപ്പെട്ടു പോയിട്ടില്ലെന്നും അങ്ങനെ നഷ്ടപ്പെടാന്‍ വേണ്ടി വിലപിടിപ്പുള്ളതൊന്നും കൊണ്ടുനടക്കുന്നവരല്ല പെണ്ണുങ്ങളെന്നും പറഞ്ഞു. ഞാനാദ്യമായാണ് എന്റെ വീട്ടുകാരോട് അങ്ങനെ സംസാരിക്കുന്നത്. എനിക്കറിയാം ഇത് അവരുടെ മാത്രം ധാരണയല്ലെന്ന്. പക്ഷേ എനിക്കപ്പോള്‍ അവരോട് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. മണിക്കൂറുകളോളം ഞാന്‍ അവരോട് സംസാരിച്ചു. എന്റെ ശരീരത്തെ പറ്റി, എന്റെ തോന്നലുകളെ പറ്റി, എനിക്കുണ്ടാകുന്ന മാറ്റങ്ങളെ പറ്റി. എല്ലാം.
അന്ന് വൈകിട്ട് ഞങ്ങള്‍ പുറത്ത് പോയി ഭക്ഷണം കഴിച്ചു. തിയറ്ററില്‍ പോയി വെള്ളിമൂങ്ങ സിനിമ കണ്ടു. വര്‍ത്താനം പറഞ്ഞ് ചിരിച്ച് തിരികെവന്നു. അന്നാദ്യമായി എനിക്ക് ഞാനെന്തോ നേടിയിരിക്കുന്നുവെന്നുതോന്നി. സത്യത്തില്‍ അത്രയേറെ സംതൃപ്തി അതിനു ശേഷവും എനിക്കുണ്ടായിട്ടില്ല. ഇപ്പോ എന്റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം ആണുങ്ങളുടെ ശരീരത്തെക്കാള്‍ കൂടുതലായൊന്നും പെണ്ണുങ്ങള്‍ ശരീരത്തില്‍ കൊണ്ടുനടക്കാറില്ലെന്ന്. അങ്ങനെ ഒരാള്‍ക്ക് മാത്രമായി നഷ്ടപ്പെടുന്നതൊന്നും ലോകത്ത് ഇല്ലെന്ന്.
നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്
സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം
കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?
സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?
അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!
അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു
സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?
എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല
റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?
അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!
അസ്മിത കബീര്‍: ഇപ്പോ എന്റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!
ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും
ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?
രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ്