സ്‌കൂളില്‍ നിന്ന് വന്ന ശേഷമാണ് മേയാന്‍ വിടുന്നത്. ഒന്നു കണ്ണ് തെറ്റിയാല്‍ പിന്നെ ഇവറ്റോളെ കാണൂല്ല. ഞാനും അനിയനും, കുന്നും കാടും കയറി തിരയും. ആടുണ്ടായിരുന്നിടത്ത് ഒരു പൂടപോലും കാണില്ല. ആട് തിരിച്ചുവരുന്നതുവരെ അമ്മ നമ്മളെ വീട്ടില്‍ കേറാനും വിടില്ല.
മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..
എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അമ്മയെന്നെ തനിച്ച്, ആദ്യമായി പീടികയില്‍ പറഞ്ഞുവിടുന്നത്.
undefined
കുറച്ചു നടക്കണം. വഴിയില്‍ നിറയെ പുല്ലുകളും മരങ്ങളുമാണ്. അന്നൊന്നും അവിടുത്തെ വീടുകളിലൊന്നും കറന്റില്ല. കാട് വളര്‍ന്ന് ഒരു വീട്ടില്‍ നിന്ന് നോക്കിയാല്‍ മറ്റു വീടുകളൊന്നും കാണുകയുമില്ല. ചിലപ്പോഴൊക്കെ രാത്രിയില്‍ പണി കഴിഞ്ഞു വന്ന ശേഷമാവും അമ്മയെന്നോട് പീടികയില്‍ പോകാന്‍ പറയുന്നത്. അമ്മയുടെ കല്‍പ്പനയ്ക്ക് 'യെസ്' പറയുകയല്ലാതെ മറ്റ് നിര്‍വാഹങ്ങളൊന്നുമില്ല.
കുറേക്കഴിഞ്ഞാണ് മരങ്ങളുടെ നിഴലുകളാണ് ഭൂതങ്ങളായി രൂപം മാറുന്നതെന്ന് തിരിച്ചറിയുന്നത്
അമ്മ പറഞ്ഞാല്‍ പറഞ്ഞതാണ്. ഞാന്‍ മെല്ലെ ഇറങ്ങും. മൊത്തം കാടാണ്, ഇരുട്ടാണ്. സില്‍വര്‍ കളറിലുള്ള പഴയ ടോര്‍ച്ചുണ്ടാകും കയ്യില്‍. ഒരുദിവസം അങ്ങനെ പോവുകയാണ്. വഴിയിലൊരു വലിയ പുളിമരമുണ്ട്. പുളിമരത്തിനു ചുറ്റിലുമായി കുറച്ച് വാഴകളും. പെട്ടെന്ന് ഈ മരത്തിനടുത്തെല്ലാം ഓരോ ഭൂതങ്ങള്‍. ടോര്‍ച്ചടിച്ചുനോക്കുമ്പോള്‍ കാണുന്നില്ല. നിലാവത്താണ് അതിനെ കാണുന്നത്. എനിക്ക് പേടിച്ച് തലകറങ്ങി. കരയണമെന്നുണ്ടെങ്കിലും ഒച്ച പുറത്തുവരുന്നില്ല. തിരിഞ്ഞോടി. ഓടുന്ന വഴിയിലെല്ലാം ഓരോ ഭൂതങ്ങള്‍. അവസാനം പേടിച്ച്, കണ്ണുപൊത്തി ഞാന്‍ വഴിയിലിരുന്നു. വഴിയില്‍ക്കൂടി പോയൊരാളെ പിന്തുടര്‍ന്ന് കടയില്‍ പോയി സാധനം വാങ്ങി, ചുറ്റിലും നോക്കാതെ ഓടിയാണ് അന്ന് വീടുപിടിച്ചത്. പിന്നെയും കുറേക്കഴിഞ്ഞാണ് മരങ്ങളുടെ നിഴലുകളാണ് ഭൂതങ്ങളായി രൂപം മാറുന്നതെന്ന് തിരിച്ചറിയുന്നത്.
അന്ന് വീട്ടില്‍ കുറേ ആടുകളുണ്ട്. അതിനെയൊക്കെ തോന്നുംപടി മേയാന്‍ വിട്ടോണ്ടിരുന്ന സമയത്താണ്, പെട്ടെന്നൊരുനാള്‍ കാടൊക്കെ വെട്ടിത്തളിച്ച്, പറങ്കിമാവൊക്കെ മുറിച്ചുമാറ്റി ചുറ്റുമുള്ള വലിയ പറമ്പുകളിലൊക്കെ ആള്‍ക്കാര്‍ റബ്ബര്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. അതോടെ ആടുകളുടെയും, എന്റെയും, അനിയന്റെയും കഷ്ടകാലവും തുടങ്ങി. ആടുകളെ മേയാന്‍ വിടാനോ കെട്ടിയിടാനോ സ്ഥലമില്ല. റബ്ബറെങ്ങാനും കടിച്ചാല്‍ ആടുകളുടെ ആരോഗ്യപ്രശ്നം ഒരുഭാഗത്ത്, റബ്ബര്‍ മുതലാളിമാരുടെ ചീത്ത കേട്ട് നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നം വേറൊരു ഭാഗത്ത്. അങ്ങനെ ആടുകളെ കുന്നുകയറ്റി മേയാന്‍ വിട്ടുതുടങ്ങി. ആടുകളും നമ്മളോട് ഒരുതരം ശത്രുക്കളോട് പെരുമാറുന്നതു പോലെ പെരുമാറിത്തുടങ്ങിയ സമയമാണ് റബ്ബര്‍കാലം.
കണ്ടുകണ്ട് വരുമ്പോള്‍ ഇരുട്ടിന് നല്ല വെളിച്ചമുണ്ടെന്ന് പഠിച്ചു
സ്‌കൂളില്‍ നിന്ന് വന്ന ശേഷമാണ് മേയാന്‍ വിടുന്നത്. ഒന്നു കണ്ണ് തെറ്റിയാല്‍ പിന്നെ ഇവറ്റോളെ കാണൂല്ല. ഞാനും അനിയനും, കുന്നും കാടും കയറി തിരയും. ആടുണ്ടായിരുന്നിടത്ത് ഒരു പൂടപോലും കാണില്ല. ആട് തിരിച്ചുവരുന്നതുവരെ അമ്മ നമ്മളെ വീട്ടില്‍ കേറാനും വിടില്ല. ആറ് മണിയാകും, ഏഴ് മണിയാകും, എട്ട് മണിയാകും. വീട്ടിലെ ഇളയതെന്ന കണ്‍സിഡറേഷനില്‍ അനിയന്‍ വീട്ടില്‍ കേറിപ്പറ്റും. ആ ചെറുക്കന്‍ വീട്ടിലും ഞാന്‍ കാട്ടിലുമാകും.
അപ്പോഴാണ് ഈ നിഴലെങ്ങനെ ഭൂതമാകുന്നെന്നും, രാത്രിയത്ര പേടിക്കേണ്ട സംഗതിയല്ലെന്നുമൊക്കെ പഠിച്ചത്. പിന്നെപ്പിന്നെ, അത് മനോഹരമായ കാഴ്ചയായി. മിന്നാമിന്നി മരങ്ങളും നിലാവുമെല്ലാം പകലിനേക്കാള്‍ മത്തുണ്ടാക്കുന്നതാണെന്ന് പഠിച്ചു. കണ്ടുകണ്ട് വരുമ്പോള്‍ ഇരുട്ടിന് നല്ല വെളിച്ചമുണ്ടെന്ന് പഠിച്ചു... പറഞ്ഞുവന്നത്, അമ്മയേയും പണ്ടാരെങ്കിലും ഇരുട്ടത്ത് നിര്‍ത്തിക്കാണും. അവിടുത്തെ പെണ്ണുങ്ങളൊക്കെ ചിലപ്പോള്‍ ഇരുട്ടത്ത് നടന്നുകാണും. ഏതായാലും എന്റെ രാത്രിപ്പേടി പോയത് അങ്ങനെയാണ്. മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തതെന്ന് അന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഉള്ള സ്ഥലത്ത് കട്ടവച്ച്, പുല്ലോ ഓലയോ മേഞ്ഞ് കിടക്കുന്നവര്‍ മൂര്‍ഖനെയും പന്നിയേയും പേടിച്ചിട്ടെന്താണ് കാര്യം എന്ന മറുചിന്തയും എന്നോ ഉണ്ടായി.
ആ നാട്ടില്‍ നിന്നു തന്നെയാണ് ബീഡി വലിച്ച് ആകാശത്തേക്ക് പുകയൂതി വിടുന്ന കമലേച്ചിയെ ഞാന്‍ കണ്ടത്, ചുമടെടുത്ത് നടന്നും, കാട് കേറി വയക്കിയും (കാടു തെളിക്കുക) കാലിന്റെ അടികള്‍ വിണ്ടുകീറിയ പെണ്ണുങ്ങളെ കണ്ടത്, കൂലിപ്പണി കഴിഞ്ഞ്, വീട്ടിലെ പണിയും കഴിഞ്ഞ് ഇരുട്ടത്ത് പുഴയില്‍ കുളിക്കുന്ന പെണ്ണുങ്ങളെ ഇഷ്ടപ്പെട്ടത്... പിന്നെയും കണ്ടു കൊറേ കൊറേ പെണ്ണുങ്ങളെ... യാത്രകളില്‍, ജേണലിസ്റ്റ് എന്ന നിലയില്‍ സ്റ്റോറിക്കായുള്ള പരക്കംപാച്ചിലുകളില്‍, എന്നും നടക്കുന്ന വഴികളില്‍... രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത പെണ്ണുങ്ങള്‍...
നാട്ടിലെ സാധാരണക്കാരായ കൂലിപ്പണി ചെയ്യുന്ന പെണ്ണുങ്ങളാണവരെല്ലാം
അതിലൊന്ന് രേഖച്ചേച്ചിയാണ്. ഇന്ത്യയിലാദ്യമായി ഉള്‍ക്കടലില്‍ പോയി മീന്‍ പിടിച്ച പെണ്ണ്. പുലര്‍ച്ചെ ഭര്‍ത്താവിനൊപ്പം കടലില്‍ പോകും. 'ആണുങ്ങളെടുക്കുന്ന പണിയൊക്കെ ഞാനുമെടുക്കും വലവലിക്കും, എഞ്ചിന്‍ നിയന്ത്രിക്കും, 'ദാ എന്റെ കൈ നോക്ക്' എന്ന് അന്ന് രേഖച്ചേച്ചി പറഞ്ഞിരുന്നു. രേഖച്ചേച്ചിയുടെ കയ്യില്‍ തൊട്ടപ്പോള്‍ തഴമ്പാണ്. അങ്ങനെയുള്ള ഒരുപാട് കൈകളെനിക്കറിയാം. ഞാനെന്റെ ചെറുപ്പകാലങ്ങളില്‍ തൊട്ടുനടന്നിട്ടുണ്ട്... എന്റെ നാട്ടിലെ സാധാരണക്കാരായ കൂലിപ്പണി ചെയ്യുന്ന പെണ്ണുങ്ങളാണവരെല്ലാം. അവരോളം ധൈര്യം ഇന്ന് ആ കുഞ്ഞുഗ്രാമത്തില്‍ നിന്ന് എത്ര സഞ്ചരിച്ചിട്ടും അധികമാരിലും ഞാന്‍ കണ്ടിട്ടില്ല. അമ്മയടങ്ങുന്ന ആ പെണ്ണുങ്ങളാണ് എന്നെ സൃഷ്ടിച്ചെടുത്തത്, എന്നിലെ ധൈര്യവും..
നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്
സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം
കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?
സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?
അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!
അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു
സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?
എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല
റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?
അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!
അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!
ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും
ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?
രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ്