മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചുമാറ്റിയ പെണ്ണുങ്ങളേ, നിങ്ങള്‍ പൊളിയാണ്!

By Women Desk  |  First Published Mar 8, 2019, 12:34 PM IST

പെണ്ണിന് ഇതൊന്നും ആയിക്കൂടെ എന്ന് ചോദിക്കുന്നവരോട് ഒരു കാര്യം. എനിക്ക് ചുറ്റും പണ്ടേ മതിലുകളായിരുന്നു. ചിലപ്പോള്‍ കൈ മുറുക്കി കെട്ടിയ സ്‌നേഹച്ചങ്ങലകളും. ആ മതില്‍ പൊളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരറിയാതെ നിരുപദ്രവകരമായി ഇടയ്‌ക്കൊക്കെ സ്വാതന്ത്ര്യം അറിഞ്ഞിട്ടുണ്ട്. 



മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

പെണ്ണെന്ന നിലയില്‍ അഭിമാനമോ പെണ്ണായി ജനിച്ചതില്‍  വിഷമമോ തോന്നിയിട്ടില്ല. ഞങ്ങള്‍ രണ്ട് പെണ്‍മക്കള്‍ ആയതുകൊണ്ടുതന്നെ 'അയ്യോ രണ്ടും പെണ്ണോ' എന്ന ചോദ്യം ധാരാളം കേട്ടിട്ടുമുണ്ട്. എന്നാലും വീട്ടുകാരുടെ ആ വിഷമം  മാറ്റാന്‍ ഞാന്‍ കുറച്ചൊക്കെ ശ്രമിച്ചിട്ടുണ്ട്.  'പെണ്ണായാല്‍ കുറച്ച് അടക്കവും ഒതുക്കവും വേണം', 'പെണ്ണുങ്ങളെ പോലെ ഇരിക്ക്' എന്നൊക്കെയുളള പരാതികളും ധാരാളം കേട്ടിട്ടുണ്ട്. 

Latest Videos

undefined

മതില്‍ ചാടുന്ന ഒരു 'കള്ളി'യായാണ് ഞാന്‍ എന്നെ കാണുന്നത്

ചെറുപ്പം മുതലേ ആണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന തോന്നലായിരുന്നു എനിക്ക്. ആണ്‍ സുഹൃത്തുക്കളോട് അസൂയയായിരുന്നു. നട്ടപാതിരാത്രി ആയാലും വീട്ടില്‍ കയറിച്ചെല്ലാം, പുകവലിക്കാം,  വെള്ളം അടിക്കാം. ഹോ.. അവന്മാര്‍ക്കൊക്കെ എന്തും ആകാലോ എന്ന് തോന്നിയിട്ടുണ്ട്. 

പെണ്ണിന് ഇതൊന്നും ആയിക്കൂടെ എന്ന് ചോദിക്കുന്നവരോട് ഒരു കാര്യം. എനിക്ക് ചുറ്റും പണ്ടേ മതിലുകളായിരുന്നു. ചിലപ്പോള്‍ കൈ മുറുക്കി കെട്ടിയ സ്‌നേഹച്ചങ്ങലകളും. ആ മതില്‍ പൊളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരറിയാതെ നിരുപദ്രവകരമായി ഇടയ്‌ക്കൊക്കെ സ്വാതന്ത്ര്യം അറിഞ്ഞിട്ടുണ്ട്. എന്നെ മുറുക്കുന്ന ചങ്ങലകളില്‍ നിന്നും രക്ഷപ്പെടണമെന്ന് തോന്നാറുണ്ടെങ്കിലും എവിടെയോ അത് എന്നെ തളര്‍ത്തിയിടുന്നു. ചിലപ്പോള്‍ ഒരു അച്ഛന്റെ കരുതലിന്റെ മുന്നിലാകാം, ഒരു അമ്മയുടെ  സ്‌നേഹത്തിന്റെ മുന്നിലുമായിരിക്കും. അറിയാതെ തളര്‍ന്ന് പോകുന്നു.

അവരുടെ മുന്നിലെ മതിലുകള്‍ അതേപടി വെച്ച്, മതില്‍ ചാടുന്ന ഒരു 'കള്ളി'യായാണ് ഞാന്‍ എന്നെ കാണുന്നത്. അതുകൊണ്ട് തന്നെ അത്തരം മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചുമാറ്റിയ പെണ്ണുങ്ങളോട് ഇഷ്ടമേയുള്ളൂ. പെണ്ണുങ്ങളേ, നിങ്ങള്‍ പൊളിയാണ്.  എനിക്ക് ചുറ്റും അത്തരം നിരവധി പെണ്ണുങ്ങളുണ്ട്. എന്റെ കൂടെ ജോലി ചെയ്യുന്നവരാകാം. ഞാന്‍ പരിചയപ്പെട്ട സ്ത്രീകളാകാം. വീട്ടിലെ അടുക്കളകളില്‍ ഒതുങ്ങി കൂടാതെ സ്വന്തം സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പുറപ്പെട്ടവര്‍. പല നാടുകളില്‍ നിന്നും എത്തിയവര്‍.  രാത്രികളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍. സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നവര്‍.

അങ്ങനെ ദിവസവും കാണുന്ന എത്രയെത്ര പെണ്ണുങ്ങള്‍

വിവാഹം കഴിക്കാതെ മറ്റൊരു നാട്ടില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു കൂട്ടുകാരിയുണ്ട്.  'ഒറ്റയ്‌ക്കോ' എന്ന ചോദ്യം കേട്ടുകേട്ട് അവള്‍ മടുത്തിട്ടുണ്ടാകും.  കാമുകനില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളില്‍ പോലും തളരാതെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടി. കാമുകന്റെ വിവാഹദിനം  സാരിയുടുത്ത് ഒരുങ്ങി സുന്ദരിയായി ഓഫീസിലെത്തിയ അവളില്‍ ഞാന്‍  ഒരു ശക്തയായ പെണ്ണിനെ കണ്ടു. 

അങ്ങനെ ദിവസവും കാണുന്ന എത്രയെത്ര പെണ്ണുങ്ങള്‍. പലരിലും അത്തരം ശക്തരായ പെണ്ണുണ്ട്. നാം പോലും അറിയാതെ അവള്‍ നമ്മുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടാകും.  കരയാന്‍ തോന്നുന്ന സമയത്തും ചിരിക്കുന്ന, തന്നെ കൊണ്ട് പറ്റില്ല എന്ന് തോന്നുന്ന നിമിഷത്തിലും അതിനായി ശ്രമിക്കുന്ന നിരവധിപേര്‍. അവരാണ് ശക്തരായ സ്ത്രീകള്‍. 

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 

 

click me!