ജയ ശ്രീരാഗം എഴുതുന്ന യാത്രാ കുറിപ്പുകള്‍ അവസാനിക്കുന്നു
മണാലിയോട് യാത്ര പറയുകയാണ്. അന്ന് മഴയെ കണ്ടതേയില്ല. മണാലിയിലെ സ്വപ്നങ്ങളെ നിങ്ങള്‍ക്ക് വിട. ബസ് അഞ്ച് മണിക്ക് തന്നെ ഡല്‍ഹിയിലേക്ക് യാത്ര ആരംഭിച്ചു. കുല്ലു വരെ ബിയാസ് നദി ഞങ്ങളെ പിന്തുടര്‍ന്നു. വലിയ റോസാപ്പൂക്കള്‍ വഴിക്കണ്ണുമായി ഞങ്ങളെ യാത്രയാക്കി. ആപ്പിള്‍ മരങ്ങളുടെ തളിരിലകള്‍ തലകുനിച്ചു നില്‍ക്കുന്നു. ദൂരെ ഹിമാലയത്തിന്റെ മുകളില്‍ നിന്നും ഒരു മഞ്ഞു തുള്ളി ഉരുകിയൊലിച്ചു താഴെ ഭൂമിയിലേക്ക് ഇറ്റു വീഴുന്നു.
മണാലിയിലെ മൂന്നാമത്തെ ദിവസം. രാവിലെ ഉണരുന്നത് തന്നെ ജനാലകര്‍ട്ടനിടയിലൂടെ ഒളിഞ്ഞുനോക്കുന്ന മഴയെ കണ്ടാണ്. രാത്രി മുഴുവന്‍ ജനാലക്കരുകില്‍ നിന്ന് എന്നെ പാടിയുറക്കിയ മഴ ഉണര്‍ന്നപ്പോഴും അവിടെ തന്നെയുണ്ട്. തണുപ്പ് രണ്ട് ഡിഗ്രിയായി. അന്നത്തെ യാത്രകള്‍ മാറ്റിവെക്കേണ്ടിവരുമോയെന്നു പോലും സംശയിച്ചു. ആ തണുപ്പിലെ ചൂടില്‍ കുറച്ചു നേരം കൂടി മൂടിപ്പുതച്ചിരുന്നു. മഴമാറിയാല്‍ വരാമെന്നു ഡ്രൈവര്‍ ഫോണ്‍ ചെയ്തു പറഞ്ഞു. പത്തുമണിയായപ്പോള്‍ പതുക്കെ മഴ പിന്മാറി. ഞങ്ങളും പ്രഭാതഭക്ഷണം കഴിഞ്ഞു പുറത്തു ഇറങ്ങാന്‍ റെഡി ആയി. അന്നത്തെ യാത്ര കുല്ലുവിലേക്കായിരുന്നു.
പാരാഗ്ലൈഡിങ്ങും ഡ്രാഫ്റ്റിംഗും കുല്ലുവിലാണ്. അതായിരുന്നു അന്നത്തെ പ്ലാന്‍. പക്ഷെ മഴ പ്ലാനൊക്കെ തെറ്റിച്ചു..ബിയാസ് നദിയുടെ തീരത്തുകൂടെയുള്ള യാത്ര. മഴയും വെയിലും മാറി മാറി വരുന്നു. വഴിയരികിലെ ആപ്പിള്‍ തോട്ടങ്ങളും പലനിറങ്ങളുള്ള വലിയ പനിനീര്‍ പൂക്കളും കണ്ട് കണ്ണിനു മതിവരുന്നില്ല. വീടുകള്‍ മുഴുവനും വെറും മരം കൊണ്ടും കല്ലുകൊണ്ടും കെട്ടിയുണ്ടാക്കിയത്. ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെന്നെത്തിയത് പശ്മിന ഷാള്‍ വില്‍ക്കുന്ന കടകളുടെ റോഡിലായിരുന്നു. എന്തെങ്കിലും വേണമെങ്കില്‍ ഷോപ്പിംഗ് ചെയ്‌തോളാന്‍ പറഞ്ഞു ഡ്രൈവര്‍.
ഷോപ്പിംഗ് എന്ന് പറഞ്ഞപ്പോള്‍ തന്നെ ചാടി എഴുന്നേറ്റു ഞാന്‍. കടയിലേക്ക് കയറി. തണുപ്പിനെ തരണം ചെയ്യാനുള്ള കുപ്പായങ്ങളുടെ വലിയ ശേഖരം. ഫിരണ്‍, അചകന്‍, ഷാള്‍ കോട്ട്, ജാക്കറ്റ്, സ്വെറ്റര്‍ അങ്ങിനെ പലതും. ഇഷ്ടത്തിനനുസരിച്ചു ഓരോന്ന് വാങ്ങി പുറത്തിറങ്ങി. നേരെ പോയത് ബിയാസ് നദിയുടെ തീരത്തുള്ള മണികരണ്‍ വൈഷ്‌ണോവ ദേവിയുടെ അമ്പലത്തിലേക്കാണ്. പുറത്തു നിന്ന് പഴയ കെട്ടിടം പോലെയായിരുന്നു അത്. ഞാനൊഴികെ എല്ലാവരും ക്ഷേത്രത്തില്‍ കയറി.
കുറച്ചാളുകള്‍ മാത്രമുള്ള ആ നദിയുടെ തീരത്ത് ഞാന്‍ ഒറ്റയ്ക്ക് കുറച്ചു നേരം. ആ നിമിഷത്തെ എന്നിലേക്ക് ആവാഹിക്കുകയായിരുന്നു. പക്ഷികള്‍ പറക്കുന്നതും ഓളങ്ങള്‍ ചിരിക്കുന്നതും മീനുകള്‍ കണ്ണുപൊത്തിക്കളിക്കുന്നതും പര്‍വ്വതമുകളിലെ മഞ്ഞുകണങ്ങള്‍ ഉരുകിയൊലിക്കാന്‍ കൊതിക്കുന്നതുമെല്ലാം നോക്കിയിരുന്നു. കൂടെ ഉള്ളവര്‍ തിരിച്ചു വന്നപ്പോഴാണ് പരിസരബോധം ഉണ്ടാകുന്നത് .
കാട്ടു ചോല പോലൊരു വെള്ളച്ചാട്ടം
പിന്നെ പോയതൊരു മൊണാസ്ട്രിയിലേക്കാണ്. ആണ്‍കുട്ടികളെ മാത്രം പഠിപ്പിക്കുന്ന ബുദ്ധമത സ്‌കൂളും മൊണാസ്ട്രിയും. മെറൂണ്‍ നിറത്തിലുള്ള ധോത്തിയും, അതേ നിറത്തിലുള്ള, നെഞ്ചും പകുതി കൈയും പ്രത്യേക തരത്തില്‍ മറക്കുന്ന കുപ്പായവുമാണ് അവിടുത്തെ സ്‌കൂള്‍ കുട്ടികള്‍ ധരിച്ചിരിക്കുന്നത്. തണുപ്പിനെ ചെറുത്തു നില്‍ക്കാന്‍ ചെറുപ്പം മുതല്‍ക്കുതന്നെ അവരെ പരിശീലിപ്പിക്കുന്നുണ്ട്. അവിടെ പഠിക്കുന്ന ആണ്‍കുട്ടികള്‍ പിന്നീട് സന്യാസിമാരായി മാറുന്നു. നിറയെ പനിനീര്‍പ്പൂക്കളും പിന്നെ പേരറിയാത്ത ഒരുപാട് പൂക്കളും വിരിഞ്ഞു നില്‍ക്കുന്ന ആ മൊണാസ്ട്രിയുടെ മുറ്റത്ത് പൂമ്പാറ്റകളെ പോലെ പാറിനടക്കുന്ന കുട്ടികള്‍. കുറച്ചു നേരം കൂടി ആ പരിസരത്തു ചെലവഴിച്ച് ഞങ്ങള്‍ അവിടെ നിന്നിറങ്ങി. രണ്ടു മണി കഴിഞ്ഞു. അടുത്തൊന്നും ഹോട്ടലുകള്‍ കണ്ടില്ല.
അടുത്തത് ഒരു വെള്ളച്ചാട്ടമാണ്. വള്ളിപ്പടര്‍പ്പിനുള്ളില്‍, പാറക്കൂട്ടങ്ങള്‍ക്കിടയിലെ ചെറിയൊരു കാട്ടുചോല. അല്ലാതെ ഒരു വെള്ളച്ചാട്ടമെന്നൊന്നും പറയാന്‍ കഴിയില്ല. വണ്ടി നിര്‍ത്തി ഞങ്ങള്‍ അതിനടുത്തേക്കു നടന്നു. അവിടെ ചെറിയൊരു പെട്ടിക്കടയില്‍ അവിടുത്തെ നാടന്‍ ഭക്ഷണം കിട്ടുന്നുണ്ട്. മാഗിയും ബ്രഡ് ഓംലെറ്റും ഒക്കെ കഴിച്ചു വിശപ്പടക്കി. രണ്ടടി താഴേക്കിറങ്ങിയാല്‍ കാട്ടുചോലയിലിറങ്ങാം. സോക്സും ഷൂവുമെല്ലാം അഴിച്ചു വെച്ച് വെള്ളത്തില്‍ കാലു വെച്ചു. ഐസ്പോലെ തണുത്ത വെള്ളം. ഒരു മിനിറ്റ് തികച്ചു വെച്ചില്ല അപ്പോഴേക്കും കാലു മരവിച്ചപോലെയായി. പാറപ്പുറത്തേക്കു ചാടിക്കയറി കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു.
അപ്പോഴാണ് കുറച്ചപ്പുറത്ത് ഒരു പാറമടയുടെ അടിയില്‍ മധ്യവയസ്‌കയായ ഒരു സ്ത്രീയിരുന്നു കമ്പിളിനൂലുകൊണ്ട് തൊപ്പി തുന്നുന്നത് കണ്ടത്. നേരെ അവിടെ പോയി. .നല്ല വെളുത്ത വട്ടമുഖമുള്ള, കാതില്‍ വലിയ തോരണമിട്ട സ്ത്രീ. അവര്‍ ചിരിച്ചു കൊണ്ടെന്നെ സ്വാഗതം ചെയ്തു. തിരിച്ചു പോരുമ്പോള്‍ ഞങ്ങള്‍ രണ്ടു തൊപ്പിയും വാങ്ങി കൂടെ ഒരു ഫോട്ടോയും എടുത്തു. ചെറിയ ചെറിയ കാര്യങ്ങളില്‍ വല്യ സന്തോഷം ആ മുഖത്തും പ്രതിഫലിച്ചു.
ജബ് വി മെറ്റ് എന്ന സിനിമയിലെ ചില ഗാനങ്ങള്‍ ഇവിടെ ചിത്രീകരിച്ചതാണ്.
മഞ്ഞിലൊരു കൊട്ടാരം
തിരിച്ച് മണാലിയിലേക്ക് പോകണം. പോകുന്ന വഴിക്കാണ് കുല്ലുവിലെ രാജാവായ സിദ്ദ് സിംഗിന്റെ കൊട്ടാരം. അതിനടുത്തു തന്നെ 'റോറിച്ച് ആര്‍ട്ട് മ്യുസിയം. ഒന്ന് മാത്രം കാണാനുള്ള സമയമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ കൊട്ടാരം കാണാന്‍ തീരുമാനിച്ചു. അതിപുരാതനമായ ആ കൊട്ടാരം പുറത്തു നിന്ന് കാണുമ്പോള്‍ തന്നെ പ്രൗഢി വിളിച്ചു പറഞ്ഞിരുന്നു. പൂര്‍വ്വജന്മം എന്നൊന്നുണ്ടെങ്കില്‍, ആ സമയത്തു ഞാനീ വഴിയെങ്ങാനും വന്നുകാണണം. അത്രക്കും എന്നെ അത് ആകര്‍ഷിച്ചു. പേര് ചൊല്ലി വിളിക്കുന്ന ഒരു ഹൃദയമിടിപ്പ് ഞാന്‍ കേട്ടു.
1460ല്‍ യുറോപ്പിന്റെയും ഹിമാചലിന്റെയും ഡിസൈന്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ച ഈ കൊട്ടാരം ഒരു തരം കരിങ്കല്ല് പോലെ തോന്നിക്കുന്ന കല്ലും മരവും മാത്രം കൂട്ടി ഉണ്ടാക്കിയതാണ്. കോണിപ്പടികളും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഉപയോഗിക്കുന്ന ഫയര്‍ പ്ലേസും ഒക്കെ എത്ര കരവിരുതോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരുപാട് പെയിന്റിംഗുകളുടെ കൂട്ടത്തില്‍ റഷ്യന്‍ ചിത്രകാരനായ നിക്കോളാസ് റോറിച്ചിന്റെ' പെയിന്റിംഗ് തലയെടുപ്പോടെ ചുമരിനെ അലങ്കരിച്ചിരിക്കുന്നു.
അതിനേക്കാള്‍ സുന്ദരമാണ് പുറത്തെ കാഴ്ചകള്‍. ചുറ്റും മഞ്ഞു മൂടിയ മലകളും താഴ്‌വരയും അതിനെ തഴുകി ബിയാസ് നദിയും. ധാരാളം സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്യാറുണ്ട്. ജബ് വി മെറ്റ് എന്ന സിനിമയിലെ ചില ഗാനങ്ങള്‍ ഇവിടെ ചിത്രീകരിച്ചതാണ്. മനസ്സില്ലാമനസ്സോടെ തിരിച്ചു നടന്നു.
മണാലിയിലെത്താന്‍ ഒരു മണിക്കൂര്‍ ഇനിയുമുണ്ട്. ചെറിയ ചാറ്റല്‍ മഴ മണാലിവരെ പിന്തുടര്‍ന്നു. ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴേക്കും 7 മണി കഴിഞ്ഞ. അവിടത്തെ അവസാന രാത്രിയായിരുന്നു അത്. രാത്രി ഒന്നുകൂടി മാള്‍ റോഡില്‍ പോയി ഒമ്പത് മണിവരെ കറങ്ങി നടന്നു. രാത്രി മുഴുവന്‍ മഴ ചാറുന്നുണ്ടായിരുന്നു. തണുപ്പിന് പരിചയമായിത്തുടങ്ങിയത് പോലെ. കൂടുതല്‍ തണുപ്പനുഭവപ്പെട്ടില്ല അന്ന്.
മണാലിയിലെ സ്വപ്നങ്ങള്‍ക്ക് വിട
പിറ്റേ ദിവസം രാവിലെ ഉണര്‍ന്നു. മഴയെ കണ്ടില്ല. ജനല്‍പാളിയിലൂടെ ദൂരെ മഞ്ഞു പുതച്ച പര്‍വതങ്ങളെ നോക്കി കുറച്ചു നേരം നിന്നു. എന്തായിരിക്കും അവര്‍ ആകാശത്തിന്റെ ചെവിയില്‍ മന്ത്രിക്കുന്നത്?
സൂര്യ കിരണങ്ങള്‍ ഭൂമിയെ തട്ടി ഉണര്‍ത്തുന്നു. 11മണിക്ക് ഹോട്ടല്‍ ചെക്ക്ഔട്ട് ചെയ്യണം. രാവിലത്തെ ഭക്ഷണം കഴിച്ചു ലഗ്ഗേജ് പാക്ക് ചെയ്ത് റെഡിയായി. വൈകുന്നേരം 5 മണിക്കായിരുന്നു ഡല്‍ഹിയിലേക്കുള്ള വോള്‍വോ ബസ്. നാലുമണി മണി വരെ ലഗ്ഗേജ് ഹോട്ടലില്‍ തന്നെ വെക്കാന്‍ ടൂര്‍ പാക്കേജുകാര്‍ അനുമതി തന്നിരുന്നു. നാലുമണിവരെ സമയമുണ്ട്. അടുത്തുള്ള നേച്ചര്‍ പാര്‍ക്ക് കാണാന്‍ തീരുമാനിച്ചു. നടന്നു പോകാനുള്ള വഴിയേ ഉള്ളൂ. നിറയെ പൈന്‍ മരങ്ങള്‍. കാടുപോലുണ്ട്. ഇടക്കിടക്ക് വലിയ കമ്പിവല കൂട്ടില്‍ വിവിധ ഇനം പക്ഷികള്‍. കാറ്റില്‍ ഇളകുന്ന ഇലകളും മരക്കൊമ്പുകളും കൂട്ടിലിട്ട പക്ഷികളെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു. നടന്നു ചെന്നെത്തിയത് വീണ്ടും ബിയാസ് നദിയുടെ തീരത്ത് തന്നെ. ഒരുമണിവരെ അവിടെ ചെലവഴിച്ചു. പിന്നെ മാള്‍ റോഡില്‍ പോയി ഉച്ചഭക്ഷണം കഴിച്ചു.
മണാലിയോട് യാത്ര പറയുകയാണ്. അന്ന് മഴയെ കണ്ടതേയില്ല. മണാലിയിലെ സ്വപ്നങ്ങളെ നിങ്ങള്‍ക്ക് വിട. ബസ് അഞ്ച് മണിക്ക് തന്നെ ഡല്‍ഹിയിലേക്ക് യാത്ര ആരംഭിച്ചു. കുല്ലു വരെ ബിയാസ് നദി ഞങ്ങളെ പിന്തുടര്‍ന്നു. വലിയ റോസാപ്പൂക്കള്‍ വഴിക്കണ്ണുമായി ഞങ്ങളെ യാത്രയാക്കി. ആപ്പിള്‍ മരങ്ങളുടെ തളിരിലകള്‍ തലകുനിച്ചു നില്‍ക്കുന്നു. ദൂരെ ഹിമാലയത്തിന്റെ മുകളില്‍ നിന്നും ഒരു മഞ്ഞു തുള്ളി ഉരുകിയൊലിച്ചു താഴെ ഭൂമിയിലേക്ക് ഇറ്റു വീഴുന്നു.
(അവസാനിച്ചു)
കുല്ലു മണാലി യാത്രാനുഭവം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
പാരീസ് യാത്രാകുറിപ്പുകള്‍
ലണ്ടന്‍ യാത്രാനുഭവങ്ങള്‍