ദില്ലി, വൃന്ദാവന്‍, മഥുര, ലക്‌നോ, അയോധ്യ, അമേഠി, റായ്ബറേലി, പ്രയാഗ്, കാശി...മതം, വിശ്വാസം, ഹിന്ദുത്വ, കുടുംബവാഴ്ച, തെരഞ്ഞെടുപ്പ്...ഈ ചേരുവകള്‍ക്ക് നടുവിലെ മനുഷ്യ ജീവിതങ്ങളിലൂടെ നടത്തിയ യാത്ര. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന 'ദില്ലി മുതല്‍ കാശി വരെ' എന്ന പരിപാടി പറയുന്നത് ഇതാണ്. ആ പരിപാടിയുടെ ഒന്നാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ്. എംജി അനീഷ് എഴുതുന്നു
അധികാരത്തെ ഉറപ്പിച്ചുനിര്‍ത്തുന്ന രാഷ്ട്രീയഒറ്റമൂലികള്‍ക്ക് പകരം മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നൊരു തെരഞ്ഞെടുപ്പാക്കി 2019 നെ പുനസൃഷ്ടിക്കാന്‍ ജനാധിപത്യ ഇന്ത്യയ്ക്ക് ഇനിയും നേരമുണ്ട്. പക്ഷെ അര്‍ത്ഥവത്തായ ആ സാധ്യതയെ വസൂലാക്കാന്‍ ഇവിടൊരു പ്രതിപക്ഷം പോലുമില്ലെന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയദുരന്തം. പക്ഷവും പ്രതിപക്ഷവും പഴയശീലം തുടരുകതന്നെയാണ്.
പോപ്പുലിസം അഥവാ ജനപ്രിയതയുടെയും ജനാഭിലാഷങ്ങളെയും മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രീയ തിരക്കഥയായി ജനാധിപത്യഇന്ത്യ പൂര്‍ണ്ണമായും മാറുന്നത് 2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയിലൂടെയാണ്. ഇന്ത്യന്‍ ജനാധിപത്യസങ്കല്‍പ്പങ്ങളുടെ അലകും പിടിയും മാറ്റിയ തെരഞ്ഞെടുപ്പായി അങ്ങനെ 2014 മാറി. ജനാധിപത്യം, മതേതരത്വം, ദേശീയത, അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശം എന്നിങ്ങനെ അറുപത്തിയേഴ് വര്‍ഷങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ കൊട്ടിഘോഷിച്ച മൂല്യങ്ങളുടെ പ്രയോഗരീതിയും അവിടുന്നിങ്ങോട്ട് തിരുത്തിയെഴുതപ്പെട്ടു.
undefined
ആ മൂല്യങ്ങള്‍ അസ്തമിച്ചുവെന്നല്ല, ഇന്ത്യപോലൊരു വൈവിധ്യങ്ങളുടെ മണ്ണിലുയര്‍ന്ന വിയോജിപ്പുകളെയത്രയും രാജ്യസ്‌നേഹം ദേശീയത എന്നിങ്ങനെ രണ്ട് കള്ളികളിലിട്ട് വിചാരണചെയ്യപ്പെട്ടു. പിന്നെ രാഷ്ട്രവിരുദ്ധനെന്ന ലേബലില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഈ രാഷ്ട്രീയ പദ്ധതിയുടെ ആധാരശ്രുതിയായി ഹിന്ദുത്വയെന്ന മൂന്നക്ഷരം മാറി. മതനിരപേക്ഷ രാഷ്ട്രീയത്തില്‍ നിന്നും സ്വത്വരാഷ്ട്രീയത്തിലേക്ക് പാറി വീണ ജനാധിപത്യഇന്ത്യ ഇതേ രാഷ്ട്രീയത്തില്‍ യുക്തിക്കും ആവശ്യങ്ങള്‍ക്കും പകരം ജനാഭിലാഷങ്ങളുടെ പുതിയ തോരണം ചാര്‍ത്തി. ശക്തനായ നേതാവിന്റെ ശക്തമായ വാക്കുകളില്‍ മധ്യവര്‍ഗ്ഗഭൂരിപക്ഷം കുളിരുകോരി. ആ നേതാവ് എന്തുചെയ്യുന്നതും രാജ്യതാല്‍പ്പര്യത്തിന് വേണ്ടിയാണെന്ന വിശ്വാസം പൗരന്റെ അടിച്ചേല്‍പ്പിക്കപ്പെട്ട ബാധ്യതയായി, ആ ബാധ്യത തീണ്ടാത്തവരത്രയും ദേശവിരുദ്ധരായി.
:
കവി സച്ചിദാനന്ദന്‍ ഈ അവസ്ഥയെ ഇങ്ങനെ കാണുന്നു
മോദി പ്രധാനമായും നില്‍ക്കുന്നത് ഒരു ആന്റി മൈനോറിറ്റി പ്ലാങ്കിലാണ്. അതുകൊണ്ടാണ് നമ്മുടെ ബുദ്ധിജീവികള്‍ എത്ര മാത്രം സംസാരിച്ചാലും അല്ലെങ്കില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളായ സ്‌ക്രോള്‍, വയര്‍, കൗണ്ടര്‍ കറന്റ്‌സ് എന്നിവയോ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള മാധ്യമങ്ങളോ സത്യം തുറന്നുപറഞ്ഞുകൊണ്ടിരുന്നാലും, റഫേല്‍ അടക്കമുള്ള അഴിമതികളും നോട്ടുനിരോധനം അടക്കമുള്ള കാര്യങ്ങളുമെല്ലാം പുറത്തുവന്നാലും ഹിന്ദുത്വ വര്‍ഗീയതയെ പ്രീണിപ്പിച്ച് നില്‍ക്കാന്‍ കഴിയുന്നിടത്തോളം മോദി കുറേയാളുടെ നേതാവും ആരാധനാ ബിംബവുമായി തുടരുമെന്നതാണ് ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കുന്ന ഒരു കാര്യം.
നരേന്ദ്രമോദിയുടെയും ഹിന്ദുത്വയുടേയും സ്ഥിതി ദില്ലിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു?
ഭരണഘടനാസ്ഥാപനങ്ങളുടെ മേലുള്ള കലി, പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയും ജെ എന്‍ യുവും വരെ നീണ്ട വര്‍ഗ്ഗീയതേരോട്ടങ്ങള്‍, അറുകൊലചെയ്യപ്പെട്ട എതിര്‍സ്വരങ്ങള്‍, നോട്ടുനിരോധനവും ജി എസ് ടിയും റഫാലും തൊഴിലില്ലായ്മയും ഒടുവില്‍ പുല്‍വാമയും ബാല്‍ക്കോട്ടും വരെ. ഒരുഗതിയും പരഗതിയുമില്ലാതെ തെരുവിലിറങ്ങിയ കര്‍ഷകനും അടിസ്ഥാനവര്‍ഗ്ഗവും. ഒക്കെക്കഴിഞ്ഞ് ഇര ന്യായാധിപനായി മാറുന്ന തെരഞ്ഞെടുപ്പെന്ന ജനായത്തമുറ വീണ്ടുമാവര്‍ത്തിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകനായ വെങ്കിടേഷ് രമേഷ് കൃഷ്ണന്‍ പറയുന്നത് ഇങ്ങനെയാണ്:
മോദി വീണ്ടും വീണ്ടും പരാമര്‍ശിക്കുന്ന ഒരു വര്‍ഷം 2022 ആണ്. എന്താണ് 2022 ന്റെ പ്രസക്തി? 1922ലാണ് വീര്‍ സവര്‍ക്കര്‍ ഹിന്ദുത്വ എന്നു പറയുന്ന തിസിസുമായി വരുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല രാഷ്ട്രീയം, ഇക്കണോമിക്‌സ് എന്നിവയെല്ലാം പരാമര്‍ശിക്കുന്ന സമഗ്രമായ തിസിസാണ് അത്. ആ തിസിസിന്റെ പശ്ചാത്തലത്തിലാണ് 2022 എന്ന വര്‍ഷം അദ്ദേഹം നിരന്തരം പരാമര്‍ശിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമുക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും, ഹിന്ദുത്വ എന്ന ജീവിത രീതി, ഹിന്ദുത്വയുടെ അധീശത്വം നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. ഇതിന്റെ റിയാക്ഷന്‍ മറുപക്ഷത്തും കാണാം. രാഹുല്‍ ഗാന്ധി പെട്ടെന്ന് ശിവഭക്തനായി മാറുന്നു. അദ്ദേഹമിപ്പോള്‍ എല്ലായിടത്തും അറിയപ്പെടുന്നത് ശിവഭക്്തന്‍ എന്ന നിലയ്ക്കാണ്.
ഇതാണ് കാവിയില്‍പ്പൊതിഞ്ഞ പോപ്പുലിസം മുന്നോട്ടുവക്കുന്ന മറ്റൊരപകടം, മതനിരപേക്ഷതയില്‍പ്പൊതിഞ്ഞ പ്രതിപക്ഷവും വോട്ടുകിട്ടാന്‍ അതേ വര്‍ഗ്ഗീയതയിലഭയം തേടും. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ രാഷ്ട്രീയമാവുന്നിടത്താണ് ജനാധിപത്യം ശരിക്കും തോല്‍ക്കുന്നത്. മതേതര-ഇന്ത്യ ഇന്ന് ആ തോല്‍വിയുടെ വക്കത്താണ്. ഇവിടെ നരേന്ദ്രമോദിയിലൂടെ ഹിന്ദുത്വ മുന്നോട്ടുവക്കുന്ന രാഷ്ട്രീയത്തിനൊരു പ്രകടമായ വൈരുദ്ധ്യമുണ്ട്. അതെപ്പൊഴും കോര്‍പ്പറേറ്റുകള്‍ക്കൊപ്പം നില്‍ക്കും, പക്ഷെ ആശയപരമായി പുരോഗമനവിരുദ്ധമായിരിക്കും. ഈ ഇരട്ടത്താപ്പില്‍ മധ്യവര്‍ഗ്ഗഭൂരിപക്ഷത്തിന് വിയോജിപ്പേയില്ല, അല്ലെങ്കിലത് തിരിച്ചറിയുന്നുമില്ല.
വെങ്കിടേഷ് രാമകൃഷ്ണന്‍ ഇതിനെക്കുറിച്ച് ഇങ്ങനെ നിരീക്ഷിക്കുന്നു:
1992 ജുലൈ മാസം പള്ളി പൊളിക്കുന്നതിനു മുമ്പുള്ള കര്‍സേവ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സമയത്തെ അനുഭവമാണ് ഓര്‍ക്കുന്നത്. അന്ന് ആഗ്രയില്‍നിന്നും ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കര്‍സേവയ്ക്ക് വന്നു. രസകരമായ ഒരു കാര്യം, അവരെല്ലാം മഡോണയുടെ ചിത്രമുള്ള ടീ ഷര്‍ട്ടുകളാണ് അണിഞ്ഞിരുന്നത് എന്നതായിരുന്നു. മഡോണയെന്ന പ്രതീകത്തോടല്ല അവിടെ പ്രശ്‌നം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ന്യനപക്ഷങ്ങളാണ്. അതും മുസ്‌ലിം ന്യൂനപക്ഷം എന്നതാണ്. അതാണ് വി എച്ച് പിയുടെ ആദ്യ സമ്മേളനം കഴിഞ്ഞ ഉടനെ ആ മുദ്രാവാക്യം വരുന്നത്- പഹലെ കസായി ഫിര്‍ ഇസായി.
രാഹുലിന്റെ ശിവഭക്തിയുടെ പിന്നിലെന്ത്?
ബാബരി മസ്ജിദിന് ശേഷം രാഷ്ട്രീയ ഇന്ത്യ നിലനിന്നത് യുക്തിയിലല്ല, വിശ്വാസത്തിലാണെന്ന നിരീക്ഷണത്തിന് അടിവരയിടും രാഹുലിന്റെ ശിവഭക്തിയും. പക്ഷെ രാഷ്ട്രീയം വിശ്വാസത്തിലും സ്വത്വത്തിലും അഭയം തേടുമ്പോള്‍ ബാബരിമസ്ജിദിന് ശേഷം ഇന്ത്യ കണ്ടത് ആഗോളവല്‍കരണത്തിനൊപ്പം കോര്‍പ്പറേറ്റ് ഇന്ത്യയുടെ യുക്തിഭദ്രമായ വളര്‍ച്ചയാണ്. അതിന് സമാന്തരമായി ഹിന്ദുത്വയും വളര്‍ന്നു. ഇതില്‍ ചരിത്രപരമായൊരു വലിയ തിരിച്ചടിയുടെ തഴമ്പ് കാണാം. ആധുനികഭാരതത്തിന്റെ പുത്തന്‍ ക്ഷേത്രങ്ങളെന്ന് നെഹ്‌റുവിന്റെ മതേതരഭാവന വാഴ്ത്തിയ ഡാമുകളും വ്യവസായശാലകളുമുള്‍പ്പടെയുള്ള മഹാസ്തംഭങ്ങള്‍ വെറും നാല് പതിറ്റാണ്ട് കഴിയുമ്പോള്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ഒത്താശ ചെയ്യാനാരംഭിച്ചു. അതിന് മറുപുറത്ത് ന്യൂനപക്ഷവിരുദ്ധതയുടെ നിഴലില്‍ ഭൂരിപക്ഷത്തെ കൈയ്യിലെടുക്കുന്ന രാഷ്ട്രീയത്തെ ചെറുക്കാന്‍ നെഹ്‌റു താവഴിയിലെ ഇളമുറക്കാര്‍ വര്‍ഗ്ഗീയമുറകളിലഭയം തേടുന്നു. ഇവിടെ മോദിയെ ചെറുക്കാന്‍ രാഹുലിനെത്രപറ്റും എന്നതാണ് ചോദ്യം. 543 മണ്ഡലങ്ങളും ആയിരക്കണക്കിന് മത്സരാര്‍ത്ഥികളും അണിനിരക്കുന്ന ഒരു ജനായത്തപ്രക്രിയ എപ്പോഴുമെന്നപോലെ രണ്ട് വ്യക്തികളിലേക്ക് ചുരുങ്ങുകയാണ്.
രാഹുലിനെയും മോദിയെയും താരതമ്യം ചെയ്തുകൊണ്ട് വെങ്കിടേഷ് രാമകൃഷ്ണന്‍ ഇങ്ങനെ പറയുന്നു:
റെണാള്‍ഡ് റീഗനൊക്കെയായി താരതമ്യം ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ഭയങ്കരമായ കമ്യൂണിക്കേഷന്‍ സ്‌കില്‍സ് ഉള്ള ഒരാളാണ് മോദി. രാഹുല്‍ അത്രയും ശക്തമായ കമ്യൂണിക്കേഷന്‍ സ്‌കില്‍സ് ഉള്ള ഒരാളായി എനിക്കിതുവരെ തോന്നിയിട്ടില്ല. ഇപ്പോ അദ്ദേഹം കുറച്ച് മെച്ചപ്പെടുന്നുണ്ട്. പബ്ലിക് പെര്‍ഫോമന്‍സൊക്കെ നന്നായി മാറുന്നുണ്ട്. ഒന്നു രണ്ടു തവണ അദ്ദേഹവുമായി നേര്‍ക്കുനേര്‍ സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അതില്‍നിന്നും മനസ്സിലാവുന്നത് ഏറ്റവുമധികം വായിച്ച, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരിക്കും അദ്ദേഹം എന്നാണ്. തോമസ് പിക്കറ്റിയൊക്കെ നേരിട്ട് വായിച്ച ഒരാളാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ ഇക്കാലമത്രയും ഉണ്ടായ നേതാക്കളില്‍ ഏറ്റവും ഡെമോക്രാറ്റിക്കായ ഒരാളാണ് അദ്ദേഹം എന്നാണ് എനിക്ക് തോന്നുന്നത്.
തോമസ് പിക്കറ്റിയുടെ സ്വാധീനമെത്രയായാലും ജനായത്തരാഷ്ട്രത്തിലെ പൗരന്റെ ക്ഷേമം നാടുഭരിക്കുന്നവന്റെ മാത്രം ചുമതലയാണെന്ന് അടിവരയിടുന്ന ചില പരാമര്‍ശങ്ങളുയര്‍ന്നത് രാഹുലില്‍ നിന്നാണ്. ദരിദ്രനാരായണന്‍മാരുടെ ഇന്ത്യയില്‍ ഒരു പ്രതീക്ഷയുണര്‍ത്താന്‍ പോന്നൊരു തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അത്. ഒരു തരത്തിലുമുള്ള വേര്‍തിരിവുകളില്ലാതെ എല്ലാ പൗരനും ഭരണകൂടം ഉറപ്പുനല്‍കുന്ന ഒരു പ്രതിമാസ വരുമാനമെന്ന നിലക്കാണ് യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം എന്ന സങ്കല്‍പ്പത്തെ ലോകമെമ്പാടുമുള്ള ക്ഷേമരാഷ്ട്രങ്ങള്‍ കൊണ്ടാടിയത്. പക്ഷെ രാഹുല്‍ മുന്നോട്ടുവച്ചത് 29.5 ശതമാനം വരുന്ന രാജ്യത്തെ ദരിദ്രര്‍ക്ക് ക്ഷേമം ഉറപ്പുനല്‍കുന്ന ഒരു മിനിമം ഇന്‍കം ഗാരന്റിയായിരുന്നു.
2016-17വര്‍ഷത്തെ ഇന്ത്യന്‍ സാമ്പത്തികസര്‍വ്വേയില്‍ എഴുപത്തിയഞ്ച് ശതമാനം വരുന്ന ഇന്ത്യന്‍ പൗരന് പ്രതിവര്‍ഷം 7620 രൂപ നല്‍കുന്നൊരു പദ്ധതിയെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നരേന്ദ്രമോദിസര്‍ക്കാര്‍ കര്‍ഷകന് പ്രതിദിനം നല്‍കിയത് 17 രൂപയെങ്കില്‍ 2016-17 കാലത്ത് പദ്ധതിയിട്ട യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം പ്രതിദിനം വെറും 20 രൂപ87 പൈസയായിരുന്നു. മന്ദിറും മസ്ജിദും സ്വത്വരാഷ്ട്രീയവുമെല്ലാം മുന്നില്‍ നില്‍ക്കുമ്പോഴും സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാന മൂലധനം ദാരിദ്യം തന്നെയെന്ന് രാഹുലും മോദിയും തെളിയിക്കുന്നു.
പുല്‍വാമ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?
തെരഞ്ഞെടുപ്പിന്റെ തീത്തിളപ്പിലേക്ക് പാറി വീഴാനൊരുങ്ങിയ ദില്ലിയെ പിന്നെ മറ്റൊരു തീ വിഴുങ്ങി-പുല്‍വാമ. തെരഞ്ഞെടുപ്പ് വേണ്ട, പാക്കിസ്താന് മറുപടി നല്‍കിയാല്‍ മതിയെന്ന മുറവിളി ഉത്തരേന്ത്യയില്‍ മുുഴങ്ങി.
പുല്‍വാമ സംഭവത്തിന് ശേഷമുള്ള ഉത്തരേന്ത്യന്‍ മനസ്സ് പൂര്‍ണ്ണമായും യുദ്ധസന്നദ്ധമായിരുന്നു. റായ്ബറേലിയിലെ പള്ളിക്കൂടങ്ങളും ബനാറസിലെ കാമ്പസുകളും ദില്ലി മുതല്‍ ബനാറസ് വരെയുള്ള ഗ്രാമ-നഗരങ്ങളുമെല്ലാം പ്രതിഷേധം കൊണ്ടുനിറയുന്ന കാഴ്ച തുടര്‍ന്നു. അതില്‍ മഹാഭൂരിപക്ഷവും പാകിസ്ഥാനെ തിരിച്ചടിക്കണമെന്ന് ആവര്‍ത്തിച്ചു. തീവ്രവാദത്തിനുള്ള പോംവഴി ന്യായമായ ആവശ്യമായിത്തുടരുമ്പൊഴും മറുപുറത്ത് കശ്മീരികളും ഇന്ത്യന്‍മുസല്‍മാനും മൊത്തത്തില്‍ പ്രതിക്കൂട്ടിലാവുന്നതും കണ്ടു. ഈ രാഷ്ട്രീയ മനസ്സ് ദില്ലിയുടെ രാഷ്ട്രീയവ്യവഹാരങ്ങളെ എങ്ങനെ മാറ്റിമറിക്കും? അപ്രതീക്ഷിതമായി വന്ന പുല്‍വാമ, എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും?
കവി സച്ചിദാനന്ദന്‍ ഇക്കാര്യത്തെ ഇങ്ങനെ കാണുന്നു:
വടക്കേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വര്‍ഗീയത വളരെ പ്രധാനമായ ഒരു പങ്ക് അതിന്റെ മനശാസ്ത്രത്തില്‍ വഹിക്കുന്നുണ്ട്. അതിലേക്ക് കടന്നുചെല്ലാന്‍ മോദിക്ക് ഏറെ കഴിഞ്ഞിട്ടുണ്ട്. അത് മൂലധനമാക്കിത്തന്നെയാണ് കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെയൊക്കെത്തന്നെ കൂടുതല്‍ മുതലെടുക്കാന്‍ മോദിക്ക് കഴിയുന്നത്. ഇതിലുള്ളത് രാജ്യസ്‌നേഹമോ ദേശഭക്തിയോ ഒന്നുമല്ല, വാസ്തവത്തില്‍ മുസ്‌ലിം വിരോധം, പൊതുവായ ന്യൂനപക്ഷ വിരോധം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പൊതുവായ ഹെജിമണികളുടെ നെടുനായകത്വം ഇതൊക്കെയാണ് അതിനു പിന്നിലെ പ്രധാന ഘടകങ്ങള്‍.
പുല്‍വാമയിലെ ആക്രമണവും ബാല്‍ക്കോട്ടിലെ പ്രത്യാക്രമണവും. രാജ്യസുരക്ഷക്കയ്പ്പുറം രണ്ടും ഇന്ന് തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. അതിന്റെ നേട്ടം ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ എന്ന അന്വേഷണം രാഷ്ട്രീയ ഇന്ത്യയില്‍ പൊലിപൊലിക്കും. പുല്‍വാമ സംഭവം ഭരണകൂടത്തിന്റെ ബലഹീനതയെന്ന് രാഷ്ട്രത്തെ ബോധ്യപ്പെടുത്തിയാല്‍ നേട്ടം പ്രതിപക്ഷത്തിന്. പാകിസ്ഥാന് മറുപടിനല്‍കാന്‍ കെട്ടുറപ്പില്ലാത്തൊരു കൂട്ടൂകക്ഷി ഭരണത്തിനാവില്ലെന്ന പൊതുജനത്തെ ബോധ്യപ്പെടുത്തിയാല്‍ നേട്ടം മോദിഭരണകൂടത്തിന്.
കവി സച്ചിദാനന്ദന്‍ ഇതിനെ ഇങ്ങനെ കാണുന്നു:
മാധ്യമങ്ങള്‍, പ്രചാരകര്‍, പരസ്യങ്ങള്‍ എന്നിവയുടെ ഒക്കെ സഹായത്തോടെ ശക്തനായ ഒരു നേതാവാണ് താനെന്ന തോന്നല്‍ സൃഷ്ടിക്കുന്നതില്‍ മോദി വളരെ വലിയ അളവില്‍ വിജയിച്ചിട്ടുണ്ട്. ഇത് കൂടുതലായി മുതെലടുക്കാനുള്ള സന്ദര്‍ഭമായാണ് കശ്മീരിലെ ഭീകരാക്രമണത്തെ ഉപയോഗിച്ചതെന്ന് നാം കാണേണ്ടതുണ്ട്. ശക്തമായ ഒരു ഭരണകൂടം ആവശ്യമുള്ള ഒരു കാലമാണ് ഇതെന്നും പാക്കിസ്താനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ഒരു മുന്നണി സര്‍ക്കാറിന് കഴിയില്ലെന്നുമുള്ള പ്രതീതി സൃഷ്ടിക്കാനും ഈ സംഭവത്തിനും അതിന്റെ പ്രത്യാഘാതത്തിനും കഴിഞ്ഞിട്ടുണ്ട്.
അത്താഴപ്പട്ടിണിക്കാരന് യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കവും കര്‍ഷകക്ഷേമവും തൊഴിലില്ലായ്മയും നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക്, നേരമടുത്തപ്പോള്‍ കൃത്യം വര്‍ഗ്ഗീയഛായ കലരുന്നു.
ഇക്കാര്യത്തില്‍ വെങ്കിടേഷ് രാമകൃഷ്ണന്റെ നിരീക്ഷണം ഇതാണ്:
ഭരണത്തില്‍ വന്നശേഷം തീവ്രവാദ ആക്രമണങ്ങള്‍ കുറഞ്ഞിരിക്കുന്നു, അതിര്‍ത്തിയിലെ സ്ഥിതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ സര്‍ക്കാറിന്റെ പ്രധാന അവകാശവാദം. ഈ കണക്ക് തെറ്റാണ്. രണ്ടാമത്തെ യു പി എ സര്‍ക്കാറിന്റെ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് മൂന്ന് മടങ്ങാണ് തീവ്രവാദ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. അതവിടെ നില്‍ക്കട്ടെ. മുപ്പത് വര്‍ഷത്തെ കശ്മീരിന്റെ ചരിത്രത്തില്‍ ഇത്രയുമാളുകള്‍ കൊല്ലപ്പെട്ട മറ്റൊരു തീവ്രവാദി ആക്രമണം ഉണ്ടായിട്ടില്ല. ഇതിനു രണ്ട് വശമുണ്ട്. ഒന്ന് സര്‍ക്കാറിന്റെ ബലഹീനതയെ ഇത് തുറന്നുകാണിക്കുന്നു. രണ്ടാമത് ഈ ബലഹീനതയെ മറികടന്നു കൊണ്ട് വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രചാരണവും ഇതോടാപ്പം നടക്കുന്നു.
ദില്ലിയുടെ രാഷ്ട്രീയമനസ്സ് എങ്ങനെയാണ്?
ദില്ലി വാഴാന്‍ ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വമത്രയും കച്ചമുറുക്കാന്‍ തുടങ്ങുമ്പോള്‍ ഒരെറ്റ ചോദ്യം. ശരിക്കുമുള്ള ദില്ലിയുടെ രാഷ്ട്രീയമനസ്സ് എങ്ങനെയാണ്?
ഹിന്ദുത്വയുടെ നെടുങ്കോട്ടകളെ മാറ്റി നിര്‍ത്തിയാല്‍ 10 വര്‍ഷമെന്ന് ഇന്ത്യയുറപ്പിച്ച മോദിയുടെ പ്രതാപത്തിന് പഴയ കെട്ടുറപ്പില്ലെന്ന് ദില്ലി മുതല്‍ കാശി വരെ വിളിച്ചുപറയുകയാണ്. ന്യൂനപക്ഷങ്ങ്ും അടിസ്ഥാന വര്‍ഗവും ഉയര്‍ത്തുന്ന പ്രതിരോധം ഒരു വശത്ത്, മറുപക്ഷത്ത് രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍, മോഹഭംഗം സംഭവിച്ച മധ്യവര്‍ഗത്തില്‍ ഒരു പകുതി വേറെ, ജിഎസ്ടിയും നോട്ടുനിരോധനവും ഇപ്പോഴും ചര്‍ച്ചയിലുണ്ട്. വികാസ് പുരുഷ് എന്ന മോദി പരിവേഷത്തിന് പഴയ ബലമില്ല. ഈ വര്‍ഷത്തേക്കുള്ള ശക്തമായ ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യം ബി ജെ പിയില്‍നിന്നുയരുന്നുമില്ല.
അഞ്ചാണ്ട് മുന്‍പ് രാഷ്ട്രീയസുനാമിയായി അമിത്ഷായും ബി.ജെ.പിയും കൊണ്ടാടിയ മോദിയുടെ പ്രഭാവത്തിന് ഇരിക്കുന്ന തട്ടകത്തില്‍പ്പോലുമില്ല പെരുത്ത സ്വാധീനം. 1952ലെ ആദ്യതെരഞ്ഞെടുപ്പില്‍ വെറും 3.1 ശതമാനം വോട്ടിലൊതുങ്ങിനിന്ന ഹിന്ദുത്വയുടെ പാര്‍ലമെന്ററി അവതാരം ജനസംഘത്തില്‍ നിന്നും 62 വര്‍ഷങ്ങള്‍ക്ക് ശേഷം 282 സീറ്റും 31 ശതമാനം വോട്ടും നേടുന്ന സ്വാധീനശക്തിയാക്കി മാറ്റിയ ഒരന്തരീക്ഷം നിലനിന്നിട്ടും എന്തുകൊണ്ട് മോദി ദില്ലിയിലെ പാവങ്ങള്‍ക്ക് മുന്നില്‍ തോറ്റുപോകുന്നു?
പൊതുജനത്തിന്റെ ബുദ്ധിമുട്ടുകള്‍ വിട്ട് രാഷ്ട്രീയ ദില്ലിയില്‍ എത്തിയാല്‍ എപ്പോഴുമെന്ന പോലെ ദുരൂഹമാണ് കാര്യങ്ങള്‍. ദേശാന്തര സമവാക്യങ്ങളും അധികാര മോഹങ്ങളും പ്രിയങ്കയും മമതയും ഉള്‍പ്പെടുന്ന രാഷ്ട്രീയ താരോദയങ്ങളും സംഭവിച്ച നേരത്താണ് പുല്‍വാമ രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഗതി മാറ്റിയത്. ആ വ്യവഹാരം ഒന്നു പിന്‍വലിഞ്ഞു. പക്ഷേ, അവസാനിച്ചിട്ടില്ല. ദില്ലി ലക്ഷ്യമിടുന്ന മോഹപ്പക്ഷികള്‍ രാഷ്ട്രീയ ഇന്ത്യയുടെ ആകാശത്ത് പാറിപ്പറക്കുകയാണ്.
2016 ലെ കണക്കനുസരിച്ച് ഏതാണ്ട് 20 ലക്ഷം ശിക്ഷകുമാര്‍, രാജ്യമൊട്ടാകെ 36293 ഇടങ്ങളിലായി അവരൊത്തുചേരുന്ന 57000 പ്രതിദിനശാഖകള്‍, 14000 പ്രതിവാരശാഖകള്‍, 7000 പ്രതിമാസ ശാഖകള്‍, എ. ബി. വി. പി, ബി. എം. എസ് തുടങ്ങിയ സമാന്തരസംഘടനകളും കണക്കില്ലാത്ത നിഴല്‍സേനകളും. രാഷ്ട്രീയത്തിലെ എന്‍.ജി.ഒ സാധ്യതയും. അഴിമതിസമരവും അന്നാഹസാരെയുമെല്ലാം പണ്ടെ ഊഹിച്ചെടുത്ത ഈ ഹിന്ദുത്വരാഷ്ട്രീയസന്നാഹങ്ങള്‍ക്ക് മുന്നിലെ ബാധ്യതയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മാറിയതെങ്ങനെയാണ്?
കവി സച്ചിദാനന്ദന്‍ ഇതിനെ കാണുന്നത് ഇങ്ങനെയാണ്:
റിക്ഷാവലിക്കാരുടെയും ചേരികളില്‍ ജീവിക്കുന്നവരുെടയും പല രീതിയില്‍ പാര്‍ശ്വരവല്‍ക്കരിക്കപ്പെട്ടവരുടെയും ഒക്കെയൊരു ദില്ലിയുണ്ട്. ആ ദില്ലി ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ആം ആദ്മി പാര്‍ട്ടിയുടെ കൂടെയാണ്. ഇപ്പോഴും ഏതാണ്ട് പൂര്‍ണ്ണമായിത്തന്ന ആപ്പിന്റെ സ്ഥാനാര്‍തഥികള്‍ക്ക് അവര്‍ വോട്ടുചെയ്യുകയും ചെയ്യുന്നു. ആപ്പ് പറഞ്ഞ കാര്യങ്ങളെല്ലാം ഏതാണ്ട് ചെയ്തു. പറയാത്ത കാര്യങ്ങള്‍ കൂടി ചെയ്തു. ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും വരേണ്യരെന്ന് പറയാവുന്ന വ്യാപാരികളുടെയും അന്ധമായ ഹിന്ദുത്വവിശ്വാസം പുലര്‍ത്തുന്നവരുടേതുമായ മറ്റൊരു തലവും ഇതോടൊപ്പം കാണണണം. ഈ തലത്തില്‍ മോദിയുടെ ഇമേജിന് ചില ഭാഗങ്ങളിലൊക്കെ ഇടിവു തട്ടിയിട്ടുണ്ടെങ്കിലും അതിന് കാര്യമായ വ്യത്യസം വന്നിട്ടില്ലെന്ന് തോന്നുന്നു.
സ്വത്വരാഷ്ട്രീയത്തിലേക്ക് ജനാഭിലാഷങ്ങളുടെ രാഷ്ട്രീയത്തെ കൂട്ടിവിളക്കുന്ന തച്ചാണ് 2014ല്‍ ബി. ജെ. പി പയറ്റിയതെങ്കില്‍ 2019ല്‍ രണ്ടിന്റെയും അനുപാതത്തില്‍ വ്യത്യാസം സംഭവിക്കും. ആ സാധ്യതയുടെ വിളക്കുമരമാണ് യു. പിയിലെ എസ്. പി-ബി. എസ്. പി സഖ്യം. ഐഡന്റിറ്റി, ആസ്പിരേഷന്‍, ഇവ രണ്ടിനും ബദലായി ഹിന്ദുത്വക്ക് സ്വന്തമായ ഒരേയൊരു കൈയ്യിലിരുപ്പ് വര്‍ഗ്ഗീയതയും. ഇവ മൂന്നും 2019ന്റെ രാഷ്ട്രീയദൗത്യമേറ്റെടുക്കും.
2014ല്‍ ജനാഭിലാഷത്തിന്റെ ഈടില്‍ വികസനവും വര്‍ഗ്ഗീയതയും മുന്‍നിര്‍ത്തി മോദി പടനയിച്ചെങ്കില്‍ ഇക്കുറി തുറന്ന വര്‍ഗ്ഗീയത ഉത്തരേന്ത്യയില്‍ രാഷ്ട്രീയതാണ്ഡവമാടും. ആ വര്‍ഗ്ഗീയതയെ ന്യായീകരിക്കുന്നൊരു വൈകാരികയുക്തിയായി ദേശീയതയും രാജ്യസ്‌നേഹവും പ്രയോഗിക്കപ്പെടും. വിശ്വാസത്തിന് കീഴ്‌പ്പെട്ട നിസ്സഹായമായൊരു ഉത്തരേന്ത്യന്‍ മനസ്സിനെ അവര്‍പോലുമറിയാതെ ഈ രാഷ്ട്രീയം ഉഴുതുമറിക്കും. റഫാലും പുല്‍വാമയും കൊണ്ട് രാഷ്ട്രീയബദലൊരുക്കുന്ന രാഹുലും സംഘവും ദരിദ്രന്റെയും കര്‍ഷകന്റെയും ന്യൂനപക്ഷത്തിന്റെയും തൊഴില്‍രഹിതന്റെയും പ്രശ്‌നങ്ങളില്‍ നിന്നും എപ്പോഴുമെന്നപോലെ തന്ത്രപരമായി പിന്‍വലിയും. ദില്ലി മുതല്‍ കാശി വരെയുള്ള രാഷ്ട്രീയമനസ്സില്‍ അത് പ്രതിഫലിക്കുന്നുണ്ട്.
തുറന്ന വര്‍ഗീയതയുടെ തെരഞ്ഞെടുപ്പുകാലം
ദില്ലി ഒരു രാഷ്ട്രീയ മാറ്റത്തിന് കച്ചമുറുക്കുമ്പോള്‍ നരേന്ദ്രമോദിയെ ദില്ലിയില്‍ ഉറപ്പിച്ചു നിര്‍ത്തിയ രാഷ്ട്രീയ അന്തരീക്ഷം ഇന്നെങ്ങനെയാണെന്ന അന്വേഷണം ആവശ്യമുണ്ട്. ഹിന്ദുത്വ എന്ന ആശയവും മനോഭാവവവും പൂത്തുലഞ്ഞ ദീര്‍ഘമായ ഒരു വഴിയിലൂടെയാണ് മോദി ദില്ലിയിലെത്തിയത്. ഒരിക്കല്‍ കോണ്‍ഗ്രസിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ശക്തമായ തട്ടകമായിരുന്ന ഈ മനുഷ്യരും ജീവിതവും അവരുടെ രാഷ്ട്രീയവും ഇന്നെങ്ങനെയാണ്? ഇവിടെ യുക്തിയുടെ ഈടില്‍ പുരോഗമനപരമായി ചിന്തിക്കുന്ന ജനാധിപത്യഇന്ത്യക്ക് മുന്നിലുള്ള പോംവഴിയെന്താണ്?
ലക്ഷണമൊത്ത പോംവഴികളൊന്നും ഇനിയും പിറവിയെടുത്തിട്ടുമില്ല. മറുപക്ഷത്തുയരുന്ന ചില സാധ്യതകളിലാണ് മതേതര ഇന്ത്യയുടെ പിടിവള്ളി. ഹിന്ദുത്വക്കെതിരായി രൂപപ്പെടുന്ന പുതിയൊരു മതനിരപേക്ഷ രാഷ്ട്രീയഐക്യം. എപ്പൊഴുമെന്നപോലെ ദുര്‍ബ്ബലമായ ഈ ഐക്യത്തിന് സമാന്തരമായി ചില പുതിയ സാമൂഹ്യശക്തികളുടെ നവജാഗ്രത.
അധികാരത്തെ ഉറപ്പിച്ചുനിര്‍ത്തുന്ന രാഷ്ട്രീയഒറ്റമൂലികള്‍ക്ക് പകരം മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നൊരു തെരഞ്ഞെടുപ്പാക്കി 2019 നെ പുനസൃഷ്ടിക്കാന്‍ ജനാധിപത്യ ഇന്ത്യയ്ക്ക് ഇനിയും നേരമുണ്ട്. പക്ഷെ അര്‍ത്ഥവത്തായ ആ സാധ്യതയെ വസൂലാക്കാന്‍ ഇവിടൊരു പ്രതിപക്ഷം പോലുമില്ലെന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയദുരന്തം. പക്ഷവും പ്രതിപക്ഷവും പഴയശീലം തുടരുകതന്നെയാണ്.
(തുടരും)