ആദ്യ വധശ്രമത്തില്‍നിന്നും ഗാന്ധിജിയെ രക്ഷിച്ച ഭട്ടക് മിയാനെ രാജ്യം മറന്നത് എന്തുകൊണ്ടാണ്? ചരിത്രത്തില്‍നിന്നും ഭട്ടക് മിയാന്‍ പുറത്തായത് എങ്ങനെയാണ്?
ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെമാര്‍ ആദരിക്കപ്പെടുന്ന അതേ കാലത്താണ് സ്വജീവന് വിലകല്‍പ്പിക്കാതെ മഹാത്മാവിനെ മരണത്തില്‍നിന്നും രക്ഷപ്പെടുത്തിയ ഭട്ടക് മിയാന്‍മാര്‍ തിരസ്‌കരിക്കപ്പെടുന്നത്. ഗോഡ്‌സെയ്ക്ക് ക്ഷേത്രവും അവിടെ ആരാധനയുമുള്ളപ്പോഴാണ് ഭട്ടക് മിയാന്റെ പിന്‍തലമുറക്കാര്‍ ഭരണകൂടത്തിന്റെ ക്രൂരമായ വഞ്ചനയ്ക്ക് വിധേയരായി ദാരിദ്ര്യവും അവഗണനയും സഹിച്ച് ജീവിക്കുന്നത്. മുസ്‌ലിംകള്‍ നിരന്തരം രാജ്യസ്‌നേഹം തെളിയിക്കണമെന്ന മുറിവിളികള്‍ക്കു മുന്നില്‍ ഭട്ടക് മിയാന്റെ പിന്‍മുറക്കാരും ഉത്തരമില്ലാതെ നില്‍ക്കുക തന്നെയാണ്.
ലോക ചരിത്രത്തില്‍ 1917 എന്ന വര്‍ഷം ഓര്‍മ്മിക്കപ്പെടുന്നത് സാര്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് അന്ത്യം കുറിച്ച റഷ്യന്‍ വിപ്ലവത്തിന്റെ പേരിലാണ്. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളവും അതിപ്രധാനമായ മറ്റൊരു ഓര്‍മ്മയുടെ വര്‍ഷമാണത്. ഇന്ത്യയിലെ വൈദേശിക ഭരണത്തിന് അന്ത്യം കുറിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിച്ച ചമ്പാരന്‍ സത്യാഗ്രഹം നടന്ന വര്‍ഷം. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ബീഹാറിലെ ഒരു ഗ്രാമത്തിലെ കര്‍ഷകര്‍ നടത്തിയ നിര്‍ബന്ധിത നീലം കൃഷിക്കെതിരെയുള്ള പ്രക്ഷോഭമായിരുന്നു ചമ്പാരന്‍ സമരം. മഹാത്മാ ഗാന്ധിയുടെ സാന്നിധ്യമാണ് ആ പോരാട്ടത്തെ തുല്യതയില്ലാത്ത ഒന്നാക്കി മാറ്റിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി വന്ന ശേഷം സത്യാഗ്രഹത്തില്‍ ഗാന്ധിജിയുടെ ആദ്യ പരീക്ഷണം നടന്നത് ചമ്പാരനിലായിരുന്നു.
ഗാന്ധിജിയെ സംബന്ധിച്ച് ചമ്പാരന്‍ സന്ദര്‍ശനത്തിന് മറ്റൊരു വശം കൂടിയുണ്ട്. അദ്ദേഹത്തിനു നേരെ ആദ്യമായി ഒരു വധശ്രമം നടക്കുന്നത് അവിടെ വെച്ചായിരുന്നു. അന്നദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ഒരു മുസ്‌ലിം പാചകക്കാരനായിരുന്നു. ഭട്ടക് മിയാന്‍. വിഷം കലര്‍ത്തിയ പാല്‍ നല്‍കി ഗാന്ധിജിയെ കൊല്ലാനായിരുന്നു ബ്രിട്ടീഷുകാരനായ തോട്ടമുടമയുടെ പദ്ധതി. അതിന് അയാള്‍ ചുമതലപ്പെടുത്തിയത് ഭട്ടക് മിയാനെയാണ്. എന്നാല്‍, ഗാന്ധിജിയെ കൊല്ലാന്‍ അയാള്‍ കൂട്ടുനിന്നില്ല. തോട്ടമുടമയുടെ പദ്ധതിയെക്കുറിച്ച് അദ്ദേഹം ഗാന്ധിജിയെ അറിയിച്ചു. മഹാത്മജി രക്ഷപ്പെട്ടു. എന്നാല്‍, അതിന് ഭട്ടക് മിയാന്‍ കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. അയാളുടെ വീടും സ്ഥലവും കണ്ടു കെട്ടി. ഭട്ടക് മിയാനെ അറസ്റ്റ് ചെയ്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി ജയിലിലടച്ചു.
കാലം മാറി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയി. ഭട്ടക് മിയാന്‍ ജയില്‍ മോചിതനായി. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി. വധശ്രമം നടക്കുന്ന സമയത്ത് ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായി. ഗാന്ധിജിയെ രക്ഷിച്ചതിന്റെ പേരില്‍ ഒരു തുണ്ടു ഭൂമി പോലുമില്ലാതായ ഭട്ടക് മിയാന്റെ ദുരിതം നേരില്‍ കണ്ടറിഞ്ഞ ഡോ. രാജേന്ദ്ര പ്രസാദ് അമ്പത് ഏക്കര്‍ സ്ഥലം ഭട്ടക് മിയാനും കുടുംബത്തിനും പതിച്ചു നല്‍കാന്‍ ഉത്തരവിട്ടു. അത് നടന്നത് 1950 ലാണ്. അതു കഴിഞ്ഞ് 69 വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഉത്തരവിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഭട്ടക് മിയാന്‍ മരിച്ചു. അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും ആ ഉത്തരവ് നടപ്പാക്കുന്നതിനായി ഏറെ നേതാക്കളെ കണ്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. എന്നിട്ടും ഒന്നും നടന്നില്ല. അദ്ദേഹത്തിന്റെ കൊച്ചു മക്കള്‍ രാജ്യ തലസ്ഥാനമായ ദില്ലിയിലും ഹരിയാനയിലും മറ്റുമായി കുടിയേറ്റ തൊഴിലാളികളായി കഴിയുകയാണ് ഇന്നും. കൊടും ദാരിദ്ര്യമാണ് ഇന്നും അവര്‍ക്ക് കൂട്ട്.
അദ്ദേഹത്തിന്റെ കൊച്ചു മക്കള്‍ കുടിയേറ്റ തൊഴിലാളികളായി കഴിയുകയാണ് ഇന്നും.
ദേശവും ചരിത്രവും മറന്നുകളഞ്ഞ ആ സംഭവം
ഗാന്ധിജിക്ക് നേരെ നടന്ന ആദ്യ വധശ്രമം നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ കൃത്യമായി ഇന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ബീഹാറിലെ ഒരു കുഗ്രാമത്തില്‍ നടന്ന സംഭവമായതിനാലാവും. അല്ലെങ്കില്‍, അതിലെ നായകന്‍ ദരിദ്രനായ ഒരു മുസ്‌ലിം പാചകക്കാരനായതിനാലാവും. അതുമല്ലെങ്കില്‍, ചരിത്രത്തിനു താല്‍പ്പര്യം മറ്റു പലതുമായത് കൊണ്ടാവും. അതിനാല്‍, ആ സംഭവത്തെക്കുറിച്ച് വ്യത്യസ്തമായ പറച്ചിലുകളാണ് നിലവിലുള്ളത്.
ദില്ലിയിലെ കിരോരി മാല്‍ കോളജില്‍ സാമ്പത്തിക ചരിത്ര അധ്യാപകനായിരുന്ന ഗിരീഷ് മിശ്ര 2010ല്‍ മെയിന്‍സ്ട്രീം വാരികയില്‍ എഴുതിയ ഒരു കുറിപ്പിലാണ് ആ സംഭവത്തെക്കുറിച്ച് ആധികാരികമായ ഒരു വിവരമുള്ളത്. ഡോ. രാജേന്ദ്രപ്രസാദ് 1950ല്‍ ചമ്പാരന്‍ സന്ദര്‍ശനത്തിനിടെ മോതിഹാരി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിന് സാക്ഷിയായിരുന്നു അന്ന് 10 വയസ്സായ ഗിരീഷ് മിശ്ര. ആ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം മെയിന്‍ സ്ട്രീമില്‍ എഴുതിയത്. എന്നാല്‍, ആ പറയുന്നതില്‍നിന്നും വിശദാംശങ്ങളില്‍ വ്യത്യസ്തകളോടെയാണ് ചമ്പാരന്‍ ഉള്‍പ്പെട്ട പ്രദേശത്ത് നിലവില്‍ പ്രചരിക്കുന്ന കഥകള്‍. ഭട്ടക് മിയാന്റെ കൊച്ചുമക്കളുടെ ഓര്‍മ്മകളിലുള്ളത് അതിന്റെ തന്നെ മറ്റൊരു ഭാഷ്യമാണ്. ഇവയെല്ലാം വ്യത്യസ്തമാവുന്നത് സൂക്ഷ്മ വിശദാംശങ്ങളിലാണ്. എന്നാല്‍, ഗാന്ധിജിക്കെതിരായ ആദ്യ വധശ്രമം എന്ന അടിസ്ഥാനപരമായ സംഭവത്തെക്കുറിച്ച് എല്ലാവരും പറയുന്നത് ഒരേ കാര്യമാണ്.
ഗിരീഷ് മിശ്ര എഴുതുന്നത് ഇങ്ങനെയാണ്: കീഴ്ജാതിക്കാരനും അന്യജാതിക്കാരനും ഉണ്ടാക്കിയ ഭക്ഷണം മേല്‍ജാതി ഹിന്ദു തൊട്ടു നോക്കുക പോലും ചെയ്യാത്ത കാലഘട്ടമായിരുന്നു അത്. തന്റെ കൂടെ സമരത്തിനായി വന്നവരെല്ലാം ജാതിമത വേലിക്കെട്ടുകള്‍ മറന്നു നിര്‍ബന്ധമായും പൊതുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും പാചകക്കാരന്റെ മതവും ജാതിയും നോക്കരുതെന്നും ഗാന്ധിജി ശഠിച്ചിരുന്നു. അവിടെ നിയോഗിക്കപ്പെട്ട പാചകക്കാരന്‍ ഒരു മുസ്ലിമായിരുന്നു. ഭട്ടക് മിയാന്‍.
നീലം കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഗാന്ധിജി നടത്തുന്ന വസ്തുതാന്വേഷണ സന്ദര്‍ശനം ഒട്ടും രസിക്കാതിരുന്ന തോട്ട മുതലാളിയായ ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരന്‍ മിയാനെ സമീപിച്ച് കൊണ്ട് ഗാന്ധിജിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ആവശ്യപ്പെടുന്നു. പണവും പാരിതോഷികവും കൊണ്ട് മിയാനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇര്‍വിന്‍ മിയാനെ ഭീഷണിപ്പെടുത്തുന്നു. മിയാന്‍ വഴങ്ങിയില്ലെന്നു മാത്രമല്ല ഈ വിവരം ഗാന്ധിജിയെയും കൂടെ ഉണ്ടായിരുന്ന രാജേന്ദ്ര പ്രസാദിനെയും അറിയിച്ചു. കുപിതനായ ഇര്‍വിന്‍ മിയാന്റെ ഭൂമിയും വീടും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. മിയാനെ മര്‍ദിച്ചു. മിയാന്റെ കുടുംബത്തെ നാട്ടില്‍ നിന്ന് ആട്ടിയോടിച്ചു.
എന്നാല്‍, ഭട്ടക് മിയാന്റെ കഥ അന്വേഷിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകനായ അജാസ് അശ്‌റഫ് സ്‌ക്രോളില്‍ എഴുതിയ ഫീച്ചര്‍ മറ്റ് ചില കഥകളും ഉദ്ധരിക്കുന്നു. നര്‍കാതിയ എം.എല്‍.എയും ഡോ. രാജേന്ദ്രപ്രസാദിന്റെ ബന്ധുവുമായ വിനയ് വര്‍മ്മ അജാസിനോട് പറയുന്നത് ഇങ്ങനെയാണ്: തോട്ടം മാനേജരായിരുന്ന ഇര്‍വിന്‍ സായിപ്പിന്റെ പാചകക്കാരനായിരുന്നു ഭട്ടക് മിയാന്‍. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ അപകടം മനസ്സിലാക്കിയ ഇര്‍വിന്‍ ഗാന്ധിജിയെയും രാജേന്ദ്രപ്രസാദിനെയും ബംഗ്ലാവിലേക്ക് വിളിച്ചു. അവിടെ വെച്ച് പാലില്‍ വിഷം കലര്‍ത്തി നല്‍കാനായിരുന്നു ഇര്‍വിന്‍ സായിപ്പിന്റെ പദ്ധതി. ഇതിനായി പാചകക്കാരന്‍ ഭട്ടക് മിയാനെ ചുമതലപ്പെടുത്തി. അദ്ദേഹം ഗാന്ധിജിക്ക് പാല്‍ നല്‍കിയെങ്കിലും അപ്പോള്‍ തന്നെ അതു വാങ്ങി നിലത്തൊഴിച്ചു. സായിപ്പിന്റെ വധശ്രമത്തെക്കുറിച്ച് ഗാന്ധിജിയോടും രാജേന്ദ്ര പ്രസാദിനോടും വെളിപ്പെടുത്തുകയും ചെയ്തു.
നാട്ടില്‍ നിലനില്‍ക്കുന്ന മറ്റൊരു കഥയില്‍, വിഷം കലര്‍ന്ന പാല്‍ ഭട്ടക് മിയാന്‍ പൂച്ചയ്ക്ക് നല്‍കുകയും അത് പിടഞ്ഞു മരിക്കുകയുമായിരുന്നു എന്നാണ് പറയുന്നത്.
കഥകള്‍ എന്തായാലും ഭട്ടക് മിയാന്‍ ഗാന്ധിജിയെ രക്ഷിച്ചു എന്ന കാര്യം എല്ലാവരും സമ്മതിക്കുന്നു. അതിനെക്കുറിച്ച് ഡോ. രാജേന്ദ്ര പ്രസാദ് തന്നെ പിന്നീട് വിശദമായി പറയുകയും ചെയ്യുന്നുണ്ട്. ജാതി വ്യവസ്ഥയും വര്‍ഗീയതയും കൊടി കുത്തി വാഴുന്നിടത്ത് ഒരു മുസ്ലിമിന്റെ കയ്യാല്‍ ഗാന്ധിജി വധിക്കപ്പെട്ടാല്‍ സമരത്തിന് പിന്തുണയുമായി നിന്നിരുന്ന മുസ്ലിമുകളെയും ഹിന്ദുക്കളെയും തമ്മില്‍ അടിപ്പിക്കാം എന്ന ഗൂഢ ലക്ഷ്യവും ആ ബ്രിട്ടീഷ് തോട്ടം ഉടമയ്ക്കുണ്ടായിരുന്നിരിക്കണം. പീര്‍ മുഹമ്മദ് മൂനിസ്, ഷെയ്ഖ് ഗുലാബ് തുടങ്ങി ഗാന്ധിജിയുടെ പല മുസ്ലിം അനുഭാവികളെയും പണം കൊടുത്തു സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനും അവര്‍ ശ്രമിച്ചതും അത്‌കൊണ്ടായിരുന്നു. എന്നാല്‍ അവരൊന്നും ബ്രിട്ടീഷുകാരുടെ ആ കെണിയില്‍ വീണില്ല.
ഇര്‍വിന്‍ സായിപ്പിനെ കുറിച്ചും ചരിത്രം വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഗാന്ധിജിയുടെ തെരഞ്ഞെടുത്ത കൃതികളുടെ പതിനഞ്ച്, പതിനാറ് വോളിയങ്ങളില്‍ അദ്ദേഹം നീലം ഉല്‍പ്പാദകരായ മോതിഹരി എസ്‌റ്റേറ്റിന്റെ മാനേജര്‍ ഡബ്ല്യൂ എസ് ഇര്‍വിനെക്കുറിച്ച് പറയുന്നു. കൊടിയ പീഡകനായിരുന്നു ഇര്‍വിന്‍. കര്‍ഷകരെയും തൊഴിലാളികളെയും അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധന്‍. ചമ്പാരന്‍ സന്ദര്‍ശനത്തിനിടെ നിരവധി കര്‍ഷകരാണ് ഗാന്ധിജിയോട് ഇയാളുടെ ്രകൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് ഇര്‍വിനുമായി ഗാന്ധിജി പല വട്ടം കത്തിടപാടുകള്‍ നടത്തി. ഇര്‍വിന്റെ ക്രൂരതകളെക്കുറിച്ച് അന്നത്തെ ജില്ലാ കലക്ടര്‍ ഡബ്ല്യൂ ബി ഹെയ്‌കോക്കിന് ഗാന്ധിജി കത്ത് എഴുതുകയും ചെയ്തിരുന്നു.
ഇര്‍വിന്‍ മിയാന്റെ ഭൂമിയും വീടും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. മിയാനെ മര്‍ദിച്ചു കുടുംബത്തെ ആട്ടിയോടിച്ചു.
രാജേന്ദ്ര പ്രസാദ് വീണ്ടും ചമ്പാരനില്‍ എത്തുമ്പോള്‍
1950 ല്‍ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് വീണ്ടും ചമ്പാരനിലെത്തി. ആ സംഭവത്തെക്കുറിച്ചാണ് ചരിത്രകാരനായ ഗിരീഷ് മിശ്ര എഴുതുന്നത്. ബന്ധുവായ ഒരാളുടെ മരണത്തെ തുടര്‍ന്നാണ് രാജേന്ദ്ര പ്രസാദ് ചമ്പാരനില്‍ എത്തിയത്. അന്ന് മോതിഹാരി റെയില്‍വേ സ്‌റ്റേഷനില്‍ രാഷ്ട്രപതിയെ കാണാന്‍ കുട്ടികളായ തങ്ങളെല്ലാം ചെന്നതായി ഗിരീഷ് മിശ്ര എഴുതുന്നു.
'തന്നെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഭട്ടക് മിയാനെ രാജേന്ദ്ര പ്രസാദ് തിരിച്ചറിഞ്ഞു. അവശനായിരുന്ന ഭട്ടക് മിയാനെ രാഷ്ട്രപതി അരികില്‍ പിടിച്ചിരുത്തി. തുടര്‍ന്ന്, അവിടെ കൂടിയിരുന്നവരോട് 1917ല്‍ തങ്ങള്‍ക്കെതിരെ നടന്ന വധശ്രമത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മിയാന്‍ ഇല്ലായിരുന്നെങ്കില്‍ ഗാന്ധിജിയും താനും കൊല്ലപ്പെട്ടേനെ എന്നും എങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം തികച്ചും മറ്റൊന്നായേനേ എന്നും രാജേന്ദ്ര പ്രസാദ് ആള്‍ക്കൂട്ടത്തോട് പറഞ്ഞുവെന്ന് മിശ്ര ഓര്‍ത്തെടുക്കുന്നു.
ഗാന്ധിജിയെ കൊല്ലാന്‍ ഒരു തോട്ടം ഉടമ നടത്തിയ ശ്രമങ്ങളെ വിഫലമാക്കിയ ധീരനെ ജന്മദേശം പൂര്‍ണാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. ചമ്പാരനിലെ സ്വാതന്ത്ര്യ സേനാനികള്‍ എന്ന പുസ്തകത്തില്‍ അങ്ങനെ മിയാനും ഇടം പിടിക്കുന്നു.
തീര്‍ന്നില്ല, ഭട്ടക് മിയാന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ കണ്ട രാജേന്ദ്ര പ്രസാദ് അന്ന് തന്നെ മിയാനും മൂന്നു മക്കള്‍ക്കുമായി 50 ഏക്കര്‍ ഭൂമി നല്‍കാന്‍ ഉത്തരവിട്ടു. നിസ്വാര്‍ത്ഥനായ ആ പാചകക്കാരനോടുള്ള ഇന്ത്യയുടെ സ്‌നേഹവും കടപ്പാടും അങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നുമദ്ദേഹം പറഞ്ഞു.
രാജേന്ദ്ര പ്രസാദ് അന്ന് തന്നെ മിയാനും മൂന്നു മക്കള്‍ക്കുമായി 50 ഏക്കര്‍ ഭൂമി നല്‍കാന്‍ ഉത്തരവിട്ടു
നമ്മുടെ ദേശം ആ മനുഷ്യരോട് ചെയ്ത ക്രൂരതകള്‍
പതിറ്റാണ്ടുകള്‍ പിന്നിട്ടു. ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല. അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം, 2010ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഭട്ടക് മിയാനോട് നാട് ചെയ്ത ക്രൂരത ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യം ദേശീയ ശ്രദ്ധയില്‍ വരുന്നത്. മിയാന്റെ കുടുംബത്തോട് ഉദ്യോഗസ്ഥ വൃന്ദം കാണിച്ച അവഗണനയും നന്ദികേടുമായിരുന്നു ആ റിപ്പോര്‍ട്ടില്‍. 1957 ല്‍ മരണം വരെ മിയാന്‍ രാഷ്ട്രപതി വാഗ്ദാനം ചെയ്ത ഭൂമിക്കായി ഓഫിസുകള്‍ തോറും കേറി നിരങ്ങി. അതു കഴിഞ്ഞ് അദ്ദേഹത്തിന്റെറ മക്കള്‍. അതിനു ശേഷം അദ്ദേഹത്തിന്റെ കൊച്ചുമക്കള്‍. എന്നിട്ടും ഒന്നും നടന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആ റിപ്പോര്‍ട്ട് പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇടപട്ടു. 1950ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പുറപ്പെടുവിച്ച ഉത്തരവിന് പിന്നീടെന്ത് സംഭവിച്ച് എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ അവര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ മിയാന്റെ കുടുംബത്തിന് ഭൂമി നല്‍കാനും അവര്‍ ആവശ്യപ്പെട്ടു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. മിയാന്റെ പിന്‍തലമുറക്ക് നീതി കിട്ടി എന്ന് ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുക്കുകയും ചെയ്തു.
രണ്ട് വര്‍ഷം മുമ്പ്, ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജാസ് അഷ്റഫ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഭട്ടക് മിയാന്റെ ചെറുമക്കളായ അലാവുദ്ധീന്‍ അന്‍സാരിയെയും കലാം അന്‍സാരിയെയും കണ്ടെത്തി. മിയാന്റെ മരണത്തിനു ഒരു വര്‍ഷം ശേഷം കുടുംബത്തിന് ആറ് ഏക്കര്‍ ഭൂമി ലഭിച്ചതായി അവര്‍ അജാസിനോട് പറഞ്ഞു. ആറേക്കര്‍ നല്‍കിയെങ്കിലും അത് വലിയ പ്രയോജനം ചെയ്തില്ല. അവര്‍ താമസിച്ചിരുന്ന കിഴക്കന്‍ ചമ്പാരനിലെ സിസ്വ അജഗരി ഗ്രാമത്തിനു പകരം പടിഞ്ഞാറന്‍ ചമ്പാരനിലെ എക്വ പാര്‍സൗനിയിലാണ് ആ ഭൂമി നല്‍കിയത്. അത് സംരക്ഷിത വന ഭൂമിയോട് ചേര്‍ന്നായിരുന്നു. അവര്‍ അങ്ങോട്ട് മാറാന്‍ ശ്രമിച്ചെങ്കിലും ആ ഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാന്‍ കോടതിയില്‍ ആറ് വര്‍ഷം പിന്നെയും കയറി ഇറങ്ങേണ്ടി വന്നു. അതു കഴിഞ്ഞ് വന്ന പ്രളയത്തില്‍ നദി വഴി മാറി ആ ഭൂമി മുഴുവനായി നഷ്ടപ്പെടുകയും ചെയ്തു. പ്രതീഭാ പാട്ടീലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഭൂമി നല്‍കാന്‍ പുതിയ ശ്രമങ്ങള്‍ നടന്നുവെങ്കിലും ആ പ്രദേശത്ത് ഭൂമി നല്‍കുന്നത് വനംവകുപ്പ് എതിര്‍ത്തതിനാല്‍ അതും നടന്നില്ല. നിരവധി തവണ പ്രതിഷേധ സമരങ്ങളിലേക്ക് പിന്‍മുറക്കാന്‍ നീങ്ങിയെങ്കിലും ഒന്നും നടന്നില്ല എന്നു തന്നെയാണ് അറിയാനാവുന്നത്. അമ്പത് പേരോളമായി വളര്‍ന്ന ഭട്ടക് മിയാന്റെ കുടുംബത്തിലെ പിന്‍മുറക്കാരെല്ലാം ദില്ലിയിലും ഹരിയാനയിലും മറ്റ് സംസ്ഥാനങ്ങളിലുമായി കൂലിപ്പണി ചെയ്ത് ജീവിക്കുകയാണ്.
അവഗണന അവിടെയും തീരുന്നില്ല. രണ്ടു വര്‍ഷം മുമ്പാണ് ഗാന്ധിജിയുടെ ചമ്പാരന്‍ സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചത്. നാടടക്കി വിളിച്ച പരിപാടിയില്‍ എന്നാല്‍, ഭട്ടക് മിയാന്‍ എന്ന പേരുപോലുമുയര്‍ന്നില്ല. മിയാന്റെ കുടുംബത്തിലെ ഒരാളെയും പരിപാടിക്ക് ക്ഷണിച്ചുമില്ല.
അംഗീകാരം പിടിച്ചു വാങ്ങാന്‍ വിധിക്കപ്പെട്ട കീഴാളരുടെ, അരികുവത്കൃതരുടെ കൂട്ടത്തില്‍ ആണ് മിയാനും.
ചരിത്രത്തില്‍നിന്ന് പുറത്തായവര്‍
ചരിത്രം പലപ്പോഴും അങ്ങിനെയാണ്. വിജയികളെയും അധികാരികളെയും അടയാളപ്പെടുത്തുന്നത് പോലെ പരാജിതരെയും അടിമകളെയും പാര്‍ശ്വവത്കൃതരെയും അടയാളപ്പെടുത്തില്ല. ബോധപൂര്‍വ്വവും അല്ലാത്തതുമായ നിരാസം. എലൈറ്റിസ്‌റ് ഹിസ്റ്റോറിയോഗ്രഫി കാണാതെ പോയ ചരിത്രത്തിന്റെ അടരുകളില്‍ പ്രിവിലിജുകളില്ലാത്തവന്റെ അടക്കിപ്പിടിച്ച തേങ്ങലുകളും വ്യവസ്ഥിതിയോടുള്ള അമര്‍ഷവും ഒളിഞ്ഞിരിക്കുന്നുണ്ടാവും. എന്നെങ്കിലുമൊരിക്കല്‍ തങ്ങളെയും തേടിയെത്തിയേക്കാവുന്ന ഏതെങ്കിലും ചരിത്രഗവേഷകന്റെ മാന്ത്രിക സ്പര്‍ശനത്തിലൂടെ ഉള്ള മോക്ഷത്തിനായി കാത്തിരിക്കുന്ന ശിലകളാണ് അവര്‍. പലഭാഗങ്ങളായി വേര്‍പ്പെട്ടുപോയ തങ്ങളുടെ ജീവിതപുസ്തകം കൂട്ടിയോജിപ്പിച്ചു തുന്നാനുള്ള നിയോഗം ആര്‍ക്കാണെന്നോര്‍ത്തു നെടുവീര്‍പ്പിടുന്ന അത്തരം അനേകം ജന്മങ്ങളില്‍ ഒന്നായിരുന്നു ഭട്ടക് മിയാന്‍േറതും. മുസ്ലിം സ്വത്വവും പാവപ്പെട്ട പാചകക്കാരന്‍ എന്ന മേല്‍വിലാസവും കാരണം ചരിത്രത്തിന്റെ ആക്രിക്കൂടയില്‍ എറിയപ്പെട്ട ജന്മം. അംഗീകാരം പിടിച്ചു വാങ്ങാന്‍ വിധിക്കപ്പെട്ട കീഴാളരുടെ, അരികുവത്കൃതരുടെ കൂട്ടത്തില്‍ ആണ് മിയാനും.
എലിസബത്ത് റാണിക്ക് ചെളിവെള്ളത്തില്‍ ചവിട്ടാതെ മുന്നോട്ട് പോകാന്‍ തന്റെ പുതിയ മേലങ്കി വിരിച്ചു കൊടുത്ത വാള്‍ട്ടര്‍ റാലിയെ കുറിച്ചു വരെ പഠിപ്പിക്കുന്ന നമ്മുടെ പാഠപുസ്തകങ്ങള്‍ മിയാനെയും ബീഗം ഹസ്റത് മഹലിനെയും ബീ അമ്മനെയും അഷ്ഫാഖുല്ലാഹ് ഖാനെയും വക്കം അബ്ദുള്‍ഖാദറിനെയും അസീസാന്‍ ബീവിയെയും യൂസഫ് മെഹ്റോളിയെയും കാണാതെ പോകും. ചരിത്രത്തിന്റെ പൊതു വീഥിയിലേക്കു എളുപ്പത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ പ്രതിനിധികള്‍ വേറെ എന്ത് പ്രതീക്ഷിക്കാന്‍?
ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെമാര്‍ ആദരിക്കപ്പെടുന്ന അതേ കാലത്താണ് സ്വജീവന് വിലകല്‍പ്പിക്കാതെ മഹാത്മാവിനെ മരണത്തില്‍നിന്നും രക്ഷപ്പെടുത്തിയ ഭട്ടക് മിയാന്‍മാര്‍ തിരസ്‌കരിക്കപ്പെടുന്നത്. ഗോഡ്‌സെയ്ക്ക് ക്ഷേത്രവും അവിടെ ആരാധനയുമുള്ളപ്പോഴാണ് ഭട്ടക് മിയാന്റെ പിന്‍തലമുറക്കാര്‍ ഭരണകൂടത്തിന്റെ ക്രൂരമായ വഞ്ചനയ്ക്ക് വിധേയരായി ദാരിദ്ര്യവും അവഗണനയും സഹിച്ച് ജീവിക്കുന്നത്. മുസ്‌ലിംകള്‍ നിരന്തരം രാജ്യസ്‌നേഹം തെളിയിക്കണമെന്ന മുറിവിളികള്‍ക്കു മുന്നില്‍ ഭട്ടക് മിയാന്റെ പിന്‍മുറക്കാരും ഉത്തരമില്ലാതെ നില്‍ക്കുക തന്നെയാണ്.
പക്ഷെ ചരിത്രസത്യങ്ങള്‍ കുടത്തിന്റെ മൂടി തുറന്നു പുറത്തു വരിക തന്നെ ചെയ്യും. വായുവില്‍ അലിഞ്ഞു ചേര്‍ന്ന കണങ്ങള്‍ മൂര്‍ത്തരൂപം പൂണ്ടു വരുന്ന ഒരു സമയമുണ്ടാകും. ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലെവിടെയോ പതുങ്ങി നില്‍ക്കേണ്ടി വന്നവര്‍ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു കയറുന്ന ഒരു മുഹൂര്‍ത്തം. മിയാന്റെ ചരിത്രവും അങ്ങിനെയാണ്. പല സമയങ്ങളിലായി ഒളിഞ്ഞും തെളിഞ്ഞും മിയാന്റെ ധീരത, സഹനം, നന്മ എല്ലാം സ്മരിക്കപ്പെടും പിന്നെ വിസ്മരിക്കപ്പെടും എങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കും ചിരപ്രതിഷ്ഠയാര്‍ജ്ജിക്കാനായി. വര്‍ഷങ്ങള്‍ ഇനിയും കൊഴിഞ്ഞുപോയേക്കാം ആ ലക്ഷ്യത്തിലെത്താന്‍ എന്ന് മാത്രം.