കളിക്കാത്ത ഒരാളാണ് ഈ ലോകകപ്പിന്റെ താരം!

By Web Desk  |  First Published Jul 16, 2018, 12:26 PM IST
  • ക്രൊയേഷ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്
  • നിരവധി പരിഷ്കരണങ്ങള്‍ കൊണ്ടുവന്നു
  • ഉറച്ച റോമന്‍ കാത്തലിക് വിശ്വാസി

ഒരു പെണ്ണ് അധികാരത്തിലേറിയാല്‍ വലിയ മാറ്റമൊക്കെയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാവുമെന്ന ഉറച്ച ഉത്തരം തരാന്‍ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞേക്കും. കാരണം, കൊളിന്‍ഡ അത് തെളിയിച്ചു കഴിഞ്ഞു. യൂഗോസ്‌ലാവിയയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയില്‍ അധികാരത്തിലേറിയ വനിതാ പ്രസിഡന്‍റാണ് കൊളിന്‍ഡ

കളിക്കാത്ത ഒരാളാണ് ഈ ലോകകപ്പിലെ താരം. വെറുംതാരമല്ല, പെണ്‍താരം. ക്രൊയേഷ്യന്‍ പ്രസിഡന്‍റ് കൊളിന്‍ഡ ഗ്രബാര്‍. ക്രോയേഷ്യന്‍ ടീമിന് എത്ര ആരാധകരുണ്ടെന്ന് അറിയില്ല. പക്ഷെ, എല്ലാ ടീം ആരാധകരും ഒന്നടങ്കം കയ്യടിച്ചു കൊളിന്‍ഡയ്ക്ക്. 

Latest Videos

ലോകകപ്പില്‍ മുത്തമിടാം എന്ന സ്വപനവുമായിത്തന്നെയാണ് ക്രൊയേഷ്യ കളിച്ചത്. പക്ഷെ, ഒടുവില്‍ കരുത്തരായ ഫ്രാന്‍സിനോട് തോറ്റ് മടങ്ങേണ്ടിവന്നു ക്രൊയേഷ്യയ്ക്ക്. നിരാശയിലാഴ്ന്നുപോയ ക്രൊയേഷ്യന്‍ ടീമിനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ച കൊളിന്‍ഡ ഓരോ ഫുട്ബോള്‍ ആരാധകരെ മാത്രമല്ല, ഓരോ മനുഷ്യനെയും കീഴടക്കി കളഞ്ഞു. ഇങ്ങനെയൊരു പ്രസിഡന്‍റ് ഉണ്ടാകുമോ? അതും പെണ്‍ പ്രസിഡന്‍റ്. അഭിനനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ ക്രൊയേഷ്യന്‍ പ്രസിഡന്റിനൊപ്പം നിന്നു. 

റാങ്കിങ്ങില്‍ ഇരുപതാമതാണ് ക്രൊയേഷ്യ. ഒരുപക്ഷെ, ഫൈനലിലെത്തുമെന്ന് പ്രതീക്ഷിക്കാതിരുന്ന രാജ്യം. പക്ഷെ, ഒരു രാജ്യത്തിന്‍റെ പരിപൂര്‍ണ പിന്തുണയുണ്ടായിരുന്നു ക്രൊയേഷ്യയ്ക്ക്. അതിന്‍റെ പ്രത്യക്ഷമായ അടയാളമായിരുന്നു കൊളിന്‍ഡ. ഗാലറികളില്‍ തന്‍റെ ടീമിനെ പ്രോത്സാഹിപ്പിച്ച്, ഓരോ മുന്നേറ്റത്തിലും ആര്‍പ്പുവിളിച്ച്, അവര്‍ ലോക കപ്പില്‍ സജീവ പങ്കാളിയായി. ഓരോ കളിക്കാരനുമൊപ്പം നിന്നു. ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിനെ തന്‍റെ അടുത്തേക്ക് വിളിപ്പിക്കുകയായിരുന്നില്ല അവര്‍ ചെയ്തത്. ഡ്രസിങ് റൂമിലെത്തിയായിരുന്നു, അവരുടെ പ്രിയപ്പെട്ട പ്രസിഡന്റ് അവരെ അഭിനന്ദിച്ചത്. ചെക്കിങോ, ബ്ലാക്ക് ക്യാറ്റ്‌സോ ഒന്നും കൂട്ടിനില്ലാതെ അവര്‍ ഒരു സാധാരണക്കാരിയായി, അവരിലൊരാളായി അവരുടെ സന്തോഷത്തിനൊപ്പം ചേര്‍ന്നു. കളിയിലെ ഓരോ ചലനങ്ങളും ആസ്വദിച്ച് കണ്ടിരുന്നു അവര്‍. തന്‍റെ സന്തോഷം തുറന്നു തന്നെ പ്രകടിപ്പിച്ചിരുന്നു. 'പ്രസിഡന്‍റ്' എന്ന ഭാരമില്ലാതെയാണവര്‍ ഓരോ സമയത്തും തന്‍റെ വികാരങ്ങള്‍ പങ്കുവച്ചത്. 

തന്‍റെ ടീമിനാവേശം പകരാന്‍, ക്രൊയേഷ്യയുടെ തലസ്ഥാനമായ സക്രിബില്‍ നിന്നും റഷ്യയിലേക്ക് കൊളിന്‍ഡ പറന്നത്, ‘എക്കോണമി ക്ലാസ്സില്‍’ ആയിരുന്നു. മാത്രമല്ല തനിക്ക് അര്‍ഹതപ്പെട്ട വി.ഐ.പി സീറ്റ് ഉണ്ടായിരുന്നുവെങ്കിലും സാധാരണ ഫുട്‌ബോള്‍ പ്രേമികളുടെ ഇടയില്‍ ഇരുന്നാണ് അവര്‍ ആദ്യം കളി കണ്ടത്. ക്രൊയേഷ്യയുടെ മല്‍സരങ്ങളില്‍ ആര്‍പ്പുവിളികള്‍ നടത്തുമ്പോള്‍ കാണികള്‍ക്കും, കളിക്കാര്‍ക്കും ആവേശമാകുമ്പോള്‍ ലോകത്തോട് അവര്‍ പറയാതെ പറഞ്ഞൊരു കാര്യമുണ്ട്. ഇങ്ങനെയുമാകാം ഒരു പ്രസിഡന്‍റിന്. 

ഇന്നലെ, ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങിയപ്പോഴും കൊളിന്‍ഡ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫൈനല്‍ വരെയെത്തിയതിന് സന്തോഷം പങ്ക് വെച്ച്, തോല്‍വി ഒരു ഭാരമൊന്നുമല്ലെന്ന് ഓര്‍മ്മിപ്പിച്ച്, ആശ്വാസത്തിന്‍റെ പുഞ്ചിരിയുമായി അവരോരോ കളിക്കാരനെയും കണ്ടു. കണ്ണീരണിഞ്ഞ തന്‍റെ താരങ്ങളെ പെരുമഴയത്ത് ചെന്ന് കെട്ടിപ്പിടിച്ച്, കുശലം ചേദിച്ച്... സ്റ്റേഡിയത്തില്‍ ടീമിനെയും, ആരാധകരെയും ഇളക്കിമറിക്കാന്‍ കഴിയുന്ന വനിതാ പ്രസിഡന്‍റ് തന്നെയാണ് ക്രൊയേഷ്യന്‍ വിജയത്തിന് പിന്നിലെ ആണിക്കല്ല് എന്ന് റഷ്യ ഒന്നുകൂടി വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെയാണ് രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായ കൊളിന്‍ഡ ക്രൊയേഷ്യന്‍ ടീമിലെ പന്ത്രണ്ടാം താരമെന്ന് വിശേഷിപ്പിക്കപ്പെട്ടതും. 

ആര് കൂടിയാണ് കൊളിന്‍ഡ

ഒരു പെണ്ണ് അധികാരത്തിലേറിയാല്‍ വലിയ മാറ്റമൊക്കെയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാവുമെന്ന ഉറച്ച ഉത്തരം തരാന്‍ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞേക്കും. കാരണം, കൊളിന്‍ഡ അത് തെളിയിച്ചു കഴിഞ്ഞു. എസ്.എഫ്.ആര്‍ യൂഗോസ്‌ലാവിയയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയില്‍ അധികാരത്തിലേറിയ വനിതാ പ്രസിഡന്‍റാണ് കൊളിന്‍ഡ. 2015ല്‍ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുമ്പോള്‍ കൊളിന്‍ഡയ്ക്ക് വെറും നാല്‍പത്തിയേഴ് വയസായിരുന്നു പ്രായം,ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റുമായിരുന്നു അവര്‍. പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതിന് മുന്നേ തന്നെ ഒട്ടേറെ ഗവണ്‍മെന്റല്‍, ഡിപ്ലൊമാറ്റിക് ചുമതലകളും കൊളിന്‍ഡ വഹിച്ചിരുന്നു. യു.എസ്സിലെ ക്രോയേഷ്യന്‍ അംബാസഡര്‍, നാറ്റോ അസി. സെക്രട്ടറി ജനറല്‍ എന്നിവയൊക്കെ അതിലുള്‍പ്പെടുന്നു. ഇതിലെല്ലാം പരിപൂര്‍ണവിജയമായിരുന്നു കൊളിന്‍ഡ. അതായിരിക്കണം, അവരെ പ്രസിഡന്റ് പദവിയില്‍ കൊണ്ടെത്തിച്ചതും.

2010 -ല്‍ അവരെ ചുറ്റിപ്പറ്റി ഒരു വിവാദവുമുണ്ടായി. ഭര്‍ത്താവ് യാക്കോവ് കിതാരോവിച്ച്, യു.എസ് അംബാസഡറായിരുന്ന ഭാര്യയുടെ ഔദ്യോഗിക വാഹനം സ്വകാര്യാവശ്യത്തിനുപയോഗിച്ചുവെന്നായിരുന്നു അത്. ഉടനെ തന്നെ, ക്രോയേഷ്യന്‍ മന്ത്രിസഭ ആഭ്യന്തരാന്വേഷണത്തിന് ഉത്തരവുമിട്ടു. പക്ഷേ, കൊളിന്‍ഡ  ഭര്‍ത്താവ് സ്വകാര്യാവശ്യത്തിന് കാര്‍ ഉപയോഗിച്ചതിന്‍റെ പണം പിഴയടക്കം അടച്ചു. പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം കൊളിന്‍ഡ ഔദ്യോഗിക വസതി സ്വന്തം പണമുപയോഗിച്ച് പെയിന്‍റ് ചെയ്തതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. 

കൊളിന്‍ഡ 2015ല്‍ അധികാരമേറ്റയുടനെ പ്രസ്താവിച്ചത് രാജ്യത്തിന്‍റെ താറുമാറായ സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കുമെന്നാണ്, എല്ലാ മനുഷ്യരേയും ചേര്‍ത്തു പിടിക്കുമെന്നാണ്. അധികാരത്തേലേറിയ അവര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തി, പ്രസിഡന്റിന്റെ ശമ്പളം മുപ്പത് ശതമാനത്തോളം കുറച്ചു, മന്ത്രിമാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും പല അലവന്‍സുകളും റദ്ദ് ചെയ്തു, ഔദ്യോഗികയാത്രകള്‍ സാധാരണ വിമാനത്തിലാക്കി, വരുമാന നികുതി പരിധി ഉയര്‍ത്തുകയും സാധാരണക്കാരെ നികുതിഭാരത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. ഇതവരെ രാജ്യത്തിന്‍റെ പ്രിയപ്പെട്ട പ്രസിഡന്‍ഡാക്കി. ആണ്‍ പ്രസിഡന്‍ഡുമാര്‍പോലും ചെയ്യാത്ത കാര്യമാണ് ആദ്യത്തെ പെണ്‍ പ്രസിഡന്‍റ് പ്രാവര്‍ത്തികമാക്കിയത്. തീര്‍ന്നില്ല, ആഭ്യന്തരയുദ്ധങ്ങളുടെ ഇടം കൂടിയാണ് ബാള്‍ക്കന്‍ പ്രദേശങ്ങള്‍. സെര്‍ബ്, ക്രൊയാട്ട്, ബോസ്‌നിയാക്, അല്‍ബേനിയന്‍ തുടങ്ങിയ സ്‌ലാവ് തുടങ്ങിയ വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്ന പ്രദേശം. അതുകൊണ്ടുതന്നെ തകര്‍ന്നടിഞ്ഞുപോയ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കാനായി സ്വകാര്യവല്‍ക്കരണത്തെ നിരുല്‍സാഹപ്പെടുത്തുന്നതിനെപ്പറ്റി അവര്‍ ബോധമുണ്ടാക്കി. രാജ്യത്തിന് സാമ്പത്തിക വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍ക്കല്ലാതെ മറ്റൊരു പദ്ധതിക്കും കടങ്ങള്‍ സ്വീകരിക്കില്ല എന്ന നിലപാടുമെടുത്തു കൊളിന്‍ഡ. 

രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ചില വിയോജിപ്പകളുണ്ടാവാം. ക്രോയേഷ്യന്‍ ഡെമോക്രറ്റിക് യൂനിയന്‍ ആണ് കൊളിന്‍ഡയുടെ പാര്‍ട്ടി (Hrvatska Demokratska Zajednica/ HDZ).അതൊരു വലതുപക്ഷ പാര്‍ട്ടിയാണ്.  ലിബറല്‍ കണ്‍സര്‍വേറ്റിവിസം, ക്രിസ്ത്യന്‍ ഡെമോക്രസി, പ്രോ-യൂറോപ്യനിസം എന്നിവയാണ് ആ പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകള്‍. 'ക്രോയാട്ട് ദേശീയത'യ്ക്കാണ് അവര്‍ പ്രാധാന്യമേറെയും നല്‍കിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാവണം, തൊണ്ണൂറുകളിലെ ബാള്‍ക്കന്‍ കലാപങ്ങളോടനുബന്ധിച്ച് ബോസ്‌നിയന്‍ മുസ്‌ലീങ്ങളെ ക്രോയാട്ടുകള്‍ കൂട്ടക്കൊല ചെയ്തു. അതില്‍ ആറു പേരെ ഹേഗിലെ ലോകകോടതി 2017 നവംബറില്‍ ശിക്ഷിച്ചിരുന്നു. അതിനെ കൊളിന്‍ഡ ശക്തമായി അപലപിച്ചു. ആ ആറുപേരിലൊരാളായ സ്‌ലൊബോദാന്‍ പ്രല്‍ജാക് വിധി പ്രസ്താവത്തെത്തുടര്‍ന്ന് കോടതിയില്‍ വെച്ചു തന്നെ ആത്മഹത്യ ചെയ്തു. തെറ്റ് ചെയ്തില്ലെന്ന ഉറച്ച വിശ്വാസമാവാം അയാളെക്കൊണ്ട് അത് ചെയ്യിച്ചതെന്നാണ് കൊളിന്‍ഡ പറഞ്ഞത്. അയാളെ, 'ക്രൊയാട്ടുകളുടെ വീരപുരുഷനാ'യാണ് കൊളിന്‍ഡ വിശേഷിപ്പിച്ചത്.

പരമ്പരാഗത ക്രിസ്തീയ മൂല്യങ്ങളോട് പ്രതിബദ്ധത തുറന്ന് പ്രഖ്യാപിച്ചിട്ടുള്ള ആളാണ് കൊളിന്‍ഡ. മാത്രമല്ല  ഉറച്ച റോമന്‍ കത്തോലിക്കാ വിശ്വാസിയുമാണ്. 'ക്രൊയാട്ട് ദേശീയത'യുമായി ബന്ധപ്പെട്ട ചായ്‌വും അവര്‍ തുറന്നുതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും മതത്തെ അവര്‍ അതിന്‍റെ  മൂല്യങ്ങളോടെ തന്നെ വായിക്കുകയും അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുവാന്‍ പരിശ്രമിക്കുന്നുമുണ്ട്.

ചരിത്രം കൊളിന്‍ഡയെ വായിക്കുമ്പോള്‍ ഇതൊക്കെ അടയാളപ്പെടുത്തിയേക്കും. പക്ഷെ, അവരിലെ മാറ്റങ്ങളും, ലാളിത്യവും, സാധാരണ ജനങ്ങളെ കുറിച്ചുള്ള ചിന്തയും, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള വീറും വാശിയും ആര്‍ജ്ജവവും അവിടെയൊരു ആണ്‍പ്രസിഡന്‍റും കാണിക്കാത്തതാണ്. ഇന്നലെ, കളി കാണാനുണ്ടായ പുടിന്‍, മാക്രോണടക്കമുള്ള പ്രസിഡന്‍റുമാരേക്കാളും കൊളിന്‍ഡ അഭിനന്ദനങ്ങളേറ്റുവാങ്ങിയതും അതിനാല്‍ തന്നെയാവണം. കരുത്തും ബുദ്ധിയും ഒരുപോലെ ഒന്നുചേര്‍ന്ന സ്ത്രീ തന്നെയാണവര്‍. അതും ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യും. 

click me!