നീണ്ട ഇസ്രയേലി തടവിന് ശേഷം തിരിച്ചെത്തിയ സിന്‍വര്‍, സമാധാനമാണ് മുന്നോട്ട് വച്ചത്. പക്ഷേ. ഇസ്രയേലുമായി അറബ് രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടത് അടക്കമുള്ള തിരിച്ചടികള്‍ ലഭിച്ച് തുടങ്ങിയപ്പോള്‍ സിന്‍വറും ചില തന്ത്രങ്ങള്‍ മെനഞ്ഞു.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്‍റെ സൂത്രധാരൻ എന്നാണ് യഹ്യ സിൻവറിനെ ഇസ്രയേൽ വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയ വിഭാഗം മേധാവിയായ ഇസ്മയിൽ ഹന്യ പോലും അറിയാതെ സിൻവർ ആക്രമണം ആസുത്രണം ചെയ്ത്, അംഗങ്ങൾക്ക് പരിശീലനം നൽകി എന്നാണ് നിഗമനം. സിൻവറിനെ, അന്ന് മുതൽ തെരയുകയായിരുന്നു ഇസ്രയേൽ. ഒരുതവണ അടുത്തെത്തിയതാണ്. പക്ഷേ രക്ഷപ്പെട്ടു. ഒടുവിൽ വധിച്ചത് അപ്രതീക്ഷിത ഏറ്റുമുട്ടലിലും. സിൻവറാണെന്നറിയാതെ നടന്ന ഏറ്റുമുട്ടൽ. മരിച്ചിട്ടും അറിഞ്ഞത് വളരെക്കഴിഞ്ഞ്. വിജയം, നേട്ടം എന്നൊക്കെ പറയുന്നുണ്ട്, ഇസ്രയേൽ. പക്ഷേ, യുദ്ധം അവസാനിക്കില്ലെന്ന തിരിച്ചറിവുമുണ്ട്. നിരീക്ഷകരുടെ മുന്നറിയിപ്പും അതാണ്.
കരുതിയത് ഒന്ന്, സംഭവിച്ചത് മറ്റൊന്ന്
undefined
വലിയൊരു സുരക്ഷാ വ്യൂഹത്തിന്‍റെ നടുവിൽ മാത്രം മുന്നോട്ട് നീങ്ങുന്ന സിൻവർ, ജീവിക്കുന്നത് തുരങ്കങ്ങളിൽ. ഗാസ മെട്രോ എന്നറിയപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുള്ള തുരങ്കങ്ങളിൽ. മനുഷ്യകവചമായി ബന്ദികളുണ്ടാകാനും സാധ്യത. ഇതൊക്കെയാണ് ഇസ്രയേൽ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ തുരങ്കങ്ങളിൽ തെരച്ചിൽ പതിവായിരുന്നു.
പക്ഷേ, ഇസ്രയേൽ എത്ര ശ്രമിച്ചിട്ടും ഗാസയിലെ മെട്രോ പൂർണമായി തകർക്കാനായില്ല. ആ ശ്രമം ഇപ്പോഴും തുടർന്നു കൊണ്ടേയിരുന്നു. ഒരുതവണ തുരങ്കങ്ങളിൽ കുടുംബത്തോടൊപ്പം ഇരിക്കുന്ന സിൻവറിന്‍റെ വീഡിയോ വരെ പുറത്തുവിട്ടു. മറ്റൊരിക്കൽ സിൻവറിന്‍റെ വീട് വളഞ്ഞു. ജനിച്ച പട്ടണമായ ഖാൻ യൂനിസ് തകർത്ത് മണ്ണോട് ചേര്‍ത്തതു. എന്നിട്ടും സിൻവറിനെ മാത്രം കണ്ടെത്താനായില്ല. എന്നിട്ടൊടുവിൽ ഇക്കഴിഞ്ഞ ബുധനാഴ്ച, റഫായിൽ പതിവുള്ള പരിശോധനക്കിടെ ഇസ്രയേലി സൈന്യത്തിന് നേർക്ക് വെടിവെയ്പ്പുണ്ടായി.
ഇസ്രയേലി ടാങ്കുകളാണ് പ്രത്യാക്രമണം നടത്തിയത്. അതോടെ മൂന്ന് പേർ ഓടിയൊളിക്കാൻ ശ്രമിക്കുന്നത് കണ്ടു. ഇസ്രയെൽ സൈന്യം വിട്ടില്ല. അതിലൊരാൾ ഒറ്റയ്ക്ക് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറി. കെട്ടിടം പാതി തകർത്ത ശേഷം ഇസ്രയേൽ സൈന്യം ഡ്രോൺ വിട്ടു, ഉള്ളിലേക്ക്. ഡ്രോണിൽ പതിഞ്ഞത് കസേരയിൽ ഒറ്റയ്ക്കിരിക്കുന്ന മുറിവേറ്റ ഒരു മനുഷ്യൻ. അയാൾ ഇടതുകൈയിലെ വടി ഡ്രോണിന് നേർക്ക് ദുര്‍ബലമായി എറിയാന്‍ ശ്രമമിക്കുന്ന വീഡിയോകള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ഐഡിഎഫിൻ്റെ മിസൈലെത്തി. അയാൾ കൊല്ലപ്പെട്ടു. സൈനികർ അവിടെ നിന്ന് പോയി.
പിറ്റേന്ന്, തിരിച്ചെത്തിയാണ് മൃതശരീരങ്ങൾ കണ്ടെടുത്തത്. അതിൽ കെട്ടിടത്തിലുണ്ടായിരുന്ന ആളുടെ മൃതദേഹത്തിന് സിൻവറിന്‍റെ ഛായ തോന്നി. പക്ഷേ, ശരീരത്തിൽ ബോംബുണ്ടാകുമെന്ന് ഭയന്ന് ആദ്യം സൈനികർ അടുത്തില്ല. വിരൽ വെട്ടിയെടുത്ത് പരിശോധനയ്ക്ക് അയച്ചുവെന്നാണ് റിപ്പോർട്ട്. സിൻവറിന്‍റെ ഇസ്രയേൽ ജയിൽ വാസക്കാലത്തെ വിവരങ്ങൾ ഉള്ളത് കൊണ്ട് അതൊരു പ്രയാസമുള്ള കാര്യമായിരുന്നില്ല, പല്ലും പരിശോധനയ്ക്ക് അയച്ചു. ഇതിനെല്ലാം ശേഷമാണ് യഹ്യ സിൻവർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്.
യുദ്ധവും പ്രതിരോധവും; യുദ്ധാനന്തരം കരയറുമോ ഇസ്രയേലിന്‍റെ സമ്പദ് വ്യവസ്ഥ
യഹ്യ സിൻവർ
സിൻവറിന്‍റെ ജാക്കറ്റിൽ തോക്കും 40,000 ഷെക്കലും കണ്ടെത്തിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞുകേട്ട മനുഷ്യ കവചമോ സുരക്ഷാ വലയമോ ഇല്ലാതെ വെറും രണ്ട് പേരുമായി അഭയം തേടി പായുകയായിരുന്നു സിൻവർ. അതിപ്പോൾ വ്യക്തമായിരിക്കുന്നു. ഒരു കമാണ്ടറായല്ല, 'ഒളിച്ചോടി പിടിക്കപ്പെട്ടുള്ള മരണം' എന്ന് അധിക്ഷേപിച്ചു, ഇസ്രയേലി ആഭ്യന്തര സുരക്ഷാ മന്ത്രി.
ഹമാസ് സൈനിക വിഭാഗം മേധാവിയായ മുഹമ്മദ് ദെയ്‍ഫിനെ നേരത്തെ തന്നെ വധിച്ചിരുന്നു ഇസ്രയേൽ. രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മയിൽ ഹന്യ, ഇറാനിൽ വച്ചും കൊല്ലപ്പെട്ടു. അതിനുശേഷം സിൻവറായിരുന്നു പട്ടികയിൽ മുന്നിൽ. അതിന്‍റെ സമ്മർദ്ദം നല്ലവണ്ണമുണ്ടായിരുന്നിരിക്കണം ഹമാസിനും സിൻവറിനും. ഹമാസിന്‍റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാൾ, ഗാസയുടെ മുഴുവൻ ചുമതലയും സിൻവറിനായിരുന്നു. ഹന്യ കൊല്ലപ്പെട്ടതോടെ രാഷ്ട്രീയ വിഭാഗം മേധാവിയായുള്ള ഉത്തരവാദിത്തവും സിൻവർ ഏറ്റെടുത്തു.
ഇസ്രയേലിൻ്റെ വേട്ട
1962 ഗാസയിലെ ഖാൻ യൂനിസിൽ അഭയാർത്ഥി ക്യാമ്പിൽ അബു ഇബ്രാഹിമായി ജനനം. 1948 -ലെ നഖ്ബ എന്ന് പലസ്തീൻകാർ വിളിക്കുന്ന കൂട്ടപ്പലായനത്തിൽ അഭയാർത്ഥികളായതാണ് കുടുംബം. ജന്മനാടായ അൽ മജ്ദാൽ (Al Majdal) ഇസ്രയേൽ കൈയടക്കി. ഇന്നത് അഷ്കെലോൺ (Ashkelon) എന്ന പട്ടണമാണ്. 1980 -കളിൽ സിന്‍വർ മുസ്ലിം ബ്രദർഹുഡ് അംഗമായി. 19 -മത്തെ വയസിൽ തന്നെ അറസ്റ്റിലുമായി. '87 -ൽ ഹമാസ് രൂപീകരിച്ചപ്പോൾ അതിന്‍റെ സുരക്ഷാ വിഭാഗം നയിച്ചത് സിൻവറാണ്. അക്കാലത്താണ് 'ഖാൻയൂനിസിലെ അറവുകാരൻ' എന്ന വിളിപ്പേരുണ്ടായത്. ഇസ്രയേലിന് വേണ്ടി ചാരപ്പണി ചെയ്തുവെന്ന് സംശയിച്ച 12 -ഓളം പലസ്തീൻകാരെ കൊന്നൊടുക്കിയതിന് കിട്ടിയ വിളിപ്പേര്. വിശ്വസ്ഥത ഇല്ലാത്തവരെ സിൻവർ വച്ചുപൊറുപ്പിച്ചിരുന്നില്ല. 1988 ഇസ്രയേൽ അറസ്റ്റ് ചെയ്തു. അതും ആ 12 പലസ്തീൻകാരെ കൊന്നതിന്. നാല് ജീവപര്യന്തം. 22 വർഷത്തെ ജയിൽവാസം. പക്ഷേ, സിൻവർ തളർന്നില്ല.
ഹീബ്രു പഠനം
ഇസ്രയേലിന്‍റെ ജയില്‍ വച്ച് സിന്‍വർ് ഹീബ്രൂ പഠിച്ചു. ഇസ്രയേലി സംസ്കാരവും ജീവിതരീതിയും പഠിച്ചു. ഹീബ്രു ഭാഷയിലെ പുസ്തകങ്ങൾ അറബിയിലേക്ക് തർജ്ജമ ചെയ്തു. അതും ഇസ്രയേൽ ആഭ്യന്തര സുരക്ഷാ ഏജൻസിയിലെ മുൻ ഉദ്യോഗസ്ഥർ എഴുതിയ പുസ്തകങ്ങൾ. അത് സഹതടവുകാർക്ക് രഹസ്യമായി നൽകി, ഇസ്രേയലി സുരക്ഷാ ഏജൻസിയുടെ ഭീകരവാദ വിരുദ്ധ തന്ത്രങ്ങൾ പഠിക്കാൻ. സിൻവറിനെ ചികിത്സിച്ച ദന്തഡോക്ടറാണ് ഇതൊക്കെ പറഞ്ഞത്. ഇതിന്‍റെയെല്ലാം കൂടെ ഇസ്രയേലിന്‍റെ മനസും പഠിച്ചു, അവരെപ്പോലെ ചിന്തിക്കാനും പഠിച്ചു. ഇത്രയും കാലം ഇസ്രയേലി സൈന്യത്തെ വെട്ടിച്ച് ഒളിവിൽ കഴിയാൻ സഹായിച്ചതും ഈ അറിവുകളാണ്. ഒരു പുസ്തകവുമെഴുതി. എന്താണ് തന്‍റെ ലക്ഷ്യമെന്നും അതിന് വേണ്ടി എന്തൊക്കെ ബലി നൽകാൻ തയ്യാറാണെന്നും ജയിൽവാസത്തിൽ തിരിച്ചറിഞ്ഞു എന്നാണ് സിൻവറിന്‍റെ തന്നെ വാക്കുകളെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
2011 -ലാണ് ഗിലാഡ് ഷാലിദി (Gilad Shalit) എന്ന ഇസ്രയേലി സൈനികനെ ഹമസ് തട്ടിക്കൊണ്ട് പോയത്. ഷാലിദിന് പകരം താനുൾപ്പടെയുള്ള പലസ്തീനീ തടവുകാരുടെ കൈമാറ്റത്തിനായി ജയിലിലിരുന്ന് ചർച്ച നടത്തിയതും സിൻവർ. തിരിച്ച് ഗാസയിലെത്തിയ സിൻവർ ഹമാസിന്‍റെ നേതൃപദവികളിലെത്താൻ അധികം താമസിച്ചില്ല.
സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍
ഹമാസ് നേതൃത്വത്തിലേക്ക്
ഹമാസിന്‍റെ സ്ഥാപകനേതാവായ ഷെയ്ഖ് അഹമ്മദ് യാസീൻ (Sheik Ahmed Yassin) -നുമായുള്ള സൗഹൃദവും സഹായിച്ചു. ബഹുമാനം മാത്രമായിരുന്നില്ല സിൻവറിനോട്, പേടിയുമായിരുന്നു. താൻ വിശ്വസിക്കുന്നതിന് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്തത് പോലെ മറ്റുള്ളവരും ചെയ്യണമെന്ന് സിൻവർ ശഠിച്ചിരുന്നു. മടികാണിച്ചാൽ ജീവനുണ്ടാവില്ല. ക്രൂരതയും വ്യക്തിപ്രഭാവവും ഒരേസമയം സ്വിച്ചോണാക്കുന്ന പോലെ എടുത്തണിയാൻ കഴിയുമായിരുന്ന, കൗശലക്കാരനായിരുന്നു സിൻവറെന്നാണ് ജയിലിലെ വിലയിരുത്തൽ. അതേസമയം 2017 -ൽ ഇസ്മയിൽ ഹന്യ, ഹമാസ് പോളിറ്റ്ബ്യൂറോ മേധാവിയായപ്പോൾ ഗാസയുടെ ചുമതല കിട്ടിയ സിൻവർ, ഹമാസിന്‍റെ ചാർട്ടറിൽ ചില മാറ്റങ്ങൾ വരുത്തി.
തന്ത്രപരമായ പടയൊരുക്കം
ജൂതവിരുദ്ധ പരാമർശങ്ങൾ നീക്കി, മിതവാദത്തിലേക്കും ചുവട് മാറി. ചാവേറാക്രമണം നിർത്തി. ഇനിയൊരു യുദ്ധത്തിൽ താൽപര്യമില്ലെന്നറിയിച്ചു. ഇസ്രയേലുമായുള്ള വെടിനിർത്തലിന് 1967 -ലെ അതിർത്തികൾ സ്വീകാര്യം എന്നറിയിച്ചു. പക്ഷേ, പിന്നീട് ഇസ്രയേലിലും അറബ് ലോകത്തും വന്ന മാറ്റങ്ങൾ സിൻവറിനെയും മാറ്റിയെന്നാണ് അനുമാനിക്കപ്പെട്ടത്. ഇസ്രയേലിൽ വലതുപക്ഷ സർക്കാർ അധികാരമേറ്റു. ഇസ്രയേലുമായി കരാറുകൾ ഒപ്പിട്ട അറബ് രാജ്യങ്ങൾ പക്ഷേ, പലസ്തീനെ ഓർത്തില്ല. ചർച്ചകൾ നിലച്ചു. അപ്പോഴും ഇസ്രയേല്‍ വെസ്റ്റ്ബാങ്ക് കയ്യേറ്റം തുടർന്നു. അതിനോടെല്ലാമുള്ള സിൻവറിന്‍റെ പ്രതികരണമായിരുന്നു ഒക്ടോബർ ഏഴിന്‍റെ ആക്രമണം എന്നും വ്യാഖ്യാനിക്കപ്പെടുന്നു. 2022 -ലും '23 -ലും ഇസ്രയേലിനോട് തുറന്ന ഏറ്റുമുട്ടൽ എന്ന് മുന്നറിയിപ്പ് നൽകി സിൻവറും മറ്റ് ഹമാസ് നേതാക്കളും.
പക്ഷേ, ചാർട്ടർ മാറ്റവും ആക്രമണത്തോടുള്ള മടുപ്പുമെല്ലാം കൗശലക്കാരനായ സിൻവറിന്‍റെ തന്ത്രമെന്നാണ് ആക്രമണത്തിന് ശേഷം ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഹമാസ് രഹസ്യയോഗങ്ങളുടെ മിനിട്സ് തെളിയിച്ചത്. ഒക്ടോബർ ഏഴിന്‍റെ ആക്രമണത്തിന് ശേഷം ഇസ്രയേലി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതാണീ മിനിട്സ്. അതനുസരിച്ച് ചാർട്ടറിലെ മാറ്റങ്ങളും യുദ്ധത്തിലെ താൽപര്യമില്ലായ്മയും ഇസ്രയേലിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു. അണിയറയിൽ നടന്നത് പടയൊരുക്കവും പരിശീലനവും. ഇതിനിടെ ഇസ്രയേലിനെ കുഴപ്പിക്കുന്ന തരത്തിലേക്ക് ഗാസയിലെ തുരങ്കങ്ങള്‍ സങ്കീര്‍ണമായിക്കഴിഞ്ഞിരുന്നു.
അവഗണിച്ച മുന്നറിയിപ്പുകൾ
ഹമാസിന് മടുത്തു, ഇനിയൊരാക്രമണത്തിനില്ല എന്ന സൂചനകളും ചാവേറാക്രമണം നിർത്തിയതും ഇസ്രയേൽ മുഖവിലയ്ക്കെടുത്തു. അത് വിശ്വസിച്ച് ഇസ്രയേൽ സുരക്ഷാ സംവിധാനങ്ങൾ മയപ്പെടുത്തി. ഗാസക്കാർക്ക് ഇസ്രയേലിൽ വന്നുപോയി ജോലി ചെയ്യാനുള്ള പാസുകളിലും ഇളവുവരുത്തി. പരിധികൾ പതുക്കെ നീട്ടി. ആ സമയമെല്ലാം ഹമാസ് ആക്രമണത്തിനുള്ള പരിശീലനം തുടങ്ങിയിരുന്നു. ഇതൊക്കെ നേരത്തെ റോയിട്ടേഴ്സും പുറത്തുവിട്ടതാണ്.
(യഹ്യ സിന്‍വറും ഇസ്മയില്‍ ഹന്യയും)
ഹസൻ നസ്റള്ള; ഹിസ്ബുള്ളയെ ലെബനണില്‍ നിര്‍ണ്ണായക ശക്തിയാക്കിയ നേതാവ്
ഒരുവശത്ത് സിൻവറിന്‍റെ സമാധാന ഭാഷണം, മറുവശത്ത് തങ്ങളുടെ ആക്രമണത്തിൽ പങ്കുചേരാൻ ഇറാനും ഹിസ്ബുള്ളക്കും മേൽ സമ്മർദ്ദം. അതായിരുന്നു, മിനിട്സിലെ വെളിപ്പെടുത്തൽ. 2022 -ൽ ആക്രമിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. നീട്ടിവച്ചത് ഇറാന്‍റെയും ഹിസ്ബുള്ളയുടേയും പങ്കാളിത്തം പ്രതീക്ഷിച്ച്. ആക്രമണത്തിന്‍റെ രൂപരേഖ ഇസ്മയിൽ ഹന്യക്കും അറിയാമായിരുന്നുവെന്നും മിനിട്സിൽ പറയുന്നു. ഖാൻ യൂനിസിലെ ഹമാസ് കമാണ്ട് കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തതാണീ രേഖകൾ.
പല പദ്ധതികൾ
ആക്രമണത്തിന് ഒരു വർഷം മുമ്പേ ഇസ്രയേലിന് ഹമാസിന്‍റെ യുദ്ധ പദ്ധതിയുടെ ബ്ലൂപ്രിന്‍റ് കിട്ടിയിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഹമാസിൻ്റെ നടക്കാത്ത സ്വപ്നമായി മാത്രമേ ഇസ്രയേൽ അതിനെ കണ്ടൊള്ളൂ. ബ്ലൂപ്രിന്‍റ് അക്ഷരം പ്രതി അനുസരിച്ചാണ് ഹമാസിന്‍റെ ആക്രമണം നടന്നത്. തീയതി മാത്രം പറഞ്ഞിരുന്നില്ല. 'ജെറീക്കോ മതിൽ' (Jericho wall) എന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ പേരിട്ട ബ്ലൂപ്രിന്‍റ് നെതന്യാഹുവോ മറ്റ് ഉന്നത നേതാക്കളോ കണ്ടോയെന്ന് വ്യക്തമായിരുന്നില്ല. ആക്രമണത്തിന് മുമ്പുള്ള ജൂലൈയിൽ ഇസ്രയേലി രഹസ്യാന്വേഷണ അനലിസ്റ്റ് ഹമാസ് നടത്തിയ ഒരു പരിശീലനത്തെക്കുറിച്ച് മറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു, ബ്ലൂപ്രിന്‍റിൽ പറഞ്ഞിരുന്ന പോലെ ഒരു പരിശീലനം. കിബൂറ്റ്സും സൈനികാസ്ഥാനവും പിടിച്ചെടുക്കുന്നതടക്കം. അത്തരത്തിലെ പരിശീലനങ്ങൾ ഇസ്രയേലി സൈനികരുടെ കൺവെട്ടത്തുതന്നെ നടക്കുന്നുണ്ടായിരുന്നു. അതിർത്തി നിരീക്ഷണ സംഘത്തിലെ വനിതാ സൈനികർ അതറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അനലിസ്റ്റിന്‍റെ മുന്നറിയിപ്പ് ഗാസ സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന ഇസ്രയേലി സൈനിക വിഭാഗമായ റെയിം (REIM) തള്ളിക്കളഞ്ഞു. ഹമാസിന് അതിന് താൽപര്യമോ കഴിവോ ഇല്ലെന്നാണ് കണ്ടെത്തിയ കാരണം. 2016 -ലെ പ്രതിരോധ മന്ത്രാലയ മെമ്മോറാണ്ടത്തിലും ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമിക്കുമെന്നും ബന്ദികളെ കൊണ്ട് പോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസ് ഡ്രോണുകളും ജിപിഎസ് ജാമറുകളും സ്വന്തമാക്കിയെന്നും.
ഹമാസിൻ്റെ ജെറീക്കോ വാൾ പോലും ആദ്യത്തെതല്ലതാനും. വർഷങ്ങളായി ഹമാസ് ആക്രമണ പദ്ധതിയുടെ പല കരടുകൾ തയ്യാറാക്കിയിരുന്നു. അതും കിട്ടി ഇസ്രയേലി സൈന്യത്തിന്. മുന്നറിയിപ്പുകൾ അവഗണിച്ചതിന് കിട്ടിയ സമ്മാനമായി പിന്നീടെല്ലാം. സുരക്ഷാ വീഴ്ച അസാധാരണം. ദുരന്തം ഇന്നുവരെ ഉണ്ടായിട്ടില്ലാത്തത്ര, ഇരുപക്ഷത്തും.
മറുവാദങ്ങൾ
അതേസമയം സിൻവറല്ല, ആസൂത്രണം ഹമാസ് സൈനികവിഭാഗം നയിച്ചിരുന്ന മുഹമ്മദ് ദയ്‍ഫിന്‍റെതാണ് എന്നും പറയപ്പെടുന്നുണ്ട്. എന്തായാലും അവസാനകാലത്ത് ഇസ്മയിൽ ഹന്യയുടെ മിതവാദത്തോട് സിൻവറിനുള്ള താൽപര്യക്കുറവ് പ്രകടമായിരുന്നു. 'ഹോട്ടൽ പീപ്പിൾ' (Hotel People) എന്നാണ് ഖത്തറിൽ താമസിക്കുന്ന ഹന്യയെയും മറ്റുള്ള നേതാക്കളെയും സിൻവർ വിശേഷിപ്പിച്ചിരുന്നത്. 'ഗാസയാണ് യാഥാർത്ഥ്യം, അവിടെ ജീവിക്കുന്നവർക്കേ പോരാട്ടം എന്തെന്നറിയൂ' എന്നായിരുന്നു നിലപാടും. പക്ഷേ, ഒക്ടോബർ ഏഴിന്‍റെ ആക്രമണത്തിനോട് ഇസ്രയേലിന്‍റെ ഇത്ര തീവ്രമായ പ്രതികരണവും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ഒരു പക്ഷേ. എന്തുവേണമെങ്കിലും സഹിക്കാൻ തയ്യാറായിരുന്ന, ഒപ്പമുള്ള മറ്റുള്ളവരും അങ്ങനെയാകണമെന്ന് നിർബന്ധമുണ്ടായിരുന്ന സിൻവറിന് ഒന്നും പ്രശ്നമായിരുന്നിരിക്കില്ല. അത്തരത്തിലും ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടെ ഒറ്റപ്പെട്ടതെങ്കിലും ഗാസയിൽ ചില പ്രതിഷേധങ്ങളും നടന്നിരുന്നു. നിരപരാധികൾ മരിച്ച് വീഴുന്നതിലായിരുന്നു ആ പ്രതിഷേധം.