ഓര്‍ക്കുക, പ്രകൃതിക്കായി ഒരു പ്രത്യേക ദിനമല്ല ഇന്ന്. മറിച്ച് ഓരോ നിമിഷവും നാം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന സവിശേഷ ആചരണമാണ് 'ലോക പരിസ്ഥിതി ദിനാഘോഷം'.
അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതിക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ഉത്സവമാണ് 1973 മുതൽ ആചരിക്കുന്ന ലോക പരിസ്ഥിതി ദിനം. വിവിധ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ എല്ലാവർഷവും ജൂൺ 5 ന് അവരുടെ സുസ്ഥിര ആവാസം, ഭൂമിയിൽ സാധ്യമാക്കുന്ന, പരിസ്ഥിതിയെ ആദരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഈ വർഷം സൗദി അറേബ്യയാണ് ഔദ്യോഗികമായി ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയം വഹിക്കുന്നത്.
അഞ്ച് പതിറ്റാണ്ടുകളായി, ആഗോളതലത്തിൽ പരിസ്ഥിതി അവബോധം വളർത്താനും സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കാര്യമായ സംഭാവനകൾ നൽകുന്നതിന് ലോക പരിസ്ഥിതി ദിനത്തിന് സാധിച്ചിട്ടുണ്ട്. ഓരോ വർഷവും വ്യത്യസ്ത മുദ്രാവാക്യങ്ങളെ മുൻനിർത്തിയാണ് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2018 ഇന്ത്യയായിരുന്നു ലോക പരിസ്ഥിതി ദിനത്തിന് ഔദ്യോഗികമായി ആതിഥേത്വം വഹിച്ചത്. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്നതായിരുന്നു ആ വർഷത്തെ മുദ്രാവാക്യം. തുടർന്ന് വായു മലിനീകരണത്തെ തോൽപ്പിക്കുക (2019), ടൈം ഫോർ നേച്ചർ (2020), ഇക്കോസിസ്റ്റം റീസ്റ്റോറേഷൻ (2021), ഒരു ഭൂമി മാത്രം (2022), പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരം (2023) എന്നിവ ആയിരുന്നു പിന്നീടുള്ള വർഷങ്ങളിലെ പരിസ്ഥിതിദിന മുദ്രാവാക്യങ്ങൾ.
undefined
"ഭൂ പുനരുദ്ധാരണം, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം" എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിനായി തെരഞ്ഞെടുത്ത തീം. ഐക്യരാഷ്ട്രസഭ 2021 - 2030 ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള ദശകമായി ആചരിക്കുന്നതും നമ്മള്‍ ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യവുമായി ചേർത്ത് വായിക്കേണ്ടതാണ്. ലോക പരിസ്ഥിതി സംഘടനയുടെ നിർവചന പ്രകാരം ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ അഥവാ ഭൂ പുനരുദ്ധാരണം എന്നാൽ ജീർണിച്ചതോ നശിപ്പിക്കപ്പെട്ടതോ ആയ ആവാസവ്യവസ്ഥകളെ വീണ്ടെടുക്കാൻ സഹായിക്കുകയും അതുപോലെ തന്നെ ഇപ്പോഴും കേടുകൂടാതെയിരിക്കുന്ന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. പുനഃസ്ഥാപനം പല തരത്തിൽ സംഭവിക്കാം. ഉദാഹരണത്തിന്, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെയോ മാനുഷിക കൈകടത്തലുകൾ കുറക്കുന്നതിലൂടെയോ പ്രകൃതിക്ക് സ്വയം വീണ്ടെടുക്കാൻ കഴിയും. തണ്ണീർതട സംരക്ഷണം, സമുദ്ര ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം, പുൽമേടുകളും ഷോല വനങ്ങളും സംരക്ഷിക്കൽ, അധിനിവേശ ജീവികളെ നിയന്ത്രിക്കുക എന്നിവയും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ പ്രക്രിയയുടെ ഭാഗമാണ്.
മരുഭൂവൽക്കരണത്തിനെതിരായ യുഎൻ കൺവെൻഷൻ പഠനപ്രകാരം നമ്മുടെ ഗ്രഹത്തിന്‍റെ 40 ശതമാനം വരെ നശിച്ചു കഴിഞ്ഞു. ഇത് ലോക ജനസംഖ്യയുടെ പകുതിയോളം പേരെ നേരിട്ട് ബാധിക്കുകയും 2050 ഓടെ മുക്കാൽ ഭാഗത്തെയും ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2024 -ൽ മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള യുഎൻ കൺവെൻഷന്‍റെ 30 -ാം വാർഷികം കൂടിയാണ്. ഇതിനോട് അനുബന്ധിച്ച് റിയാദിൽ 2024 ഡിസംബർ 2 മുതൽ 13 വരെ മരുഭൂവൽക്കരണം നേരിടാനുള്ള യുണൈറ്റഡ് നേഷൻസ് കൺവെൻഷനിലേക്കുള്ള (UNCCD) കോൺഫറൻസ് ഓഫ് പാർട്ടികളുടെ പ്രത്യേക സമ്മേളേനവും നടക്കും.
ഭൂമിയുടെ പുനഃസ്ഥാപനം വഴി, ഭൂ ശോഷണം, വരൾച്ച, മരുഭൂവൽക്കരണം എന്നിവയുടെ ഭീഷണി നല്ലൊരു പരിധിവരെ നേരിടാന്‍ നമുക്ക് കഴിയും. വെറും 15 ശതമാനം ഭൂമി പുനഃസ്ഥാപിക്കുകയും കൂടുതൽ പരിവർത്തനം നിർത്തുകയും ചെയ്താൽ, പ്രതീക്ഷിക്കുന്ന ജീവിവർഗങ്ങളുടെ വംശനാശത്തിന്‍റെ 60 ശതമാനം വരെ ഒഴിവാക്കാനാകുമെന്നും പഠനങ്ങൾ പറയുന്നു. 2020 നവംബറിൽ, G20 നേതാക്കളുടെ റിയാദ് (വെർച്വൽ) ഉച്ചകോടിയിൽ, G20 ഭൂമിയുടെ തകർച്ച കുറയ്ക്കുന്നതിനും ഭൗമ ആവാസ വ്യവസ്ഥകളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആഗോള സംരംഭം ആരംഭിച്ചത് ആഗോള ഭൂമി പുനഃസ്ഥാപനത്തിനായുള്ള മികച്ച ഒരു കാൽവെപ്പായി കരുതപ്പെടുന്നു. 2040 -ഓടെ ഭൂമിയുടെ തകർച്ച തടയാനും തിരിച്ചുവിടാനും ഭൂ ശോഷണം 50 ശതമാനം കുറയ്ക്കാനുമാണ് ഈ ആഗോള സംരംഭത്തിന്‍റെ ലക്ഷ്യം. ഇന്ത്യ ഒരു സജീവ പങ്കാളിയായ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ, എല്ലാ രീതിയിലും ഉള്ള ആവാസവ്യവസ്ഥയുടെ നഷ്ടം, വിഘടനം എന്നിവ തടയുക. പ്രകൃതി - അധിഷ്ഠിത - ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിലൂടെ സംയോജിതവും സുസ്ഥിരവുമായ വളർച്ച ഉറപ്പുവരുത്തുക, പ്രാദേശികമായ സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുക എന്നിവയാണ്.
വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുള്ള ഇന്ത്യ, വിജയകരമായ വിവിധ ആവാസവ്യവസ്ഥാ പുനഃസ്ഥാപനാ മാതൃകകൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ മാതൃകകളിൽ സർക്കാർ സംരംഭങ്ങൾ, സർക്കാരിതര, തദ്ദേശീയ ഇടപെടലുകൾ, വ്യക്തികൾ നടത്തിയ ഒറ്റയാൾ വിപ്ലവങ്ങൾ എന്നിവയും ഉൾപ്പെടുന്നു. 1970 -കളിൽ ആരംഭിച്ച ഹരിയാനയിലെ സുഖോമജ്രി പദ്ധതി, ഇന്ത്യയുടെ ആദ്യകാലവും വിജയകരവുമായ നീർത്തട പരിപാലന ശ്രമങ്ങളിലൊന്നാണ്. അതുപോലെ വെസ്റ്റ് ബംഗാളിലെ സുന്ദർബൻ കണ്ടൽ പുനഃസ്ഥാപിക്കൽ - സാമൂഹ്യ പങ്കാളിത്തം ഉറപ്പുവരുത്തിയ ഒരു ശ്രദ്ധേയ മാതൃക ആണ്. ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് ആയി കണക്കാക്കുന്ന ആസാമിലെ മാജുലിയിൽ, ജാദവ് പയേങ് എന്ന ഒറ്റയാൾ പട്ടാളം നടത്തിയ പ്രകൃതി പുനസ്ഥാപിക്കൽ പ്രവൃത്തങ്ങൾ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്. ഇന്ത്യയുടെ 'വനമനുഷ്യൻ' (The Forest Man of India) എന്നറിയപ്പെടുന്ന ജാദവ് പയേങ് പതിറ്റാണ്ടുകൾ കൊണ്ട് 550 ഹെക്ടർ വനമാണ് നട്ടുപിടിപ്പിച്ചത്. കേരളത്തിലും ഈ രംഗത്ത് ശ്രദ്ധേയ ഇടപെടലുകൾ കണ്ടെത്തുവാൻ നമ്മുക്ക് സാധിക്കും.
പ്രകൃതി ഒരു അടിയന്തരാവസ്ഥയിലാണ്. നമുക്ക് സമയത്തെ പിന്നോട്ടടിക്കാൻ കഴിയില്ല, പക്ഷേ നമുക്ക് കാടുകൾ വളർത്താനും ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനും അതുവഴി മണ്ണിനെ തിരികെ കൊണ്ടുവരാനും കഴിയും. ഓര്‍ക്കുക, പ്രകൃതിക്കായി ഒരു പ്രത്യേക ദിനമല്ല ഇന്ന്. മറിച്ച് ഓരോ നിമിഷവും നാം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന സവിശേഷ ആചരണമാണ് 'ലോക പരിസ്ഥിതി ദിനാഘോഷം'.
( ലേഖകൻ തിരുവനന്തപുരം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ (ഓട്ടോണമസ് )- എംഎസ്ഡബ്യു- ഡിസാസ്റ്റർ മാനേജ്‌മന്‍റ് വിഭാഗം അദ്ധ്യാപകനാണ്. പരിസ്ഥിതി പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. )