'ജ്വലിക്കുന്ന ചൂള'യില്‍ രാഷ്ട്രീയ സ്ഥിരത നഷ്ടപ്പെട്ട് വിയറ്റ്നാം

By Alakananda R  |  First Published Mar 27, 2024, 12:03 PM IST

നൊവേന്‍ ഫു ത്രോംഗിന്‍റെ പ്രിയപ്പെട്ട അനുയായിയായി അറിയപ്പെട്ടിരുന്ന വോ വാന്‍ ത്വാംഗ്, പാർട്ടി മേധാവി ആകുമെന്നായിരുന്നു പൊതുവേയുള്ള നിഗമനം. ഇതിനിടെയാണ് അഴിമതി ആരോപണം നേരിട്ട് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പ്രസിഡന്‍റ് സ്ഥാനത്ത് നിന്നുള്ള അപ്രതീക്ഷിത രാജി. അതെ, വിയറ്റ്നാം രാഷ്ട്രീയത്തില്‍ പലതും പുകയുന്നു. അളകനന്ദ ആര്‍  എഴുതുന്നു. 



ചൈനയ്ക്ക് പിന്നാലെ പാര്‍ട്ടി അധികാര കേന്ദ്രങ്ങളിലെ അഴിമതി ശുദ്ധീകരണ പ്രക്രിയയ്ക്ക് തുടക്കമിട്ട വിയറ്റ്നാം, രാഷ്ട്രീയ പ്രതിസന്ധി  നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ സ്ഥിരതയ്ക്ക് പേരുകേട്ട രാജ്യം അഴിമതി ആരോപണങ്ങളുടെ പേരില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് പ്രസിഡന്‍റുമാരുടെ രാജിയാണ് കണ്ടത്. അതിലൊരാള്‍ അടുത്ത പാര്‍ട്ടി മേധാവിയാകുമെന്ന് കരുതിയ വോ വോണ്‍ ത്വംഗ്. രാജിക്ക് പിന്നാലെ അഴിമതി ശുദ്ധീകരണത്തിന്‍റെ മറവില്‍ വിയറ്റ്നാമില്‍ അധികാര മത്സരം കൊഴുക്കുന്നെന്ന് ആരോപണം ഉയര്‍ന്നു.   

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നം

Latest Videos

വിയറ്റ്നാമിൽ ഒരു വർഷത്തിനിടെ രണ്ടാമത്തെ പ്രസിഡന്‍റും രാജിവച്ചിരിക്കുന്നു. വോ വോൺ ത്വാംഗിന്‍റെ  (Vo Von Thuang) രാജി കമ്മ്യൂണിസ്റ്റ് പാർട്ടി നിർദ്ദേശ പ്രകാരമാണ്. എന്നാല്‍, പ്രസിഡന്‍റിനെ കൊണ്ട് പാര്‍ട്ടി രാജിവപ്പിച്ചതില്‍ അതിനപ്പുറം പല കാര്യങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കമ്മ്യൂണിസ്റ്റ് പാർട്ടി, വിയറ്റ്നാം ഭരിക്കാൻ തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടായി. പക്ഷേ, ചൈന പോലെ ഒരൊറ്റ നേതാവില്ല. നാലുപേരാണ് നെടും തൂണുകൾ. പാർട്ടി ജനറൽ സെക്രട്ടറി, പ്രസിഡന്‍റ്, പാർലമെന്‍റ് ചെയർപേഴ്സൺ, പ്രധാനമന്ത്രി എന്നിവരാണവര്‍.  അധികാരം പക്ഷേ, പാർട്ടി മേധാവിക്കാണ്. നൊവേൻ ഫു ത്രോംഗ് (Nguyen Phu Trong) 15 വർഷമായി പാർട്ടി മേധാവിയായിട്ട്. അഞ്ച് വര്‍ഷത്തിനിടെ മേധാവി മാറുന്നതാണ് വിയറ്റ്നാമില്‍ പതിവെങ്കിലും അഞ്ച് വർഷത്തെ കാലാവധി, പാര്‍ട്ടി തന്നെ അദ്ദേഹത്തിന് രണ്ട് തവണ നീട്ടി നല്‍കി. പാർട്ടി കോൺഗ്രസാണ് 200 അംഗ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കുക,. കേന്ദ്രകമ്മിറ്റി പൊളിറ്റ് ബ്യൂറോയെയും. പൊളിറ്റ് ബ്യൂറോ നെടുംതൂണുകളായ നാല് നേതാക്കളെ തെരഞ്ഞെടുക്കും.

കഴിഞ്ഞ പ്രസിഡന്‍റ് നൊവേന്‍ ഷാന്‍ ഫുക്ക് (Nguyen Xuan Phuc) രാജിവച്ചത് 2023 ജനുവരിയിൽ. രണ്ടുമാസത്തിനകം സിസി ചേർന്ന് വോ വോണ്‍ ത്വാംഗിനെ (Vo Van Thuong) തെരഞ്ഞെടുത്തു. രണ്ടുപേരും ഇറങ്ങിയത് ആകട്ടെ പാർട്ടി ചട്ടങ്ങൾ ലംഘിച്ചതിന്‍റെ പേരിലും. അതെ, അഴിമതിയുടെ പേരില്‍. നൊവേന്‍ ഫു ത്രോംഗിന്‍റെ (Nguyen Phu Trong) പ്രിയപ്പെട്ട അനുയായിയായി അറിയപ്പെട്ടിരുന്ന വോ വോണ്‍ ത്വാംഗ്, പാർട്ടി മേധാവി ആകുമെന്നായിരുന്നു പൊതുവേയുള്ള നിഗമനം. ഇതിനിടെയാണ് അഴിമതി ആരോപണത്തിൽ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം രാജി.  ഇനിയാര് എന്ന ചോദ്യം അവശേഷിക്കുന്നു. 79 വയസായി നൊവേന്‍ ഫു ത്രോംഗിന്. ആരോഗ്യവും കുറവ്. 2026 ൽ പാര്‍ട്ടിയുടെ അധികാരം കൈമാറുന്നതിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു എന്നാണ് വിലയിരുത്തൽ.

 

(മുന്‍ പ്രസിഡന്‍റ് നൊവേന്‍ ഷാന്‍ ഫുക്ക്, പാര്‍ട്ടി മേധാവി നൊവേൻ ഫു ത്രോംഗ്, മുന്‍ പ്രസിഡന്‍റ് വോ വാന്‍ ത്വാംഗ്, ചിത്രം : ഗെറ്റി)

വിയറ്റ്നാമിന്‍റെ ആഗോള സ്ഥാനം

ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ സമ്പദ് ശക്തിയാണ് വിയറ്റ്നാം. ആ വളർച്ച തുടങ്ങിയത് 1980 -കളിലാണ്. കാർഷിക രംഗത്തൂന്നിയ സാമ്പത്തിക വളര്‍ച്ച പതുക്കെ നിർമ്മാണ രംഗത്തേക്ക് ചുവടുമാറി. അമേരിക്ക - ചൈന വ്യാപാര യുദ്ധക്കാലത്തും ചൈനയുടെ കർശന കൊവിഡ് നിയന്ത്രണ കാലത്തും ലോകം വിയറ്റ്നാമിനെയാണ് ആശ്രയിച്ചത്. ഇന്ന് അഡിഡാസ് (Adidas), NIKE എന്നീ വൻകിട സ്പോര്‍ട്സ് വസ്ത്ര/ഉപകരണ നിർമ്മാതാക്കൾ വിയറ്റ്നാമിലാണ് തൊഴില്‍ എടുക്കുന്നത്. മാക്ബുക് നിർമ്മാണത്തിന് ആപ്പിൾ വിയറ്റ്നാമിലേക്ക് കണ്ണുവച്ചു കഴിഞ്ഞു.

പക്ഷേ, കമ്മ്യൂണിസ്റ്റ് രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കമ്മിയാണ്. കൂട്ടായ്മകൾ പാടില്ല. വിമർശകർ തടവിലാകാൻ കൂടുതൽ കാരണമൊന്നും വേണ്ട. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നത്, രാജ്യത്ത് അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടാറുണ്ടെന്നാണ്. നൊവേന്‍ ഷാന്‍ ഫുക്ക് പുറത്തായത് അഴിമതി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ്. ഇതിനെല്ലാം കാരണമായത് 'ജ്വലിക്കുന്ന ചൂള' (Blazing Furnace) എന്നറിയപ്പടുന്ന നൊവേന്‍ ഫു ത്രോംഗിന്‍റെ അഴിമതി വിരുദ്ധ നയവും..

ജ്വലിക്കുന്ന ചൂള, പുകയുന്നു

സർക്കാരിന്‍റെ ചാട്ടവാറിൽ കുടുങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്ക് കണക്കില്ല.മന്ത്രിമാരും കുടുങ്ങി. ഇതിപ്പോൾ കുടുങ്ങുന്ന രണ്ടാമത്തെ പ്രസിഡന്‍റാണ് അടുത്ത അനുയായി എന്നറിയപ്പെട്ടിരുന്ന വോ വാന്‍ തോംഗ്. വിയറ്റ്നാമിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായിരുന്നു 53 കാരനായ വോ വോൺ ത്വാംഗ്. നൊവേന്‍ ഫു ത്രോംഗിന്‍റെ 'ജ്വലിക്കുന്ന ചൂള'യെ ആളിപ്പിടിപ്പിച്ചവരില്‍ ഓരാളായാണ് വോ വോൺ ത്വാംഗ് എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് പടര്‍ന്ന് പിടിച്ച കൈക്കൂലി വ്യവസ്ഥ ഉടനെയെങ്ങും അവസാനിക്കില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതെന്ത് തന്നെയായാലും  അഴിമതിയിൽ കുടുങ്ങും എന്ന് പേടിച്ച് രാജ്യത്ത് പദ്ധതികൾ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു. തത്വത്തില്‍ കൈകൂലിയില്‍ കുടുങ്ങാതിരിക്കാന്‍ പദ്ധതികള്‍ താമസിപ്പിക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുക.  വോ വോൺ ത്വാംഗിന്‍റെ പുറത്താകൽ രാഷ്ട്രീയ സ്ഥിരതക്ക് പേരുകേട്ട രാജ്യത്തിന് നല്ല പ്രതിഛായയല്ല നൽകുന്നത്. അഴിമതിയുടെ പേരിലാണ് പുറത്താകല്‍ എന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു.

പക്ഷേ, 10 വർഷം മുമ്പുള്ള അഴിമതിക്കേസാണ്. അവിടെയാണ് സംശയം.  വോ വോൺ ത്വാംഗ് പ്രാദേശിക മേധാവിയായിരുന്ന  പ്രവിശ്യയിലെ ഉദ്യോഗസ്ഥർക്കെതിരായാണ് അഴിമതി ആരോപണം ഉണ്ടായത്. അവിടുത്തെ ഒരു വസ്തു വ്യാപാരത്തെ ചെല്ലിയാണ് ആരോപണം ഉയര്‍ന്നത്. പത്ത് വർഷം മുമ്പത്തെ കേസിൽ ഇപ്പോൾ അന്വേഷണം തുടങ്ങിയതിലാണ് സംശയം. രാഷ്ട്രീയ വൈരം എന്ന ആരോപണം ഉയരുന്നത് അതിന്‍റെ ബാക്കിയായും. ആരോപണത്തിന്‍റെ വിരല്‍ ചൂണ്ടുന്നതാകട്ടെ ആഭ്യന്തര സുരക്ഷാ മന്ത്രി തോ ലാമിന് (To Lam) നേർക്കും.  നൊവേന്‍ ഷാന്‍ ഫുക്ക്  രാജിവച്ചപ്പോൾ വോൺ ത്വാംഗിതിരെ തോ ലാം മത്സരിച്ചു. പക്ഷേ, തോല്‍വിയായിരുന്നു ഫലം. ഒരു വര്‍ഷത്തിന് ശേഷം കാത്തിരുന്ന് പക വീട്ടുകയാണ് ലാം എന്നാണ് ഉയരുന്ന ആരോപണം.

(വോ വാന്‍ ത്വാംഗ് പ്രസിഡന്‍റായി സ്ഥാനം ഏല്‍ക്കുന്നു.ചിത്രം : ഗെറ്റി)

വിയറ്റ്നാം പോരാട്ട ചരിത്രം

19 -ാം നൂറ്റാണ്ടില്‍ തദ്ദേശീനായ ഭരണാധികാരിയെ കീഴ്പ്പെടുത്തി ഫ്രാന്‍സ് വിയറ്റ്നാമിനെ സ്വന്തം കോളനിയാക്കി മാറ്റി. ലാവോസ്, കംബോഡിയ എന്നിവയ്ക്കൊപ്പം ഇന്ത്യാ ചൈന മേഖലയിലേക്കും ഫ്രാന്‍സ് അധികാരം വ്യാപിച്ചതോടെ അവസാനത്തെ വിയറ്റ്നാം ചക്രവര്‍ത്തിയും ചരിത്രമായി. പക്ഷേ, കിഴക്കനേഷ്യന്‍ ഭൂപ്രദേശമായ വിയറ്റ്നാമിനെ അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല. വിയറ്റ്നാമിന്‍റെ ചരിത്രത്തില്‍ പല നാഴികക്കല്ലുകളുണ്ട്. വിയറ്റ്നാമിന്‍റെ മണ്ണില്‍ നിന്നും അമേരിക്കയുടെ നാണംകെട്ട പിന്മാറ്റമുള്‍പ്പടെ.

വിയറ്റ്നാമിന്‍റെ സംരക്ഷാധികാരിയായി ഫ്രാന്‍സ് ഭരണം നടത്തി.  ഇതിനിടെ 1945 -ല്‍ ഹോ ചി മിന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വെറുതെ വിട്ട് കൊടുക്കാന്‍ ഫ്രാന്‍സും തയ്യാറായിരുന്നില്ല. പിന്നാലെ 1946 മുതല്‍ എട്ട് വര്‍ഷത്തോളം നീണ്ട ഇന്തോ ചൈന ആദ്യ യുദ്ധം (French Indochina War, 1946 -1954). അന്ന് തുടങ്ങിയതാണ് വിയറ്റ്നാമിന്‍റെ ഗറില്ലാ യുദ്ധമുറ. ഹോ ചി മിന്‍ മുന്നില്‍ നിന്നും നയിച്ച ആ ഗറില്ലാ യുദ്ധത്തില്‍ ഫ്രാന്‍സിന് പിടിച്ച് നില്‍ക്കാന് കഴിഞ്ഞില്ല. '54 -ല്‍ യുദ്ധം ജനീവാ കരാറില്‍ അവസാനിച്ചു. പക്ഷേ രാജ്യം രണ്ടായി വെട്ടി മുറിക്കപ്പെട്ടു. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസം പടരാതിരിക്കാനുള്ള പടിഞ്ഞാറന്‍ ബുദ്ധി. കമ്മ്യൂണിസ്റ്റ് വടക്കും അമേരിക്കന്‍ പിന്തുണയുള്ള തെക്കും അങ്ങനെ രണ്ട് ഭരണമായി.

(ഹോ ചി മിന്‍ ട്രയല്‍ മാപ്പ്  ചിത്രം : വിക്കി കോമണ്‍സ്))

പക്ഷേ, അധിക കാലം അങ്ങനെ രണ്ടായിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വടക്കും തെക്കും ഏറ്റുമുട്ടി (Vietnam War 1954 - 1975). തെക്കിനെ അമേരിക്ക പിന്തുണച്ചു. വടക്കിനെ ചൈനയും സോവിയേറ്റ് യൂണിയനും പിന്താങ്ങി. അമേരിക്കന്‍ യുദ്ധ തന്ത്രങ്ങള്‍ വിയറ്റ്നാമിലെ സങ്കീര്‍ണമായ തുരങ്കങ്ങളില്‍ തട്ടിവീണു. വിയറ്റ്നാമിന്‍റെ മണ്ണില്‍ രണ്ട് പതിറ്റാണ്ടോളം പഠിച്ച പണി പലതും നോക്കി, യുഎസ് സൈന്യം . ഒടുവിലത് താങ്ങാവുന്നതിലും കൂടുതലായി. യുദ്ധമുഖത്ത് അമേരിക്കന്‍ സൈനികര്‍ മരിച്ചുവീണപ്പോള്‍ നാട്ടില്‍ പ്രസിഡന്‍റ് നിക്സണെതിരെ കടുത്ത ജനരോഷം ഉയര്‍ന്നു.

അങ്ങനെ '73 ല്‍ വെടിനിർത്തൽ ധാരണയായി. അമേരിക്കൻ സൈന്യം പിൻവാങ്ങി. പക്ഷേ, യുദ്ധം അവസാനിച്ചിരുന്നില്ല. '75 ൽ തെക്കൻ വിയറ്റ്നാം സർക്കാർ വീഴുന്നത് വരെ. 1976 ൽ ചുവന്ന നദിക്കരയിലെ (Red River) മണ്ണ് വീണ്ടും ഒന്നായി, വിയറ്റ്നാം. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കീഴിലായിരുന്നു അത്. 1995 -ല്‍  യുദ്ധത്തിലെ മരണ കണക്ക് വിയറ്റ്നാം പുറത്തുവിട്ടു. 11 ലക്ഷം മനുഷ്യര്‍! ആഭ്യന്തര യുദ്ധത്തിൽ വടക്കിന്‍റെ പോരാളികൾ ഉപയോഗിച്ച ഗറില്ലാ യുദ്ധമുറകളാണ് അമേരിക്കയെ വശംകെടുത്തിയത്. യുദ്ധം അവസാനിക്കുമ്പോള്‍ വടക്കന്‍ വിയറ്റ്നാമില്‍ 'ഹോ ചി മിന്‍ ട്രയല്‍' (HO CHI MINH TRAIL) എന്ന പേരിൽ ഭൂമിക്കടയില്‍ തുരങ്കങ്ങളുടെ സങ്കീര്‍ണമായ ഒരു ശൃംഖല തന്നെയുണ്ടായിരുന്നു. ലാവോസിന്‍റെയും കംബോഡിയയുടെയും അതിര്‍ത്തികളിലൂടെ വടക്കന്‍ പ്രദേശത്തേക്ക് കിലോ മീറ്ററുകളോളം അത് നീണ്ടു കിടന്നു.

ഡ്വൈറ്റ് ഡി ഐസൻഹോവർ, ജോണ്‍ എഫ് കെന്നഡി ( 1963 -ല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നു), ലിന്‍ഡന്‍ ജോണ്‍സണ്‍, റിച്ചാര്‍ഡ് നിക്സണ്‍... വിയറ്റ്നാം യുദ്ധം നയിച്ച നാല് യുഎസ് പ്രസിഡന്‍റുമാര്‍. ഇക്കാലത്ത് യുഎസ്, വിയറ്റ്നാമില്‍ പ്രയോഗിച്ചത് 19 മില്യൻ ഗാലൺ കളനാശിനിയാണ് (Herbicide). ഇതില്‍ 10 മില്യണോളം ഏജന്‍റ് ഓറഞ്ച് (Agent Orange) എന്ന മാരക വസ്തു. ഈ കീടിനാശിനി തളിച്ചാല്‍ മരങ്ങളിലെ ഇലകള്‍ വാടി, കൊഴിഞ്ഞ് വീഴും. പിന്നാലെ മരങ്ങള്‍ ഉണങ്ങും. ഒരൊറ്റ പച്ചപ്പ് ബാക്കിയാകില്ല. ഇങ്ങനെ വിയറ്റ്നാമിലെ കിലോമീറ്റര്‍ ദൂരമുള്ള കാടുകള്‍, കൃഷിയിടങ്ങള്‍...  ഭൂമിയിലെ പച്ചപ്പെല്ലാം ഇല പൊഴിച്ച് നിര്‍ത്തി,  യുഎസ് സൈന്യം. ഇലകള്‍ക്കിടയില്‍ മരഞ്ഞിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനായിരുന്നു അത്. പക്ഷേ, വിയറ്റ്നമീസ് ഗറില്ലകളെ മാത്രം കിട്ടിയില്ല. പകരം ഇന്നും ഒടുങ്ങാത്ത അപമാനം പേറുന്നു അമേരിക്ക

(വിയറ്റ്നാം യുദ്ധത്തിനിടെ ഏജന്‍റ് ഓറഞ്ച് വിതറുന്ന യുഎസ് യുദ്ധ വിമാനം. ചിത്രം : ഗെറ്റി)

ഇതിനിടെ ഒന്നായ വിയറ്റനാം പിന്നെയും മുന്നേറി. 1970  - കളുടെ തുടക്കത്തില്‍ കംബോഡിയയില്‍ മനുഷ്യവേട്ട ആരംഭിച്ചിരുന്ന പോള്‍ പോട്ടിനെ (Pol Pot  1925 - '81),  കുപ്രസിദ്ധമായ ഖെമർ റൂഷ് (Khmer Rouge) സര്‍ക്കാറിനെ പുറത്താക്കി. 1976 ല്‍ കംബോഡിയന്‍ മണ്ണില്‍ കാലു കുത്തിയ വിയറ്റ്നാം സൈന്യം പിന്നിട് '89 ലാണ് പിന്മാറിയത്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ചെറുത്ത് ഓടിച്ചു. ഇതിനിടെ അമേരിക്കന്‍ ഉപരോധം അവസാനിച്ചു. 1995 -ൽ വിയറ്റ്നാം നയതന്ത്ര ബന്ധം വീണ്ടെടുത്തു. പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ വിയറ്റ്നാം സന്ദർശിച്ചു (2000). പക്ഷേ, യുഎസിനെതിരെയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന ചൈനയുമായി വിയറ്റ്നാം അധികം സൗഹൃദം പ്രോത്സാഹിപ്പിച്ചില്ല. ഇരുരാജ്യങ്ങളും ധരാണയിലൊപ്പിട്ടെങ്കിലും. രണ്ട് ദ്വീപുകളെ ചെല്ലി ഇപ്പോഴും ചൈന തർക്കിക്കുന്നു.

click me!