ഇസ്രയേലിന്‍റെ യുദ്ധങ്ങള്‍, കമലയുടെ വിജയത്തെ സ്വാധീനിക്കുമോ? ബൈഡന്‍റെ അസ്വസ്ഥതകൾ

By Web TeamFirst Published Oct 11, 2024, 12:01 PM IST
Highlights


യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ നെതന്യൂഹുവിനോട് ലോകം മൊത്തം ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് മുതിരുകയാണ് ഇസ്രയേല്‍. ഇത് യുഎസ് പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ കമലയുടെ വിജയത്തെ സ്വാധീനിക്കുമോ? 
 


ജോ ബൈഡന്‍റെ ഇസ്രയേൽ അനുഭാവം തിരിച്ചടിയാകുമെന്ന ഭീതിയിലാണ് ഡമോക്രാറ്റിക് പാർട്ടി. ആ നയത്തിൽ നിന്ന് അകലം പാലിക്കാൻ കമലാ ഹാരിസിനോട് അറബ് അമേരിക്കൻ നേതാക്കൾ ആവശ്യപ്പെട്ടതായാണ് മാധ്യമ റിപ്പോർട്ട്. വാഗ്ദാനങ്ങളൊന്നും നൽകിയില്ല കമല. പക്ഷേ യുദ്ധം അവസാനിക്കണമെന്നാണ് ആഗ്രഹം അറിയിച്ചു. അതിൽ കൂടുതൽ ഒന്നും പറയാൻ വൈസ് പ്രസിഡന്‍റ് കൂടിയായ കമലാ ഹാരിസിന് പറ്റില്ല. വൈസ് പ്രസിഡന്‍റുമാരല്ല യുഎസിന്‍റെ വിദേശ നയം തീരുമാനിക്കുന്നത്. താൻ ജയിച്ചാൽ കാര്യങ്ങൾ വ്യത്യസ്തമാകും എന്നുമാത്രമാണ് കമല പറഞ്ഞതും പറയാനാവുന്നതും.

ഇറാന്‍റെ തിരിച്ചടി

Latest Videos

ലബനണിലേക്ക് കൂടി ഇസ്രയേലിന്‍റെ ആക്രമണങ്ങൾ വ്യാപിക്കുകയും ഇറാൻ തിരിച്ചടിക്കുകയും കൂടി ചെയ്തതോടെ അറബ് അമേരിക്കൻ ലോകത്തിന് ആശങ്കകൾ കൂടുകയാണ്. ഊരാക്കുടുക്കാവുകയാണ് അമേരിക്കയ്ക്ക് ഇസ്രയേലിന്‍റെ മൂന്ന് ദിക്കിലേക്കുള്ള യുദ്ധം. അതിനിടയാണ് തന്‍റെ പാർട്ടിയെ തോൽപ്പിക്കാനാണോ നെതന്യാഹുവിന്‍റെ നീക്കം എന്ന ബൈഡന്‍റെ സംശയം.

ഇറാൻ തുറന്ന യുദ്ധത്തിന് ഒരുങ്ങുമെന്ന് ഇസ്രയേലോ നെതന്യാഹുവോ ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷേ അതുണ്ടായി. വലിയ നാശനഷ്ടം സംഭവിച്ചില്ലെന്നാണ് ഇസ്രയേലിന്‍റെ വാദം. അതെന്തുതന്നെയായാലും ഇസ്രയേൽ ഞെട്ടി. അമേരിക്കയും അമ്പരന്നു. ആ അമ്പരപ്പ് യുദ്ധം വ്യാപിക്കുമോ എന്നതിലായിരുന്നു. പക്ഷേ, ആക്രമണം കഴിഞ്ഞയുടനെ, ഇസ്രയേലിന് അവരർഹിക്കുന്ന ശിക്ഷ നൽകി. ഇനി തിരിച്ചടിച്ചാൽ കാര്യം വഷളാകും എന്ന് എക്സിൽ പോസ്റ്റുമിട്ടു. ഇനി തങ്ങൾ ആക്രമിക്കില്ല എന്ന വ്യക്തമായ സൂചന. പക്ഷേ നെതന്യാഹു കണക്ക് കൂട്ടിത്തുടങ്ങിയിട്ടേയുള്ളു.

യുദ്ധവും പ്രതിരോധവും; യുദ്ധാനന്തരം കരയറുമോ ഇസ്രയേലിന്‍റെ സമ്പദ് വ്യവസ്ഥ

ബൈഡന്‍റെ അസ്വസ്ഥതകൾ

അമേരിക്ക അഥവാ ജോ ബൈഡൻ എന്ന ഡമോക്രാറ്റിക് പ്രസിഡന്‍റ് പറയുന്നത് അനുസരിക്കില്ല എന്ന് നെതന്യാഹു തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇനി പലതും പ്രതീക്ഷിക്കണം. അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണോ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ശ്രമമെന്ന് സംശയം പ്രകടിപ്പിച്ചിരിക്കുന്നു ജോ ബൈഡൻ. തന്നെപ്പോലെ മറ്റാരും ഇസ്രയേലിനെ സഹായിച്ചിട്ടില്ല. അത് നെതന്യാഹു ഓർക്കണം എന്നും കൂട്ടിച്ചേർത്തു പ്രസിഡന്‍റ്. ട്രംപ് - നെതന്യാഹു സൗഹൃദമാണ് കാരണം. അതിനിടെ അമേരിക്ക യെമനിൽ ഹൂതികളെ ലക്ഷ്യമിട്ട് ആക്രമണവും തുടങ്ങി. ചെങ്കടലിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍.

ഡോണൾഡ് ട്രംപ് പ്രസിഡന്‍റാകുന്നതിൽ നെതന്യാഹുവിന് ചില താൽപര്യങ്ങളുണ്ട്. ട്രംപ് ഭരണകാലത്തെ ഇസ്രയേൽ അനുകൂല നടപടികളാണ് കാരണം. വെടിനിർത്തൽ ധാരണക്ക് നെതന്യാഹു വഴങ്ങാതെയിരുന്നാൽ ഡമോക്രാറ്റിക് പാർട്ടിയുടെ സാധ്യതകളെ അത് ബാധിക്കുമെന്ന് വ്യക്തം. അതിന് തന്നെയാണ് നെതന്യാഹു ശ്രമിക്കുന്നത് എന്ന് മുതി‍ർന്ന ഡമോക്രാറ്റുകൾ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

മിഷിഗണിലുൾപ്പടെ അറബ് അമേരിക്കക്കാർക്കിടയിൽ ബൈഡന്‍റെ ജനപ്രീതി ഒരുപാട് ഇടിഞ്ഞു. വെടിനിർത്തൽ ധാരണയ്ക്കായി പലതവണ ശ്രമിച്ചതാണ് ബൈഡൻ. പക്ഷേ, ചർച്ചകൾ അവസാനഘട്ടത്തിലെത്തി നിന്നപ്പോഴാണ് നെതന്യാഹു എല്ലാം തള്ളിക്കളഞ്ഞ് യുഎൻ പൊതുസഭയിൽ പ്രസംഗിച്ചതും ഹിസ്ബുള്ള നേതാവിനെ വധിച്ച സൈനിക നടപടിക്ക് അനുമതി നൽകിയതും. അതും അമേരിക്കയിലെ ഹോട്ടലിൽ വച്ച്.

നെതന്യാഹുവിനെ സംശയിക്കുന്നു എന്നാദ്യം പറഞ്ഞത് സെനറ്റർ ക്രിസ് മർഫി ആണ്. സംശയം തനിക്കുമുണ്ട് എന്നമട്ടിലായിരുന്നു ബൈഡന്‍റെയും പ്രതികരണം. ഇറാനിലെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിക്കുമോയെന്ന ചോദ്യത്തിന് അമേരിക്ക അത് ചർച്ച ചെയ്യുന്നു എന്ന പരാമർശത്തോടെ എണ്ണവില കുതിച്ചു. എന്തായാലും നെതന്യാഹുവിന് മേൽ അതൃപ്തി കൂടുകയണ് ബൈഡന്.

click me!