പ്രണയിക്കും മുമ്പ് അറിയേണ്ടത്, പിന്നീടുള്ള അലോസരവും ടെന്‍ഷനും ഒഴിവാക്കാനാവും !

By Speak Up  |  First Published Feb 27, 2023, 5:03 PM IST

ഓരോ വ്യക്തിയും വ്യത്യസ്തരാണ്.  വളര്‍ന്നു വന്ന സാഹചര്യം, പഠനം, കൂടെ ഇടപഴകിയ കൂട്ടുകാര്‍, നാട്ടുകാരും വീട്ടുകാരും, നാം കണ്ടു വളര്‍ന്ന വ്യക്തികള്‍ ഇതെല്ലാം നമ്മുടെ  സ്വഭാവരൂപീകരണത്തിന് അടിത്തറ പാകിയിട്ടുണ്ടാവും. അതുപോലെ തന്നെയാവണം അപ്പുറത്തുള്ള ആളും.


​​ ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined

 


ഒരാള്‍ എന്തേലും ആവശ്യമായിട്ട് അല്ലെങ്കില്‍ അവരുടെ നില നില്‍പ്പിന് വേണ്ടി നമ്മളെ തേടി വരുന്നുണ്ടെങ്കില്‍ അത് സ്‌നേഹമോ പ്രണയമോ ആവണമെന്നില്ല. മറിച്ച് അയാളുടെ ആ സമയത്തെ വികാരവിക്ഷോഭങ്ങളില്‍ ഒരു സഹായത്തിനോ ആശ്രയത്തിനോ പറ്റുന്ന ഒരാളെ ഓര്‍ത്തെടുക്കുന്നതാവാം. അത് പെട്ടെന്ന് വന്ന ചിന്ത ആകണം എന്നില്ല. കൂട്ടുകാരിലും, കണ്ടു പരിചയമുള്ള മുഖങ്ങളിലും സാമ്പത്തികമായാലും, തൊഴില്‍പരമായാലും ഏറ്റവും മികച്ച ഒരാളെന്ന ഏറെക്കാലത്തെ തോന്നല്‍ ആയിരിക്കാം.

ആ സമയം, അതൊരു സ്‌നേഹമാണെന്നു ഓര്‍ത്ത് നമ്മള്‍ ഇടപെട്ടാല്‍, ആ അനുമാനം തെറ്റിപ്പോയെന്ന് പിന്നീട് തോന്നിയേക്കാം. പിന്നീട് ഒന്നിച്ചു ജീവിക്കുമ്പോള്‍  നിങ്ങളുടെയും അവരുടെയും യഥാര്‍ത്ഥ സ്വഭാവം മനസിലാവും. അതൊരിക്കലും നേരത്തെ കണ്ട ആളുടേത് ആയിരിക്കില്ല. മറ്റൊരു മുഖമായിരിക്കും. എന്നാല്‍ ആ തെരഞ്ഞെടുപ്പ് തെറ്റ് ആണെന്ന് പറയാനാവില്ല.  അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന അബദ്ധമായേ അതിനെ കാണാനാവൂ.

പരസ്പരമുള്ള പരിചയം ഒരിക്കലും ഏത് ബന്ധത്തിനും ആഴം കുറിക്കില്ല. കൂട്ടുകാരായി, കണ്ണില്‍ നോക്കി സംസാരിച്ച് (കണ്ണില്‍ നോക്കി സംസാരിക്കുന്നത് ആത്മാര്‍ത്ഥത ഉണ്ടെങ്കിലേ നടക്കു, എന്തെങ്കിലും കള്ളത്തരം ഉള്ളില്‍ ഒളിപ്പിച്ച ഒരു വ്യക്തിക്ക് ഒരിക്കലും അത് സാധ്യമല്ല, അറിയാതെ മുഖം താഴ്ത്തി സംസാരിച്ചു പോകും) കുറേ സമയം കൂടെ ചിലവഴിച്ച് നന്നായി മനസിലാക്കിയാലേ ആ ആഴമുണ്ടാവൂ. ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും കാഴ്ചപ്പാടുകളും- ഭക്തിയും ലൈംഗിക താല്പര്യങ്ങളും, എന്തിന് ഭക്ഷണ താല്പര്യങ്ങള്‍ വരെ -പരസ്പരം മനസ്സിലാക്കിയിരിക്കണം.

ഓരോ വ്യക്തിയും വ്യത്യസ്തരാണ്.  വളര്‍ന്നു വന്ന സാഹചര്യം, പഠനം, കൂടെ ഇടപഴകിയ കൂട്ടുകാര്‍, നാട്ടുകാരും വീട്ടുകാരും, നാം കണ്ടു വളര്‍ന്ന വ്യക്തികള്‍ ഇതെല്ലാം നമ്മുടെ  സ്വഭാവരൂപീകരണത്തിന് അടിത്തറ പാകിയിട്ടുണ്ടാവും. അതുപോലെ തന്നെയാവണം അപ്പുറത്തുള്ള ആളും. നമ്മളെ പോലെ വ്യത്യസ്തന്‍ ആണ് അയാളുമെന്ന ബോധം ഉണ്ടാവണം. (ഞാന്‍ വിചാരിക്കുന്നത് പോലെ, ഞാന്‍ ആഗ്രഹിക്കുന്നത് പോലെ, ആക്കാന്‍ മാറ്റി എടുക്കാന്‍ കഴിയും എന്നാണ് ആലോചന എങ്കില്‍ നടപ്പില്ല, സ്‌നേഹത്തിനു വേണ്ടി ചിലപ്പോള്‍ ശ്രമിക്കുമായിരിക്കും. എന്നാല്‍, ഇന്നത്തെ മിക്ക ആള്‍ക്കാരും ആ ശ്രമം പോലും നടത്തില്ല. അഥവാ ശ്രമിച്ചാലും ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ സ്വസ്വഭാവത്തിലേക്ക് തിരിച്ചു പോകും.)

ഒരു വ്യക്തിയെ, അയാളുടെ വ്യക്തിത്വം അതേപോലെ നമുക്ക് അംഗീകരിക്കാന്‍ കഴിയുന്നുണ്ട് എങ്കില്‍, മനസിലാക്കാന്‍ പറ്റുന്നുണ്ട് എങ്കില്‍ മാത്രം ഒരു ബന്ധത്തിലേക്ക് പോവുന്നതാണ് നല്ലത്.

പണമോ പ്രശസ്തിയോ ആഡംബരങ്ങളോ വീടോ സ്ഥലമോ  നല്ല വേഷ ഭൂഷാദികളോ അല്ല ഒരു ബന്ധത്തിന് വേണ്ടതും ആഗ്രഹിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതും. സ്‌നേഹിക്കാനും, സന്തോഷങ്ങള്‍ പങ്കു വയ്ക്കാനും, സങ്കടങ്ങളില്‍ ഒന്ന് ഓടിക്കയറാനും ഒരു ചുമല്‍ എങ്കിലും ഈ ലോകത്ത് നമുക്കായി ഉണ്ടെങ്കില്‍ ജീവിക്കാനൊക്കെ ഒരു ഹരമാണ്.  ജീവിതത്തിനു അര്‍ത്ഥം ഉണ്ടാക്കുന്നത് അപ്പോഴാണ്.

പ്രണയം തന്നെ നോക്കു. ഒരാള്‍ ഇല്ലാതെ ജീവിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയും എന്നിരിക്കെ, അയാളില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിപ്പിക്കുന്ന ഒരു കണ്‍കെട്ടുവിദ്യയാണ് 'അത്ഭുതം' ആണ്  'പ്രണയം'

ജാതിയോ, മതമോ, കുലമോ, പഠനമോ, പണമോ ജീവിത സാഹചര്യങ്ങളോ (മോശം അവസ്ഥയില്‍ ആണെങ്കില്‍ ഞാന്‍ കൂടെ ചെന്ന് നിന്നു അത് നേരെ ആക്കാന്‍ പരിശ്രമിക്കും എന്ന വിശ്വാസം വേണം.) ഒന്നും തടസ്സം ആകില്ല, രണ്ടു പേരുടെ മനസ്സ് ഒന്നാണെങ്കില്‍.  രണ്ടില്‍ ഒരാള്‍ ഇതില്‍ ഏതിലെങ്കിലും ഭ്രമിക്കുന്ന ആള്‍ ആയാലും പ്രശ്‌നം തന്നെ

ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തണം, തൃപ്തി ആയിരിക്കണം, അല്ലെങ്കില്‍ ജന്‍മദിനം മറന്നു എന്ന കുഞ്ഞുകാര്യം മതിയാവും അന്നത്തെ സൈ്വര്യം നശിക്കാന്‍. (എന്ന് വെച്ച് പ്രണയം പൈങ്കിളി ആണ് കേട്ടോ, പരസ്പരം കുറ്റപ്പെടുത്തല്‍ മാത്രമല്ലാതെ ഇടയ്ക്ക് മനസ്സ് നിറഞ്ഞു അഭിനന്ദിക്കുന്നത് നന്നായിരിക്കും, ഒരു നല്ല ഭക്ഷണം ഉണ്ടാക്കിയാല്‍, സമയത്തിന് വിളിച്ചുണര്‍ത്തിയാല്‍ പോലും സന്തോഷിക്കാം.)
പരസ്പരം സംസാരിക്കാന്‍ അവസരം ഉണ്ടാക്കണം, എത്ര തിരക്കില്‍ ആയാലും ഒരു ദിവസത്തില്‍ ഒരു അഞ്ചു മിനിറ്റ് നേരം സംസാരിക്കാനും അന്നത്തെ കാര്യങ്ങള്‍ പങ്കു വയ്ക്കാനും ശ്രമിക്കണം.  ശരീരം ശ്രദ്ധിക്കുന്ന ആള്‍ക്കാര്‍ ആണെങ്കില്‍ ഒന്നിച്ചുള്ള നടത്തമോ വ്യായാമമോ ഒക്കെ കേള്‍ക്കാനും, സംസാരിക്കാനുമുള്ള അവസരങ്ങള്‍ ആക്കാം. യാത്രകള്‍ താല്പര്യങ്ങള്‍ നോക്കി നടത്താം, യാന്ത്രിക ജീവിതത്തില്‍ നിന്നും ഒരു മാറ്റം രണ്ടുപേര്‍ക്കും അനിവാര്യമാണെന്ന് മറക്കാതിരിക്കാന്‍ യാത്രകള്‍ സഹായിക്കും.

ഒരു വ്യക്തിയുടെ നല്ല വശങ്ങള്‍ (ലോകത്തിലെ എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും സ്വഭാവങ്ങളുണ്ട് ) മാത്രം കണ്ട് അവരെ സ്‌നേഹിക്കരുത്. ചീത്ത വശങ്ങള്‍ കൂടുതല്‍ മനസിലാക്കി വെക്കാം, അവിടെ പരസ്പരം ഒന്ന് താണ് കൊടുക്കാന്‍ കഴിയും, ഈഗോ മാറ്റിവെച്ച് മറ്റേ ആളുടെ ദേഷ്യത്തില്‍ മിണ്ടാതിരിക്കാം, അഡ്ജസ്‌റ്‌മെന്റ് അത് രണ്ട് ഭാഗത്തു നിന്നും വരുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയും. പിന്നെ കെയര്‍. ശ്രദ്ധ ആഗ്രഹിക്കാത്തതായി ആരും ഇല്ല, പരസ്പരം നന്നായി കെയര്‍ ചെയ്യാം. വീട്ടിലായാലും ജോലികള്‍ ഒരുമിച്ച് ചെയ്ത് തീര്‍ക്കാം. (എല്ലാത്തിലും തുല്യ പങ്കാളിത്തം ബന്ധം ഊഷ്മളമാകും.)

മറ്റുള്ളവരുടെ ജീവിതവും, ചര്യകളും താരതമ്യപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ആരും മറ്റൊരാളെ പോലെ എന്ന് കേള്‍ക്കാന്‍ ഇഷ്ടപ്പെടില്ല. ആര്‍ക്കും മറ്റായെുംപോലെ ആകാനും സാധിക്കില്ല, മറ്റുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അവരവരുടെ ജീവിതത്തിലെ സൂപ്പര്‍ ഹീറോ അവരവര്‍ തന്നെയാണ്.

പ്രണയം പൈങ്കിളി ആകുന്നത്, ഏറ്റവും കംഫര്‍ട് സോണില്‍ നില്‍ക്കുമ്പോഴാണ്.  തിരക്കും, ടെന്‍ഷനും സ്ട്രെസും വരുമ്പോള്‍ ആ അവസ്ഥ മാറും. ആ സമയം പങ്കാളി സമാധാനപരമായി കാത്തിരിക്കുക, പഴയ ആളായി തിരിച്ചു വരുന്നത് വരെ.  അല്ലാതെ ഏത് നേരവും പരാതി പറഞ്ഞോ, മെസേജ് അയച്ചു കുറ്റപ്പെടുത്തിയോ യാതൊരു മാറ്റവുമുണ്ടാക്കാനാവില്ല. രണ്ടുപേര്‍ക്കും അവരവരുടേതായ പ്രൊഫഷണല്‍ ലൈഫ് ഉണ്ടാവും. സ്വകാര്യ ജീവിതത്തിലേക്ക് അതു കലര്‍ത്താതിരിക്കാന്‍ രണ്ടുപേരും ശ്രദ്ധിക്കുക മാത്രമേ വഴിയുള്ളു.

മറ്റെന്തിനെക്കാളും ഉപരി നല്ലൊരു സൗഹൃദം തമ്മില്‍ സൂക്ഷിക്കണം, കൂട്ടുകാരന്‍ / കൂട്ടുകാരി ആയിരിക്കട്ടെ, എതിര്‍വശത്തുള്ള ഉള്ള ആള്‍. ബൗദ്ധികമായി ഉയര്‍ന്ന അവസ്ഥയിലുള്ള ആള്‍ കൂടെ ആണെങ്കിലോ, പെട്ടെന്നൊരു കാര്യത്തിന് ഉത്തരം കിട്ടാതെ വന്നേക്കാം. മറ്റുള്ളവരോട് അഭിപ്രായം ചോദിക്കേണ്ട അവസ്ഥയും  ഉണ്ടാകും.  ആ സമയം ബുദ്ധിയും സാമര്‍ത്ഥ്യവും ഒത്തിണങ്ങിയ ഒരാളാണ് കൂടെ എങ്കില്‍ ആ പരിതസ്ഥിതികള്‍ ഒറ്റയ്ക്ക് നേരിടാനും, ഒരാള്‍ ഒന്ന് വീഴുമ്പോള്‍ താങ്ങായി നില്‍ക്കാനും സാധിക്കും.

സ്‌നേഹവും വിശ്വാസവും പിന്തുണയും അത്യാവശ്യമാണ്. ജീവിതത്തില്‍ ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും നേടിയെടുക്കാന്‍ അത്തരമൊരാളുടെ സാന്നിധ്യം ഏറെ ഗുണകരമാവും. സ്‌ട്രെസും ടെന്‍ഷനും കുറയ്ക്കാന്‍ നമ്മളെ ഒരുപാട് മനസിലാക്കുന്ന നമ്മുടെ കൂടെ നില്‍ക്കുന്ന ഒരാള്‍ക്കു കഴിയും. എന്തിനും ഏതിനും ഈ ലോകത്ത് ആ ഒരാള്‍ എന്റെ കൂടെ ഉണ്ടാവും. അവള്‍ / അവന്‍ എന്നെ വിശ്വസിച്ചാല്‍ പിന്നെ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊരു വിഷയമാകില്ല. അതൊക്കെ തന്നെയല്ലേ ജീവിതത്തിനു നിറം പകരുന്നത്, രൂപവും, ഭാവവും പകരുന്നത്.

ഒരുപാട് സ്‌നേഹിച്ചു ഒരുപാട് സപ്പോര്‍ട്ട് ചെയ്ത്, ഒത്തിരി കാലം നന്നായി ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ. മരണം ഒന്നേ ഉള്ളു. ജീവിതം എല്ലാ ദിവസവും എല്ലാ നിമിഷവും ആണ്.  ജീവിക്കുന്ന ഓരോ നിമിഷവും സ്‌നേഹഭരിതമാവട്ടെ.
 

click me!