എന്തുകൊണ്ടാണ് മഴയുടെ ക്രമത്തില്‍ വ്യത്യാസം ഉണ്ടാകുന്നത്? എന്തൊക്കെയാണ് ഇതിനെ സ്വാധീനിക്കുന്നത്. ഗോപിക സുരേഷ് എഴുതുന്നു
എംജെഒ മേഘങ്ങളുടെ നിലനില്‍പ്പില്‍ ഉണ്ടായ ഈ സമയമാറ്റമാണ് ലോകമെമ്പാടുമുള്ള അന്തരീക്ഷാവസ്ഥകളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയത്. ഇന്തോ-പസഫിക് ഉഷ്ണ സമുദ്ര മേഖലയുടെ വിപുലീകരണം എംജെഒയെ മാത്രമല്ല, പ്രാദേശിക മഴയുടെ അളവിനെ തന്നെ മാറ്റിമറിച്ചു. കാലാവസ്ഥാ മോഡലുകളുടെ പ്രവചനങ്ങള്‍ അനുസരിച്ച് ഈ ഉഷ്ണ സമുദ്ര മേഖല വരും കാലങ്ങളില്‍ കൂടുതല്‍ ചൂടാകുവാന്‍ സാധ്യതയുണ്ട്, ഇത് ഭാവിയില്‍ എംജെഒ പ്രതിഭാസത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ ഡോ. റോക്സി മാത്യു പറയുന്നു.
undefined
നാട്ടില്‍ മഴക്കാലം തുടങ്ങും മുമ്പേ ഫേസ്ബുക്കില്‍ മഴ പെയ്തു തുടങ്ങും. മഴയെക്കുറിച്ചുള്ള എഴുത്തുകള്‍. ഓര്‍മ്മക്കുറിപ്പുകള്‍. ഫോട്ടോകള്‍. ക്ലാരയെക്കുറിച്ചുള്ള വികാരതരളിതമായ കുറിപ്പുകള്‍. വീഡിയോകള്‍. എന്നാല്‍, രണ്ടു വര്‍ഷമായി ഫേസ്ബുക്കിലെ മഴക്കാലം പഴയതുപോലല്ല. കാല്‍പ്പനികതയ്ക്ക് ആരോ സഡന്‍ ബ്രേക്കിട്ടതുപോലെ. ഗൃഹാതുരത്വത്തിന് ഒരു മങ്ങല്‍. പകരമെത്തുന്നത്, മഴ വിതയ്ക്കുന്ന ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍. പ്രളയത്തിന്റെ പൊള്ളുന്ന ഓര്‍മ്മകള്‍. ഏതുനിമിഷവും ഒരു പേമാരി എത്തുമെന്ന ആശങ്കകള്‍.
മഴ മലയാളിക്കിപ്പോള്‍ കാല്‍പ്പനികമായ ഒരു സ്വപ്‌നം മാത്രമല്ല. അടുത്തടുത്തായി അനുഭവിക്കേണ്ടി വന്ന ഉരുള്‍പൊട്ടലുകളുടെയും പ്രളയത്തിന്റെയും ഞെട്ടിപ്പിക്കുന്ന ഓര്‍മ്മ കൂടെയാണ്. അതിനാലാവണം, മഴയെ മലയാളി ഇപ്പോള്‍ ഭയക്കുന്നതും. കാല്‍പ്പനികമായ മഴക്കാലങ്ങള്‍ ദുരന്ത സ്മരണകളായത് എങ്ങനെയാണ്? എന്തു കൊണ്ടാണ് ഈ അവസ്ഥ? ഇതിനുത്തരം തേടുമ്പോള്‍ മഴയുടെ മാറ്റങ്ങളിലേക്കാണ് നാമെത്തുന്നത്. അതെ, നമ്മുടെ മഴക്കാലങ്ങള്‍ ഇപ്പോള്‍ പഴയ പോലല്ല.
അതിതീവ്രമായ ക്രമം തെറ്റിയ മഴയാണ് നമ്മുടെ ആകാശങ്ങളില്‍ നിന്ന് ഇപ്പോള്‍ പെയ്യുന്നത്. ഇത് നമ്മുടെ മാത്രം കഥയല്ല ലോകത്തെല്ലായിടത്തും മഴയുടെ അളവിലും തീവ്രതയിലും മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും, ഇടത്തരം രാജ്യങ്ങളുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഈ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. കാരണം ഇത്തരം രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നയങ്ങളോ കാലാവസ്ഥാ മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. കാലാവസ്ഥ അടിമുടി മാറുന്ന സാഹചര്യത്തില്‍, ജീവന്‍ രക്ഷയ്ക്കായുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് ഏത് രാജ്യങ്ങളിലും അനിവാര്യമാണ്.
എന്തുകൊണ്ടാണ് മഴയുടെ ക്രമത്തില്‍ വ്യത്യാസം ഉണ്ടാകുന്നത്? എന്തൊക്കെയാണ് ഇതിനെ സ്വാധീനിക്കുന്നത്?
ഇന്തോ-പസഫിക് സമുദ്രത്തിലെ ഉഷ്ണ മേഖലയുടെ വിപുലീകരണം
ആഗോളതാപനം മൂലം മഴയുടെ സ്വഭാവഗതികള്‍ മാറി എന്നാണ് ഇതുമായി ബന്ധപ്പെട്ട് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വിരല്‍ചൂണ്ടുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റര്‍യോളോജിയില്‍, ശാസ്ത്രജ്ഞനായ മലയാളി ഡോ. റോക്സി മാത്യു കോളിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടന്ന പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ കീഴിലുള്ള യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെയും (NOAA) ഇന്ത്യയിലെ മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സസിന്റെയും (MoES), ഇന്തോ-യുഎസ് സഹകരണത്തിന്റെയും ഭാഗമായാണ് ഈ പഠനം നടത്തിയത്.
ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ, വികസിച്ചുകിടക്കുന്ന സമുദ്രഭാഗമായ ഇന്തോ-പസഫിക് ഉഷ്ണ മേഖല, ആഗോളതാപനം മൂലം ഇരട്ടിയായി വികസിച്ചിട്ടുണ്ട്. 1900 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ 22 മില്യന്‍ സ്‌ക്വയര്‍-കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണം ഉണ്ടായിരുന്ന ഈ മേഖല 1981 മുതല്‍ 2018 വരെയുള്ള കാലഘട്ടമായപ്പോളേക്കും 40 മില്യന്‍ സ്‌ക്വയര്‍-കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലേക്ക് ഉയര്‍ന്നു. സമീപകാല ദശകങ്ങളില്‍ ഉണ്ടായ, കാര്‍ബണ്‍ വാതകത്തിന്റെ വമ്പിച്ച തോതിലുള്ള പുറംതള്ളല്‍ മൂലമുള്ള കാലാവസ്ഥ വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. പ്രതിവര്‍ഷം 400000 സ്‌ക്വയര്‍-കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ഉഷ്ണ സമുദ്ര മേഖലയുടെ വിപുലീകരണ നിരക്ക്. അതായത് ഏകദേശം കാലിഫോര്‍ണിയയുടെ വലുപ്പത്തിന് തുല്യം. സമുദ്ര മേഖലയിലെ ഈ അതി തീവ്രമായ മാറ്റം ആഗോളതലത്തില്‍ മഴയുടെ രീതിയെ, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശത്തുള്ള മാഡന്‍ ജൂലിയന്‍ ആന്തോളനമെന്ന പ്രതിഭാസത്തെയും സ്വാധീനിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്.
.......................................................................
സമുദ്ര മേഖലയിലെ ഈ അതി തീവ്രമായ മാറ്റം ആഗോളതലത്തില്‍ മഴയുടെ രീതിയെ, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശത്തുള്ള മാഡന്‍ ജൂലിയന്‍ ആന്തോളനമെന്ന പ്രതിഭാസത്തെയും സ്വാധീനിക്കുന്നു
ആഗോളതാപനം മൂലം മഴയുടെ സ്വഭാവഗതികള്‍ മാറുന്നതിനെ കുറിച്ചുള്ള ശ്രദ്ധേയമായ പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. റോക്സി മാത്യു കോള്‍ സഹപ്രവര്‍ത്തകനൊപ്പം
എന്താണ് മാഡന്‍ ജൂലിയന്‍ ആന്തോളനം, ഇത് മാറുമ്പോള്‍ മഴ മാറുന്നതെങ്ങനെ?
സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസമാണ് മാഡെന്‍ ജൂലിയന്‍ ആന്തോളനം (MJO). ഇത് മഴമേഘങ്ങള്‍, കാറ്റ്, മര്‍ദ്ദം എന്നിവയുടെ കിഴക്കോട്ട് നീങ്ങുന്ന അസ്വസ്ഥതയെ സൂചിപ്പിക്കുന്നു, ഈ പ്രതിഭാസം ഉഷ്ണമേഖലാ പ്രദേശങ്ങളിലുടെ നീങ്ങുകയും ശരാശരി 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ അതിന്റെ പ്രാരംഭ സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, മണ്‍സൂണ്‍, എല്‍-നിനോ പ്രതിഭാസം എന്നിവയെ എംജെഒ സ്വാധീനിക്കുന്നു. ഇത് കൂടാതെ ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലുണ്ടാകുന്ന അതിതീവ്ര അന്തരീക്ഷ അവസ്ഥകള്‍ക്കും ഇത് കാരണമാകുന്നു. ഉഷ്ണമേഖലാ സമുദ്രങ്ങളില്‍ 12,000 മുതല്‍ 20,000 വരെ കിലോമീറ്റര്‍ ദൂരത്തിലാണ് എംജെഒ സഞ്ചരിക്കുന്നത്. പ്രധാനമായും ഇതിന്റെ സഞ്ചാരപാത, സമുദ്രത്തിലെ താപനില 28 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടിയ ഇന്തോ-പസഫിക് ഉഷ്ണ സമുദ്ര മേഖലയുടെ മുകളിലൂടെയാണ്. മാഡെന്‍ ജൂലിയന്‍ ആന്തോളനത്തിലെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ വടക്കന്‍ ഓസ്ട്രേലിയ, പശ്ചിമ പസഫിക്, ആമസോണ്‍ പ്രദേശങ്ങള്‍, തെക്ക്-പടിഞ്ഞാറന്‍ ആഫ്രിക്ക, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ മഴ വര്‍ദ്ധിപ്പിപ്പിച്ചുവെങ്കിലും ഉത്തരേന്ത്യ, മധ്യ പസഫിക്, യുഎസ് കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ മഴയുടെ അളവില്‍ കുറവുണ്ടാക്കി. കൂടാതെ ഉത്തരേന്ത്യയിലെ, ശൈത്യം-വസന്തം എന്നീ കാലങ്ങളില്‍ (നവംബര്‍ മുതല്‍ ഏപ്രില്‍) മഴയുടെ അളവില്‍ ഇടിവും ഉണ്ടാക്കി.
ആഗോളതാപനത്തിന്റെ പരിണിതഫലങ്ങള്‍?
ആഗോളതാപനത്തിന്റെയും അതുമൂലമുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി ഇന്തോ-പസഫിക് സമുദ്രത്തിലൊട്ടാകെ താപനിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും താപനില കൂടുതല്‍ പടിഞ്ഞാറന്‍ പസഫിക്കിന് മുകളിലാണ്. ഈ താപനില വ്യത്യാസം ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നും പടിഞ്ഞാറന്‍ പസഫികിലെ സമുദ്രത്തിനടുത്തുള്ള ഭൂപ്രദേശങ്ങളിലേക്ക് ജലാംശം വമിപ്പിക്കുകയും മേഘങ്ങളുടെ രൂപീകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം, എംജെഒയുടെ പ്രതിക്രമണത്തില്‍ മാറ്റം സംഭവിക്കുന്നു. എംജെഒ മഴമേഘങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ നിലനില്‍ക്കുന്ന സമയം ഏതാണ്ട് നാല് ദിവസങ്ങളായി കുറഞ്ഞു (അതായത് ശരാശരി 19 ദിവസത്തില്‍ നിന്നും 15 ദിവസമായി കുറഞ്ഞു). പക്ഷെ പടിഞ്ഞാറന്‍ പസഫിക് പ്രദേശങ്ങളില്‍ ഇത് ഏകദേശം അഞ്ച് ദിവസങ്ങളായി വര്‍ദ്ധിച്ചു (അതായത്, ഏകദേശം 18 ദിവസത്തില്‍ നിന്നും 23 ദിവസമായി മാറി).
എംജെഒ മേഘങ്ങളുടെ നിലനില്‍പ്പില്‍ ഉണ്ടായ ഈ സമയമാറ്റമാണ് ലോകമെമ്പാടുമുള്ള അന്തരീക്ഷാവസ്ഥകളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയത്. ഇന്തോ-പസഫിക് ഉഷ്ണ സമുദ്ര മേഖലയുടെ വിപുലീകരണം എംജെഒയെ മാത്രമല്ല, പ്രാദേശിക മഴയുടെ അളവിനെ തന്നെ മാറ്റിമറിച്ചു. കാലാവസ്ഥാ മോഡലുകളുടെ പ്രവചനങ്ങള്‍ അനുസരിച്ച് ഈ ഉഷ്ണ സമുദ്ര മേഖല വരും കാലങ്ങളില്‍ കൂടുതല്‍ ചൂടാകുവാന്‍ സാധ്യതയുണ്ട്, ഇത് ഭാവിയില്‍ എംജെഒ പ്രതിഭാസത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ ഡോ. റോക്സി മാത്യു പറയുന്നു.
മനുഷ്യന്റെ കൈകടത്തലുകളും പുറംതള്ളലുകളും ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ വരുംകാലങ്ങളില്‍ നമുക്കൊട്ടും പരിചിതമല്ലാത്ത അന്തരീക്ഷവസ്ഥയെയാകും നാം നേരിടേണ്ടി വരിക.
കൂടുതല്‍ വായിക്കാന്‍:
അറബിക്കടല്‍, പഴയ കടലല്ല; ക്യാര്‍, മഹ ചുഴലിക്കാറ്റുകള്‍ വലിയ മുന്നറിയിപ്പ്
'മഹ' ചുഴലിക്കാറ്റ് എവിടെയെത്തി?
പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ എന്താണ് കാരണം ?
കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ ഇര ഈ വിമാനത്താവളം!