ലോകം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് യുഎസില്‍ നടക്കുന്നത്. കമല ഹാരിസാണ് ജയിക്കുന്നതെങ്കില്‍ യുഎസിന്‍റെ ജനാധിപത്യ ചരിത്രത്തിലെ ആദ്യ സ്ത്രീ പ്രസിഡന്‍റായി കമല അധികാമേല്‍ക്കും. ട്രംപാണെങ്കില്‍ അത് ലോകത്തിന്‍റെ ഇപ്പോഴത്തെ ബലതന്ത്രത്തെ പല തരത്തിലും ബാധിച്ചേക്കാമെന്ന് വിദഗ്ദര്‍ കരുതുന്നു.
ദേശീയ പോൾ ശരാശരിയിൽ കമലാ ഹാരിസ് തന്നെയാണ് മുന്നിൽ. ചെറിയ മാർജിനാണെന്ന് മാത്രം. ഒക്ടോബർ സർപ്രൈസുകളൊന്നും സംഭവിക്കാത്ത തെരഞ്ഞെടുപ്പിലേക്കാണ് അമേരിക്ക അടുക്കുന്നത്. നവംബർ സർപ്രൈസിന് ഇനി സമയമില്ല. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമല്ല, ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 34 സീറ്റുകളിലേക്കും മത്സരം നടക്കുകയാണ്.
നിലവിൽ ജനപ്രതിനിധിസഭ റിപബ്ലിക്കൻ പാർട്ടിയും സെനറ്റ് ഡമോക്രാറ്റ് പാർട്ടിയുമാണ് നിയന്ത്രിക്കുന്നത്. അതും ചെറിയ വ്യത്യാസത്തിലാണ്. അഭിപ്രായ വോട്ടെടുപ്പുകൾ അനുസരിച്ച് അത് തിരിച്ചാകാനാണ് ഇത്തവണ സാധ്യത. കഴിഞ്ഞ 30 വർഷമായി, ഭരണമേൽക്കുന്ന പ്രസിഡന്‍റിന്‍റെ പാർട്ടിക്കൊപ്പമാണ് ജനപ്രതിനിധിസഭയും സെനറ്റും. പക്ഷേ, ഇത്തവണ അത് തെറ്റിയേക്കുമെന്ന് പ്രവചിക്കപ്പെടുന്നു. സെനറ്റ് ഡമോക്രാറ്റുകൾക്ക് കിട്ടിയേക്കില്ല. ട്രംപ് ജയിച്ചാലും രണ്ടും കിട്ടണമെന്ന് നിർബന്ധവുമില്ല. സെനറ്റിൽ ഡമോക്രാറ്റുകൾക്ക് 51 സീറ്റുണ്ട്. ഒന്നിൽ കൂടുതൽ സീറ്റ് പോയാൽ ഡമോക്രാറ്റുകൾക്ക് സെനറ്റ് നഷ്ടമാകും.
ചില സംസ്ഥാനങ്ങൾ നിർണായകവുമാണ്. വെസ്റ്റ് വെർജിനിയ, മോണ്ടാന, ഓഹിയോ, വിസ്കോസിന്‍, അങ്ങനെ ചിലത്. ജനപ്രതിനിധിസഭ പ്രസിഡന്‍റിന്‍റെ പാർട്ടിക്ക് കിട്ടണമെന്നില്ല ഇത്തവണ. അങ്ങനെയെങ്കില്‍ 1988 -ന് ശേഷം ആദ്യത്തെ സംഭവമായിരിക്കും അത്. രണ്ടും കിട്ടിയില്ലെങ്കിൽ പ്രസിഡന്‍റിന് ഭരണം പ്രയാസമായിരിക്കും. അതായത് ഒരു നിയമവും പാസാക്കാൻ പറ്റില്ലെന്ന് തന്നെ.
നവംബറിലെ ആദ്യ ചൊവ്വാഴ്ച
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എപ്പോഴും നവംബറിലെ ആദ്യത്തെ തിങ്കളാഴ്ചക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ്. ഭരണഘടനയനുസരിച്ച്, ഇത്തവണ അത് നവംബർ 5 -നാണ്. അന്ന് തന്നെ വോട്ടെണ്ണൽ തുടങ്ങുമെങ്കിലും പോസ്റ്റൽ ബാലറ്റുകളടക്കം എണ്ണിത്തീർന്നിട്ടേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ. 20 -ന് പ്രസിഡന്‍റ് ഭരണമേൽക്കും. നാലുവർഷമാണ് ഭരണകാലാവധി.
പോളിംങ് അവസാനിക്കുമ്പോൾ തന്നെ സർവേ ഫലങ്ങൾ വന്നുതുടങ്ങും. 270 -ൽ കൂടുതൽ ഇലക്ടറൽ വോട്ടുകൾ ഒരു സ്ഥാനാർത്ഥിക്ക് ഉറപ്പായാൽ വിജയി എന്നുറപ്പിക്കാം. സ്വിംഗ് സ്റ്റേറ്റ്സാണ് നിർണായകം. അത് ഇത്തവണ 7 എണ്ണം. അതിൽ തന്നെ പെൻസിൽവേനിയയാണ് പരമപ്രധാനം. ഇത്തവണ 19 ഇലക്ടറൽ വോട്ടുകളാണ് പെൻസിൽവേനിയയ്ക്ക്. രാജ്യത്തിന്‍റെ ഒരു പരിഛേദവുമാണ്. 2020 -ൽ ബൈഡന് പെൻസിൽവേനിയയും അന്നുണ്ടായിരുന്ന 20 ഇലക്ടറൽ വോട്ടുകളും കിട്ടിയതോടെ വിജയി എന്ന് പ്രഖ്യാപിച്ചു. അതും നാല് ദിവസത്തിന് ശേഷം. സ്വിംഗ് സ്റ്റേറ്റുകൾ ഓരോ തെരഞ്ഞെടുപ്പിലും മാറും. തൊട്ടുമുമ്പിലെ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച്. മുമ്പ് സ്വിംഗ് സ്റ്റേറ്റായിരുന്ന ഫ്ലോറിഡ, ഇന്ന് അതല്ല. പക്ഷേ, എപ്പോൾ വേണമെങ്കിലും ഇനിയും മാറാം. അതുകൊണ്ട് പ്രവചനങ്ങൾ അസാധ്യം.
നവംബറിലോ ഡിസംബറിലോ സംസ്ഥാനങ്ങൾ അവരുടെ ഫലങ്ങൾ അറിയിക്കണം. അതത് സംസ്ഥാനങ്ങളിലെ ഗവർണർമാർ ആര്‍ക്കവിസ്റ്റാണ് സർട്ടിഫിക്കറ്റ് കൈമാറുക. പിന്നെ സംസ്ഥാനത്തെ ഇലക്ടർമാർ യോഗം ചേരും. അവരുടെ വോട്ടുകൾ രേഖപ്പെടുത്തും. അത് ഡിലംബറിലെ ആദ്യത്തെ ചൊവ്വാഴ്ചക്ക് ശേഷമുള്ള രണ്ടാമത്തെ ബുധനാഴ്ച. ഇത്തവണ, ഡിസംബർ 17 നാണ് അത്. മൈൻ, നെബ്രാസ്ക എന്നിവർ മാത്രമാണ് വോട്ട് തുല്യമായി വീതിക്കുന്നത്. ബാക്കിയുള്ള സംസ്ഥാനങ്ങളെല്ലാം വോട്ട് കൂടുതൽ നേടിയവർക്കാണ് ഇലക്ടറൽ വോട്ടുകളും നൽകുക. ഇലക്ടറൽ കോളജ് വോട്ടുകൾ സെനറ്റ് പ്രസിഡന്‍റിനും ആർക്കിവിസ്റ്റിനും അയക്കും.
ജനുവരി ആറിന് കോൺഗ്രസ് ഇലക്ടറൽ വോട്ടുകൾ എണ്ണും. എന്നിട്ട് ഔദ്യോഗിക ഫലപ്രഖ്യാപനം, 2021 -ലെ സർട്ടിഫിക്കേഷൻ സമയത്താണ് ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ ഹില്ലിലേക്ക് തള്ളിക്കയറിയതും കലാപം ഉണ്ടാക്കിയതും. വൈസ് പ്രസിഡന്‍റാണ് സെനറ്റ് പ്രസിഡന്‍റ്. ഇലക്ടറൽ വോട്ടെണ്ണലിന് അധ്യക്ഷ സ്ഥാനം വഹിക്കുന്നത് സെനറ്റ് പ്രസിഡന്‍റാണ്. എതിർപ്പുകൾ ഉണ്ടാകാം. 2001 -ലെ ബുഷ് അൽഗോർ മത്സരത്തിൽ ഫ്ലോറിഡ വോട്ടുകൾ എണ്ണുന്നത് തടയാൻ സഭാംഗങ്ങൾ ശ്രമിച്ചിരുന്നു. 2020 -ൽ ട്രംപിന്‍റെ അതിസമ്മർദ്ദം മറികടന്നാണ് മൈക് പെൻസ് ഫലം സർട്ടിഫൈ ചെയ്തത്.
സ്വിംഗ് സ്റ്റേറ്റ്സ്
50 സംസ്ഥാനങ്ങൾ. അതിൽ കൂടുതലും ഒരു പാർട്ടിയോട് ചായ്‍വുള്ളവരാണ്. ഒന്നുകിൽ ഡമോക്രാറ്റിക്, അല്ലെങ്കിൽ റിപബ്ലിക്കൻ. ഇതുരണ്ടുമല്ലാതെ, ഓരോ തവണയും ചാഞ്ചാടുന്ന സംസ്ഥാനങ്ങളുണ്ട്. അതാണ് സ്വിംഗ് സ്റ്റേറ്റ്സ് (Swing States) അഥവാ ബാറ്റില്‍ ഗ്രൌണ്ട് സ്റ്റേറ്റ്സ് (Battleground States), അല്ലെങ്കിൽ പര്‍പ്പിള്‍ സ്റ്റേറ്റ്സ് (Purple states). അവിടത്തെ വോട്ടിംഗ് മാതൃക മാറുന്നത് പല ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ്. ഡമോഗ്രഫി മുതൽ സാമ്പത്തികം വരെ. അതിൽ തന്നെ ഇത്തവണ സൺ ബെൽറ്റ് റസ്റ്റ് ബെൽറ്റ് (Sun belt rust belt) മേഖലകളിലാണ് സ്വിംഗ് സ്റ്റേറ്റ്സ്.
ആരെ പിന്തുണക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത സംസ്ഥാനങ്ങൾ. അതനുസരിച്ചായിരിക്കും പലപ്പോഴും ജയവും തോൽവിയും നിർണ്ണയിക്കപ്പെടുക. എണ്ണവും അംഗങ്ങളും ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും മാറും. ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ ഏഴ് സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റ്സ് എന്ന് അറിയപ്പെടുന്നത്. വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ, നെവാഡ, അരിസോണ, നോർത്ത് കരോലിന, ജോർജിയ. ഇതിൽ ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങള്‍ റസ്റ്റ് ബെല്‍ട്ട് സംസ്ഥാനങ്ങളാണ്. ബാക്കിയുള്ള നാല് സംസ്ഥാനങ്ങള്‍ സൺബെൽറ്റ് സ്റ്റേറ്റ്സുകളും.
270 ഇലക്ടറൽ വോട്ട് കിട്ടുന്നയാൾ വിജയിക്കുമെന്നിരിക്കെ, സ്വിംഗ് സ്റ്റേറ്റ്സിനെല്ലാം കൂടി 93 വോട്ടുകളുണ്ട്. ഡമോക്രാറ്റിക് സംസ്ഥാനങ്ങളെല്ലാം പിന്തുണച്ചാൽ കമലാ ഹാരിസിന് ബാക്കി 44 വോട്ട് കൂടി വേണ്ടിവരും 270 തികയ്ക്കാൻ, ട്രംപിന് 51 ഉം. അവിടെയാണ് സ്വിംഗ് സ്റ്റേറ്റ്സിന്‍റെ പ്രാധാന്യം. മൂന്ന് സംസ്ഥാനങ്ങള്‍ കിട്ടിയാൽ കമലയ്ക്കാണ് വിജയ സാധ്യത. നാല് സംസ്ഥനങ്ങള്‍ വേണം ട്രംപിന്.
പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നിവ റസ്റ്റ് ബെൽറ്റാണ്. പഴയ വ്യവസായമേഖല. തൊഴിലാളി യൂണിയൻ അംഗങ്ങൾ, പരമ്പരാഗതമായി ഡമോക്രാറ്റിക് പാർട്ടി അംഗങ്ങളും. കഴിഞ്ഞ 7 തെരഞ്ഞെടുപ്പുകളിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിക്കാണ് ഈ മൂന്ന് സംസ്ഥാനങ്ങളും കിട്ടിയത്. പക്ഷേ 2016 -ൽ മൂന്നും കാലുമാറി,, ട്രംപിനൊപ്പം പോയി. ഇത്തവണ അത് തിരികെ ഡമോക്രാറ്റിക് പക്ഷത്തേക്ക് ഒരുമിച്ച് വന്നാൽ കമലാ ഹാരിസ് ജയിക്കും. ട്രംപിന് മൂന്നും കിട്ടിയാലും പോര, പിന്നെയും ഒരു സംസ്ഥാനം കൂടി വേണം. അതായത് ആകെ നാല്.
പെൻസിൽവേനിയ
സ്വിംഗ് സ്റ്റേറ്റ്സിൽ ഏറ്റവും കൂടുതൽ വോട്ടുള്ള പെൻസിൽവേനിയയാണ് രണ്ടുപേരുടെയും നോട്ടപ്പുള്ളി. ഇരുസ്ഥാനാര്‍ത്ഥികളും ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച സംസ്ഥാനം. രാജ്യത്തിന്‍റെ തന്നെ ഒരുചെറിയ പരിഛേദം. പുതിയതും പഴയതുമായ വ്യവസായങ്ങൾ, നഗരങ്ങളിൽ ഡമോക്രാറ്റുകൾ, ഗ്രാമങ്ങളിൽ റിപബ്ലിക്കൻ ഇഷ്ടക്കാർ. ശരിക്കും പ്രൈസ് ക്യാച്ച്. ഇത്രയും റസ്റ്റ് ബെൽറ്റ്.
സൺ ബെൽറ്റ്
സൺ ബെൽറ്റിലെ നാല് സ്വിംഗ് സ്റ്റേറ്റ്സുകള്‍ അരിസോണ, നെവാഡ, ജോർജിയ, നോർത്ത് കരോലിന എന്നിവയാണ്. നാലും കിട്ടിയാൽ കമലയാക്ക് ജയം ഉറപ്പ്. പക്ഷേ, നാലുംകൂടി ഡമോക്രാറ്റുകൾക്ക് കിട്ടിയത് 1948 ലാണ്. അതിന് ശേഷം ഇതുവരെ കിട്ടിയിട്ടില്ല. റിപബ്ലിക്കൻ പാർട്ടി പലതവണ നാലും തൂത്തുവാരിയിട്ടുമുണ്ട്. ലറ്റീനോ, ആഫ്രോ അമേരിക്കൻ വംശജരാണ് ഇവിടത്തെ പ്രമുഖർ. അരിസോണ, നെവാഡ, ലറ്റീനോ. ജോർജിയ, നോർത്ത് കരോലിന എന്നിവിടങ്ങളില്‍ ആഫ്രോ - അമേരിക്കൻ വംശജരാണ് കൂടുതല്‍ ഇക്കൂട്ടത്തിൽ നോർത്ത് കരോലിനയാണ് നോട്ടപ്പുള്ളി. ബൈഡൻ തോറ്റ സംസ്ഥാനം. ട്രംപിന് നഷ്ടമായത് നെവാദയാണ്. ഇത്തവണ രണ്ടുപേരും ഇവിടെയെല്ലാം ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. ചെറിയ വ്യത്യാസം പോലും വിജയമോ പരാജയമോ നിർണയിക്കുന്ന അവസ്ഥ.
നെബ്രാസ്ക, മൈയ്ൻ എന്നീ രണ്ട് സംസ്ഥാനങ്ങൾ വ്യത്യസ്തമായാണ് ഇലക്ടറൽ വോട്ടുകൾ നൽകുക. അതിൽ നെബ്രാസ്കയിലെ ഒരു വോട്ടും കമലാ ഹാരിസിന് നിർണായകമാണ്. ഇനി, ടൈയിലെത്തിയാൽ കോൺഗ്രസിൽ വോട്ടെടുപ്പ് നടക്കം. ഓരോ സംസ്ഥാനത്തിനും ഓരോ വോട്ട്. അങ്ങനെയെങ്കിൽ ട്രംപിന് വിജയം എന്നാണ് കരുതപ്പെടുന്നത്. രാജ്യത്ത് വോട്ട് കൂടുതൽ കിട്ടാറുള്ളത് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിക്കാണ്. പക്ഷേ, സംസ്ഥാനങ്ങൾ കൂടുതൽ കിട്ടുന്നത് റിപബ്ലിക്കൻ പാർട്ടിക്കാണെന്നതാണ് കാരണം.
സൺ ബെൽറ്റ് / റസ്റ്റ് ബെൽറ്റ് ചരിത്രം
അമേരിക്കയിലെ രണ്ട് മേഖലകൾ 'സൺ ബെൽറ്റ് റസ്റ്റ് ബെൽറ്റ്' എന്ന് അറിയപ്പെടുന്നത് ചില പ്രത്യേകതകൾ കൊണ്ടാണ്. അത് സംബന്ധിച്ച് കുറച്ച് ചരിത്രവും കൗതുകമുള്ള ചില കാര്യങ്ങൾ അറിയാം. തെക്ക്, തെക്ക്പടിഞ്ഞാറൻ സംസ്ഥാനങ്ങളാണ് സണ്‍ ബെല്‍റ്റ്. ചൂട് കൂടിയ മേഖല, 1960 -കൾക്ക് ശേഷം സമ്പത്തിലും ജനസംഖ്യയിലും ഉണ്ടായ കുതിപ്പ്. ഇത് രണ്ടുമാണ് സണ്‍ ബെല്‍റ്റ് എന്നറിയപ്പെടാൻ കാരണം. തെക്ക് - കിഴക്ക് മുതൽ തെക്ക് - പടിഞ്ഞാറ് വരെ. തെക്കൻ വിർജീനിയ മുതൽ കാലിഫോർണിയ വരെ.
ന്യൂയോർക്ക് മുതൽ മിഡ്‍വെസ്റ്റിലേക്ക് നീളുന്നതാണ് റസ്റ്റ് ബെല്‍റ്റ്. മിഡ്‍വെസ്റ്റ് എന്ന് വിളിക്കാൻ കാരണം അവയുടെ സ്ഥാനം തന്നെയായിരുന്നു. അമേരിക്കന്‍ അതിര്‍ത്തി ശാന്തസമുദ്ര തീരം വരെ നീളുന്നതിന് മുമ്പ്.
ഒരുകാലത്ത് കൽക്കരി, ഉരുക്ക്, വാഹന നിർമ്മാണ വ്യവസായങ്ങൾ തഴച്ചുവളർന്ന മേഖല. കനാലുകളും നദികളും വലിയ തടാകങ്ങളും വ്യവസായങ്ങളെ സഹായിച്ചു. പക്ഷേ, 1970 -കളോടെ വ്യവസായങ്ങൾ തളർന്നു, അതോടെ ഫാക്ടറികൾ അടച്ചുപൂട്ടി. തുരുമ്പെടുത്തു. റെസ്റ്റ് ബൌൾ എന്ന് വിശേഷിപ്പിച്ചത് ഒരിക്കല്‍ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായിരുന്ന വാള്‍ട്ടര്‍ മോന്‍ഡേലാണ്. അത് വളരെപ്പെട്ടെന്ന് തന്നെ റെസ്റ്റ് ബെല്‍ട്ട് ആയി മാറി. മോശം അവസ്ഥയെ സൂചിപ്പിക്കുന്ന വാക്കാണ്.
തളർന്നത് സമ്പദ്‍രംഗം മാത്രമായിരുന്നില്ല. വ്യവസായങ്ങൾ തകർന്നതോടെ ജനം തൊഴിലന്വേഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറി. പിന്നാലെ ജനസംഖ്യ കുറഞ്ഞു. എല്ലാ അർത്ഥത്തിലും തുരുമ്പെടുത്തു. ഒരുകാലത്ത് സമ്പദ്‍രംഗത്തിന്‍റെ നട്ടെല്ലായിരുന്ന മേഖലയിലെ വ്യവസായരംഗം തകർന്നതിന് പല കാരണങ്ങളുണ്ട്. തൊഴിലാളി യൂണിയനുകൾ ശക്തമായിരുന്ന റസ്റ്റ് ബെൽറ്റിൽ വേതനവും കൂടുതലായിരുന്നു. അതുകൊണ്ട് ഉൽപ്പന്നങ്ങൾക്കും വിലകൂടുതൽ. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ ഉത്പന്നങ്ങളെത്തിത്തുടങ്ങിയതോടെ മത്സരിക്കാൻ വേണ്ടി കമ്പനി ഉടമകൾ വേതനം കുറഞ്ഞ സംസ്ഥാനങ്ങളന്വേഷിച്ച് പോയി. അതാവാം ഒരു കാരണം. എന്തായാലും ഫലം ക്ഷയം. കൊവിഡ് കാലത്ത് പലർക്കും തൊഴിലും നഷ്ടപ്പെട്ടു.
1950 -കളിൽ റസ്റ്റ് ബെൽറ്റ് മേഖല തുരുമ്പെടുത്തതോടെ ജനം സൺ ബെൽറ്റിലേക്ക് കുടിയേറി. വ്യവസായങ്ങൾ വളർന്നു, പൊതുവേ തെക്കിന് തൊഴിലാളി യൂണിയനുകളോട് പ്രതിപത്തിയില്ലാത്തതും വ്യവസായികളെ ആകർഷിച്ചു. സമ്പദ്‍രംഗം മെച്ചപ്പെട്ടു, ഇലക്ടറൽ വോട്ടുകളും കൂടി. റസ്റ്റ് ബെൽറ്റിന്‍റെ കുറവുകൾ ഇപ്പുറത്ത് സൺ ബെൽറ്റ് നികത്തി. പക്ഷേ, സൺ ബെൽറ്റിന്‍റെ വളർച്ച സഹായിച്ചത് ഇടത്തരക്കാർ മുതലുള്ളവരെയാണ്. വിദ്യാഭ്യാസം കുറഞ്ഞ തൊഴിലാളികളെ സഹായിച്ചില്ല എന്നൊരു നിരീക്ഷണമുണ്ട്. സമൂഹത്തിന്‍റെയാകെ ഉന്നതിക്ക് വേണ്ടി ആരും ശ്രമിച്ചില്ലെന്നും.