വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനമെഴുതിയാല്‍...

By Rini Raveendran  |  First Published Aug 12, 2021, 3:01 PM IST

ഉള്‍മരങ്ങള്‍. വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനമെഴുതിയാല്‍ അത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയലേഖനങ്ങളെക്കുറിച്ച് റിനി രവീന്ദ്രന്‍ എഴുതുന്നു


ഉള്ളിനുള്ളില്‍ തറഞ്ഞുപോയ ഓര്‍മ്മകള്‍, മനുഷ്യര്‍. ഒട്ടും പ്രശസ്തരല്ലാത്ത, എവിടെയും അടയാളപ്പെടുത്തപ്പെടാത്ത, എടുത്തുപറയാന്‍ പ്രത്യേകതകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ആരാലും മറന്നുപോവുന്ന മനുഷ്യര്‍. പക്ഷേ, ചിലനേരം അവര്‍ ജീവിതംകൊണ്ട് കാണിച്ചുതന്ന പാഠങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വേദനകളായിട്ടുണ്ട്, ചിലര്‍ ആശ്ചര്യമായിട്ടുണ്ട്, എത്ര അനായാസമായാണ് അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് ആദരവോടെ നോക്കിപ്പോയിട്ടുണ്ട്. അവരൊക്കെ കൂടിയാണ് ആഹാ, ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. അങ്ങനെ പലപ്പോഴായി വന്നുപോയ മനുഷ്യരെയോര്‍ത്തെടുക്കാനുള്ള, എഴുതിവയ്ക്കാനുള്ള ശ്രമമാണ് 'ഉള്‍മരങ്ങള്‍'.  

Latest Videos

undefined

 

വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനമെഴുതിയാല്‍ അത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് ബോംബെ ഹൈക്കോടതി. പ്രേമലേഖനമെഴുതുകയും സ്ത്രീക്ക് താല്‍പര്യമില്ലാതിരുന്നിട്ടും അവര്‍ക്ക് പിന്നാലെ നടന്ന് ശല്യം ചെയ്യുകയുമായിരുന്നു പ്രസ്തുത കേസിലെ പ്രതി. പിന്നാലെയാണ് വിധി വന്നതും. എന്തായാലും അതോടെ പ്രേമലേഖനം എന്ന വാക്ക് ഒരിക്കല്‍ക്കൂടി ചര്‍ച്ചയായി. ഇത്, അയാളെപ്പോലെ ശല്ല്യക്കാരെഴുതിയിടുന്ന കുറിപ്പുകളെയും ഉപദ്രവങ്ങളെയും കുറിച്ചല്ല. തന്നെത്തന്നെ പകര്‍ത്തി ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നതരം പ്രണയലേഖനങ്ങളെ കുറിച്ചാണ്.

 

.....................................................

ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിമാരെയും കലിപ്പന്മാരെയും കാത്തിരിക്കുന്ന കാന്താരികളുടെ ലോകം എത്ര ഭയാനകം!
.....................................................

 

ആത്മാക്കള്‍ തമ്മിലുള്ള രതി

കത്തെഴുതാനുള്ള ഓരോ സാധ്യതയും, ഈ ലോകത്തെ മനുഷ്യര്‍ക്ക് സമ്മാനിച്ചിട്ടുണ്ടാവുക പറഞ്ഞറിയിക്കാനാവാത്ത മനശ്ചാഞ്ചല്യങ്ങളാവും. കത്തെഴുത്ത് ആത്മാക്കള്‍ തമ്മിലുള്ള രതിക്ക് തുല്യമാണ്. ആര്‍ക്കെഴുതുന്നോ അയാളുടെ ആത്മാവുമായല്ല, ഓരോ കത്തും എഴുതിത്തുടങ്ങുന്ന നിമിഷം തൊട്ട് അതിനുള്ളില്‍ ഉയിര്‍ പൊട്ടിത്തുടങ്ങുന്ന അവനവന്റെ തന്നെ ആത്മാവിനോടുള്ള രതി -മിലേനയ്ക്കുള്ള കത്തുകള്‍ക്കാമുഖമായി ഫ്രാന്‍സ് കാഫ്ക എഴുതുന്നതാണ് ഇത്. 

കത്ത് കിട്ടാനാഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? 

ഇന്ന് ചിലപ്പോള്‍ ഉണ്ടാകും. എന്നാല്‍ ഒരുകാലത്ത്, പ്രേമിക്കാനും പ്രേമിക്കപ്പെടാനും ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ എന്ന ചോദ്യം പോലെയായിരുന്നത്. കത്തുകള്‍, അത് വായിക്കുന്നവരുടേത് മാത്രമല്ല. അതിനും മുമ്പ് തന്നെ അത് സംവദിക്കുന്നത് എഴുതുന്നയാളുമായിട്ടാണ്. 'ഞാനെന്നെ എഴുതുന്നു' എന്നാണൊരു കത്ത് സ്വയം വെളിപ്പെടുന്നത്. വിലാസക്കാരിയെ/കാരനെ തേടിച്ചെല്ലുന്ന മറ്റൊരു ഹൃദയമാണതില്‍ അടക്കം ചെയ്തിരിക്കുന്നത്. അതിലൊരാളുടെ ആഗ്രഹങ്ങളുണ്ട്, ആനന്ദങ്ങളുണ്ട്, നൊമ്പരപ്പെടലുകളുണ്ട്, ആകാംക്ഷകളുണ്ട്, കാത്തിരിപ്പുണ്ട്. ഒരു കത്ത് സമം ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നാണ്. മനസിലടക്കി വയ്ക്കാനാവാത്ത വികാരങ്ങളുടെ പൊട്ടിത്തെറിയാണ് ഓരോ എഴുത്തും അഥവാ ഓരോ കത്തും.

 

.....................................................

Read more: എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന്  നില്‍ക്കുന്ന കാലം!

.....................................................

 

പച്ചമാങ്ങാ മണമുള്ള പ്രേമം
സ്‌കൂളിലേക്കുള്ള ബസ് കയറാന്‍ ഒന്നൊന്നര കിലോമീറ്റര്‍ ദൂരം നടക്കുന്നതിന് ഒരു കാരണമുണ്ട്. അത് അവനാണ്. അതുകൊണ്ട്, സ്‌കൂളിലേക്ക് വളഞ്ഞ വഴി പിടിക്കുന്നു. കുറച്ചുദൂരം കാട്, അതിനുശേഷം റോഡ്, പിന്നൊരിടവഴി, പാലം, വീണ്ടും റോഡ്... ആ യാത്രയിലുടനീളം ആനന്ദം തരുന്നൊരു നോവുണ്ട് നെഞ്ചില്‍. രാത്രി മുഴുവനും ഓര്‍ത്തോര്‍ത്ത് പറഞ്ഞ വിശേഷങ്ങളുണ്ടവനിലെത്തിക്കാന്‍.

പെണ്‍കുട്ടി നടന്നടുത്തെത്തുമ്പോള്‍ അവന്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുകയാവും. അവളുടെ ബാഗിലെ പുറത്തെ അറയിലാണ് വെള്ളക്കടലാസിലെഴുതി നാലായി മടക്കിയ കത്തുള്ളത്. നേരെപ്പോയി കൊണ്ടു കൊടുക്കാനുള്ള ധൈര്യമില്ല. നാട്ടുകാര്‍ കാണും. നാട്ടുകാരറിഞ്ഞാല്‍ വീട്ടുകാരറിയും. വീട്ടുകാരറിഞ്ഞാല്‍ ബഹളമാവും. അത് പാലത്തിനടുത്തായി നിലത്തേക്കിടും. അവന്‍ നോക്കിനോക്കി ഇരിക്കുകയായിരിക്കും. അതുകൊണ്ട് തന്നെ കത്ത് വീണയുടനെ പോയെടുക്കും. കത്ത് മാത്രമല്ല, വഴിയരികിലെ ഒരു വലിയ വീട്ടില്‍, റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന പലതരത്തിലുള്ള കടലാസ് പൂക്കളുണ്ട്. അതില്‍ നിന്നും ഒരു കുല പറിച്ചെടുത്തിട്ടുണ്ടാകും. അതും കത്തിനൊപ്പം വയ്ക്കും. ആ പൂക്കളും അവനുള്ളതാണ്.

പിറ്റേന്ന് അതേയിടത്ത് മറുപടിക്കത്തുണ്ടാകും. മാങ്ങാക്കാലമായാല്‍ അടുത്ത വീട്ടിലെ കുട്ടികളുടെ കയ്യില്‍ അവനവള്‍ക്ക് മാങ്ങ കൊടുത്തുവിടും. ആ മാങ്ങയിലും കോറിയിട്ടിട്ടുണ്ടാകും ചില വാക്കുകള്‍. അത്, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നോ, നാളെ കാണാമെന്നോ ആയിരിക്കും. നല്ല പച്ചമാങ്ങാ മണമുള്ള പ്രേമം. അതിന്റെ എരിവും പുളിയും കത്തുകളായിരുന്നു.

 

.....................................................

Read more: അതുകൊണ്ട്, എനിക്കൊരു മുറിവേണം 
.....................................................

 

പ്രിയപ്പെട്ട സാറാമ്മേ...

ഇന്ന് കത്തെന്ന് കേള്‍ക്കുമ്പോള്‍ കാല്‍പനികമെന്ന് വിധിയെഴുതുന്നവര്‍ കാണും. പക്ഷേ, 'പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍...' എന്നെഴുതിയ ബഷീറിനെ നാമെന്തിനാണ് സ്‌നേഹിക്കുന്നത്?  കേശവന്‍ നായരെയും സാറാമ്മയേയും അനുരാഗത്തിന്റെ ദിനങ്ങളിലെ ദേവിയെയും സ്‌നേഹിക്കുന്നതെന്തിനാവും? ദേവിക്കുള്ള കത്തില്‍ ബഷീറെഴുതുന്നത് 'ഹൃദയം കുറേയധികം കടലാസില്‍ പകര്‍ന്നുപോയി' എന്നാണ്. അത്രയേറെ ലളിതമാണത്, എന്റെ ഹൃദയം ഞാന്‍ എനിക്ക് മുന്നിലും പിന്നെ നിനക്ക് മുന്നിലും തുറന്നിടുന്നു, ഇനിയുമിത് പങ്കിടാതെ വയ്യെനിക്ക് എന്ന അത്രയും ലളിതം, അതിലേറെ ആഴം.

കത്ത് അന്ന് വികാരങ്ങളുടെയും വിശേഷങ്ങളുടെയും പങ്കുവയ്ക്കലുകളായിരുന്നുവെങ്കില്‍ ഇന്ന് കത്തെഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്നവരുടെ തെരഞ്ഞെടുപ്പാണത്. കത്തെഴുതേണ്ട കാര്യമുണ്ടോ, സൗജന്യമായി വിളിക്കാനും കാണാനും ശബ്ദസന്ദേശങ്ങളയക്കാനുമാവുന്ന ഈ കാലത്ത്? എന്തൊരു പ്രഹസനമാണത് എന്ന് ആരെങ്കിലും വിലയിരുത്തുന്നുണ്ടാവാം. പക്ഷേ, ഏതെങ്കിലും രണ്ടുപേര്‍, രണ്ടറ്റത്ത് ഒന്നോ രണ്ടോ അതിലേറെയധികമോ ദിവസം കഴിഞ്ഞ് വന്നെത്തുന്നൊരെഴുത്തിന് കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ നമുക്കതിലെന്ത് കാര്യം? ആ മനുഷ്യര്‍ വളരെ പതുക്കെ നടക്കുന്ന രണ്ടുപേരാവാം. അവരെ അവര്‍ക്ക് മാത്രമേ മനസിലാവൂ.

 

.....................................................

Read more:

.....................................................


വഴിതെറ്റിപ്പോയ കത്തുകള്‍

കത്ത് പിടിച്ചെന്നാല്‍ പ്രേമം പിടിച്ചെന്ന് കൂടി ഒരുകാലത്ത് അര്‍ത്ഥമുണ്ടായിരുന്നു. രാവേറെ ചിമ്മിണിക്കൂടിന്റെ വെട്ടത്തിലിരുന്ന് ഒരു പെണ്‍കുട്ടി പ്രേമലേഖനമെഴുതുന്നു, 'എന്നോട് സ്‌നേഹമാണ് എന്ന് ആദ്യമായി പറഞ്ഞവനേ, എന്നെ കാണുമ്പോള്‍ കണ്ണില്‍ നിലാവുദിക്കുന്നവനെ, ഞാന്‍ നിന്നെയും സ്‌നേഹിക്കുന്നു. നിന്നെ കാണാനാവാത്ത നേരങ്ങളിലെല്ലാം കദനം കൊണ്ട് എന്റെ കരളുരുകുന്നു. എന്നാല്‍, പ്രതീക്ഷിക്കാത്ത നേരങ്ങളിലെല്ലാം നിന്നെ കണ്ടുമുട്ടുമ്പോള്‍ ആഹ്ലാദവും അമ്പരപ്പും കൊണ്ടെന്റെ ശ്വാസം നിലക്കുന്നു. എത്രയിഷ്ടമാണ് നിന്നോടെനിക്കെന്ന് ചോദിച്ചാല്‍ ദാ, ഇക്കാണുന്ന ആകാശത്തിലെ നക്ഷത്രങ്ങളോളം വരുമത്.'

വിലാസക്കാരനിലെത്താത്ത പ്രേമലേഖനത്തിന്റെ അവസ്ഥയറിയുമോ? പരിതാപകരമാണത്. കേള്‍ക്കേണ്ട കാതുകള്‍ മാത്രം കേള്‍ക്കാതെ പോയ വിലാപം പോലെ. ഈ കത്തും വഴിതെറ്റിപ്പോയി. ആര്‍ക്കു വേണ്ടിയാണോ എഴുതിയത് അയാള്‍ മാത്രം അത് വായിച്ചില്ല. പക്ഷേ, മറ്റൊരുപാടുപേര്‍ വായിച്ചു. വായിച്ചവര്‍ വായിച്ചവര്‍ കത്തെഴുത്തുകാരിയെ കളിയാക്കിക്കൊണ്ടേയിരുന്നു. അല്ലെങ്കിലും അതങ്ങനെയാണ്, വായിക്കേണ്ടാത്തവര്‍ വായിച്ചതെല്ലാം കൊള്ളരുതാത്തതാവും.

May I kiss you then? On this miserable paper? I might as well open the window and kiss the night air

(ഞാനെന്നാലിനി നിന്നെയൊന്നു ചുംബിക്കട്ടെ? ഈ ദുരിതം പിടിച്ച കടലാസില്‍? ജാലകങ്ങള്‍ തുറന്ന് ഈ രാത്രിവായുവിനെ ചുംബിക്കും പോലെയാണത്) 

എന്നാണ് ഫെലിസിനയച്ച കത്തില്‍ കാഫ്ക ചോദിക്കുന്നത്. ഒരു ചുംബനം മറ്റൊരിടത്തെത്താന്‍ നിമിഷങ്ങള്‍ പോലും വേണ്ടാത്ത കാലത്തിരുന്നു കൊണ്ട് കാഫ്കയുടെ വേദനകൊണ്ടും പ്രതിസന്ധികൊണ്ടും വിങ്ങുന്ന എഴുത്തുകള്‍ വായിക്കുന്നത് സ്വയം പൊള്ളുന്നതിന് തുല്യം തന്നെ.

 

.....................................................

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

.....................................................

 

കത്ത് പിറന്നൊടുങ്ങുന്ന നേരങ്ങള്‍

ഒരിക്കലൊരു പത്താം ക്ലാസുകാരി കൂട്ടുകാര്‍ക്ക് വേണ്ടി പ്രേമലേഖനമെഴുതുന്ന ജോലിയേറ്റെടുത്തു. മനോഹരമായ കയ്യക്ഷരവും എഴുതാനുള്ള ആഗ്രഹവുമാണവളെ പ്രേമലേഖനമെഴുത്തുകാരിയാക്കിയത്. ബസിലെന്നും കാണുന്ന കോളേജുകാരനായ കാമുകന് കത്തെഴുതണമെന്ന ആവശ്യവുമായി നിരന്തരം വരുന്ന കൂട്ടുകാരിണ്ടായിരുന്നവള്‍ക്ക്. ആ പ്രണയലേഖനമാണ് അവളേറ്റം ആസ്വദിച്ച് എഴുതിക്കൊടുത്തത്. പറയാനുള്ളതെല്ലാം അവള്‍ പറയും. അതിനെയൊന്ന് മിനുക്കി എഴുതിക്കൊടുത്താല്‍ മതി. ആ കത്ത് പിറ്റേന്ന് ബസില്‍ വരുമ്പോള്‍ അവന്റെ കയ്യിലെത്തും. മറുപടി കിട്ടും. അങ്ങനെയങ്ങനെ അനേകം കത്തുകള്‍. അവനവളെ ഉപേക്ഷിച്ചപ്പോള്‍ കാമുകിയല്ലാത്ത പെണ്‍കുട്ടിയും തകര്‍ന്നുപോയതെന്തുകൊണ്ടാവും? എഴുതാനത്രമേലിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ താല്‍ക്കാലികമായ അന്ത്യമായിരുന്നത് എന്നതുകൊണ്ടാവാം. പകരം കിട്ടുന്ന മിഠായിക്കും കുഞ്ഞുസമ്മാനങ്ങള്‍ക്കും പകരം എഴുതാനുള്ള ഗാഢമായ ആഗ്രഹമാണവളെ പ്രേമലേഖനമെഴുത്തുകാരിയാക്കിയത്.

ലോകപ്രശസ്ത ചിത്രകാരി ഫ്രിദ കാഹ്‌ലോ തന്റെ ഭര്‍ത്താവായ ഡിയഗോ റിവേരയ്ക്കയച്ച കത്തില്‍ പരസ്പരം ചേര്‍ന്നിരിക്കുമ്പോഴനുഭവിച്ചിരുന്ന ആനന്ദങ്ങളെ കുറിച്ചാണ് പറയുന്നത്. 'നിങ്ങളുടെ കൈകള്‍ പോലെയെനിക്ക് മറ്റൊന്നില്ല, നിങ്ങളുടെ കണ്ണുകളുടെ തിളക്കം പോലെയും. ദിവസങ്ങളോളം എന്റെ ശരീരം നിങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. എന്റെ രാത്രികളുടെ കണ്ണാടിയാണ് നിങ്ങള്‍. അക്രമാസക്തമായ മിന്നല്‍പ്പിണറുകളാണവ. ഭൂമിയുടെ ആര്‍ദ്രതയും അവ തന്നെ. നിങ്ങളുടെ കയ്യിടുക്കുകളിലാണെന്റെ അഭയകേന്ദ്രം. എന്റെ വിരലുകള്‍ നിങ്ങളുടെ രക്തത്തെ തൊടുന്നു' എന്നും ഫ്രിദയെഴുതുന്നു. ഒരു കത്ത് പിറന്നൊടുങ്ങുന്ന നേരമത്രയും രണ്ടാത്മാക്കള്‍ ചുംബിച്ചിരിക്കുകയാണ് എന്നതിന് ഇതിനപ്പുറമൊരു തെളിവെന്തിന്?

പ്രേമലേഖനങ്ങളത്രമേല്‍ ആത്മാവിന്റെ പകര്‍ന്നാട്ടമാണ്. 

 

................................

Read more:

................................

 

വിവാഹിതരുടെ പ്രണയം 

അപ്പോള്‍ വിവാഹിതയ്ക്ക് പ്രണയലേഖനമെഴുതാമോ? 

വിവാഹിതര്‍ക്ക് പ്രണയം നിഷേധിക്കാമോ എന്നതാണ് മറുചോദ്യം. 

പ്രണയം പോലെ മനോഹരമായൊരു വികാരം എങ്ങനെയാണ് ആരില്‍ നിന്നെങ്കിലും നിഷേധിച്ച് മാറ്റിനിര്‍ത്താനാവുക? വിവാഹിതയിലെ പ്രണയചിന്ത പാപമെങ്കില്‍ ആ പാപിയുടെ കുമ്പസാരമായി കാണണം: എന്റെ തേനേ എന്നോ, എന്റെ കണ്ണേ എന്നോ വിളിച്ച് എവിടെയെങ്കിലുമിരുന്ന് പ്രണയം കൊണ്ടുള്ളം വിങ്ങി ഒരുവനെഴുതുന്നു. എനിക്ക് നിന്നെ വല്ലാതെ ഓര്‍മ്മയാവുന്നുവെന്ന്, ഈ രാത്രിയുമീ മഴയും നിന്നെയോര്‍മ്മിപ്പിക്കുന്നു എന്ന്.

അവരവരെത്തന്നെ തുറന്നിടാന്‍ എഴുത്തല്ലാതെ മറ്റ് മാര്‍ഗമില്ലാത്തവര്‍, മിണ്ടുമ്പോള്‍ വാക്കില്ലാതെ വരികയും എഴുതുമ്പോള്‍ മാത്രം വാക്കിന്റെ കടലുണ്ടാവുകയും ചെയ്യുന്നവര്‍, കഥയെഴുതാനറിയാത്ത പാവങ്ങള്‍. അവര്‍ പ്രണയലേഖനങ്ങളെഴുതട്ടെ. പരസ്പരം കാണാതെ, നേരില്‍ മിണ്ടാതെ, വേദനിപ്പിക്കാതെ അവരന്യോനം തുറന്നിടട്ടെ. ആ കത്തെഴുതുമ്പോഴും വായിക്കുമ്പോഴും അവര്‍ ഗാഢമായി തമ്മിലാലിംഗനം ചെയ്യുകയാവും. എവിടെയോ സ്‌നേഹിക്കപ്പെടുന്നുണ്ടാവുമെന്നോര്‍ത്ത് അവരാനന്ദിക്കുന്നതിലാര്‍ക്കാണ് ചേതം?

NB: ഇതെല്ലാം പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമാണ് ബാധകം. അനുവാദമില്ലാത്ത കടന്നുകയറ്റങ്ങള്‍ അവകാശലംഘനങ്ങളാകുന്നു.

click me!