ആ അച്ചനൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ!

By Tulu Rose Tony  |  First Published Jul 13, 2021, 6:58 PM IST

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
 


അച്ചന്റെ ശബ്ദം കൂട്ടില്‍ നിന്നും പുറത്തേക്കൊഴുകാന്‍ തുടങ്ങി.

അവിടെ കുമ്പസാരം കഴിഞ്ഞ് പ്രാര്‍ത്ഥിച്ച് നില്‍ക്കുന്നവരും, കുമ്പസാരിക്കാന്‍ നില്‍ക്കുന്നവരും എന്നെ തുറിച്ച് നോക്കി. 

Latest Videos

undefined

ഒരു മഹാപാപം ചെയ്തിട്ട് വന്നിരിക്കുന്ന എന്നെ എല്ലാ കുട്ടികളും ദേഷ്യത്തോടെ നോക്കി.

എനിക്ക് പേടിയായി തുടങ്ങി.

 

 

പണ്ട് പണ്ട് അതായത്, ഒരുപാടൊരുപാട് പണ്ട് ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു ഞാനുണ്ടായിരുന്നു.

ആറാം ക്ലാസിലേക്ക് ജയിക്കുന്നതിന്റെ അവധിക്കാലത്തായിരുന്നു ഞാന്‍ ആദ്യമായി കുമ്പസാരിച്ചതും കുര്‍ബ്ബാന കൈക്കൊണ്ടതും. 

അതുകൊണ്ട് തന്നെ ആഴ്ചയിലാഴ്ചയില്‍ കുമ്പസാരിച്ച് കുര്‍ബ്ബാന കൈകൊണ്ടാലേ പാപങ്ങളെല്ലാം കര്‍ത്താവ് പൊറുക്കൂ എന്നൊരു ചിന്ത എല്ലാ കുട്ടികളിലും ഉണ്ടായിരുന്നു. 

അങ്ങനെയാണ് പഠിപ്പിച്ചിരുന്നത്.

ഒരു ദിവസം ഞങ്ങളെ കുമ്പസാരിപ്പിക്കാന്‍ വലിയ പള്ളിയിലെ വികാരിയച്ചനാണ് വന്നത്. 

വയസ്സായ, പക്ഷേ മുഖത്തെപ്പോഴും ദേഷ്യമുണ്ടായിരുന്ന ഒരച്ചനായിരുന്നു അത്. കാണുമ്പോള്‍ തന്നെ ഒരു പേടി വരുന്നത് പോലെ!

എന്റെ പാപങ്ങളും മറ്റ് കുട്ടികളുടെ പാപങ്ങളും എല്ലാം ഒരേ പോലെയായിരുന്നു. 

കന്യാസ്ത്രീകള്‍ പഠിപ്പിച്ച് തന്നത് അതേ പോലെ കുമ്പസാരക്കൂട്ടില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു ഞങ്ങളെല്ലാവരും.

അന്നെന്തോ എനിക്ക് ഒരു സത്യം പറയണം എന്ന് തോന്നി. 

ചെകുത്താന്റെ ഓരോ തട്ടിപ്പേയ്!

എന്റെ ഊഴം എത്തിയപ്പോള്‍ ഭയഭക്തി ബഹുമാനത്തോടു കൂടെ ഞാന്‍ ചെന്ന് മുട്ട് കുത്തി. 

കൈ കൂപ്പി പിടിച്ച് തല കുമ്പിട്ട് നിന്നു.

അച്ചനൊന്ന് വായുവില്‍ കുരിശ് വരച്ച് ആശീര്‍വദിച്ചു.

'നീ ചെയ്ത പാപങ്ങള്‍ കര്‍ത്താവിന്റെ തിരുസന്നിധിയില്‍ ഏറ്റ് പറയുവിന്‍.'

'നുണ പറഞ്ഞു.'

'ഉം'

'വഴക്ക് പിടിച്ചു.'

'ഉം'

'അമ്മയെ അടിച്ചു.'

'ങ്‌ഹേ?'

'അല്ല, പതുക്കെ!'

'ഉം'

'കട്ടെടുത്തു.'

ഇതൊക്കെ കേട്ട് മടുത്ത അച്ചന്‍ ഒരു കോട്ട് വായ ഇട്ടപ്പോള്‍ ഞാനെന്റെ അഞ്ചാമത്തെ പാപം പറഞ്ഞു.

'കഴിഞ്ഞ ഞായറാഴ്ച കുര്‍ബ്ബാന കൂടിയില്ല.'

'എന്താ കാരണം?' - അച്ചന്റെ ബോറടി മാറി.

'അ....ത്..'- ഞാന്‍ വിക്കി.

'പറയ്..പറയാന്‍..എന്താ കുര്‍ബ്ബാന കൂടാഞ്ഞത് എന്ന്? എന്തായിരുന്നു ഇത്രക്ക് അത്യാവശ്യം?' - അച്ചന്‍ വിറച്ച് തുടങ്ങി.

'അത്..ഞാന്‍ പിന്നെ..' 

'നിനക്കൊക്കെ എന്തിന്റെ കേടാ. എല്ലാറ്റിനും നിനക്കൊക്കെ സമയം ഉണ്ടല്ലോ. കുര്‍ബ്ബാന കൂടാന്‍ മാത്രം സമയമില്ല അല്ലേ. എങ്ങനെ നന്നാവുമെടീ നീ. ചെകുത്താന്റെ സന്തതീ.'

ഈശോയേ! അപ്പച്ചനെ ചെകുത്താനെന്ന്!

അച്ചന്റെ ശബ്ദം കൂട്ടില്‍ നിന്നും പുറത്തേക്കൊഴുകാന്‍ തുടങ്ങി.

അവിടെ കുമ്പസാരം കഴിഞ്ഞ് പ്രാര്‍ത്ഥിച്ച് നില്‍ക്കുന്നവരും, കുമ്പസാരിക്കാന്‍ നില്‍ക്കുന്നവരും എന്നെ തുറിച്ച് നോക്കി. 

ഒരു മഹാപാപം ചെയ്തിട്ട് വന്നിരിക്കുന്ന എന്നെ എല്ലാ കുട്ടികളും ദേഷ്യത്തോടെ നോക്കി.

എനിക്ക് പേടിയായി തുടങ്ങി.

ഈ അച്ചന്‍ ബഹളം വെച്ച് എല്ലാരേം കേള്‍പ്പിക്കുമല്ലോ. 

ഏത് നേരത്താണാവോ സത്യം പറയാന്‍ തോന്നിയത്! 

ഞാന്‍ കുമ്പസാര കൂട്ടില്‍ മുട്ട് കുത്തി തലയും കുമ്പിട്ട് നിന്ന് എന്റെ നഖം കടിച്ച് തിന്നാന്‍ തുടങ്ങി.

ഒരു നുണ വേണം! ഞാനൊരു നുണ കിട്ടാനായി പ്രാര്‍ത്ഥിച്ചു.

കുര്‍ബ്ബാന കൂടാത്തതിന് ഒരു കാരണം അച്ചന് കിട്ടിയേ പറ്റൂ. ആ കാരണം പറയാതെ ഈ അച്ചന്‍ ബഹളം നിര്‍ത്തില്ല, എനിക്കിവിടുന്ന് പോകാനും പറ്റില്ല.

എന്ത് പറയും!? 

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ വൈകി പോയത് കൊണ്ടാണ് കുര്‍ബ്ബാന മുടങ്ങിയത് എന്ന സത്യം തല്‍ക്കാലം വിഴുങ്ങിയേ പറ്റൂ.

അത് പറഞ്ഞാല്‍ ചിലപ്പോള്‍ അച്ചന്‍ കൂട്ടില്‍ നിന്നുമെഴുന്നേറ്റ് വന്ന് എന്നെ തല്ലും. അത് വേണ്ട!

'പറയ് കുട്ടീ..പറയാന്‍.'

അച്ചനലറിത്തുടങ്ങി. ഇതെന്ത് അച്ചനാണ്! ശ്ശെടാ.

പെട്ടെന്ന് എന്റെ നാക്കിലേക്ക് എവിടെ നിന്നോ ഒരു നുണ അരിച്ച് വന്നു. പിന്നൊന്നും നോക്കിയില്ല. 

'അതച്ചാ എനിക്ക് ഭയങ്കര പനിയായിരുന്നു. എഴുന്നേല്‍ക്കാന്‍ തീരെ വയ്യായിരുന്നു. പിന്നെ ശര്‍ദ്ധിയും തലകറക്കവും. അമ്മ പറഞ്ഞു കിടന്നോ, പള്ളിയില്‍ പോകണ്ടാന്ന്.' - ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

'ഉം..ഉം..'

പനിയായിരുന്നു എന്ന് കേട്ടപ്പോള്‍ അച്ചനൊന്ന് അടങ്ങിയത് പോലെ!

ദൈവമേ നന്ദി!

ഒന്ന് കൂടെ വിശ്വസിച്ചോട്ടെ എന്ന് കരുതി രണ്ട് വില്ലന്‍ ചുമ കൂടി ഞാന്‍ അങ്ങോട്ട് വെച്ച് കാച്ചി.

തെളിവും കൂടെ കിട്ടിയ അച്ചന്‍ ശാന്തനായി.

ഹാവൂ എന്തൊരു പാവം! കണ്ടാ പറയുവോ, പ്രാന്തുണ്ടെന്ന്!

'നിന്റെ പാപങ്ങള്‍ പൊറുക്കപ്പെടട്ടെ. പരിഹാരമായി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും മൂന്ന് നന്മ നിറഞ്ഞതും ചൊല്ലി പൊക്കോ.'

അച്ചനെന്നെ ഒന്ന് കടുപ്പിച്ച് നോക്കി പറഞ്ഞു.

ങ്‌ഹേ! വിശ്വാസം ആയില്ല എന്നുണ്ടോ? 

വേണമെങ്കില്‍ ഇവിടെ തല കറങ്ങി വീഴാനും ഞാന്‍ തയ്യാറാണ്.

അവിടെ നിന്നും എഴുന്നേറ്റ ഞാന്‍ കര്‍ത്താവിന്റെ തിരുസന്നിധിയില്‍ മുട്ട് കുത്തിനിന്ന് നെഞ്ചിലടിച്ച് ഞാന്‍ പറഞ്ഞു :

'എന്റെ പിഴ..എന്റെ പിഴ...എന്റെ വലിയ പിഴ. എന്റെ പൊന്ന് കര്‍ത്താവേ, ഇനി നിന്നോടല്ലാതെ ഞാന്‍ വേറൊരാളോട് സത്യം പറയും എന്ന് നീ കരുതണ്ട. വല്ല കാര്യോമുണ്ടായിരുന്നോ എനിക്ക്!'

ആ അച്ചനൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ!

NB - ഈയിടെ ആയി കര്‍ത്താവിനേയും ബുദ്ധിമുട്ടിക്കാറില്ല. കര്‍ത്താവും ഒരു മനുഷ്യനല്ലേ. കേള്‍ക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ!

 

ടുലുനാടന്‍ കഥകള്‍:  വായിച്ചു ചിരിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യാം

 

click me!