ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
ശബ്ദം മാത്രം കേട്ട് പ്രേമം പോലും. എടീ ഇവനെ കാണാന്‍ കാട്ടുമാക്കാന്റെ പോലെയായിരുന്നെങ്കില്‍ നീ പ്രേമിക്കുവാരുന്നോ? അതുപോലെ ഇവളെ ഇത്രക്ക് ഭംഗിയില്ലായിരുന്നെങ്കില്‍ നീ ഇപ്പോ തിരിഞ്ഞോടില്ലായിരുന്നോടാ?'
undefined
പ്രണയം ചോരയില്‍ അലിഞ്ഞത് കൊണ്ടാവും എനിക്കറിയാവുന്നവരുടെ പ്രേമത്തിനൊക്കെ ചുക്കാന്‍ പിടിക്കാന്‍ ഞാന്‍ പോയത്!
അത് അവന്റെ ആദ്യത്തെ പ്രേമം ഒന്നുമായിരുന്നില്ല. അവന്‍ എന്റെ കൂട്ടുകാരിയെ ലൈന്‍ വലിക്കുന്നു എന്നറിഞ്ഞപ്പോഴും അതിന് ഞാന്‍ കൂട്ട് നിന്നത്, അവന്‍ എനിക്കേറ്റവും ഇഷ്ടമുള്ള എന്റെ കസിനായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടായിരുന്നു.
'ടാ തെണ്ടീ, നിനക്കെന്തിന്റെ കേടാടാ? അവള്‍ടെ വീട്ടാരറിഞ്ഞാല്ണ്ടല്ലോ?'
''ടീ എന്റെ ചക്കരയല്ലേടീ നീയ്. നീ പറഞ്ഞാലവള് കേള്‍ക്കും.'
'ഹേയ്! അവളാ ടൈപ്പൊന്നുമല്ല. അവളേയ് ഒറ്റ ആണുങ്ങള്‍ടെ മോന്തേല് നോക്കില്ല. അവളോടീ കാര്യം ഞാന്‍ പറയ്യേ! നടക്കില്ല മോനേ.'
'നീയൊക്കെ എന്ത് പെങ്ങളാടീ. നിനക്കെന്നോടിത്തിരി പോലും സ്നേഹം ഇല്ലേ? എന്തോരം പ്രാവശ്യാടീ നിന്നെ ഞാന്‍ ബൈക്കുമെടുത്ത് കറക്കാന്‍ കൊണ്ടോയത്. നിന്റെ മരങ്ങോടന്‍ ചേട്ടന്‍ പോലും നിന്നെ കൊണ്ടോവാറുണ്ടോ? പറ, ഉണ്ടോന്ന്?'
'അതൊക്കെ ശര്യാ. എന്നാലും..'
'ആഹ്! അതാണ്. എനിക്ക് നീ എന്റെ പൊന്നാണ്. ചക്കരകുട്ടിയാണ്. എടീ, അവളെ എനിക്കെന്തിഷ്ടാണെന്നറിയുവോ?'
'ഇത് തന്നെയല്ലേ മറ്റവളോടും നിനക്കുണ്ടാരുന്നത്? അന്നും ഞാന്‍ തന്നെയല്ലേ പോയി പറഞ്ഞതും ? എന്നിട്ടെന്ത് പിണ്ണാക്കാ ഉണ്ടാക്കീത് നീയ്?'
'അത് പിന്നെ, അവളും ഞാനും ഒരേ പ്രായല്ലേ. ശര്യാവില്ല. പിന്നേയ്, അവള്‍ക്ക് നാലാങ്ങളമാരും. വെര്‍തെന്തിനാടീ അവരെ കൊലക്ക് കൊടുക്കണത്?'
'യെന്തോ? യെങ്ങനേ? നിന്റൊണക്ക പ്രേമം അവള്‍ടെ ചേട്ടന്‍ നിന്നെയൊന്ന് കുനിച്ച് നിര്‍ത്തി ഉപദേശിച്ചത് മറന്നോ മ്യോനേ?'
'അതൊക്കെ പോട്ടെടീ. അവളൊക്കെ എന്ത്! ഇവളാണ് ഇവള്‍! ഇവളെനിക്ക് വേണ്ടി ജനിച്ചതാടീ.'
'ങാ ഉവ്വ! കാണാന്‍ കൊള്ളാവുന്ന എല്ലാവരും നിനക്ക് വേണ്ടിയാ ജനിച്ചത്. ഒന്ന് പോടാ ചെക്കാ.'
പുച്ഛത്തോടെ ഞാന്‍ തിരിഞ്ഞ് നടന്നു.
'എടീ ! നിക്കെടീ അവിടെ. നിന്റെ മറ്റേ കേസ് ഞാന്‍ കെവിനോട് പറയും.'
'ങേ എന്തൂട്ട് കേസ്?'
'അതന്നെ,അത്. ജിത്തൂന്റെ.'
'ഓ അതാണോ! നീ പോയി പറഞ്ഞോ. അവന്‍ പീശണിപ്പെടത്തണു. ഹും.'
'എന്നാ പിന്നെ ജിത്തൂന്റെ വേണ്ട. മറ്റവന്റെ പറയാം.'
'അയ്യോ അത് പിന്നെ..അവനെന്റെ പിന്നാലെ നടക്കണതിന് ഞാനെന്ത് ചെയ്യണം?'
'നീ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണല്ലോ. അത് നിന്റെ ആ പ്രാന്തന്‍ ചേട്ടനറിഞ്ഞാലുണ്ടല്ലോ...'
'ഹോ ! നീയായിട്ടവന്റെ പ്രാന്ത് കൂട്ടാതെടാ. ഞാന്‍ നിന്റെ കൂടെ നിക്കാം. പറ, എന്ത് ചെയ്യണം?'
'ആഹ്! അങ്ങനെ വഴിക്ക് വാ. നീയവളോട് പോയി ചോദിക്കണം എന്നെ ഇഷ്ടാണോന്ന്.'
'അത് ചോദിക്കാനൊന്നുമില്ല, അവള്‍ക്കിഷ്ടാവില്ല.'
'നീ പോയൊന്ന് ചോദിക്കെടീ.'
'ശരി. ചോദിക്കാം. പക്ഷേ അവള്‍ക്കിഷ്ടമല്ലെന്ന് പറഞ്ഞാല്‍ പിന്നെ നീ അവള്‍ടെ പിന്നാലെ നടക്കരുത്.'
'ങാ! ശരി. സമ്മതിച്ചു.'
പ്രേമം മൂത്ത് പ്രാന്തായവനാണ്. എന്റെ സകല കള്ളത്തരങ്ങളറിയാവുന്നവനും ആണ്. പേടിക്കണം. അന്ന് രാത്രി മുഴുവന്‍ അവളോടിത് എങ്ങനെ അവതരിപ്പിക്കാം എന്നതായിരുന്നു ചിന്ത.
പിറ്റേ ദിവസം കോളേജില്‍ വെച്ച് ഞാനവളോട് ചോദിച്ചു.
'ടീ, നീയിന്നെന്റെ വീട്ടില് വരാമോ?'
'എന്തിനാ ?'
'ഏയ് , വെറുതേ. അമ്മ നിന്നെ അന്വേഷിച്ചു.'
'എന്താ മോളേ, നീ വല്ല കുഴപ്പോമൊപ്പിച്ചാ? അമ്മേടെ വായേലിരിക്കണത് കേള്‍ക്ക്വോ ഞാന്‍ ?'
അതേടീ, അതേ. ആരാ കൊഴപ്പം ഒപ്പിക്കണത് എന്ന് ഞാന്‍ കാണിച്ച് തരാടീ കള്ളക്കാമുകീ.
'ഒന്നിനുമല്ല. വെറുതെയാ. നീയിന്ന് വായോന്നേ.'
പ്ലാന്‍ A സക്സസ്.
വീട്ടില്‍ വന്ന് അമ്മയുമായി ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞ് ഞാനവളെ പതുക്കെ പറമ്പിലേക്ക് കൊണ്ട് പോയി. ആ പറമ്പില് നല്ല ഒരു മാവ് ഉണ്ട്. അതില്‍ നിറയേ പഴുത്ത കുഞ്ഞ് മാങ്ങകളും. ചപ്പി ചപ്പി കുടിക്കുന്ന മാങ്ങ ആയത് കൊണ്ട് ഞങ്ങളതിനെ ' ചപ്പിക്കുടിയന്‍ മാങ്ങ' എന്നാണ് വിളിച്ചിരുന്നത്. നിലത്ത് വീണ് കിടന്നിരുന്ന ഒരു മാങ്ങയുമെടുത്ത് ചപ്പി ചപ്പി നടക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു:
'നിന്നെ അവന്‍ വിളിക്കാറുണ്ടോ?'
ചപ്പിയ മാങ്ങ പോലെ തന്നെ ചപ്പിയ മോന്തയും വെച്ചവള്‍ മാങ്ങാണ്ടി പോയ കഴുതയെ പോലെ നിന്നു.
'സത്യം പറ. നിനക്കവനെ ഇഷ്ടമാണോ?'
'ഉം.'
'എന്തിഷ്ടം?'
'ഭയങ്കര ഇഷ്ടം.'
'എടീ പൊട്ടീ, എന്ത് കണ്ടിട്ടാ അവനോട് നിനക്ക്? ഒന്ന് കണ്ടിട്ട് കൂടെയില്ല.'
'ഒന്നും കണ്ടിട്ടല്ല. ആ ശബ്ദം കേട്ട് ഇഷ്ടായതാ.'
പതുക്കെ എന്റെ ഉള്ളിലെ മറ്റേ രോഗി തല പൊക്കി തുടങ്ങി, പ്രണയ രോഗി. ഇവരെ പ്രേമിപ്പിച്ച് ഒരു വഴിക്കാക്കാന്‍ എന്റെ മനസ്സിലിരുന്ന് ആ രോഗി പിറുപിറുത്തു.
'സീരിയസാണോ, അവസാനം കാല് മാറരുത്.'
അങ്ങനെ രണ്ട് പേരുടേയും കൂടിക്കാഴ്ചയുടെ ദിവസം ഞാന്‍ ഫിക്സ് ചെയ്തു. ഒല്ലൂര് പള്ളി പെരുന്നാളിന് എന്റെ വീട്ടില്‍ വെച്ച് അവനും അവളും ആദ്യമായി കാണാന്‍ പദ്ധതിയിട്ടു.
Plan B കൊര്‍ച്ച് കൊര്‍ച്ച് സക്സസ്.
പക്ഷേ...
എന്റേയും അവന്റേയും പതിവില്ലാത്ത പിറുപിറുപ്പും കണ്ണേറുകളും വെപ്രാളവും ഒളിഞ്ഞിരുന്ന് മോളിലൊരാള്‍ കാണുന്നുണ്ടായിരുന്നു.
ദൈവമല്ല.
എന്റെ അമ്മ! അവന്റെ അമ്മായി! അവളുടെ അമ്മച്ചി!
സംഗതി പൊളിച്ചടുക്കി അവന്റെ കുത്തിന് പിടിച്ചു അമ്മ.
അവസാനം അവന്‍ കാല് പിടിച്ച് അമ്മയോട് പറഞ്ഞു :
'എന്റെ പൊന്നാന്റീ, സത്യായിട്ടും അങ്ങനെ ഒന്നുമില്ല. ഞങ്ങളങ്ങനൊക്കെ ചെയ്യുമോ, അല്ലേടീ?' - അവന്‍ എന്നെ നോക്കി.
'ങേ... ങാ ! ചെയ്യില്ല ചെയ്യില്ല.'
ഒരു വിധത്തില്‍ അമ്മയെ പിടിച്ച് അടുക്കളയില്‍ കട്ലറ്റിന്റെയും കോഴീയും ബീഫിന്റേയും നടുക്ക് പ്രതിഷ്ഠിച്ചു. പെരുന്നാളല്ലേ, അവിടിരുന്നോളും.
അവള്‍ വന്നു, വെപ്രാളം കൊണ്ട് തട്ടിത്തടഞ്ഞ് വീഴുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ പോയി കൈ പിടിച്ച് കേറ്റി. അത് വരെ ശബ്ദം മാത്രം കേട്ട് സ്നേഹിച്ചിരുന്ന രണ്ട് മന്ദബുദ്ധികള്‍ നേരില്‍ കണ്ട് വായും പൊളിച്ച് നിന്നു.
'എന്നാലും നിങ്ങളെ സമ്മതിക്കണം. ശബ്ദം മാത്രം കേട്ട് പ്രേമം പോലും. എടീ ഇവനെ കാണാന്‍ കാട്ടുമാക്കാന്റെ പോലെയായിരുന്നെങ്കില്‍ നീ പ്രേമിക്കുവാരുന്നോ? അതുപോലെ ഇവളെ ഇത്രക്ക് ഭംഗിയില്ലായിരുന്നെങ്കില്‍ നീ ഇപ്പോ തിരിഞ്ഞോടില്ലായിരുന്നോടാ?'
രണ്ട് പേരും കോറസ്സായിട്ട്:
'കാഴ്ചയിലെങ്ങെനെ ആയിരുന്നാലും ഞങ്ങള്‍ സ്നേഹിക്കുമായിരുന്നു.'
എന്റെ കൈയിലെ ആല്‍ബത്തില്‍ നിന്നും രണ്ട് പേരുടേയും മോന്ത അവര്‍ മുന്നേ കണ്ടിട്ടുണ്ട് എന്നത് ആണ് ഇവിടെ ഹൈലൈറ്റ്. ആ ധൈര്യത്തിലാണ് ഇവിടെ വരെ എത്തിയത്. ബ്ലഡി ഇഡിയറ്റ്സ്.
തളിര്‍ത്ത് പന്തലിച്ച പ്രേമത്തില്‍ ഞാന്‍ തരക്കേടില്ലാത്ത പങ്ക് വഹിച്ചിരുന്നു. എന്റെ പേരില്‍ രണ്ടും കൂടെ ചെയ്ത് കൂട്ടിയ ലീലയും വിലാസിനിയും ചില്ലറകളല്ല. ആത്മാര്‍ത്ഥ പ്രേമമല്ലേ, സ്നേഹമല്ലേ എന്നോര്‍ത്ത് ഞാനതിനെയൊക്കെ പ്രോത്സാഹിപ്പിച്ചു.
.....................................................
ഒരു ദിവസം അവള്‍ വിളിച്ച് പറഞ്ഞു : 'അമ്മ എഴുത്ത് പിടിച്ചു. നിന്നെ വിളിക്കും. നീ ഇങ്ങോട്ട് വരണം. നിനക്കൊന്നുമറിയാത്ത പോലെ അഭിനയിക്കണം.'
പക്ഷേ..നാളുകള്‍, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാ പ്രണയങ്ങളിലും സംഭവിച്ചിരുന്ന ദുരന്തം അവര്‍ക്കിടയിലും സംഭവിച്ചു.
ഇരുവീട്ടുകാരും കൈയ്യോടെ പിടിച്ചു. അവന്റെ വീട്ടുകാരുടെ വൃത്തി കെട്ട കൈകള്‍ എന്റെ നേരെ നീണ്ട് വന്നു. എന്റെ കഴുത്തില്‍ പിടിച്ച് ഞെരിക്കാന്‍ നോക്കിയ കൈകള്‍ പിടിച്ച് തിരിച്ച് താഴെയിട്ടു ഞാനും.
അവന്റെ വീട്ടിലെ ശത്രു ആയി ഞാന്‍. ഞാനാണ് എല്ലാറ്റിന്റേയും ആണി എന്ന് പറഞ്ഞു. ഞഞ്ഞായി പോയീന്ന് ഞാനും പറഞ്ഞു.
ഒരു ദിവസം അവള്‍ വിളിച്ച് പറഞ്ഞു :
'അമ്മ എഴുത്ത് പിടിച്ചു. നിന്നെ വിളിക്കും. നീ ഇങ്ങോട്ട് വരണം. നിനക്കൊന്നുമറിയാത്ത പോലെ അഭിനയിക്കണം.'
'അത് ഞാനേറ്റെടീ. നീ പേടിക്കണ്ട. നമുക്ക് തകര്‍ത്ത് തരിപ്പണമാക്കാം.'
'എന്ത് ?'
'അല്ലാ അഭിനയിച്ചിട്ടേയ്. തകര്‍ക്കാംന്ന്.'
അഭിനയിക്കേണ്ട സംഗതികള്‍ മനസ്സിലിട്ട് കാച്ചിയും കുറുക്കിയും നടന്നും ബസ്സ് കയറിയും ഓട്ടോ പിടിച്ചും അവളുടെ വീട്ടിലെത്തി, നേരെ കോണി കയറി അവളുടെ മുറിയിലേക്ക് പോയി.
അവിടുത്തെ സീന്‍:
കട്ടിലില്‍ അവള്‍ മോന്തയും വീര്‍പ്പിച്ചിരിക്കുന്നു. കസേരയില്‍ അമ്മയിരുന്ന് കരയുന്നു.
റെഡീ...
ആ...ക്ഷന്‍...
'അമ്മേ, അയ്യോ എന്താണ്ടായേ? എന്തിനാ കരയണേ? എന്താന്ന് പറ.'
അമ്മ എഴുത്ത് നീട്ടി. ഞാനത് വായിച്ചു.
ഹൗ എന്റെമ്മോ !വായിച്ചിട്ട് കുളിര് വന്നു, കുളിര്. ഇവനിപ്പോഴും ഇതന്നെയാണല്ലോ കര്‍ത്താവേ.
ഞാനവളെ ഒന്ന് നോക്കി. അവളെന്നെ നോക്കുന്നേയില്ല.
വീണ്ടും ആഷ്‌കന്‍
'ഇതാര്ടെ എഴുത്താ അമ്മേ? ശ്ശേ.'
'നിന്റെ ചേട്ടന്റെ തന്നെ.'
'ഹാര് കെവിനാ!? അവനിങ്ങനൊക്കെ എഴുത്വോ?'
'കെവിനല്ല. നിന്റെ ആന്റീടെ മോന്‍. എന്താ ടുലൂ ഇത്.? നിന്നെ വിശ്വസിച്ചിട്ടല്ലേ ഞാനിവളെ നിന്റെ കൂടെ വിടണത്? ങീ ങീ ങീ!'
വീണ്ടും കരച്ചില്.
'ടീ! '- ഞാന്‍ അലറി.
'എന്താടീ ഇത്? ആരോട് ചോദിച്ചിട്ടാടീ നീ? ഒരു വാക്ക് എന്നോട് പറഞ്ഞോടീ? പോട്ടെ, എന്നെ വേണ്ട. നിന്റെ അമ്മയെ ഓര്‍ത്തോടീ നീയ്? ഇനി നീയുമായിട്ടൊരു കൂട്ടും വേണ്ട. വഞ്ചകി.'
ഹോ തകര്‍ത്തു ഞാന്‍. അമ്മ ഞെട്ടി ഇരിക്കുന്നു. ഞാനവളെ നോക്കിയപ്പോള്‍ ചുമരിലേക്ക് മുഖം തിരിച്ചവള്‍ ചിരിക്കുന്നു.
സംഗതി കൈയീന്ന് പോകുമെന്ന് തോന്നിയപ്പോള്‍ ഞാനവളുടെ നേരെ നിന്നു.
'ചിരിച്ച് കൊളമാക്കാതെടീ പട്ടീ.'
തിരിഞ്ഞമ്മയോട്,
'അമ്മേ, അമ്മ ഇനി വിഷമിക്കണ്ട. ഇനി ഇവളെ ഞാന്‍ സൂക്ഷിച്ചോളാം. അവനോടും പറഞ്ഞോളാം. ഇനിയിവരിത് തുടരില്ല. സത്യം.'
വീണ്ടും അവളോട്,
'ടീ, സത്യം ചെയ്യെടീ. ഇനി ഇങ്ങനൊന്നും ഉണ്ടാവില്ലാന്ന്. എടീ പറയാന്‍.'
'ഉം. ഉണ്ടാവില്ല.'
അമ്മ നെടുവീര്‍പ്പോടെ താഴേക്കും പോയി.
ഞാനവളുടെ കൈ പിടിച്ച് അഭിനയിക്കാതെ ചോദിച്ചു :
'നിനക്കിനി ഇത് വേണോ? പാവം അമ്മ. വിഷമിപ്പിക്കണോ? പതുക്കെ നിര്‍ത്തിയാലോ? അവനോട് ഞാന്‍ പറഞ്ഞ് മനസ്സിലാക്കാം.'
'ടുലൂ ഇനി മേലിലിങ്ങനെ പറയരുത്. അവന്‍ വിളിച്ചാല്‍ ഞാനിറങ്ങി പോകും.
അതില്‍ എന്റെ കണ്ണ് നിറഞ്ഞ് തൂവി. ഞാനൊരു പ്രേമ രോഗി ആണല്ലോ.
ട്വിസ്റ്റ്: ഇന്നവള്‍ക്ക് കുട്ടികള്‍ -ഒരാണും പെണ്ണും, അവനും രണ്ട് കുട്ടികള്‍ -ആണ്‍കുട്ടികള്‍.
ടുലുനാടന്‍ കഥകള്‍: ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!