അപ്പോഴേക്കും എന്തോ ഒരു മരുന്ന് കയറ്റി. മെല്ലെ എന്റെ വിറയലും നിന്നു. പ്രസവിക്കാന്‍ വന്നതാണെന്ന് പോലും മറന്ന് ആകെ പേടിച്ച് പോയ ഞാന്‍ അപ്പോള്‍ കരഞ്ഞ് കൊണ്ടേയിരുന്നു-ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു.
'മോളേ, ടോണിയെ അകത്ത് കയറ്റണോ?'
'ഹേയ്! ആള്‍ക്ക് ഇന്‍ഡ്യന്‍ പോണ്‍ ഇഷ്ടമല്ല. അവിടെ നിന്നോട്ടെ.'
undefined
തലക്കടി കിട്ടിയത് പോലെ ടോണി കിട്ടിയ കസേരയിലിരുന്നു.
പിന്നേയും എന്റെ വണ്ടിയുരുണ്ട്, തൂക്കിയിട്ടേക്കുന്ന ഒരു വലിയ ലൈറ്റിന് താഴെ കൊണ്ട് നിര്‍ത്തി.
ഡോക്ടര്‍മാരുടേയും നഴ്‌സ്മാരുടേയും ഇടയില്‍ ഞാന്‍ കിടന്നു.
'ദൈവമേ, ഇവരുടെയൊക്കെ മുന്നില്‍ സില്‍ക് സ്മിതയുടെ ഉടുപ്പും ഇട്ടോണ്ടാണല്ലോ ഞാന്‍ കെടക്കണത്!'
ഞാന്‍ വീണ്ടും കണ്ണുകള്‍ അടച്ചു.
ഒരു ഗര്‍ഭമൊന്നും എന്നെക്കൊണ്ട് താങ്ങാന്‍ പറ്റില്ലെന്ന് തോന്നിയ സമയമായിരുന്നു അത്.
എല്ലാ ഗര്‍ഭിണികള്‍ക്കും ഉണ്ടാകുന്നത് പോലെ തന്നെയുള്ള സംഗതികള്‍ എനിക്കും ഉണ്ടായിരുന്നു.
വയര്‍ വീര്‍ത്ത് വീര്‍ത്ത് വരുന്ന അസുഖം തന്നെ!
അപ്പോഴാണ് ഒരു അസിഡിറ്റി വന്ന് ഡോക്ടറെ കാണാന്‍ പോകുന്നത്. ഡോക്ടര്‍ ഒന്ന് പേടിപ്പിച്ചതോട് കൂടെ ആഞ്ഞൊരു ശ്വാസം വിടാന്‍ പോലും എനിക്ക് പേടിയായി.
വയറ്റിലുള്ളതെങ്ങാനും താഴെ വീണ് പൊട്ടിയാലോ.
പ്രസവിച്ച് പരിചയവുമില്ല! എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.
ഏത് നേരത്താണോ ദൈവമേ എനിക്കീ ബുദ്ധി തോന്നിയത്!
കല്യാണമേ കഴിക്കണ്ടായിരുന്നു.
വെപ്രാളം കൂടി ഉറക്കം പോലുമില്ലാത്ത അവസ്ഥ ആയി.
അടുത്ത ചെക്കപ്പിന് ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ ഞാനെന്റെ വിഷമങ്ങള്‍ മുഴുവനും തുറന്ന് പറഞ്ഞു.
'ഡോക്ടറേ, പെട്ടെന്ന് പ്രസവിക്കാന്‍ വല്ല വഴിയുമുണ്ടോ?' - എന്റെ ചോദ്യം കേട്ട് ഡോക്ടര്‍ ചിരിച്ചു.
'അതേയ്, എനിക്കിത് സഹിക്കാന്‍ വയ്യ. എന്തേലും ചെയ്യണം.'- ഞാന്‍ പിന്നേയും പറഞ്ഞു.
'കുട്ടീ, സമയമാവാതെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. പിന്നെ ഇയാള്‍ടെ കാര്യത്തില്‍ ഒമ്പത് മാസമൊന്നും കാത്തിരിക്കേണ്ടി വരില്ല. ഒരു പതിനഞ്ച് ദിവസം മുന്‍പെങ്കിലും ആളിങ്ങെത്തും.'
അന്ന് മുതല്‍ ഞാന്‍ ദിവസം എണ്ണിത്തുടങ്ങി. പറഞ്ഞതിലും 23 ദിവസം മുന്നേ എനിക്ക് ഒരു വൃത്തികെട്ട വേദന വരാന്‍ തുടങ്ങി.
ഓരോ സമയത്തും ഓരോ സ്ഥലത്ത് വേദന!
'അയ്യോ വേദന' എന്ന് പറയുമ്പോഴേക്കും ആ വേദന പോകും.
ഇതൊരുമാതിരി മനുഷ്യനെ കളിയാക്കുന്നത് പോലെ!
ഞാനപ്പോഴേ പറഞ്ഞതാ, നമുക്ക് വല്ല പട്ടിക്കുഞ്ഞിനേയും എടുത്ത് വളര്‍ത്താമെന്ന്. കേട്ടില്ല, ആരും!
നേരെ വിട്ടു ആശുപത്രിയിലേക്ക്.
ഡോക്ടര്‍ എന്നെ തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം പറഞ്ഞു.
'എന്തായാലും ഡേറ്റ് വരെ കാത്തിരിക്കണ്ട, ചിലപ്പോള്‍ പണി പാളും.'
ഡോക്ടര്‍ പറഞ്ഞത് കേട്ട് ഞാന്‍ ശവാസനത്തിലായി പോയി.
തളര്‍ച്ചയോടെ ഞാന്‍ ഡോക്ടറിന്റെ കൈയില്‍ പിടിച്ചു.
'ഞാന്‍ ചത്ത് പോകുമോ ഡോക്ടറേ?'
അത് കേട്ട് ഡോക്ടറും നഴ്‌സും മുഖത്തോട് മുഖം നോക്കി ചിരിച്ചു.
'അയ്യേ! ഇത്രക്ക് പേടിയാണോ മരിക്കാന്‍?'
'ങ്‌ഹേ?'- ഞാന്‍ അത് കേട്ട് ഞെട്ടി.
ആ നിമിഷത്തില്, ആ അവസരത്തില്, ആ സന്ദര്‍ഭത്തില്, കര്‍ത്താവിന്റെ നാമത്തില് അവിടെ കിടന്ന് കൊണ്ട് ഞാന്‍, എനിക്ക് ദേഷ്യമുള്ളവരോടൊക്കെ ക്ഷമിച്ചു. അവര്‍ക്ക് നല്ലത് വരുത്തണേ എന്ന് പ്രാര്‍ത്ഥിച്ചു.
കര്‍ത്താവിനെ സോപ്പിടാന്‍ ആ ഒരൊറ്റ വഴിയേ എനിക്കപ്പോള്‍ തോന്നിയുള്ളൂ.
'ക്ഷമയുടെ നെല്ലിപ്പലക' ആണല്ലോ നമ്മുടെ കര്‍ത്താവീശോമിശിഹാ!
എന്നെ അഡ്മിറ്റാക്കി.
ഇനി എന്താകുമോ എന്തോ!
കുറച്ച് കഴിഞ്ഞ് ഈ ഗര്‍ഭത്തിനുത്തരവാദിയും, എന്നെ ഗര്‍ഭം ധരിച്ച് ഈ നിലയിലാക്കിയ മനുഷ്യത്തിയും മുറിയിലേക്ക് വന്നു.
രണ്ട് പേരും എന്നോടൊന്നും പറയാതെ കണ്ണുകള്‍ കൊണ്ട് 'കണകുണ' സംസാരിച്ചു.
എനിമ വെച്ചത് പോലെ ഞാനത് കണ്ട് പുളഞ്ഞു.
'അമ്മ പറ'- ടോണി മൊഴിഞ്ഞു. 'മോന്‍ പറ' - അമ്മ മൊഴിഞ്ഞു.
'പറഞ്ഞ് തൊലക്കുന്നുണ്ടോ ആരേലും?' - അധികം ബലം കൊടുക്കാതെ ഞാനമറി.
കൂടുതല്‍ ബലം കൊടുത്താല്‍ 'സാധനം' നിലത്ത് വീണാലോ!
ആരും ഒന്നും പറയുന്നില്ല.
മരിക്കാന്‍ പോകുകയാണെന്ന് ഞാനുറപ്പിച്ചു.
'എന്റെ ഗര്‍ഭം ഇങ്ങനെയല്ലാ' എന്നുറക്കെയുറക്കെ പറഞ്ഞ് മരിക്കാന്‍ ഞാന്‍ കൊതിച്ചു.
പിന്നേയും ഡോക്ടര്‍ വന്നു.
'മോളേ, കൊച്ച് അത്യാവശ്യം വെയ്റ്റ് ഒക്കെയുണ്ട്. ഇനി 22 ദിവസം കൂടി വയറില്‍ കിടക്കുന്നതും, ദേ ഈ കട്ടിലില്‍ കിടക്കുന്നതും ഒരേ പോലെയാ.' - ഡോക്ടര്‍ ഒരു കുത്തിട്ട് നിര്‍ത്തി.
'അത്‌കൊണ്ട്?'
'മോള്‍ക്ക് സമ്മതമാണേല്‍ നാളെ നമുക്ക് സിസേറിയന്‍ നടത്താം.'
സിസേറിയന്‍ എന്ന വാക്ക് കേട്ടത് കൊണ്ടാണ് അമ്മയും ടോണിയും കോഴിക്കാട്ടം മണത്തത് പോലെ നിന്നിരുന്നത്. സില്ലീ ഓള്‍ഡ് ജെനറേഷന്‍ ഗയ്‌സ്!
'സമ്മതം, നൂറ് വട്ടം സമ്മതം! എന്ത് കുന്തമെങ്കിലും ചെയ്ത് കുതിരയെ ഒന്ന് പുറത്തെടുക്ക് എന്റെ ഡോക്ടറേ.'- ഞാന്‍ കേണ് പറഞ്ഞു.
അങ്ങനെ അതിനൊരു തീരുമാനം ആയതിന്റെ ആശ്വാസത്തോടെ ഞാനൊരു ബിരിയാണി കഴിക്കാനെടുത്തു.
അപ്പോള്‍ എവിടുന്നോ ഒരു മാലാഖ വന്ന് പറഞ്ഞു.
'നാളെ രാവിലെ തിയ്യേറ്ററില്‍ കയറ്റും. ഇനി ഒന്നും കഴിക്കരുത് കേട്ടോ.'
'ഈ ബിരിയാണി തിന്നാല്‍ പിന്നെ എനിക്കൊന്നും വേണ്ട സിസ്റ്ററേ?.'
എന്റെ മറുപടി കേട്ട് സിസ്റ്റര്‍ ആ ബിരിയാണിയും എടുത്ത് കൊണ്ട് പോയി.
കൊതിയുണ്ടെങ്കില്‍ ചോദിച്ചാല്‍ പോരേ, എന്തിനാ എടുത്തോണ്ട് പോണത്?
വിശന്നിട്ടും വേദന കൊണ്ടും കിടക്കാനും പറ്റുന്നില്ല, ഇരിക്കാനും പറ്റുന്നില്ല.
എന്റെ പരാക്രമങ്ങള്‍ കണ്ട് യാതൊരു വികാരവുമില്ലാതെ ഇരിക്കുന്ന രണ്ട് പേരോടും ഞാന്‍ ചീറി.
'ദേ ഒന്നോര്‍ത്തോ. ഇത് കഴിഞ്ഞ് കുഞ്ഞ്, കൊച്ച് എന്നൊന്നും പറഞ്ഞെന്റടുത്തേക്ക് വരണ്ട. കേട്ടല്ലോ!'
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. കൃത്യം ഏഴ് മണി ആയപ്പോള്‍ നഴ്‌സ് വന്ന് ഉടുപ്പൊക്കെ തന്നു.
നല്ലൊരു ഉടുപ്പ്, ആകാശവും ഭൂമിയും എല്ലാം നല്ല വെടിപ്പായി കാണാന്‍ പറ്റുന്ന ഒരുടുപ്പ്.
'സിസ്റ്ററേ, എന്റെ ബോധം പോകാനൊരു ഇഞ്ചക്ഷന്‍ തന്നിട്ടെന്നെ പുറത്തേക്കിറക്കാമോ പ്ലീസ്'
ആര് കേള്‍ക്കാന്‍! പുച്ഛം, സര്‍വത്ര പുച്ഛം!
തലകുത്തി മറിയുന്ന റൈഡില്‍ കയറിയത് പോലെ ഞാന്‍ കണ്ണടച്ചിരുട്ടാക്കി സ്‌ട്രെച്ചറില്‍ കിടന്നു.
തിയ്യേറ്ററിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ വണ്ടി നിന്നു.
അപ്പോഴാണെനിക്ക് മനസ്സിലായത്, കൊച്ചിന്റപ്പനും വണ്ടിയുടെ കൂടെ ഓടുന്നുണ്ടായിരുന്നു എന്ന്.
എന്റടുത്തേക്ക് വന്ന ഡോക്ടര്‍ ചോദിച്ചു.
'മോളേ, ടോണിയെ അകത്ത് കയറ്റണോ?'
'ഹേയ്! ആള്‍ക്ക് ഇന്‍ഡ്യന്‍ പോണ്‍ ഇഷ്ടമല്ല. അവിടെ നിന്നോട്ടെ.'
തലക്കടി കിട്ടിയത് പോലെ ടോണി കിട്ടിയ കസേരയിലിരുന്നു.
പിന്നേയും എന്റെ വണ്ടിയുരുണ്ട്, തൂക്കിയിട്ടേക്കുന്ന ഒരു വലിയ ലൈറ്റിന് താഴെ കൊണ്ട് നിര്‍ത്തി.
ഡോക്ടര്‍മാരുടേയും നഴ്‌സ്മാരുടേയും ഇടയില്‍ ഞാന്‍ കിടന്നു.
'ദൈവമേ, ഇവരുടെയൊക്കെ മുന്നില്‍ സില്‍ക് സ്മിതയുടെ ഉടുപ്പും ഇട്ടോണ്ടാണല്ലോ ഞാന്‍ കെടക്കണത്!'
ഞാന്‍ വീണ്ടും കണ്ണുകള്‍ അടച്ചു.
'റോസ്....'
സ്‌നേഹത്തോടെയുള്ള ഒരാണ്‍ ശബ്ദം കേട്ടപ്പോള്‍ ഞാനുമൊന്ന് തിരിച്ച് മൂളി.
'ഉം?'
'ഒന്ന് ചെരിയാമോ?' - പിന്നേയും സ്‌നേഹം.
'പിന്നെന്താടാ കുട്ടാ, എത്ര വേണേലും ചെരിയാലോ.'
'തളര്‍ത്തിയിടണേ, കുത്തിവെക്കുവാണേ.'- ആ ശബ്ദം കേട്ട് 'അയ്യോ' എന്ന് പറഞ്ഞ് കണ്ണ് തുറന്ന എന്റെ മുന്നില്‍ ഒരു സുന്ദരന്‍ ഡോക്ടര്‍, അനസ്തറ്റിസ്റ്റ്!
കുത്തലും കഴിഞ്ഞു, എടുക്കലും കഴിഞ്ഞു.
'വേദനയില്ലല്ലോ റോസ്?'- സുന്ദരന്റെ ശബ്ദം വീണ്ടും.
'ഏയ്! അറിഞ്ഞേയില്ല.'- ഞാന്‍ അയാളെ നോക്കി.
കാണാന്‍ നല്ല ഭംഗിയുള്ളവരെ കണ്ടാല്‍, ചാകാന്‍ കിടക്കുകയാണെങ്കിലും അന്തസ്സായി കിടക്കണം.
പുല്ലരിഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ പ്രസവ വേദന വന്നത് പോലെ സിമ്പിളായി ഞാന്‍ കിടന്നു.
'ഫുള്‍ അനസ്‌തേഷ്യ അല്ല കേട്ടോ.'- ഡോക്ടര്‍ വീണ്ടും പറഞ്ഞു.
ആഹ! ഇവിടേയും ഫുള്ളും ഹാഫും പൈന്റുമൊക്കെയുണ്ടോ?
എന്തായാലും കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ വയറിന്റെ ഭാഗം മുതല്‍ തരിച്ചു.
ഇനി ആന വന്ന് കുത്തിയാലും എനിക്ക് വേദനിക്കില്ല, മരിക്കുകയേ ഉള്ളൂ.
മുഴുവനും ബോധം കെട്ട് ഒരു സിസേറിയന്‍, അതായിരുന്നു എന്റെ മോഹം!
ഇതൊരുമാതിരി..ശ്ശെ!
ബോധമില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു, ബോധം പോകാത്തത്.
എന്റെ ശരീരത്തിന്റെ കൃത്യം പകുതിക്ക് വെച്ച് ഒരു കര്‍ട്ടന്‍ വന്നു.
ഇനി അവരായി, അവരുടെ പാടായി.
കത്തിയെട്, ബ്ലേയ്‌ഡെട്, കത്രികയെട് എന്നീ അശരീരികള്‍ കേട്ട് ഞാനവിടെ കിടന്നു.
പെട്ടെന്ന് ഞാന്‍ വിറക്കാന്‍ തുടങ്ങി.
കട്ടിലില്‍ കിടന്ന് ചാടി ഓട്ടന്‍തുള്ളല്‍ തുടങ്ങിയപ്പോള്‍ രണ്ട് സിസ്റ്റര്‍മാര്‍ എന്റെ രണ്ട് കൈയും അമര്‍ത്തി പിടിച്ചു. ഒരു സിസ്റ്റര്‍ എന്റെ മേല്‍ കയറിക്കിടന്നു. എന്റെ കൂടെ അവരും തുള്ളാന്‍ തുടങ്ങി.
അപ്പോഴേക്കും എന്തോ ഒരു മരുന്ന് കയറ്റി. മെല്ലെ എന്റെ വിറയലും നിന്നു. പ്രസവിക്കാന്‍ വന്നതാണെന്ന് പോലും മറന്ന് ആകെ പേടിച്ച് പോയ ഞാന്‍ അപ്പോള്‍ കരഞ്ഞ് കൊണ്ടേയിരുന്നു.
അപ്പോഴാണ് എന്റെയടുത്തേക്ക് ഒരു ചോരക്കഷ്ണം നീണ്ട് വരുന്നത് കണ്ടത്.
വിര പോലൊരു സാധനത്തിനെ ഒരു തുണിയില്‍ പൊതിഞ്ഞ് കൊണ്ട് ഡോക്ടര്‍ എന്റെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു.
'റോസ്, നോക്ക് ആണ്‍കുട്ടിയാ'
അപ്പോഴും എന്റെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണീര്‍ വന്ന് കൊണ്ടേയിരുന്നു.
ഓപ്പറേഷന്‍ സക്‌സസ്!
മുറിയിലേക്ക് മാറ്റിയ എന്റെ അടുത്തേക്ക് വന്ന് ഈ സിനിമയുടെ നിര്‍മ്മാതാവ് ചോദിച്ചു.
'കൊച്ചിനെ കണ്ടപ്പോള്‍ നീ ഭയങ്കര കരച്ചിലായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു. അമ്മ ആയതിന്റെ സന്തോഷമാ അല്ലേ'
'കുന്തമാണ്! മനുഷ്യനവിടെ വിറച്ച് വിറച്ച് ചാകാന്‍ പോകുമ്പോഴാണ് ആനന്ദാശ്രു! ജീവന്‍ കിട്ടിയത് ഭാഗ്യം!'- തൊട്ടിലിലേക്ക് നോക്കി ഞാന്‍ പറഞ്ഞു.
പ്രസവത്തോടെ ഞാനൊരു ഉത്തമ സ്ത്രീ ആയെന്ന് തെറ്റിദ്ധരിച്ച ഒരു പാവം ഭര്‍ത്താവ് ചിറി കോട്ടി പറഞ്ഞു.
'അല്ലാ, ഈ സിനിമേലൊക്കെ അങ്ങനാണല്ലോ'
NB: സിനിമയല്ല ഈ ബ്ലഡി ലൈഫ്!