വഴി തെറ്റി വന്നൊരു പെണ്‍പ്രേതം, അവള്‍ക്ക് പറയാനുള്ള കഥ!

By Tulu Rose Tony  |  First Published Dec 22, 2022, 4:19 PM IST

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു


'ഇയ്യൊന്റമ്മച്ച്യേ.. ഓടെടീ അമ്മച്ചീ അകത്തേക്ക്. പ്രേതം പ്രേതം!'  ഞാന്‍ കാറിക്കൊണ്ട് തള്ളിയത് കൊണ്ടാണോ എന്തോ അമ്മ നിലത്ത് വീണു. പിന്നെ ഒന്നും നോക്കിയില്ല. രണ്ടും കല്‍പ്പിച്ച് അമ്മയെ പ്രേതത്തിന് തിന്നാന്‍ കൊടുത്തിട്ട് ഞാനകത്ത് കയറി വാതിലടച്ചു. 

 

Latest Videos

undefined

 

കള്ള് കുടിച്ചാല്‍ ഒടുക്കത്തെ ഉഷ്ണമാണെന്ന് എനിക്ക് മനസ്സിലായത് പണ്ട് പണ്ടത്തെ ഒരു ക്രിസ്ത്മസ് തലേന്നാണ്. 

ആ പണ്ട്...

അന്ന് കെവിന്‍ ആഘോഷമെല്ലാം കഴിഞ്ഞ് വീടെത്തിയപ്പോള്‍ പതിവ് പോലെ അവന് വേണ്ടി ഞാനെന്റെ മുറി ഒഴിഞ്ഞ് കൊടുത്തു, പല്ല് കടിച്ച് കൊണ്ടാണെങ്കിലും.

അതാണ് വീട്ട്‌നടപ്പ്. വീട്ടില്‍ ആകെയുള്ളൊരു ശമ്പളക്കാരനായതിനാലും, ആഴ്ചയിലൊരിക്കല്‍ മാത്രം വീട്ടില്‍ വരുന്നവനായതിനാലും അവന് നല്‍കി പോന്നിരുന്ന ഒരു പരിഗണനയായിരുന്നു അത്. എതിര്‍ക്കാന്‍ പാടില്ല. അതാണ് നിയമം. 

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്റെ അധോലോകമായിരുന്ന മുറി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കെവിന്റെ വാറ്റ് കേന്ദ്രമായി മാറും.

പക്ഷേ, ആ ക്രിസ്ത്മസ് തലേന്നവന്‍ ഉഷ്ണം കൊണ്ട് പരവേശപ്പെട്ടു. വന്നപാടെ ഡ്രസ്സ് മാറി വരാന്തയിലേക്ക് പോയി. 

'ഓഹ്! ഇന്ന് കൊറേ കേറ്റീണ്ടല്ലോ. ടാ നീ വന്നകത്ത് കെടന്നേടാ.'

ഉഷ്ണത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടിയ അമ്മ എളിയില്‍ കൈ കുത്തി പറഞ്ഞു.

'ശ്ശ്....... ഞാനിവിടെയാ കിടക്കണേ. അമ്മ പൊക്കോ.'

'ഉവ്വ! എന്നിട്ടിടക്ക് പേടിച്ച് കൂവാനല്ലേ. നീ വന്നകത്ത് കെടന്നേ എന്റെ കെവിനേ.'

അപ്രതീക്ഷിതമായി കിട്ടിയ 'മുറി' സൗഭാഗ്യത്തില്‍ സന്തോഷിച്ചിരുന്ന ഞാന്‍ അമ്മയെ തോണ്ടി.

'അതേയ്, അവന്റൊരാഗ്രഹമല്ലേ. അവിടെ കിടക്കട്ടേന്നേയ്.'

'വല്ല പൂച്ചേം പല്ലീം വന്ന് നക്ക്യാലോടീ?'

'പൂച്ചയല്ല, കള്ളന്‍ വന്നാ പോലും അവനൊരു ചുക്കും പറ്റില്ല.'

'അതെന്താ?'

'അമ്മാതിരി ഫിറ്റല്ലേ അമ്മേടെ മോ.....ന്‍.'

എന്റെ നേരെ ഒന്ന് ദേഷ്യത്തില്‍ നോക്കി അമ്മ രംഗം വെടിപ്പാക്കി.

ഞാന്‍ കെവിനെ നോക്കി ഇങ്ങനെ പറഞ്ഞു:
'എന്റെ പൊന്നാങ്ങളേ, നിന്റെ നെഞ്ചിലൊരു തരി മണ്ണ് വീഴണമെങ്കില്‍ ഈ പെങ്ങള്‍ടെ രോമത്തീ തൊട്ടേ പറ്റൂ. നീ ബോധം കെട്ടൊറങ്ങിക്കോടാ, ഒറങ്ങിക്കോ. ഞാനുണ്ടിവിടെ. നിന്നെ നക്കാന്‍ ഏത് പട്ടി വരുമെന്ന് ഞാനൊന്ന് നോക്കട്ട്.'

ഭാഗ്യം, അവനൊന്നും കേട്ടില്ല..!

ഞാന്‍ എന്റെ മുറിയിലേക്ക് വെച്ച് പിടിച്ചു. എഴുത്ത് പുരയില്‍ ഒരെഴുത്ത് മുഴുവനാക്കാനുണ്ടായിരുന്നു. 

ദിവസവും ഒരു ലവ് ലെറ്റര്‍... അതായിരുന്നു കണ്ടീഷന്‍. കെവിന്‍ വരും എന്നത് കൊണ്ട് മുഴുവനാക്കാത്ത കത്ത് ഒളിപ്പിച്ച് വെക്കാന്‍ ഞാന്‍ പെട്ട പാട്.

ഹോ, എന്തൊരു കഷ്ടപ്പാടാണൊന്ന് പ്രേമിക്കാന്‍...

വാതിലടച്ച് കുറ്റിയിടാന്‍ പാടില്ല എന്നൊരു നിയമവും ബാക്കി നില്‍ക്കേ, ഞാനനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ നിസ്സാരമല്ല. 

തലയിണക്കവറിനുള്ളില്‍ ഭദ്രമായി വെച്ചിരുന്ന എഴുത്തെടുത്ത് നിര്‍ത്തിയിടത്ത് വെച്ച് വീണ്ടും തുടങ്ങി.

മനസ്സില്‍ ഒടുക്കത്തെ പ്രണയം നിറച്ച് സൂപ്പറായി വരുമ്പോള്‍ അമ്മ എഴുന്നെള്ളും, ജനാലയില്‍ കൂടി കെവിനെ നോക്കാന്‍. വന്ന പ്രണയം 'ശര്‍ര്‍ര്‍ര്‍' ന്ന് പോകും.

എന്തൊരു ശല്യം!

സിറ്റൗട്ടില്‍ ഒറ്റക്ക് കിടക്കുന്ന പുത്രനെ ഓര്‍ത്തിട്ട് കിടക്കപ്പൊറുതിയില്ലാതെ വരുന്നതാ. 

അമ്മയുടെ പ്രകടനം കണ്ടാല്‍ തോന്നും വല്ല കള്ളന്മാരും വന്ന് കെവിനെ തട്ടിക്കൊണ്ട് 
പോകുമെന്ന്. 

അമ്മയുടെ ഓരോ വരവിലും എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഏകാഗ്രതയാണ്. ലവ് ലെറ്ററുകള്‍ എഴുതുമ്പോള്‍ ഏകാഗ്രത കിട്ടിയില്ലേല്‍ പ്രശ്‌നമാണ്. അതീ ബുദ്ധിയില്ലാത്ത അമ്മക്കും ബോധമേയില്ലാത്ത ആങ്ങളക്കും മനസ്സിലാകുമോ?

ഇല്ല. 

സോ... നമ്മള്‍ നമ്മുടെ വഴി തേടണം. 

അങ്ങനെ അമ്മ കിടന്നു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞാന്‍ വിശാലമായി, വിശാല ഹൃദയത്തോടെ എഴുതാന്‍ തുടങ്ങി.

പെട്ടെന്നാണ് മോങ്ങാനിരുന്ന പട്ടീടെ തലയില്‍ ചക്ക വീണ പോലെയുള്ള ഒരു കരച്ചില് കേട്ടത്. 

ങേ! സിറ്റൗട്ടില്‍ നിന്നാണല്ലോ.

അയ്യോ! കെവിന്റെ ശബ്ദമാണല്ലോ.

എന്താണേലും ചെന്ന് നോക്കിയേക്കാം!

'ടാ ടാ എന്താ... എന്താ പറ്റ്യേ?'

ബോധം കെട്ട് മലര്‍ന്നടിച്ച് കിടന്നുറങ്ങിയിരുന്നവന്‍ എന്തോ കണ്ട് പേടിച്ച് ചുമരിനോട് ചാരിയിരിക്കുന്നു, വിറച്ച് കൊണ്ട്.

'ടാ എന്താന്ന്, എന്തിനാ നീ ഒച്ച വെച്ചേ?'

'പ്രേ...പ്രേ...പ്രേതം.'

'ങേ, പ്രേതോ? എവടേ എവടേ?'

'നിന്ന് കഥാപ്രസംഗം നടത്താണ്ട് വാതില് തൊറക്കെടീ പട്ടീ.'

'നീയവിടെ കിടന്നോ. ഞാന്‍ പോയി അമ്മേനെ വിളിക്കട്ടെ.'

'എടീ തുറന്നിട്ട് പോടീ പിശാശേ.'

'എന്റെ പട്ടി തുറക്കും. എന്നിട്ട് വേണം പ്രേതോം നീയും കൂടി മുറീലേക്ക് പോകാന്‍.'

ഞാനമ്മയുടെ മുറിയിലേക്കോടി. അവിടെ വേറൊരു പാമ്പിന്റെ കൂടെ അമ്മ! 

'അമ്മേ അമ്മേ, കെവിന്റടുത്ത് പ്രേതം. വേഗം വായോ.'

'ഹയ്യോന്റെ മോനേ..'

'ഇത്ര ഓവറാക്കണ്ട. നിങ്ങടെ മോനെ തിന്നാന്‍ മാത്രം ഒരു പ്രേതോമില്ല ഇവിടെ. ഓ എന്തൊര് കരച്ചില്.'

അല്ലെങ്കിലും അമ്മക്ക് കെവിനോടാണ് ഇഷ്ടം, പണ്ട് മുതലേ. 

അമ്മ ഓടി ഹാളിലേക്ക്, പുറകേ ഞാനും. നേരെ വാതില്‍ തുറന്ന് നോക്കിയതും കെവിന്‍ ഒറ്റച്ചാട്ടം അകത്തേക്ക്.

'അയ്യോ ഇങ്ങോട്ട് പോന്നോ. അവിടെ ഒരു പ്രേതംണ്ട്.'

ഞാനും അമ്മയും അവന്‍ ചൂണ്ടി കാണിച്ചിടത്തേക്ക് നോക്കി. 

സിറ്റൗട്ടിലേക്ക് പടര്‍ത്തി വളര്‍ത്തിയിരുന്ന പാഷന്‍ ഫ്രൂട്ടിന്റെ കൊമ്പുകളല്ലാതെ അവിടെ ഒരു പ്രേതം പോയിട്ട് ഒരു പത്ത് പ്രേതം പോലുമില്ലായിരുന്നു.

'ടാ ചെക്കാ, കള്ള് കുടിച്ചാ വയറ്റിലല്ല, അകത്ത് കേറി കിടക്കണം എന്ന് പറയണത് ഇത് കൊണ്ടാ. പ്രേതം പോലും. ഹും.'

'അല്ലെന്റമ്മേ. അവിടെ അവളുണ്ട്. പ്രേതം. ആ ചുമരിന്റപ്രത്ത് ഒളിച്ച് നിക്കുന്നുണ്ട്.'

യെവനിതെന്തോ കണ്ടിട്ട്ണ്ടല്ല  അല്ലാണ്ടിങ്ങനെ പേടിക്കില്ല. ഞാനൊന്നു കൂടെ മുറ്റത്തേക്ക് കണ്ണില്‍ ബള്‍ബിട്ട് നോക്കി. 

പെട്ടെന്ന്...

പാഷന്‍ ഫ്രൂട്ടിന്റേയും ചുമരിന്റേയും ഇടയിലൂടെ ഒരനക്കം.

ദേ വരണൂ പ്രേതം! 

'ഇയ്യൊന്റമ്മച്ച്യേ.. ഓടെടീ അമ്മച്ചീ അകത്തേക്ക്. പ്രേതം പ്രേതം!'

ഞാന്‍ കാറിക്കൊണ്ട് തള്ളിയത് കൊണ്ടാണോ എന്തോ അമ്മ നിലത്ത് വീണു. പിന്നെ ഒന്നും നോക്കിയില്ല. രണ്ടും കല്‍പ്പിച്ച് അമ്മയെ പ്രേതത്തിന് തിന്നാന്‍ കൊടുത്തിട്ട് ഞാനകത്ത് കയറി വാതിലടച്ചു. 

മുറിയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയ കെവിന്‍ കണ്ണുകള്‍ പുറത്തിട്ടു. 

'ടാ ടാ സത്യാടാ. അവടൊരു പ്രേതം ഉണ്ട് ട്ടാ.'

'അപ്പോ അതന്ന്യല്ലെടീ പോത്തേ ഞാനും പറഞ്ഞത്.'

പുതപ്പിനടിയില്‍ പോകുന്നതിനിടെ അവന്‍ ചോദിച്ചു :

'ബൈ ദ ബൈ, നമ്മുടമ്മച്ചി എവട്‌റീ?'

യ്യോ..!

അമ്മച്ചി...

ഞാന്‍ രക്ഷപ്പെട്ടത് കൊണ്ട് അമ്മയെ മറന്ന കാര്യം അവനോട് ഞാന്‍ പറഞ്ഞില്ല. 

'അമ്മ.. അമ്മക്കൊടുക്കത്തെ ധൈര്യല്ലേ. കൊന്ത കൈയിലുള്ളോണ്ടൊരു പ്രേതോം അമ്മച്ചീനെ തൊടില്ല. 

ഞങ്ങള്‍ പതുക്കെ അവിടിരുന്ന ഒരു കുരിശും എടുത്ത് ഹാളിലെത്തി. 

വരാന്തയില്‍ നിന്നും ഒരു കുശുകുശുപ്പ് കേട്ട് ഞങ്ങള്‍ ജാകരൂഗരായി വിറച്ചു. 

അതെന്താദ്!

നിലത്ത് കൂടെ എട്ട് കാലിലിഴഞ്ഞ് ഞങ്ങള്‍ ജനാലക്കലെത്തി കാതോര്‍ത്തു.

'ഇനിയിപ്പോ ഇവിടുന്ന് ബസ്സ് എപ്പഴാ? 

ങേ! ബസ്സില് പോണ പ്രേതമോ? 

ശ്ശെടാ... അതെന്തൊരു പ്രേതം!? 

'ബസ്സൊക്കെ ഇനി രാവിലെയേ ഉള്ളൂ. മോളന്തിനാ ഈ രാത്രി നേരത്തൊക്കെ യാത്ര ചെയ്യണത്?' 

ങേ! പ്രേതത്തിനെ കേറി മോളേന്ന്..

ഞാന്‍ ഭയങ്കരമായി ചിന്തിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ കെവിന് സംഭവം മനസ്സിലായി. 

വന്നിരിക്കുന്നത് ഒരു പ്രേതമല്ലെന്നും വഴി തെറ്റി വന്ന ഒരു പെണ്ണാണെന്നും അറിഞ്ഞപ്പോള്‍! 

അലറാന്‍ തോന്നിയ നിമിഷത്തെ അവന്‍ ശപിച്ച് കാണും. 

വാതില്‍ തുറന്ന് ഞങ്ങള്‍ വരാന്തയിലേക്കിറങ്ങി. അവിടത്തെ തിണ്ണയിലിരുന്ന് സംസാരിച്ചിരുന്ന അമ്മയും ഡൂക്ക്‌ലി പ്രേതവും ഞങ്ങളെ നോക്കി.

ഞങ്ങളൊരു ഇളി പാസ്സാക്കി.

'ഹലോ ണൈഷ് ടു മീറ്റ് യൂ. എപ്പോള്‍ വന്നു?' 

എന്റെ ചോദ്യം അവള്‍ കേള്‍ക്കാത്തത് പോലെ ഇരുന്നു.

അമ്മയോട് സംസാരം തുടര്‍ന്നു:

'എന്റെ പൊന്ന് ചേച്ചീ, ഈ രാത്രി നേരത്ത് പരിചയമില്ലാത്ത സ്ഥലായോണ്ടാ ഞാനിവിടെ കേറിയത്. വരാന്തേല് ഈ ചേട്ടന്‍ കിടക്കണത് ഇവിടെത്തിയപ്പഴാ കണ്ടേ. രാവിലെയാകണത് വരെ ഈ വരാന്തേലിരുന്നോട്ടേന്ന് ചോദിക്കാനാ ഞാനീ ചേട്ടനെ വിളിച്ചെ. പക്ഷേ, എന്നെ കണ്ടപ്പോഴീ ചേട്ടന്‍ പേടിച്ച് ബഹളം വെച്ചു. അടുത്തുള്ളോര് കേക്കണ്ടല്ലോന്നോര്‍ത്ത് ഞാനാ ചുമരിന്റവിടെ ഒളിച്ചതാ.'

'ഒര് വാക്ക് പറയാര്‍ന്നില്ലേ കുട്ടീ, ഞാന്‍ തന്നേനേലോ ഇവിടൊരു സ്ഥലം' - കെവിന്റെ മനോവിഷമം.

സ്റ്റോപ്പ് തെറ്റി ഇറങ്ങിയതാണെന്നും, കൂടെ ആരുമില്ലെന്നും ഒക്കെ ആ കുട്ടി പറയുന്നുണ്ടായിരുന്നു. എങ്കിലും, എവിടെയോ അമ്മക്കൊരു വിശ്വാസക്കുറവ് ഉണ്ടായിരുന്നു. 

ഒട്ടും പരിചയമില്ലാത്ത ഒരു പെണ്ണിനെ രാത്രി സമയത്ത് വീട്ടീല്‍ കയറ്റി കിടത്താന്‍ മാത്രം മഹാമനസ്‌കത ഉണ്ടായിരുന്നില്ല. കാലം മോശമാണല്ലോ! കുറ്റം പറയാനൊക്കില്ല.

'മോളേ, എന്തായാലും ഇവിടിരിക്കണ്ട. ദേ, ആ മതിലിനപ്രത്ത് പള്ളിയാ. അങ്ങോട്ട് പോക്കോ. അതിനകത്താരും ഉപദ്രവിക്കാന്‍ വരില്ല.'

അമ്മയുടെ ഈ ഇടപെടലില്‍ ഒരുപക്ഷേ ഏറ്റവും വിഷമിച്ചത് ആ കുട്ടിയേക്കാള്‍ എന്റെ പൊന്നാങ്ങള ആയിരുന്നിരിക്കും.

പൂവര്‍ ബോയ്... 

NB: അന്നൊന്നും ആ കുട്ടിക്കൊരു ആപത്തും വന്നില്ല പാതിരാത്രിക്ക് ഒറ്റക്കിറങ്ങി നടന്നിട്ടും. ഇന്നായിരുന്നെങ്കിലോ...?

                

click me!